Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ലേഖനം

തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രഥമ പ്രാസ്ഥാനിക തഫ്സീര്‍-4

വിചാരവിപ്ളവവും കര്‍മോത്സുകതയും സൃഷ്ടിക്കുന്ന കൃതി
ഹൈദറലി ശാന്തപുരം

അനുവാചകരില്‍ വിചാരവിപ്ളവവും കര്‍മോത്സുകതയും സൃഷ്ടിക്കുന്ന കൃതിയാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. അത് പാരായണം ചെയ്യുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ അമരനായ ഒരസ്തിത്വത്തിന്റെ ജീവസ്സുറ്റ വചനമാണെന്ന് ബോധ്യപ്പെടും. തഫ്ഹീമിന്റെ സഹായത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിയുടെ വിചാരങ്ങളില്‍ ചലനവും വികാരങ്ങളില്‍ ഊഷ്മളതയും ഉത്ഭൂതമാവും. മുമ്പെഴുതപ്പെട്ട തഫ്സീറുകള്‍ - അറബിയിലാവട്ടെ ഉര്‍ദുവിലാവട്ടെ- പാരായണം ചെയ്യുമ്പോള്‍ വികാര വിചാരങ്ങളില്‍ കാര്യമായ മാറ്റമൊന്നും അവ ഉണ്ടാക്കാറില്ല. ഒരു വിദ്യാര്‍ഥി അവ പാരായണം ചെയ്യുമ്പോള്‍ അവന് അനുഭവപ്പെടുക, തന്റെ ജീവിതവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത ഗ്രന്ഥമാണിതെന്നും മുമ്പെന്നോ മണ്‍മറഞ്ഞ ഏതോ ഒരു ജനതയെ അഭിസംബോധന ചെയ്യുന്ന ഭൂതകാലത്തെ ഒരേടാണ് താന്‍ വായിക്കുന്നതെന്നുമാണ്. എന്നാല്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിലൂടെ പരിശുദ്ധ ഖുര്‍ആന്‍, തന്നെത്തന്നെ കാണാനുള്ള ദര്‍പ്പണമായി അവന് അനുഭവപ്പെടും. സ്വന്തം ചിത്രം അതില്‍ തെളിഞ്ഞ് വരും. അത് വായിക്കുമ്പോള്‍ ഖുര്‍ആന്‍ നമ്മുടെ ഭരണഘടനയും ജീവിതത്തിന്റെ കര്‍മരേഖയുമാണെന്ന് മനസ്സിലാവും. എപ്പോഴെങ്കിലും ഓതി പുണ്യം നേടാനോ ചില ഭൂതകാല സ്മരണകള്‍ പുതുക്കാനോ അവതീര്‍ണമായതല്ല അതെന്നും. പ്രത്യുത അത് നമ്മുടെ സമ്പൂര്‍ണ കര്‍മപരിപാടിയാണ്. ആ പരിപാടി പ്രാവര്‍ത്തികമാക്കുന്നവര്‍ക്കാണ് ഇഹപര ലോകങ്ങളില്‍ വിജയം കൈവരിക.
പ്രഫ. അലീഫുദ്ദീന്‍ തുറാബി എഴുതുന്നു: "തഫ്ഹീമുല്‍ ഖുര്‍ആന്‍ വഴി അഭ്യസ്തവിദ്യരായ ലക്ഷക്കണക്കില്‍ മുസ്ലിംകളുടെ മനസ്സുകളെ ആധുനിക ജാഹിലീ സംസ്കാരത്തിന്റെ ചിന്താപരമായ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാന്‍ സാധിച്ചുവെന്ന് ഞാന്‍ പറയുമ്പോള്‍ അത് അതിശയോക്തിയല്ല.... ഈ ജനലക്ഷങ്ങളില്‍ ഒരുവനാണ് ഞാനും. മൌലാനാ മൌദൂദിയുടെ തഫ്സീറുമായും അദ്ദേഹത്തിന്റെ അമൂല്യ ഗ്രന്ഥങ്ങളുമായും പരിചയപ്പെടാന്‍ സാധിച്ചില്ലായിരുന്നുവെങ്കില്‍ വഴിപിഴപ്പിക്കുന്ന നേതാക്കന്മാരില്‍ ആര്‍ക്കെങ്കിലും എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുളയാകുമായിരുന്നു ഞാന്‍'' (അബുല്‍ അഅ്ലാ മൌദൂദി, ഹയാതുഹു വദഅ്വതുഹു, പേജ് 218).
റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ നീതിനിഷ്ഠ
പല ഖുര്‍ആന്‍ വ്യാഖ്യാന കൃതികളിലും നിവേദക പരമ്പര വിശ്വാസ്യമാണോ, ഉള്ളടക്കം ദീനിലെ സുസമ്മത അടിസ്ഥാനങ്ങളുമായി ഏറ്റുമുട്ടുന്നതാണോ എന്നൊന്നും നോക്കാതെ ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടതായി കാണാം. ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണത്തിന് പല വ്യാഖ്യാതാക്കളും ഇത്തരം റിപ്പോര്‍ട്ടുകളാണ് അവലംബിക്കുന്നത്. എന്നാല്‍ മൌലാനാ മൌദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍, ഖുര്‍ആന്‍ സൂക്തങ്ങളുടെ കടിഞ്ഞാണ്‍ ദുര്‍ബല റിപ്പോര്‍ട്ടുകളുടെ കൈയില്‍ ഏല്‍പിക്കുന്നില്ല. അദ്ദേഹം റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ നീതിനിഷ്ഠവും മധ്യമവുമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടുകളെ അവഗണിക്കുകയോ അല്ലാഹുവിന്റെ വചനങ്ങളുടെ പ്രഥമ സ്ഥാനം നഷ്ടപ്പെടുംവിധം റിപ്പോര്‍ട്ടുകളെ അതിരുകവിഞ്ഞ് ആശ്രയിക്കുകയോ ചെയ്യുന്നില്ല. എല്ലാ റിപ്പോര്‍ട്ടുകളെയും ഖുര്‍ആന്‍ സൂക്തങ്ങളുടെയും ദീനിലെ സുസമ്മത അടിസ്ഥാനങ്ങളുടെയും വെളിച്ചത്തിലാണ് പരിശോധിക്കുന്നത്. ഈ മാനദണ്ഡത്തോട് പൂര്‍ണമായി യോജിക്കുന്നത് അദ്ദേഹം സ്വീകരിക്കുകയും അതിനോട് യോജിക്കാത്ത റിപ്പോര്‍ട്ടുകളെ, റിപ്പോര്‍ട്ടര്‍ ആരെന്ന് നോക്കാതെത്തന്നെ തിരസ്കരിക്കുകയും ചെയ്യുന്നു.
ഉദാഹരണമായി തഫ്ഹീമില്‍ സൂറത്തുല്‍ അംബിയാഇലെ 63-ാം സൂക്തത്തിന്റെ വിശദീകരണക്കുറിപ്പില്‍ ഇബ്റാഹീം നബി(അ) തന്റെ ജീവിതത്തില്‍ മൂന്ന് പ്രാവശ്യം കളവ് പറഞ്ഞിട്ടുണ്ടെന്ന ഒരു ഹദീസിനെ മൌദൂദി വിശകലനം ചെയ്യുന്നുണ്ട്. ചര്‍ച്ചക്കിടയില്‍ അദ്ദേഹം പറയുന്നു: "ഹദീസ് ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാല്‍ ഒരു റിപ്പോര്‍ട്ടിന്റെ നിവേദക പരമ്പര (സനദ്) ഭദ്രമാണ് എന്നത് ആ റിപ്പോര്‍ട്ടിന്റെ മൂലം എത്രതന്നെ വിമര്‍ശന വിധേയമാണെങ്കിലും സ്വഹീഹായി സ്വീകരിക്കേണ്ടത് അനിവാര്യമാക്കുന്നില്ല. ശക്തവും അവലംബനീയവുമായ നിവേദന പരമ്പരകളുള്ളതോടൊപ്പം ഒരു ഹദീസ് തിരസ്കരിക്കപ്പെടാന്‍ തെറ്റായ രൂപത്തില്‍ ഉദ്ധരിക്കപ്പെടുക, മൂലത്തില്‍ നബി(സ) അരുളിയതായിരിക്കാന്‍ സാധ്യതയില്ലാത്ത പ്രകടമായ അബദ്ധങ്ങളുള്‍ക്കൊള്ളുക തുടങ്ങി ഒട്ടുവളരെ കാരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. അതിനാല്‍ നിവേദന പരമ്പരയോടൊപ്പം മൂലവും പരിശോധിക്കേണ്ടത് അനിവാര്യമാണ്. മൂലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദൂഷ്യമുണ്ടെങ്കില്‍ ആ ഹദീസിനെ അപ്പടി സ്വഹീഹായി അംഗീകരിക്കാവതല്ല.
ഇബ്റാഹീമി(അ)ന്റെ മൂന്ന് 'കളവുകള്‍' വിവരിക്കുന്ന ഹദീസ്, ഒരു പ്രവാചകനില്‍ കളവ് സ്ഥാപിക്കുന്നുവെന്നതിനാല്‍ മാത്രമല്ല വിമര്‍ശനവിധേയമാകുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അതില്‍ പറഞ്ഞ മൂന്ന് സംഭവങ്ങളും വ്യാജമാണെന്ന് വ്യക്തമാകുന്നുണ്ട്.....'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം വാള്യം മലയാള പരിഭാഷ, പേജ് 162,163).
വേദ്രന്ഥങ്ങളില്‍നിന്നുള്ള
ഉദ്ധരണികള്‍

തഫ്ഹീമുല്‍ ഖുര്‍ആനില്‍ പല സ്ഥലത്തും തൌറാത്ത്, ഇഞ്ചീല്‍ മുതലായ വേദഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ കാണാം. ഇതിന് ചില ലക്ഷ്യങ്ങളുണ്ട്. പ്രസ്തുത വേദഗ്രന്ഥങ്ങള്‍ മനുഷ്യകരങ്ങളാല്‍ വികലമാക്കപ്പെട്ടതാണെന്ന് സ്ഥാപിക്കുകയാണ് ഒരു ലക്ഷ്യം. മറ്റൊരു ലക്ഷ്യം, മുഹമ്മദ് നബി(സ) ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആന്‍, വേദക്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നോ അവരുടെ പണ്ഡിതന്മാരില്‍നിന്നോ പഠിച്ചുപറയുന്നതാണെന്ന ഓറിയന്റലിസ്റുകളുടെയും മറ്റും ആരോപണം അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്യ സഹിതം സ്ഥാപിക്കുക. പ്രസ്തുത ഗ്രന്ഥങ്ങളിലെ വാസ്തവ വിരുദ്ധവും പരസ്പര വിരുദ്ധവുമായ കാര്യങ്ങള്‍ വ്യക്തമാക്കാനോ അല്ലെങ്കില്‍ ഈ ജനങ്ങള്‍ എങ്ങനെയാണ് തങ്ങളുടെ പ്രവാചകന്മാരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്തിട്ടുള്ളത് എന്ന് സ്ഥാപിക്കാനോ വേണ്ടിയും നിലവിലുള്ള വേദങ്ങളില്‍നിന്ന് ഉദ്ധരിക്കും.
സര്‍വവിജ്ഞാനകോശം
തഫ്ഹീമുല്‍ ഖുര്‍ആനിലെ വിഷയ വൈവിധ്യവും വിജ്ഞാന വൈപുല്യവും പരിഗണിക്കുമ്പോള്‍ അത് ഒരു സര്‍വ വിജ്ഞാനകോശമാണെന്ന് തോന്നിപ്പോകും. മൌലാനാ മൌദൂദിക്ക് മതവിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡ്യമുള്ളതോടൊപ്പം തന്നെ ആധുനിക കലാശാസ്ത്രങ്ങളിലും വിജ്ഞാനീയങ്ങളിലും നല്ല വ്യുല്‍പ്പത്തിയുമുണ്ടായിരുന്നു. ചര്‍ച്ച ഒരു ഹദീസിനെക്കുറിച്ചാണെങ്കില്‍, ഒരു ഹദീസ് പണ്ഡിതന്റെ പ്രാഗത്ഭ്യത്തോടെ അതിനെ നിരൂപണം ചെയ്യും. അതിന്റെ റിപ്പോര്‍ട്ടര്‍മാരെ വിലയിരുത്തും. വല്ല ദൌര്‍ബല്യവുമുണ്ടെങ്കില്‍ അത് വിശദീകരിക്കും. ഇനി കര്‍മശാസ്ത്ര വിധികളാണെങ്കില്‍, നമ്പറിട്ട് പ്രശ്നങ്ങളും വിധികളും ഒന്നായി ഒരു സ്ഥലത്ത് ഭംഗിയായി അടുക്കിവെക്കും. ഇസ്ലാമിക ചരിത്രമോ ലോക ചരിത്രമോ ആണ് വിഷയീഭവിക്കുന്നതെങ്കില്‍, തന്റെ അറിവുകളുടെയും ഗവേഷണങ്ങളുടെയും ഖജനാവ് തുറന്നുവെക്കും. ലോകത്തെ മുഴുവന്‍ ലൈബ്രറികളും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സൂക്ഷിപ്പാണെന്ന് തോന്നും. ഭൌതിക ശാസ്ത്രമാവട്ടെ, ഭൂമിശാസ്ത്രമാവട്ടെ, രാഷ്ട്രമീമാംസയാവട്ടെ, സാമ്പത്തിക ശാസ്ത്രമാവട്ടെ, മറ്റേത് വിജ്ഞാനശാഖയാവട്ടെ അവിടെയെല്ലാം മൌലാനാ മൌദൂദിയുടെ വായനയുടെ വൈപുല്യവും ഗവേഷണങ്ങളുടെ ആഴവും ബന്ധപ്പെട്ട പഠനമേഖലയിലെ വിശാരദന്മാരെപ്പോലും അതിശയിപ്പിക്കും.
ഖുര്‍ആന്‍ പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കുന്നു
തഫ്ഹീമുല്‍ ഖുര്‍ആന്റെ മറ്റൊരു പ്രത്യേകത, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിക്കാനും അത് താല്‍പര്യം ജനിപ്പിക്കും എന്നതാണ്. നൂറ്റാണ്ടുകളായി ഖുര്‍ആന്‍ ജനങ്ങളുടെ ജീവിതത്തില്‍നിന്ന് ബഹുദൂരം അകന്നുപോയിരുന്നു. ഖുര്‍ആന്‍ മുസ്ലിം സമൂഹത്തിന് കേവലം ഒരു പുണ്യ ഗ്രന്ഥമായിരുന്നു. അതിനോട് ആദരവ് കാണിക്കുകയും മുത്തുകയും സന്തോഷത്തിന്റെയും സന്താപത്തിന്റെയും സന്ദര്‍ഭങ്ങളില്‍ അത് പാരായണം ചെയ്യുകയും മരിച്ചവരുടെ ആത്മശാന്തിക്കു വേണ്ടി അത് ഓതിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ജീവിത വ്യവഹാരങ്ങളില്‍ അതിന് സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. തഫ്ഹീമുല്‍ ഖുര്‍ആനിലൂടെ ഖുര്‍ആനിലേക്ക് മടങ്ങാനുള്ള ശക്തമായ ആഹ്വാനം മുഴക്കുകയായിരുന്നു മൌലാനാ മൌദൂദി.
* * * * * * * *
ചുരുക്കത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ ലോകത്ത് തികച്ചും വ്യതിരിക്തത പുലര്‍ത്തുന്ന കൃതിയാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. വീണ്ടും പ്രഫ. അലീഫുദ്ദീന്‍ തുറാബിയെ ഉദ്ധരിക്കട്ടെ: "സയ്യിദ് മൌദൂദിയുടെ തഫ്സീറിനെ പുതിയതും പഴയതുമായ നിരവധി തഫ്സീറുകളുമായി താരതമ്യം ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇബ്നു ജരീറിന്റെയും റാസിയുടെയും ഇബ്നു കസീറിന്റെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുമായും റൂഹില്‍ മആനീ, ഫീ ളിലാലില്‍ ഖുര്‍ആന്‍ മുതലായ തഫ്സീറുകളുമായും. താരതമ്യ പഠനത്തില്‍നിന്ന് എനിക്ക് കൂടുതലായി ബോധ്യമായത്, സയ്യിദ് മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും സമ്മേളിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ്. ഈ ശ്രദ്ധയോടൊപ്പം തഫ്ഹീമുല്‍ ഖുര്‍ആന്റെ മുകളില്‍ പറഞ്ഞ സവിശേഷതകള്‍ സയ്യിദ് മൌദൂദിയുടെ തഫ്സീറിന് ഇതര തഫ്സീറുകള്‍ക്കിടയില്‍ സവിശേഷ സ്ഥാനവും നേടിക്കൊടുക്കുന്നു'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വിശേഷാല്‍ പതിപ്പ്, രണ്ടാം ഭാഗം, മെയ് 2004, പേജ് 302).
(അവസാനിച്ചു)


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly