തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രഫസര്‍ ടി.ജെ ജോസഫ് പ്രവാചകനിന്ദ ആരോപിക്കപെട്ട് ആക്രമിക്കപെട്ടപ്പോഴും പ്രവാചകനിന്ദ നടത്തിയതായി ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തില്‍ കേളേജ് മാനേജ്മെന്റ് അദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചപ്പോഴും ഇവിടെ ഉയര്‍ന്നുവന്ന വാദ കോലാഹലങ്ങള്‍ മതേതരമെന്ന് കരുതപ്പെടുന്ന കേരളത്തിന്റെ പൊതുമണ്ഡലത്തെ കുറിച്ച് ഗൌരവമായ ചില ഉല്‍കണ്ഠകള്‍ ഉണര്‍ത്തിവിട്ടിരിക്കുന്നു. സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകാവുന്ന തരത്തില്‍ പ്രവാചകനെ ആക്ഷേപിച്ച് പ്രഫസര്‍ തയാറാക്കിയ ചോദ്യപേപ്പറും അതിനുള്ള ശിക്ഷയെന്നോണം ഒരു കൂട്ടം വിവരദോഷികള്‍ നിയമം കൈയിലെടുത്ത് കൊണ്ട് അദ്ദേഹത്തിന്റെ കൈ വെട്ടിയതും ഒരുപോലെ അപലിപിക്കപ്പെടേണ്ടതും കേരളത്തില്‍ നിലനില്‍ക്കുന്ന മത സൌഹാര്‍ദത്തെ തുരങ്കം വെക്കുന്നതുമായ ചെയ്തികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേരളീയര്‍ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ ആ രണ്ട് ചെയ്തികളെയും അപലപിക്കുകയും ചെയ്തിട്ടുണ്ട.് അതിനാല്‍ തന്നെ കൈവെട്ടിയ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന സ്വാഭാവികമായ നടപടികളിലോ പ്രഫസര്‍ ജോസഫിനെതിരെ മാനേജ്മെന്റ് കൈകൊണ്ട ന്യായമായ ശിക്ഷാനടപടിയിലോ ആക്ഷേപിക്കപ്പെടേണ്ടതോ അപലപിക്കപ്പെടേണ്ടതോ ആയ യാതൊന്നുമില്ല. എന്നല്ല സമീപകാല വിവാദങ്ങളെ തുടര്‍ന്ന് കേരളത്തിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ എന്തെങ്കിലും വിള്ളലുകള്‍ വീണിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ഫലപ്രദമായ നടപടിയെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മത ഭ്രാന്തിന്റെ അംശം കൂടി ചേര്‍ന്നിട്ടുണ്ടെങ്കില്‍ പോലും നിയമദൃഷ്ട്യാ ഒരു ക്രിമിനല്‍ കേസ് മാത്രമായ കൈവെട്ട് സംഭവത്തെ രാജ്യദ്രോഹ നടപടിയായി ചിത്രീകരിച്ച് മാസങ്ങളോളം ലൈവാക്കി ആഘോഷിക്കാനും പ്രഫസര്‍ക്കെതിരെ കോളേജ് മാനേജ്മെന്റ് സ്വീകരിച്ച തികച്ചും ന്യായമായ ശിക്ഷാ നടപടിയെ കിരാതമായി മുദ്രകുത്തി മാനേജ്മെന്റിനെ ക്രൂശിക്കാനുമാണ് മാധ്യമങ്ങളും ചില രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും ബുദ്ധിജീവികളും ശ്രമിച്ചുകൊണ്ടിരുന്നത്. അതിലൂടെ കേരളത്തിലെ സാമൂഹിക ബന്ധങ്ങളില്‍ ആഴത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയ സംഭവ പരമ്പരയുടെ ആദ്യ കാരണക്കാരനെന്നനിലയില്‍ ഗുരുതരമായ കുറ്റം ചെയ്ത പ്രഫസര്‍ ടി.ജെ ജോസഫ് പുണ്യവാളനായും ആവിഷ്കാര സ്വാതന്ത്രത്തിന്റെ അപ്പോസ്തലനായും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ.് താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, അതിനാല്‍ തന്നെ ആരോടും മാപ്പ് ചോദിക്കുന്ന പ്രശ്നമില്ലെന്നും ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിക്കുന്ന പ്രഫസറുടെ ലേഖനങ്ങളും അഭിമുഖങ്ങളുമാണിപ്പോള്‍ മലയാള ആനുകാലികങ്ങള്‍ നിറയെ.
ഒരു ഘട്ടത്തില്‍ ജോസഫിനെ മഠയനായ അധ്യാപകന്‍ എന്ന് ശരിയായി വിലയിരുത്തിയ വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടിയായ ഇടതുപക്ഷത്തിന്റെ അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും സാംസ്കാരിക സംഘടനകളും കെ.എന്‍ പണിക്കര്‍, രാജന്‍കുരിക്കള്‍ കെ.ഇ.എന്‍ തുടങ്ങിയ ഇടതുപക്ഷ ബുദ്ധിജീവികളുമാണിപ്പോള്‍ പ്രഫസറുടെ ആവിഷ്കാര സ്വാതന്ത്യം ഉയര്‍ത്തിപ്പിടിക്കാന്‍ കാര്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. അധ്യാപകന്റെ ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് വാചാലമാകുന്നവര്‍ ഒരു കാര്യം വിസ്മരിക്കുകയാണ്. അതായത് ഒരെഴുത്തുകാരനെന്ന നിലയില്‍ താനെഴുതിയ ഏതെങ്കിലും കഥയിലോ ലേഖനത്തിലോ അല്ല ആ അധ്യാപകന്‍ പ്രവാചകനെ ആക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. മറിച്ച്, വിവിധ മതക്കാരായ തന്റെ ശിഷ്യന്‍മാര്‍ക്ക് നല്‍കിയ ചോദ്യപേപ്പറിലാണ്. ക്ളാസ്റൂമുകളില്‍ മത വിദ്വേഷം ഉണ്ടാക്കുന്ന യാതൊന്നും തന്നില്‍ നിന്നുണ്ടാകാതെ സൂക്ഷിക്കാനുള്ള ഒരധ്യാപകന്റെ പ്രാഥമിക ചുമതലയാണ് ആ അധ്യാപകന്‍ വിസ്മരിച്ചു കളഞ്ഞത്. അതിനാല്‍ അത്തരമൊരധ്യാപകനെ കുട്ടികളെ പഠിപ്പിക്കാന്‍ കെള്ളില്ല എന്ന കോളമിസ്റ് ഡി. ബാബു പോളിന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്. ദാരുണമായി ആക്രമിക്കപ്പെട്ടതിലുള്ള സഹതാപത്തിന് ഈ ഗുരുതരമായ തെറ്റിനെ മറി കടക്കാനുള്ള ശക്തി പോരാ. എങ്കില്‍ പോലും തനിക്ക് സംഭവിച്ച തെറ്റ് അംഗീകരിക്കാനുള്ള വിനയം അധ്യാപകനുണ്ടായിരുന്നുവെങ്കില്‍ പുറത്താക്കല്‍ നടപടി ഒഴിവാക്കാമായിരുന്നു. അദ്ദേഹത്തിന്റെ ചെയ്തികള്‍ മൂലം വല്ലവരുടെയും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കതൊരാശ്വാസമാവുകയും ചെയ്യുമായിരുന്നു. പക്ഷേ, തന്റെ പിന്നില്‍ യുദ്ധ സജ്ജരായി അണിനിരന്ന തീവ്ര മതേതര നാട്യക്കാരുടെ ശക്തി കണ്ടുകൊണ്ടുള്ള മതിഭ്രമം കൊണ്ടോ എന്തോ പ്രഫസര്‍ ജോസഫില്‍ നിന്ന് അത്തരം വിവേകത്തിന്റെ യാതൊരു ശബ്ദവും പുറത്ത് വന്നില്ലെന്ന് മാത്രമല്ല, കേരളീയരുടെ സാമാന്യ ബോധത്തെ പരിഹസിക്കുന്ന വിശദീകരണങ്ങളും ന്യായീകരണങ്ങളും നല്‍കി അദ്ദേഹമിപ്പോള്‍ പുണ്യവാളന്‍ ചമയുകയാണ.് പ്രഫസറുടെ ഈ ധാര്‍ഷ്ട്യം തന്നെയാണ് അദ്ദേഹത്തിന്റെ പുറത്താകലിലേക്ക് നയിച്ചതും. പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ മാനേജ്മെന്റ് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട.്
കേരളത്തിന്റെ പൊതുമണ്ഡലത്തെ കൂടുതല്‍ കൂടുതല്‍ മുസ്ലിംവിരുദ്ധമാക്കി മാറ്റുകയെന്ന അത്യന്തം അപകടകരമായ ദൌത്യമാണ് പ്രഫസറുടെ ആവിഷ്കാര സ്വാതന്ത്യത്തിനായി രംഗത്തിറങ്ങിയ മതേതര നാട്യക്കാരും കൈവെട്ടിനെ മാസങ്ങളോളം ലൈവായി ആഘോഷിച്ച മാധ്യമങ്ങളും ചെയ്തു കൊണ്ടിരുന്നത്. സംഘ്പരിവാറിന്റെ വ്യാജ പ്രചാരണമായ ലൌ ജിഹാദിനെ സ്ഥാപിക്കുന്ന തരത്തിലുള്ള ഭ്രാന്തന്‍ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി തന്നെ അതില്‍ എണ്ണ പാരുകയും ചെയ്തു. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ പൊതുമണ്ഡലം വളരെയധികം മതേതരമാണെന്നാണ് കുറെ കാലമായി നാം പറഞ്ഞു ശീലിച്ചിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷ സ്വാധീനമാണിതിന് കാരണമെന്ന് അതേ ശ്വാസത്തില്‍ തന്നെ പറയാനും നാം മടിക്കാറില്ല. ഒരു മിത്ത് എന്നതിനപ്പുറം ഇവക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്നാണ് കൈവെട്ടിനെ തുടര്‍ന്ന് ഇവിടെ അരങ്ങേറിയ വാദകോലാഹലങ്ങള്‍ തെളിയിച്ചത്.കേരളത്തിന്റെ പൊതുമണ്ഡലത്തിന് സംഘ്പരിവാറിനോട് രാഷ്ട്രീയാഭിമുഖ്യം തുലോം കുറവാണെന്നത് ശരി തന്നെ. അതേസമയം അത് അങ്ങേയറ്റം മുസ്ലിം വിരുദ്ധവുമാണ്. ഇത്തരമൊരു പൊതുമണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ സാമ്പ്രദായികവും അല്ലാത്തതുമായ ഇടതു പക്ഷത്തിന്റെയും ലിബറല്‍ മതേതര ബുദ്ധിജീവികളുടെയും ഇടപെടലുകളാണെന്ന് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് വര്‍ത്തമാനകാല കേരളമിപ്പോഴുള്ളത്.മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തോടുള്ള അവജ്ഞയിലും ശരീഅത്ത് വിരുദ്ധതയിലും മുസ്ലിംശാക്തീകരണ ശ്രമങ്ങളോടുള്ള അസഹിഷ്ണുതയിലുമെല്ലാം സംഘ്പരിവാറിനേക്കാള്‍ ഒരു പടി മുന്നിലാണ് കേരളത്തിലെ ഇടതു പക്ഷവും ലിബറല്‍ മതേതര ബുദ്ധിജീവികളുമെന്നത് ഇതിനകം തെളിഞ്ഞു കഴിഞ്ഞ വസ്തുതയാണ്. ഇടതുപക്ഷ സ്വാധീനത്തില്‍ രൂപപെട്ടതും മതേതരമെന്ന് കൊണ്ടാടപ്പെടുന്നതുമായ കേരളത്തിന്റെ പൊതുബോധത്തിന് സംഘ്പരിവാറിന്റെ രാഷ്ട്രീയത്തോട് മാത്രമേ എതിര്‍പ്പുള്ളൂ. കൈവെട്ടിനെ മാസങ്ങളോളം ആഘോഷിച്ചതിലൂടെയും പ്രഫസര്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയെ ചോദ്യം ചെയ്യുന്നതിലൂടെയും കേരളത്തിന്റെ പൊതുമണ്ഡലത്തെ കൂടുതല്‍ കൂടുതല്‍ മുസ്ലിംവിരുദ്ധമാക്കുകയെന്ന സംഘ്പരിവാറിന്റെ സാംസ്കാരിക അജണ്ടയാണ് നടപ്പായത്.
മതേതര നാട്യക്കാരും സംഘ്പരിവാറും എത്ര തന്നെ കൊണ്ടുപിടിച്ച് ശ്രമിച്ചാലും അത്രയെളുപ്പത്തിലൊന്നും ഇളക്കാന്‍ കഴിയാത്ത ഒരു മത സൌഹാര്‍ദ മനസ്സ് കേരളീയ സമൂഹത്തിന്റെ അടിത്തട്ടിലും അതിന്റെ എല്ലാ അടരുകളിലും ഇപ്പോഴും ശക്തമാണെന്നതാണ് നമ്മെ ആശ്വസിപ്പിക്കുന്ന ഘടകം. മതാന്ധത ബാധിച്ച ഏതാനും വിവരദോഷികള്‍ ആരുടെയെങ്കിലും കൈവെട്ടിയത് കൊണ്ടോ അവിടവിടെയായി ചില പന്നി പടക്കങ്ങള്‍ പൊട്ടിയത് കൊണ്ടോ മാധ്യമങ്ങളുടെ വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ടോ തകര്‍ന്ന് പോകുന്നതല്ല ആ മത സൌഹാര്‍ദം. കാരണം, ചരിത്രത്തില്‍ വേരുകളാഴ്ത്തിയതും വിവിധ മത സമൂഹങ്ങളുടെ കാലങ്ങളായുള്ള ഒന്നിച്ചുള്ള സഹജീവിതത്തിലൂടെ ഭൂതത്തിലും വര്‍ത്തമാനത്തിലും ശാഖകള്‍ പടര്‍ന്ന് നില്‍ക്കുന്നതുമാണ് അത്. ആവശ്യമുള്ളപ്പോഴൊക്കെ അതിന് വെള്ളവും വളവും നല്‍കി പുഷ്ടിപ്പെടുത്തിയത് മതേതര നാട്യക്കാരേക്കാള്‍ കേരളത്തിലെ മത വിശ്വാസികളാണ്. പ്രവാചകനിന്ദ നടത്തിയെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും യാതൊരു കുറ്റസമ്മതവും നടത്താത്ത പ്രഫസര്‍ ജോസഫിനെതിരെ കത്തോലിക്കാ വിശ്വാസികളായ കോളേജ് മാനേജ്മെന്റ് കൈകൊണ്ട നടപടിയും വെട്ടേറ്റ അധ്യാപകന് ഏതാനും മുസ്ലിം യുവാക്കള്‍ രക്തം നല്‍കിയതും കേരളത്തില്‍ നിലനില്‍ക്കുന്ന മത സൌഹാര്‍ദത്തെ ശക്തിപ്പെടുത്താനുള്ള മതവിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ ധീരമായ അത്തരം ഇടപെടലുകളായിരുന്നു. ഇത് മനസ്സിലാക്കി തനിക്ക് പറ്റിയ അബദ്ധം തിരുത്താന്‍ പ്രഫസറെ അയാള്‍ക്ക് ചുറ്റും കൂടിയിരുന്ന് മതേതര കോറസ്സ് പാടുന്നവര്‍ അനുവദിക്കുന്നില്ലയെന്നതിലാണ് യഥാര്‍ഥത്തില്‍ കേരളം ഉല്‍കണ്ഠപ്പെടേണ്ടത്.
അധ്യാപകനെതിരെ ന്യായമായ കാരണത്താല്‍ മാനേജ്മെന്റ് കൈകൊണ്ട ശിക്ഷാ നടപടിയിലും മുസ്ലിം യുവാക്കളുടെ രക്തദാനത്തിലും വര്‍ത്തമാനകാല കേരളീയാവസ്ഥയില്‍ സൂക്ഷ്മമായ ചില രാഷ്ട്രീയ സൂചനകള്‍ ഉള്ളടങ്ങിയിട്ടുണ്ട്. പ്രവാചകനെ ആക്ഷേപിക്കുന്ന തരത്തില്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പര്‍ മുസ്ലിംകളെ മാത്രമല്ല, മതസൌഹാര്‍ദം ആഗ്രഹിക്കുന്ന എല്ലാ കേരളീയരെയും വേദനിപ്പിച്ചിരുന്നു. ആ നീചകൃത്യം ചെയ്ത അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ അതിനാല്‍ തന്നെ അവര്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെടുകയും ചെയ്തു. അത് മുഖവിലക്കെടുത്തുകൊണ്ട് കോളേജ് മാനേജ്മെന്റ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ഗവണ്‍മെന്റ് അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും ഒരു കൂട്ടം അവിവേകികള്‍ ഒത്തുചേര്‍ന്ന് നിയമം കൈയിലെടുത്തു കൊണ്ട് അധ്യാപകന് മേല്‍ ശിക്ഷ നടപ്പാക്കിയത് ഏതെങ്കിലും മതനിയമങ്ങള്‍ക്കോ രാജ്യത്തെ പൊതുനിയമത്തിനോ അംഗീകരിക്കാനാവില്ലെന്ന് മനസ്സിലാക്കാന്‍ രണ്ട് നിയമത്തിലും വലിയ അവഗാഹമൊന്നും ആവശ്യമില്ല.
രാജ്യത്തെ നിയമവാഴ്ചയെ തടസ്സപ്പെടുത്താതിരിക്കുകയെന്നത് ആ രാജ്യത്ത് ജീവിക്കുന്ന ഓരോ പൌരന്റെയും പൌരത്വപരമായ ബാധ്യതയാണ്. പൌരത്വമെന്നത് ഇസ്ലാമിക ദൃഷ്ട്യാ ഒരു കരാറാണ്. എന്തു പ്രകോപനമുണ്ടായാലും കരാര്‍ ലംഘിക്കാന്‍ പാടില്ലെന്നത് ഇസ്ലാമിന്റെ ഖണ്ഡിതമായ പ്രമാണമാണ.് ഈ പ്രമാണത്തെയാണ് പ്രഫസറുടെ കൈ വെട്ടിയവര്‍ വെല്ലുവിളിച്ചത.് പ്രഫസറുടെ ചെയ്തിക്കെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ ഒട്ടേറെ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്ന ഒരു രാജ്യത്ത് ഈ കരാര്‍ ലംഘനം കൂടുതല്‍ ഗുരുതരവുമാണ്. ഈ കിരാത നടപടി മറയാക്കിക്കൊണ്ട് മതേതരനാട്യക്കാരും സംഘ്പരിവാറും വളര്‍ത്തിയെടുത്ത മുസ്ലിംവിരുദ്ധ പൊതുബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും തദ്വാരാ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കാനും നീക്കം നടക്കുമെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അതിനെ സാധ്യമാകുന്നത്ര പ്രതിരോധിക്കുക എന്നതായിരുന്നു രക്തദാനത്തിലടങ്ങിയ രാഷ്ട്രീയം. ഈ രാഷ്ട്രീയം തന്നെയാണ് അതിലെ മതവും.
ക്രിയാത്മകമായ ഇതേ സൂക്ഷ്മ രാഷ്ട്രീയം തന്നെയാണ് മറ്റൊരു തരത്തില്‍ പ്രഫസറുടെ പുറത്താക്കല്‍ നടപടിയിലുമുള്ളത്. ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് മാരകമായ പരിക്കേല്‍പിച്ച ഒരാള്‍ ഏതോ വിവരദോഷികളുടെ ലക്ക് കെട്ട ആക്രമണത്തിനിരയായി എന്ന ഒരേയൊരു കാരണത്താല്‍ പുണ്യവാളനും ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ അപ്പോസ്തലനുമായി കൊണ്ടാടപ്പെടുന്ന സാഹചര്യം അധ്യാപകന്‍ ചെയ്തതു പോലെയുള്ള അവിവേക പ്രവണതകള്‍ക്ക് പ്രോത്സാഹനമാവുകയേയുള്ളൂ. അത് നമ്മുടെ സാമൂഹിക ബന്ധങ്ങളില്‍ ഇപ്പോള്‍തന്നെ പ്രത്യക്ഷപ്പെട്ട വിള്ളലുകളെ കൂടുതല്‍ വലുതാക്കുകയും ചെയ്യും. അത് അനുവദിച്ചുകൂടെന്ന നിശ്ചയദാര്‍ഢ്യമാണ് മാനേജ്മെന്റിന്റെ നടപടിയില്‍ നിഴലിക്കുന്നത്.
കേരളത്തിന്റെ പാരമ്പര്യമായ മത സൌഹാര്‍ദവും സഹിഷ്ണുതയും നിലനിര്‍ത്താനും ശക്തിപ്പെടുത്താനും മതവിശ്വാസികള്‍ക്കേ കഴിയൂ എന്ന വസ്തുതക്കാണ് ഈ രണ്ട് സംഭവങ്ങളും അടിവരയിടുന്നത്.