Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
മുഖക്കുറിപ്പ്



അവസാനത്തിന്റെ ആരംഭം

 

 

 
 



ദൈവം സൃഷ്ടിച്ച ഈ ഭൌതികലോകത്തിന് അവന്‍ തന്നെ ഒരന്ത്യം നിശ്ചയിച്ചുവെച്ചിട്ടുണ്ടെന്ന സങ്കല്‍പ്പം മിക്ക മതങ്ങളും പങ്കുവെക്കുന്നതാണ്. നശിച്ചുപോയ മായന്‍ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളില്‍ പെട്ട മായന്‍ കലണ്ടറനുസരിച്ച് 2012-ല്‍ ഈ ലോകം അവസാനിക്കും. ഈ കലണ്ടര്‍ പൂര്‍ണമായി തള്ളിക്കളയേണ്ടതല്ലെന്ന് അതിലെ കണക്കുകളും നക്ഷത്ര സൂചനകളും മറ്റനേകം നിഗൂഢ ചിഹ്നങ്ങളും ഡീക്കോഡ് ചെയ്ത ഗവേഷകര്‍ പറയുന്നു. ഈ ദശകത്തിലെ കൂട്ടക്കൊലകളും ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളും അതില്‍ സൂചിപ്പിച്ചിട്ടുണ്ടത്രെ. മുസ്ലിംകള്‍ക്ക് ലോകാവസാനം കേവല സങ്കല്‍പമല്ല; ഇസ്ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നും അനിഷേധ്യവും അനിവാര്യവുമായ യാഥാര്‍ഥ്യവുമാകുന്നു. എപ്പോഴാണത് സംഭവിക്കുക എന്ന ചോദ്യത്തിന് ഇസ്ലാം നല്‍കുന്ന മറുപടി ഇതാണ്: അതിന്റെ സമയം മനുഷ്യനെ അറിയിക്കാന്‍ സ്രഷ്ടാവ് ഉദ്ദേശിച്ചിട്ടില്ല. മനുഷ്യനെ സംബന്ധിച്ചേടത്തോളം പ്രസക്തമായിട്ടുള്ളത് അതിന്റെ നാളും നേരവും അറിയുകയല്ല; അതിനെ നേരിടാന്‍ സജ്ജനായിരിക്കുക എന്നതാണ്. ഓരോ മനുഷ്യനും മരിക്കുന്നതോടെ അവന്റെ ഭൌതിക ലോകം അവസാനിക്കുന്നു. തുടര്‍ന്ന് സ്ഥലകാലാതീതമായ ഒരവസ്ഥയിലാണവന്‍. പിന്നെ ഉണരുന്നത് ലോകാവസാനത്തിലേക്കായിരിക്കും. അതിനിടയില്‍ എണ്ണമറ്റ തലമുറകള്‍ വന്നുപോയിട്ടുണ്ടാവാം. അതൊന്നും അവന്‍ അറിയുന്നില്ല. ആദിമ മനുഷ്യനും അന്തിമ മനുഷ്യനും ഒരേ നിമിഷത്തിലാണ് ലോകാവസാനത്തെ അഭിമുഖീകരിക്കുക.
ലോകാവസാനത്തിന്റെ സമയം കുറിച്ചുതന്നിട്ടില്ലെങ്കിലും അതിന്റെ ചില ലക്ഷണങ്ങള്‍ ഖുര്‍ആനും പ്രവാചകനും അങ്ങിങ്ങ് സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യകുലത്തില്‍ അക്രമവും അധര്‍മവും അതിരില്ലാതെ പെരുകുക അതിലൊന്നാണ്. ന്യായപീഠങ്ങള്‍ വരെ അനീതിയുടെ ചന്തകളായി മാറുക. ന്യായാധിപന്മാര്‍ പോലും തുഛ വിലയ്ക്ക് നീതി വില്‍ക്കുക. മറ്റൊന്ന്, പ്രകൃതി വ്യവസ്ഥയുടെ സമ്പൂര്‍ണമായ തകിടം മറിയലാണ്. ഭൂമിയുടെ കറക്കം പോലും തലതിരിഞ്ഞ് ഉദായാസ്തമന ദിശകള്‍ വരെ വിപരീതമാകുന്നു. പര്‍വതങ്ങള്‍ ഉടഞ്ഞിടിയുന്നു.
ഈ സൂചനകളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ സമീപകാല ലോക സംഭവങ്ങളെ ഗൌരവബുദ്ധ്യാ പരിഗണിക്കേണ്ടതാണ്. ഹെയ്ത്തിയിലെ ഭൂകമ്പം, മെക്സിക്കന്‍ കടലിലെ എണ്ണക്കിണര്‍ തീപ്പിടുത്തം, മെയ് മാസത്തില്‍ യു.എസ്.എയിലെ അഞ്ചു സ്റേറ്റുകളിലുണ്ടായ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം- നിരവധിയാളുകളുടെ കൂട്ടക്കുരുതിക്കു പുറമെ മില്യന്‍ കണക്കില്‍ ഡോളറിന്റെ സ്വത്ത് നാശവും സൃഷ്ടിച്ച അത്യാഹിതങ്ങളാണിതൊക്കെ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ യൂറോപ്പിലനുഭവപ്പെട്ട അത്യുഷ്ണം നാലായിരം പേരെയാണ് കൊന്നൊടുക്കിയത്. അഫ്ഗാനിലും ചൈനയിലും പാകിസ്താനിലും ആയിരങ്ങളുടെ മരണത്തിനും ലക്ഷങ്ങളുടെ ഭവനനഷ്ടത്തിനും ഇടയാക്കിയ പേമാരിയും ജലപ്രളയവും ഇന്ത്യയിലേക്കും കടന്നിരിക്കുകയാണ്. ബീഹാറിലും ഉത്തര്‍പ്രദേശിലും ദല്‍ഹിയിലുമൊക്കെ നദികള്‍ കവിഞ്ഞൊഴുകുന്നു. ആയിരക്കണക്കിന് വീടുകള്‍ ഒലിച്ചുപോയി. നൂറു കണക്കില്‍ മരണങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ ആകെയുണ്ടായ പ്രകൃതി വിപത്തുകളെക്കാളേറെയാണ് ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ മാത്രം ലോകത്തുണ്ടായതെന്നാണ് ഇതു സംബന്ധിച്ച് തയാറാക്കപ്പെട്ട സ്ഥിതിവിവരണക്കുകള്‍ പറയുന്നത്.
ഭൌതിക ശാസ്ത്രം പ്രപഞ്ചത്തിനു പിന്നില്‍ ഒരു സ്രഷ്ടാവിനെ കാണുന്നില്ല. പദാര്‍ഥ ചലനത്തിനിടെ യാദൃഛികമായി ഉളവായതാണീ പ്രപഞ്ചം. യാദൃഛികമായി ഉദയം ചെയ്ത പ്രപഞ്ചം യാദൃഛികമായി അസ്തമിക്കാനുള്ള സാധ്യതയെ നിഷേധിച്ചില്ലെങ്കിലും അങ്ങനെയൊരു പരിണതിയെ ശാസ്ത്ര ലോകം അതിവിദൂരമായാണ് വിഭാവനം ചെയ്തിരുന്നത്. മനുഷ്യ വര്‍ഗം ജനിമൃതികളിലൂടെ ഈ ലോകത്ത് അനന്തമായി നിലനില്‍ക്കുമെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ഭൂമിയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങള്‍ ഈ കാഴ്ചപ്പാടിനെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞരായ ഡോ. ഗ്രൂയിസ് മാന്‍, ഡോ. ടി.ആര്‍ കാറല്‍, ഡോ. ആര്‍. ഡബ്ളിയു നൈറ്റ് എന്നിവര്‍ ചേര്‍ന്ന് 1994-ല്‍ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ ഭൂമിയെ ഉറപ്പിച്ചു നിര്‍ത്തുന്ന കാന്തികതരംഗങ്ങളും അന്റാര്‍ട്ടിക്കയിലെ ഹിമാവരണവും തമ്മിലുള്ള ബന്ധം വിശദീകരിക്കുകയും ഹിമാവരണത്തിന്റെ ദ്രവീകരണം ഭൂമിയിലെ ഋതുഭേദ വ്യവസ്ഥയില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പതിനാറു വര്‍ഷം പിന്നിടുമ്പോള്‍ ധ്രുവ ഹിമാവരണത്തിന്റെ ദ്രവീകരണവും അതിന്റെ തുടര്‍ച്ചയായി പ്രവചിക്കപ്പെട്ട പാരിസ്ഥിതിക വിനാശങ്ങളും യാഥാര്‍ഥ്യമായികൊണ്ടിരിക്കുകയാണ്.
ഇന്ന് ജീവിച്ചിരിപ്പുള്ള ശാസ്ത്ര പ്രതിഭകളില്‍ അഗ്രഗണ്യനായ സ്റീഫന്‍ ഹോക്കിംഗിനു പോലും മനുഷ്യന്റെ അനന്തമായ നിലനില്‍പിലുള്ള വിശ്വാസം ശിഥിലമായിരിക്കുന്നു. വായുവും വെള്ളവും ദുഷിക്കാതിരിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ടത നിലനില്‍ക്കുകയും ചെയ്തിരുന്നുവെങ്കില്‍ മനുഷ്യവംശം അനന്തമായി നിലനില്‍ക്കുമായിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. മനുഷ്യന്റെ സ്വാര്‍ഥതയും അനിയന്ത്രിതമായ കൈകടത്തലും മൂലം പാരിസ്ഥിതിക ഘടന അപരിഹാര്യമാംവണ്ണം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്തു നിലനില്‍പ് ഉറപ്പാക്കാന്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശമിതാണ്: മനുഷ്യന്‍ ഭൂമി വിട്ട് മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് കുടിയേറുക! മനുഷ്യന്റെ അന്യഗ്രഹ കുടിയേറ്റം പ്രായോഗികമാണോ? അവനു വേണ്ട ശുദ്ധ വായുവും ശുദ്ധ ജലവും വളക്കൂറുള്ള മണ്ണും സജ്ജമായിട്ടുള്ള ഗ്രഹം ഏതാണുള്ളത് എന്നൊന്നും ഹോക്കിംഗ് വ്യക്തമാക്കുന്നില്ല. മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളിലൊന്നിലും ജലസാന്നിധ്യംപോലും ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.
മനുഷ്യരാശിക്കു വേണ്ടി ദൈവം സജ്ജീകരിച്ച ഗ്രഹം ഈ ഭൂമിയാണ്. ലോകാവസാന മുന്നറിയിപ്പില്‍ സംശയം പ്രകടിപ്പിച്ചവരോട് പിന്നീട് അക്കാര്യം അവര്‍ക്ക് ബോധ്യമാവുക തന്നെ ചെയ്യുമെന്ന് വിശുദ്ധ ഖുര്‍ആന്‍ 78-ാം അധ്യായം ഉറപ്പിച്ചു പറയുന്നത് അനുസ്മരണീയമാകുന്നു. തുടര്‍ന്ന് അതിന്റെ ദൃഷ്ടാന്തമായി ഭൂമിയുടെ നിലവിലുള്ള മനുഷ്യ വാസയോഗ്യമായ പാരിസ്ഥിതിക ഘടന ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ഘടനയുടെ തകിടം മറിച്ചിലായിരിക്കും ലോകാവസാനമെന്ന് വിശദീകരിക്കുന്നതും ഏറെ ശ്രദ്ധേയമാകുന്നു. ലോകാവസാനം മാത്രമല്ല ഖുര്‍ആന്‍ പ്രവചിക്കുന്നത്. അനന്തരം മനുഷ്യന് പുതിയൊരു ലോകവും ജീവിതവും വാഗ്ദാനം ചെയ്യുന്നുമുണ്ട്; ആ ജീവിതത്തില്‍ നമ്മുടെ ഭാഗധേയം നിര്‍ണയിക്കുന്നത് ഈ ജീവിതത്തോട് നാം പുലര്‍ത്തിയ സത്യസന്ധതയും നീതിയുമാണെന്നും.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly