നാദാപുരം നടത്തേണ്ട പുനരാലോചനകള്‍
ടി. മുഹമ്മദ് വേളം
``നാദാപുരം.
അടുത്തെവിടെ നിന്നോ ബോംബ് പൊട്ടുന്ന ശബ്‌ദം- ``മോനേ എണീക്ക്, രാവിലെത്തെ ബോംബ് പൊട്ടി. എന്നിട്ടും എന്തൊരുറക്കാ...''
അമ്മ പൊന്നുമോനേ പുതപ്പിനടിയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി. മോന്‍ പതുക്കെ എഴുന്നേറ്റ് ജാലക പൊളി തുറന്നു.
-കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു: ``ആരാളീ? ഓലോ ഞമ്മളോ? (ആരാണ്? അവരോ നമ്മളോ?)
അമ്മ അടുക്കളയിലേക്ക് നടന്നു. രണ്ട് ഗ്ലാസ് കണ്ണീരുമായി തിരിച്ചുവന്നു. ഒരു ഗ്ലാസ് മോന് കൊടുത്തു.
അമ്മയും മോനും ഓരോ ഗ്ലാസ് കണ്ണീരു കുടിച്ചുകൊണ്ടിരിക്കെ ഇടിവെട്ടും പോലെ ശബ്‌ദവും വെളിച്ചവും.
അമ്മ ചോദിച്ചു:``ആരാളീ? ഓലോ ഞമ്മളോ''.
``ഏതായാലും ഒമ്പതരയുടെ ബോംബ് പൊട്ടി. അതിനു ശബ്‌ദം കൂടുതലാ''- അമ്മ പറഞ്ഞു.
``വെളിച്ചവും''- മോന്‍ കൂട്ടിച്ചേര്‍ത്തു.
അയലില്‍ നിന്ന് ഉരുക്ക് വസ്‌ത്രം അണിഞ്ഞ് ഭാരമുള്ള ഒരു പൂമ്പാറ്റയെപ്പോലെ മോന്‍ സ്‌കൂളിലേക്ക് പടവുകള്‍ ഇറങ്ങവെ, അമ്മ ഉച്ചക്കെറിയാനുള്ള ബോംബുകള്‍ കൂടി അവന്റെ സ്‌കൂള്‍ ബാഗില്‍ വെച്ചു.
കണ്ണില്‍ നിന്നും മറയുംവരെ വാതില്‍ പടിയില്‍ അമ്മ-
പൊടുന്നനെ കാതടിപ്പിക്കുന്ന ശബ്‌ദം. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. ദൂരെ നിന്ന് അമ്മേ എന്നൊരലര്‍ച്ച. ഇത്തവണ ഓലോ ഞമ്മളോ എന്ന് അമ്മക്ക് സംശയമുണ്ടായിരുന്നില്ല. പുറത്ത് ചുവന്ന മഴ തിമര്‍ത്ത് പെയ്യുകയാണ്....''
(പി.കെ പാറക്കടവ്)
നാദാപുരത്തിന്റെ സാമൂഹിക ഭൂപടം സമൂഹ ശാസ്‌ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം സവിശേഷമായ ഒരു പഠന സാമഗ്രിയാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് കണ്ണ് തുറന്ന് പഠിച്ച് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ട രോഗമാണീ നാദാപുരം. മുസ്‌ലിം സമുദായത്തിന് നേതൃപരമായ പങ്കുള്ള ഒരു ഭൂഭാഗമാണ് നാദാപുരം. മുസ്‌ലിം സമൂഹത്തിന്റെ കര്‍ക്കശവും വസ്‌തുനിഷ്‌ഠവുമായ സ്വയം വിലയിരുത്തലുകള്‍ പ്രശ്‌നപരിഹാരമാര്‍ഗത്തില്‍ പ്രധാനമാണ്.
മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായി മുസ്‌ലിം ജന്മിത്തം നിലനിന്നിരുന്ന സ്ഥലമാണിത്. ഈഴവര്‍ എന്ന് പൊതുവില്‍ കേരളത്തില്‍ അറിയപ്പെടുന്ന തിയ്യ വിഭാഗമായിരുന്നു അവിടത്തെ പ്രധാന അധഃസ്ഥിത വിഭാഗം. ഇതിന്റെ അനിവാര്യ സംഘര്‍ഷങ്ങളെ ഒരു സാമൂഹിക സ്ഥാപനമെന്ന നിലക്കുള്ള ജന്മിത്തത്തിന്റെ തകര്‍ച്ചക്ക് ശേഷവും പരിഹരിക്കാന്‍ ഇരു വിഭാഗത്തിനും കഴിഞ്ഞില്ല എന്നതാണ് നാദാപുരം പ്രശ്‌നത്തിന്റെ മര്‍മം. നാദാപുരത്തിന്റെ മതവും മതേതരത്വവും ഇതില്‍ ദയനീയമായി പരാജയപ്പെട്ടു. ഫ്യൂഡല്‍ കാലത്തിന്റെ മനസ്സും ശരീരവുമുള്ള മതവും രാഷ്‌ട്രീയവുമാണ് അവിടെ ഇടക്കിടെ പൊട്ടിത്തെറിക്കുന്നത്.
ഈഴവ സാമുദായികതയാണ് നാദാപുരത്തെ സി.പി.ഐ.എം. എന്നാല്‍ ആ ജനവിഭാഗത്തെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളര്‍ത്തുന്നതില്‍ സി.പി.എം ഏറെ പങ്കൊന്നും നിര്‍വഹിച്ചിട്ടില്ല. അവരെ എന്നും സമര വര്‍ഗമാക്കി നിലനിര്‍ത്തുന്നതിലായിരുന്നു പാര്‍ട്ടിക്ക് താല്‍പര്യം. യഥാര്‍ഥത്തില്‍ തെക്കന്‍ കേരളത്തില്‍ നടന്നതുപോലെ സമുദായ രൂപവത്‌കരണത്തിനും ശാക്തീകരണത്തിനും തിയ്യ സമൂഹത്തിനവസരം ലഭിച്ചിരുന്നെങ്കില്‍, മറ്റു പല പ്രദേശങ്ങളിലും ഉണ്ടായപോലെ ശാക്തീകരണ ശ്രമത്തെ മറ്റു സമുദായങ്ങളും പിന്തുണക്കുക കൂടി ചെയ്‌തിരുന്നെങ്കില്‍ ആ നാടിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. ജാതിയോട് ഒട്ടും സത്യസന്ധമല്ലാത്ത നിലപാട് സ്വീകരിക്കുകയും എന്നാല്‍ ജാതി ഏറ്റവും നിഷേധാത്മകമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഫലം. ശ്രീനാരായണീയ പ്രസ്ഥാനത്തെ വടക്കു ഭാഗത്ത് തടഞ്ഞുനിര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നാല്‍ അവരെ ആധുനികവത്‌കരിക്കാന്‍, ശാക്തീകരിക്കാന്‍ പാര്‍ട്ടി കാര്യമായി ഒന്നും ചെയ്‌തതുമില്ല.
ഗള്‍ഫ് വസന്തം മുസ്‌ലിം സമൂഹത്തെ ഒന്നുകൂടി ശക്തിപ്പെടുത്തി. മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ പിന്‍ബലവും സമുദായത്തിന് ലഭിച്ചു. ഗള്‍ഫ് പണമാണ് കേരള മുസ്‌ലിംകളുടെ ശ്രീനാരായണ ഗുരുവെന്ന് എഴുതിയത് ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവാണ്. പക്ഷേ, ഗള്‍ഫ് പണവും അവിടെ സാംസ്‌കാരികമായി ഗുണപരമായ സംഭാവനകള്‍ നല്‍കി എന്നു പറയാനാവില്ല. വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഗള്‍ഫിടമാണ് നാദാപുരം.
മതം നാദാപുരത്ത് പുഷ്‌ക്കലമാണ്. ഇന്നും ചായക്കടകളില്‍, അങ്ങാടിയില്‍ തുഹ്‌ഫയും ഉംദയും ഫത്‌ഹുല്‍ മുഈനും ഇബ്‌നു കസീറും ഖുര്‍തുബിയും ചര്‍ച്ച ചെയ്യുന്ന സ്ഥലം. വേഷത്തിലും ഭാവത്തിലും സാധാരണക്കാരെന്ന് തോന്നുന്ന ധാരാളം മത പണ്ഡിതന്മാരുള്ള നാട്. കേരളത്തിലെ സുന്നി മുജാഹിദ് വാദപ്രതിവാദത്തിന്റെ തുടക്കം 1932-ല്‍ നാദാപുരത്ത് വെച്ചായിരുന്നു. അതിന്നും കെട്ടടങ്ങാത്ത കൊടുങ്കാറ്റായി തുടരുകയാണ്. മതതര്‍ക്കത്തിന്റെ മഹാമേളകള്‍ മാത്രമല്ല, അതിന്റെ ഒരുപാട് സൂക്ഷ്‌മരൂപങ്ങളും നാദാപുരത്ത് കാണാന്‍ കഴിയും. രണ്ടാം പൊന്നാനി എന്ന അപരനാമത്തില്‍ പ്രശസ്‌തമാണ് നാദാപുരം.
ഈ മത സജീവത നാദാപുരത്തെ പൊട്ടിത്തെറികളില്‍ നിന്നും രക്ഷിക്കാത്തതെന്ത്? ജീവിതവുമായി ബന്ധമറ്റുപോയ ഒരു മതത്തിന്റെ അനുഷ്‌ഠാനങ്ങളെയും അതിന്റെ പ്രമാണങ്ങളെയും ചൊല്ലിയുള്ള ശബ്‌ദഘോഷങ്ങളാണിവയെല്ലാം. ഒരു ഫ്യൂഡല്‍ സമൂഹമായതുകൊണ്ടാവാം, ഒരു മമ്പുറം തങ്ങളോ ഉമര്‍ ഖാദിയോ മഖ്‌ദൂമോ നാദാപുരത്തുനിന്നുണ്ടാവാതെ പോയത്. വര്‍ഗീയതയെ പ്രതിരോധിക്കാനും ഫ്യൂഡലിസത്തെ നിര്‍വീര്യമാക്കാനും മുതലാളിത്ത പ്രവണതകളെ ചെറുത്തുതോല്‍പിക്കാനുമുള്ള അപാര ശേഷി ഇസ്‌ലാമിനുണ്ട്. മറിച്ച് മതത്തെ ഇതിനെല്ലാം അനുകൂലമായി വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. നാദാപുരത്ത് ഇപ്പോഴും സജീവമായി നടന്നുകൊണ്ടിരിക്കുന്ന ഖണ്ഡന മണ്ഡന പ്രഭാഷണങ്ങളൊന്നും അവിടത്തെ മേല്‍പറഞ്ഞ ഒരു പ്രശ്‌നത്തെയും അഭിമുഖീകരിക്കുന്നവയല്ല.
നാടുവാഴിത്തത്തിന്റെ കെട്ടുനാറലുകളോട് ഇടയാത്ത, അതിനെ ശുദ്ധിയാക്കാന്‍ ശ്രമിക്കാത്ത ഒരു മതത്തെ അവിടെ സജീവമായി കാണാം. ആദ്യഘട്ടത്തില്‍ കൂലി ചോദിച്ചതിനു വരെ കൊലപാതകങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. നമ്മുടെ മത ആക്‌ടിവിസത്തിന്റെ അന്തസ്സാര ശൂന്യതയുടെ പാഠപുസ്‌തകമാണ് നാദാപുരം എന്ന രണ്ടാം പൊന്നാനി. നമ്മുടെ നവോത്ഥാനം പോലും അനുഷ്‌ഠാന നവോത്ഥാനമായിരുന്നു. തൊഴിലെടുത്തവന് വിയര്‍പ്പ് വറ്റും മുമ്പ് കൂലി നല്‍കണമെന്ന തര്‍ക്കമില്ലാത്ത പ്രവാചക ചര്യ (സുന്നത്ത്) സമുദായത്തെ പഠിപ്പിക്കാന്‍ അവിടെ ആഴത്തില്‍ വേരുള്ള ഒരു സംഘടനയും ശ്രമിച്ചില്ല. അയല്‍വാസത്തിന് മതമില്ലെന്ന മതപാഠം അവിടത്തെ സംവാദ സമ്പന്നമായ മത ഉള്ളടക്കത്തിന്റെ ഭാഗമേയല്ല. നിങ്ങള്‍ പഴം തിന്നാല്‍ അയല്‍വാസിക്കത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ കുട്ടികള്‍ക്ക് പ്രയാസമാവുന്ന വിധത്തില്‍ അതിന്റെ തൊലി വെളിയില്‍ കളയരുത് എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, ഇവിടെ ആര്‍ഭാടവും പൊങ്ങച്ചവും സമുദായത്തിന്റെ സാംസ്‌കാരിക അടയാളങ്ങളാവുകയായിരുന്നു.
ഇവിടെയാണ് കെ. മൊയ്‌തു മൗലവി എന്ന മതപണ്ഡിതന്‍ ചരിത്രത്തിലെ വേറിട്ട അനുഭവമാവുന്നത്. ഒരു കലാപകാലത്തെ മത പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ``ഇസ്‌ലാമിക സംസ്‌കാരത്തിലെ പ്രപിതാക്കള്‍ രാത്രി ചിലന്തിവല തട്ടാത്തവരായിരുന്നു. കാരണം രാത്രി ചിലന്തിക്ക് പിന്നെ വേറെ വല നെയ്യാനാവില്ല. എന്നിട്ടാണ് നാമിപ്പോള്‍ ആളുകള്‍ ഭാര്യയും മക്കളുമായി കിടന്നുറങ്ങുന്ന വീടുകള്‍ക്ക് തീയിടുന്നത്. പുലയനും പറയനും രക്ഷാ മാര്‍ഗമായാണ് ദീനുല്‍ ഇസ്‌ലാം ഇവിടെ കടന്നുവന്നത്. എന്നിട്ട് നാമിപ്പോള്‍ ഇവിടെ സവര്‍ണരാവുകയാണ്...''
2001-ല്‍ അദ്ദേഹത്തിന്റെ വീടിന്റെ സമീപത്ത് തെരുവന്‍ പറമ്പില്‍ ഒരു മുസ്‌ലിം സ്‌ത്രീയെ സി.പി.എമ്മുകാര്‍ മാനഭംഗപ്പെടുത്തി എന്ന് മുസ്‌ലിം ലീഗും എന്‍.ഡി.എഫും വ്യാപകമായി പ്രചരിപ്പിച്ചു. മുസ്‌ലിം ലീഗ്-എന്‍.ഡി.എഫ് സംയുക്ത അഭ്യാസ പ്രകടനത്തിന്റെ ഭാഗമായി അതില്‍ പ്രതി എന്നാരോപിക്കപ്പെട്ട ബിനുവിനെ കല്ലാച്ചി അങ്ങാടിയില്‍ വെച്ച് വെട്ടിക്കൊന്നു. അത് സംഘര്‍ഷത്തെ ആളിക്കത്തിച്ചു. അത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചു. കുറ്റിയാടി മഹല്ല് പള്ളി ഖാദിയും ഖത്വീബുമായിരുന്ന മൊയ്‌തു മൗലവി മിമ്പറില്‍ വെച്ച് പ്രഖ്യാപിച്ചു: ``അവിടെ ഒരു മാനഭംഗം നടന്നിട്ടില്ല, അത് കെട്ടിച്ചമച്ച കഥയാണ്.''
അവിടെ നിലനില്‍ക്കുന്ന വര്‍ഗീയധ്രുവീകൃതാവസ്ഥയെ രാഷ്‌ട്രീയമായി മൂലധനവത്‌കരിക്കാനാണ് മുസ്‌ലിം ലീഗ് എക്കാലവും ശ്രമിച്ചത്. അത് പരിഹരിക്കാന്‍ മതപരമോ മതേതരമോ ആയ ഒരു സംസ്‌കരണവും ലീഗ് നടത്തിയിട്ടില്ല. എന്നല്ല, ആവശ്യമുള്ളപ്പോഴെല്ലാം അത് കത്തിച്ച് അതിന്റെ ചൂടില്‍ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ പാചകം ചെയ്യാന്‍ ലീഗ് ശ്രമിച്ചിട്ടുമുണ്ട്. ലീഗും പോപ്പുലര്‍ ഫ്രണ്ടും തിരിച്ചറിയാന്‍ പ്രയാസമുള്ള മിശ്രിതമാണ് നാദാപുരത്ത്. അത് വേര്‍തിരിയേണ്ട ആവശ്യം അവിടെയില്ല എന്നതാണ് കാര്യം. കേവല സമുദായ വികാരത്തിലാണ് രണ്ടു പേരും വേരുകള്‍ ആഴ്‌ത്തി നില്‍ക്കുന്നത്. ഏതെങ്കിലും പുസ്‌തകം വായിച്ചതുകൊണ്ടല്ല ആളുകള്‍ തീവ്രവാദികളാവുന്നത്. ഒരു പുസ്‌തകവും വായിക്കാത്തത് കൊണ്ടാണ്.
മുസ്‌ലിം ലീഗിന്റെ അവര്‍ഗീയത പ്രത്യേകിച്ചൊരു ചെലവുമില്ലാത്ത അവര്‍ഗീയതയാണ്. ഒരു മുതലുമില്ലാത്ത ആടയാഭരണം. ചരിത്രപരമായി തന്നെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് സ്വന്തം അണികളെ അവര്‍ഗീയരാക്കേണ്ട ഉത്തരവാദിത്വമൊന്നും അതിനില്ല. കേരളം കത്താതിരിക്കുന്നത് ലീഗുള്ളതുകൊണ്ടാണെന്നാണ് പ്രചാരണം. പക്ഷേ, നാദാപുരം കത്തുന്നത് ലീഗുള്ളതുകൊണ്ടാണ്. അക്രമ പ്രവര്‍ത്തനങ്ങളെ പുറമേ തള്ളിപ്പറയുകയും അകമേ വാരിപ്പുണരുകയും ചെയ്യുന്ന ഇരട്ട മുഖമാണ് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ അവര്‍ഗീയത അതിനു കിട്ടിയ ഒരു സമ്മാനമാണ്. മതത്തിന്റെ ആത്മാവും സമുദായത്തിന്റെ ന്യായമായ അവകാശങ്ങളും പൊതുബോധത്തിനു മുന്നില്‍ അടിയറ വെച്ചതിനു കിട്ടിയ ഒരു വ്യാജ സമ്മാനം. ലീഗ് കേരളത്തിലും അയിത്തവും തീണ്ടലും ഏറെ അനുഭവിച്ച രാഷ്‌ട്രീയ പ്രസ്ഥാനമാണ്. 1952ലെ മദ്രാസ് പ്രസിഡന്‍സിയിലെ രാജാജിയുടെ കോണ്‍ഗ്രസ് മന്ത്രിസഭക്ക് അധികാരത്തില്‍ വരണമെങ്കില്‍ ലീഗിന്റെ പിന്തുണ വേണമായിരുന്നു. ലീഗത് കൊടുക്കാന്‍ ഒരുക്കമായിരുന്നിട്ടും കോണ്‍ഗ്രസ് ചോദിക്കാന്‍ സന്നദ്ധമായില്ല. എന്നിട്ടവസാനം ചോദിക്കാതെ തന്നെ നിരുപാധികം ലീഗ് രാജാജി മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചു. ഏറെക്കാലം നിലനിന്ന ഈ അയിത്തത്തെ ലീഗ് മറികടന്നത് മതത്തിന്റെയും സമുദായത്തിന്റെയും ന്യായമായ എല്ലാ താല്‍പര്യങ്ങളെയും അടിയറവ് വെച്ചുകൊണ്ടാണ്. അങ്ങനെ നേടിയെടുത്ത `ഖാന്‍ ബഹദൂര്‍ പട്ടമാണ്'ലീഗിന്റെ അവര്‍ഗീയത.
``കേരളത്തിലെ മുസ്‌ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ് അതിവൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക് നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മാണാത്മകമായ ദിശകളിലേക്ക് തിരിച്ചുവിടുകയും ചെയ്‌തത് പാണക്കാട് തങ്ങന്മാരായിരുന്നു. അതേസയമം പി.ഡി.പി, ജമാഅത്തെ ഇസ്‌ലാമി, എന്‍.ഡി.എഫ് പോലുള്ള സംഘടനകള്‍ ഈ അതിവൈകാരികതയെ തീവ്രവര്‍ഗീയതയുടെ തീച്ചാലുകളിലേക്ക് നയിക്കാനാണ് അഹോരാത്രം ശ്രമിച്ചുപോന്നത്'' (കെ.എം ഷാജി, ചന്ദ്രിക ദിനപത്രം, 2011 ഫെബ്രുവരി 27).
യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ നിരന്തര അവകാശവാദത്തിന്, പത്രം പുറത്തിറങ്ങുന്നതിന്റെ തലേന്നു തന്നെ അഞ്ച് മുസ്‌ലിം ലീഗ് ശരീരങ്ങള്‍ സ്വന്തം സ്‌ഫോടക നിര്‍മാണശാലയില്‍ വെച്ച് പൊട്ടിത്തെറിച്ച് ഉഗ്ര ശബ്‌ദത്തോടെയും വെളിച്ചത്തോടെയും മറുപടി പറഞ്ഞു. യാഥാര്‍ഥ്യത്തെ പരിഹസിക്കുന്നതിനുമുണ്ടല്ലോ ഒരതിര്. ``പൗരബോധവും സമുദായ സ്‌നേഹവുമുള്ള ചെറുപ്പക്കാര്‍ക്ക് ചെയ്യാനുള്ളതെല്ലാം മുസ്‌ലിം ലീഗിന്റെ അകത്തു നിന്നുകൊണ്ടാണ്. പുറത്തുനിന്നുകൊണ്ടല്ല'' എന്നു പറഞ്ഞാണ് യൂത്ത് ലീഗ് അധ്യക്ഷന്‍ പ്രസ്‌തുത ലേഖനം അവസാനിപ്പിക്കുന്നത്.
അധാര്‍മികതയുടെ ചീഞ്ഞുനാറുന്ന അകവും അന്യര്‍ വ്യാജമായി നിര്‍മിച്ചു നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി ലീഗിന് ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകാനാവില്ല. സ്വയം ധാര്‍മികവത്‌കരിക്കാനും അതിന്റെ ഭാഗമായി അവര്‍ഗീയവത്‌കരിക്കാനും ലീഗ് ശ്രമിച്ചേ മതിയാവൂ. ജമാഅത്തെ ഇസ്‌ലാമിയുടെ ചെലവില്‍ എന്നും അവര്‍ഗീയരും മതേതരരുമായി നിലനിന്നുകളയാമെന്ന് ലീഗ് വ്യാമോഹിക്കരുത്. വാഷിംഗ്‌ടണില്‍ ചെറിയ ഇളക്കം സംഭവിച്ചാല്‍ തീരുന്നതാണ് ഈ സാഹചര്യം. അന്നും അവര്‍ഗീയതയുടെ ഉള്‍ക്കരുത്തോടെ നിലനില്‍ക്കാനുള്ള യഥാര്‍ഥ മാനവികത ലീഗ് വേറെത്തന്നെ ആര്‍ജിക്കേണ്ടിവരും. നേരം പുലരും. മാരണങ്ങള്‍ വഴിമാറും, വടി പാമ്പായല്ല വടിയായിത്തന്നെ കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടും. ആ പുലരിയിലും പകലിലും വര്‍ഗീയതയില്ലാത്തവരായി നിലനില്‍ക്കണമെന്ന് ലീഗിനാഗ്രഹമുണ്ടെങ്കില്‍ പണി തുടങ്ങാന്‍ സമയമായിരിക്കുന്നു. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ച് മുന്നോട്ട് പോവുന്നതായിരിക്കും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് നല്ലത്. ഹുസ്‌നി മുബാറക്കിന്റെ അജയ്യതക്ക് നാമിപ്പോള്‍ നില്‍ക്കുന്ന കാലത്തില്‍ നിന്നും ഒരുപാട് ദൂരമൊന്നുമുണ്ടായിരുന്നില്ലെന്നോര്‍ക്കണം.
ഇന്ത്യയില്‍ മുസ്‌ലിം സമൂഹം സായുധ നീക്കങ്ങള്‍ നടത്തുന്നതിന് നമ്മുടെ മത സംഘടനകളെല്ലാം എതിരാണ്. ആ എതിര്‍പ്പിന് ഖുര്‍ആന്റെയും സുന്നത്തിന്റെയും ആധികാരിക മത ഗ്രന്ഥങ്ങളുടെയും പിന്‍ബലം അവര്‍ ഹാജരാക്കാറുണ്ട്. പക്ഷേ സത്യത്തില്‍ ഇതില്‍ അധിക മതസംഘടനകളും എല്ലാ സായുധ നീക്കങ്ങള്‍ക്കും എതിരല്ല. പ്രത്യേകിച്ച് അത് നടത്തുന്നത് ഹിസ് മാസ്റ്റേഴ്‌സായ മുസ്‌ലിം ലീഗാണെങ്കില്‍. സായുധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശം ലീഗിനു മാത്രമാണ്, മറ്റൊരു ഗ്രൂപ്പിനുമതില്ല എന്നാണിവര്‍ കിതാബ് ഉദ്ധരിച്ച് പറയുന്നതിന്റെ ശരിയായ അര്‍ഥമെന്നു തോന്നുന്നു. ഇത്തരം മത സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് സമുദായം നന്നാവാത്തതിന്റെ കാരണം അവ സത്യസന്ധമല്ല എന്നതുകൊണ്ടാണ്. മതരാഷ്‌ട്രവാദത്തിനെതിരെ തീതുപ്പുന്ന, സായുധ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കുന്ന ഒരു പള്ളി മിമ്പറും -ജീവിതത്തിന്റെ പ്രതീക്ഷകളുടെ പടവുകളിലേക്ക് കാലെടുത്തുവെക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ അവിേവകത്തിന്റെ തീയീല്‍ ഇയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങിയിട്ടും- മിമ്പറിനു മുകളില്‍ വെച്ചോ തറയില്‍ വെച്ചോ ഒരക്ഷരം ഉരിയാടിയില്ല.
സമാധാനയോഗം എന്ന ഓയിന്‍മെന്റ് ചികിത്സ കൊണ്ട് തീരുന്നതല്ല നാദാപുരത്തെ പ്രശ്‌നം. നേതാക്കള്‍ എപ്പോഴും പരസ്‌പര ധാരണയില്‍ തന്നെയാണ്. ഈ സംഘര്‍ഷം പരിഹരിക്കപ്പെടാതിരിക്കല്‍ അവരുടെ രണ്ടു കൂട്ടരുടെയും ആവശ്യവും താല്‍പര്യവുമാണ്. പോലീസിന്റെ പോലും താല്‍പര്യമാണ്. നാദാപുരത്ത് പോസ്റ്റ്‌ചെയ്യപ്പെടുന്ന പോലീസുദ്യോഗസ്ഥന്മാര്‍ എത്ര പെട്ടെന്നാണ് സമ്പന്നരാവുന്നത്. നാദാപുരത്ത് ജോലി കിട്ടുന്നത് പോലീസുകാര്‍ക്ക് ഗള്‍ഫില്‍ പോവുന്നത് പോലെയാണ്. രാഷ്‌ട്രീയക്കാര്‍ നല്‍കുന്ന പ്രതിപ്പട്ടികക്ക് പകരം യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് തീരുമാനിച്ചാല്‍ നാദാപുരത്ത് പ്രത്യക്ഷ ആക്രമണങ്ങളെങ്കിലും ഉടനവസാനിക്കും. അക്രമം അവസാനിക്കാത്തത് അത് നിലനില്‍ക്കുക പലരുടെയും താല്‍പര്യമാണ് എന്നതുകൊണ്ടാണ്.
ഈ പ്രശ്‌നത്തിന് ആഴത്തില്‍ വേരുകളുണ്ട്. സത്യസന്ധമായ രോഗ നിര്‍ണയവും കാര്യക്ഷമമായ ചികിത്സയും പരിഹാരത്തിനാവശ്യമാണ്. ജീവിതത്തിന്റെ പല രംഗത്തുള്ളവരും അതില്‍ പങ്കുവഹിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പെന്ന മൂക്കിനപ്പുറം കാണാന്‍ കഴിവുള്ള രാഷ്‌ട്രീയക്കാര്‍, മതത്തിന്റെ മൂല്യങ്ങളില്‍ കാലൂന്നുന്ന മത പ്രവര്‍ത്തകര്‍, സത്യസന്ധരായ പോലീസുദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അക്കാദമീഷ്യന്മാര്‍, വ്യാപാരി വ്യവസായികള്‍, അമ്മമാര്‍, വിദ്യാര്‍ഥികള്‍, ക്ലബ്ബുകള്‍, പള്ളി-ക്ഷേത്ര കമ്മിറ്റികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പലരും പങ്കുവഹിക്കേണ്ട ഒരു ബൃഹത് സംരംഭമാണ് നാദാപുരത്തെ സമാധാനം. എന്തുവന്നാലും ബോംബ് ഒരു ജനതയുടെ സാംസ്‌കാരിക മുദ്രയാവാന്‍ പാടില്ലാത്തതുതന്നെയാണ്.