Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



പുതിയ അറബിക്കഥ
ടി.കെ.എം ഇഖ്‌ബാല്‍

അറബ്‌ ലോകത്ത്‌ പുതിയ ചരിത്രം പിറക്കുകയാണ്‌. മിഡിലീസ്റ്റും നോര്‍ത്ത്‌ ആഫ്രിക്കയും കുഴപ്പത്തിലേക്ക്‌ കൂപ്പുകുത്തുകയാണെന്ന്‌ പറയുന്നവരോട്‌ വിപ്ലവകാരികള്‍ക്ക്‌ ഒറ്റവാക്കില്‍ മറുപടിയുണ്ട്‌: `Enough is Enough' (ഞങ്ങള്‍ക്ക്‌ മതിയായി). തലമുറകളായി ഏകാധിപത്യത്തിന്റെയും കുടുംബവാഴ്‌ചയുടെയും നുകക്കീഴില്‍ ഞെരിഞ്ഞമരുന്ന ജനസമൂഹങ്ങള്‍ക്ക്‌ രണ്ടിലൊരു മാര്‍ഗമേയുള്ളൂ. ഒന്നുകില്‍ അന്തസ്സും ആത്മാഭിമാനവും പണയം വെച്ച്‌ എന്നെന്നും അടിമകളെപ്പോലെ കഴിഞ്ഞുകൂടുക. അല്ലെങ്കില്‍ വരുംവരായ്‌കകളെക്കുറിച്ചാലോചിക്കാതെ അസ്വാതന്ത്ര്യത്തിന്റെ തടവറ ഭേദിച്ച്‌ പുറത്ത്‌ കടക്കുക. ഭാവിയെക്കുറിച്ച സ്വപ്‌നങ്ങള്‍ വരെ നിഷേധിക്കപ്പെട്ട ഏതൊരു ജനതയും അവരുടെ നിലനില്‍പിന്റെ ഏതെങ്കിലുമൊരു സന്ധിയില്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തേ മതിയാവൂ. അത്തരം ഒരു ചരിത്ര സന്ധിയിലാണ്‌ അറബ്‌ ലോകം ഇന്ന്‌. അല്ലെങ്കില്‍ തുനീഷ്യയില്‍ വീണ ഒരു തീപ്പൊരി ഇത്ര പെട്ടെന്ന്‌ ഒരു കാട്ടുതീയായി ആളിപ്പടരുമായിരുന്നില്ലല്ലോ. ഒരു അറബിക്കഥ പോലെ നാടകീയവും അവിശ്വസനീയവുമായ സംഭവങ്ങളാണ്‌ ദിനേന ഇവിടെ ചുരുള്‍ നിവരുന്നത്‌.
ഇതെഴുതുമ്പോള്‍ അതിജീവനകലയില്‍ പേരുകേട്ട ലിബിയയിലെ മുഷ്‌കനായ ഏകാധിപതി കേണല്‍ ഖദ്ദാഫി ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌. ഉമര്‍ മുഖ്‌താറിന്റെ പിന്‍മുറക്കാര്‍ക്ക്‌ സ്വാതന്ത്ര്യത്തിലേക്ക്‌ ഇനിയും എത്ര ചോരപ്പുഴകള്‍ താണ്ടിക്കടക്കേണ്ടിവരും? ആളിപ്പടരുന്ന ജനരോഷത്തില്‍, യമനിലെ അലി അബ്‌ദുല്ലാ സ്വാലിഹിന്റെ സിംഹാസനം ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍, താരതമ്യേന സുരക്ഷിതമെന്ന്‌ കരുതപ്പെട്ടിരുന്ന ഗള്‍ഫ്‌ തീരങ്ങള്‍ വരെ എത്തിക്കഴിഞ്ഞു. കുടത്തിലകപ്പെട്ടു കഴിയുകയായിരുന്ന ഭൂതം പുറത്ത്‌ കടന്നിരിക്കുന്നു. ഇനിയും ഏതെല്ലാം തലകളാണ്‌ ഉരുളാനിരിക്കുന്നതെന്ന്‌ ഉറ്റുനോക്കുകയാണ്‌ ലോകം. ഏകാധിപതികള്‍ക്ക്‌ വേണ്ടി കണ്ണീരൊഴുക്കാന്‍ ഒരാളും തന്നെയില്ല. അറബ്‌ ലോകം ഒരു വലിയ തടവറയാണ്‌. ഇരുമ്പഴികള്‍ ഭേദിച്ച്‌ ജനം സ്വതന്ത്രരാവുമ്പോള്‍, അഴിമതിയുടെയും അടിച്ചമര്‍ത്തലിന്റെയും എന്തെല്ലാം കഥകളാണ്‌ അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത്‌!
ആഗോളീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ ജനകീയ വിപ്ലവങ്ങള്‍ക്ക്‌ ഇടമില്ല എന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ തെറ്റി. `സോഷ്യല്‍ മീഡിയ' എന്ന്‌ ഓമനപ്പേരിട്ട്‌ വിളിക്കുന്ന, കോര്‍പറേറ്റ്‌ മുതലാളിത്തത്തിന്റെ വിനോദ ആശയവിനിമയ മാധ്യമങ്ങളുപയോഗിച്ച്‌ തന്നെ, സാമ്രാജ്യത്വ കോര്‍പറേറ്റ്‌ താല്‍പര്യങ്ങളുടെ കാവല്‍ ഭടന്മാരായ ഏകാധിപത്യ ഭരണകൂടങ്ങളെ ജനങ്ങള്‍ കടപുഴക്കിയെറിയുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ചരിത്രത്തില്‍ നിന്നും പടിയിറക്കപ്പെട്ട ജനസമൂഹങ്ങള്‍ ചരിത്രത്തിന്റെ കര്‍ത്താക്കളായി മാറുന്ന അസുലഭ ദൃശ്യം.
വിപ്ലവകൊടുങ്കാറ്റ്‌ ഉയര്‍ത്തിവിട്ട ആവേശജ്വാലയോടൊപ്പം, വിപ്ലവത്തിന്റെ പരിണതിയെക്കുറിച്ച്‌ ആശങ്കകളും തീര്‍ത്തും നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. കാലങ്ങളായി ഏകാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന ജനസമൂഹങ്ങള്‍ക്ക്‌ ജനാധിപത്യത്തിലേക്കുള്ള പാത സുഗമമായിരിക്കുകയില്ല. സ്റ്റാറ്റസ്‌കോയുടെ സൂക്ഷിപ്പുകാര്‍ വ്യവസ്ഥിതിയുടെ ഓരോ കോണിലും അള്ളിപ്പിടിച്ചിരിപ്പുണ്ടാവും. വിപ്ലവത്തെ അട്ടിമറിക്കാനും ഒറ്റിക്കൊടുക്കാനുമുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ രൂപം കൊള്ളുന്നുണ്ടാവും. എല്ലാം കണ്ടും അറിഞ്ഞും ഇടപെട്ടും സാമ്രാജ്യത്വം സമീപത്തു തന്നെയുണ്ട്‌. വിപ്ലവ പാതയിലെ ചതിക്കുഴികളെക്കുറിച്ച്‌ ജനങ്ങള്‍ ബോധവാന്മാരാണെന്ന്‌ ഈജിപ്‌തിലും തുനീഷ്യയിലും ഇപ്പോഴും തുടരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നു. ഒന്നു തീര്‍ച്ച, അറബ്‌ ലോകം ഇനി ഒരിക്കലും പഴയതുപോലെ ആയിരിക്കുകയില്ല. ജനങ്ങള്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. നിതാന്തമായ ഭീതിയില്‍ നിന്ന്‌ അവര്‍ മോചനം നേടിയിരിക്കുന്നു.
തുനീഷ്യന്‍ തെരുവീഥികളില്‍, ചരിത്രമുറങ്ങുന്ന കയ്‌റോ നഗരിയിലെ പ്രാചീനമായ ഒരു ചത്വരത്തില്‍ ലോകം നോക്കിനില്‍ക്കെ ഒരു പുതിയ ചരിത്രം പിറവികൊണ്ടത്‌ അവിശ്വസനീയമായ കാഴ്‌ചയായിരുന്നു. വെറും പതിനെട്ട്‌ ദിവസങ്ങള്‍ കൊണ്ട്‌, അപ്രതിരോധ്യനെന്ന്‌ തോന്നിയ ഒരു ഏകാധിപതിയെ താഴെയിറക്കി, തഹ്‌രീര്‍ സ്‌ക്വയര്‍ ചരിത്രത്തിലേക്ക്‌ നടന്നുകയറിയത്‌ എങ്ങനെെയന്ന്‌ മിഡിലീസ്റ്റ്‌ വിശാരദന്മാര്‍ക്ക്‌ ഇനിയും വേണ്ടത്ര പിടികിട്ടിയിട്ടില്ല.
ഈജിപ്‌തിലും തുനീഷ്യയിലും നടന്നത്‌ ഒരു `ഫേസ്‌ബുക്ക്‌ റെവല്യൂഷനാ'ണെന്ന്‌ ലളിതവത്‌കരിക്കുന്നതും തെറ്റ്‌. വിപ്ലവത്തിന്റെ വേരുകള്‍ തെരയേണ്ടത്‌ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഘടകങ്ങളിലാണ്‌. അപ്പവും സ്വാതന്ത്ര്യവും ഒരേസമയം നിഷേധിക്കപ്പെട്ട ആള്‍ക്കൂട്ടങ്ങളുടെ അലമുറകളാണ്‌ നാമിപ്പോള്‍ കേള്‍ക്കുന്നത്‌. ഫേസ്‌ബുക്കും ട്വിറ്ററും മൊബൈല്‍ ഫോണും ഒരു നിയോഗമെന്നോണം വിപ്ലവത്തിന്റെ നാവുകളായി മാറുകയായിരുന്നു. ഭരണകൂട സേവ ദൗത്യമാക്കി മാറ്റിയ സ്റ്റേറ്റ്‌ മീഡിയയും നിക്ഷിപ്‌ത താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറിയ പരമ്പരാഗത മീഡിയയും സത്യത്തെ തമസ്‌കരിക്കുകയും യാഥാര്‍ഥ്യത്തിന്റെ മുഖം വികൃതമാക്കുകയും ചെയ്‌തപ്പോള്‍, നവമാധ്യമങ്ങള്‍ (ന്യൂ മീഡിയ) ജനങ്ങള്‍ക്ക്‌ ലോകത്തിലേക്ക്‌ ഒരു പുതിയ കവാടം തുറന്നുകൊടുത്തു. `സ്റ്റേറ്റ്‌ സെന്‍സര്‍ഷിപ്പി'ന്റെയും അത്രതന്നെ ജുഗുപ്‌സാവഹമായ `സെല്‍ഫ്‌ സെന്‍സര്‍ഷിപ്പിന്റെ'യും മതിലുകളില്ലാതെ സംഭവങ്ങളും വാര്‍ത്തകളും `ലൈവായി' ജനങ്ങളിലേക്ക്‌ കടന്നുചെന്നു. പരമ്പരാഗത ജേര്‍ണലിസത്തിന്‌ ജീര്‍ണത ബാധിച്ചുകൊണ്ടിരിക്കെ, മീഡിയ ഏറ്റവും വലിയ ഒരു കോര്‍പറേറ്റ്‌ സ്ഥാപനമായി പരണമിച്ചുകഴിഞ്ഞിരിക്കെ, `ജനകീയ ജേര്‍ണലിസം' ഒരു പുതിയ പരിവര്‍ത്തനശക്തിയായി ഉയര്‍ന്നുവരുന്നത്‌ നാം കാണുന്നു. ബി.ബി.സിയും സി.എന്‍.എന്നും ഫോക്‌സ്‌ ന്യൂസും തീരുമാനിക്കുന്നതല്ല ഇനി വാര്‍ത്ത. തുനീഷ്യയിലെയും ഈജിപ്‌തിലെയും യുവതീ യുവാക്കള്‍ ഇന്റര്‍നെറ്റില്‍ നിക്ഷേപിച്ച വാര്‍ത്തകളും ചിത്രങ്ങളും അല്‍ജസീറ ഒപ്പിയെടുത്ത്‌ ലോകത്തിന്‌ കൈമാറിയപ്പോള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ ആക്കം കൂടി. വ്യവസ്ഥാപിതമായ ഉന്മൂലന പ്രക്രിയയിലൂടെ ഹുസ്‌നി മുബാറക്കും ബിന്‍ അലിയും പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും നിര്‍വീര്യമാക്കിയപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന്‌ അദൃശ്യമായ ഒരു പുതിയ നേതൃത്വം ഉയര്‍ന്നുവന്നു. അക്കാദമിക ബുദ്ധിജീവികളുടെയും അമേരിക്കയുടെ ശമ്പളം പറ്റുന്ന അനേകം മിഡിലീസ്റ്റ്‌ തിങ്ക്‌ടാങ്കുകളുടെയും ഗവേഷണ പരിധിക്ക്‌ പുറത്തായിരുന്നു വിപ്ലവത്തിന്റെ ഈ പോസ്റ്റ്‌ മോഡേണ്‍ രീതിശാസ്‌ത്രം. പോസ്റ്റ്‌ മോഡേണ്‍ യുഗത്തില്‍ വിപ്ലവമേയില്ല എന്ന്‌ തെറ്റിദ്ധരിച്ചവര്‍ക്ക്‌ ഒരു പുതിയ തിരിച്ചറിവ്‌.
അറബ്‌ സമൂഹങ്ങള്‍ ജനാധിപത്യത്തിന്‌ പാകമായിട്ടില്ല എന്ന പല്ലവിയാണ്‌ ഇത്ര കാലവും നാം കേട്ടുകൊണ്ടിരുന്നത്‌. ജനാധിപത്യത്തിന്‌ വേണ്ടിയുള്ള ജനകീയ സമരത്തിന്റെ അമരക്കാരായി അറബികളെ ഇപ്പോള്‍ ലോകം വാഴ്‌ത്തുന്നു. വിപ്ലവത്തിന്റെ അലയൊലികള്‍, മെഡിറ്ററേനിയനും ഇന്ത്യാ സമുദ്രവും കടന്ന്‌ ചൈനയുടെ തീരത്തോളം ചെന്നെത്തിയിരിക്കുന്നു. സദ്ദാം ഹുസൈന്‍ എന്ന ഏകാധിപതിയെ താഴെയിറക്കാന്‍ ഒരു ലക്ഷം ഇറാഖികളെയാണ്‌ അമേരിക്ക കുരുതി കൊടുത്തത്‌. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ഒരു ഭൂപ്രദേശത്തെ ഛിന്നഭിന്നമാക്കിയ അമേരിക്കന്‍ അധിനിവേശത്തിന്റെ വില ഇറാഖികള്‍ ഇന്നും ഒടുക്കിക്കൊണ്ടിരിക്കുന്നു. ഒരു മുല്ലപ്പൂ ഇറുത്തെടുക്കുന്ന ലാഘവത്തോടെ ബിന്‍ അലിയെ പുറന്തള്ളിയ തുനീഷ്യന്‍ വിപ്ലവത്തെ ഇറാഖ്‌ അധിനിവേശവുമായി ഒന്ന്‌ താരതമ്യം ചെയ്‌തു നോക്കൂ. മുഹമ്മദ്‌ ബൂ അസീസി എന്ന ഹതാശനായ ഒരു ചെറുപ്പക്കാരന്റെ കത്തിച്ചാമ്പലായ ശരീരത്തില്‍നിന്ന്‌ പടര്‍ന്നുകയറിയ അറേബ്യന്‍ കൊടുങ്കാറ്റിന്റെ സവിശേഷത, അമേരിക്കയുടെയോ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയോ തിട്ടൂരങ്ങള്‍ക്ക്‌ ജനം കാത്ത്‌ നിന്നില്ല എന്നതാണ്‌. കാലിന്നടയില്‍ നിന്ന്‌ മണ്ണ്‌ ഇളകുന്നു എന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ്‌ അമേരിക്കയും യൂറോപ്പും വിപ്ലവത്തിന്‌ പിന്തുണയുമായെത്തിയത്‌. ഡിപ്ലോമസിയുടെ വിരസമായ പദാവലിയുപയോഗിച്ചാണ്‌ ഹിലരി ക്ലിന്റണ്‍ `ഈജിപ്‌ഷ്യന്‍ ജനതയുടെ ന്യായമായ ജനാധിപത്യാവകാശങ്ങള്‍'ക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌. ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ആയിരത്തില്‍ താഴെ വരുന്ന പ്രതിപക്ഷ പ്രക്ഷോഭകാരികളോട്‌ ക്ലിന്റണ്‍ പറഞ്ഞത്‌ `അമേരിക്കയുടെ ഹൃദയം നിങ്ങളുടെ കൂടെ തുടിക്കുന്നു' എന്നാണ്‌. ഖദ്ദാഫിയുടെ ലിബിയയിലെത്തിയപ്പോള്‍, വാക്കുകള്‍ക്ക്‌ മൂര്‍ച്ച കൂടിയത്‌ വിപ്ലവത്തെ ഹൈജാക്ക്‌ ചെയ്യാനുള്ള സ്‌ട്രാറ്റജിയുടെ ഭാഗമായി വേണം കാണാന്‍. സദ്ദാം ഹുസൈനും ഖദ്ദാഫിയും മുബാറക്കും ഹാഫിസ്‌ അസദും മിഡിലീസ്റ്റ്‌ എന്ന ചതുരംഗപ്പലകയിലെ സാമ്രാജ്യത്വത്തിന്റെ പലതരം കരുക്കള്‍ മാത്രമാണല്ലോ.
അമേരിക്കയുടെ ഇരട്ടമുഖം ജനാധിപത്യത്തോടുള്ള സമീപനത്തിലും കാണാം. അപരിഷ്‌കൃതരും മതയാഥാസ്ഥിതികരുമായ അറബികള്‍ ജനാധിപത്യം കൈകാര്യം ചെയ്യാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നായിരുന്നു അമേരിക്കയുടെ സുചിന്തിതമായ നിലപാട്‌. ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഇസ്രയേലിന്റെയത്രയും പക്വത ഇറാന്ന്‌ ഇല്ല എന്ന്‌ അമേരിക്ക കരുതുന്നത്‌ പോലെതന്നെ. `ജനാധിപത്യം കൊള്ളാം, പക്ഷേ ആരെ തെരഞ്ഞെടുക്കണം എന്ന്‌ കൂടി ഞങ്ങള്‍ പറഞ്ഞുതരും' എന്നാണ്‌ അറബികളുടെ ജനാധിപത്യാഭിലാഷങ്ങളോട്‌ അമേരിക്കയുടെയും യൂറോപ്പിന്റെയും പൊതുവായ നിലപാട്‌. അതുകൊണ്ടാണല്ലോ, തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിട്ടും അള്‍ജീരിയയില്‍ സാല്‍വേഷന്‍ ഫ്രണ്ടിനെയും ഫലസ്‌ത്വീനില്‍ ഹമാസിനെയും അധികാരത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ ഏകാധിപതികളുമായി ചേര്‍ന്ന്‌ പടിഞ്ഞാറ്‌ ഗൂഢാലോചന നെയ്‌തത്‌. അറബ്‌ ലോകത്ത്‌ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളേക്കാള്‍ അവര്‍ക്കെന്നും പഥ്യം രാജാക്കന്മാരെയും സ്വേഛാധിപതികളെയുമായിരുന്നു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ്‌ നടന്നാല്‍ മുസ്‌ലിം ബ്രദര്‍ ഹുഡിനെ പോലുള്ള ഇസ്‌ലാമിസ്റ്റ്‌ ഗ്രൂപ്പുകള്‍ അധികാരത്തില്‍ ഇടം കണ്ടെത്തുമോ എന്ന ആശങ്കയാണ്‌ ഇപ്പോഴത്തെ ജനകീയ കലാപങ്ങള്‍ക്കിടയിലും പടിഞ്ഞാറിനെ അലോസരപ്പെടുത്തുന്നത്‌.
അറബ്‌ ലോകത്ത്‌ എന്നെങ്കിലും ജനാധിപത്യം വരികയാണെങ്കില്‍ അതെങ്ങനെ വേണം എന്നതിനെക്കുറിച്ച്‌ അമേരിക്കക്ക്‌ സ്വന്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. സെക്യുലരിസ്റ്റുകള്‍, ലിബറലുകള്‍, മിതവാദികള്‍ എന്നിങ്ങനെ തങ്ങള്‍ക്ക്‌ അഭിമതരായ വിഭാഗങ്ങളില്‍നിന്ന്‌ ഒരു പുതിയ രാഷ്‌ട്രീയ നേതൃത്വം വളര്‍ത്തിക്കൊണ്ടുവരിക, വിദ്യാഭ്യാസ സമ്പ്രദായത്തെ മതേതരവത്‌കരിച്ച്‌ `ഇസ്‌ലാമിസ'ത്തിന്റെ വെല്ലുവിളി ശാശ്വതമായി ഇല്ലാതാക്കുക തുടങ്ങിയ പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക ഓഫീസ്‌ തന്നെ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ട്‌. അറബ്‌ നാടുകളെ മാത്രമല്ല, ഇതര മുസ്‌ലിം പ്രദേശങ്ങളെയും ഈ പദ്ധതികള്‍ ഉന്നം വെക്കുന്നു. പടിഞ്ഞാറിനോട്‌ വിധേയത്വം പുലര്‍ത്തുന്ന അറബ്‌, മുസ്‌ലിം ബുദ്ധിജീവികളെയും സംഘടനകളെയും കണ്ടെത്തി, അവര്‍ക്ക്‌ ധനസഹായം നല്‍കി, അവരിലൂടെ സ്വന്തം അജണ്ട നടപ്പാക്കുകയാണ്‌ അമേരിക്കയുടെ രീതി. യൂറോപ്യന്‍ യൂനിയനും ഈ പദ്ധതിയില്‍ പങ്കാളികളാണ്‌. ജനാധിപത്യ പരിപോഷണം, സ്‌ത്രീ ശാക്തീകരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയ ലേബലുകളില്‍ അരങ്ങേറുന്ന ഈ കലാപരിപാടി അത്ര വലിയ രഹസ്യമൊന്നുമല്ല. ഇതിന്റെ ഭാഗമായി തന്നെ `അല്‍ഹുര്‍റ' എന്ന ടെലിവിഷന്‍ ചാനലും `സാവാ' എന്ന റേഡിയോ സ്റ്റേഷനും അറബി ഭാഷയില്‍ അമേരിക്ക നടത്തുന്നുണ്ട്‌. ജനപ്രീതിയുടെ കാര്യത്തില്‍ രണ്ടും വട്ടപ്പൂജ്യമാണെന്നത്‌ വേറൊരു സത്യം. അമേരിക്കന്‍ ഫണ്ടിംഗിന്റെ ഗുണഭോക്താക്കളായ ഫെമിനിസ്റ്റ്‌, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ ഒരു ശൃംഖല തന്നെ അറബ്‌, മുസ്‌ലിം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. 9/11ന്‌ ശേഷം ജോര്‍ജ്‌. ഡബ്ല്യു. ബുഷ്‌ തുടങ്ങിവെച്ച `ഭീകരവിരുദ്ധ പോരാട്ട'ത്തിലെ കണ്ണികള്‍ കൂടിയായിരുന്നു ഇവര്‍. ജനാധിപത്യം, സ്‌ത്രീ സ്വാതന്ത്ര്യം, തീവ്രവാദം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയാണ്‌ ഇവരുടെ പ്രധാന ഹോബി. ഇങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്തവിധത്തില്‍ അറബ്‌ രാജ്യങ്ങളില്‍ ജനാധിപത്യം കൊണ്ടുവരാനുള്ള അമേരിക്കയുടെ പരിപാടി മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കെയാണ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വാങ്ങാതെ, ഒരു സുപ്രഭാതത്തില്‍ ജനം തെരുവിലിറങ്ങിയത്‌. ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിഡിലീസ്റ്റ്‌ ഉപദേശകന്മാര്‍ക്കും ഇത്‌ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയി. ജനകീയ വിപ്ലവത്തിന്‌ തടയിടാന്‍ വഴിയില്ലെന്നിരിക്കെ, വിപ്ലവത്തിന്റെ പരിണതി എങ്ങനെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാം എന്നതാണ്‌ ഇനിയുള്ള അജണ്ട. അതിന്‌ വേണ്ടിയുള്ള ഉപജാപങ്ങള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ, ഏകാധിപതികളും സാമ്രാജ്യശക്തികളും വരക്കുന്ന വരയിലല്ല ചരിത്രം എപ്പോഴും സഞ്ചരിക്കുന്നത്‌ എന്ന വലിയ പാഠമാണല്ലോ അറബ്‌ലോകത്തെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നല്‍കുന്നത്‌. ചരിത്രത്തിന്റെ അരികുകളിലേക്ക്‌ മാറ്റിനിര്‍ത്തപ്പെട്ട ഒരു ജനത അവരുടെ ചിത്രവും ചരിത്രവും സ്വയം മാറ്റിവരക്കുകയാണിവിടെ.
[email protected]

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly