പരിശുദ്ധ വാക്യത്തിന്റെ പൊരുള്‍
തന്‍വീര്‍
ഇലാഹ് അഥവാ സാക്ഷാല്‍ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതന്‍ ആകുന്നു (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്). ഇതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആദര്‍ശം. ലോകത്തെ മുഴുവന്‍ ഇസ്ലാമിക സംഘടനകളുടെയും ആദര്‍ശം ഇതുതന്നെയായിരിക്കും. ഓരോ മുസ്ലിമിന്റെയും ആദര്‍ശം ഇതുതന്നെയാവണമല്ലോ. കാരണം, ഈ ആദര്‍ശം അംഗീകരിച്ചവനെ മാത്രമേ മുസ്ലിം എന്ന് പറയാന്‍ നിവൃത്തിയുള്ളൂ.
പിന്നെ എന്തിനാണ് ജമാഅത്തെ ഇസ്ലാമി ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ ഈ ആദര്‍ശ വാക്യം വിശദീകരണസഹിതം എഴുതിവെച്ചത്? ഒരാളെ മുസ്ലിമായിരിക്കാന്‍ അര്‍ഹനാക്കുന്ന ഒരു വാക്യത്തെ പിന്നെയും എടുത്ത് പറയുന്നതെന്തിന്? എന്നു മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയിലേക്ക് കടന്നുവരുന്ന സമയത്ത് ഒരാള്‍ ഈ വാക്യം വീണ്ടും ഉച്ചരിക്കണമെന്ന് കൂടി പറഞ്ഞിരിക്കുന്നു. സംഘടനയിലേക്ക് കടന്നുവരുന്നതിന് മുമ്പ് ഇയാള്‍ മുസ്ലിമായിരുന്നില്ല എന്നല്ലേ അതിന്റെ അര്‍ഥം? അപ്പോള്‍ ഈ സംഘടനയിലേക്ക് കടന്നുവരാത്തവരൊന്നും യഥാര്‍ഥ വിശ്വാസികളല്ലേ? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളും സംശയങ്ങളും ഇതേക്കുറിച്ച് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴും ചില മത സ്റേജുകളില്‍ ജമാഅത്തെ ഇസ്ലാമിയെ അടിക്കാനുള്ള വടിയായി ഈ പരാമര്‍ശങ്ങളെ ഉപയോഗിക്കാറുണ്ട്.
എന്താണ് യാഥാര്‍ഥ്യം? ഇതിനെക്കുറിച്ച സംശയങ്ങളെല്ലാം തന്നെ മൌലാനാ മൌദൂദി രൂപവത്കരണ സമ്മേളനത്തില്‍ വെച്ച് ദൂരീകരിച്ചതാണ്. അദ്ദേഹം പറഞ്ഞു: "ജമാഅത്തില്‍ വരുന്ന ഒരാള്‍ പരിശുദ്ധ വാക്യം ഒന്നുകൂടി ഉച്ചരിക്കണമെന്ന് പറയുന്നത്, താന്‍ ഏറ്റെടുത്തിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്വത്തെപ്പറ്റി അയാളെ ഒന്നുകൂടി ഉണര്‍ത്താന്‍ വേണ്ടിയാണ്. അതിന്റെ അര്‍ഥം, അയാള്‍ ഇതുവരെ അമുസ്ലിമായിരുന്നുവെന്നോ ഇപ്പോള്‍ ആദ്യമായി മുസ്ലിമാവുകയാണെന്നോ എന്നൊന്നുമല്ല. മറിച്ച് അല്ലാഹുവിനും അയാള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന ഉടമ്പടി ഒന്നുകൂടി പുതുക്കുക എന്നതാണ്; ആ ഉടമ്പടി നിഷ്കളങ്കവും സുശക്തവുമാക്കിത്തീര്‍ക്കുക എന്നതാണ്. പരിശുദ്ധ വാക്യം ചൊല്ലുമ്പോള്‍ ഈ മനുഷ്യന്റെ മനസ്സിലുണ്ടാകേണ്ട വികാരം ഇതായിരിക്കണം: 'ഞാനിതാ എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. വളരെ ഉത്തരവാദിത്വത്തോടുകൂടിയായിരിക്കും ഇനിയുള്ള എന്റെ ജീവിതം. കൃത്യമായ ലക്ഷ്യബോധത്തോടെയാവും എന്റെ പ്രവര്‍ത്തനങ്ങള്‍, എന്റെ ത്യാഗ പരിശ്രമങ്ങള്‍ മുഴുവന്‍ ആ ലക്ഷ്യസാധ്യത്തിന് വേണ്ടിയായിരിക്കും ഞാന്‍ വിനിയോഗിക്കുക. അല്ലാഹുവേ, നീയതിന് സാക്ഷി. സത്യവിശ്വാസികളെ മുന്‍നിര്‍ത്തിയും ഞാനിക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.' ഇങ്ങനെയൊരു പുതു ഉണര്‍വ് ഉണ്ടാകണം പരിശുദ്ധ വാക്യം ഉച്ചരിക്കുമ്പോള്‍.''
നമസ്കാരത്തിലും അല്ലാതെയും ഒരു മുസ്ലിം ഒരു ദിവസംതന്നെ പലതവണ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന് ഉച്ചരിക്കുന്നുണ്ട്. പക്ഷേ ഈ വചനം ഉച്ചരിക്കുമ്പോള്‍ ഒരാളുടെ ജീവിതത്തിലും അതുവഴി കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലുമെല്ലാം ഉണ്ടായിത്തീരുന്ന വമ്പിച്ച മാറ്റങ്ങള്‍ നാമെവിടെയും കാണുന്നില്ല. ഈ പരിശുദ്ധ വാക്യമുച്ചരിച്ചാല്‍ അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടുമെന്നാണല്ലോ നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചത്. പക്ഷേ, മാറ്റങ്ങള്‍ ചെറിയ തോതില്‍ പോലും ഉണ്ടാകുന്നില്ല. അതിന് കാരണമെന്ത്?
ഈ ആദര്‍ശവാക്യത്തെ അതിന്റെ വിശാലമായ അര്‍ഥത്തോടും പൊരുളോടും കൂടി നാം മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല എന്നത് തന്നെ. പുണ്യത്തിന് വേണ്ടി അത് ഉരുവിട്ടുകൊണ്ടിരിക്കുക എന്നതാണ് പരമ്പരാഗത രീതി. അതിനപ്പുറം ഈ ആദര്‍ശവാക്യത്തെ അതിന്റെ മുഴുവന്‍ ആശയ വിശാലതകളോടും കൂടി ഉള്‍ക്കൊള്ളണം എന്നാണ് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുന്നത്. അപ്പോള്‍ ഇതിലെ ഓരോ വാക്കും ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നാം പഠിക്കേണ്ടിവരും. പഠിച്ചേ തീരൂ. കാരണം ഇസ്ലാം ഒരു മഹാ വൃക്ഷമാണെങ്കില്‍ അതിന്റെ വിത്താണ് ഈ ആദര്‍ശവാക്യം. വൃക്ഷം എത്ര പടര്‍ന്ന് പന്തലിച്ചാലും വിത്തില്ലെങ്കില്‍ വൃക്ഷം ഇല്ല. വിത്തിന്റെ ഗുണങ്ങള്‍ മാത്രമാണ് മരത്തില്‍ പ്രതിഫലിച്ച് കാണുന്നത്.
ആദര്‍ശവാക്യത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, അല്ലാഹു അല്ലാതെ ദൈവം ഇല്ല. രണ്ട്, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാകുന്നു. ഇതേക്കുറിച്ച് നിരവധി കൃതികള്‍ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. വളരെ സംക്ഷിപ്തമായി ചില സൂചനകള്‍ നല്‍കാന്‍ മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ആദ്യം ആദര്‍ശവാക്യത്തിന്റെ ഒന്നാം ഭാഗത്തെക്കുറിച്ച്.
അല്ലാഹുവാണ് ഏകനായ ദൈവം, ഇലാഹ്. അവനല്ലാതെ മനുഷ്യന്‍ സങ്കല്‍പിക്കുന്ന ദൈവങ്ങളൊക്കെയും വ്യാജമാണ്. അല്ലാഹുവിന്റെ തന്നെ സൃഷ്ടികളെ ദിവ്യത്വത്തില്‍ പങ്കാളികളായി സങ്കല്‍പിക്കുകയാണ്. മനുഷ്യന്റെ ദൌര്‍ബല്യവും കഴിവുകേടും ആശ്രിതാവസ്ഥയുമൊക്കെ മനുഷ്യനെ ദൈവസങ്കല്‍പത്തില്‍ എത്തിക്കുന്നു. പരിഷ്കൃത സമൂഹമാവട്ടെ, പ്രാകൃത സമൂഹമാവട്ടെ അവയിലൊക്കെ ഏതെങ്കിലും തരത്തിലുള്ള ദൈവസങ്കല്‍പം നിലനിന്നതായി നമുക്ക് കാണാന്‍ കഴിയും. ദൈവബോധമുള്ള ജീവി എന്നു പോലും മനുഷ്യനെ നിര്‍വചിക്കാനാവും.
പക്ഷേ, മനുഷ്യന്‍ പുലര്‍ത്തിപ്പോന്ന ഒട്ടുമിക്ക ദൈവസങ്കല്‍പങ്ങളും പരമാബദ്ധമായിരുന്നു. കാറ്റും മഴയും ഇടിയുമൊക്കെ തന്നേക്കാള്‍ എത്രയോ ഇരട്ടി ശക്തിയുള്ള പ്രതിഭാസങ്ങളാണല്ലോ, എങ്കില്‍ അവ ദൈവങ്ങളായിരിക്കുമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. മറ്റു ചിലര്‍ അത്തരം പ്രതിഭാസങ്ങള്‍ക്ക് വെവ്വേറെ ദൈവങ്ങളെ സങ്കല്‍പിച്ചു. ചിന്തിക്കുംതോറും മനുഷ്യന് പല ദൈവങ്ങള്‍ ഇല്ലെന്നും അജയ്യനായ ഒരു ഏക ദൈവത്തിന്റെ നിയന്ത്രണത്തിലാണ് സകല കാര്യങ്ങളുമെന്നും ബോധ്യപ്പെട്ടു. അപ്പോഴും മനുഷ്യരൂപത്തില്‍ ദൈവം ഭൂമിയില്‍ അവതരിക്കുമെന്നും ദൈവത്തിന് പുത്രകളത്രാദികള്‍ ഉണ്ടാകുമെന്നുമൊക്കെ അവന്‍ വെറുതെ സങ്കല്‍പിച്ചു.
ഈ മിഥ്യധാരണകളെയൊക്കെ തകര്‍ക്കുന്നതാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഏകദൈവ ദര്‍ശനം. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു മനുഷ്യരുടെയും മുഴുവന്‍ ജീവിവര്‍ഗങ്ങളുടെയും പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനുമാണ്. ഇവിടെയുള്ള സകല പ്രകൃതി പ്രതിഭാസങ്ങളും വളരെ കൃത്യമായി സംഭവിച്ചുകൊണ്ടിരിക്കുന്നത് അവന്‍ നിശ്ചയിച്ച പ്രാപഞ്ചിക നിയമവ്യവസ്ഥ പ്രകാരമാണ്. ഒരു ശക്തിക്കും അതില്‍ യാതൊരു വിധ പങ്കാളിത്തവുമില്ല. മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഭൂമുഖത്ത് ചെയ്തു വെച്ചത് ആ ഏകദൈവമാണ്.
എങ്കില്‍ പിന്നെ ഈ മനുഷ്യന്റെ കീഴ്വണക്കവും അനുസരണയും ആരാധനയുമൊക്കെ ആരോടായിരിക്കണം? ഖുര്‍ആന്‍ ആ ചോദ്യത്തിന് നല്‍കുന്ന അസന്ദിഗ്ധ മറുപടി, അല്ലാഹുവോട് മാത്രം എന്നാണ്. അതായത് മനുഷ്യന്‍ സര്‍വസ്വവും അല്ലാഹുവിന് സമര്‍പ്പിക്കുക. മനുഷ്യന്റെ ജൈവ ഘടനയത്രയും പ്രവര്‍ത്തിക്കുന്നത് ദൈവം നിശ്ചയിച്ച പ്രകൃതി നിയമമനുസരിച്ചാണ്. കണ്ണ് കൊണ്ട് കാണുക, ചെവി കൊണ്ട് കേള്‍ക്കുക, കാലു കൊണ്ട് നടക്കുക ഇതൊന്നും നാം നമുക്ക് വേണ്ടി ഉണ്ടാക്കിയ സംവിധാനങ്ങളല്ല. നേരത്തെ അല്ലാഹു നിശ്ചയിച്ചതും സംവിധാനിച്ചതുമാണവ. ആ വ്യവസ്ഥയനുസരിച്ച് ചലിക്കാന്‍ നാം നിര്‍ബന്ധിതരാണ്. പിന്നെ മനുഷ്യന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രം നല്‍കിയിട്ടുള്ളത് അവന്റെ സാന്മാര്‍ഗിക ജീവിതത്തിലാണ്. അവന് നല്ല വഴി തെരഞ്ഞെടുക്കാം, ചീത്ത വഴിയും തെരഞ്ഞെടുക്കാം. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയം ഇതാണ്: മനുഷ്യന്‍ ജൈവികമായി അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കൊത്ത് ചലിക്കുന്നത് പോലെ, തെരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമുള്ള ജീവിതത്തിന്റെ മേഖലയിലും ദൈവത്തിന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കണം. ആ മാര്‍ഗദര്‍ശനമാണ് വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്നത്. അല്ലാഹുവിന് പരിപൂര്‍ണവിധേയനായി മനുഷ്യന്‍ ജീവിക്കുക എന്നതാണ് ആ മാര്‍ഗദര്‍ശനം സ്വന്തമാക്കാനുള്ള വഴി. ദൈവത്തിനുള്ള ഈ സമ്പൂര്‍ണ സമര്‍പ്പണത്തിന് ഖുര്‍ആന്‍ പ്രയോഗിച്ച വാക്ക് 'ഇബാദത്ത്' എന്നാണ്. കേവലം ആരാധന എന്ന് മാത്രമല്ല അതിന്റെ അര്‍ഥം. അനുസരണവും കീഴ്വണക്കവുമൊക്കെ അതിന്റെ പരിധിയില്‍ വരും.
ഈയൊരു ദൈവസങ്കല്‍പത്തിലേക്ക് മനുഷ്യന്‍ വന്നു കഴിഞ്ഞാല്‍ അവന്റെ മേല്‍ നിര്‍ബന്ധമായിത്തീരുന്ന ചില കാര്യങ്ങളുണ്ട്. അതേക്കുറിച്ച് പിന്നീട്.
(തുടരും)