ജനകീയ വിചാരണ നേരിടുന്ന മതകീയ സമവാക്യങ്ങള്‍
ഈജിപ്തിലെ ജനുവരി 25 വിപ്ളവം പാരമ്പര്യ മതസ്ഥാപനങ്ങളെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. അവയുടെ ജനകീയ വിചാരണയും ആരംഭിച്ചു കഴിഞ്ഞു. കോപ്റ്റിക് ചര്‍ച്ചാണ് പ്രതിസ്ഥാനത്തുള്ള ഒരു സ്ഥാപനം; പ്രത്യേകിച്ച് ചര്‍ച്ച് മേധാവി പോപ് ശനൂദ. ഹുസ്നി മുബാറക്കുമായുള്ള ഇദ്ദേഹത്തിന്റെ അടുപ്പം മുമ്പേ വിമര്‍ശിക്കപ്പെട്ടതാണ്. ശനൂദയുടെ വിലക്ക് കാറ്റില്‍ പറത്തിയാണ് പതിനായിരക്കണക്കിന് കോപ്റ്റിക് യുവാക്കള്‍ തഹ്രീര്‍ ചത്വരത്തില്‍ ഒഴുകിയെത്തിയത്. ചര്‍ച്ചിന്റെ അധ്യക്ഷസ്ഥാനത്ത്നിന്ന് ശനൂദയും കൂട്ടാളികളും മാറിനില്‍ക്കണമെന്നും ശനൂദയെ എതിര്‍ത്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട പുരോഹിതന്മാരെ തിരിച്ചെടുക്കണമെന്നും, അല്ലാത്ത പക്ഷം പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കമിടുമെന്നും കോപ്റ്റിക് ഐക്യമുന്നണി എന്ന പേരില്‍ സംഘടിച്ച ഈ യുവാക്കള്‍ മുന്നറിയിപ്പ് നല്‍കി. ശനൂദയുടെ അക്കൌണ്ടിലുള്ള ഒരു ബില്യന്‍ ഡോളര്‍ എവിടെ നിന്നു കിട്ടി എന്നും അവര്‍ ചോദിക്കുന്നു.
ചരിത്രത്തില്‍ നിരവധി വിമോചനപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അല്‍ അസ്ഹര്‍ സര്‍വകലാശാലയാണ് ജനകീയ വിചാരണ നേരിടുന്ന മറ്റൊരു സ്ഥാപനം. അതിന്റെ റെക്ടര്‍ അഹ്മദ് ത്വയ്യിബ് കടുത്ത മുബാറക് അനുകൂലിയായിട്ടാണ് മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം വലിയൊരു വിഭാഗം അസ്ഹര്‍ പണ്ഡിതന്മാരും പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്നു. ഗവണ്‍മെന്റ് നോമിനിയായ അഹ്മദ് ത്വയ്യിബ് രാജിവെക്കണമെന്നും റെക്ടറെ തെരഞ്ഞെടുക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്നും ഭരണകൂട നിയന്ത്രണങ്ങളില്‍നിന്ന് അതിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അസ്ഹര്‍ കാമ്പസിലും വന്‍പ്രകടനങ്ങള്‍ നടന്നു.
ഈജിപ്തിലെ സലഫി പ്രസ്ഥാനങ്ങളെയും ജനുവരി 25 വിപ്ളവം കടുത്ത പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്നു. തീവ്രവാദവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് സലഫി പ്രസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് മുബാറക് ഭരണകൂടം സ്വീകരിച്ചിരുന്നത്. മിക്ക സലഫി ചാനലുകളും മുബാറക് പൂട്ടിച്ചു. പക്ഷേ, മുബാറകിന്റെ അവസാനനാളുകളില്‍ അയാളെ ശക്തമായി പിന്തുണച്ച് ഔദ്യോഗിക ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട അധിക പണ്ഡിത മുഖങ്ങളും സലഫികളുടേതായിരുന്നു എന്നതാണ് വിചിത്രം. ഏറ്റവുമൊടുവില്‍ അലക്സാണ്ട്റിയയിലെ ചര്‍ച്ച് സ്ഫോടനത്തില്‍ പിടിക്കപ്പെട്ടവരധികവും സലഫികളായിരുന്നു. ഇവരിലൊരാള്‍ പോലീസ് പീഡനത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, അലക്സാണ്ട്റിയയിലെ സലഫികള്‍ പോലും മുബാറകിനെ പിന്തുണക്കുന്നതാണ് കണ്ടത്.
ബുഹൈറ പ്രവിശ്യയിലെ അന്‍സ്വാറുസ്സുന്നഃ എന്ന സലഫി സംഘടനയുടെ നേതാവ് മഹ്മൂദ് ആമിര്‍, ഹുസ്നി മുബാറകിനെതിരെ രംഗത്ത് വന്ന മുന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബറാദഇക്കെതിരെ ഇറക്കിയ ഫത്വയും വന്‍ വിവാദമായിരുന്നു. 'ഫിത്നക്കിറങ്ങിയ ബറാദഇയെ അക്കാരണത്താല്‍ തന്നെ കൊല്ലുന്നതിനോ ജയിലിലിടുന്നതിനോ തെറ്റില്ല' എന്നായിരുന്നു ഫത്വ! ഹുസ്നി മുബാറകിനെതിരെ മത്സരിക്കുന്നത് പോലും ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണെന്ന് 2006ല്‍ ഫത്വ നല്‍കിയതും ഇദ്ദേഹം തന്നെ. മാറിയ സാഹചര്യത്തില്‍ വലിയൊരു ഊരാക്കുടുക്കിലാണ് ഈജിപ്തിലെ സലഫി പ്രസ്ഥാനം ചെന്നു പെട്ടിരിക്കുന്നത്.
വിപ്ളവത്തെ വളരെ ആസൂത്രിതമായി വിജയത്തിലെത്തിച്ചിട്ടും 40 രക്തസാക്ഷികളെ സംഭാവന ചെയ്തിട്ടും മുഖ്യപ്രതിപക്ഷമായ ഇഖ്വാനിലെ ഒരു വിഭാഗം ചെറുപ്പക്കാര്‍ അസംതൃപ്തരാണെന്നാണ് മീഡിയാ റിപ്പോര്‍ട്ട്. മാര്‍ച്ച് 17-ന് മുപ്പതിനായിരം ഇഖ്വാനി ചെറുപ്പക്കാര്‍ ഇഖ്വാന്‍ ഓഫീസിന് മുമ്പില്‍ പ്രകടനം നടത്തുമെന്ന് ഫെയ്സ് ബുക്കില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് മറുകുറിപ്പും ഫെയ്സ്ബുക്കില്‍ തന്നെ പ്രചരിക്കുന്നുണ്ട്. ഇഖ്വാന്റെ സംഘടനാ ചട്ടക്കൂട് അഴിച്ച് പണിയണമെന്നും അയവുള്ള സമീപനം സ്വീകരിച്ച് വികേന്ദ്രീകരണം നടപ്പാക്കണമെന്നുമാണ് അവരുടെ ആവശ്യം. ഏഴര ലക്ഷത്തിലധികം അംഗങ്ങളുള്ള സുശിക്ഷിത പാര്‍ട്ടിയായ ഇഖ്വാനെതിരെ പാളയത്തില്‍ പട ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം കാലഹരണപ്പെട്ട സംഘടനാ സംവിധാനങ്ങളും നിലപാടുകളും മാറ്റാതെ ഇഖ്വാന് മുന്നോട്ട് പോകാനുമാവില്ല.
'ഏറ്റവും മികച്ചത് ഗസ്സ മോഡല്‍'
ഈജിപ്ഷ്യന്‍ ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. റഫീഖ് ഹബീബ്. കോപ്റ്റിക് ക്രിസ്ത്യന്‍ വംശജന്‍. ക്രൈസ്തവ പുരോഹിതന്മാരുടെ നിലപാടുകളെ അദ്ദേഹം നിശിതമായി വിമര്‍ശിക്കാറുണ്ട്; ഇസ്ലാമിസ്റുകളെയും മതേതര സ്ഥാപനങ്ങളെയും വിമര്‍ശിക്കാറുള്ളത് പോലെ തന്നെ. പതിറ്റാണ്ടുകളായി അള്ളിപ്പിടിച്ച് നിന്നിരുന്ന അറബ് സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ ഓരോന്നായി നിലംപൊത്തുന്ന പശ്ചാത്തലത്തില്‍, ഒരു ബദല്‍ ഭരണക്രമം സമര്‍പ്പിക്കാനാവുക ഇസ്ലാമിസ്റുകള്‍ക്കാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫലസ്ത്വീന്‍ ഓണ്‍ലൈനിന് (ംംം.ളലഹലലെേലി.ു) നല്‍കിയ അഭിമുഖത്തില്‍, ഇസ്ലാമിക് ബദലിന്റെ ഒരു മോഡല്‍ അദ്ദേഹം വരച്ചു കാണിക്കുന്നുണ്ട്. ഇടത്പക്ഷത്തിനോ സോഷ്യലിസ്റുകള്‍ക്കോ ലിബറല്‍ മതേതര വാദികള്‍ക്കോ ഒരു ബദല്‍ സമര്‍പ്പണം സാധ്യമല്ലെന്നും അദ്ദേഹം കരുതുന്നു.
ശരീഅത്ത്, പാശ്ചാത്യനാടുകളില്‍നിന്ന് ഇറക്കുമതി ചെയ്തവ, പണ്ടേക്കുംപണ്ടേ നടപ്പുള്ളവ ഇങ്ങനെ മൂന്ന്തരം നിയമങ്ങളുണ്ട് ഓരോ അറബ് നാട്ടിലും. ഇവ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ഇസ്ലാമിസ്റുകള്‍ക്ക് കഴിയണം. ഒറ്റയടിക്ക് ഇസ്ലാമിക നിയമം എന്ന് പറഞ്ഞാല്‍ പല വൈരുധ്യങ്ങളിലും വൈതരണികളിലും ചെന്നുചാടും. ഇസ്ലാമിന് സ്വന്തവും സ്വതന്ത്രവുമായ ഒരു രാഷ്ട്രവിഭാവനയുണ്ട്. സ്വാതന്ത്യ്രം, നീതി, പാരമ്പര്യമൂല്യങ്ങള്‍ എന്നീ മൂന്ന് അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ആ വിഭാവനക്ക് മൂര്‍ത്തരൂപം നല്‍കുകയാണ് ഇസ്ലാമിസ്റുകള്‍ ചെയ്യേണ്ടത്.
പട്ടാളവിപ്ളവമോ അട്ടിമറിയോ ഭരണമാറ്റത്തിനുള്ള വഴികളേ അല്ല. ഇസ്ലാമിസ്റുകള്‍ നടത്തിയാലും അല്ലാത്തവര്‍ നടത്തിയാലും സായുധ അട്ടിമറികള്‍ ജനതയുടെ അഭിലാഷം പ്രതിഫലിപ്പിക്കുന്നില്ല. ആ ഭരണക്രമം കാലം ചെല്ലുമ്പോള്‍ തുടച്ച് നീക്കപ്പെടും. ഈജിപ്തില്‍ ജമാല്‍ അബ്ദുന്നാസിറിന്റെ നേതൃത്വത്തില്‍ ഫ്രീ ഓഫീസേഴ്സ് നടത്തിയ വിപ്ളവം ഒടുവില്‍ സര്‍വാധിപത്യ ഭരണക്രമമായി അധഃപതിക്കുകയാണുണ്ടായത്. അതിനാല്‍ അഫ്ഗാനിലെയും സുഡാനിലെയും 'ഇസ്ലാമിക' മാതൃകകള്‍ അനുകരിക്കപ്പെടേണ്ടവയല്ല.
തുര്‍ക്കിയിലെ ഇസ്ലാമിക മോഡല്‍, സെക്യുലര്‍ മോഡലിന്റെ വന്യമായ പരാക്രമങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണ്. വ്യവസ്ഥയെ അട്ടിമറിക്കാതെ ഉള്ളില്‍നിന്ന് കൊണ്ട് കാലക്രമത്തില്‍ അതിനെ പരിഷ്കരിക്കാനാണ് അവിടത്തെ ഇസ്ലാമിസ്റുകള്‍ ശ്രമിക്കുന്നത്. ആ ശ്രമം പരാജയപ്പെടാം, വിജയിക്കാം. എന്തൊക്കെയായാലും ആ മോഡലിന് ജനകീയാംഗീകാരമുണ്ട്.
താന്‍ ഏറ്റവും മികച്ചതായി കാണുന്നത് ഗസ്സമോഡലാണെന്നും റഫീഖ് ഹബീബ് പറഞ്ഞു. കാരണം തെരഞ്ഞെടുപ്പിലൂടെയാണ് ഹമാസ് അധികാരത്തിലെത്തുന്നത്. അത് ജനകീയാഭിലാഷത്തിന്റെ പ്രതിഫലനമാണ്.
മാറ്റം പ്രവചിച്ച ദി ഇക്കണോമിസ്റ്റ്
ഈജിപ്‌തില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രവചന സ്വഭാവമുള്ള കവര്‍സ്റ്റോറി ചെയ്‌തിരുന്നു ബ്രിട്ടനില്‍ നിന്നിറങ്ങുന്ന ദി ഇക്കണോമിസ്റ്റ് (2010 ജൂലൈ). സാമ്പത്തിക തകര്‍ച്ച, അഴിമതി, പ്രസിഡന്റിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ ഇതെല്ലാം മാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്ന് പത്രം എഴുതി. `മണല്‍പ്പരപ്പിന്റെ തെന്നിമാറ്റം- പാശ്ചാത്യരുടെ അറബ് കൂട്ടാളികളിലേക്ക് മാറ്റം വന്നെത്തുന്നു' എന്നാണ് കവര്‍സ്റ്റോറി ശീര്‍ഷകം. ഫറോവയുടെ ഉടയാടകള്‍ ധരിച്ച ഹുസ്‌നി മുബാറക് മണലില്‍ താഴ്‌ന്ന് പോകുന്നതാണ് കവറില്‍ കൊടുത്തിരിക്കുന്ന ഇമേജ്. ലേഖനത്തില്‍ ഒരിടത്ത് മുപ്പത് കൊല്ലം ഈജിപ്‌ത് ഭരിച്ച ജോണ്‍ റസ്സല്‍ പാഷ എന്ന ഇംഗ്ലീഷുകാരന്റെ ഒരു കമന്റ് കൊടുത്തിട്ടുണ്ട്. അതിങ്ങനെ: ``മരുഭൂമിയിലെ നനുത്ത മണല്‍ പോലെയാണ് ഈജിപ്‌തുകാര്‍. നിങ്ങള്‍ക്കതിന്റെ മുകള്‍പരപ്പിലൂടെ എത്ര ദൂരവും നടക്കാം. ആ മണല്‍പ്പരപ്പിന് ജീവന്‍ വെച്ച് നിങ്ങളെ അത് എപ്പോള്‍ വെട്ടിവിഴുങ്ങുമെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെന്ന് മാത്രം.''