പൊട്ടിത്തറിക്കുന്ന `മതേതര' ബോംബുകള്‍
കോഴിക്കോട് ജില്ലയിലെ നരിക്കാട്ടേരിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ അതിദാരുണമായി മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവം ഖേദകരമാണ്. കേരളത്തില്‍ തന്നെ ആദ്യ സംഭവമാണിത്. അഞ്ചു മുസ്‌ലിം യുവാക്കള്‍ ഒന്നിച്ചു കൊല്ലപ്പെട്ടിട്ടും അവരുടെ രാഷ്‌ട്രീയ ബന്ധം അറിയാവുന്നത് കൊണ്ടായിരിക്കണം, മതേതരത്വവും സമാധാനവും പാടിപ്പറഞ്ഞും തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും രംഗം കൊഴുപ്പിക്കാറുള്ള പ്രമുഖ മതസംഘടനകളൊക്കെ അര്‍ഥഗര്‍ഭമായ മൗനത്തിലാണ്.
കേരളത്തിലെ മുസ്‌ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ് അതിവൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക് നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മാണാത്മകമായ ദിശകളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നവരാണെന്ന് വീരവാദം മുഴക്കുകയും, കേരളത്തിലെ ഇന്ന് കാണുന്ന സമാധാന അന്തരീക്ഷം തങ്ങളുടെ മാത്രം കഴിവുകൊണ്ടാണെന്ന് മേനി പറയുകയും ചെയ്യുന്നവര്‍ എന്തിനാണ് ബോംബ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
മതതീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ പോരാടുന്ന പല സംഘടനകളുടെയും കഥയും ഇതുതന്നെയാണ്. അവരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്ന ആക്രമണങ്ങള്‍ക്ക് കൈയും കണക്കുമില്ല. പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടും നടുറോഡിലിട്ടും പച്ച മനുഷ്യരെ പരസ്യമായി വെട്ടിക്കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍.
വര്‍ഗീയ മതതീവ്രവാദം തടയാനെന്ന പേരില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് മുസ്‌ലിം വീടുകളിലും സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തിയും അറസ്റ്റ് ചെയ്‌തും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചും, അണികള്‍ ബോംബ് നിര്‍മാണത്തിലും അവ ആസൂത്രിതമായി പൊട്ടിക്കുന്നതിലും വ്യാപൃതരായി കഴിയുന്നു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന ചൊല്ല് പോലെ, വര്‍ഗീയ മതതീവ്രവാദത്തിനെതിരില്‍ നല്ല പിള്ള ചമയുന്നവരുടെ മുഖംമൂടികളാണ് അനുദിനം അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സവര്‍ണ-ഫാഷിസ്റ്റ് മീഡിയ പുറത്തുവിടുന്ന തീവ്രവാദ കള്ളക്കഥകളില്‍ ആവേശം പൂണ്ട് തീവ്രവാദത്തിന്റെ അടിവേര് കണ്ടെത്താന്‍ സി.ബി.ഐയില്‍ വരെ ചേരാന്‍ തയാറായ നേതാവിന്റെ അനുയായികള്‍ ബോംബ് കമ്പനിയില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെടുന്നുവെങ്കില്‍, മറ്റുള്ളവരെ തീവ്രവാദികളായി ചിത്രീകരിച്ച് നടത്തുന്ന വാചകക്കസര്‍ത്തുകളില്‍നിന്ന് ഇനിയെങ്കിലും പിന്മാറുന്നതല്ലേ നല്ലത് ?
സ്വന്തം സമുദായത്തിലെ ചെറുപ്പക്കാരെയും മഅ്‌ദനിയെപ്പോലുള്ളവരെയും തീവ്രവാദ മുദ്രകുത്തി അന്യായമായി ജയിലിലടക്കുമ്പോള്‍ ഉള്ളുകൊണ്ട് ചിരിക്കുന്നവര്‍ക്കും നിയമം നിയമത്തിന്റെ വഴിയേ എന്ന് പറഞ്ഞ് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ക്കും ഇതൊക്കെ ഗുണപാഠമാകേണ്ടതാണ്.
അന്‍വര്‍ വടക്കാങ്ങര ജിദ്ദ
കാലം ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല
ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അറബ് നാടുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ വിലയിരുത്തിക്കൊണ്ട് കേരള മുജാഹിദുകളിലൊരു വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ വന്ന നിരീക്ഷണങ്ങള്‍ സ്വാതന്ത്ര്യ വാഞ്‌ഛയും അഭിമാനബോധവുമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നീണ്ട ദശകങ്ങള്‍ സ്വേഛാധിപതികളുടെ കാല്‍ക്കീഴില്‍ അവകാശങ്ങള്‍ അപഹരിക്കപ്പെട്ടും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടും കഴിഞ്ഞിരുന്ന അവിടത്തെ മനുഷ്യമക്കള്‍ പൊറുതിമുട്ടിയപ്പോള്‍ തെരുവിലിറങ്ങി സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും വീണ്ടെടുപ്പിന് വേണ്ടി ഇസ്‌ലാമികാദര്‍ശ പ്രചോദിതരായി നടത്തുന്ന ഐതിഹാസിക സമരവീര്യത്തെ പരിഹസിക്കുന്നതാണ് പ്രസ്‌തുത നിരീക്ഷണങ്ങള്‍. വിപ്ലവം, സമരം, പ്രക്ഷോഭം തുടങ്ങിയ പദാവലികള്‍ക്ക് ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധമുള്ളതിനാല്‍ അവയെ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മതമായ ഇസ്‌ലാമിനോട് ചേര്‍ത്ത് പറയുന്നത് മഹാ അപരാധമായി കാണുന്ന ഒരു ചിന്താധാരയില്‍നിന്ന് മേല്‍ നിരീക്ഷണങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചാല്‍ തങ്ങളുടെ ആജന്മശത്രുക്കളായ `വിപ്ലവ ഇസ്‌ലാമിസ്റ്റു'കളെ സന്തോഷിപ്പിക്കുമെന്ന പേടിയും പ്രസ്‌തുത നിരീക്ഷണങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുണ്ടാകും. അങ്ങനെ വന്നാല്‍ തങ്ങളിന്നോളം സ്ഥാപിക്കാന്‍ വിയര്‍പ്പൊഴുക്കിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ഇസ്‌ലാംവിരുദ്ധ പ്രബോധന-പ്രചാരണ കലാപരിപാടികള്‍ ചീറ്റിപ്പോകുമല്ലോ!! കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ വിസമ്മതിക്കുന്ന ഇക്കൂട്ടര്‍ക്ക് കാലം മാപ്പ് കൊടുക്കില്ലെന്ന് തീര്‍ച്ച. ഏതായാലും ഏറെക്കാലം കൂടെ നടന്നശേഷം ധ്രുവീകരിക്കപ്പെട്ട മറു വിഭാഗത്തിന് വൈകിയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുന്നുണ്ട് എന്നതില്‍ തല്‍ക്കാലം ആശ്വസിക്കാം.
പിന്‍കുറി: രിയാദിലെ ഒരു പള്ളിയിലെ അറബി ജുമുഅ ഖുത്വ്‌ബ പരിഭാഷപ്പെടുത്തിയ മുജാഹിദ് സുഹൃത്ത്, ആദ്യ ഖുത്വ്‌ബയില്‍, തുനീഷ്യ, ഈജിപ്‌ത് തുടങ്ങിയ അറബ് നാടുകളില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച് അതിന്റെ ഗുണവശങ്ങളെ വിലയിരുത്തിയും ഗുണപാഠങ്ങളെ ഉണര്‍ത്തിയും ഖത്വീബ് നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും ഒഴിവാക്കി രണ്ടാം ഖുത്വ്‌ബയിലെ നബിദിനാഘോഷത്തെക്കുറിച്ച ഭാഗം മാത്രമാണ് പരിഭാഷപ്പെടുത്തിയത്. ആദ്യ ഖുത്വ്‌ബ രാഷ്‌ട്രീയവും രണ്ടാമത്തേത് `മത'വുമാണല്ലോ.
കെ.കെ അബ്‌ദുല്‍ അസീസ്
ബത്‌ഹ, രിയാദ
വേണമെങ്കില്‍ പള്ളിപറമ്പുകളിലെ ചക്ക വേരിലും കായ്‌ക്കും
`പള്ളിപറമ്പുകള്‍ കൃഷിയോഗ്യമാക്കിക്കൂടേ?' എന്ന ശീര്‍ഷകത്തില്‍ റഷീദ് കളമശ്ശേരി എഴുതിയ കത്ത് (മാര്‍ച്ച് 5) വായിച്ചു.
`കേരളത്തിലെ പഴയ പള്ളികള്‍ തരിശായ, ഇടക്കിടക്ക് മീസാന്‍ കല്ലുകള്‍ പാകിയ ഖബ്‌റുകളും മറ്റുമുള്ള വലിയ പറമ്പുകളിലാണ് സ്ഥിതിചെയ്യുന്നത്. പല പള്ളിപറമ്പുകളും കാട് പിടിച്ചു കിടക്കുകയാണ്. തരിശായി കിടക്കുന്ന ഈ വഖ്‌ഫ് സ്വത്തുക്കളെ നോക്കി നെടുവീര്‍പ്പിടാനേ നമുക്കു കഴിയുന്നുള്ളൂ.....'
ഇത്രയും വായിച്ചപ്പോഴാണ് `മയ്യിത്ത് കുത്തനെ വെച്ച് സ്ഥലം ലാഭിച്ച് ബാക്കിസ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതാലെന്താ' എന്ന് ചോദിച്ച സമ്പന്നനായ പ്രവാസി സുഹൃത്തിനെ ഓര്‍മവന്നത്. പക്ഷേ, റഷീദിന്റെ കുറിപ്പിലെ ബാക്കി ഭാഗം കൂടി വായിച്ചപ്പോള്‍ ഹിദായത്ത് നഗറിലെ ഈ കുറിപ്പുകാരന്‍ ദീര്‍ഘവീക്ഷണമുള്ളയാളാണെന്ന് ബോധ്യപ്പെട്ടു.
ശരീരത്തിലെ ദുര്‍മേദസ് കളയാനായി രാവിലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ സന്തോഷം പള്ളിപറമ്പില്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് റഷീദ്. അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ ഒത്തുപിടിച്ച ശ്രമങ്ങളാണിനി ആവശ്യം.
കോഴിക്കോട് വനിതാ മേയറുള്ള കാലം. രാവിലെ മേയര്‍ഭവനില്‍ എത്തിയപ്പോള്‍ പറമ്പില്‍ വാഴകൃഷി നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് വിയര്‍ത്തു കുളിച്ചുകൊണ്ട് എതിരേറ്റത്. മേയറുടെ ഭര്‍ത്താവായ എന്റെ സുഹൃത്ത് വാചാലനായി. രാവിലെ ഒരു വ്യായാമം. ആവശ്യത്തിന് ആണിപ്പൂവന്‍. കൃഷിയിടം കോര്‍പറേഷന്റേത്. തൊഴിലാളിയെ തേടി അലയേണ്ടിയും വന്നില്ല. പി.ടി രാജന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകനെ അറിയാതെ അഭിനന്ദിച്ചു പോയി.
പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന വെള്ളം പാഴായി പോകാതെ കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതും നാനാജാതി മതസ്ഥരെ നന്മക്കായി അണിനിരത്താമെന്നതും വഖ്‌ഫ് ബോര്‍ഡ് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
മലബാര്‍ പ്രദേശത്തെ മിക്ക പള്ളിപ്പറമ്പുകളിലും തഴച്ചുവളര്‍ന്ന കശുമാവുകളുടെ സ്ഥിതിതന്നെ എടുക്കാം. ഗുണമേന്മയുള്ള കശുവണ്ടി ഉപല്‍പാദിപ്പിക്കപ്പെടുന്ന വടക്കന്‍ മലബാറില്‍ ഡയറക്‌ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആന്റ് കൊക്കൊ ഡവലപ്‌മെന്റുമായി സഹകരിച്ച് ഖബ്‌റിസ്ഥാനിലെ കശുമാവ് കൃഷിയെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്‍ വഖ്‌ഫ് ബോര്‍ഡിന് എളുപ്പമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളതാണ് ലോകത്ത് ഗുണനിലവാരത്തില്‍ ഏറ്റവും മികച്ച കശുവണ്ടി എന്ന് അറിയാത്തവരല്ലല്ലോ ഭരണാധികാരികള്‍. കശുമാവ് കൃഷിക്ക് പള്ളിപ്പറമ്പുകള്‍ ഉപയോഗിച്ചാല്‍, കിലോക്ക് ശരാശരി 85 രൂപ വിലയുള്ള കശുവണ്ടി വഴി എന്തുമാത്രം മെച്ചം കൈവരിക്കാനാവുമെന്ന് ഓര്‍ക്കാവുന്നതേയുള്ളൂ.
കശുവണ്ടി കര്‍ഷകരെ കുത്തകക്കാരുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന സമീപനം സ്വീകരിച്ച സര്‍ക്കാറുകള്‍ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുകയുണ്ടായില്ല. കശുമാവ് വെട്ടിക്കളയുന്നതിനെതിരെ ഒരു ഭാഗത്തു നിന്നും എതിര്‍പ്പും വന്നില്ല. കശുവണ്ടി സീസണ്‍ കാലത്ത് വടക്കെ മലബാറിലെ പല ഖബ്‌റിസ്ഥാനിലും വീണു കിടക്കുന്ന പറങ്കിമാങ്ങകളും മറ്റും ചവിട്ടി കടന്നുപോവുന്നവരില്‍ രാഷ്‌ട്രീയക്കാരെയും ഭരണാധികാരികളെയും കാണാമായിരുന്നു. കശുവണ്ടി ഗവേഷണത്തിനും ഉല്‍പന്ന വിപണനത്തിനും ശ്രദ്ധ ചെലുത്താതെ അത് ചവിട്ടിയരക്കാന്‍ തക്ക പാകത്തിലുള്ള ചെരിപ്പ് നിര്‍മാണത്തിലായിരുന്നു പലര്‍ക്കും താല്‍പര്യം. കൃഷിവകുപ്പും ഏജന്‍സികളും കോടിക്കണക്കിനു രൂപ ചെലവഴിക്കുന്ന രംഗത്തിന്റെ സ്ഥിതിയാണിത്. പള്ളിപ്പറമ്പുകളിലെ മാവുകളെങ്കിലും വെട്ടിമാറ്റാതെ സംരക്ഷിക്കാന്‍ വഖ്‌ഫ് ബോര്‍ഡിന് കഴിയുമെങ്കില്‍ ഒരു കശുവണ്ടി ബോര്‍ഡിന്റെ ആവശ്യം വരുന്നില്ല.
വഖഫ്‌ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ തന്നെ പള്ളിപ്പറമ്പുകളിലെ കാര്‍ഷിക വിഭവങ്ങള്‍ക്ക് സ്വതന്ത്ര വിപണി ഏര്‍പ്പെടുത്താവുന്നതാണ്. കശുമാമ്പഴം വാണിജ്യവത്‌കരിക്കാന്‍ പള്ളിക്കമ്മിറ്റിക്ക് എളുപ്പമാണ്. ഇതില്‍നിന്ന് ജ്യൂസ്, അച്ചാര്‍, വിനാഗിരി, ജാം തുടങ്ങിയ അനേകം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയേറെയുണ്ട്.
വിശാലമായ പള്ളിസ്ഥലങ്ങളിലെ കൃഷിവികസനത്തിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിക്കണമെങ്കില്‍ വഖ്‌ഫ് ബോര്‍ഡിന്റെ സമ്മതം ആവശ്യമാണ്. വേണമെന്ന് വിചാരിച്ചാല്‍ പള്ളിപ്പറമ്പുകളിലെ ചക്ക വേരിലും കായ്‌ക്കുെമന്ന് കാണിച്ചു കൊടുക്കണം. പള്ളിപ്പറമ്പുകളിലെ ഔഷധ വൃക്ഷങ്ങള്‍ വരെ വെട്ടിമുറിച്ച് നശിപ്പിക്കുന്ന രീതി മാറ്റി കൃഷിയോഗ്യമാക്കി പരിവര്‍ത്തിപ്പിക്കുന്ന സമ്പ്രദായം നടപ്പാക്കണം. സദാ സമയവും കൊഴുപ്പുള്ള ഭക്ഷണം കഴിച്ച് തടിയിളകാതെ മരണത്തിലേക്ക് നടന്നടുക്കുന്നതിന് പകരം സര്‍വ ദുര്‍മേദസ്സുകളെയും, സല്‍ക്കര്‍മങ്ങളെ വിലക്കുന്ന ഇബ്‌സീലുകളെയും എറിഞ്ഞു പായിപ്പിക്കാന്‍ പള്ളിപ്പറമ്പുകള്‍ കൃഷിയോഗ്യമാക്കുക വഴി സാധ്യമാവുമോ എന്ന് താമസിയാതെ പരിശോധിച്ചു നോക്കുക.
കെ.പി കുഞ്ഞിമൂസ കോഴിക്കോട