മുബാറക്കും ഖറദാവിയും പിന്നെ ചരിത്രത്തിന്റെ കാവ്യനീതിയും
പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍
നൈലിന്റെ സമൃദ്ധിയില്‍ അഹങ്കരിച്ചുനിന്ന ഖാറൂന്‍. മിസ്‌റിലെ ദുര്‍ബല ജനതയെ അധികാരത്തിന്റെ അഹങ്കാരവടികള്‍കൊണ്ട് ഭയപ്പെടുത്തി നിര്‍ത്തിയ ഫിര്‍ഔന്‍. അഹിതവും അവിഹിതവുമായ ഈ സ്‌നേഹസഖ്യം മഹാതടവറ തീര്‍ത്ത ഈജിപ്‌തില്‍നിന്നും ജീവനും കൊണ്ടോടിയ മൂസയുടെ നറുംബാല്യം. ഇക്കാലത്ത് മിസ്‌റില്‍ നടന്നത് നരമേധങ്ങളുടെ ദുരന്തപര്‍വം. ഒരു ജനത അന്നനുഭവിച്ചു തീര്‍ത്ത സംഘര്‍ഷ ദാരുണമായ ജീവിതം. മര്‍ദക ഉപകരണത്തിന്റെ സര്‍വ സാധ്യതയും സ്വന്തം ജനതക്കു നേരെ അന്നവര്‍ പരമാവധി പ്രയോഗിച്ചു. കുഞ്ഞുങ്ങളെ കൊന്നുതീര്‍ത്തു. നാടാകെ രഹസ്യാന്വേഷണത്തിന്റെ വലക്കണ്ണികള്‍ മുറുക്കി. ഏകാധിപത്യത്തിന്റെ തിട്ടൂരവുമായി നെടുകയും കുറുകെയും രാജകിങ്കരന്മാര്‍ ഓടിനടന്നു. കൊട്ടാരത്തിന്റെ അകമുറികളില്‍ സദാ ഗൂഢാലോചനകളുടെ ദുര്‍ഗന്ധം. അവരുടെ തീക്കണ്ണുകളില്‍ പെട്ടവരെ ദഹിപ്പിച്ചുകളഞ്ഞു. മറ്റുള്ളവര്‍ ഭീതിയുടെ നിഗൂഢ കന്ദരങ്ങളില്‍ ഒളിച്ചുപാര്‍ത്തു. പുറമേ കണ്ട ശാന്തതയില്‍ ഫറവോരും ഹാമാനും ആശ്വാസം കൊണ്ടു. പക്ഷേ, പീഡിത ജനതയുടെ ജീവിതലക്ഷ്യങ്ങളില്‍ മൂസയുടെ ദര്‍ശന സുഭഗത കാലത്തിന്റെ നിയോഗം പോലെ വികാസം കൊണ്ടു.
ദൈവവിശ്വാസത്തിന്റെ വിമോചനമൂല്യം പുരാതന ഈജിപ്‌തിലെ കോപ്‌റ്റിക് ജനതക്ക് മനസ്സിലായി. അവരുടെ വിമോചന സ്വപ്‌നങ്ങള്‍ക്ക് മൂസായുടെ ആകാശ സിദ്ധാന്തങ്ങള്‍ മതിയായിരുന്നു. മര്‍ദകഭരണത്തിന്റെ നീതിശാസ്‌ത്രത്തെ ആ പതിത ജനത ബദല്‍ തന്ത്രം കൊണ്ട് നേരിട്ടു. കുറ്റവാളികളാക്കപ്പെട്ട് നാടുവിട്ടോടിയ മൂസ രാഷ്‌ട്രീയ വിമോചനത്തിന്റെ മതമൂല്യങ്ങളുമായി മിസ്‌റില്‍ തിരിച്ചെത്തി. ഫിര്‍ഔന്റെ ചാരക്കണ്ണുകളെയും ഖാറൂന്റെ കോര്‍പറേറ്റ് കുടിലതകളെയും മിസ്‌റിന്റെ മണ്ണില്‍ മൂസായുടെ അനുയായികള്‍ കശക്കിയെറിഞ്ഞു. ഇതിനവര്‍ സ്വീകരിച്ച മാര്‍ഗവും തന്ത്രവും മതത്തിന്റെ കേവലാനുഷ്‌ഠാനത്തിന്റെ ഹാസ്യ രീതികളല്ല. ലളിതവും സൂക്ഷ്‌മവുമായ രാഷ്‌ട്രീയ പ്രവര്‍ത്തനമായിരുന്നു. അതു കൂടിയാണ് മതമെന്ന് ജനത തിരിച്ചറിഞ്ഞു. വാര്‍ത്തകളും വിവരങ്ങളുമവര്‍ കര്‍ണാ കര്‍ണിതമായി കൈമാറി. ചുണ്ടുകളില്‍നിന്നും ചുണ്ടുകളിലേക്ക് വിമോചനമന്ത്രങ്ങള്‍ ഇരമ്പിക്കടന്നു. മതവിശ്വാസത്തെ അനുഷ്‌ഠാന ജീവിതത്തിന്റെ കേവലതയില്‍നിന്നും വിമോചന സ്വപ്‌നത്തിന്റെ നക്ഷത്രലോകത്തിലേക്ക് പ്രയോഗം കൊണ്ടവര്‍ ഉയര്‍ത്തിനിര്‍ത്തി. ഭൗതികശേഷിയുടെ രാവണക്കോട്ടയില്‍നിന്നും സ്വേഛാധിപത്യത്തിന്റെ ഹിംസ്രമൃഗങ്ങളെ വിശ്വാസശക്തിയുടെ തീപ്പന്തമെറിഞ്ഞവര്‍ പുറത്തുചാടിച്ചു. മണ്ണും കടലും പിളര്‍ത്തി ഈ അഹങ്കാരങ്ങളെയവര്‍ ഭൂമിയില്‍നിന്നും പറഞ്ഞുവിട്ടു. പാതാളത്തില്‍ താണുപോയ ഖാറൂന്റെ താക്കോല്‍ക്കൂട്ടങ്ങളും ജലപിണ്ഡത്തിലൊലിച്ചു പോയ ഫറവോന്റെ കൊട്ടാരകെട്ടുകളും മിസ്‌റിലെ സാധാരണക്കാര്‍ അനന്തരമെടുത്തു. അവര്‍ക്ക് വേണ്ടി ആകാശവും ഭൂമിയും കരഞ്ഞതേയില്ല. മൂസാ പ്രവാചകന്‍ വിമലീകരിച്ച ഈജിപ്‌തിന്റെ മണ്ണിലേക്ക് കാലപ്രവാഹത്തിന്റെ ഇടവേളകളില്‍ ഏകാധിപത്യത്തിന്റെ തീവലയുമായി ചക്രവര്‍ത്തിമാരെത്തി. എപ്പോഴൊക്കെ അവര്‍ അധികാരത്തിന്റെ അഹന്തയും ചെങ്കോലിന്റെ ദംഷ്‌ട്രകളുമുയര്‍ത്തിയോ അപ്പോഴൊക്കെ പ്രതിരോധത്തിന്റെ ദുര്‍ഗം തീര്‍ത്തത് മതത്തിന്റെ വിമോചന മൂല്യബോധങ്ങള്‍ തന്നെ.
ഈ മൂല്യബോധ സമഗ്രത ഈസാ പ്രവാചകനിലൂടെയും അവസാനമായി മുഹമ്മദീയ പ്രവാചകത്വത്തിലൂടെയും നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഓരോ തവണ നവീകരിക്കപ്പെടുമ്പോഴും ഇതിന്റെ വിസ്‌ഫോടനശേഷി അത്ഭുതകരമായ ഫലസിദ്ധി കാട്ടി. മതവിശ്വാസത്തിന്റെ ഭൗതിക പ്രയോഗങ്ങള്‍ മങ്ങിനിന്നപ്പോഴൊക്കെ ഈജിപ്‌തിന്റെ മണ്ണില്‍ ഏകാധിപത്യത്തിന്റെ അസുരവിത്തുകള്‍ തെഴുത്തുനിന്നു. ഇത്തരമൊരു പതിത ഘട്ടത്തിലാണ് വിമോചനത്തിന്റെ സ്വപ്‌നഗീതം പാടാന്‍ പ്രവാചകശിഷ്യന്‍ അംറുബ്‌നുല്‍ ആസ്വ് ഈജിപ്‌തിലെത്തിയത്. അന്ന് വിമോചനത്തിന്റെ ചക്രവാളം കണ്ട മിസ്‌റുകാര്‍ തലമുറകളിലൂടെ കടന്നുപോയപ്പോള്‍ വീണ്ടും ചൂഷണത്തിന്റെയും കുടിലനീതിയുടെയും ആസുരനൃത്തം കണ്ടു. നിരവധി രാജസ്വരൂപങ്ങള്‍ അധികാരം വാണ ഈജിപ്‌തില്‍ പിന്നീട് വന്നത് യൂറോപ്പിന്റെ ആധിപത്യ മാലിന്യം. നൈല്‍ നദി മിസ്‌റിനു വേണ്ടി കരുതിവെച്ചതത്രയും പടിഞ്ഞാറന്‍ കുടിലത ഇംഗ്ലണ്ടിലേക്കും ഫ്രാന്‍സിലേക്കും കട്ടുകടത്തി. അധിനിവേശത്തിന്റെ ഈ ദൈന്യകാലത്ത് ഈജിപ്‌തില്‍ വിമോചനപോരാട്ടങ്ങള്‍ വളര്‍ത്തിയതും മതത്തിന്റെ ഈ വിമോചനമൂല്യബോധ്യങ്ങള്‍ തന്നെ.
ഇസ്‌ലാംമതപ്രമാണങ്ങളെ അതിന്റെ ആദിവചന ദീപ്‌തിയില്‍ പഠിച്ചറിഞ്ഞവരായിരുന്നു ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്‌ബും. അവര്‍ക്കറിയാം സ്വേഛാഭരണത്തിനെതിരെയുള്ള ഇസ്‌ലാമിന്റെ വിമോചന വീര്യം. അതുകൊണ്ടായിരുന്നു നജീബും നാസറും കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള ഈജിപ്‌തിലെ പോര്‍നിലങ്ങളില്‍ ബന്നയെയും ഖുത്വ്‌ബിനെയും ക്ഷണിച്ചിരുത്തിയത്. അന്ന് ബന്നായുടെ അനുയായികള്‍ നാടിനു നല്‍കിയ ബലിദാനങ്ങള്‍ ഉജ്ജ്വലമായിരുന്നു. അവരുടെ ആത്മത്യാഗങ്ങളാണ് കൊളോണിയല്‍ ശക്തികളെ അന്ന് തുരത്തിയോടിച്ചത്. അധികാരത്തിന്റെ സോപാനം കേറിയതോടെ നാസറും കൂട്ടരും പഴയ വഴിയടയാളങ്ങള്‍ ബോധപൂര്‍വം വിസ്‌മരിച്ചു. നാടിനു സമര്‍പ്പിച്ച വിശ്വാസ യൗവനങ്ങളെ നജീബും പ്രഭൃതികളും നിര്‍ദയം ഒറ്റിക്കൊടുത്തു. വിപ്ലവകാരികളുടെ ചുടുചോരയില്‍ നാസറും നജീബും അധികാരത്തിന്റെ ചെങ്കോലുനാട്ടി. ഇഖ്‌വാന്റെ സാന്നിധ്യം നാസറിന് അലോസരമുണ്ടാക്കും. കാരണം ഈജിപ്‌തിന്റെ ക്ഷേമ സര്‍വസ്വം കട്ടുകടത്താന്‍ ഇഖ്‌വാനെ കൂട്ടുകിട്ടുകയില്ല. വിശ്വാസബോധ്യം കൊണ്ട് മെരുങ്ങാതെ നിന്ന ഇഖ്‌വാനെ പീഡനം കൊണ്ട് നാസര്‍ നിര്‍ദയം നേരിട്ടു. വെടിവെച്ചും തൂക്കിക്കൊന്നും നഖം പറിച്ചും മുടിപിഴുതും ഇരുട്ടറയില്‍ തള്ളിയും നാടുകടത്തിയും അക്കാലത്തെ ഈജിപ്‌തിന്റെ ഹരിത യൗവനത്തെ അവര്‍ കുടഞ്ഞെറിഞ്ഞു. മിസ്‌റില്‍ വീണ്ടും ഫറോവമാരുടെ പുനരവതാരകാലം. നജീബും നാസറും പുത്തന്‍ ഫറോവമാരായി. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നുമെത്തിയ ഖാറൂനും ഹാമാനും ഫറോവമാരുടെ നാട്ടില്‍ സാമ്പത്തിക സമൃദ്ധിയുടെ കൊത്തളം കെട്ടി അതിന്റെ ഉത്തുംഗതയില്‍ കയറിനിന്നു ബന്നായുടെ ദൈവത്തെ കളിയാക്കി.
ഈജിപ്‌തിലെ ഏകാധിപത്യത്തിന്റെ തുടര്‍ച്ചകള്‍ പുതിയ നൂറ്റാണ്ടില്‍ എണ്‍പത് കഴിഞ്ഞ വൃദ്ധനില്‍ വിശ്വരൂപം കൊണ്ടു. മുപ്പത് വര്‍ഷം ഒരു വിശുദ്ധ നാട് പടിഞ്ഞാറിന്റെ കരാറുകാര്‍ക്ക് ഒറ്റിക്കൊടുത്തിട്ടും ആ വൃദ്ധകാമനകള്‍ അവസാനിച്ചില്ല. അകറ്റാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാള്‍ നായയെ പോലെ നാവു നീട്ടി പാഞ്ഞു. നൈല്‍ തുരുത്തില്‍ അധികാരത്തിന്റെ കോട്ട കെട്ടിയ അയാള്‍ കിരീടവും ചെങ്കോലും തലമുറകള്‍ക്ക് കൈമാറാന്‍ സൂത്രങ്ങള്‍ നെയ്‌തു. തന്റെയും കുടുംബത്തിന്റെയും അധികാരം എന്ന ഒറ്റ സാധ്യത്തിനു മുന്നില്‍ മറ്റെല്ലാത്തിനും അയാള്‍ ഒത്തുതീര്‍പ്പ് ചെയ്‌തു. ഈജിപ്‌തിന്റെ ഭൂമി ജൂതന്മാര്‍ക്ക് പതിച്ചു നല്‍കി. ഫലസ്‌ത്വീനികള്‍ക്കെതിരെ ഇസ്രയേലികളുമായി ചേര്‍ന്ന് വന്‍മതില്‍ പണിതു. ഈജിപ്‌ഷ്യന്‍ സമൃദ്ധിയുടെ ഉറവിടങ്ങള്‍ യൂറോപ്പിനു വേണ്ടി ചോര്‍ത്തിക്കൊടുത്തു. മുപ്പത് വര്‍ഷം. താന്‍ വിന്യസിച്ച ചാരക്കണ്ണുകള്‍ എല്ലാം കാണുന്നുവെന്ന് ഫറോവയെപ്പോലെ ആ കുടില വാര്‍ധക്യവും കിനാവു കണ്ടു. മുഖക്ഷൗരം ചെയ്‌തും മുടി കറുപ്പിച്ചും വാര്‍ധക്യം മൂടിവെച്ചു. ഒരു ഇംഗ്ലീഷുകാരി നഴ്‌സിന്റെ മകളായ സുസൈന്‍ ഭാര്യയെന്ന നിലയില്‍ മുബാറകിനെ പരസ്യമായി നിയന്ത്രിച്ചു. പടിഞ്ഞാറന്‍ അധിനിവേശം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയതോടെ നേരത്തെ കുഴതെറ്റിയ ഭരണപടലം ജനങ്ങള്‍ക്കു നേരെ കൂടുതല്‍ രൗദ്രമായി. അല്‍പവസ്‌ത്രങ്ങള്‍ ഉടുത്ത് കാല്‍വണ്ണകള്‍ കാണിച്ച് കയ്‌റോ നഗരിയില്‍ സുസൈന്‍ വിപ്രലംഭ പദലഹരിയാടി. മക്കള്‍ പട്ടാഭിഷേകത്തിനുള്ള ഐര്‍ഘ്യവും ഹവിസ്സും തേടി പടിഞ്ഞാറന്‍ നഗരങ്ങളില്‍ അലഞ്ഞു. നിയോഗങ്ങളൊക്കെയും ഉമര്‍ സുലൈമാനെന്ന കങ്കാണിയെ ഏല്‍പിച്ചു ആ പടുവാര്‍ധക്യം പകലുറക്കത്തിലേക്ക് വഴുതി. അപ്പോഴും രഹസ്യ തടങ്കല്‍പാളയങ്ങളെപ്പറ്റിയുള്ള രാക്കഥ കേട്ട് ജനം വിറക്കുമെന്നവര്‍ കിനാവ് കണ്ടു. ജനഹൃദയങ്ങളില്‍ രൂപം കൊണ്ട വമ്പന്‍ കൊടുങ്കാറ്റിന്റെ തീവ്രതയളക്കാന്‍ മുബാറകിന്റെ രസമാപിനിക്കായില്ല. കുഞ്ഞു തൂനിസില്‍ നിന്നുമെത്തിയ വിപ്ലവത്തിന്റെ വഹ്നിജ്വാലകള്‍ മിസ്‌റിന്റെ പരുത്തിക്കാട്ടിലേക്ക് പടരാന്‍ സമയം വേണ്ടിവന്നില്ല. ആ അഗ്നിജ്വാലകള്‍ കണ്ട് മുബാറക്ക് പകച്ചുനിന്നു.
ഈജിപ്‌തിലെ ഉള്‍ക്കരുത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനെ ഒതുക്കുന്നതില്‍ എന്നും മത്സരിച്ചവരാണ് ഫാറൂഖും ജമാലും മുബാറക്കും. ഈജിപ്‌തിന്റെ സാമൂഹികബോധത്തില്‍നിന്നും മതത്തെ പറിച്ചെടുക്കാനും യൂറോപ്യന്‍ കപട മതേതരത്വ സങ്കല്‍പങ്ങള്‍ പകരം വെക്കാനും എന്നും ഉത്സാഹിച്ചവര്‍. തീര്‍ത്തും മതരഹിതവും പടിഞ്ഞാറന്‍ മൂല്യബോധത്തിലധിഷ്‌ഠിതവുമായ ഒരു ഈജിപ്‌ത് അവര്‍ പണിപ്പെട്ട് സൃഷ്‌ടിച്ചു. ഇതിനെതിരെയാണ് വിപ്ലവം. ഈജിപ്‌തിലെ മധ്യവര്‍ഗവും ഇന്റര്‍നെറ്റ് വിപ്ലവകാരികളും അര്‍ധ സെക്യുലരിസ്റ്റുകളുമാണ് വിപ്ലവത്തിന്റെ മുന്‍നിര സംഘമെങ്കിലും യഥാര്‍ഥത്തില്‍ സമരത്തിന്റെ അന്തര്‍ധാര ഇഖ്‌വാന്റെ ഇസ്‌ലാമിക ബോധ്യത്തിന്റെ കരുത്താണ്. അവരെ വിശ്വസിച്ചാണ് മുബാറക്ക് കുതികുത്തിയോടുന്നതുവരെ കയ്‌റോ നഗരത്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ജനം തമ്പടിച്ചത്. അന്ന് നൈലില്‍ ജനരോഷത്തിന്റെ മലവെള്ളം പൊങ്ങി. പതിനെട്ട് ദിവസം!
ഇവിടെയാണ് ചരിത്രത്തിന്റെ കാവ്യനീതി മനോഹരമായി ഈജിപ്‌തില്‍ സംഭവിക്കുന്നത്. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക പ്രസ്ഥാനത്തോടും അതിന്റെ രാഷ്‌ട്രീയ വിമോചന മൂല്യങ്ങളോടും പ്രതിബദ്ധത കാട്ടിയെന്ന ഒറ്റക്കാരണത്താല്‍ നാടും വീടും കുടുംബവും വിട്ട് പലായനം ചെയ്യേണ്ടിവന്ന ഈജിപ്‌തിലെ തിളക്കുന്ന ബാല്യം, അയല്‍നാടിന്റെ കാരുണ്യം കൊണ്ടുമാത്രം ജീവന്‍ നിലനിര്‍ത്താനായ മഹാ പണ്ഡിതന്‍. യൂസുഫുല്‍ ഖറദാവി. വിപ്ലവത്തിന് ശേഷമുള്ള വെള്ളിയാഴ്‌ച ജുമുഅ കൂടാന്‍ ഖറദാവി വീണ്ടും മിസ്‌റിലെത്തി. താന്‍ കണ്ണീരോടെ വിട്ടുപോന്ന സ്വന്തം ജന്മനാട്ടില്‍. താനില്ലാത്ത മിസ്‌റില്‍ ജനിച്ചു വളര്‍ന്ന പുതുതലമുറ ഹര്‍ഷാരവത്തോടെ തഹ്‌രീര്‍ ചത്വരത്തില്‍ ഖറദാവിയെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ പ്രോജ്ജ്വല പ്രഭാഷണം ഒരാലക്തിക ചൈതന്യമായി അവരുടെ സിരാ പടലങ്ങളില്‍ തുടി കൊട്ടി. ഖുത്വ്‌ബ അവസാനിക്കുന്നതുവരെ കേട്ടിരുന്ന ഇരുപത് ലക്ഷം വിപ്ലവകാരികളും മുദ്രാവാക്യങ്ങളോടെ ഖറദാവിക്ക് ചുറ്റും നിന്നു. ജുമുഅ പ്രഭാഷണം ഇളകിമറിഞ്ഞു. എന്നാല്‍ അര്‍ക്കാനുകള്‍ തെറ്റാതെ നീണ്ട് വലിയുന്ന ഒരു കേവലാനുഷ്‌ഠാനമാണ് ജുമുഅ ഖുത്വ്‌ബയെന്ന അനുഷ്‌ഠാനവാദക്കാരുടെ കണക്കുകള്‍ തെറ്റി. മലബാറിലെ മുസ്‌ലിം സംഘടനകളുടെ നോട്ടത്തില്‍ ആ ഇരുപത് ലക്ഷത്തിനും അന്ന് ജുമുഅ ഫസാദായി. ഭൗതിക കാര്യങ്ങള്‍ എന്നുമവര്‍ക്ക് മതബാഹ്യമാണല്ലോ. വിശ്വാസത്തിന്റെ വിശുദ്ധ തീര്‍ഥവുമായി ഖറദാവി കയ്‌റോ നഗരിയില്‍ വന്നിറങ്ങുന്നതിനു മുമ്പേ കുന്തിരിക്കം കണ്ട ചെകുത്താനെപ്പോലെ മുബാറക്കും വേതാളങ്ങളും കയ്‌റോ വിട്ടോടി. അവര്‍ ഇന്നേതു തെരുവിലുണ്ടെന്നുപോലും നമുക്കറിയില്ല. മുപ്പത് വര്‍ഷമായി ഈജിപ്‌തിന്റെ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു കവിഞ്ഞ ആ കങ്കാണിക്കൂട്ടം വിസ്‌മൃതിയിലേക്കും തിരസ്‌കാരത്തിലേക്കും അലിഞ്ഞു മറഞ്ഞപ്പോള്‍ ഇസ്‌ലാമിക ഈജിപ്‌ത് അതിന്റെ പൂര്‍വ മൂല്യങ്ങളെ ഉത്സാഹപൂര്‍വം തിരിച്ചുപിടിച്ചു. ദൈന്യമായ ഒരു പടിയിറക്കം.... ചേതോഹരമായ ഒരു തിരിച്ചുവരവും.....