Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


വധമല്ല ദയ

പീഡിതരായ സഹജീവികളോട്‌ തോന്നുന്ന സഹാനുഭൂതിയും അവരെ സഹായിക്കാനും സ്‌നേഹിക്കാനുമുള്ള സന്നദ്ധതയുമാണ്‌ ദയ. ഇതിന്റെ വിപരീതമാണ്‌ സ്‌നേഹശൂന്യമായ സ്വാര്‍ഥതയും നിഷ്‌ഠുരതയും. ദയാവികാരം അവശ സേവനത്തെയും ആതുരശുശ്രൂഷയെയും പ്രചോദിപ്പിക്കുമ്പോള്‍ നിര്‍ദയത്വം പരദ്രോഹത്തെയും സ്വാര്‍ഥ ലാഭത്തെയുമാണ്‌ പ്രചോദിപ്പിക്കുന്നത്‌. നിര്‍ദയത്വത്തിന്റെ ഏറ്റം മൂര്‍ത്തമായ രൂപമാണ്‌ വധം. ഈയര്‍ഥത്തില്‍ ദയാവധം ഒരു വിരുദ്ധോക്തിയാണ്‌. ദയ ജീവദാനമാണെങ്കില്‍ ജീവനാശമാണ്‌ വധം.
ആരോഗ്യകരമായ ജീവിതത്തില്‍ പ്രതീക്ഷയറ്റ അവശരോഗികളെ വധത്തിലൂടെ പീഡനമുക്തരാക്കുക എന്നതാണ്‌ ദയാവധ സങ്കല്‍പം. യൂറോപ്പിലാണ്‌ ഈ ആശയം ഉടലെടുത്തത്‌. ചില രാജ്യങ്ങള്‍ ഇത്‌ നിയമവിധേയമാക്കിക്കഴിഞ്ഞു. നിര്‍വചനം എന്തായാലും ഉപയോഗശൂന്യമായത്‌ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്ന ഉപഭോഗാത്മക സംസ്‌കാരബോധമാണ്‌ ദയാവധത്തിന്റെ സ്രോതസ്സ്‌. ഉപയോഗ ശൂന്യമാകുന്ന യന്ത്രമാണ്‌ ശമനം പ്രതീക്ഷിക്കാനാവാത്ത രോഗി. അത്‌ ഉപേക്ഷിക്കപ്പെടണം. വെറുതെ ഉപേക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുമെങ്കില്‍ നശിപ്പിക്കണം. മനുഷ്യരുടെ കാര്യത്തിലുള്ള ഈ നശീകരണത്തെയാണ്‌ `ദയാവധം' എന്നു വിളിക്കുന്നത്‌. ഈ സമീപനം മനുഷ്യത്വത്തിനും അവന്റെ സാമൂഹിക ധാര്‍മിക മൂല്യങ്ങള്‍ക്കും കടകവിരുദ്ധമാണ്‌. അത്‌ ഇസ്‌ലാമിക ശരീഅത്തിന്‌ എന്നല്ല ലോകത്ത്‌ ഒരു ധര്‍മ ശാസ്‌ത്രത്തിനും നിരക്കുന്നതല്ല.
`ജനിമൃതികള്‍ അല്ലാഹുവിന്റെ ഹസ്‌തത്തിലാകുന്നു. അവനാകുന്നു ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും' എന്ന്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്‌. ജീവന്‍ അല്ലാഹുവിന്റെ ആദരണീയ സൃഷ്‌ടിയാണ്‌. അല്ലാഹു ആദരിച്ച ജീവനെ മനുഷ്യന്‍ ഹനിച്ചു കൂടാ എന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. മറ്റുള്ളവരെ വധിക്കുന്നവനാകുമ്പോഴാണ്‌ ഒരാള്‍ വധാര്‍ഹനാകുന്നത്‌. ജനിക്കുമ്പോഴും മരിക്കുമ്പോഴുമുള്ള അവശതയും പരാശ്രയത്വവും പ്രകൃതി നിയമമാണ്‌. ജനിച്ച കുഞ്ഞ്‌ വര്‍ഷങ്ങളോളം യാതൊന്നും ഉല്‍പാദിപ്പിക്കുന്നില്ല. അവനു വേണ്ടതെല്ലാം മാതാപിതാക്കള്‍ ഒരുക്കിക്കൊടുക്കുകയാണ്‌. മരണമടുത്താലും ഇതു തന്നെയാണവസ്ഥ. ``അല്ലാഹു നിങ്ങളെ സൃഷ്‌ടിച്ചിരിക്കുന്നു. ഇനിയവന്‍ നിങ്ങളെ മരിപ്പിക്കും. നിങ്ങളില്‍ ചിലര്‍ പടുവാര്‍ധക്യത്തിലേക്ക്‌ തള്ളപ്പെടും. അങ്ങനെ പലതും അറിഞ്ഞ ശേഷം ഒന്നും അറിയാനാവാത്ത അവസ്ഥ പ്രാപിക്കാന്‍. തീര്‍ച്ചയായും അല്ലാഹു ജ്ഞാനത്തിലും ആസൂത്രണത്തിലും സമ്പൂര്‍ണനാകുന്നു'' (16:70). ശൈശവത്തിന്റെ അവശാവസ്ഥയിലേക്ക്‌ തിരിച്ചുപോകുന്ന വയോധികര്‍ അര്‍ഹിക്കുന്നത്‌ വധമല്ല; ശുശ്രൂഷയും സനേഹമസൃണമായ പെരുമാറ്റവുമാണ്‌. മാതാപിതാക്കളോടുള്ള നല്ല പെരുമാറ്റവും ഖുര്‍ആന്‍ പല തവണ അനുശാസിച്ചിരിക്കുന്നു. ഏകദൈവാരാധനയുടെ തൊട്ടടുത്ത സ്ഥാനമാണതിനുള്ളത്‌. ``നിന്റെ നാഥന്‍, അവന്നല്ലാതെ നിങ്ങള്‍ വഴിപ്പെടരുതെന്നും മാതാപിതാക്കളോട്‌ നന്നായി വര്‍ത്തിക്കണമെന്നും ഉപദേശിച്ചിരിക്കുന്നു. അവരിലൊരാളോ രണ്ടു പേരുമോ നിന്റെയടുക്കല്‍ വാര്‍ധക്യം പ്രാപിച്ചാല്‍ `ഛെ' എന്നു പോലും അവരോട്‌ പറയരുത്‌. കയര്‍ക്കയുമരുത്‌. മാന്യമായി സംസാരിക്കണം. അവര്‍ക്കു വേണ്ടി നീ കാരുണ്യത്തിന്റെ ചിറകുകള്‍ വിടര്‍ത്തി കൊടുക്കുക'' (17:23,24). അവശരായ മാതാപിതാക്കളുണ്ടായിട്ട്‌ അവരെ ശുശ്രൂഷിച്ച്‌ സ്വര്‍ഗത്തില്‍ കടക്കാന്‍ കഴിയാത്ത മക്കള്‍ മഹാ ദൗര്‍ഭാഗ്യവാന്മാരാണെന്നും പ്രവാചകന്‍ വ്യക്തമാക്കുകയുണ്ടായി. രോഗികളെ-ശമനം പ്രതീക്ഷിക്കുന്നവരായാലും അല്ലെങ്കിലും- സന്ദര്‍ശിക്കുന്നതും സമാശ്വസിപ്പിക്കുന്നതും പുണ്യമേറിയ ഇബാദത്താണെന്നും പ്രവാചകന്‍ ഉപദേശിച്ചിരിക്കുന്നു. സ്വന്തം ജീവിതത്തിന്റെ നിസ്സഹായവും അവശവുമായ കാലത്ത്‌ ലഭിച്ച ദയയും സ്‌നേഹവും ശുശ്രൂഷയും തിരിച്ചു നല്‍കാന്‍ പ്രകൃതി നിശ്ചയിച്ച സന്ദര്‍ഭമാണ്‌ മറ്റുള്ളവരുടെ വാര്‍ധക്യവും അവശാവസ്ഥയും. ഈ പ്രകൃതി നിയമത്തെ മറികടന്നുകൊണ്ടുള്ള ക്രൂരതയാണ്‌ ദയാവധം.
നമ്മുടെ പരമോന്നത നീതിപീഠം ഈയിടെ സുപ്രധാനമായ ഒരു വിധിയിലൂടെ ദായവധം ഭാഗികമായി നിയമവിധേയമാക്കിയിരിക്കുകയാണ്‌. വിഷം കുത്തിവെച്ചോ മറ്റോ വധിക്കുന്നത്‌ നിരോധിച്ചതോടൊപ്പം, ബന്ധുക്കളുടെയും ഭിഷഗ്വരന്മാരുടെയും അഭിപ്രായം മാനിച്ചുകൊണ്ട്‌ കോടതിയുടെ അനുവാദത്തോടെ നിഷ്‌ക്രിയമായ ദയാവധം അനുവദിക്കാമെന്നാണ്‌ വിധി പറഞ്ഞത്‌. ആഹാരവും ഔഷധവും നിഷേധിച്ച്‌ രോഗിയെ മരിക്കാന്‍ വിടുകയാണ്‌ ഇതിലെ നിഷ്‌ക്രിയത്വം. ഔഷധ പ്രയോഗം നിഷ്‌ഫലമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ നിര്‍ത്താനനുവദിക്കുന്നത്‌ മനസ്സിലാക്കാം. ആഹാര നിഷേധം അങ്ങനെയല്ല. അത്‌ ഏതൊരു ജീവിയുടെയും അവകാശമാണ്‌. മനപ്പൂര്‍വം ആഹാരം നിഷേധിച്ച്‌ മരിക്കാന്‍ വിടുന്നത്‌ കൊലയായി തന്നെ കാണേണ്ടതുണ്ട്‌. ഔഷധം ഫലിക്കുന്നില്ലെന്നോ രോഗി രക്ഷപ്പെടില്ലെന്നോ ഉറപ്പായി കഴിഞ്ഞാല്‍ ഔഷധം പ്രയോഗം നിര്‍ത്തി രോഗിയെ ശാന്തമായ മരണത്തിനു വിടുക പണ്ടുകാലത്ത്‌ നടപ്പുള്ളതാണ്‌. ആശുപത്രികളിലാണെങ്കില്‍ അത്തരം രോഗികളെ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത്‌ വീട്ടിലേക്ക്‌ അയക്കുകയായിരുന്നു പതിവ്‌. ഇന്നു പക്ഷേ ഈ പതിവ്‌ മാറിയിരിക്കുന്നു. മരണം ഉറപ്പായ രോഗികള്‍ പണക്കാരാണെങ്കില്‍ ഐ.സി.യുവിലും വെന്റിലേറ്ററിലുമൊക്കെ കിടത്തി കുറേ നാള്‍ ശ്വാസോഛ്വാസം നിലനിര്‍ത്തുകയാണ്‌ ഇന്നത്തെ സമ്പ്രദായം. ആതുര ശുശ്രൂഷ കച്ചവടമായതിന്റെ ഫലമാണിത്‌. ഇത്തരം നടപടികള്‍ ദയാവധം പോലുള്ള ആശയങ്ങള്‍ക്ക്‌ ശക്തിപകരുന്നുവെന്ന സത്യം നിഷേധിക്കാനാവില്ല. എങ്കിലും ദയാവധം എന്ന പേരിലുള്ള രോഗിവധം ഒരു നിലക്കും അംഗീകരിച്ചുകൂടാ. അത്‌ രോഗിയുടെ ജീവനില്‍ മറ്റുള്ളവര്‍ക്ക്‌ അധികാരം നല്‍കലാകും. നമ്മുടേതു പോലുള്ള ഒരു സമൂഹത്തില്‍ രോഗികളുടെ പരിചരണ ബാധ്യതയില്‍ നിന്ന്‌ ഉറ്റവര്‍ക്കും ഉടയവര്‍ക്കും രക്ഷപ്പെടാനുള്ള കുറുക്കുവഴിയായും അത്‌ പരിണമിച്ചേക്കും. ജനിച്ചവരൊക്കെ മരിക്കുക സ്വാഭാവികമാണ്‌. ബന്ധുക്കളും ഭിഷഗ്വരന്മാരും രോഗികളോടുള്ള അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ട്‌ മരണം അതിന്റെ സ്വാഭാവിക രീതിയില്‍ സംഭവിക്കാന്‍ അനുവദിക്കുകയാണ്‌ വേണ്ടത്‌.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly