ഉള്ളുറപ്പേകുന്ന ആത്മപരിശോധനകള്‍
ഡോ. പി.എ അബൂബക്കര്‍
ഇനി ചര്‍ച്ച ചെയ്യാനുള്ളത് കേവല സെക്യുലരിസത്തില്‍ അധിഷ്‌ഠിതമായ ജമാഅത്ത് വിമര്‍ശനങ്ങളാണ്. ഒരു പക്ഷേ വരും കാലങ്ങളില്‍ ജമാഅത്ത് മുഖവിലക്കെടുക്കേണ്ടതും ഗൗരവത്തില്‍ പരിഗണിക്കേണ്ടതുമായ വിമര്‍ശനങ്ങള്‍ ഇവയാണെന്നു പറയാം. താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്നെന്ന പിടിവാശി ഇല്ലാത്തതുകൊണ്ട് തന്നെ നയനിലപാടുകള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി. ദലിത്-കീഴാള-സിമി വൃത്തങ്ങളില്‍ നിന്ന് മുമ്പ് ജമാഅത്തിനെതിരെ ഉയര്‍ന്നിരുന്ന പല ആരോപണങ്ങള്‍ക്കും ഇപ്പോള്‍ പ്രസക്തിയില്ലാതായത് അതിന്റെ നയനിലപാടുകളില്‍ വന്ന പരിഷ്‌കരണങ്ങള്‍ മൂലമാണല്ലോ. അതുപോലെ വരും ഭാവിയില്‍ കേവല ഭൗതികവാദി /സെക്യുലരിസ്റ്റ് വൃത്തങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ അപ്രസക്തമാവണമെങ്കില്‍ അവയെ ഗൗരവപൂര്‍വം ജമാഅത്ത് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് മുസ്‌ലിം സംഘടനകളില്‍ നിന്നും സവര്‍ണ/മനുവാദി വൃത്തങ്ങളില്‍നിന്നും ജമാഅത്തിനെതിരെ ഉയരുന്ന പല ആരോപണങ്ങളും സ്ഥാപിത താല്‍പര്യങ്ങളാല്‍ പ്രേരിതമായതിനാല്‍ തന്നെ അവ മുഴച്ചു കാണാം. അത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നത് പലപ്പോഴും പാഴ്‌വേലയായിരിക്കുമെന്നതാണ് വാസ്‌തവം. എന്നാല്‍, നേരെ തിരിച്ചാണ് കേവല ഭൗതികവാദത്തില്‍ അധിഷ്‌ഠിതമായ ആരോപണങ്ങളുടെ അവസ്ഥ. സ്ഥാപിത താല്‍പര്യങ്ങളാല്‍ പ്രേരിതമല്ലാത്തതിനാല്‍ തന്നെ അവ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നില്ല. ജമാഅത്ത് ആശയങ്ങളെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ മനസ്സിലുള്ളവര്‍ കറ കളഞ്ഞ സെക്യുലരിസ്റ്റുകളായതിനാല്‍ തന്നെ, ഇന്നത്തെ ചുറ്റുപാടില്‍ സമൂഹത്തിന്റെ മുമ്പിലുള്ള ഒന്നാമത്തെ വെല്ലുവിളി ജമാഅത്തല്ലാത്തതിനാല്‍12 വിമര്‍ശന ശരങ്ങള്‍ കൊണ്ട് അന്തരീക്ഷം മലിനമാക്കാറില്ല. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള അസ്‌ഗര്‍ അലി എഞ്ചിനീയറുടെ ചിന്തകളില്‍ പോലും അടങ്ങിയതാണ് ഇത്തരത്തിലുള്ള കാഴ്‌ചപ്പാട്.
വിവിധ തലങ്ങളിലായാണ് ഇത്തരം സംശയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ബഹുസ്വര സമൂഹത്തില്‍ ജമാഅത്ത് ആശയങ്ങളെക്കുറിച്ച് ആശങ്കകളുണ്ടാവുക സ്വാഭാവികമാണ്; പ്രത്യേകിച്ച് ഹിന്ദുത്വം മുഖ്യ ആദര്‍ശമാക്കിക്കൊണ്ട് സംഘ്‌പരിവാര്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍. ശ്രീരാമ സേന, ബജ്‌റംഗ്‌ദള്‍, ശിവസേന, ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയവ സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വൃത്തികെട്ട മുഖത്തിന്റെ ഇസ്‌ലാമികപതിപ്പല്ല ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശമെന്ന് പൊതുസമൂഹത്തെ ബോധിപ്പിക്കാന്‍ കുറച്ചുകൂടി ശ്രമം നടക്കേണ്ടിയിരിക്കുന്നു. സംശയങ്ങള്‍ കൂടുതലായി നിലനില്‍ക്കുന്നത് താഴ്‌ന്ന തലങ്ങളിലായിരിക്കും. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക് വംശത്തിന്റെയോ ദേശീയതയുടെയോ അടിസ്ഥാനത്തിലുള്ള ആദര്‍ശമല്ല ഇസ്‌ലാമെന്നു കാണാന്‍ പ്രയാസമില്ല. ഇസ്‌ലാമിക രാഷ്‌ട്രീയ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമാവില്ലെന്നതും പെട്ടെന്നു തന്നെ മനസ്സിലാവുന്ന കാര്യമാണ്. ഇസ്‌ലാമില്‍നിന്ന് ഏറെ അകന്ന ഇന്നത്തെ ഗള്‍ഫ് ഭരണകൂടങ്ങളുടെ പ്രവൃത്തികളില്‍ പോലും ഇക്കാര്യത്തില്‍ കാണുന്ന മാനവികമായ സമീപനത്തിന്റെ ഒരു ഉദാഹരണമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടി.എ റസാഖിന്റെ `പെരുമഴക്കാലം' എന്ന ചിത്രം. ഗള്‍ഫില്‍ വെച്ച് പാലക്കാട്ടെ പട്ടര്‍ ചെക്കനെ കൊന്ന കോഴിക്കോട്ടെ മാപ്പിളച്ചെക്കന് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുന്നതും പ്രസ്‌തുത ശിക്ഷ ഇളവ് ചെയ്യാനുള്ള അര്‍ഹത കൊല്ലപ്പെട്ട പട്ടര്‍ ചെക്കന്റെ ഭാര്യക്കു മാത്രമാവുന്നതുമൊക്കെ ഇസ്‌ലാമിന്റെ നീതിന്യായ വ്യവസ്ഥക്കു മുമ്പില്‍ സമുദായ ഭേദമില്ലെന്നതിന്റെ വിളംബരങ്ങളാണ്. അല്‍പം ശ്രമിച്ചാല്‍ ഇക്കാര്യത്തിലുള്ള ധാരണാപിശകുകള്‍ പൂര്‍ണമായി മാറ്റിയെടുക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. ലിഖിതവും ഭേദപ്പെടുത്താവുന്നതുമായ ഭരണഘടനയുള്ള ഇന്ത്യയില്‍ നാടിന്റെ കൂടുതല്‍ മെച്ചപ്പെട്ട നാളേക്കു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ അവകാശമുണ്ട്. നിയമവിധേയമായ വഴികളില്‍ കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നതിനാല്‍ ജനങ്ങളില്‍ ഭൂരിപക്ഷം അംഗീകരിച്ചാല്‍ മാത്രമേ അതിന്റെ ആശയങ്ങള്‍ നടപ്പിലാവുകയുള്ളൂ. അതുകൊണ്ടുതന്നെ അടിച്ചേല്‍പിക്കലിന്റെ പ്രശ്‌നം ഉദിക്കുന്നതേയില്ല. നിയമം കൈയിലെടുക്കുകയും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുകയും അന്യസമുദായക്കാരെ ജീവനോടെ ചുട്ടുകരിക്കുകയും ചെയ്യുന്നവരുടെ ആദര്‍ശത്തെ ഇതുമായി സമീകരിക്കാവുന്നതല്ല.
ഇനിയുള്ളത് അടുത്ത തലമാണ്. ജനങ്ങളില്‍ ഭൂരിപക്ഷം ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം അംഗീകരിക്കുന്ന അവസ്ഥയെക്കുറിച്ച് സങ്കല്‍പിക്കാമല്ലോ. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെപ്പോലെയല്ല ഇക്കാര്യത്തില്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ അവസ്ഥ. അവയില്‍ പലതിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം വര്‍ധിച്ചുവരികയാണ്. ഇസ്‌ലാമിന് ഭൗതികമല്ലാത്ത കാര്യങ്ങളിലും അതിന്റേതായ കാഴ്‌ചപ്പാടുകളും ചിട്ടവങ്ങളുമുണ്ടല്ലോ. നമസ്‌കാരവും നോമ്പും ഹജ്ജുമൊക്കെ ഇസ്‌ലാം കാര്യങ്ങളാണു താനും. എന്നാല്‍ ആധുനിക പാശ്ചാത്യ നാഗരികതക്കാണെങ്കില്‍ അങ്ങനെയൊന്നുമില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക രാഷ്‌ട്രീയമെന്നത് ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൈകടത്തുന്ന ഒരേര്‍പ്പാടാവുകയും നമസ്‌കരിക്കാത്തവരും നോമ്പനുഷ്‌ഠിക്കാത്തവരുമൊക്കെ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ചുള്ള ഭയം സ്വാഭാവികമാണ്. ജമാഅത്ത് വൃത്തങ്ങളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രവാചകന്റെ മദീനാ മാതൃകയെക്കുറിച്ചുള്ള ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ ശ്ലാഘനീയമാണ്. ആധുനിക സെക്യുലരിസത്തിന്റെ ഉല്‍പത്തിയില്‍ തന്നെ ഇസ്‌ലാമിക രാഷ്‌ട്രീയ വ്യവസ്ഥക്കുള്ള പങ്കിനെക്കുറിച്ചും ചര്‍ച്ച നടക്കണം.
ഇനിയുള്ളത് അവസാനത്തെ തലമാണ്. ബൗദ്ധികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്കിടയിലാണ് ഇത്തരം കാഴ്‌ചപ്പാടുകള്‍ വ്യാപകമായി നിലനില്‍ക്കുന്നത്. ഇതുവരെ ചര്‍ച്ച ചെയ്‌ത രണ്ട് തലങ്ങളും ജമാഅത്ത് വൃത്തങ്ങള്‍ ചെറിയ തോതിലെങ്കിലും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്ന തലത്തെ ജമാഅത്ത് ഏതാണ്ട് അവഗണിച്ച മട്ടാണ്. ഇസ്‌ലാം ദൈവികവ്യവസ്ഥയാണെങ്കിലും അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടേതു പോലുള്ള മതധാര്‍മികതക്ക് പ്രാമുഖ്യമുള്ള രാഷ്‌ട്രീയ കാഴ്‌ചപ്പാടിന് വരും ഭാവിയില്‍ പ്രസക്തിയുണ്ടെന്ന് നല്ലൊരു വിഭാഗം സെക്യുലര്‍ പണ്ഡിതന്മാര്‍ കരുതുന്നുണ്ട്. ആധുനിക പാശ്ചാത്യ നാഗരികതയുടെ പരാജയത്തില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നത്. യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ക്കാണല്ലോ ഉത്തരാധുനിക കാലത്ത് പ്രാമുഖ്യവും.
മനുഷ്യന്റെ ഭോഗതൃഷ്‌ണയോടാണ് ആധുനിക പാശ്ചാത്യ നാഗരികത സംവദിക്കുന്നത്. ആര്‍ക്കും എന്തും ചെയ്യാം. ചെയ്യുന്ന കാര്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും അസൗകര്യമുണ്ടാക്കുകയും അവര്‍ പരാതിപ്പെടുകയും ചെയ്‌തെങ്കില്‍ മാത്രമേ പ്രശ്‌നമുള്ളൂ. അങ്ങനെയാണെങ്കില്‍ തന്നെ രക്ഷപ്പെടാനുള്ള ഏതു വഴിയും തേടും. കോടതിയില്‍ ഏതു വക്കീലും കള്ളം പറയും. മറുപക്ഷം അത് വാസ്‌തവവിരുദ്ധമാണെന്ന് തെളിവു സഹിതം തെളിയിച്ചെങ്കില്‍ മാത്രമേ പ്രശ്‌നമുള്ളൂ. കാര്യങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരായ ഒരു സമൂഹത്തില്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു രാഷ്‌ട്രീയ -നീതിന്യായ വ്യവസ്ഥക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകൂ. അല്ലാത്തിടങ്ങളില്‍ ചൂഷണത്തിന് അത് വഴിയൊരുക്കും. ഇതാണ് ആധുനിക ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ആധുനിക പാശ്ചാത്യ നാഗരികതക്ക് വിപരീതമായി മത/ധാര്‍മിക വ്യവസ്ഥകള്‍ ഊന്നുന്നത് ഭൗതിക പ്രപഞ്ചത്തിന്നതീതമായ ഒരു അദൃശ്യശക്തിയിലുള്ള വിശ്വാസത്തിലാണ്. ഈ വിശ്വാസത്തെ കേവലം ആത്മീയ ചര്‍ച്ചകളിലൊതുക്കി നിര്‍ത്തുകയാണ് അരാഷ്‌ട്രീയ മതപ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അതിനു പകരം മനുഷ്യന്റെ സാമൂഹികജീവിതത്തില്‍ ഇത് ഉപയോഗപ്പെടുത്താവുന്നതാണല്ലോ. ആധുനിക ഭൗതികവാദ ദര്‍ശനങ്ങളുടെ പരാജയം ഈ അന്വേഷണത്തിന് പ്രസക്തി വര്‍ധിപ്പിക്കുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ അധികാരത്തില്‍ വന്നവര്‍ കടുത്ത ഏകാധിപതികളായി മാറിയ അനുഭവം ചെഷസ്‌ക്യൂവിന്റെയും സദ്ദാം ഹുസൈന്റെയുമൊക്കെ ചരിത്രത്തിലുണ്ടല്ലോ. വിമോചന ദൈവശാസ്‌ത്രം ഉന്നംവെക്കുന്നത് സാമൂഹിക ജീവിതത്തില്‍ മതത്തിന്റെ പുരോഗമനാത്മകമായ ഇടപെടലിനെയാണ്; സാമൂഹിക ജീവിതത്തില്‍നിന്ന് മതം ഉള്‍വലിഞ്ഞ് ആത്മീയതയിലൊതുങ്ങുന്ന അവസ്ഥയെയല്ല. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന് ഈ ചര്‍ച്ചയില്‍ പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ വിഘടനവാദികളും പാകിസ്‌താന്റെ സ്രഷ്‌ടാക്കളുമായി മാറിയത് പാശ്ചാത്യ മതേതര ജീവിതശൈലി സ്വീകരിച്ചവരാണ്. എന്നാല്‍ ഇസ്‌ലാമിന്റെ വക്താക്കളായ ആസാദും മൗദൂദിയും മുതല്‍ കേരളത്തിലെ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് വരെ നിലകൊണ്ടത് അവിഭക്ത ഭാരതത്തിനു വേണ്ടിയാണ്. ഇക്കാര്യം തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇ.എം.എസ് ചര്‍ച്ചാ വിധേയമാക്കിയിട്ടുണ്ട്. അസ്‌ഗര്‍ അലി എഞ്ചിനീയറും ഇക്കാര്യം ചൂണ്ടിക്കാട്ടാതിരുന്നിട്ടില്ല.13 പാന്‍ ഇസ്‌ലാമിസമാണ് ലോകത്തിലെ പല രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമരത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ചതെന്ന നിരീക്ഷണവുമുണ്ട്. കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ പോലും ഇസ്‌ലാംമത വിശ്വാസം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉല്‍പത്തി പോലും ഹിജ്‌റ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരില്‍ നിന്നാണെന്ന നിരീക്ഷണവും തള്ളിക്കളയാനാവില്ല. ഇക്കാര്യങ്ങളൊക്കെ അംഗീകരിക്കുന്ന സെക്യുലര്‍ പണ്ഡിതന്മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. ഇസ്‌ലാമിക രാഷ്‌ട്രീയ വ്യവസ്ഥ നിശ്ചല രാഷ്‌ട്രീയ വ്യവസ്ഥയാകില്ലേയെന്നതാണത്. മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ തെറ്റുകള്‍ തിരുത്തിക്കൊണ്ട് മുമ്പോട്ട് പോവുകയാണല്ലോ മനുഷ്യസമൂഹം. ഇതിനിടയില്‍ ഒന്നര സഹസ്രാബ്‌ദം മുമ്പ് രൂപം കൊണ്ടതോ പൂര്‍ത്തീകരിക്കപ്പെട്ടതോ ആയ ഒരു ജീവിതദര്‍ശനത്തെയും ഗ്രന്ഥത്തെയും ആധാരമാക്കി ആധുനിക കാലത്ത് ഒരു രാഷ്‌ട്രീയ വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നത് സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് തടസ്സമാവില്ലേയെന്ന സംശയം സ്വാഭാവികമാണ്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും ഇസ്‌ലാമിക രാഷ്‌ട്രീയ വ്യവസ്ഥിതിയെക്കുറിച്ചും ഇന്ന് നിലനില്‍ക്കുന്ന വിമര്‍ശനങ്ങളില്‍ ഏറ്റവും വസ്‌തുനിഷ്‌ഠവും സ്ഥാപിത താല്‍പര്യവിമുക്തവുമായത് ഇതാണ്. മറുഭാഗത്ത് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തീരെ ശ്രദ്ധിക്കാത്ത ഒരു വിമര്‍ശനവും ഇതാണ്. ഈ ആരോപണത്തിന് മറുപടി പറയാനുള്ള കഴിവുകേടുകൊണ്ടാണ് അതെന്ന് ഇതെഴുന്നയാള്‍ കരുതുന്നില്ല. സ്ഥാപിത താല്‍പര്യ വിമുക്തമായതിനാല്‍ തന്നെ ഈ വിമര്‍ശനം പ്രകോപനാത്മകമല്ല. അക്കാരണത്താലാവാം ഇത് പരിഗണിക്കപ്പെടാതെ പോകുന്നത്. ജമാഅത്തിന്റെ പഴയ നിലപാടനുസരിച്ച് ഈ ചോദ്യം പ്രസക്തമല്ലായിരിക്കാം. കാരണം മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്, ഇസ്‌ലാമും അതിന്റെ ഗ്രന്ഥമായ ഖുര്‍ആനും ദൈവദത്തമാണെന്നാണ്. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ചെയ്യുന്നതാവട്ടെ ഇസ്‌ലാം പ്രബോധനം ചെയ്യുകയാണ്. അതിനോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ച് ഭൂരിപക്ഷം ഇസ്‌ലാമിലേക്ക് വന്നാല്‍ മാത്രമേ ഇപ്പറഞ്ഞ ചോദ്യത്തിന് പ്രസക്തിയുള്ളൂ. അത്തരത്തിലുള്ള ഭൂരിപക്ഷമാവട്ടെ, ഇസ്‌ലാമും ഖുര്‍ആനും ദൈവദത്തമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. എന്നാല്‍ ഇന്നാവട്ടെ, നിലവിലുള്ള രാഷ്‌ട്രീയ വ്യവസ്ഥയില്‍ തന്നെ ജമാഅത്ത് ഇടപെടുന്നതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ഇത്തരം ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം ശക്തമാണ് ജമാഅത്തിന്റെ ആശയപരമായ അടിത്തറ. എന്നാല്‍ പ്രശ്‌നങ്ങള്‍ കിടക്കുന്നത് അവിടെയല്ല.
ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പലപ്പോഴും മറന്നുപോകുന്ന ഒന്നാണ് മറ്റുള്ള മുസ്‌ലിം മതസംഘടനകളില്‍ നിന്ന് ജമാഅത്തിനുള്ള വ്യത്യാസം. കേരളത്തിലെ മറ്റുള്ള മുസ്‌ലിം മതസംഘടനകള്‍ സ്വയം അരാഷ്‌ട്രീയ പാത സ്വീകരിച്ചവയാണ്; ഭൗതിക നേട്ടമാണതിനു കാരണം. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ക്കെതിരെ പോരാടുന്നത് അനിസ്‌ലാമികമാണെന്ന ഫത്‌വയിറക്കിയും അതിനു ശേഷം 9/11 അനന്തരകാലത്ത് സമുദായം ഇസ്‌ലാമോഫോബിയയുടെ ഇരയായി മാറുമ്പോള്‍ തീവ്രവാദവിരുദ്ധ കാമ്പയിനുകള്‍ നടത്തിയും അസിമാനന്ദമാര്‍ ബോംബ് പൊട്ടിക്കുമ്പോള്‍ അത് കാണാതിരുന്നും കച്ചവടം ലാഭകരമായി നടത്താം. ഇടക്ക് വല്ല ചേകന്നൂര്‍ കേസിലോ മറ്റോ പേര് വലിച്ചിഴക്കപ്പെട്ടാല്‍ രാഷ്‌ട്രീയക്കാരുടെ കാലു പിടിച്ചോ വോട്ട് ബാങ്ക് കാട്ടി അവരെ ഭീഷണിപ്പെടുത്തിയോ രക്ഷപ്പെടാം. എന്നാല്‍ ഇതല്ലാത്ത വഴി സ്വീകരിച്ച ജമാഅത്ത് ആശയതലത്തില്‍ സൂക്ഷ്‌മത പുലര്‍ത്തേണ്ടതുണ്ട്.
കേരളത്തിലെ അരാഷ്‌ട്രീയവാദി മതസംഘടനകളെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമെന്നു പറയുന്നത് ചില ആചാരനുഷ്‌ഠാനങ്ങളാണ്. അവയിലെ ചര്‍ച്ചകള്‍ നിശ്ചലമാണെന്നു കാണാം. അനുഷ്‌ഠാനങ്ങള്‍ കെട്ടിലും മട്ടിലും അതേ പടി തുടര്‍ന്നില്ലെങ്കില്‍ ബിദ്‌അത്താണ്. കേരളത്തില്‍ പരസ്‌പരം പോരടിച്ചു നില്‍ക്കുന്ന അരാഷ്‌ട്രീയവാദി മതഗ്രൂപ്പുകളുടെ ഇസ്‌ലാം ചില അനുഷ്‌ഠാനങ്ങള്‍ക്കു ചുറ്റും കറങ്ങുന്നുവെന്നതിനാലാണ്, ഇജ്‌തിഹാദിന്റെ വാതില്‍ മദ്‌ഹബുകളുടെ ഇമാമുമാരോട് കൂടി കൊട്ടിയടച്ചുവെന്നു പറയുന്നവരെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നവര്‍ ഫലത്തില്‍ വാതില്‍ ഹദീസുകളോടുകൂടിത്തന്നെ കൊട്ടിയടച്ചത്. ഇവരുടെ ജമാഅത്ത് വിമര്‍ശനങ്ങളിലും ഈ കൊട്ടിയടക്കല്‍ നിലപാട് പ്രതിഫലിക്കുന്നതു കാണാം. കിനാലൂര്‍ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കേരളത്തിലെ അരാഷ്‌ട്രീയവാദി മതസംഘടനകളുടെ ജിഹ്വകളില്‍ മിക്കതും ജമാഅത്ത് മൗദൂദിയെ കൈയൊഴിക്കുന്നുവെന്ന് പഴിക്കുകയുണ്ടായി (ഇസ്‌ലാമിനെ കൈയൊഴിക്കുന്നുവെന്ന് പഴിച്ചില്ല).14 യഥാര്‍ഥത്തില്‍ മൗദൂദി കൊട്ടിയടക്കല്‍ നിലപാടിന്റെ വക്താവായിരുന്നില്ലെന്ന് അവിഭക്ത ഭാരതത്തിലും പിന്നീട് പാകിസ്‌താനിലും വിവിധ കാലഘട്ടങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ തമ്മിലുള്ള അന്തരത്തില്‍ നിന്ന് മനസ്സിലാക്കാം.
ഇവിടെ ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്ന അതേ ഗൗരവത്തില്‍ തന്നെ അതിനെതിരെയുള്ള ആരോപണങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്‌നങ്ങള്‍ ഉപരിപ്ലവമായ രാഷ്‌ട്രീയ സംവാദത്തിനപ്പുറം ആഴത്തിലുള്ള അക്കാദമിക ചര്‍ച്ച അര്‍ഹിക്കുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ മതത്തിന്റെ അരാഷ്‌ട്രീയവത്‌കരണം തുടങ്ങുന്നത് ആദ്യത്തെ നാലു ഖലീഫമാരുടെ ഭരണശേഷമാണ്. മുആവിയ എന്ന അഞ്ചാമത്തെ ഖലീഫ സ്വന്തം മകനെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതോടു കൂടിയാണ് അത് തുടങ്ങുന്നത്. ഇസ്‌ലാം കടപുഴക്കിയെറിഞ്ഞ രാജാധിപത്യം ഇസ്‌ലാമിന്റെ ലേബലില്‍ തന്നെ പുനഃസ്ഥാപിക്കപ്പെടുന്ന കാഴ്‌ചയാണ് പിന്നീട് നാം കാണുന്നത്. മുആവിയയുടെ മകന്‍ യസീദ് തികച്ചും സ്വേഛാധിപതിയായ ഒരു ഭരണാധിപനായിരുന്നു. മുമ്പ് രാഷ്‌ട്രീയ നേതൃത്വവും മതനേതൃത്വവും ഒരൊറ്റ വ്യക്തിയിലായിരുന്നു. എന്നാല്‍ വിഷയലമ്പടന്മാരും ധൂര്‍ത്തരുമായ ഭരണാധികാരികളുണ്ടായതോടു കൂടി ജനങ്ങള്‍ രാഷ്‌ട്രീയകാര്യങ്ങളില്‍ മാത്രം ഭരണാധികാരിയെ അനുസരിക്കുകയും മതപരമായ കാര്യങ്ങള്‍ സൂഫി ത്വരീഖത്തുകള്‍ പോലുള്ള കൂട്ടായ്‌മകളിലൂടെ നിര്‍വഹിക്കുകയും ചെയ്‌തു. ശക്തമായ മതവിശ്വാസം വെച്ചുപുലര്‍ത്തുന്നവരില്‍ അധികാര സ്ഥാപനങ്ങളോടുള്ള വിമുഖത അങ്ങനെയാണ് തുടങ്ങിയത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടു കൂടി അവരുടെ കീഴിലുള്ള സ്ഥാനമാനങ്ങളില്‍ നിന്ന് മുസ്‌ലിംകളില്‍ ശക്തമായ മതവിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ വിട്ടുനില്‍ക്കാന്‍ തുടങ്ങി. സ്വന്തം നാടിന്റെ ഭരണം തട്ടിയെടുത്ത വിദേശികളെന്ന വെറുപ്പും ബ്രിട്ടീഷുകാരോടുണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കീഴില്‍ ജോലി ചെയ്യുന്നത് മതപരമായി അനുവദനീയമാണോ എന്നാരാഞ്ഞുകൊണ്ട് പ്രമുഖ മതപണ്ഡിതനായിരുന്ന ശാഹ് അബ്‌ദുല്‍ അസീസിന് ലഭിച്ച കത്തുകള്‍ വില്യം ഡാള്‍റിമ്പ്‌ള്‍ ഉദ്ധരിക്കുന്നുണ്ട്. ഈ മനോഭാവത്തിന് ദാര്‍ശനികമായ അടിത്തറ നല്‍കുകയാണ് മൗദൂദി ചെയ്‌തത്.
രാജാധിപത്യത്തിനെതിരെയാണല്ലോ ജനാധിപത്യം നിലകൊള്ളുന്നത്. ഇത് മനസ്സിലാക്കപ്പെടുന്നത് രണ്ടു വിധത്തിലാണ്. കൈയൂക്കിന്റെയോ ഏതെങ്കിലും കുടുംബത്തില്‍ ജനിച്ചുവെന്നതിന്റെയോ അടിസ്ഥാനത്തില്‍ ആരെങ്കിലും അധികാരത്തിലെത്തുന്നതിനു പകരം ഭരണാധികാരിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന അവസ്ഥയാണ് ഒന്നാമത്തേത്. ഇത് ഇസ്‌ലാമിന്റെ ഭാഗമായി ജമാഅത്ത് അംഗീകരിക്കുകയും ഇസ്‌ലാമില്‍ നിന്ന് ആധുനിക-പാശ്ചാത്യ നാഗരികത കൈക്കൊണ്ടതാണെന്ന് വാദിക്കുകയും ചെയ്യുന്നു. രാജാവെന്ന ഒരു വ്യക്തിയുടെ ഇഛയുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുന്നതിനു പകരം ജനങ്ങള്‍ എന്ന ഒരു കൂട്ടം ആളുകളുടെ ഇഛയുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഒരു രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് എന്തും ചെയ്യാമെങ്കില്‍ മറ്റൊരു രാജ്യത്ത് രാസായുധം പ്രയോഗിക്കാനോ മറ്റൊരു രാജ്യത്ത് നിന്നുള്ള യുദ്ധത്തടവുകാരില്‍ മാരകമായ ഔഷധപരീക്ഷണം നടത്താനോ സാധിക്കും. ഇതൊക്കെ ലോകചരിത്രത്തില്‍ നടന്നതാണ്. രണ്ടാം ലോക യുദ്ധത്തിലെ ഭീകരമായ ഔഷധപരീക്ഷണമാണല്ലോ ന്യൂറംബര്‍ഗ് കോഡിലേക്ക് നയിച്ചത്. ദേശീയതക്കതീതമായി ലോകത്തിലെ ജനങ്ങള്‍ മൊത്തത്തില്‍ നിയമം നിര്‍മിക്കുകയാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ലല്ലോ എന്ന ചോദ്യം സ്വാഭാവികമാണ്. ഇവിടെ ഒരു തലമുറയുടെ ഇഛ അടുത്ത തലമുറക്കെതിരായിത്തീരാം. എല്ലാവര്‍ക്കും താല്‍പര്യമുള്ള കാര്യമെന്ന നിലയില്‍ വിവാഹേതര ലൈംഗികത നിയമവിധേയമാക്കുകയും വിവാഹ സമ്പ്രദായം നിരോധിക്കുകയും ചെയ്‌തുവെന്ന് കരുതുക (വിവാഹവും കുടുംബവുമൊക്കെ ബൂര്‍ഷ്വാ സ്ഥാപനങ്ങളാണെന്ന കാഴ്‌ചപ്പാടുണ്ടല്ലോ). ഇങ്ങനെ സംഭവിച്ചാല്‍ അടുത്ത തലമുറയില്‍ സഹോദരീ സഹോദരന്മാര്‍ ആരെന്നു തിരിച്ചറിയാനാവാതെ സഹോദരീ സഹോദരന്മാര്‍ പരസ്‌പരം ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടിവരും. മൗദൂദിയുടെ കാലത്ത് പാശ്ചാത്യ നാഗരികതയുടെ മുഖമുദ്ര ഇത്തരത്തിലുള്ള അമിത സ്വാതന്ത്ര്യവാദമായിരുന്നു. ഇത്തരത്തിലുള്ള അധാര്‍മികതകള്‍ തടയുന്നതിനായി ജനങ്ങളുടെ ഇഛക്കതീതമായിരിക്കണം നിയമനിര്‍മാണത്തിന്റെ മാനദണ്ഡമെന്ന് മൗദൂദി വാദിച്ചു. ഇതാണ് ജമാഅത്തിലും മൗദൂദിയിലും ആരോപിക്കപ്പെട്ട ജനാധിപത്യ വിരുദ്ധത. ഈ വാദം ലളിതമാണെന്നു തോന്നാമെങ്കിലും ചില വസ്‌തുതകള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നിലകൊള്ളുന്നുണ്ട്. ഇത്തരത്തില്‍ നിയമനിര്‍മാണത്തിന്റെ മാനദണ്ഡം മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നത് സമൂഹത്തിന്റെ പുരോഗതി തടയുകയില്ലേയെന്ന ചോദ്യം സ്വാഭാവികമാണല്ലോ. പലപ്പോഴും ഇതിന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നല്‍കുന്ന മറുപടി സങ്കുചിതമാണ്. എങ്കിലും ജമാഅത്ത് നിലപാടുകളെ അതിന്റെ ചരിത്രപശ്ചാത്തലത്തില്‍ വായിക്കുകയാണെങ്കില്‍ ചില നിഗമനങ്ങളില്‍ നമുക്കെത്താന്‍ സാധിക്കും. മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങളില്‍ സുന്നി വിഭാഗത്തിലാണല്ലോ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടുക. എങ്കിലും ചില ശീഈ നിലപാടുകളെ മൗദൂദി അംഗീകരിക്കാതിരുന്നിട്ടില്ല. മൂന്നാം ഖലീഫയുടെ കാലത്ത് നടന്ന രാഷ്‌ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളാണുദാഹരണം. സുന്നി-ശീഈ മുഖ്യധാരകളില്‍ ഉള്‍പ്പെടുത്താനാവാത്ത ചില ചിന്താസരണികളും ഇസ്‌ലാമിക ചരിത്രത്തില്‍ ഉടലെടുത്തിട്ടുണ്ടല്ലോ. അത്തരത്തിലുള്ള പ്രബലമായ രണ്ടെണ്ണമാണ് ഖവാരിജി, മുഅ്‌തസലി ആശയങ്ങള്‍. ജമാഅത്തിന്റെ നിലപാടുകള്‍ ഇവയില്‍ ഒന്നാമത്തേതിന്റെ ആശയങ്ങളോട് സാമ്യത പുലര്‍ത്തുന്നുവെന്ന ആരോപണമുണ്ട്. ചില കാര്യങ്ങളില്‍ അത് ശരിയാണ് താനും. ശീഈകള്‍ നേതൃത്വത്തിനുള്ള അവകാശം പ്രവാചകകുടുംബത്തില്‍ പെട്ടവര്‍ക്കു മാത്രമാണല്ലോ വകവെച്ചു കൊടുത്തത്. സുന്നികള്‍ ഇപ്രകാരം വാദിക്കുന്നില്ലെങ്കിലും അവര്‍ അംഗീകരിക്കുന്ന ആദ്യകാല നേതൃത്വം ഖുറൈശി പ്രമാണിവര്‍ഗത്തില്‍ പെട്ടവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഖവാരിജുകള്‍ വാദിച്ചതാവട്ടെ, ഏതു വിശ്വാസിക്കും വിശ്വാസി സമൂഹത്തിന്റെ നേതൃത്വത്തിന് അര്‍ഹതയുണ്ടെന്നാണ്. നേതൃത്വത്തെ കുറിച്ചുള്ള ജമാഅത്ത് വീക്ഷണങ്ങളുമായും ആധുനിക ജനാധിപത്യവുമായും ഇത് സാമ്യത പുലര്‍ത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ജമാഅത്തിന്റെ ആന്തരിക ഘടന. ജമാഅത്തിലെ ഏതൊരംഗത്തിനും അതിന്റെ അമീറാകാം. ജനാധിപത്യപരമാണ് ഈ സംവിധാനം. മത സംഘടനയല്ലാത്ത മുസ്‌ലിം ലീഗില്‍ പോലും സംസ്ഥാന പ്രസിഡന്റിന്റെ പദവി, പ്രവാചക കുടുംബത്തില്‍ പെട്ടവരാണ് നേതൃത്വത്തിന് കൂടുതല്‍ യോഗ്യര്‍ എന്ന ശീഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാവാം തങ്ങള്‍ വിഭാഗത്തിനായി നീക്കിവെക്കപ്പെട്ടത്. ഖുര്‍ആനു പുറത്തുള്ള നിയമനിര്‍മാണത്തെ അംഗീകരിക്കുന്നുവെന്ന കാരണത്താല്‍ മുഅ്‌തസിലി വിഭാഗത്തെ പുരോഗമനവാദികളായി മതേതര പക്ഷത്തുള്ളവര്‍ ഗണിക്കാറുണ്ട്. എന്നാല്‍ അതുകൊണ്ടു മാത്രം മുഅ്‌തസിലി വിഭാഗത്തെ ജനാധിപത്യവാദികളായി കണക്കാക്കാനാവില്ല. മുഅ്‌തസിലി ആശയങ്ങളെയാണല്ലോ ഏകാധിപതികള്‍ കൂടുതല്‍ ദുരുപയോഗപ്പെടുത്തിയിട്ടുള്ളത്. നിശ്ചല ഗ്രന്ഥവാദത്തിനെതിരെ മുഅ്‌തസിലീ ആശയങ്ങള്‍ പുരോഗമനാത്മകമാണെങ്കില്‍ രാജാധിപത്യത്തിനെതിരെ ഖവാരിജീ ആശയങ്ങള്‍ പുരോഗമനാത്മകമാണ്. മുഖ്യധാരാ സുന്നീ-ശീഈ ആശയങ്ങള്‍ക്കു പുറമെ ഈ രണ്ടിന്റെയും നല്ല ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നാല്‍ മാത്രമേ ഇസ്‌ലാമിക രാഷ്‌ട്രീയം ചലനാത്മകമാവുകയുള്ളൂ. അല്ലെങ്കില്‍ ജമാഅത്തിനെതിരെ `യുഗനായകന്‍ ഔട്ട്' എന്ന പരിഹാസ ലേഖനമെഴുതിയവരുടെ മനസ്സ് പോലെ കൊട്ടിയടക്കപ്പെട്ടതായിരിക്കും അത്. ഇത് പറയുമ്പോള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ പിഴച്ചവരെന്ന് മുദ്ര കുത്തപ്പെട്ട രണ്ട് പ്രസ്ഥാനങ്ങളില്‍ നന്മയുണ്ടോ എന്ന ചോദ്യം ഉയരാം. ഇസ്‌ലാമിന്റെ തനിമയെന്നത് മുസ്‌ലിംസമുദായത്തിലെ അവാന്തര വിഭാഗങ്ങളുടെ മതില്‍കെട്ടുകള്‍ക്കപ്പുറത്താണ്. ചലനാത്മകമായ മനുഷ്യസമൂഹത്തെ സൃഷ്‌ടിച്ച ദൈവം തന്നെയാണ് ഇസ്‌ലാമെന്ന ജീവിതപദ്ധതി ആവിഷ്‌കരിച്ചതെങ്കില്‍ അതില്‍ ചലനാത്മകതക്ക് നിശ്ചയമായും ഇടമുണ്ടായിരിക്കും. ഇസ്‌ലാമിന്റെ സാമൂഹിക കാഴ്‌ചപ്പാടുകളുടെ മാനം വിശാലമാണ്. അതില്‍ `ഹുദൂദി'ന് മാത്രമല്ല `തഅ്‌സീറി'നും സ്ഥാനമുണ്ട്. ഇക്കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് നയനിലപാടുകള്‍ ആവിഷ്‌കരിച്ചാല്‍ ഇപ്പറഞ്ഞ വിമര്‍ശനം ജമാഅത്തിനെക്കുറിച്ചുണ്ടാവില്ല.
(അവസാനിച്ചു)
(കാസര്‍കോട് ഉദുമ സ്വദേശിയാണ് ലേഖകന്‍. കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ലക്‌ചററായി ജോലി ചെയ്യുന്നു. സംവരണം എന്ന സ്വന്തം കൃതി കൂടാതെ ജമാഅത്തെ ഇസ്‌ലാമി നയ വൈകല്യങ്ങള്‍, കേരള മുസ്‌ലിം നവോത്ഥാനം ഒരു പൊളിച്ചെഴുത്ത്, വഹാബിസം-സാമ്രാജ്യത്വം-പൗരോഹിത്യം: ആശയപ്രതിസന്ധികള്‍ എന്നീ കൃതികളുടെ സഹകര്‍ത്താവു കൂടിയാണ്. മലയാളം ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്).
കുറിപ്പുകള്‍
12. കെ.ഇ.എന്‍, ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയും മുഖ്യ വിപത്തല്ല, ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ്, 2010 ജൂണ്‍.
13. ഇസ്‌ലാമും മതനിരപേക്ഷതയും, ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം പേജ് 10.
14. യുഗനായകന്‍ ഔട്ട്, രിസാല കവര്‍സ്റ്റോറി, 2010 ജൂണ്‍ 19.