വാഗാ അതിര്‍ത്തി കടന്ന് പാകിസ്‌താനില്‍
ബിശ്‌റുദ്ദീന്‍ ശര്‍ഖി
പഞ്ചാബിലെ മുഴുവന്‍ പരിപാടികളും ന്യൂട്രേഡ് യൂനിയന്‍ ഇനിഷ്യേറ്റീവ് ആണ് സംഘടിപ്പിച്ചിരുന്നത്. ചണ്ഡിഗഡ്, ലുധിയാന, മലേര്‍ കോട്‌ല, അമൃതസര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിപാടികള്‍. ഹര്‍കിഷിന്‍ സിംഗ് സുര്‍ജിതിന്റെ നേതൃത്വത്തില്‍ താല്‍പര്യം നഷ്‌ടപ്പെട്ട സി.പി.എം അണികള്‍ പഞ്ചാബില്‍ എന്‍.ടി.യു.ഐ ഓടൊപ്പമാണ്. കര്‍ഷകരിലും ഫാക്‌ടറി തൊഴിലാളികളിലും സ്വാധീനമുണ്ട് സംഘടനക്ക്. പഞ്ചാബ് ഘടകം സെക്രട്ടറി സഖാവ് ചന്ദ്രശേഖന്‍ നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിച്ചു. മലേര്‍കോട്‌ലയില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമി, എസ്.ഐ.ഒ പ്രവര്‍ത്തകരുള്‍പ്പെട്ട ഒരു സംഘം ഒരു ബസില്‍ കാരവനെ പഞ്ചാബിലുടനീളം അനുഗമിച്ചു. പഞ്ചാബിലെ കര്‍ഷക ഗ്രാമങ്ങളിലൂടെയുള്ള അനുഭൂതിദായകമായ യാത്ര മറക്കാനാവാത്തതാണ്. രണ്ടു ദിവസവും ഗ്രാമീണരുടെ വീടുകളിലായിരുന്നു താമസം. പഞ്ചാബി ആതിഥ്യമര്യാദയും ഭക്ഷണ വൈവിധ്യവും ജാഥാംഗങ്ങള്‍ ആവോളം ആസ്വദിച്ചു. ചോളമാവു കൊണ്ടുണ്ടാക്കുന്ന കട്ടിയുള്ള പത്തിരിയും കടുകില അരച്ചു കൊഴുപ്പിച്ച കൂട്ടാനും പഞ്ചാബി കര്‍ഷക വീടുകളില്‍ അതിഥികള്‍ക്കായി കരുതുന്ന പ്രധാന വിഭവമാണ്. റൊട്ടിയോടൊപ്പം പലതരം പച്ചക്കറികള്‍ അരിഞ്ഞിട്ട് മസാല ചേര്‍ത്തുണ്ടാക്കുന്ന കറികള്‍ മലയാളികളുടെ തീന്മേശകള്‍ക്കിന്നും പരിചയമില്ലാത്തതാണ്.
പഞ്ചാബിലുണ്ടായിരുന്ന രണ്ട് ദിവസവും അംഗങ്ങള്‍ ഏഴു ഗ്രൂപ്പുകളായി പിരിഞ്ഞ് വ്യത്യസ്‌ത വീടുകളിലായിരുന്നു താമസം. ഭക്ഷണത്തിനു മുമ്പ് ഗ്രാമീണരും ജാഥാംഗങ്ങളും ഒരുമിച്ചിരുന്ന് സംസാരിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ലുധിയാനയില്‍ വെച്ച് മുംബൈയില്‍ നിന്നുള്ള ജാഥാംഗം ആരിഫ് കപാഡിയ സ്വയം എഴുതി അവതരിപ്പിച്ച `മേരാ ദോസ്‌ത് ഏ ഫിലസ്‌ത്വീന്‍... ഏഷ്യാ ആ രഹാഹെ' എന്നു തുടങ്ങുന്ന ഗാനം ഗ്രാമീണരെല്ലാം ആവേശത്തോടെ ഏറ്റു ചൊല്ലി. മുംബൈയില്‍ വീടില്ലാതെ തെരുവില്‍ ജീവിക്കുന്ന യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരനാണ് ആരിഫ്. ഈ ഗാനം പിന്നീട് കാരവന്റെ പാട്ടായി മാറി. ഗസ്സയിലെത്തുവോളം വിവിധ രാജ്യങ്ങളില്‍ വിവിധ സദസ്സുകളില്‍ ആരിഫ് ഈ പാട്ടുപാടി.
ഡിസംബര്‍ 5-ന് സംഘം വാഗാ അതിര്‍ത്തിയിലെത്തി. അമൃതസറില്‍ നിന്ന് 35 കിലോമീറ്ററോളം സഞ്ചരിക്കണം അട്ടാരിയിലുള്ള വാഗയിലെത്താന്‍. വാഗയിലെത്തിയപ്പോഴാണറിയുന്നത്, അതിര്‍ത്തി കടക്കാനുള്ള അനുമതി ഇപ്പോഴും ബോര്‍ഡര്‍ ഓഫീസില്‍ എത്തിയിട്ടില്ല. മനഃപൂര്‍വമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഉച്ചക്കു ശേഷം വാഗാ അതിര്‍ത്തിയില്‍ സംഘാംഗങ്ങള്‍ കുത്തിയിരിപ്പ് നടത്തി. ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിക്കെതിരില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഡോ. സുരേഷ് ഖൈര്‍നാര്‍, തസ്‌ലിം റഹ്‌മാനി, എ.ഐ.എസ്.എയുടെ വൈസ് പ്രസിഡന്റ് അസ്‌ലം ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതിര്‍ത്തിയില്‍ വെച്ച് നടന്ന യോഗത്തില്‍ പാക് സന്ദര്‍ശനം വേണ്ടെന്നു വെക്കാനാണ് തീരുമാനം. അതേസമയം ഇന്ത്യന്‍ മീഡിയയുടെ മുന്നില്‍ പ്രശ്‌നം കുറേകൂടി ഗൗരവത്തില്‍ കൊണ്ടുവരാനും ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള ചുമതലകള്‍ ബന്ധപ്പെട്ടവരെ ഏല്‍പിച്ചു. അപ്പോഴേക്കും ഫലസ്‌ത്വീനിലേക്കുള്ള സഹായ വസ്‌തുക്കളുമായി പോകുന്ന കാരവനെ ഇന്ത്യന്‍ ഗവണ്‍മെന്റ് തടഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു. യാത്രാ സംഘത്തെ തടഞ്ഞ ഇന്ത്യന്‍ സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് ഡോണ്‍ അടക്കമുള്ള പാക് പത്രങ്ങളും എഴുതി.
ദല്‍ഹിയിലേക്ക് തിരിച്ചു മടങ്ങുക എന്ന് തീരുമാനിച്ചപ്പോള്‍ താമസം, ഭക്ഷണം തുടങ്ങിയവ ഒരു പ്രശ്‌നമായി മുന്നില്‍ വന്നു. പഞ്ചാബിലെ സംഘാടകര്‍ അവരുടെ ദൗത്യം നിര്‍വഹിച്ച് പിന്മടങ്ങിയിരുന്നു. തിരിച്ച് ദല്‍ഹിയിലേക്ക് പുറപ്പെടുമ്പോള്‍ ദല്‍ഹിയിലെത്തി എന്തു ചെയ്യുമെന്ന് സംഘാടകര്‍ക്ക് ധാരണയില്ലായിരുന്നു. പ്രായോഗിക നേതൃത്വത്തിന്റെ അഭാവവും പരിചയക്കുറവും മൂലം സംഘാടനത്തില്‍ പാളിച്ചകള്‍ വരുന്നതായി തോന്നിത്തുടങ്ങിയ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു ഇത്. പ്രസ്ഥാന പ്രവര്‍ത്തകരായിരുന്ന ഞങ്ങള്‍ മൂന്നു പേര്‍-ശഹിന്‍, ഗൗഹര്‍ ഇഖ്‌ബാല്‍, ഈ ലേഖകന്‍- പ്രതിസന്ധി മറി കടക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. ദല്‍ഹി ജമാഅത്ത് ഹെഡ് കോര്‍ട്ടേഴ്‌സുമായി ബന്ധപ്പെട്ട് താമസത്തിനും ഭക്ഷണത്തിനും ഏര്‍പാട് ചെയ്‌തു. ചില കേന്ദ്രങ്ങളില്‍നിന്ന് പണം സംഘടിപ്പിച്ച് തിരിച്ചു ദല്‍ഹിയിലേക്കുള്ള ബസ് തയാറാക്കി. വഴിമധ്യേ അര്‍ധരാത്രിയോടടുത്ത സമയത്ത് ഉന്നതോദ്യോഗസ്ഥര്‍ വിളിച്ച് അനുമതി കിട്ടിയ കാര്യം സംഘാടകരെ അറിയിച്ചു. നാളെ വാഗാ അതിര്‍ത്തി കടക്കാം എന്നായിരുന്നു വാഗ്‌ദാനം. ഇതൊരു തന്ത്രമായിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു എല്ലാവര്‍ക്കും. അതിനാല്‍ ദല്‍ഹിക്കോ വാഗയിലേക്കോ പോകാതെ വഴിയിലെവിടെയെങ്കിലും ഗതിവിഗതികള്‍ നിരീക്ഷിച്ച് തങ്ങാം എന്നായിരുന്നു തീരുമാനിച്ചത്. പഞ്ചാബിലെ മലേര്‍കോട്‌ല ജമാഅത്തിന് ഗണ്യമായ സ്വാധീനമുള്ള സ്ഥലമാണ്. ബസ് അങ്ങോട്ട് തിരിച്ചുവിട്ടു. ജമാഅത്ത് പ്രവര്‍ത്തകര്‍ സംഘത്തെ രാത്രി സ്വീകരിക്കാന്‍ തയാറായെങ്കിലും സംഘാടകര്‍ എന്ന നിലക്ക് എന്‍.ടി.യു.ഐ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
വാഗയിലുണ്ടായ ഈ പ്രതിസന്ധിയോടെ കാരവന്റെ പ്രായോഗിക നേതൃത്വം ഈ ലേഖകനെയും ശഹിനെയും ഏല്‍പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും എസ്.ഐ.ഒയില്‍ നിന്നും ലഭിച്ച നേതൃപരിശീലനവും അര്‍പ്പണബോധവും കാരവന് അനിവാര്യമാണെന്ന് സന്ദീപ് പാണ്ഡേ, ഡോ. സുരേഷ് ഖൈര്‍നാര്‍, അജിത് സാഹി തുടങ്ങിയവര്‍ തുറന്നു പറഞ്ഞു. പാകിസ്‌താനില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഇത് നടപ്പിലാക്കണമെന്നവര്‍ കാരവന്റെ സംഘാടകരോടാവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ വാഗാ അതിര്‍ത്തിയില്‍ എത്തിയപ്പോഴേക്ക് കാരവന്റെ ചുമതലയും ഏതാണ്ട് ഞങ്ങളില്‍ വന്നുകഴിഞ്ഞിരുന്നു. കാരവന്റെ സംഘ അച്ചടക്കം ഉറപ്പ് വരുത്തുന്നതോടൊപ്പം ഓരോ അംഗത്തെയും പരിഗണിക്കലും വിവിധ ദൗത്യങ്ങളില്‍ അവരെ ആവശ്യാനുസരണം വിന്യസിക്കലും ഞങ്ങളുടെ ഉത്തരവാദിത്തമായി. മറ്റെല്ലാം മാറ്റിവെച്ച് കാരവന്‍ ഗസ്സയിലെത്തുന്നതുവരെ ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന ദൃഢനിശ്ചയത്തോടെയും പ്രാര്‍ഥനയോടെയുമാണ് ഞങ്ങള്‍ രണ്ടു പേരും വാഗാ അതിര്‍ത്തി കടന്നത്.
വാഗാ അതിര്‍ത്തിയില്‍
അമൃതസറിലെ സുവര്‍ണക്ഷേത്രവും ജാലിയന്‍വാലാബാഗും സന്ദര്‍ശിച്ചതിനു ശേഷമാണ് പാകിസ്‌താനിലേക്ക് കടക്കാനായി സംഘം വാഗാ അതിര്‍ത്തിയിലെത്തിയത്. ബംഗ്ലാദേശില്‍ നിന്നും പുറപ്പെട്ട് പാകിസ്‌താനിലെത്തുന്ന പഴയ ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ് വാഗ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബി.സി മൂന്നില്‍ ചന്ദ്രഗുപ്‌ത മൗര്യന്‍ തന്ത്രപ്രധാനമായ ഈ റോഡിന്റെ നിര്‍മാണം തുടങ്ങിവെച്ചു. പില്‍ക്കാലത്ത് ഷേര്‍ഷാസൂരി അത് പുനുരുദ്ധരിച്ചു. ഏറ്റുമുട്ടലുകളുടെയും അധിനിവേശത്തിന്റെയും പലായനത്തിന്റെയും കഥകള്‍ ഒരുപാടുണ്ട് ഈ പെരുമ്പാതക്ക് പറയാന്‍. ഈ പാതയുടെ ദല്‍ഹി മുതല്‍ അമൃതസര്‍ വരെയുള്ള ഭാഗം എന്‍.എച്ച് ഒന്ന് എന്നാണിപ്പോള്‍ അറിയപ്പെടുന്നത്. ചരക്കു കടത്താനായി എത്തിയ ട്രക്കുകളുടെ നീണ്ട നിര വാഗയില്‍ നമുക്ക് കാണാം. 2006 മുതല്‍ക്കാണ് വാഗയിലൂടെ തടസ്സമില്ലാത്ത ചരക്കു നീക്കം തുടങ്ങിയത്. അതിര്‍ത്തി വര കടന്ന് ഇരു രാജ്യത്തെയും ട്രക്കുകള്‍, ചരക്കുകള്‍ പരസ്‌പരം മാറ്റി പോവുകയാണ് അവിടത്തെ രീതി. പാക് ട്രക്കുകള്‍ക്ക് ഇന്ത്യയിലേക്കോ ഇന്ത്യന്‍ ട്രക്കുകള്‍ക്ക് പാകിസ്‌താനിലേക്കോ നേരിട്ട് ചരക്ക് കടത്താന്‍ കഴിയില്ലെന്നര്‍ഥം. യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാന്‍ 2004-ല്‍ തുടങ്ങിയ ദല്‍ഹി-ലാഹോര്‍ ബസും അട്ടാരി സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സംഝോതാ എക്‌സ്‌പ്രസുമാണുള്ളത്. അതിര്‍ത്തിയില്‍ നില്‍ക്കുമ്പോള്‍ ദല്‍ഹി-ലാഹോര്‍ ലക്ഷ്വറി ബസ് കടന്നുപോകുന്നത് ഞങ്ങള്‍ കാണുകയുണ്ടായി.
എല്ലാ ദിവസവും സൂര്യാസ്‌തമയത്തോടടുത്ത് ഇരു രാജ്യത്തെയും സൈനികര്‍ നടത്തുന്ന പ്രത്യേകമായൊരു ചടങ്ങുണ്ട് വാഗയില്‍. പതാകകള്‍ താഴ്‌ത്തുകയും സൈനികര്‍ പരസ്‌പരം ഹസ്‌തദാനം നടത്തുകയും ചെയ്‌തതിനു ശേഷം കവാടങ്ങള്‍ അടക്കുന്ന ഈ ചടങ്ങ് കാണാന്‍ നല്ല കൗതുകമാണ്. സൈനികരുടെ ചടുലതയും യന്ത്രങ്ങളെപ്പോലുള്ള അവരുടെ മെയ്യനക്കങ്ങളും ആരെയും ആകര്‍ഷിക്കുന്നതാണ്. 1959-ല്‍ ആരംഭിച്ച് ഇന്നും തുടര്‍ന്നുപോരുന്ന ഈ ചടങ്ങ് കാണാന്‍ അയ്യായിരത്തിലധികം പേര്‍ എത്തുന്നുണ്ട് ദിവസവും അതിര്‍ത്തിയില്‍. സൈനികാഭ്യാസത്തിന്റെ കൗതുകക്കാഴ്‌ചക്കപ്പുറം ആയിരങ്ങളെ അതിര്‍ത്തിക്കിരുപുറവും ദിവസേന ഒരുമിച്ചു കൂട്ടുന്നതിനു പിന്നില്‍ ഉപഭൂഖണ്ഡത്തിലെ ജനത സൂക്ഷിക്കുന്ന ചില രാഷ്‌ട്രീയ അബോധങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കാനാണ് ഈ ലേഖകന് താല്‍പര്യം. പതിറ്റാണ്ടുകള്‍ക്കപ്പുറം ദുഷ്‌ട രാഷ്‌ട്രീയത്തിന്റെ കള്ളക്കളികളില്‍ വേറിട്ടുപോയ തങ്ങളുടെ സഹോദരങ്ങളെ കാണാനാണ് അസ്‌തമയങ്ങളില്‍ അവര്‍ ആര്‍പ്പുവിളികളുമായി വരുന്നത്. ചടങ്ങുകള്‍ നടക്കുന്ന അര മണിക്കൂര്‍ നേരത്തേക്ക്, വേരറ്റുപോയ തങ്ങളുടെ പരമ്പരകളെ അവര്‍ സാങ്കല്‍പികമായി വീണ്ടെടുക്കും. സൈനികരുടെ കനത്ത ബൂട്ട്‌സടി ശബ്‌ദങ്ങള്‍ ഉയരുമ്പോള്‍ മുഖാമുഖം നിന്ന് നമ്മളൊന്നാണെന്ന് അവര്‍ കൈവീശിക്കാണിക്കും. ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍ കവാടങ്ങള്‍ തുറക്കുന്ന ഒരു നാള്‍ വരുമെന്ന് പരസ്‌പരം വിട പറഞ്ഞു പിരിയും.
'Gaza caravan passes the wagah challenge' എന്നായിരുന്നു ദ ഡോണ്‍ പത്രം, ഞങ്ങള്‍ അതിര്‍ത്തി കടന്നതിനെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ തലവാചകം. ഇന്ത്യാ ഗവണ്‍മെന്റ് വാഗാ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നതിന് തടസ്സം നിന്നത്, പാകിസ്‌താനിലെ മറ്റു പത്രങ്ങളും വന്‍ വാര്‍ത്തയാക്കിയിരുന്നു. തലേദിവസം, കാരവന്റെ പാകിസ്‌താനിലെ സംഘാടകരായ ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ഞങ്ങളെ കാത്തിരിക്കുകയും നിരാശരായി പ്രതിഷേധ ധര്‍ണ നടത്തി തിരിച്ചുപോവുകയും ചെയ്‌തിരുന്നു. അവര്‍ സംഘടിപ്പിച്ച പരിപാടികളെല്ലാം അവര്‍ക്കു മാറ്റിവെക്കേണ്ടിവന്നു. ആവേശകരമായിരുന്നില്ല വാഗയുടെ പാക് അതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് ലഭിച്ച സ്വീകരണം. ഫലസ്‌ത്വീന്‍ പോലൊരു വിഷയത്തില്‍ പാകിസ്‌താന്‍ പോലൊരു മുസ്‌ലിം ഭൂരിപക്ഷ ദേശത്ത് ഉണ്ടാകേണ്ട അലകളും ആവേശവും അവിടെ കണ്ടില്ല. ചെറിയ ഒരു സംഘടനയാണ് പാകിസ്‌താന്‍ ലേബര്‍ പാര്‍ട്ടി. തന്നെയുമല്ല, സെക്യുലര്‍ സ്വഭാവം വെച്ചുപുലര്‍ത്തുന്ന ലേബര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായൊന്നും ഈ വിഷയത്തില്‍ സഹകരണം തേടിയിരുന്നില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഡോ. താരിഖ്, അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിമധ്യേ ജമാഅത്ത് പ്രവര്‍ത്തകരെ ജയിലില്‍ വെച്ച് മാത്രമേ ഞങ്ങള്‍ കണ്ടുമുട്ടാറുള്ളൂ എന്ന് അര്‍ഥഗര്‍ഭമായി പറയുകയുണ്ടായി. പാകിസ്‌താനിലെ പ്രതിപക്ഷം എന്ന സമാനതയില്‍ ഒത്തുചേരുമെങ്കിലും മറ്റു മേഖലകളിലൊന്നും യാതൊരു സഹകരണവുമില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്‌താനിലെ രഹസ്യാന്വേഷണ സംവിധാനത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അതിര്‍ത്തിയില്‍ വെച്ചുതന്നെ പാക് ഇന്റലിജന്‍സ് സംഘം ഞങ്ങളോടൊപ്പം കൂടിയിരുന്നു. ഇത്രയും സാന്ദ്രതയേറിയതും തുറന്നതുമായ ഇന്റലിജന്‍സ് സംവിധാനം ആദ്യമായി കാണുകയായിരുന്നു അന്ന്. പോലീസുകാര്‍ സദാ സമയവും ഞങ്ങളുടെ കൂടെ തന്നെ തങ്ങി. ഞങ്ങള്‍ തമാശ പറയുമ്പോള്‍ കൂടെ നിന്ന് ചിരിച്ചു. ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത വിഭവങ്ങള്‍ തന്നെ അവര്‍ക്കു വേണ്ടിയും അവര്‍ ഓര്‍ഡര്‍ ചെയ്‌തു. എല്ലായിടത്തും എല്ലായ്‌പ്പോഴും ഞങ്ങളോടൊട്ടി നിന്ന് അവര്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്ന് മുഖചലനങ്ങള്‍ പോലും സൂക്ഷ്‌മമായി ഒപ്പിയെടുത്തു. കൈയിലുള്ള ഡിജിറ്റല്‍ കാമറകള്‍ വെച്ച് എല്ലായ്‌പ്പോഴും ഞങ്ങളുടെ പടങ്ങളെടുത്തു. തന്റെ അടുത്ത് വന്നിരുന്ന്, അസഹ്യമാംവിധം മുഖത്തേക്ക് നോക്കിയിരുന്ന ഒരു ഉദ്യോഗസ്ഥനോട് `ഐ.എസ്.ഐയില്‍ നിന്നല്ലേ' എന്ന് ഡോ. സുരേഷ് ഖൈര്‍നാര്‍ അന്വേഷിച്ചു. `അല്ല സാര്‍, നിങ്ങളുടെ സുരക്ഷക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പോലീസുകാരാണെന്നാ'യിരുന്നു അയാളുടെ മറുപടി. സുരക്ഷക്കുവേണ്ടി നിയോഗിക്കപ്പെട്ടവരെങ്കില്‍ കൈയിലുള്ള തോക്ക് കാണട്ടെയെന്നായി ഡോ. സുരേഷ്. തോക്കില്ലെന്ന് മറുപടി പറഞ്ഞ ഉദ്യോഗസ്ഥനെ `തോക്കില്ലാതെ എന്തു സുരക്ഷയാണു ഹേ' എന്നു അദ്ദേഹം പരിഹസിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. സാധാരണ വേഷത്തിലുള്ള ഒരാള്‍ ഡോ. സുരേഷിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: `പാകിസ്‌താനില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പങ്കെടുത്ത പരിപാടികളുടെ സി.ഡികള്‍ കൊണ്ടുവരണം. നല്ലതാണെങ്കില്‍ ഇരുന്നു കാണാമല്ലോ.' ഇന്റലിജന്‍സ് ഏജന്റാണ് കക്ഷിയെന്ന് മനസ്സിലാക്കിയ അദ്ദേഹം പടം പിടിക്കാനുള്ള കാമറയൊന്നും കൈയിലില്ലെന്നും തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ കൈയിലുള്ള സി.ഡികളില്‍ നിന്ന് ഞങ്ങളൊരു കോപ്പിയെടുത്തോളാം എന്നും മറുപടി പറഞ്ഞു. കള്ളി വെളിച്ചത്തായപ്പോള്‍ അയാള്‍ വല്ലാതായി.
മന്‍സ്വൂറയിലെ ജമാഅത്ത് കേന്ദ്രത്തില്‍
ലേബര്‍ പാര്‍ട്ടിയുടെ ഓഫീസിലും പ്രവര്‍ത്തകരുടെ വീട്ടിലുമായാണ് താമസം ഏര്‍പ്പാടാക്കിയിരുന്നത്. നേരത്തെ നിശ്ചയിച്ചതു പ്രകാരം ഞങ്ങള്‍ മൂന്നു പേര്‍- ശഹിന്‍ കെ. മൊയ്‌തുണ്ണി, ദല്‍ഹിയില്‍നിന്നുള്ള ഗൗഹര്‍ ഇഖ്‌ബാല്‍ (അസി: അമീര്‍ മുഹമ്മദ് ജഅ്‌ഫര്‍ സാഹിബിന്റെ മകനാണദ്ദേഹം), ഈ ലേഖകന്‍- പാക് ജമാഅത്തിന്റെ മന്‍സ്വൂറയിലുള്ള ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാന്‍ തയാറായി. ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന സുഹൃത്ത് വാഹനം സ്റ്റാര്‍ട്ടാക്കിയതിനു ശേഷം, പിറകോട്ടു നോക്കിയാല്‍ കുറെ ബൈക്കുകള്‍ നമ്മുടെ പിറകെ വരുന്നതു കാണാം എന്നു പറഞ്ഞത് ശരിയായിരുന്നു. ഞങ്ങളുടെ വാഹനം വിട്ടതും രണ്ടു മൂന്ന് ബൈക്കുകള്‍ പിറകെയുണ്ട്. ഇന്റലിജന്‍സുകാരാണ്. സ്റ്റിയറിംഗ് വീലില്‍ നല്ല വഴക്കമുള്ള സുഹൃത്ത് ലാഹോര്‍ നഗരത്തിലൂടെ വാഹനം അതിവേഗം പായിച്ചു. പോലീസുകാരെ കബളിപ്പിച്ച് കുറുക്കുവഴികളിലൂടെ അതിവിദഗ്‌ധമായി അദ്ദേഹം ഞങ്ങളെ മന്‍സ്വൂറയിലെത്തിച്ചു.
അതിവിശാലമായ കാമ്പസാണ് പാക് ജമാഅത്ത് കേന്ദ്രമായ മന്‍സ്വൂറ. ഓഫീസുകള്‍, താമസസ്ഥലങ്ങള്‍, ലൈബ്രറി റിസര്‍ച്ച് സെന്റര്‍, പ്രസാധനാലയം, കണ്‍വെന്‍ഷന്‍ ഹാളുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മന്‍സ്വൂറ കാമ്പസിന്റെ ആസൂത്രണവും സംവിധാനവും ആകര്‍ഷകമാണ്. ഡോ. ഖുര്‍റം മുറാദിന്റെ സഹോദരന്‍ മുസ്‌ലിം സജ്ജാദ് സാഹിബ് ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. തര്‍ജുമാനുല്‍ ഖുര്‍ആന്റെ അസിസ്റ്റന്റ് എഡിറ്ററാണ് വയോധികനായ അദ്ദേഹം. ജമാഅത്ത് സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ റാലിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി അമീര്‍ മുനവ്വര്‍ ഹസന്‍ സാഹിബും സെക്രട്ടറി ജനറല്‍ ലിയാഖത്ത് ബലൂചും കറാച്ചിയിലായിരുന്നതിനാല്‍ അവരുമായുള്ള കൂടിക്കാഴ്‌ച സാധ്യമായില്ല.
ലാഹോര്‍ മാര്‍ക്കറ്റില്‍
പത്രമാധ്യമങ്ങളില്‍നിന്ന് കേട്ടറിഞ്ഞതില്‍ നിന്ന് വ്യത്യസ്‌തമായ ഒരു പാക് ജനതയാണ് ലാഹോറില്‍ ഞങ്ങളെ വരവേറ്റത്. ഇന്ത്യക്കാരെന്ന നിലക്ക് വളരെ സ്‌നേഹത്തോടെയും ആദരവോടെയുമായിരുന്നു അവരുടെ പെരുമാറ്റം. ലാഹോര്‍ ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയപ്പോള്‍ നമ്മളൊന്നാണെന്നും ഇന്ത്യക്കാര്‍ പകുതി വില മാത്രം തന്നാല്‍ മതിയെന്നും ചില കച്ചവടക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന അനിഷ്‌ട സംഭവങ്ങളില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ടെന്നാണ് ചിലര്‍ പറഞ്ഞത്. ഭരണകൂടവും പാക് ജനതയും രണ്ടാണെന്നും ഏതോ ചിലര്‍ ചെയ്‌തുകൂട്ടുന്ന ചെയ്‌തികള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കനത്ത ഇന്റലിജന്‍സ് സാന്നിധ്യത്തിലും എത്ര സ്വാഭാവികമായും അടുപ്പത്തോടെയുമാണവര്‍ ഇന്ത്യക്കാരായ ഞങ്ങളോട് പെരുമാറുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് ഞങ്ങള്‍.
ബാദ്‌ശാഹി മസ്‌ജിദ്, മൗലാനാ മൗദൂദിയുടെ വീട്
ലാഹോറിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ ഒരാഴ്‌ചയെങ്കിലും നാമവിടെ തങ്ങേണ്ടിവരും. അത്രക്കും സമ്പന്നമാണ്, സമൃദ്ധമാണ് പാകിസ്‌താന്റെ സാംസ്‌കാരിക തലസ്ഥാനമായ ലാഹോര്‍. പരിമിതമായ സമയത്ത് ലാഹോറിനെ ഒന്നു തൊട്ടറിയാന്‍ പോലുമായില്ലെന്നു വേണം പറയാന്‍. 1673-ല്‍ മുഗള്‍ ഭരണാധികാരി ഔറംഗസീബ് നിര്‍മിച്ച ബാദ്‌ശാഹി മസ്‌ജിദ് ഞങ്ങള്‍ പോയി കണ്ടു. ലോകത്തെ അഞ്ചാമയത്തെ വലിയ പള്ളിയാണത്. ദല്‍ഹി ജുമാ മസ്‌ജിദിന്റെ ആകൃതിയിലും ശൈലിയിലുമാണ് ബാദ്‌ശാഹി മസ്‌ജിദ് നിര്‍മിച്ചിരിക്കുന്നത്. അല്ലാമാ ഇഖ്‌ബാലിന്റെ മഖ്‌ബറ പള്ളിക്കു മുന്‍വശത്തായി ഞങ്ങള്‍ കണ്ടു. മസ്‌ജിദിനു തൊട്ടടുത്താണ് അക്‌ബര്‍ നിര്‍മിച്ച പ്രസിദ്ധമായ ലാഹോര്‍ കോട്ട. മണ്ണുകൊണ്ട് നിര്‍മിച്ച അതിപ്രാചീനമായ കോട്ട അക്‌ബര്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.
ഇഛ്‌റയിലുള്ള ഇസ്‌ലാമി ജംഇയ്യത്ത് ത്വലബയുടെ ഓഫീസും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വീടും ഞങ്ങള്‍ കണ്ടു. വീട്ടുവളപ്പില്‍ തന്നെയാണ് മൗദൂദിയുടെ ഖബ്‌ര്‍ സ്ഥിതി ചെയ്യുന്നത്. ഉപഭൂഖണ്ഡത്തില്‍ നവ ഇസ്‌ലാമിക വിപ്ലവത്തിന് ചൂട്ടുപിടിച്ച ആ മഹാരഥന്റെ ഓര്‍മകള്‍ ഉള്ളില്‍ കത്തിയാളി, അവിടെ നിന്നപ്പോള്‍. ഉച്ചശോഭയാര്‍ന്ന അദ്ദേഹത്തിന്റെ ജീവിതവഴികള്‍ ഒന്നൊന്നായി മനസ്സില്‍ നീണ്ടു തെളിഞ്ഞു. ഇഛ്‌റയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ വീടും സ്ഥലവും നോക്കി നടത്തുന്നത്.
ഇസ്രയേലി ഇന്റലിജന്‍സിന്റെ ഒരു വെബ്‌സൈറ്റില്‍ കാരവനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ആയിടക്കാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ തീവ്ര ഇസ്‌ലാമിസ്റ്റുകളും റാഡിക്കല്‍ ഇടതുപക്ഷവും ഇസ്രയേലിനെതിരെ ഒന്നിക്കുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. കാരവനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അതിലുണ്ടായിരുന്നു. കാരവന്റെ റോഡ്‌മാപ്പും സംഘാടകരെക്കുറിച്ചുള്ള വ്യക്തിവിവരങ്ങളും വിശദമായുണ്ട്. കാരവന്‍ ലീഡര്‍ ഫിറോസിന്റെ ഫേസ്‌ബുക്ക് പേജില്‍ നിന്ന് പകര്‍ത്തിയ പടവും റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരുന്നു. റിപ്പോര്‍ട്ടില്‍ കൊടുത്തിരുന്ന രാജ്‌ഘട്ടിലെ ഉദ്‌ഘാടന പരിപാടിയുടെ വിശദാംശങ്ങള്‍ വായിച്ചാല്‍ ഇന്ത്യയുടെയും ഇസ്രയേലിന്റെയും ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എത്ര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എളുപ്പം മനസ്സിലാക്കാം. ഈ വെബ്‌സൈറ്റ് കാരവന്‍ ജനുവരി 8-ന് അവസാനിക്കുവോളം ഞങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.
ഡിസംബര്‍ ഏഴിന് സംഘം ഇന്ത്യയിലേക്ക് മടങ്ങി. ഇറാനിലെ സ്വീകരണ പരിപാടികളും വിശദാംശങ്ങളുമായി സഹോദരന്‍ റൂഹുള്ള റസ്‌വിയുടെ മെയിലുകളും ഫോണ്‍കോളും ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്നു.
(തുടരും)