Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

ചരിത്രാപരാധങ്ങള്‍ക്ക്‌ ഒരു രാഷ്‌ട്രീയ നേതാവിന്റെ തിരുത്തുകള്‍
എം.സി.എ നാസര്‍

കോണ്‍ഗ്രസിന്റെ വലതുപക്ഷവത്‌കരണത്തെ ഉള്ളു കൊണ്ടെതിര്‍ക്കുക മാത്രമല്ല, പ്രായോഗികമായി അതിനെ തിരുത്താനും ആത്മാര്‍ഥമായി യത്‌നിച്ച വലിയൊരു നേതാവ്‌- അതായിരുന്നു അര്‍ജുന്‍ സിംഗ്‌. മൂന്നു തവണ മധ്യപ്രദേശ്‌ മുഖ്യമന്ത്രിപദവും കേന്ദ്ര മന്ത്രിസഭയിലെ ഉന്നത പദവികളും വഹിച്ച രാഷ്‌ട്രീയ ഇന്ത്യയുടെ ഈ വലിയ മനുഷ്യന്റെ വിടവാങ്ങല്‍ വാര്‍ത്തയെ സാധ്യമാകുന്നത്ര ചെറുതാക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിച്ചു. പക്ഷേ, ഒറ്റ കോളം വാര്‍ത്താ പ്രാധാന്യം പോലും കിട്ടാതെ പോയ വിടവാങ്ങലായിരുന്നു മുന്‍ പ്രധാനമന്ത്രി വി.പി സിംഗിന്റേത്‌. അതുമായി തട്ടിച്ചു നോക്കുമ്പോള്‍ അര്‍ജുന്‍ സിംഗ്‌ കുറെയൊക്കെ ഭാഗ്യവാന്‍. പ്രവര്‍ത്തക സമിതി അംഗത്വത്തില്‍ നിന്ന്‌ എ.ഐ.സി.സി നേതൃത്വം ക്ഷണിതാവായി ഒതുക്കിയ അന്നുതന്നെയായിരുന്നു അര്‍ജുന്‍ സിംഗിന്റെ മരണം.
മതേതരത്വത്തിനും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടി ശബ്‌ദിക്കുന്ന സിംഗുമാര്‍ എന്തുകൊണ്ട്‌ കോണ്‍ഗ്രസ്സിനുള്ളില്‍ നിരന്തരം ഒതുക്കപ്പെടുന്നു?- പഠിക്കപ്പെടേണ്ട വിഷയമാണിത്‌. വലതുപക്ഷത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുകയോ നപുംസക റോള്‍ സ്വമേധയാ എടുത്തണിയുകയോ ചെയ്യുന്ന ചിലരെ പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും മേത്തരം പദവികള്‍ നിരന്തരം തേടിയെത്തുന്നു എന്നതും ശ്രദ്ധേയം.
വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകളുടെ പരാധീനത എത്രമാത്രം വ്യാപകമാണെന്ന വസ്‌തുത കൃത്യമായ കണക്കുകള്‍ സഹിതമാണ്‌ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുകൊണ്ടു വന്നത്‌. ഭരണകൂടത്തിന്റെ അവഗണന, വിദ്യാഭ്യാസ വകുപ്പുകളുടെ തലപ്പത്തിരുന്നവരുടെ നിഷേധാത്മക സമീപനം, സര്‍ക്കാര്‍ തലത്തിലെ വലതുപക്ഷവത്‌കരണം എന്നിവയുടെ കൂടി ഉപോല്‍പന്നമായിരുന്നു ഈ പരാധീനത. മുസ്‌ലിം ജനസാമാന്യം കൈക്കൊണ്ട കുറ്റകരമായ നിസ്സംഗതയും ഇതിനു ബലമേകി. പരാധീനതയെ മുഴുവന്‍ വിഭജനത്തിന്റെ അക്കൗണ്ടിലേക്ക്‌ വരവു വെക്കാനായിരുന്നു നമ്മുടെ ഭരണകൂടം എന്നും ശ്രമിച്ചുപോന്നത്‌. പാക്‌ വിഭജനത്തിന്റെ വില ഈ വര്‍ഗം തന്നെ ഒടുക്കേണ്ടതുണ്ടെന്നു തന്നെയാണ്‌ ഇന്ത്യയിലെ മതേതര ഭരണകൂടങ്ങളും പറയാതെ പറഞ്ഞുകൊണ്ടിരുന്നത്‌.
ന്യൂനപക്ഷ വിഭാഗവും അവരുടെ വിദ്യാഭ്യാസപരമായ ആധികളും മുഖ്യധാരക്ക്‌ ഒരിക്കലും പ്രശ്‌നമായിരുന്നില്ല. മുസ്‌ലിം ന്യൂനപക്ഷത്തിനുള്ളിലാകട്ടെ, വിദ്യാഭ്യാസം എന്നത്‌ വലിയ അനിവാര്യതയായി തോന്നിയതുമില്ല. നിക്ഷിപ്‌ത താല്‍പര്യങ്ങളുടെ പുറം നാട്യങ്ങളായിരുന്നു പലരെയും നയിച്ചത്‌.
വലതുപക്ഷവത്‌കരണത്തിന്റെ തീവ്രത റാവുവിലൂടെ കോണ്‍ഗ്രസിനെ ആവേശിച്ച ഘട്ടത്തിലാണ്‌ സ്വന്തം വകുപ്പില്‍ നിന്ന്‌ മുസ്‌ലിം ന്യൂനപക്ഷത്തിനു വേണ്ടി ക്രിയാത്മകമായി ചിലതെങ്കിലും ചെയ്യണമെന്ന്‌ അര്‍ജുന്‍ സിംഗ്‌ തീരുമാനിച്ചത്‌. പ്രത്യാഘാതം ബോധ്യമുള്ളതു കൊണ്ട്‌ നിശബ്‌ദമായിട്ടായിരുന്നു തുടക്കം. എന്നിട്ടും ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ വിട്ടില്ല. വി.പി സിംഗിനെ പോലെ അതിന്റെ പേരില്‍ അര്‍ജുന്‍ സിംഗും അവമതിക്കപ്പെട്ടു. `മുസ്‌ലിം പ്രീണന'മെന്ന പഴയ ഭര്‍ത്സിക്കല്‍ നയം സംഘ്‌ പരിവാര്‍ ഏറ്റെടുത്തു. പക്ഷേ, അദ്ദേഹം കുലുങ്ങിയില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണ കവചം തന്റെ ദൗത്യവുമായി മുന്നോട്ടു പോകാന്‍ സിംഗിന്‌ പ്രചോദനമായി.
റാവു സര്‍ക്കാറിനു കീഴില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പില്‍ ന്യൂനപക്ഷ പദ്ധതികള്‍ക്ക്‌ ഉണര്‍വുണ്ടായത്‌ ഈ ഘട്ടത്തിലാണ്‌. ആയിടെ ഒരിക്കല്‍ അര്‍ജുന്‍ സിംഗ്‌ തുറന്നു പറഞ്ഞു: ``എനിക്കൊരു ഒളിയജണ്ടയുമില്ല. രാജ്യത്തെ വലിയൊരു വിഭാഗം നിരക്ഷരതയിലും ദാരിദ്ര്യത്തിലും കഴിയുമ്പോള്‍ ഇന്ത്യക്ക്‌ എങ്ങനെ സന്തോഷിക്കാന്‍ കഴിയും? ന്യൂനപക്ഷത്തിനു വേണ്ടത്‌ സഹാനുഭൂതിയല്ല. അവകാശ സംരക്ഷണത്തിന്റെ വഴികളാണ്‌. സര്‍ക്കാറും മത സംഘടനകളും സര്‍ക്കാറേതര ഏജന്‍സികളും മാത്രമല്ല പൊതുസമൂഹവും ചേര്‍ന്നാണ്‌ ഈ ദൗത്യം പൂര്‍ത്തീകരിക്കേണ്ടത്‌...''
സിംഗിന്റെ അജണ്ട വ്യക്തമായിരുന്നു -സര്‍ക്കാര്‍ തല പദ്ധതികളുടെ പ്രയോജനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ കൂടി ഉറപ്പാക്കല്‍. പുറമ്പോക്കിലേക്ക്‌ തള്ളിമാറ്റപ്പെട്ട ഒരു വിഭാഗത്തിന്റെ ശാക്തീകരണം തന്നെയായിരുന്നു അര്‍ജുന്‍ സിംഗ്‌ ലക്ഷ്യം വെച്ചത്‌. എന്‍.ഡി.എ ഭരണകാലത്ത്‌ പാഠപുസ്‌തകങ്ങളെ വര്‍ഗീയവത്‌കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കാനും അര്‍ജുന്‍ സിംഗ്‌ മുന്നിലുണ്ടായിരുന്നു. ഇടതു പാര്‍ട്ടികളെയും മതേതര വീക്ഷണമുള്ള പ്രമുഖ ചരിത്രകാരന്മാരെയും രംഗത്തിറക്കാനും ആ ഇടപെടല്‍ മൂലം കഴിഞ്ഞു. എന്‍.ഡി.എ ഭരണം പിഴുതെറിഞ്ഞ്‌ പിന്നീട്‌ യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ വികലമാക്കിയ ചരിത്ര പുസ്‌തകങ്ങളില്‍ ഇടതു പാര്‍ട്ടികളുടെ കൂടി സഹകരണത്തോടെ തിരുത്തല്‍ പ്രക്രിയ നടത്താനും സിംഗ്‌ താല്‍പര്യമെടുത്തു. സംഘ്‌ പരിവാറിന്റെ എതിര്‍പ്പൊന്നും പ്രശ്‌നമാക്കിയതേയില്ല.
മൗലാന ആസാദ്‌ ഉര്‍ദു സര്‍വകലാശാല, മദ്‌റസകളില്‍ ആധുനിക-ശാസ്‌ത്ര കോഴ്‌സുകള്‍ ഏര്‍പ്പെടുത്തല്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും മറ്റും കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തി കൊണ്ടുപോകാനുമുള്ള നയം ഉദാരമാക്കല്‍, ഉപരിപഠന മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന-ഇതൊക്കെ അര്‍ജുന്‍ സിംഗിന്റെ ഇടപെടലിന്റെ സാക്ഷ്യപത്രങ്ങളാണ്‌.
സ്വന്തം സര്‍ക്കാറിന്റെ പോലും പിന്തുണ അത്രയൊന്നും ഉറപ്പില്ലാതെയാണ്‌ അര്‍ജുന്‍ സിംഗ്‌ ഈ ദൗത്യം ഏറ്റെടുത്തത്‌. മദ്‌റസകളുടെ മുസ്‌ലിം സംസ്‌കൃതി തകര്‍ക്കുമെന്നു പറഞ്ഞ്‌ ആളെ കൂട്ടി അര്‍ജുന്‍ സിംഗിന്‌ പാര പണിയാനായിരുന്നു അപ്പോള്‍ കോണ്‍ഗ്രസിലെ ചില മുസ്‌ലിം നാമധാരികള്‍ പോലും ശ്രമിച്ചത്‌!
2007 ഏപ്രില്‍ 21-ന്‌ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദേശീയ കമീഷന്‍ ചെയര്‍മാന്‍ എം.എസ്‌.എ സിദ്ദീഖി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ നടപ്പാക്കാനും സിംഗ്‌ മടിച്ചില്ല. മദ്‌റസാ വിദ്യാഭ്യാസ രംഗത്ത്‌ നടപ്പാക്കേണ്ട ആധുനിക വിദ്യാഭ്യാസ കോഴ്‌സുകളെ കുറിച്ചും ഇതിന്റെ ഭാഗമായി കേന്ദ്ര മദ്‌റസാ ബോര്‍ഡ്‌ രൂപവത്‌കരണത്തെക്കുറിച്ചും നിര്‍ദേശിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്‌.
2004-ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിംഗ്‌ ആവേശത്തിലായിരുന്നു. ദേശീയോദ്‌ഗ്രഥന കൗണ്‍സിലിന്റെ പരിമിതി മറികടക്കുമാറ്‌ ജനകീയ ഉദ്‌ഗ്രഥന കൗണ്‍സില്‍ (Peoples' Integration Council (PIC) രൂപവത്‌കരിക്കാന്‍ ചിലര്‍ താല്‍പര്യമെടുത്തപ്പോള്‍ അര്‍ജുന്‍ സിംഗ്‌ മുന്നില്‍ നിന്നു. കെ.ആര്‍ നാരായണനെയും സോണിയാ ഗാന്ധിയെയും അതിന്റെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ചെയ്‌തു.
സാമൂഹിക ജീവിതത്തില്‍ നവീന ആശയങ്ങള്‍ കൊണ്ടുവരാതെ മുസ്‌ലിം ജനസാമാന്യത്തിന്‌ ഉണര്‍വ്‌ നേടാന്‍ കഴിയില്ലെന്ന്‌ അര്‍ജുന്‍ സിംഗ്‌ ഉറച്ചു വിശ്വസിച്ചു. മുസ്‌ലിം ബുദ്ധിജീവികളുമായും അക്കാദമിക്‌ രംഗത്തെ ധിഷണകളുമായും സിംഗ്‌ നിരന്തരം ആശയ വിനിമയം നടത്തി. അവരില്‍ അര്‍ഹരായവരെ പദവികള്‍ നല്‍കി ആദരിച്ചു. അലിഗഢ്‌, ജാമിഅ, ഹംദര്‍ദ്‌ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം പുലര്‍ത്താനും അദ്ദേഹം മറന്നില്ല. പ്രസംഗ വേദികളില്‍ അതിവൈകാരികതയിലൂടെ മുസ്‌ലിം കൈയടി നേടാനുള്ള ചെറിയൊരു ശ്രമം പോലും ഈ ഘട്ടങ്ങളിലൊന്നും അര്‍ജുന്‍ സിംഗ്‌ നടത്തിയതായി അനുഭവമില്ല. പ്രായോഗിക രാഷ്‌ട്രീയക്കാരനായ മുലായം സിംഗില്‍ നിന്ന്‌ അര്‍ജുന്‍ സിംഗിനെ മാറ്റി നിര്‍ത്തുന്ന ഘടകവും ഇതാകാം.
പ്രായോഗിക നടപടികളിലൂടെ ഭാവിലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ മുസ്‌ലിം തലമുറ പ്രാപ്‌തമാകണമെന്ന്‌ സിംഗ്‌ വിശ്വസിച്ചു. ഐ.എ.എസ്‌, ഐ.പി.എസ്‌ പദവികളില്‍ കൂടുതല്‍ ന്യൂനപക്ഷാംഗങ്ങള്‍ എത്തിപ്പെടാന്‍ പ്രഫഷനല്‍ രീതിയിലുള്ള പരിശീലനം വേണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനു മുന്നിട്ടിറങ്ങിയവര്‍ക്ക്‌ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി.
ഭരണഘടനയിലെ 30-ാം വകുപ്പു പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തി കൊണ്ടുപോകാനുമുള്ള അവകാശത്തെ ഹനിച്ച എന്‍.ഡി.എ സര്‍ക്കാറിനോട്‌ സിംഗിന്‌ വെറുപ്പായിരുന്നു. യു.പി.എ സര്‍ക്കാര്‍ നിലവില്‍ വന്ന ഉടന്‍ ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ കണ്‍വെന്‍ഷന്‍ സിംഗ്‌ വിളിച്ചു ചേര്‍ത്തു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗായിരുന്നു ഉദ്‌ഘാടകന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ എത്തിച്ചേര്‍ന്ന ന്യൂനപക്ഷ പ്രതിനിധികള്‍ എന്‍.ഡി.എ ഭരണത്തില്‍ തങ്ങള്‍ നേരിട്ട വിവേചന കഥകള്‍ വിവരിച്ചത്‌ എല്ലാവരെയും സ്‌തബ്‌ധരാക്കി. ഇതേ തുടര്‍ന്നാണ്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ National Committee for Monitoring Minorities Education ആരംഭിച്ചത്‌. മന്ത്രിയെന്ന നിലയില്‍ അര്‍ജുന്‍ സിംഗിനു തന്നെയായിരുന്നു ഇതിന്റെ മേല്‍നോട്ടം. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെയും സമിതി അംഗങ്ങളാക്കി. തന്റെ മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി കൃത്യമായി നിരീക്ഷിക്കാനും പരാതികള്‍ നേരിട്ടു ശ്രദ്ധയില്‍ പെടുത്താനും സിംഗ്‌ നിര്‍ദേശവും നല്‍കി. യു.എന്‍.ഐ ഉര്‍ദു വിഭാഗം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ അര്‍ജുന്‍ സിംഗ്‌ മടിച്ചില്ല.
ഉപരി പഠനവുമായി ബന്ധപ്പെട്ട്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെങ്കില്‍ അതതു സംസ്ഥാന സര്‍ക്കാറുകളുടെ നോ ഒബ്‌ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം. എന്നാല്‍ പല സംസ്ഥാന സര്‍ക്കാറുകളും എന്‍.ഒ.സി നല്‍കാന്‍ മടിക്കുന്നതാണ്‌ കണ്ടത്‌. ആ മനസിലിരിപ്പിന്റെ വര്‍ഗീയ മുഖം അര്‍ജുന്‍ സിംഗ്‌ തിരിച്ചറിഞു. നിശ്ചിത സമയത്തിനകം സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും എന്‍.ഒ.സി ലഭിച്ചില്ലെങ്കില്‍ ആ കാലവിളംബം തന്നെയും ഒരു എന്‍.ഒ.സിയായി കണ്ട്‌ തുടര്‍ നടപടി സ്വീകരിക്കണം- മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഏജന്‍സികളോട്‌ സിംഗ്‌ കല്‍പിച്ചു.
മദ്‌റസാ വിദ്യാഭ്യാസ കാര്യത്തില്‍ സമവായം രൂപപ്പെടുത്താന്‍ പല തവണ യോഗം വിളിക്കേണ്ടി വന്നു. വകുപ്പിലെ സഹമന്ത്രി എം.എ.എ ഫാത്വ്‌മിയുടെ നേതൃത്വത്തില്‍ ഒടുവില്‍ സമിതിക്ക്‌ രൂപം നല്‍കി.
മന്ത്രാലയത്തിനു കീഴിലെ എ.ഐ.സി.ടി.ഇക്കു കീഴില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ സംയുക്ത സ്ഥിരനിക്ഷേപം നടത്തുന്നതിലും അര്‍ജുന്‍ സിംഗ്‌ ഇളവു വരുത്തി. നിക്ഷേപ തുകയുടെ ഇരുപത്‌ ശതമാനം കുറവ്‌ വരുത്തിയത്‌ അങ്ങനെയാണ്‌. യു.ജി.സിയുടെ വിവിധ സെലക്‌ഷന്‍ കമ്മിറ്റികളില്‍ ഒരു ന്യൂനപക്ഷാംഗമെങ്കിലും നിര്‍ബന്ധമായും വേണമെന്ന്‌ ശഠിച്ചതും സിംഗാണ്‌. പതിനൊന്നാം പഞ്ചവത്സസര പദ്ധതിയില്‍ 370 ബിരുദ കോളേജുകള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അവയില്‍ 88 എണ്ണം മുസ്‌ലിം ന്യൂനപക്ഷത്തിന്‌ പ്രാമുഖ്യമുള്ള ജില്ലകളില്‍ തന്നെ വേണമെന്നും അര്‍ജുന്‍ സിംഗ്‌ നിര്‍ദേശിച്ചു. ഇത്തരം ജില്ലകളില്‍ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കുന്നതിനും അവക്ക്‌ കേന്ദ്ര സഹായം ഉറപ്പാക്കുന്നതിലും അര്‍ജുന്‍ സിംഗ്‌ താല്‍പര്യമെടുത്തു. ഉര്‍ദു അധ്യാപകര്‍ക്ക്‌ ആധുനിക കോഴ്‌സുകളില്‍ അവബോധം നല്‍കാന്‍ പ്രത്യേക പരിശീല പരിപാടികള്‍ക്കും തുടക്കം കുറിച്ചു.
വലതുപക്ഷവും അവര്‍ക്കു വേണ്ടി വാലിട്ടടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും എന്തു പറയുന്നു എന്നത്‌ സിംഗ്‌ കാര്യമാക്കിയില്ല. രാജ്യത്തെ വലിയൊരു ജനവിഭാഗം അധോഗതിയിലേക്ക്‌ തള്ളി മാറ്റപ്പെടുമ്പോള്‍ ചെറിയ തോതിലുള്ള ചില തിരുത്തുകളെങ്കിലും വരുത്താന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ടെന്ന്‌ സിംഗ്‌ വിശ്വസിച്ചു. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും ഇത്തരം നടപടികള്‍ക്കെതിരെ ചുര മാന്തുന്ന ചിലരുണ്ടായിരുന്നു. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ അര്‍ജുന്‍ സിംഗിന്‌ ഇടമുണ്ടായിരുന്നില്ല. അര്‍ജുന്‍ സിംഗ്‌ ആവിഷ്‌കരിച്ച നവീന പദ്ധതികളെ കുറിച്ച്‌ പത്രസമ്മേളനങ്ങളില്‍ ആരെങ്കിയും ചോദ്യമുയര്‍ത്തിയാല്‍ തന്നെ പിന്‍ഗാമി കപില്‍ സിബലിന്റെ മുഖഭാവം മാറുന്നതു കാണാം.
ചരിത്രത്തില്‍ ചിലര്‍ ഇടം നേടും. അവര്‍ക്ക്‌ പക്ഷേ, ജീവിച്ചിരിക്കെ, തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗുണം ലഭിച്ചുകൊള്ളണമെന്നില്ല.
ഭാവിതലമുറയാകും ഒരുപക്ഷേ, അര്‍ജുന്‍ സിംഗിനെ തിരിച്ചറിയുക.
[email protected]

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly