ബൈത്തുല്‍ മഖ്‌ദിസിലെ മാരിയറ്റ് - 2
അവളെ കടല്‍ ഏറ്റുവാങ്ങി
അലി ത്വന്‍ത്വാവി
വിവ: പി.പി അബ്‌ദുല്ലത്വീഫ് രിയാദ്
അടുത്ത പ്രഭാതം വിടര്‍ന്നു, അവള്‍ പരതിയും അന്വേഷിച്ചും കൊണ്ടേയിരുന്നു. കൈയിലിരുന്ന കുഞ്ഞിന്റെ ബാബാ... എന്ന വിളി ഭര്‍ത്താവിനെക്കുറിച്ച ഓര്‍മകള്‍ തന്നില്‍ പച്ചയായി നിലനിര്‍ത്തി. ബാബാ എന്ന രണ്ടക്ഷരം ഭൂമിയിലെ ഏറ്റവും സുന്ദരമായ പദമാണ്. ഭാഷയുടെ ആരംഭവും മാതാവുമാണത്. പിഞ്ചുപൈതലിന്റെ നാവുച്ചരിക്കുന്ന ആദ്യ പദങ്ങളിലൊന്ന്. അത് മനുഷ്യത്വത്തിന്റെ പദമാണ്. ഭാഷ ഭിന്നമായിരിക്കാം, പക്ഷേ ഈ പദം മാനുഷികതയുടെ സംഗമബിന്ദുവാണ്. എന്റെ സ്‌നേഹമേ എന്ന വിളിയേക്കാള്‍ മാധുര്യമേറിയതാണത്. കാരണം, സ്‌നേഹത്തിലും ആക്ഷേപാര്‍ഹവും പ്രശംസനീയമായതുമുണ്ട്. എന്നാല്‍ പിതൃത്വം സകലതിനേക്കാളും പ്രൗഢവും ആത്മബോധമുളവാക്കുന്നതുമാണ്. സ്‌നേഹം മനുഷ്യനിര്‍മിതവും ആപേക്ഷികവുമാണെങ്കില്‍ പിതൃത്വം ദൈവികവും സ്ഥായിയുമാണ്.
എന്നാല്‍ മാരിയറ്റിന് ഈ പ്രഭാതത്തിലെ ബാബാ വിളി ഹൃദയം കരിക്കുന്ന അഗ്നിയും പിളര്‍ക്കുന്ന കത്തിയുമായിരുന്നു. അവളുടെ ഹൃദയം വിങ്ങി. വരാനിരിക്കുന്ന ഭീതിയെ പ്രതീക്ഷിച്ച് നില്‍ക്കുന്ന തന്റെ അയല്‍ക്കാരികളുടെ അടുത്തേക്കവള്‍ ധൃതിയില്‍ നടന്നു. ആ സമയം ഖുദ്‌സില്‍ ഒരൊറ്റ ശബ്‌ദം മാത്രം പ്രകമ്പനം കൊള്ളുന്നു. മുസ്‌ലിം ക്രൈസ്‌തവ കണ്‌ഠങ്ങള്‍ ഒരേശബ്‌ദത്തില്‍ ദൈവസ്‌തോത്രം മുഴക്കുന്നു. ഇവിടെ മറ്റൊരു കൂട്ടര്‍ അട്ടഹസിച്ചു കരയുന്നു. അവര്‍ നോക്കുമ്പോള്‍ കണ്ടത്, ഒരു മുസ്‌ലിം പട്ടാളക്കാരന്‍ ഖുബ്ബത്തുസ്വഖ്‌റക്കു മുകളില്‍ കയറിയിരിക്കുന്നതാണ്. അയാള്‍ അവിടെയുണ്ടായിരുന്ന സ്വര്‍ണക്കുരിശ് നീക്കം ചെയ്യുന്നു. ഏകദേശം നൂറ് വര്‍ഷക്കാലം അത് ഈ ഖുബ്ബക്ക് മുകളിലുണ്ടായിരുന്നു. അന്ത്യദിനം വരെ അതവിടെ തന്നെയുണ്ടാകുമെന്നവര്‍ വിശ്വസിക്കുകയും ചെയ്‌തിരുന്നു.
മുസ്‌ലിംകള്‍ പട്ടണത്തില്‍ എന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന വിവരം ഇവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. വിജയികളായ മുസ്‌ലിംകള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നു. വിശ്വസിക്കാനാവുന്നില്ല, അവര്‍ ആരെയും ദ്രോഹിക്കുന്നില്ല, സമ്പത്ത് കൊള്ള ചെയ്യുന്നില്ല. ആര്‍ക്കെങ്കിലും പട്ടണം വിട്ടുപോകാനാഗ്രഹമുണ്ടെങ്കില്‍ കരാര്‍ പ്രകാരമുള്ള തുക നല്‍കി തനിക്കുള്ളതെല്ലാമെടുത്ത് പട്ടണം വിടാം. ക്രൈസ്‌തവര്‍ തങ്ങളുടെ അധികം വന്ന സാധനങ്ങള്‍ അങ്ങാടിയില്‍ വില്‍ക്കുന്നു, മുസ്‌ലിംകള്‍ വിലകൊടുത്ത് അവ വാങ്ങുന്നു, അവര്‍ നിര്‍ഭയരും ശാന്തരുമായി വന്നു പോയിക്കൊണ്ടിരിക്കുന്നു. നന്മയും മനുഷ്യത്വവും വിനയവുമല്ലാതെ മറ്റൊന്നും ആരും കാണുന്നില്ല. നാഗരികതയുടെയും സംസ്‌കാരത്തിന്റെയും വക്താക്കളാണ് മുസ്‌ലിംകള്‍. അവര്‍ കാടന്മാരോ നരഭോജികളോ അല്ലെന്ന കണ്‍മുന്‍പിലെ യാഥാര്‍ഥ്യം ചെവികള്‍ കേട്ടതിനെ അസത്യപ്പെടുത്തുന്നു. വിശുദ്ധ ഗേഹത്തില്‍ അവരെന്തു ചെയ്യുന്നുവെന്ന വിവരവും ഇവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. ക്രൈസ്‌തവര്‍ പുതുതായി സ്ഥാപിച്ചതെല്ലാം അവര്‍ അഴിച്ചുമാറ്റിയിരിക്കുന്നു. അതിനെ അതിന്റെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. രക്തസാക്ഷി നൂറുദ്ദീന്‍ നിര്‍മിച്ച മിമ്പര്‍ ഹറമില്‍ പുനഃസ്ഥാപിച്ചു.
പള്ളിയില്‍ താന്‍ കണ്ടതും കേട്ടതും ഒരു ദൃക്‌സാക്ഷി ഇവര്‍ക്ക് ഇങ്ങനെ വിശദീകരിച്ചുകൊടുത്തു: ``ഞാനും പ്രവേശിച്ചു അവരുടെ പള്ളിയില്‍, ആരുമെന്നെ തടഞ്ഞില്ല. ഞാനാരാണെന്ന് ആരുമെന്നോട് ചോദിച്ചില്ല, ഞാന്‍ മുസ്‌ലിംകളില്‍ ഇടചേര്‍ന്നു. അവരെല്ലാവരും നിലത്തിരിക്കുകയായിരുന്നു. ആര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളില്ല. അവരുടെ നേതാവിന് സാധാരണക്കാരനേക്കാള്‍ പ്രത്യേകമായി ഒന്നുമില്ല. അവരുടെ ശരീരങ്ങള്‍ വിനയാന്വിതമായി. അവര്‍ നിശ്ചലരായി ദൈവത്തിനു മുമ്പില്‍ ഭയഭക്തരായി. ഇവര്‍ തന്നെയോ യുദ്ധക്കളത്തില്‍ രണോത്സുകരായിരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. യുദ്ധദിനത്തിലെ ആ പിശാചുക്കള്‍ എങ്ങനെ ഭയഭക്തരായ സന്യാസിമാരായി ഇവിടെയിറങ്ങി? മിമ്പറില്‍ കയറി പ്രസംഗിച്ച അവരുടെ പ്രസംഗകനെയും ഞാന്‍ കണ്ടു. മരുഭൂമിയിലെ മരണലിനോടാണാ പ്രസംഗമയാള്‍ നടത്തിയിരുന്നതെങ്കില്‍ ചലനശേഷി കൈവന്ന് അവ ഭൂമിയെ ജയിക്കുന്ന കുതിരപ്പടയാളികളാകുമായിരുന്നു. ബധിരമായ പാറകള്‍ കേട്ടിരുന്നുവെങ്കില്‍ അതില്‍ ജീവന്‍ പൊടിയുകയും ആത്മാവ് തുടിക്കുകയും ചെയ്യുമായിരുന്നു. ലോകം ഒരുമിച്ചു ചേര്‍ന്നാലും മുസ്‌ലിമായിരിക്കെ ഈ സമൂഹത്തെ അതിജയിക്കുന്ന ഒരു ശക്തിയെയും ഞാന്‍ കാണുന്നില്ല. അവരുടെ ഹൃദയത്തിലെ വിശ്വാസത്തിന്റെ ശക്തി മറ്റെല്ലാറ്റിനെയും അതിജയിക്കുന്നതാണ്. അവരെ ഭയപ്പെടുത്തുന്നതായി ഈ ഭൂമിയില്‍ ഒന്നുമില്ല. ജനം മരണത്തെ ഭയക്കുന്നു, എന്നാല്‍ ഇവര്‍ ദൈവമാര്‍ഗത്തിലെ മരണത്തെ ഇഷ്‌ടപ്പെടുകയും അതാഗ്രഹിക്കുകയും ചെയ്യുന്നു. ഇല്ല, ഇനി ഒരിക്കലും ഈ ഗേഹം നമ്മുടെ സമുദായം ആഗ്രഹിക്കേണ്ടതില്ലെന്ന് നിങ്ങളെ ഞാനുണര്‍ത്തട്ടെ. ഞാനീ സമൂഹത്തെ അറിഞ്ഞു, അവരുടെ ഭാഷയില്‍ സംസാരിച്ചു, അവരുമായി ഇടപഴകി, അവരുടെ ചട്ടങ്ങളും മതവും പ്രകൃതവുമായി ബന്ധപ്പെട്ടു. ഇല്ല, നമുക്കൊരിക്കലും പ്രതീക്ഷ വേണ്ടതില്ല, നൂറ് വര്‍ഷക്കാലത്തിന് ശേഷം ഒരിക്കലും തിരിച്ചുവെക്കാനാവാത്തവിധം അവരിന്ന് കുരിശിനെ ഇറക്കി. ഈ ഖുബ്ബയില്‍ മുഹമ്മദിന്റെ അടയാളമല്ലാതെ ഇനി ഉയരില്ല. ക്രൈസ്‌തവര്‍ക്കും ജൂതര്‍ക്കും ഇതില്‍ അവകാശമില്ല. ബൈത്തുല്‍ മഖ്‌ദിസിന്റെ ഓരോ കോണിലും ഹിത്വീന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിലെ ഓരോ നവജാതനും സ്വലാഹുദ്ദീനായിത്തീരും. നമ്മുടെ സമുദായത്തിന് അവരുടെ രക്തം ഇനിപാഴാക്കാനാവില്ല. അവരുടെ ആത്മാക്കളെ നിസ്സാര കാര്യങ്ങളില്‍ ഹോമിക്കാനുമാവില്ല.''
തന്റെ സമുദായത്തിലെ ഒരു വിഭാഗം ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ ജീവിക്കാന്‍ തയാറായതായി മാരിയറ്റ് ശ്രദ്ധിച്ചു. നാഗരികതയുടെയും സമ്പന്ന സംസ്‌കാരത്തിന്റെയും കൂടെ നീതിയുടെയും സമാധാനത്തിന്റെയും നേര്‍മാര്‍ഗത്തിന്റെയും തണല്‍ അവര്‍ അവിടെ കണ്ടു. മറ്റു ചിലര്‍ തിരിച്ചുപോക്കല്ലാതെ മറ്റൊന്നുമിഷ്‌ടപ്പെട്ടില്ല. മുസ്‌ലിംകളോടുള്ള വെറുപ്പുകൊണ്ടല്ലെങ്കിലും മാരിയറ്റും ഈ സംഘത്തോട് ചേര്‍ന്നു. ഊഹങ്ങളുടെ തമോഗര്‍ത്തങ്ങളെ യാഥാര്‍ഥ്യങ്ങളുടെ സൂര്യന്‍ ഛിന്നഭിന്നമാക്കി; അനുഭവിച്ചുകൊണ്ടിരിക്കുന്ന സംഭവലോകം കേട്ട വാര്‍ത്തകളെ കളവാക്കി. പക്ഷേ, തന്റെ എല്ലാമായിരുന്ന ഭര്‍ത്താവ്, താന്‍ സ്‌നേഹിക്കുന്ന നാട്, അതിലെ നഷ്‌ടപ്രതാപം... എല്ലാ സ്‌മരണകളും കുടികൊള്ളുന്ന ഒരു നാട്ടില്‍ ഏകയായി ജീവിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല.
സംഘം യാത്രയാരംഭിച്ചു. ഹൃദയത്തിലേറ്റിയ തന്റെ വിശുദ്ധ നാടിനോട് യാത്ര പറയാന്‍ മാരിയറ്റ് വീണ്ടും തിരിഞ്ഞു നോക്കി. താന്‍ പിറന്ന നാട്, ഈ നാടല്ലാതെ മറ്റൊരു നാടിനെക്കുറിച്ചുമവള്‍ക്കറിയില്ല. തന്റെ ഹൃദയത്തില്‍ സൂര്യന്‍ പോലെ പ്രകാശിച്ചിരുന്ന ആ പൊന്‍കുരിശിന്റെ സ്ഥാനത്തേക്കവള്‍ നോക്കി. അവിടം ശൂന്യമായിരിക്കുന്നു. ഇപ്പോള്‍ ശത്രുക്കള്‍ക്കധീനപ്പെട്ടതും തന്റെ സമുദായത്തിനവകാശപ്പെട്ടതുമായ ഈ നാട്ടില്‍ തന്റെ ഹൃദയത്തെ അവള്‍ ഉപേക്ഷിച്ചു. ഇവിടെയാണ് തന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടിവന്നത്. ഏത് പക്ഷിയുടെ അല്ലെങ്കില്‍, ഏത് വന്യമൃഗത്തിന്റെ വയറാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമെന്നറിയില്ല.
ഇവിടെയാണവളുടെ ബാല്യകാല സ്‌മരണകള്‍. സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ശേഷിപ്പ്. എങ്കിലും നാടുവിടുന്നതില്‍ അവള്‍ സന്തോഷിച്ചു. തന്റെ നഷ്‌ടസൗഭാഗ്യങ്ങളെ ദിനേന ഓര്‍മപ്പെടുത്താതിരിക്കാനും തന്റെ സമുദായത്തിന്റെ വീടണയാനും തന്റെ സമൂഹത്തിന്റെ ഓരത്ത് പാര്‍ക്കാനും അവള്‍ ആഗ്രഹിച്ചു. ചിന്തയിലൂടെ അവള്‍ നീന്തിക്കൊണ്ടിരുന്നു. കുരിശുപതാകക്ക് കീഴില്‍ വിജയം വരിച്ച സംഘത്തില്‍ തന്റെ ഭര്‍ത്താവിന്റെ കൂടെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നവള്‍ സങ്കല്‍പിച്ചു. അവള്‍ കരഞ്ഞു. അവളുടെ തേങ്ങല്‍ ചുറ്റുമുള്ള സ്‌ത്രീകളുടെ തേങ്ങലില്‍ ഇഴുകിച്ചേര്‍ന്നു. അവരും കരയുന്നത് ബന്ദിയാക്കപ്പെട്ടവരെയും കൊല്ലപ്പെട്ടവരെയും ഓര്‍ത്തിട്ടാണ്.
പെട്ടെന്ന് ഒരു സൈനിക സംഘം അവരെ നിശ്ചലരാക്കി. ഭയം കൊണ്ടവര്‍ നിശ്ശബ്‌ദരായി. നാശം ഉറപ്പിച്ചുകൊണ്ടവര്‍ നിന്നു. പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയപ്പോഴതാ ആ ഉയര്‍ന്ന സ്ഥലത്ത് ഒരു സംഘം മുസ്‌ലിംകള്‍. അവര്‍ക്കിടയില്‍ കുതിരപ്പുറത്ത് അവരുടെ നേതാവും. മാരിയറ്റിന് ഭയം തോന്നിയില്ല. ആരോ വിളിച്ചു പറഞ്ഞു, ഇതാണ് സുല്‍ത്താന്‍. അതേ ഇതാണ് ആ സുല്‍ത്താന്‍, ഭീകരനായ സ്വലാഹുദ്ദീന്‍, മനുഷ്യ മാംസം ഭക്ഷിക്കുന്നവന്‍, മനുഷ്യ രക്തം കുടിക്കുന്നവന്‍. അവള്‍ സൂക്ഷിച്ചുനോക്കി. വന്യതയുടെ ഭീകരത അയാളില്‍ അവള്‍ കണ്ടില്ല. തേറ്റകളും നഖങ്ങളും അയാള്‍ക്കുണ്ടായിരുന്നില്ല. ഗാംഭീര്യവും പ്രസന്നതയും ഔന്നത്യ ഭാവവുമാണിയാളില്‍ പ്രകടമാകുന്നത്. സ്‌ത്രീകളുടെ ആ സംഘം അദ്ദേഹത്തിന്റെ അടുത്തെത്തി.
``എന്തു വേണം നിങ്ങള്‍ക്ക്?'' അദ്ദേഹമാരാഞ്ഞു.
ഒരു സ്‌ത്രീ പറഞ്ഞു: ``ഞങ്ങളുടെ പുരുഷന്മാര്‍ ബന്ദികളാണ്, ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍...''
അവര്‍ വാവിട്ട് കരഞ്ഞു. അവരോടൊപ്പം സുല്‍ത്താനും കരഞ്ഞുപോയി. ആ സംഘവുമായി ബന്ധപ്പെട്ടവരെ മോചിപ്പിക്കാന്‍ അദ്ദേഹം കല്‍പിച്ചു. സ്‌ത്രീകള്‍ക്ക് ഭക്ഷണവും പണവും യാത്രാ മൃഗങ്ങളും നല്‍കി...
* * * *
ഒട്ടും നിനച്ചിരിക്കാതെ ഭര്‍ത്താവിനെ പൂര്‍ണ ആരോഗ്യവാനായി തിരിച്ചുകിട്ടിയപ്പോള്‍ മാരിയറ്റ് തന്റെ പ്രയാസങ്ങളും പരാജയവും മറന്നു. അദ്ദേഹത്തിന്റെ മാറിടത്തിലേക്കവള്‍ വീണു. മറ്റുള്ളവര്‍ കാണുമെന്നവള്‍ ഭയപ്പെട്ടില്ല. കാരണം, മറ്റൊന്നിലും ശ്രദ്ധിക്കാനാവാത്ത വിധം സുല്‍ത്താന്‍ ഓരോരുത്തര്‍ക്കും വേണ്ടുവോളം നല്‍കിയിരുന്നല്ലോ. മോചിപ്പിക്കപ്പെട്ടവരുമായി സംഘം യാത്ര പുനരാരംഭിച്ചു. വഴി നിറഞ്ഞൊഴുകുന്ന അറ്റം കാണാത്ത ഒരു നദിയായി അത് മാറി. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും യുദ്ധപരാജയത്തിന്റെയും സ്‌നേഹനിധികളുമായുള്ള പുനഃസമാഗമത്തിന്റെയും വിജയികളോടുള്ള വെറുപ്പിന്റെയും അവര്‍ കാണിച്ച മഹാമനസ്‌കതയോടുള്ള നന്ദിയുടെയും സമ്മിശ്ര വികാരങ്ങള്‍ നിറഞ്ഞൊഴുകുന്ന ഒരു മഹാ നദി.
നന്മ നിറഞ്ഞ ആ മഹാമനുഷ്യനെ മാരിയറ്റ് തന്റെ ഹൃദയത്തിലേക്ക് ചേര്‍ത്തുപിടിച്ചു. തന്റെ സമുദായത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത സത്യസന്ധതയുടെയും ഉല്‍കൃഷ്‌ടതയുടെയും മനുഷ്യത്വത്തിന്റെയും ആള്‍രൂപം. അവള്‍ അദ്ദേഹത്തെ ഇഷ്‌ടപ്പെട്ടെങ്കിലും ഇസ്‌ലാമിനെ വെറുക്കാന്‍ പഠിപ്പിക്കപ്പെട്ട പാഠങ്ങള്‍ ഓര്‍മകളില്‍ നുരച്ചുപൊന്തി. ഇഷ്‌ടപ്പെടല്‍ അവിടം കൊണ്ട് തീര്‍ന്നു. പകയും വിദ്വേഷവും തിരിച്ചുകൊണ്ടുവരാന്‍ ഈ മനുഷ്യനും അയാളുടെ സമുദായവും ചെയ്‌ത ഒരു തെറ്റെങ്കിലും ഓര്‍ത്തെടുക്കാനുള്ള അവളുടെ ശ്രമം വിഫലമായി. ആരാധനാലയങ്ങളുടെയും ചര്‍ച്ചുകളുടെയും സര്‍വ സമ്പത്തും മറ്റാര്‍ക്കും കൊടുക്കാതെ കൈക്കലാക്കി തങ്ങളുടെ സംഘത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വലിയ പാത്രിയാക്കീസുമായി ഇദ്ദേഹത്തെ തുലനം ചെയ്യാന്‍ ശ്രമിച്ചു. ദുര്‍ബലയായ ഒരു സ്‌ത്രീയോ ശരീരം ശോഷിച്ച ഒരു വൃദ്ധനോ അയാളുടെ കൂടെ നടക്കുന്നില്ല. സ്വയം സമ്പാദിച്ചതല്ലാതെ ചര്‍ച്ചിന്റെ സമ്പത്തെടുക്കരുതെന്ന് സുല്‍ത്താന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നതാണ്. വാഗ്‌ദാനങ്ങളും കരാറുകളും ലംഘിക്കുന്ന തന്റെ സമുദായത്തെക്കുറിച്ചോര്‍ത്തവള്‍ ദുഃഖിച്ചു. അവളാഗ്രഹിച്ചുപോയി, താനുമൊരു മുസ്‌ലിമായിരുന്നെങ്കിലെന്ന്. പക്ഷേ, ആ ആഗ്രഹം ഉറക്കെ പറയാതെ ചങ്കിലിട്ടു കൊന്നു.
ഈ മഹാ നദി അത്ഭുതകരവും അപൂര്‍വങ്ങളുമായ വ്യത്യസ്‌ത മനുഷ്യ സ്വഭാവങ്ങളും വൈരുധ്യങ്ങളും വഹിച്ച് ഒഴുകി. അതില്‍ മാതൃത്വത്തിന്റെ വാത്സല്യമുണ്ട്. അതില്‍ ധനാഢ്യന്റെ സ്വാധീനവും കാഠിന്യവുമുണ്ട്. അതില്‍ സഹനവും വെപ്രാളവുമുണ്ട്. അതില്‍ സത്യസന്ധതയും തട്ടിപ്പുമുണ്ട്. ഇഹലോക വിരക്തി നടിച്ച് ദൈവത്തിന്റെ സമ്പത്ത് ഒറ്റക്ക് തിന്നാനൊരുമ്പെടുന്ന, യേശുവിന്റെ പിന്‍ഗാമിയെന്നവകാശപ്പെടുന്ന പാത്രിയാക്കീസുമുണ്ട്.
യാത്ര സംഘം ദരിദ്രവും വന്യവുമായ വഴിയിലൂടെ നടന്നുകൊണ്ടിരുന്നു. മുസ്‌ലിം രാജ്യത്തെ ഒന്നിനെയും ആശ്രയിക്കാന്‍ അവളിഷ്‌ടപ്പെട്ടില്ല. അവളുടെ ലക്ഷ്യം ട്രിപോളിയായിരുന്നു. ക്ഷീണവും വിശപ്പും വഴിയിലുപേക്ഷിച്ച്, കടുത്ത പ്രയാസങ്ങള്‍ക്കും യാതനകള്‍ക്കുമൊടുവില്‍ അവര്‍ ട്രിപ്പോളിക്കടുത്തെത്തി.യാത്രാ വിഴിയില്‍ മരിച്ചവരുടെ കൂട്ടത്തില്‍ സ്വര്‍ണശേഖരമുള്ള ധനികരുണ്ടായിരുന്നു. ദൈവത്തിന്റെ സമ്പത്തില്‍ നിന്ന് ഒരു ലക്ഷം ദീനാര്‍ കൈവശപ്പെടുത്തിയ പാത്രിയാക്കീസുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.
ട്രിപോളിയിലെത്തിയപ്പോള്‍ ഭരണാധികാരി യാത്രാ സംഘത്തിന് നേരെ കോട്ടവാതിലടച്ചു. അഭയം ലഭിക്കാതെ പിന്തിരിഞ്ഞ് നടക്കാന്‍ നിര്‍ബന്ധിതരായ ആ നിസ്സഹായരെ, ആള്‍ക്കാരെ വിട്ട് മുഴുവന്‍ കൊള്ള ചെയ്‌തു. ഭരണാധികാരിയുടെ കൊള്ളസംഘത്തെ ചെറുക്കാന്‍ ശ്രമിച്ച സംഘത്തിലെ ധീരര്‍ക്കും ശൂരര്‍ക്കും മൃത്യുവരിക്കാനായിരുന്നു വിധി. മാരിയറ്റിന്റെ ഭര്‍ത്താവും അക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു.
കടലോരത്ത് ചെറുതോണികള്‍ ചുറ്റുംപോലെ അവശേഷിക്കുന്നവര്‍ മരുഭൂമിയില്‍ അലഞ്ഞു. അവരിലധികപേരും സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും മാന്യതയുടെയും ഇസ്‌ലാമിക രാജ്യത്തേക്ക് തന്നെ തിരിച്ചുപോയി. മാരിയറ്റ് അലയുന്നവരുടെ കൂടെയായിരുന്നു. വിചാരങ്ങള്‍ മരവിച്ച്, ബോധം നശിച്ച് അവള്‍ അവരുടെ കൂടെ നടന്നുകൊണ്ടേയിരുന്നു. ഒന്നും ചിന്തിക്കാനോ ഓര്‍ക്കാനോ അവള്‍ക്ക് കഴിഞ്ഞില്ല. സംഘം വിശ്രമിക്കുന്നേടത്തവളും വിശ്രമിച്ചു. സംഘം യാത്ര തിരിക്കുന്നേടത്തേക്ക് അവളും യാത്ര തിരിച്ചു. അവര്‍ വല്ലതും നല്‍കിയാല്‍ ഭക്ഷിക്കും, അവഗണിച്ചാല്‍ മൗനം പാലിക്കും. ഒരുതരം മനോരോഗം ബാധിച്ചവളെപ്പോലെ അല്ലെങ്കില്‍ അങ്ങനെ പാകപ്പെടുത്തപ്പെട്ടതുപോലെ. പ്രതീക്ഷകളോടെ അവസാനം ആ സംഘം അന്തോക്കിയയുടെ കോട്ടമതിലിനടുത്തെത്തി. പക്ഷേ, അവിടെയുള്ളവര്‍ക്കും അശരണരെ ആവശ്യമില്ലായിരുന്നു. സംഘം അവിടെ നിന്നും ആട്ടിയോടിക്കപ്പെട്ടു.
തങ്ങള്‍ ഉപേക്ഷിച്ചുവന്ന ഇസ്‌ലാമിക രാജ്യത്തേക്ക് തന്നെ മടങ്ങാന്‍ അവസാനം അവര്‍ തീരുമാനിച്ചു. മനുഷ്യത്വത്തിന്റെ അര്‍ഥമെന്താണെന്ന് പഠിപ്പിച്ച മുഹമ്മദിന്റെ അനുയായികളെക്കാള്‍ ശ്രേഷ്‌ഠരും മാന്യരും ഭൂമിയിലില്ലെന്ന് അവര്‍ അപ്പോഴേക്കും അനുഭവിച്ചറിഞ്ഞിരുന്നു.
മാരിയറ്റ് ബോധവും കാഴ്‌ചയും നഷ്‌ടപ്പെട്ടവളെപ്പോലെ അന്ധാളിച്ചിരുന്നു. ഈ സമയം തന്റെ സമുദായത്തില്‍ പെട്ട ഒരു അന്താക്യന്‍ യുവാവ് അവളുടെ അടുത്ത് വന്ന് കൈപിടിച്ച് അവളെ ആശ്വസിപ്പിച്ചു. അയാളുടെ പിന്നാലെ അവള്‍ തെളിക്കപ്പെട്ടു. കടല്‍തീരത്തുള്ള അയാളുടെ വീടെത്തുംവരെ അയാളുടെ കൂടെ അവള്‍ നടന്നു. ക്ഷീണവും ശക്തിക്ഷയവും കാരണം ബോധരഹിതയായി ആ കടല്‍തീരത്ത് അവള്‍ വീണു... തനിക്കു ചുറ്റുമുയര്‍ന്ന കോലാഹലം കേട്ടാണ് ബോധത്തിലേക്കവളുണര്‍ന്നത്; ഒരാള്‍ തന്റെ കൂട്ടുകാരനോട് പറയുന്നു: ``നിന്നെ ഇവളുടെ കൂടെ തനിച്ചാകാന്‍ ഞാനനുവദിക്കില്ല, ഇതുവരെ കിട്ടിയതില്‍ വെച്ചേറ്റവും സൗന്ദര്യവതിയാണിവള്‍.'' മറ്റേയാള്‍ എതിര്‍ത്തു: ``പക്ഷേ, ഞാനാണിവളെ വേട്ടയാടിയത്. ഇവളെനിക്കവകാശപ്പെട്ടതാണ്.''
തന്നെ ചൊല്ലിയാണ് ഇവര്‍ തര്‍ക്കിക്കുന്നത്. താന്‍ ഇതുവരെ കാത്തുസൂക്ഷിച്ച ചാരിത്ര്യവും മാന്യതയും പിച്ചിച്ചീന്താനുള്ള തര്‍ക്കം. സ്ഥലകാലബോധംതിരിച്ചുകിട്ടി. കഴിഞ്ഞതെല്ലാം ഓര്‍മയിലേക്ക് മടങ്ങിവന്നപ്പോഴേക്കും തന്റെ ഭര്‍ത്താവും സംരക്ഷകരും നഷ്‌ടപ്പെട്ടല്ലോ എന്ന വ്യഥ ചിന്തയില്‍ അവര്‍ പുളഞ്ഞു. കോപത്താല്‍ ജ്വലിച്ച് അവള്‍ ആക്രോശിച്ചു: ``നാശം പിടിച്ചവരേ, ഇതാണോ നിങ്ങളുടെ മനുഷ്യത്വവും പുരുഷത്വവും? യൂറോപ്യരേ, ഇതാണോ നിങ്ങളുടെ മതം?''
അവര്‍ രണ്ടു പേരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഇത് അവളെ കൂടുതല്‍ കോപിഷ്‌ഠയാക്കി. അവരുടെ നേര്‍ക്കവള്‍ അട്ടഹസിച്ചു: ``ഏത് ഭാഷയിലാണ് ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കേണ്ടത്? മതത്തിന്റെ ഭാഷയില്‍ നിങ്ങള്‍ ദൈവനിഷേധികളാണ്. മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ മനുഷ്യത്തോലണിഞ്ഞ കാട്ടുമൃഗങ്ങളാണ്. പൗരുഷത്വത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പൗരുഷം നഷ്‌ടപ്പെട്ടവരും അതിന്റെ അതിര്‍വരമ്പ് മറന്നവരും. നിങ്ങള്‍ക്ക് നാശം, നിങ്ങളെ ലജ്ജിപ്പിക്കുന്നില്ലേ ഈ മുസ്‌ലിംകള്‍ നിങ്ങളുടെ സ്‌ത്രീകളോട് കാണിക്കുന്ന കാരുണ്യം? നിങ്ങളേക്കാള്‍ നിങ്ങളുടെ മാന്യത കാക്കുന്നതും യേശുവിന്റെ ഉപദേശങ്ങളെ നിങ്ങളേക്കാള്‍ ആദരവോടെ പരിപാലിക്കുന്നതും അവരാണെന്നത്?
ദൈവമാണ സത്യം, നിങ്ങള്‍ മുഹമ്മദിന്റെയോ യേശുവിന്റെയോ അനുയായികളല്ല. മറിച്ച് സാത്താന്റെ അനുചരന്മാരാണ്.... അവര്‍ ആ മുസ്‌ലിംകളാണ്, യേശുവിനെയും മുഹമ്മദിനെയും ചേര്‍ത്തുപിടിച്ചവര്‍. അവരാണ് മഹത്തുക്കളും ഉല്‍കൃഷ്‌ടരും മനുഷ്യത്വത്തിന്റെ രത്‌നച്ചുരുക്കവും. നിങ്ങളൊരിക്കലും അവരെ അതിജയിക്കില്ല. വിശുദ്ധ ഭൂമി അവരില്‍നിന്ന് ഇനി പിടിച്ചെടുക്കുകയുമില്ല. അവരാണതിന്റെ യഥാര്‍ഥ അവകാശികള്‍. കാരണം അവരാണ് യേശുവിന്റെ ഉപദേശങ്ങള്‍ പാലിക്കുന്നവര്‍.... അവര്‍ മനുഷ്യത്വത്തിന്റെ വാഹകരാണ്. തീര്‍ച്ചയായും ഭാവി അവര്‍ക്കുള്ളതാണ്. വിജയവും ഔന്നത്യവും അവര്‍ക്കവകാശപ്പെട്ടതും. നിങ്ങള്‍ക്കോ ശാപവും നിന്ദ്യതയും പരാജയവും.''
മറുപടിയായി അവരില്‍നിന്ന് പൊട്ടിച്ചിരിയല്ലാതെ മറ്റൊരു പ്രതികരണവുമുണ്ടായില്ല. ഒരു സഹായിയെയോ രക്ഷകനെയോ പ്രതീക്ഷിച്ച് അവള്‍ ചുറ്റും നോക്കി. പക്ഷേ, സത്യത്തെ സഹായിക്കാനും മാന്യതയെ പ്രതിരോധിക്കാനും മുസ്‌ലിമില്ലാത്ത ഈ നാട്ടില്‍ ആരുണ്ടവള്‍ക്ക് സഹായിയായി?
ചുവന്ന കണ്ണുകളുമായി ആ രണ്ടുപേരും തന്റെ നേരെയടുക്കുന്നതവള്‍ കണ്ടു. അവള്‍ വിഭ്രാന്തമായി കൈക്കുഞ്ഞിനെ കടലിലേക്ക് വലിച്ചെറിഞ്ഞു, പിന്നാലെ അവളും കടലിലേക്കെടുത്തു ചാടി.
ശാന്തമായ ആ കടല്‍പരപ്പില്‍ കുമിളകള്‍ പൊങ്ങിവന്നു. ഒരു കരിഞ്ഞ ഹൃദയത്തില്‍ നിന്നുള്ള കടുത്ത ശാപത്തിന്റെ നുരകള്‍. ഫലസ്‌ത്വീനിന്റെ മേല്‍ ഒട്ടിപ്പിടിച്ച ആ പരാന്നഭോജികള്‍ക്കെതിരെയുള്ള ശാപം.
കടല്‍ പഴയതുപോലെ വീണ്ടും ശാന്തമായി....
പാശ്ചാത്യര്‍ക്കും നമുക്കുമിടയില്‍ സദാ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കഥക്ക് മേല്‍ ഇവിടെ തിരശ്ശീല വീണു. മഹത്വത്തില്‍ കടലിനേക്കാള്‍ ഒട്ടും കുറയാത്ത മാന്യതയുടെ കഥ. ഒരു കടലിനും കഴുകിക്കളയാന്‍ പറ്റാത്ത നീചത്വത്തിന്റെ കഥ. അതിന്റെ വൃത്തികേടില്‍ നിന്ന് ശുദ്ധമാകാത്ത ഭൂമിയുടെയും കഥ.
(അവസാനിച്ചു)
(ശൈഖ് അലി ത്വന്‍ത്വാവിയുടെ ചരിത്രകഥാ ശേഖരത്തില്‍നിന്ന്. യൂറോപ്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ സംഭവങ്ങളാണിതെല്ലാം. ഡോ. ബേലിയുടെ `സ്വലാഹുദ്ദീന്റെ ജീവിതം' കാണുക).
(തുടരും)