Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


അറബിക്കാറ്റിന്റെ ഫ്‌ളാഷ്‌ ബാക്ക്‌

വി.എ കബീര്‍

ഫ്‌ളാഷ്‌ ബാക്ക്‌-1
22 വര്‍ഷത്തെ സൈനുല്‍ ആബിദീന്‍ യുഗത്തിന്‌ തുനീഷ്യയില്‍ തിരശ്ശീല വീണു. 30 വര്‍ഷത്തെ മുബാറക്‌ യുഗത്തിന്‌ തിരശ്ശീല വീഴാനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ രണ്ട്‌ രാജ്യത്തിലെയും ഏകാധിപത്യ വാഴ്‌ചയുടെ പ്രായത്തിന്‌ ഇപ്പറഞ്ഞതിലും പഴക്കമുണ്ട്‌. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും ഹുസ്‌നി മുബാറക്കും ഏകാധിപത്യത്തിന്റെ തുടക്കക്കാരല്ല; തുടര്‍ച്ചകള്‍ മാത്രമാണ്‌. അമ്പതുകളിലാണ്‌ ഈജിപ്‌തും തുനീഷ്യയും അധിനിവേശശക്തികളില്‍നിന്ന്‌ മോചിതമാകുന്നത്‌. 1952-ല്‍ ബ്രിട്ടീഷ്‌ പാവയായ ഫാറൂഖ്‌ രാജാവിനെ അട്ടിമറിച്ചുകൊണ്ട്‌ ഈജിപ്‌ഷ്യന്‍ സേനയിലെ ഫ്രീ ഓഫീസര്‍മാരുടെ സംഘം അധികാരം പിടിച്ചടക്കി. 1956-ല്‍ ഫ്രഞ്ചു അധിനിവേശത്തില്‍നിന്ന്‌ തുനീഷ്യയും മോചിതമായി. രണ്ടു രാജ്യങ്ങളുടെയും ചരിത്രം വായിച്ചാല്‍ സമാനതകള്‍ പലതും കാണാം. രണ്ടു രാജ്യങ്ങളും ഉത്തരാധിനിവേശ ഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെ സ്വാഛന്ദ്യത്തിലേക്കല്ല പ്രയാണം ചെയ്‌തത്‌. യഥാര്‍ഥ റിപ്പബ്ലിക്കുകള്‍ക്ക്‌ പകരം വളരെ വേഗം അപഹൃത ഗണ രാജ്യങ്ങളായി മാറാനായിരുന്നു ഉഭയ രാഷ്‌ട്രങ്ങളുടെയും വിധി. ജനത്തിന്‌ കിട്ടിയത്‌ ദേശത്തിന്റെ ഉടുപ്പണിഞ്ഞ പോലീസ്‌ രാജായിരുന്നു. സാംസ്‌കാരികമായ അടിമത്തം ബാക്കിവെച്ച രാഷ്‌ട്രീയസ്വാതന്ത്ര്യം പഴയ മേലാളന്മാര്‍ക്ക്‌ സ്വന്തം താല്‍പര്യങ്ങളുമായി കടന്നുവരാന്‍ പിന്നെയും വാതിലുകള്‍ തുറന്നിട്ടു കൊടുത്തു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവര്‍ അരങ്ങിന്‌ വെളിയിലായി.
തുനീഷ്യയില്‍ ഫ്രഞ്ച്‌ അധിനിവേശ വിരുദ്ധ പോരാട്ടത്തിനു തുടക്കം കുറിച്ചത്‌ 1920 ജൂണ്‍ 15-ന്‌ ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ സആലബി (1876-1944) എന്ന മതപണ്ഡിതന്‍ സ്ഥാപിച്ച `ഹിസ്‌ബുല്‍ ഹുര്‍റുല്‍ ദസ്‌തൂരി' (Constitutional Freedom Party) എന്ന സംഘടനയാണ്‌. ആ വര്‍ഷം ജൂലൈ 28-ന്‌ ഫ്രാന്‍സിനെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി ഭരണാധികാരികള്‍ സആലബിയെ ജയിലിലടച്ചു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ 1921 മെയ്‌ 1-ന്‌ സആലബിയെ വിട്ടയക്കാന്‍ ഫ്രഞ്ച്‌ അധികാരികള്‍ നിര്‍ബന്ധിതരായി. അതിനിടെ 1934-ല്‍ ഹിലാല്‍ കൊട്ടാരത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ വെച്ച്‌ ദസ്‌തൂരി പാര്‍ട്ടി പിളര്‍ന്നു. ഉസ്‌മാനിയാ ഖിലാഫത്തിന്റെ പതനം സംഭവിക്കുന്നതും ഇതേ വര്‍ഷം തന്നെയാണ്‌. ഹബീബ്‌ ബൂറഖീബയും ഹസന്‍ ഖലാതിയുമാണ്‌ പിളര്‍പ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്‌ അന്നേ ആരോപണമുണ്ടായിരുന്നു. ഫ്രഞ്ച്‌ അധികാരികള്‍ പാര്‍ട്ടിയെ പിളര്‍ക്കാന്‍ ഇവരെ ഉപയോഗിക്കുകയായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. ബൂറഖീബ തന്നെയും ഒരു ഫ്രഞ്ച്‌ സൃഷ്‌ടിയാണെന്ന നിഗമനത്തെ സാധൂകരിക്കുന്ന വിധത്തിലാണ്‌ പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നത്‌.പാര്‍ട്ടി പിളര്‍ന്ന ശേഷം വിശാലമായ അറബ്‌ ലക്ഷ്യങ്ങള്‍ക്കായി സആലബി തുനീഷ്യ വിട്ടുപോയത്‌ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പിടിമുറുക്കാന്‍ ബൂറഖീബക്ക്‌ അവസരം നല്‍കി. സ്വാതന്ത്ര്യത്തിന്റെ തൊട്ട്‌ നാലു വര്‍ഷം മുമ്പ്‌ 1952 ഡിസംബര്‍ 5-ന്‌ ട്രേഡ്‌ യൂനിയനിസ്റ്റ്‌ നേതാവ്‌ ഫര്‍ഹാത്‌ ഹശാദ്‌ അധിനിവേശ ശക്തികളാല്‍ കൊല്ലപ്പെടുന്നത്‌ ബൂറഖീബക്ക്‌ അധികാരത്തിലേക്കുള്ള വഴിയൊരുക്കലിന്റെ ഭാഗമായിട്ടാണെന്നാണ്‌ പറയപ്പെടുന്നത്‌. `ചുവന്ന കരങ്ങള്‍' എന്ന പുസ്‌തകത്തില്‍ മുന്‍ ഫ്രഞ്ച്‌ സൈനിക ഓഫീസര്‍ ആന്റണ്‍ മില്യര്‍ സ്ഥിരീകരിച്ച വസ്‌തുതയാണിത്‌. 1953 സെപ്‌റ്റംബര്‍ 13-ന്‌ മറ്റൊരു പാര്‍ട്ടി നേതാവായ ഹാദി ശാകിറും കൊല്ലപ്പെട്ടു. സ്വാതന്ത്ര്യാനന്തരം 1961 ജൂണ്‍ 6-ന്‌ ബൂറഖീബയുടെ ഏജന്റുമാര്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ വെച്ച്‌ മറ്റൊരു സ്വാതന്ത്ര്യപ്പോരാളിയായ സ്വാലിഹ്‌ യൂസുഫിനെയും ഉന്മൂലനം ചെയ്‌തു. അതോടെ അന്തരീക്ഷം പൂര്‍ണമായും ബൂറഖീബക്ക്‌ അനുകൂലമായി പരിണമിച്ചു.
ജിഹാദി വാചാടോപത്തിലൂടെയാണ്‌ സ്വാതന്ത്ര്യ സമരകാലത്ത്‌ ബൂറഖീബ ജനങ്ങളെ കൈയിലെടുത്തത്‌. അദ്ദേഹം അറിയപ്പെട്ടിരുന്നത്‌ തന്നെ അല്‍ മുജാഹിദുല്‍ അക്‌ബര്‍ എന്ന അപരാഭിധാനത്തിലൂടെയാണ്‌. എന്നാല്‍ അധികാരത്തിലെത്തിയതോടെ ജിഹാദ്‌ ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെതിരിലുള്ള കുരിശ്‌ യുദ്ധമായി മാറി. തുര്‍ക്കിയിലെ കമാല്‍ പാഷയുടെ അതേ പരിണാമം തന്നെയാണ്‌ ബൂറഖീബക്കുമുണ്ടായത്‌. ബൂറഖീബ മുജാഹിദ്‌ അക്‌ബര്‍ ആയതുപോലെ മുസ്‌ലിം ലോകം ഗാസി മുസ്‌ത്വഫ എന്ന വിേശഷണപ്പട്ടം നല്‍കി ഇസ്‌ലാമിന്റെ ധീരനേതാവായി ആഘോഷിച്ച നേതാവായിരുന്നു കമാല്‍ പാഷ. വിപ്ലവാനന്തരം തുര്‍ക്കിയില്‍ നിന്ന്‌ ഇസ്‌ലാമിന്റെ പേരും ചൂരും തുടച്ചുനീക്കാന്‍ ശ്രമിച്ച അത്താതുര്‍ക്കിന്റെ പാത തന്നെയാണ്‌ ബൂറഖീബയും പിന്തുടര്‍ന്നത്‌.
ഏറെ പാരമ്പര്യമുള്ള ജാമിഅ്‌ സൈത്തൂന അടച്ചുപൂട്ടുകയായിരുന്നു ബൂറഖീബയുടെ ആദ്യ നടപടികളിലൊന്ന്‌. ഹിജ്‌റാബ്‌ദം 79-ല്‍ ഹസ്സാനുബ്‌നു നുഅ്‌മാന്‍ സ്ഥാപിച്ച സൈത്തൂന, ഇബ്‌നു ഖല്‍ദൂന്‍ മുതല്‍ ആധുനിക തുനീഷ്യന്‍ പണ്ഡിതന്മാരായ സആലബി, ഇബ്‌നു ആശൂര്‍, അബ്‌ദുര്‍റഹ്‌മാന്‍ ഖലീഫ്‌ തുടങ്ങിയ പണ്ഡിതന്മാരുടെ വിദ്യാ കേന്ദ്രമായിരുന്നു. പരമ്പരാഗത മതപാഠശാലകളൊക്കെ തുടക്കത്തിലേ അടച്ചുപൂട്ടി. 1960-ല്‍ ഹിജ്‌റ കലണ്ടര്‍ ഉപയോഗത്തിന്‌ വിലക്കേര്‍പ്പെടുത്തി. 1962-ല്‍ റമദാന്‍ വ്രതം രാഷ്‌ട്രത്തിന്റെ ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ പരസ്യ പ്രസ്‌താവനയിലൂടെ വന്‍ വിവാദമുണ്ടാക്കി. പ്രസ്‌താവനയെ ഖണ്ഡിച്ച അല്‍ഫാദില്‍ ബിന്‍ ആശൂറിനെ മുഫ്‌തി സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്‌തു. വഖ്‌ഫ്‌ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയമതടസ്സങ്ങളുണ്ടാക്കുകയും ശരീഅത്ത്‌ കോടതികള്‍ റദ്ദാക്കുകയും ചെയ്‌തു. 1975-ല്‍ ആജീവാനന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ശേഷം ഫ്രഞ്ച്‌ വാഴ്‌ച്ചക്കാലം മുതല്‍ പ്രസിദ്ധീകരിച്ചുപോന്നിരുന്ന 25 പത്രങ്ങളില്‍ രണ്ടെണ്ണമൊഴികെ ബാക്കിയൊക്കെ നിരോധിച്ചു. സ്വന്തം പാര്‍ട്ടി ഒഴികെ ഒരു പാര്‍ട്ടിക്കും രാഷ്‌ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചില്ല. നിരോധം ഇസ്‌ലാമിസ്റ്റുകള്‍ക്ക്‌ മാത്രമല്ല, മാവോയിസ്റ്റുകള്‍, ട്രോടസ്‌കിസ്റ്റുകള്‍, ലെനിനിസ്റ്റുകള്‍, സ്റ്റാലിനിസ്റ്റുകള്‍ തുടങ്ങി ഇടതുപക്ഷങ്ങളടക്കം എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമായിരുന്നു.
ഇത്തരമൊരു ഏകഛത്രാധിപ വ്യവസ്ഥയില്‍ സ്‌തുതിപാഠകര്‍ക്കല്ലാതെ ഗുണകാംക്ഷികള്‍ക്ക്‌ ഇടം നഷ്‌ടപ്പെടുക സ്വാഭാവികം. പില്‍ക്കാലത്ത്‌ ഖത്തര്‍ യൂനിവേഴ്‌സിറ്റി അധ്യാപകനായ ഡോ. അഹ്‌മദ്‌ ഖദീദി ഭരണകക്ഷിയുടെ പ്രധാന സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്‌തത്‌ ഈ ഗുണകാംക്ഷയുടെ പേരിലായിരുന്നു.
20 വര്‍ഷത്തെ ഭരണത്തിന്‌ ശേഷം 1976 മാര്‍ച്ച്‌ 21ന്‌ ഫ്രഞ്ച്‌ പത്രമായ ലിമോന്തെക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ബൂറഖീബ അഭിമാനപുളകിതനായി മൂന്ന്‌ നേട്ടങ്ങള്‍ അവതരിപ്പിച്ചു. ``സൈത്തൂന അടച്ചു പൂട്ടി. സ്‌ത്രീവിമോചനം സാധിച്ചു. കുടുംബ നിയമങ്ങള്‍ ഇസ്‌ലാമിക നിയമത്തില്‍ നിന്ന്‌ അറുത്തുമാറ്റി.''
തുനീഷ്യയില്‍ ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്‌. പ്രസിഡന്‍ഷ്യല്‍ പാലസിലെ വാഹനങ്ങളുടെ സുഗമ യാത്രക്ക്‌ തടസ്സമായ കുപ്രസിദ്ധമായ `മലാസീനി'ലേക്കുള്ള ഇടുങ്ങിയ പാത വീതികൂട്ടി മോടി കൂട്ടിയതിനെക്കുറിച്ച്‌ അന്ന്‌ ജനങ്ങള്‍ക്കിടയില്‍ ചില അടക്കം പറച്ചിലുകളുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റിനു ഔദ്യോഗികമായി രണ്ട്‌ ഭാര്യമാരേ ഉണ്ടായിരുന്നുള്ളൂ. `മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിച്ച' ബിന്‍ അലിയുടെ റിക്കാര്‍ഡും ഇക്കാര്യത്തില്‍ മോശമല്ല. പൊതുമുതല്‍ കൊള്ളയടിച്ച്‌ രാജ്യം വിട്ട മാദക റാണിയായ പ്രഥമ വനിത ലൈലാ ത്വറാബല്‍സി പൂമാന്റെ രണ്ടാം കെട്ടുകാരിയാണ്‌. വ്യക്തിനിയമ പരിഷ്‌കരണത്തിന്റെ മോഡലായി നമ്മുടെ രാജ്യത്തെ മുസ്‌ലിം പുരോഗമന വാദികള്‍ സദാ ഉയര്‍ത്തിക്കാണിക്കാറുള്ള രാജ്യമാണ്‌ തുനീഷ്യയെന്നും ഇവിടെ ഓര്‍ക്കുക.
അറുപതുകളുടെ അവസാനത്തിലാണ്‌ ഇസ്‌ലാമിക പ്രസ്ഥാനം തുനീഷ്യയില്‍ ചുവടു വെച്ച്‌ തുടങ്ങുന്നത്‌. തത്ത്വശാസ്‌ത്ര പ്രഫസറായ റാശിദുല്‍ ഗനൂശി 1972-ല്‍ അതിന്‌ `അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ' എന്ന്‌ നാമകരണം ചെയ്‌തു. പഠിപ്പിക്കാന്‍ ചെന്നിടത്തൊക്കെ സംഘടനക്ക്‌ വിദ്യാര്‍ഥികളുടെയും സാധാരണക്കാരുടെയും സെല്ലുകളുണ്ടാക്കി അദ്ദേഹം. നിയമജ്ഞനും പ്രസംഗകനുമായ അബ്‌ദുല്‍ ഫത്താഹ്‌ മോറോയും സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ സാലിഹ്‌ കര്‍കറും പ്രസ്ഥാനത്തിനു കരുത്ത്‌ പകര്‍ന്നു. 1974-ല്‍ സംഘടന അല്‍ മഅ്‌രിഫ മാഗസിന്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത്‌ യുവ ഹൃദയങ്ങളെ സ്വാധീനിച്ച ഇടതുപക്ഷ ചിന്തകളെയും എക്‌സിസ്റ്റന്‍ഷ്യന്‍ തത്ത്വശാസ്‌ത്രത്തെയും യുക്തിഭദ്രമായി വിശകലനം ചെയ്‌തുകൊണ്ട്‌ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വായനക്കാര്‍ക്കിടയില്‍ അല്‍ മഅ്‌രിഫക്ക്‌ സ്വീകാര്യത വര്‍ധിപ്പിച്ചു. 1968 ജനുവരി 26-ന്‌ തുനീഷ്യന്‍ തൊഴിലാളി സംഘടനയും ബൂറഖീബ ഭരണകൂടവും തമ്മിലുള്ള സംഘട്ടനത്തെത്തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭത്തെ സംഘടന ഉപയോഗപ്പെടുത്തി.
1981 ഏപ്രില്‍ 9,10 തീയതികളില്‍ സൂസ തീരദേശ നഗരത്തില്‍ സംഘടന രണ്ടാം വാര്‍ഷിക കോണ്‍ഫറന്‍സ്‌ ചേര്‍ന്നു. തുടര്‍ന്ന്‌ `ഇസ്‌ലാമിക്‌ ട്രെന്റ്‌' (അല്‍ ഇത്തിജാഹുല്‍ ഇസ്‌ലാമി) എന്ന്‌ പേര്‌ മാറ്റി പ്രസ്ഥാനം പരസ്യ പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 6-ന്‌ പത്രസമ്മേളനത്തിലൂടെ ഇതിന്റെ പ്രഖ്യാപനം നടന്നു. തുടര്‍ന്ന്‌ നിയമപരമായ രജിസ്‌ട്രേഷനു വേണ്ടി അപേക്ഷ നല്‍കി. അനുമതി നിഷേധിച്ച അധികൃതര്‍ വ്യാപകമായ അറസ്റ്റും അടിച്ചമര്‍ത്തലും തുടങ്ങി. നിയമവിരുദ്ധമായ സംഘം ചേരല്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പ്രസിഡന്റിനെ തേജോവധം ചെയ്യല്‍, ഭരണകൂട വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സെപ്‌റ്റംബറില്‍ വിചാരണ ആരംഭിച്ചു. ഗനൂശി, മോറോ തുടങ്ങിയവര്‍ പത്തു വര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ടു. എങ്കിലും 1984-ല്‍ വിലവര്‍ധനവിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട ബ്രഡ്‌ റവലൂഷനെ തുടര്‍ന്ന്‌ നേതാക്കള്‍ വിട്ടയക്കപ്പെട്ടു. എണ്‍പതുകളോടെ യൂനിവേഴ്‌സിറ്റികളിലും സാധാരണക്കാര്‍ക്കിടയിലും പ്രസ്ഥാനത്തിന്റെ വേരുകള്‍ ആഴത്തിലെത്തി. ബഹുജന പ്രസ്ഥാനമായി വളര്‍ന്നതോടെ 1987-ല്‍ അതിശക്തമായ അടിച്ചമര്‍ത്തലുകള്‍ ആരംഭിച്ചു. പ്രസ്ഥാന നേതാക്കളില്‍ പലരും വധശിക്ഷക്കും ജീവപര്യന്തം കഠിന തടവിനും വിധേയരായി.
1989-ല്‍ ബൂറഖീബയെ അട്ടിമറിച്ച്‌ ബിന്‍ അലി അധികാരത്തിലേറിയപ്പോള്‍ രാഷ്‌ട്രീയത്തടവുകാര്‍ക്കൊപ്പം ഇസ്‌ലാമിസ്റ്റുകളും ജയില്‍ മുക്തരായി. അതിനകം നിരോധത്തെ മറികടക്കാന്‍ ഇസ്‌ലാമിക്‌ ട്രെന്റ്‌ അന്നഹ്‌ദ എന്ന്‌ പേര്‌ മാറ്റിയിരുന്നു. ഇസ്‌ലാമിക വികാരങ്ങളെ മുതലെടുത്ത്‌ കൊണ്ടാണ്‌ ബിന്‍ അലി ആദ്യഘട്ടത്തില്‍ അധികാരമുറപ്പിക്കാന്‍ ശ്രമിച്ചത്‌. സൈത്തൂന തുറന്നു. നമസ്‌കാര സമയങ്ങളില്‍ ടി.വി പരിപാടികള്‍ നിര്‍ത്തിവെച്ച്‌ ബാങ്ക്‌ വിളി പ്രക്ഷേപണം ചെയ്‌തു. പക്ഷേ, അതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കള്ളക്കളികളാണെന്ന്‌ വൈകാതെ വ്യക്തമായി. പ്രതീക്ഷിച്ച രാഷ്‌ട്രീയ മാറ്റ പ്രക്രിയകളൊന്നുമുണ്ടായില്ല. സ്വതന്ത്രമായ തെരഞ്ഞെടുപ്പില്‍ അന്നഹ്‌ദ അധികാരത്തില്‍ വരുമെന്ന്‌ കണ്ടതോടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ പൂര്‍വാധികം ശക്തിപ്പെടുത്തി. മറ്റൊരു ബൂറഖീബയായി അരങ്ങ്‌ വാണ ബിന്‍ അലി തുനീഷ്യയെ ഒരു അപ്രഖ്യാപിത ഫ്രഞ്ച്‌ കോളനിയാക്കാനാണ്‌ ശ്രമിച്ചത്‌.

ഫ്‌ളാഷ്‌ ബാക്ക്‌-2
തുനീഷ്യയില്‍ നിന്ന്‌ ഈജിപ്‌തിലേക്ക്‌ മടങ്ങിവരുമ്പോള്‍ ഏകാധിപത്യത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ അരനൂറ്റാണ്ടിലേറെ പിന്നോട്ടു നടക്കേണ്ടിവരും. ഏകാധിപത്യത്തോടൊപ്പം ഇത്രയും കാലം തോല്‍ക്കാതെ പൊരുതി നിന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചരിത്രം കൂടിയാണത്‌. ബ്രിട്ടന്റെ പാവയായിരുന്ന ഫാറൂഖ്‌ രാജാവിന്റെ ഏകാധിപത്യത്തിനെതിരിലുള്ള പോരാട്ടത്തില്‍ നിന്ന്‌ തുടങ്ങുന്നതാണ്‌ ബ്രദര്‍ഹുഡിന്റെ രാഷ്‌ട്രീയ ചരിത്രം. സംഘടനയുടെ സ്ഥാപകനായ ഹസനുല്‍ ബന്നായുടെ രക്തസാക്ഷിത്വമാണ്‌ ഇതിനു നല്‍കപ്പെട്ട കൂടിയ വിലകളിലൊന്ന്‌. ഫാറൂഖ്‌ രാജാവിന്റെ കിങ്കരന്മാര്‍ പ്രസംഗമധ്യേ അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഭരണകൂടം സൃഷ്‌ടിച്ച ഭീകരാന്തരീക്ഷത്തില്‍ കുടുംബത്തിലെ സ്‌ത്രീകളാണ്‌ സംസ്‌കരണ ചടങ്ങുകള്‍ നടത്തിയത്‌. ഈജിപ്‌ഷ്യന്‍ വിപ്ലവത്തിനു ശേഷം ഗവണ്‍മെന്റ്‌ കേസന്വേഷണത്തിന്‌ ഉത്തരവിട്ടെങ്കിലും ഇന്നും അത്‌ തെളിയിക്കാതെ അവശേഷിക്കുകയാണ്‌. വിപ്ലവാനന്തരവും ബലിദാനങ്ങള്‍ ഏറെ നടന്നു. സര്‍ക്കാറിന്റെ തിരുവായ്‌ നിയമങ്ങളിലൂടെ തൂക്കിക്കൊലകളാണെന്നതായിരുന്നു വ്യത്യാസം. നിയമജ്ഞനായ അബ്‌ദുല്‍ ഖാദിര്‍ ഔദ, മുഹമ്മദ്‌ ഫര്‍ഗലി, യൂസുഫ്‌ ത്വല്‍അ, ഇബ്‌റാഹീം ത്വയ്യിബ്‌ എന്നിവരെ 1954-ലും, സാഹിത്യകാരനും ചിന്തകനുമായ സയ്യിദ്‌ ഖുത്വ്‌ബ്‌, അബ്‌ദുല്‍ ഫതാഹ്‌ ഇസ്‌മാഈല്‍, മുഹമ്മദ്‌ യൂസുഫ്‌ ഹവ്വാശ്‌ എന്നിവരെ 1966-ലും പട്ടാള കോടതി ഭരണകൂടത്തിനെതിരെ ഗൂഢാലോചനകുറ്റം ചുമത്തി വധശിക്ഷക്ക്‌ വിധേയമാക്കി.
1952-ല്‍ ഫാറൂഖ്‌ രാജവാഴ്‌ചയെ അട്ടിമറിച്ച ഫ്രീ ഓഫീസര്‍മാരുടെ വിപ്ലവം അരങ്ങേറിയത്‌ ബ്രദര്‍ഹുഡിന്റെ കൂടി സഹകരണത്തോടുകൂടിയായിരുന്നു. ബ്രദര്‍ഹുഡുമായുള്ള ബന്ധം വിപ്ലവനേതാക്കളിലൊരാളായ ജമാല്‍ അബ്‌ദുന്നാസിര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്‌. തന്റെ ആത്മകഥയായ `ഫല്‍സഫത്തുസ്സൗറ'യില്‍ നാസിര്‍ എഴുതി: ``മുസ്‌ലിം ബ്രദര്‍ഹുഡില്‍ ഞാന്‍ അംഗമായിരുന്നില്ലെങ്കിലും ഇടതടവില്ലാതെ ഞാന്‍ ആ സംഘടനയുമായി സമ്പര്‍ക്കം സ്ഥാപിച്ചിരുന്നു. അതിന്റെ നേതാവും മാര്‍ഗദര്‍ശിയുമായ ഹസനുല്‍ ബന്നായെ എനിക്ക്‌ വലിയ മതിപ്പായിരുന്നു'' (നാസറിന്റെ ആത്മകഥ, പേജ്‌ 97, വിവ: യു.എ ബീരാന്‍, നാഷ്‌നല്‍ ബുക്‌സ്റ്റാള്‍, 1971). അബ്‌ദുല്‍ഹകീം ആമിര്‍ മുഖേനയാണ്‌ താന്‍ ഹസനുല്‍ ബന്നായെ പരിചയപ്പെട്ടതെന്ന്‌ ഇതേ കൃതിയില്‍ നാസിര്‍ പറയുന്നുണ്ട്‌. ഇപ്പോള്‍ `രാഷ്‌ട്രീയ ഇസ്‌ലാമി'ന്റെ എതിര്‍സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കപ്പെടുന്ന നാസിര്‍ ഹജ്ജിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തെക്കുറിച്ച്‌ അക്കാലത്ത്‌ എഴുതിയത്‌ ഇങ്ങനെയാണ്‌: ``സുഊദി അറേബ്യയിലെ രാജാവായിരുന്ന ഇബ്‌നു സുഊദിന്റെ വിയോഗവേളയില്‍ അനുശോചനമറിയിക്കാനായി ഈജിപ്‌ഷ്യന്‍ ദൗത്യസംഘത്തിലെ ഒരംഗമെന്ന നിലയില്‍ സുഊദി അറേബ്യയിലേക്ക്‌ പോയപ്പോഴാണ്‌ എല്ലാ മുസ്‌ലിംകളുമായി ഇസ്‌ലാമിക ബന്ധം പൂര്‍വോപരി ശക്തിപ്പെടുത്തുന്ന ഹജ്ജിന്റെ രചനാത്മകമായ പ്രയോഗക്ഷമതയിലുള്ള എന്റെ വിശ്വാസം കൂടുതല്‍ അഗാധവും സുശക്തവുമായത്‌. കഅ്‌ബയുടെ മുന്നില്‍നിന്ന്‌ കൊണ്ട്‌ എന്റെ വികാരങ്ങള്‍ ഇസ്‌ലാം പ്രചരിച്ചിട്ടുള്ള എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചപ്പോള്‍ ഞാന്‍ സാകൂതം ഇപ്രകാരം ചിന്തിച്ചു. ``തീര്‍ഥ യാത്രയെ സംബന്ധിച്ചുള്ള നമ്മുടെ ആശയം മാറേണ്ടിയിരിക്കുന്നു. സുദീര്‍ഘമായ ഒരു ജീവിതത്തിനു ശേഷം സ്വര്‍ഗത്തിലേക്ക്‌ ഒരു പാസ്‌പോര്‍ട്ട്‌ കിട്ടാന്‍ വേണ്ടിയായിരിക്കരുത്‌ `കഅ്‌ബ' സന്ദര്‍ശിക്കുന്നത്‌. സംഭവബഹുലമായ ഒരു ജീവിതത്തിനു ശേഷം കേവലം പ്രായശ്ചിത്തം മാത്രമായിരിക്കരുത്‌ അതിന്റെ ഉദ്ദേശ്യം. ആ തീര്‍ഥയാത്ര മഹത്തായ ഒരു രാഷ്‌ട്രീയ ശക്തിയായിരിക്കണം. ലോകത്തിലെ പത്രങ്ങള്‍ അതിന്റെ വാര്‍ത്തകള്‍ പ്രചരിപ്പിക്കണം. കേവലം ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും വാര്‍ത്തകള്‍ മാത്രമല്ല. മുസ്‌ലിം രാഷ്‌ട്രത്തലവന്മാരും ഇസ്‌ലാമിക വിജ്ഞാനസമ്പന്നരും മുസ്‌ലിം സാഹിത്യകാരന്മാരും മുസ്‌ലിം വ്യവസായികളും മുസ്‌ലിം വ്യാപാരികളും മുസ്‌ലിം യുവാക്കളും താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക്‌ വേണ്ടി പ്രചോദനമുള്‍ക്കൊള്ളുന്ന ഒരു ഇസ്‌ലാമിക പാര്‍ലമെന്റ്‌ എന്ന നിലക്കുള്ള ഒരു രാഷ്‌ട്രീയ സമ്മേളനമായി അതിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കണം. അവര്‍ ദുരാഗ്രഹങ്ങള്‍ കൂടാതെ സുശക്തരും സ്വതന്ത്രരുമായി ദൈവത്തിനു കീഴ്‌വണങ്ങി കൊണ്ട്‌ പരസ്‌പരം ആദരവോടെ സമ്മേളിക്കണം. അവരുടെ ശത്രുക്കളെ സംബന്ധിച്ചും അവര്‍ക്ക്‌ ബോധമുണ്ടായിരിക്കണം. ഈ സൂര്യനു കീഴില്‍ ജീവിതത്തില്‍ തങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടെന്നും അത്‌ കരസ്ഥമാക്കണമെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ അവര്‍ ഒരു പുതിയ ജീവിതത്തെ സ്വപ്‌നം കാണണം. എന്റെ ഈ വികാരങ്ങളെ ഞാന്‍ സുഊദ്‌ രാജാവിനെ അറിയിക്കുകയുണ്ടായി. തീര്‍ഥയാത്രയുടെ യഥാര്‍ഥ കാഴ്‌ചപ്പാട്‌ ഇതുതന്നെയാണെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. വാസ്‌തവത്തില്‍ ഇത്രയും വലിയ ഒരു വിജ്ഞാനത്തെപ്പറ്റി എനിക്ക്‌ വിഭാവനം ചെയ്യാന്‍ തന്നെ സാധിക്കുന്നില്ല. ഇന്തോനേഷ്യയിലെ എട്ടു കോടി മുസ്‌ലിംകളെപ്പറ്റിയും ചൈനയിലെ അഞ്ചു കോടി മുസ്‌ലിംകളെപ്പറ്റിയും മലയായിലെയും ബര്‍മയിലെയും പാകിസ്‌താനിലെയും മറ്റും കോടിക്കണക്കിലുള്ള മുസ്‌ലിംകളെപ്പറ്റിയും മധ്യ പൗരസ്‌ത്യ ദേശത്തെ പത്ത്‌കോടിയിലധികം വരുന്ന മുസ്‌ലിംകളെപ്പറ്റിയും ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള കോടിക്കണക്കായ മുസ്‌ലിംകളെപ്പറ്റിയും ഞാന്‍ ചിന്തിച്ചപ്പോള്‍ ഒരേയൊരു വിശ്വാസത്തില്‍ ബന്ധിക്കപ്പെട്ടിട്ടുള്ള ഈ കോടിക്കണക്കായ മുസ്‌ലിംകള്‍ പരസ്‌പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ മഹത്തായ പല നേട്ടങ്ങളുമുണ്ടാകുമെന്ന്‌ എന്നില്‍ വളരെ ദൃഢമായ ഒരു ബോധമുളവായി. ഈ സഹകരണത്തില്‍ അവര്‍ അവരുടെ രാജ്യത്തോടുള്ള കൂറ്‌ ഉപേക്ഷിക്കണമെന്നില്ല. എങ്കിലും ഈ സഹകരണം അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും അപരിചിതമായ ശക്തി പ്രദാനം ചെയ്യാതിരിക്കുകയില്ല'' (നാസ്സിറിന്റെ ആത്മകഥ, പേജ്‌ 90-92).
ഇന്ന്‌ അള്‍ട്രാ സെക്യുലര്‍ മുസ്‌ലിം വെളിച്ചപ്പാടുകള്‍ പാന്‍ ഇസ്‌ലാമെന്ന്‌ പുഛിച്ചു തള്ളുന്ന ആശയമാണ്‌ മൗദൂദിയുടെ ഖുത്വ്‌ബാതിലെ ഹജ്ജ്‌ അധ്യായത്തിലെ പകര്‍പ്പെന്ന്‌ തോന്നുമാര്‍ നാസിര്‍ ഇവിടെ പങ്കുവെക്കുന്നത്‌.
കമ്യൂണിസത്തെ കുറിച്ച്‌ ആത്മകഥയില്‍ നാസിര്‍ നടത്തിയ വിലയിരുത്തലും ശ്രദ്ധേയമാണ്‌. ``കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേരാനാവശ്യപ്പെട്ടു കൊണ്ട്‌ അതിന്റെ പല പ്രവര്‍ത്തകരും പലവട്ടം എന്നെ സമീപിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തങ്ങളും ലെനിന്റെ ഗ്രന്ഥങ്ങളുമെല്ലാം വളരെ അനുഭാവപൂര്‍വം വായിച്ചു പഠിക്കുന്നതില്‍ ഞാന്‍ ഉത്സുകനായിരുന്നുവെങ്കിലും, മൗലികമായി രണ്ടു കാര്യങ്ങളില്‍ എനിക്ക്‌ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാല്‍ അതൊരിക്കലും എനിക്ക്‌ സ്വീകരിക്കാന്‍ സാധിക്കുകയില്ലെന്ന്‌ എനിക്ക്‌ തന്നെ നന്നായറിയാമായിരുന്നു. മതത്തിന്റെ കാര്യത്തിലായിരുന്നു പ്രഥമവും പ്രധാനവുമായ അഭിപ്രായ വ്യത്യാസം. കമ്യൂണിസം താത്ത്വികമായി ഒരു നിരീശ്വരവാദിയുടെ രാഷ്‌ട്രീയ സിദ്ധാന്തമാണ്‌. ഞാന്‍ തികച്ചും ഒരാത്മാര്‍ഥ മുസ്‌ലിമാണ്‌. നമ്മുടെ എല്ലാ ഭാഗധേയങ്ങളെയും സദാ കാത്ത്‌ സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തനായ അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിക്കുന്ന ഒരാത്മാര്‍ഥ മുസ്‌ലിമാണ്‌ ഞാന്‍. ഒരു നല്ല മുസല്‍മാന്‌ ഒരിക്കലും ഒരു നല്ല കമ്യൂണിസ്റ്റാവുക സാധ്യമല്ല. കമ്യൂണിസത്തിന്‌ മോസ്‌കോവില്‍ നിന്നും കേന്ദ്ര കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്നും ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും എനിക്ക്‌ മനസ്സിലായി. ഇതും എന്നെ സംബന്ധിച്ചേടത്തോളം ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്ത ഒരു കാര്യമായിരുന്നു. നാടുവാഴി വര്‍ഗങ്ങളില്‍ നിന്ന്‌ അധികാരം പിടിച്ചെടുത്ത്‌ ഈജിപ്‌തിന്റെ മേലുള്ള വിദേശാധിപത്യം പരിപൂര്‍ണമായും നശിപ്പിച്ചു, നാടിനാവശ്യമായ യഥാര്‍ഥ സ്വാതന്ത്ര്യം കരസ്ഥമാക്കുക എന്ന വിഷമം പിടിച്ച പ്രവര്‍ത്തനം എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും സംബന്ധിച്ചേടത്തോളം വളരെ ദീര്‍ഘവും ക്ലേശകരവുമായ ഒരു സമരമായിരുന്നു. കിഴക്ക്‌ നിന്നായാലും പടിഞ്ഞാറ്‌ നിന്നായാലും എന്റെ രാജ്യം വീണ്ടും മറ്റേതെങ്കിലും രാജ്യത്തിന്റെ ആധിപത്യത്തിലോ നിയന്ത്രണത്തിലോ ആകാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കാനുദ്ദേശിക്കുന്നില്ല'' (ആത്മകഥ, പേജ്‌ 95,96).
ഒരു നടനെ അന്വേഷിക്കുന്ന നാടകത്തെക്കുറിച്ച്‌ ആത്മകഥയുടെ ഈ ഭാഗത്ത്‌ നാസിര്‍ എഴുതുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ ആ നാടകത്തിലെ ദുരന്ത നടനാകാനായിരുന്നു നാസിറിന്റെ വിധി. ഗ്രീക്ക്‌ ഇതിഹാസകഥയിലെ നര്‍സിസസിനെപോലെ സ്വന്തം മുഖഛായയില്‍ ഭ്രമിച്ചുപോയ അദ്ദേഹം ഓട്ടോക്രസിയിലേക്ക്‌ വഴുതിപ്പോയി. എല്ലാ അധികാരങ്ങളുടെയും നിയന്ത്രണം സ്വകരങ്ങളില്‍ നിക്ഷിപ്‌തമാക്കാന്‍ അദ്ദേഹം വെമ്പല്‍ കൊണ്ടു. വിപ്ലവത്തിന്‌ ഒരു രാഷ്‌ട്രീയ ചട്ടക്കൂടുണ്ടാക്കാന്‍ `ഹൈഅത്തുത്തഹ്‌രീര്‍' എന്ന ഒരു പ്ലാറ്റ്‌ഫോമിന്‌ അദ്ദേഹം രൂപം നല്‍കി. മുസ്‌ലിം ബ്രദര്‍ഹുഡിനോട്‌ അതില്‍ ലയിക്കാന്‍ ആവശ്യപ്പെട്ടു. സ്വന്തം അസ്‌തിത്വവും വ്യക്തിത്വും ബലികഴിക്കാനുള്ള ആ ആവശ്യം സ്വാഭാവികമായും ബ്രദര്‍ ഹുഡ്‌ തള്ളിക്കളഞ്ഞു. പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ബ്രദര്‍ ഹുഡ്‌ വഴങ്ങിയില്ല. അവിടം തൊട്ടു പിണക്കവും ശത്രുതയുമായി അത്‌ മാറി.
ദേശീയ പാര്‍ട്ടിയായ വഫദ്‌ അടക്കം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും വിപ്ലവ ഗവണ്‍മെന്റ്‌ നിരോധിച്ചിരുന്നു. ബ്രദര്‍ ഹുഡ്‌ മാത്രമായിരുന്നു അപവാദം. വിപ്ലവം നടത്തിയ സ്വതന്ത്ര സൈനിക ഓഫീസര്‍മാരും ബ്രദര്‍ഹുഡും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന ബന്ധവും ഏകോപനവുമായിരുന്നു ഇതിനു കാരണം. ബ്രദര്‍ഹുഡ്‌ അംഗമായിരുന്നില്ലെന്ന്‌ നാസിര്‍ ആത്മകഥയില്‍ പറയുന്നുണ്ടെങ്കിലും 1944-ല്‍ മഹ്‌മൂദ്‌ ലബീബിന്റെ നേതൃത്വത്തില്‍ സൈന്യത്തിനകത്ത്‌ ബ്രദര്‍ഹുഡ്‌ രൂപം നല്‍കിയ ഏഴാംഗ ഉസ്‌റ(യൂനിറ്റ്‌)യില്‍ നാസിറും അംഗമായിരുന്നു. ഫ്രീ ഓഫീസേര്‍സ്‌ ക്ലബ്ബിലെ മറ്റൊരംഗമായ അബ്‌ദുല്‍ മുന്‍ഇം അബ്‌ദുര്‍റഊഫിന്റെ ഓര്‍മക്കുറിപ്പുകളില്‍ ഇതിന്റെ വിശദാംശമുണ്ട്‌. ഏഴംഗങ്ങളും ബ്രദര്‍ ഹുഡിന്റെ രഹസ്യ വിഭാഗം തലവന്‍ അബ്‌ദുര്‍റഹ്‌മാന്‍ സനദിയുടെ മുന്നില്‍ സംഘടനയോട്‌ കൂറുപുലര്‍ത്തി സത്യ പ്രതിജ്ഞ ചെയ്‌തതായി അബ്‌ദുല്‍ മുന്‍ഇം അനുസ്‌മരിക്കുന്നു.
`ഹൈഅത്തുത്തഹ്‌രീരി'ല്‍ (പിന്നീടത്‌ അറബ്‌ സോഷ്യലിസ്റ്റ്‌ യൂനിയന്‍എന്ന അംബ്രല്ലാ ഓര്‍ഗനൈസേഷനും ഏക പാര്‍ട്ടി വ്യവസ്ഥയിലെ ഭരണകക്ഷിയുമായി മാറി) ലയിക്കാന്‍ ബ്രദര്‍ഹുഡ്‌ വിസമ്മതിച്ചുവെങ്കിലും അതുമായി ബന്ധപ്പെടുന്നതില്‍നിന്ന്‌ പ്രവര്‍ത്തകരെ തടഞ്ഞില്ല. അക്കാലത്ത്‌ ബ്രദര്‍ഹുഡില്‍ ഔപചാരിക അംഗത്വമില്ലായിരുന്നെങ്കിലും അനുഭാവിയായിരുന്ന സയ്യിദ്‌ ഖുത്വ്‌ബ്‌ പ്രസ്‌തുത വേദിയുടെ അസി. സെക്രട്ടറി പദവിയില്‍ നിയമിതനാവുകയുണ്ടായി. വേദിയുടെ ആശയാടിത്തറ ദുര്‍ബലമാണെന്ന്‌ വ്യക്തമായതോടെ അദ്ദേഹം അതില്‍ നിന്ന്‌ ഒഴിവാകുകയായിരുന്നു.
ബ്രദര്‍ഹുഡും വിപ്ലവ ഗവണ്‍മെന്റും തമ്മിലുള്ള വിടവ്‌ വര്‍ധിക്കുകയും ബ്രദര്‍ഹുഡ്‌ വരുതിയില്‍ വരില്ലെന്ന്‌ ഉറപ്പാവുകയും ചെയ്‌തതോടെ സംഘടനയെ രാഷ്‌ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ച്‌ 1954-ല്‍ ഇതര രാഷ്‌ട്രീയ പാര്‍ട്ടികളുടെ മേലുള്ള നിരോധം അതിനും ബാധകമാക്കി. നിരോധത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി മേധാവി ഹസന്‍ ഹുദൈബിയും സയ്യിദ്‌ ഖുത്വ്‌ബുമടക്കമുള്ളവര്‍ അറസ്റ്റിലായി. അതിനിടെ പ്രസിഡന്റായ ജന. മുഹമ്മദ്‌ നജീബിനെയും സ്ഥാനഭ്രഷ്‌ടനാക്കി ആ പദവിയും നാസിര്‍ കൈയടക്കി. നിരോധം വകവെക്കാതെ നജീബിനെ നീക്കിയതിനെതിരെ ബ്രദര്‍ഹുഡ്‌ വന്‍ പ്രതിഷേധ റാലി നടത്തി. പ്രതിഷേധവും പ്രക്ഷോഭവും ശക്തിപ്പെട്ടപ്പോള്‍ തടവുകാരെ മോചിപ്പിക്കാന്‍ ഗവണ്‍മെന്റ്‌ നിര്‍ബന്ധിതമായി.
'54 ഒക്‌ടോബര്‍ 26-ന്‌ നാസിര്‍ മന്‍ശിയയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരു വെടിവെപ്പ്‌ നടന്നു. അതൊരു നാടകമായിരുന്നു. ഗവണ്‍മെന്റ്‌ ഏര്‍പ്പാടാക്കിയ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു പരിക്കേല്‍ക്കാത്ത ഈ വെടിവെപ്പിനു പിന്നില്‍. കുറ്റം ബ്രദര്‍ഹുഡിന്റെ മേല്‍ ചുമത്തി വീണ്ടും പോലീസ്‌ വേട്ട തുടങ്ങി. അബ്‌ദുല്‍ ഖാദിര്‍ ഔദയടക്കമുള്ള ബ്രദര്‍ ഹുഡ്‌ നേതാക്കളെ ഗൂഢാലോചനാ പ്രതികളാക്കി തൂക്കിലേറ്റി. '66-ല്‍ അട്ടിമറി ആരോപിച്ച്‌ സയ്യിദ്‌ ഖുത്വ്‌ബിനെയും സഹപ്രവര്‍ത്തകരെയും തൂക്കിലേറ്റി. പ്രതികള്‍ക്ക്‌ അഭിഭാഷകരെ വെക്കാന്‍ പോലും സമ്മതിക്കാതെയായിരുന്നു ശിക്ഷാ വിധി. ബ്രിട്ടീഷ്‌ എം.പിയും രാഷ്‌ട്രീയ തടവുകാര്‍ക്കായുള്ള ലോകവേദിയുടെ എക്‌സി. സമിതിയംഗവുമായ പീറ്റര്‍ ആര്‍ഷര്‍ ആംനസ്റ്റി ഇന്റര്‍നാഷ്‌നലിന്റെ അനൗദ്യോഗിക പ്രതിനിധിയായി ഈജിപ്‌ത്‌ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി: ``പ്രതികള്‍ കുറ്റവാളികളോ നിരപരാധികളോ എന്നതില്‍ അഭിപ്രായ പ്രകടനം നടത്താതെതന്നെ ആംനസ്റ്റി ഒരു കാര്യം ഖേദപൂര്‍വം വ്യക്തമാക്കട്ടെ. പ്രതികളെ പീഡിപ്പിച്ചതായ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ്‌ ഈ കേസിന്റെ അവസ്ഥയും വസ്‌തുസ്ഥിതികളും. ഈജിപ്‌ഷ്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്‌പക്ഷതയെ തീര്‍ത്തും സംശയാസ്‌പദമാക്കുന്നതാണ്‌ ഈ അവസ്ഥാവിശേഷം. പ്രതികളുടെ മൗലികാവകാശം മാനിക്കണമെന്നും അവര്‍ക്ക്‌ നീതിപൂര്‍വകമായ പരസ്യ വിചാരണക്ക്‌ അവസരം നല്‍കി രാഷ്‌ട്രാന്തരീയ അന്തസ്സ്‌ വര്‍ധിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ ഈജിപ്‌ഷ്യന്‍ ഗവണ്‍മെന്റിനോട്‌ അഭ്യര്‍ഥിക്കുന്നു.''
ഈ അഭ്യര്‍ഥനക്ക്‌ ഫലമുണ്ടായില്ല. രഹസ്യ വിചാരണ നടത്തിയാണ്‌ വധശിക്ഷ നടപ്പിലാക്കിയത്‌. സൂയസ്‌ കനാല്‍ ദേശസാത്‌കരിച്ചതും കാര്‍ഷിക പരിഷ്‌കരണങ്ങളിലൂടെ ഫ്യൂഡല്‍ വ്യവസ്ഥക്ക്‌ മാറ്റമുണ്ടാക്കിയതും നാസറിന്‌ ഒരു വീരനായകന്റെ പരിവേഷം നല്‍കിയിരുന്നു. പക്ഷേ, ഒട്ടും ജനാധിപത്യം അനുവദിക്കാത്ത ഏകകക്ഷി സമഗ്രാധിപത്യ വ്യവസ്ഥയില്‍ രാജ്യം വലിയൊരു ജയിലറയായി മാറുകയായിരുന്നു. സൈനബുല്‍ ഗസ്സാലിയുടെ ജയിലനുഭവങ്ങള്‍ എന്ന കൃതി ആ കറുത്ത യുഗത്തിന്റെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്തുന്നുണ്ട്‌. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനു പകരം ഇന്റലിജന്‍സ്‌ വിഭാഗത്തെ ആശ്രയിക്കേണ്ടിവരിക ഏത്‌ സമഗ്രാധിപത്യ വ്യവസ്ഥയുടെയും പൊതുസ്വഭാവമാണ്‌. അതിന്റെ വില നാസറിനും കൊടുക്കേണ്ടിവന്നിട്ടുണ്ട്‌. 1967 ജൂണില്‍ ഇസ്രയേലുമായി നടന്ന ആറുദിന യുദ്ധത്തില്‍ പരാജയമേറ്റുവാങ്ങുകയും സീനായ്‌ മേഖല നഷ്‌ടപ്പെടുകയും ചെയ്‌തത്‌ നാസിറിന്റെ പ്രതിഛായക്ക്‌ മങ്ങലേല്‍പിച്ചു. നാസിര്‍യുഗത്തിലെ ഏകാധിപത്യത്തിന്റെ കരാള ചിത്രം പുറത്തുവന്നത്‌ അദ്ദേഹത്തിന്റെ മരണാനന്തരമാണ്‌. ബ്രദര്‍ ഹുഡുകാര്‍ മാത്രമായിരുന്നില്ല അതിന്റെ ഇരകള്‍. അലി അമീന്‍, മുസ്‌ത്വഫാ അമീന്‍ തുടങ്ങിയ നിരവധി പ്രശസ്‌ത പത്രപ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ ഈ യുഗത്തിന്റെ കയ്‌പ്‌ അനുഭവിച്ചവരാണ്‌. മുസ്‌ത്വഫാ അമീന്റെ `ഫീ ബലാത്വി സ്വാഹിബതില്‍ ജലാല' എന്ന കൃതി പത്രമാരണ നിയമങ്ങളാല്‍ ജീവിതം ദുസ്സഹമായി മാറിയ ഒരു പത്രപ്രവര്‍ത്തകന്റെ നീറുന്ന അനുഭവങ്ങളാണ്‌. കറുത്ത ഫലിതങ്ങളിലൂടെ പില്‍ക്കാലത്തിറങ്ങിയ സര്‍ഗാത്മക കൃതികളിലൂടെ പ്രശസ്‌ത നോവലിസ്റ്റും നാടക പ്രതിഭയുമായ തൗഫീഖുല്‍ ഹകീമും ആ കാലത്തെ കോറിയിട്ടിട്ടുണ്ട്‌.
നാസിറിന്റെ മരണാനന്തരം സാദാത്ത്‌ അധികാരത്തില്‍ വന്നതോടെ നിയമങ്ങള്‍ അല്‍പം ഉദാരമായി. അതോടെ ബ്രദര്‍ഹുഡ്‌ ശക്തമായി തിരിച്ചുവന്നു. മുഖപത്രമായ അദ്ദഅ്‌വ പ്രസിദ്ധീകരണമാരംഭിച്ചു. റമദാന്‍ യുദ്ധം എന്നറിയപ്പെടുന്ന '72-ലെ ഒക്‌ടോബര്‍ യുദ്ധത്തില്‍ ഈജിപ്‌ഷ്യന്‍ സേന ബാര്‍ലേവ്‌ ലൈന്‍ മുറിച്ചുകടന്നതോടെ ഇസ്രയേലിന്റെ അജയ്യതയെന്ന മിഥ്യ തകര്‍ന്നു. സാദാത്തിന്‌ ഒരു മതനായകന്റെ പരിവേഷം വന്നു. `അര്‍റജുലുല്‍ മുഅ്‌മിന്‍' (വിശ്വാസിയായ വീരപുരുഷന്‍) എന്ന വിശേഷണം മാധ്യമങ്ങളിലൂടെ പ്രതിഷ്‌ഠിതമാക്കി. പക്ഷേ, ഈ അവസ്ഥ ഏറെക്കാലം നിലനിന്നില്ല. അമേരിക്ക കെണിവെച്ച്‌ സാദാത്തിനെ ക്യാമ്പ്‌ ഡേവിഡ്‌ കരാറില്‍ വീഴ്‌ത്തി. സീനായ്‌ വീണ്ടുകിട്ടിയയെങ്കിലും സാദാത്ത്‌ ചരിത്രത്തില്‍നിന്ന്‌ പാതാളത്തിലേക്ക്‌ തലകുത്തി വീണു. ഇസ്രയേലുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ വെറുക്കപ്പെട്ട പ്രസിഡന്റ്‌ ഇസ്‌ലാംബൂലി എന്ന ചെറുപ്പക്കാരനാല്‍ വെടിവെച്ച്‌ കൊല്ലപ്പെട്ടു. അതിന്‌ മുമ്പേ ക്യാമ്പ്‌ ഡേവിഡ്‌ കരാറിന്റെ പേരില്‍ സാദാത്തിനെ എതിര്‍ത്ത ബ്രദര്‍ഹുഡുകാര്‍ തടവിലാക്കപ്പെട്ടിരുന്നു.
സാദാത്തിനു ശേഷം ഹുസ്‌നി മുബാറക്‌ അധികാരമേറ്റു. ഹുസ്‌നി അമേരിക്കയുടെ ഇഷ്‌ടഭാജനമായി. ഈ കാലയളവില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും കിഫായ അടക്കമുള്ള പ്രക്ഷോഭങ്ങളിലും നിരോധം നീക്കപ്പെട്ടില്ലെങ്കിലും ബ്രദര്‍ ഹുഡ്‌ അതിന്റെ ശക്തി തെളിയിച്ചുകൊണ്ടിരുന്നു. 2005-ല്‍ 88 സീറ്റ്‌ നേടിയ അവര്‍ക്ക്‌ 2010 ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റേ കിട്ടിയുള്ളൂ. ഇതര പാര്‍ട്ടികളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. തെരഞ്ഞെടുപ്പില്‍ നടന്ന വ്യാപകമായ കൃത്രിമങ്ങളായിരുന്നു കാരണം. അതിനെതിരിലുള്ള രോഷ പ്രകടനങ്ങളാണ്‌ ഇപ്പോള്‍ കാണുന്നത്‌. മുബാറക്‌ ചരിത്രത്തിന്റെ അവസാനത്തെ കോണിപ്പടി ഇറങ്ങാന്‍ പോവുകയാണ്‌; ബ്രദര്‍ഹുഡ്‌ കോണിപ്പടി കയറാനുള്ള ഒരുക്കത്തിലും. അങ്ങനെ ചരിത്രത്തിന്റെ ചാക്രികയാനം പൂര്‍ത്തീകരണത്തിന്റെ ബിന്ദു തൊടുന്നത്‌ കാണാന്‍ കാത്തുനില്‍ക്കുകയാണ്‌ ലോകം.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly