Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


സവിശേഷത, കര്‍മമണ്ഡലം
തന്‍വീര്‍

അധഃപതന കാലഘട്ടത്തില്‍ സമൂഹത്തിന്‌ ദിശാബോധം നല്‍കാന്‍ രംഗത്തുവന്ന പരിഷ്‌കര്‍ത്താക്കള്‍ക്ക്‌ തങ്ങള്‍ ഉദ്ദേശിച്ചവിധം ഇസ്‌ലാമിക പ്രവര്‍ത്തനവും പ്രബോധനവും നടത്താന്‍ സംഘടനകള്‍ രൂപവത്‌കരിക്കേണ്ടിവന്നിട്ടുണ്ട്‌. മുസ്‌ലിം മുഖ്യധാരയില്‍ നിന്നുള്ള വേറിട്ട്‌ പോക്കായി അതിനെ കാണേണ്ടതില്ല. മറ്റൊരു മാര്‍ഗം മുമ്പിലില്ലാതെ വരുമ്പോഴാണ്‌ സുശിക്ഷിതരായ അണികളെ വാര്‍ത്തെടുത്ത്‌ പ്രത്യേകം സംഘടിപ്പിക്കേണ്ടിവരുന്നത്‌. ഇങ്ങനെ രൂപവത്‌കരിക്കപ്പെടുന്ന സംഘടനയോട്‌ അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമീപനം ഇസ്‌ലാമികമായി എന്തായിരിക്കണം? ഇത്‌ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്‌. കാരണം ഈ ചോദ്യത്തിന്‌ തെറ്റായ ഉത്തരത്തിലായിരിക്കും ചിലപ്പോഴെങ്കിലും ഇസ്‌ലാമിക സംഘടനകള്‍ എത്തിച്ചേരുക.
തെറ്റായ ഉത്തരം ഇതാണ്‌: ഇസ്‌ലാമിന്റെ അഭിവൃദ്ധിക്കും പ്രചാരണത്തിനും വേണ്ടിയാണല്ലോ തന്റെ സംഘടന നിലവില്‍ വന്നത്‌. അപ്പോള്‍ തന്റെ സംഘടനക്കകത്ത്‌ ഉള്ളതെന്തോ അത്‌ മാത്രമാണ്‌ ഇസ്‌ലാം. അതിന്‌ പുറത്ത്‌ ഇസ്‌ലാം ഇല്ല, അനിസ്‌ലാമികതയേ ഉള്ളൂ. ഇങ്ങനെ ഒരു സംഘടന ഇസ്‌ലാമിന്റെ കുത്തക അവകാശപ്പെട്ടു തുടങ്ങിയാല്‍, മറ്റു സംഘടനകളെയും വ്യക്തികളെയും അവര്‍ ഇസ്‌ലാമിക വൃത്തത്തിന്റെ പുറത്ത്‌ നിര്‍ത്തും. അങ്ങനെയാണ്‌ കാഫിറാക്കലും ഭ്രഷ്‌ട്‌ കല്‍പിക്കലുമെല്ലാം സംഭവിക്കുന്നത്‌. മുസ്‌ലിം ചരിത്രത്തില്‍ ഇതിന്‌ വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്‌. സമകാലിക സന്ദര്‍ഭത്തിലും അത്തരം ദുഷ്‌പ്രവണതകള്‍ക്ക്‌ നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നു.
ഇസ്‌ലാമിനെക്കുറിച്ച്‌ സമഗ്രാവബോധമുള്ള ഇസ്‌ലാമിസ്റ്റുകളില്‍ വരെ ഈ സംഘടനാ പക്ഷപാതിത്വം കണ്ടെന്ന്‌ വരാം. ഇത്‌ സംഘടനകള്‍ തമ്മിലുള്ള പോര്‍വിളിക്കും തീവ്രചിന്തകള്‍ മുളപൊട്ടുന്നതിനും കാരണമാക്കും. ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പ്രമുഖ ഇസ്‌ലാമിക ചിന്തകനായ റാശിദുല്‍ ഗനൂശി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌: `പ്രവാചകന്‍ തിരുമേനിയുടെ മരണശേഷം ഇസ്‌ലാമിന്‌ ഔദ്യോഗിക വക്താവില്ല' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. താന്‍ പറഞ്ഞത്‌ മാത്രമാണ്‌ ഇസ്‌ലാമെന്ന്‌ പറയാന്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അവകാശമില്ല. വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ടാവാം. ഇസ്‌ലാമിക പ്രമാണണങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ വിമര്‍ശിക്കുകയും ഖണ്ഡിക്കുകയുമാവാം. അതേസമയം തന്റെ സംഘടന നല്‍കുന്ന വ്യാഖ്യാനത്തിനപ്പുറം ഇസ്‌ലാമിന്‌ വേറെ വ്യാഖ്യാനമില്ലെന്ന്‌ ശഠിക്കരുത്‌. അത്‌ ഇസ്‌ലാമിക സമൂഹത്തിന്റെ ശൈഥില്യത്തിന്‌ വഴിവെക്കും.
ജമാഅത്തെ ഇസ്‌ലാമിയുടെ രൂപവത്‌കരണ സമ്മേളനത്തില്‍ മൗലാനാ മൗദൂദി ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇതാണ്‌. പ്രവാചകന്‍ തിരുമേനിയുടെ കാലശേഷം ഇസ്‌ലാമിന്റെ അഭ്യുന്നതിക്ക്‌ വേണ്ടി ഒരു സംഘടന രൂപവത്‌കരിക്കുമ്പോള്‍ രണ്ട്‌ തരം ആപത്തുകളില്‍ അത്‌ ചെന്നു ചാടാറുണ്ടെന്ന്‌ മൗലാനാ മൗദൂദി വിശദീകരിച്ചു.
ഒന്ന്‌, ഇങ്ങനെയൊരു സംഘടന രൂപവത്‌കരിച്ച്‌ അധികകാലം കഴിയുന്നതിന്‌ മുമ്പ്‌, മുഹമ്മദ്‌ നബി(സ)യുടെയും മുമ്പുള്ള പ്രവാചകന്മാരുടെയും കാലത്തുള്ള വിശ്വാസി സമൂഹത്തിന്റെ അതേ നിലയും പദവിയും തങ്ങള്‍ക്കുണ്ടെന്ന്‌ ഈ സംഘടനയിലെ ആളുകള്‍ തെറ്റിദ്ധരിച്ചുപോകുന്നു. യഥാര്‍ഥ ഇസ്‌ലാം തങ്ങളുടെ പക്കല്‍ മാത്രമാണുള്ളത്‌. തങ്ങളുടെ സംഘടനയില്‍ പ്രവേശിക്കാത്തവര്‍ ആരും തന്നെ മുസ്‌ലിംകളല്ലെന്ന്‌ അവര്‍ വിധി കല്‍പിക്കുന്നു. ഇത്‌ ആ സംഘടനയെ മുസ്‌ലിം സമൂഹത്തിലെ ഒരു പ്രത്യേക വര്‍ഗമാക്കി മാറ്റുന്നു. ഇസ്‌ലാം നിശ്ചയിച്ച സാക്ഷാല്‍ ജോലി നിര്‍വഹിക്കുന്നതിനു പകരം, മറ്റുള്ള മുസ്‌ലിം വിഭാഗങ്ങളുമായുള്ള സംഘട്ടനത്തിനും വടംവലിക്കും വാദപ്രതിവാദത്തിനും മറ്റുമായി അവരുടെ ഊര്‍ജവും സമയവും പാഴായിപ്പോവുന്നു.
രണ്ട്‌, സംഘടന ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഒരു അമീറിനെ, നേതാവിനെ നിശ്ചയിക്കും. അദ്ദേഹം ആ സംഘടനയുടെ നേതാവ്‌ മാത്രമാണ്‌. തന്റെ നേതൃത്വം മുഴുവന്‍ മുസ്‌ലിംകളും അംഗീകരിക്കണമെന്ന്‌ ശഠിക്കാന്‍ ആ നേതാവിന്‌ യാതൊരു ന്യായവുമില്ല. പക്ഷേ, സംഘടനയുടെ അനുയായികള്‍ വിചാരിക്കുന്നത്‌, തങ്ങളുടെ നേതാവ്‌ നബി(സ) തിരുമേനിക്ക്‌ ശേഷമുള്ള സച്ചരിതരായ ഖലീഫമാരെപ്പോലെയാണെന്നാണ്‌. അതായത്‌, തങ്ങളുടെ അമീറിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യാത്തവരൊക്കെ ഇസ്‌ലാമിന്‌ പുറത്താണെന്ന്‌ അവര്‍ കരുതുന്നു. തങ്ങളുടെ ഇമാമിന്റെ/ അമീറിന്റെ നേതൃത്വം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ അവരുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടു പോകുന്നു.
ഈ രണ്ട്‌ വഴിതെറ്റലുകളെയും കരുതിയിരിക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ മൗലാനാ മൗദൂദി, ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച്‌ അതിന്റെ പ്രവര്‍ത്തകര്‍ക്ക്‌ ഉണ്ടാവേണ്ട നിലപാടെന്ത്‌ എന്ന്‌ കൃത്യമായി വരച്ച്‌ കാണിച്ചിട്ടുണ്ട്‌. നബിതിരുമേനിയുടെ കാലത്തുള്ള ഒരു വിശ്വാസി സമൂഹമുണ്ട്‌. അതിനെ `അല്‍ ജമാഅത്ത്‌' എന്ന്‌ വിളിക്കാം. നബി(സ)യുടെ കാലത്ത്‌ ഈ ജമാഅത്തില്‍ ചേരാതെ ഒരാള്‍ക്കും വിശ്വാസിയാവാന്‍ സാധ്യമല്ല. ആ വിശ്വാസി സമൂഹത്തിന്‌ പുറത്ത്‌ ഇസ്‌ലാം ഇല്ല, കുഫ്‌ര്‍ മാത്രമേയുള്ളൂ. പ്രവാചകന്റെ മരണശേഷം രൂപവത്‌കരിക്കപ്പെടുന്ന ഏതൊരു ജമാഅത്തിനും അങ്ങനെയൊരു പദവിയും സ്ഥാനവും ഉണ്ടാവുകയില്ല. ജീര്‍ണത ബാധിക്കുകയും വഴിതെറ്റുകയും ചെയ്‌ത മുഖ്യധാരാ മുസ്‌ലിം സമൂഹത്തെ യഥാര്‍ഥ ആദര്‍ശസമൂഹമായി മാറ്റിയെടുക്കാന്‍ ഉദയം ചെയ്‌തതാണ്‌ അത്തരം പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍. ഒരേകാലത്തും ദേശത്തും തന്നെ ഇത്തരം പ്രസ്ഥാനങ്ങള്‍ ഒന്നിലധികം ഉണ്ടാവാം. ആയതിനാല്‍ ഏതെങ്കിലുമൊരു സംഘടന, തങ്ങള്‍ നബിയുടെ കാലത്തെ വിശ്വാസി സമൂഹത്തെപ്പോലെയാണെന്നും അതിലേക്ക്‌ കടന്നുവരാത്തവര്‍ ഇസ്‌ലാമിന്‌ പുറത്താണെന്നും വാദിക്കുന്നത്‌ അര്‍ഥശൂന്യവും ഇസ്‌ലാമിക വിരുദ്ധവുമാണ്‌. ജമാഅത്തെ ഇസ്‌ലാമി നേരത്തെ പറഞ്ഞ അല്‍ജമാഅത്ത്‌ അല്ല; അതിന്റെ നേതാവ്‌ ഖുലഫാഉര്‍റാശിദുകളെപ്പോലെ ഏവരാലും അനുസരിക്കപ്പെടേണ്ട നേതാവുമല്ല.
രൂപവത്‌കരണ സമ്മേളനത്തില്‍ പങ്കെടുത്ത സദസ്സിനെ മൗലാനാ മൗദൂദി പ്രത്യേകം ഉണര്‍ത്തി: ``സംഘടനയെക്കുറിച്ച്‌ ഇതിലപ്പുറമുള്ള ഒരു ധാരണ ആര്‍ക്കും ഉണ്ടാവരുത്‌. മുസ്‌ലിം സമൂഹത്തില്‍ ഒരു പ്രത്യേക വര്‍ഗമായി വേര്‍തിരിഞ്ഞ്‌ നില്‍ക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ദീനിന്‌ വേണ്ടിപ്രവര്‍ത്തിക്കാനുള്ള കൂട്ടായ്‌മ മാത്രമാണിത്‌. അതൊരിക്കലും ദീനിനോ സമുദായത്തിനോ ദോഷകരമായിത്തീരരുതെന്ന്‌ നമുക്ക്‌ നിര്‍ബന്ധമുണ്ടാവണം.''

പ്രവര്‍ത്തന മണ്ഡലം
അക്കാര്യവും മൗലാനാ മൗദൂദി വളരെ വിശദമായിത്തന്നെ പറഞ്ഞു. അതിന്റെ സംഗ്രഹം ഇതാണ്‌: ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പരിമിതമായ ഒരു വിഭാവന നിങ്ങള്‍ക്ക്‌ ഉണ്ടാകരുത്‌. ജീവിതത്തിന്റെ ഒരു വശമോ ഏതെങ്കിലും കുറച്ച്‌ വശങ്ങളോ മാത്രമല്ല അതിന്റെ പരിധിയില്‍ വരിക. മനുഷ്യജീവിതം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശാലത-അതാണ്‌ ജമാഅത്തിന്റെ കര്‍മമണ്ഡലം എന്ന്‌ പറയുന്നത്‌. ഇസ്‌ലാം അഖില മനുഷ്യ സമുദായത്തിനും വേണ്ടിയുള്ളതാണ്‌. മനുഷ്യനുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും ഇസ്‌ലാമുമായും ബന്ധമുണ്ട്‌. അതുകൊണ്ട്‌ ഇസ്‌ലാമിക പ്രസ്ഥാനം സര്‍വസ്‌പര്‍ശിയായ പ്രസ്ഥാനമാവാതെ വയ്യ.
എന്നുവെച്ച്‌ ചില പ്രത്യേക യോഗ്യതകളും കഴിവുകളും ഉള്ളവര്‍ക്കേ ഇതില്‍ പ്രവര്‍ത്തിക്കാനാവൂ എന്ന്‌ കരുതരുത്‌. ഇവിടെ എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ജോലിയുണ്ടല്ലോ. പല പല മേഖലകളുമായി ഓരോരുത്തരും ബന്ധപ്പെടുന്നുണ്ട്‌. ആരും വെറുതെയിരിക്കുന്നില്ല. അപ്പോള്‍ അവനവന്റെ മേഖലയില്‍ ഓരോരുത്തനും ഇസ്‌ലാമിക സേവനത്തിന്‌ അവസരമുണ്ട്‌. സ്‌ത്രീ, പുരുഷന്‍, വൃദ്ധന്‍, യുവാവ്‌, ഗ്രാമീണന്‍, നഗരവാസി, കര്‍ഷകന്‍, തൊഴിലാളി, കച്ചവടക്കാരന്‍, ഉദ്യോഗസ്ഥന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍, പാമരന്‍, മഹാ പണ്ഡിതന്‍... എല്ലാവര്‍ക്കും ഈ പ്രസ്ഥാനത്തില്‍ അവരുടേതായ റോള്‍ ഉണ്ട്‌.
അതേസമയം ഈ ഉത്തരവാദിത്വം ഒട്ടും എളുപ്പമല്ല. ചെറിയൊരു കാര്യമല്ല ഏറ്റെടുത്തിരിക്കുന്നത്‌. ലോകത്തെ സകല ദൈവേതര വ്യവസ്ഥകളെയും മാറ്റിപ്പണിയുക എന്നതാണ്‌ ലക്ഷ്യം. രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, നാഗരിക വ്യവസ്ഥകളൊക്കെയും ദൈവാനുസരണത്തിന്റെയും അടിമത്തത്തിന്റെയും അടിസ്ഥാനത്തില്‍ മാറ്റിപ്പണിയണം. എല്ലാതരം പൈശാചിക ശക്തികളും ഇതിനെതിരെ രംഗത്തു വരും. നാലുപാട്‌ നിന്നും അവര്‍ ആക്രമണങ്ങളഴിച്ചു വിടും. ത്യാഗത്തിന്‌ തയാറുള്ള അര്‍പ്പിത മനസ്‌കര്‍ക്കേ പിടിച്ചുനില്‍ക്കാനാവൂ. ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കാതെ സംഘടനയിലേക്ക്‌ കടന്നുവന്നവര്‍ പ്രതിബന്ധങ്ങളുടെ കൂറ്റന്‍ പര്‍വതങ്ങളും പാറക്കെട്ടുകളും കാണുമ്പോള്‍ ഭയവിഹ്വലരായി പിറകോട്ട്‌ മാറും. അവരുടെ മനക്കരുത്ത്‌ ചോര്‍ന്നുപോകും.
അതുകൊണ്ട്‌ മുന്നോട്ട്‌ കാലെടുത്തുവെക്കുന്നതിന്‌ മുമ്പ്‌ ഓരോ വ്യക്തിയും ആലോചിക്കുക. തെരഞ്ഞെടുത്ത മാര്‍ഗത്തില്‍ വരാനിരിക്കുന്ന പ്രയാസങ്ങളെ മുന്നില്‍ കാണുക. അതൊക്കെ തരണം ചെയ്യാനുള്ള വിശ്വാസപരമായ കരുത്ത്‌ ആര്‍ജിച്ചിട്ടുണ്ടോ എന്ന്‌ സ്വയം പരിശോധിക്കുക. മുന്നോട്ട്‌ വെച്ച കാല്‍ പിന്നോട്ട്‌ വലിക്കുന്നത്‌ ദീനീ മാര്‍ഗത്തില്‍നിന്ന്‌ പിന്തിരിയുന്നതിന്‌ തുല്യമായിരിക്കും. അതൊട്ടും ശരിയല്ല. ഈ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള കരുത്തും നിശ്ചയദാര്‍ഢ്യവും ആര്‍ജിക്കുക എന്നതാണ്‌ ആദ്യമായി വേണ്ടത്‌.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly