Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


മിഡിലീസ്റ്റില്‍ പുതിയ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍
ശഹീന്‍ മൊയ്‌തുണ്ണി


`മുബാറക്‌ നിലം പരിശാകും', `ഈജിപ്‌ഷ്യന്‍ ഭരണകൂടം തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഈജിപ്‌തില്‍ നടന്ന രണ്ട്‌ പ്രതിഷേധ പരിപാടികളില്‍ രണ്ട്‌ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ അണിചേരുകയുണ്ടായി. ഗസ്സയിലേക്കുള്ള ജീവകാരുണ്യ സഹായ സംഘത്തെ ഈജിപ്‌ഷ്യന്‍ അധികൃതര്‍ തടഞ്ഞതില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍. കയ്‌റോ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ കവാടത്തിനു മുമ്പില്‍ പ്രവേശനം തടഞ്ഞുകൊണ്ടായിരുന്നു ഒരു പ്രതിഷേധം. രണ്ടാമത്തേത്‌ സൂയസ്‌ ഹൈവേയില്‍ റോഡില്‍ കിടന്ന്‌ ഗതാഗതം തടഞ്ഞുകൊണ്ടും. പ്രതിഷേധക്കാരെ പിടികൂടി നീക്കം ചെയ്യുമ്പോള്‍, ഇതേ സ്ഥലങ്ങളില്‍ നടക്കാനിരിക്കുന്ന വന്‍ ജനകീയ പ്രക്ഷോഭ പരിപാടികളുടെ മുന്നോടിയായി ഇത്‌ കലാശിക്കുമെന്ന്‌ ഈജിപ്‌ഷ്യന്‍ നിയമപാലകര്‍ നിനച്ചിട്ടുണ്ടാകില്ല. ഞങ്ങളുടെ പ്രതിഷേധം രണ്ടാഴ്‌ച പിന്നിട്ടപ്പോഴേക്കും കെട്ടിനിര്‍ത്തിയ അണ പൊട്ടിയതിനു സമാനമായി ഈജിപ്‌ഷ്യന്‍ തെരുവുകളുടനീളം പ്രക്ഷോഭകരുടെ പ്രവാഹത്താല്‍ പ്രകമ്പിതമാവുന്ന ദൃശ്യങ്ങളാണ്‌ അരങ്ങേറിയത്‌.
അറബ്‌ ലോകം ഒന്നടങ്കം സൂനാമി ബാധിച്ച മട്ടില്‍ പരിഭ്രാന്തരാണ്‌. പ്രക്ഷോഭത്തിന്റെ അലയൊലികള്‍ അവിരാമമായി തുടരുകയാണിപ്പോഴും. പക്ഷേ, ഇതിന്റെ അന്തിമ പരിണാമം എപ്രകാരമായിരിക്കും എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ പ്രവചിക്കുക അസാധ്യം. എന്നാല്‍ ഒരു കാര്യം ഉറപ്പ്‌, ഈജിപ്‌തിലെ പ്രക്ഷോഭം മേഖലയില്‍ മൊത്തമായും ഫലസ്‌ത്വീനില്‍ വിശേഷിച്ചും നാടകീയ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിമരുന്നിടും. പ്രക്ഷോഭങ്ങള്‍ അത്രയൊന്നും പുത്തരിയാണ്‌ ഈജിപ്‌തില്‍ എന്നു പറയാന്‍ വയ്യ. എന്നാല്‍ വിപുലമായ ജനപങ്കാളിത്തം, ഉന്നയിച്ച ആവശ്യങ്ങള്‍ക്കായുള്ള ഉറച്ചുനില്‍പ്‌ എന്നിവ മൂലം ഇത്തവണത്തെ പ്രകടനങ്ങള്‍ സവിശേഷമാകുന്നുണ്ട്‌.
അന്താരാഷ്‌ട്ര നാണ്യനിധിയുടെ തിട്ടൂരങ്ങള്‍ മാനിച്ച്‌ 1977-ല്‍ അന്നത്തെ പ്രസിഡന്റ്‌ റൊട്ടിപ്പൊടി, എണ്ണ എന്നിവ ഉള്‍പ്പെടെ രണ്ട്‌ ഡസനിലേറെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിക്കുകയുണ്ടായി (കൗതുകകരമെന്ന്‌ പറയട്ടെ, ജീവന്‍ എന്നര്‍ഥമുള്ള അയ്‌ശ്‌ എന്ന പദമാണ്‌ ഈജിപ്‌തുകാര്‍ റൊട്ടിക്കും നല്‍കിയിരിക്കുന്ന പേര്‌). റൊട്ടിയുടെയും മറ്റും സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ വേണ്ടി നടത്തിയ ജീവന്മരണ പോരാട്ടങ്ങളെ (Bread Riots) അടിച്ചമര്‍ത്തുക വഴി സാദാത്ത്‌ ദയാരഹിതമായ തന്റെ ജനപ്രതിബദ്ധതയില്ലായ്‌മ ഒരിക്കല്‍ കൂടി വെളിവാക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന്‌ ദശകമായി സ്വേഛാധിപത്യ ഭരണം കൈയാളുന്ന ഹുസ്‌നി മുബാറക്‌ രാജ്യ വികസനത്തില്‍ പൂര്‍ണ വിമുഖതയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അഴിമതിയും പട്ടിണിയും തൊഴില്‍ രാഹിത്യവുമാണ്‌ ഈജിപ്‌തില്‍ വിളയുന്നത്‌. എന്നാല്‍ ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയില്ലെന്നത്‌ ദൗര്‍ഭാഗ്യകരമായ വസ്‌തുതയായി നിരീക്ഷകര്‍ എടുത്തു കാട്ടുന്നു. 2010 നവംബറില്‍ ഭരണകക്ഷിയായ നാഷ്‌നല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി 90 ശതമാനം സീറ്റുകള്‍ നേടിയതായി പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമങ്ങള്‍ അരങ്ങേറിയതായി ആരോപണമുയരുകയുണ്ടായി. ഈ കൃതിമ വിജയം ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന്റെ കടുംകനലായി പുകഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
ഈജിപ്‌തിലെ രാഷ്‌ട്രീയ പ്രക്ഷുബ്‌ധാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നവര്‍ ഇസ്രയേലും അമേരിക്കയും തന്നെ. ഏറ്റവും നഷ്‌ടങ്ങള്‍ സംഭവിക്കുന്നതും ഈ രാജ്യങ്ങള്‍ക്കായിരിക്കും. ഇസ്രയേലി ദിനപത്രമായ ഹാരിറ്റ്‌സില്‍ അലൂഫ്‌ ബെന്‍ എഴുതിയ നിരീക്ഷണം നോക്കുക: ``മുബാറക്‌ ഭരണകൂടത്തിന്റെ അനുദിനം മങ്ങിക്കൊണ്ടിരിക്കുന്ന സ്വാധീനശക്തി ഇസ്രയേലില്‍ തന്ത്രപ്രധാനമായ ദുഃഖമുളവാക്കുന്നു. മുബാറക്‌ കൂടി അധികാരഭ്രഷ്‌ടനാകുന്നതോടെ ഇസ്രയേലിന്‌ മേഖലയില്‍ സുഹൃത്തുക്കള്‍ തന്നെ ഇല്ലാതാകും. കഴിഞ്ഞ വര്‍ഷമാണ്‌ തുര്‍ക്കിയുമായുള്ള സഖ്യബന്ധം തകര്‍ന്നടിഞ്ഞത്‌.'' പ്രസ്‌തുത ലേഖനത്തില്‍ ജോര്‍ദാന്‍, ഫലസ്‌ത്വീന്‍ അതോറിറ്റി എന്നിവയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം ബെന്‍ ചൂണ്ടിക്കാണിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ മുന്നില്‍ ജോര്‍ദാന്റെയും ഫലസ്‌ത്വീന്‍ അതോറിറ്റിയുടെയും പ്രതിരോധ കവചങ്ങള്‍ അഴിഞ്ഞുവീഴുകയാണെന്ന പരമാര്‍ഥം പക്ഷേ, അലൂഫ്‌ ബെന്‍ പരാമര്‍ശിച്ചതേയില്ല.
ഏഴു മാസം മുമ്പായിരുന്നു തുര്‍ക്കിയുമായുള്ള ഇസ്രയേലിന്റെ സുഹൃദ്‌ബന്ധങ്ങള്‍ക്ക്‌ തിരിച്ചടിയേറ്റത്‌. ഗസ്സയിലേക്ക്‌ ജീവകാരുണ്യ സഹായവുമായി തിരിച്ച തുര്‍ക്കി സന്നദ്ധ സേവകരുടെ `മാവി മര്‍മറ' എന്ന കപ്പലിനു നേരെ ഇസ്രയേല്‍ സൈനികാക്രമണമഴിച്ചുവിട്ടതാണ്‌ ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തിയത്‌. ഒമ്പത്‌ തുര്‍ക്കി ആക്‌ടിവിസ്റ്റുകള്‍ പ്രസ്‌തുത സംഭവത്തില്‍ വധിക്കപ്പെട്ടു. സ്‌ത്രീകള്‍ ഉള്‍പ്പെടെ ബാക്കിയെല്ലാവരെയും ഇസ്രയേലീ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്‌തു. സംഭവം വ്യക്തമായ ഭരണകൂട ഭീകരതയാണെന്ന്‌ തുര്‍ക്കി പ്രധാനമന്ത്രി റജബ്‌ ത്വയ്യിബ്‌ ഉര്‍ദുഗാന്‍ തുറന്നടിച്ചു. മേഖലയിലെ സമാധാനത്തിന്‌ ഏറ്റവും കനത്ത ഭീഷണി ഉയര്‍ത്തുന്ന രാജ്യം ഇസ്രയേലാണെന്നും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇസ്രയേലിന്റെ ആണവനിലയങ്ങള്‍ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി(IAEA)യുടെ പരിശോധനക്ക്‌ വിധേയമാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ തുര്‍ക്കിയിലുണ്ടായിരുന്ന ഞാന്‍ ഇസ്രയേലിനോടും യു.എസ്സിനോടുമുള്ള ജനങ്ങളുടെ രോഷപ്രകടനം നേരില്‍ കാണുകയുണ്ടായി. ഗസ്സ കാരവനിലെ അംഗമായി എത്തിയതായിരുന്നു ഞാന്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പ്രതിഷേധങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈജിപ്‌തിലെ പ്രക്ഷോഭങ്ങള്‍ക്കും ഉര്‍ദുഗാന്‍ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഈജിപ്‌തിലെ ജനകീയ പ്രക്ഷോഭത്തിന്‌ പിന്തുണ നല്‍കുന്ന പ്രഥമ രാഷ്‌ട്രത്തലവനാണ്‌ തുര്‍ക്കി പ്രസിഡന്റ്‌.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഭാവിയില്‍ നിര്‍ണായക പ്രഭാവം ചെലുത്തുന്ന സംഭവവികാസങ്ങള്‍ക്കാണ്‌ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ലോകജനത സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. `മുല്ലപ്പൂ വിപ്ലവം' എന്ന്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ജനകീയ മുന്നേറ്റ ഫലമായി റാശിദുല്‍ ഗനൂശി തുനീഷ്യയില്‍ തിരികെയെത്തി. `അന്നഹ്‌ദ' എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഈ അമരക്കാരന്‍ നീണ്ട 27 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ്‌ മാതൃ രാജ്യത്തേക്ക്‌ മടങ്ങിയത്‌ എന്നോര്‍ക്കുക. സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ അതിരൂക്ഷമായ 1989-ലാണ്‌ ഗനൂശി രാജ്യം വിടാന്‍ തയാറായത്‌. അതിനു മുമ്പ്‌ രാജ്യത്തെ ഏറ്റവും കരുത്തുറ്റ പ്രതിപക്ഷ സംഘടനയായിരുന്നു അന്നഹ്‌ദ. തുര്‍ക്കിയില്‍ റജബ്‌ ഉര്‍ദുഗാന്‍ നയിക്കുന്ന എ.കെ.പിയുമായി അതിനു വലിയ സാമ്യമുണ്ട്‌. തുനീഷ്യയിലെ വ്യക്തിനിയമം, വനിതാ സ്വാതന്ത്ര്യം, പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വം തുടങ്ങിയവക്ക്‌ അന്നഹ്‌ദ അംഗീകാരം നല്‍കുന്നു. മതേതര ജനാധിപത്യവുമായി ഇണങ്ങിച്ചേരാന്‍ ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്‌ സാധിക്കുമെന്ന ആശയവും അത്‌ മുന്നോട്ട്‌ വെക്കുന്നു. അന്നഹ്‌ദ ഈ ചരിത്ര സന്ദര്‍ഭത്തില്‍ അധികാര കേന്ദ്രത്തിലേക്ക്‌ ഉയരുമെന്നൊന്നും രാഷ്‌ട്രീയ പണ്ഡിറ്റുകള്‍ പ്രവചിക്കുന്നില്ല. എന്നാല്‍, 27 വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഗനൂശി അന്നഹ്‌ദയില്‍ പുനര്‍ജീവനവും നവോന്മേഷവും പകരുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. നേതൃത്വമോ വ്യവസ്ഥാപിത്വമോ ഇല്ലാതെ ശുഷ്‌കിച്ചിരുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമാണ്‌ ഇപ്പോള്‍ കൈവന്നിരിക്കുന്നത്‌. ക്രമേണ അന്നഹ്‌ദ രാജ്യത്തെ പ്രബല രാഷ്‌ട്രീയ വിഭാഗമായി പരിണമിക്കുകയും ചെയ്യും.
ഹിസ്‌ബുല്ല ലബനാനില്‍ പുതിയ ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ചതാണ്‌ യു.എസ്‌-ഇസ്രയേല്‍ ഭരണകൂടങ്ങളെ അമ്പരപ്പിക്കുന്ന മറ്റൊരു സംഭവ വികാസം. രാഷ്‌ട്രീയ അവസ്ഥാഭേദങ്ങളെ സസൂക്ഷ്‌മം വിലയിരുത്തുക എന്നത്‌ ഹിസ്‌ബുല്ലയുടെ സവിശേഷതയാണ്‌. കടുത്ത നിലപാടിനു പകരം അവശ്യ ഘട്ടങ്ങളില്‍ അയവുള്ള സമീപനങ്ങള്‍ സ്വീകരിക്കാനും ഈ പാര്‍ട്ടി തയാറാകാറുണ്ട്‌. അമേരിക്കന്‍ അനുകൂലിയായ സഅദ്‌ ഹരീരി നയിക്കുന്ന ലബനീസ്‌ ഗവണ്‍മെന്റിനുള്ള പിന്തുണ കഴിഞ്ഞ മാസം ഹിസ്‌ബുല്ല പിന്‍വലിച്ചു. അതോടെ ഹരീരി ഗവണ്‍മെന്റ്‌ നിലംപരിശായി. ടെലികോം വ്യവസായിയായ നജീബ്‌ മീഖാത്തിയെയാണ്‌ ഹിസ്‌ബുല്ല പ്രധാനമന്ത്രി പദത്തിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തത്‌. അമേരിക്കയില്‍ വിദ്യാഭ്യാസം ചെയ്‌ത കോടീശ്വരന്‍ കൂടിയാണ്‌ ഇദ്ദേഹം. പാര്‍ലമെന്റില്‍ നിര്‍ണായക സ്വാധീനമുള്ള ഹിസ്‌ബുല്ല അഴിമതി രഹിത ക്ലീന്‍ ഗവണ്‍മെന്റ്‌ എന്ന ആശയമാണ്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ സമര്‍പ്പിക്കുന്നത്‌. വിവിധ വിഭാഗങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ഹിസ്‌ബുല്ല നേരിട്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ അനുഭാവികളെ രംഗത്തിറക്കി വിജയിപ്പിക്കുന്ന രീതി അവലംബിച്ചവരുന്നതിനാല്‍ അവര്‍ക്ക്‌ വ്യാപകമായ സ്വീകാര്യത നേടാനാകുന്നു. കുടിനീര്‍, വൈദ്യുതി, മലിനീകരണം, ഗതാഗതം എന്നീ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാര പദ്ധതികള്‍ ആവിഷ്‌കരിക്കുക വഴി ജനകീയാടിത്തറ വിപുലമാക്കാനും ഹിസ്‌ബുല്ലക്ക്‌ സാധിക്കുകയുണ്ടായി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നിന്ന്‌ ഫലപ്രദമായി രാജ്യത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കാഴ്‌ചവെക്കുമ്പോള്‍ തന്നെ ജനസേവന പ്രവര്‍ത്തനങ്ങളില്‍ അവര്‍ വിപ്ലവകരമായ പരിവര്‍ത്തനമാണ്‌ ലബനീസ്‌ രാഷ്‌ട്രീയ മണ്ഡലത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌.
ജോര്‍ദാനിലും മാറ്റത്തിന്റെ കേളി കൊട്ട്‌ ഉയര്‍ന്നു തുടങ്ങി. ഇഖ്‌വാന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക്‌ ആക്‌ഷന്‍ ഫ്രന്റ്‌ (ഐ.എ.എഫ്‌) നേതാവ്‌ അബൂ മഹ്‌ഫൂസുമായി സംഭാഷണം നടത്താന്‍ എനിക്ക്‌ അവസരം ലഭിച്ചു. `അസ്സബീല്‍' എന്ന ദിനപത്രത്തിന്റെ പ്രമുഖ ഭാരവാഹി കൂടിയാണദ്ദേഹം. ജോര്‍ദാനിലെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ സുസംഘടിതവും സമാധാനപരവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും ഈ പ്രക്ഷോഭങ്ങളില്‍ കൈകോര്‍ത്തിരിക്കുന്നു. കൃത്രിമങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ നിലവില്‍ വന്ന പാര്‍ലമെന്റ്‌ പിരിച്ചുവിടുക, പുതിയ സ്വതന്ത്ര തെരഞ്ഞെടുപ്പ്‌ നടത്തുക, അഴിമതി അവസാനിപ്പിക്കുക, ഇസ്രയേലുമായി ഒപ്പുവെച്ച സമാധാന കരാര്‍ റദ്ദാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നണി ഉന്നയിക്കുകയുണ്ടായി. തുനീഷ്യയിലെയും ഈജിപ്‌തിലെയും സംഭവവികാസങ്ങള്‍ അതേപടി ജോര്‍ദാനിലും ആവര്‍ത്തിക്കണമെന്നവാദം ഐ.എ.എഫിനില്ല. എന്നാല്‍ പ്രക്ഷോഭങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ മുമ്പില്ലാത്തവിധം തന്റേടമാര്‍ന്നതും അധികൃതരെ നേരിട്ട്‌ വെല്ലുവിളിക്കുന്നതുമാണ്‌. ഫലസ്‌ത്വീനിലെ റഫയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്‌തിലെ സംഭവവികാസങ്ങളെന്ന പോലെ വെസ്റ്റ്‌ ബാങ്കുമായി അതിര്‍ത്തി പങ്കിടുന്ന ജോര്‍ദാനിലെ പ്രക്ഷോഭങ്ങളും ഇസ്രയേലിന്‌ ആശങ്ക പകരുന്നുണ്ട്‌. ജോര്‍ദാനിലെങ്ങാന്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയാല്‍ ജറൂസലവും മസ്‌ജിദുല്‍ അഖ്‌സ്വായും നിയന്ത്രിക്കുന്ന കാര്യം ദുഷ്‌കരമാകുമെന്ന്‌ ഇസ്രയേല്‍ മനസ്സിലാക്കുന്നു.
യമന്‍ തലസ്ഥാനം സന്‍ആ പതിനായിരങ്ങള്‍ അണിനിരക്കുന്ന റാലികളാല്‍ മുഖരിതമാണിപ്പോള്‍. പ്രസിഡന്റ്‌ അലി അബ്‌ദുല്ല സാലിഹിന്റെ ഭരണത്തിന്‌ എത്രയും വേഗം അന്ത്യം കുറിക്കുമെന്നാണ്‌ ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മുറവിളി. രാജ്യം കഴിഞ്ഞ ഒരു ദശകക്കാലത്തിനിടക്ക്‌ ഇത്രയും ജനപങ്കാളിത്തമുള്ള പടുകൂറ്റന്‍ പ്രകടനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടില്ല. തുനീഷ്യ, ഈജിപ്‌ത്‌ എന്നിവിടങ്ങളിലെ ഏകാധിപത്യ വിരുദ്ധ സമരങ്ങളാണ്‌ യമനിലെ പ്രക്ഷോഭങ്ങളുടെയും ആസന്ന പ്രേരണയായി മാറിയത്‌. 32 വര്‍ഷമായി അധികാരം കൈയാളുന്ന അബ്‌ദുല്ല സാലിഹിന്റെ സ്ഥാനത്യാഗം ആവശ്യപ്പെടുന്ന പ്രക്ഷോഭകരില്‍ പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ഥികളും ഉള്‍പ്പെടും. രാഷ്‌ട്രീയ പരിഷ്‌കരണങ്ങളോടൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കു വേണ്ടിയും ജനങ്ങള്‍ മുറവിളി ഉയര്‍ത്തുന്നു. മേഖലയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ്‌ യമന്‍. തൊഴിലില്ലായ്‌മാ നിരക്ക്‌ രാജ്യത്ത്‌ ദിനേന ഉയരുന്നു. കുടിനീര്‍-പെട്രോളിയം കരുതലുകള്‍ അതിശുഷ്‌കം. 230 ലക്ഷം വരുന്ന ജനസംഖ്യയില്‍ പകുതിയോളം പേരും ദിനേന 45 രൂപ പോലും സമ്പാദിക്കാന്‍ അവസരമില്ലാത്തവരാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മൂന്നില്‍ ഒന്നു പേരെ പട്ടിണി വേട്ടയാടുന്നു. അതേ സമയം രാജ്യം അല്‍ഖാഇദയുടെ ഒളിത്താവളങ്ങളാണെന്ന ആരോപണങ്ങളോടെയുള്ള യു.എസ്‌ ഇടപെടലിന്റെ സമ്മര്‍ദം ജനങ്ങളുടെ പൊറുതി നശിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ രൂപപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇസ്‌ലാമിസ്റ്റുകളും സോഷ്യലിസ്റ്റുകളും കണ്ണിചേര്‍ന്നിട്ടുണ്ട്‌. പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്ന സൂചനയോടെ പ്രക്ഷോഭകര്‍ `പിങ്ക്‌' വര്‍ണം പ്രതീകാത്മകമായി സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ '90കളിലെ കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ്‌ ചേരി രാജ്യങ്ങളില്‍ ഭരണകൂടങ്ങളെ കടപുഴക്കിയെറിഞ്ഞ വെല്‍വെറ്റ്‌-റോസ്‌-ഓറഞ്ച്‌ വിപ്ലവങ്ങളുമായി സമീകരിച്ച്‌ യമനിലെ പ്രക്ഷോഭത്തെ പിങ്ക്‌ വിപ്ലവമെന്നാണ്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.
ജനുവരി 23-ന്‌ അല്‍ ജസീറ പുറത്തുവിടാന്‍ തുടങ്ങിയ `ഫലസ്‌ത്വീന്‍ പേപ്പേഴ്‌സ്‌' വെസ്റ്റ്‌ ബാങ്കില്‍ അത്യസാധാരണമായൊരു ഉരുള്‍പൊട്ടലിന്‌ കാരണമാവുകയുണ്ടായി. അല്‍ജസീറ പുറത്തുവിട്ട 1300 ഓളം പേപ്പറുകള്‍ മഹ്‌മൂദ്‌ അബ്ബാസിന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഫത്‌ഹിന്റെയും വിശ്വാസ്യതയുടെ അവസാന കണികയെ പോലും വറ്റിച്ചിരിക്കുന്നു. ഫലസ്‌ത്വീന്‍ ജനതയെയും ഹമാസിനെയും വെട്ടിനിരത്തുന്നതിന്‌ അബ്ബാസും കൂട്ടാളികളും ഇസ്രയേലുമായി എത്തിച്ചേര്‍ന്ന രഹസ്യ ഉടമ്പടികളിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌ `ഫലസ്‌ത്വീന്‍ പേപ്പറുകള്‍.' ഫലസ്‌ത്വീന്‍ ജനത യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നതിന്റെ നേര്‍ വിപരീത ലക്ഷ്യങ്ങള്‍ക്കായുള്ള കരുനീക്കങ്ങളാണ്‌ ഫത്‌ഹ്‌ നടത്തിയത്‌. പുറത്താക്കപ്പെട്ട ഫലസ്‌ത്വീന്‍ അഭയാര്‍ഥികളുടെ പിന്‍മടക്കം തടയല്‍, അധിനിവേശ ഭൂമിയിലെ ജൂത കുടിയേറ്റ പദ്ധതികള്‍ നിലനിര്‍ത്തല്‍, അതിരുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്‌ ഫലസ്‌ത്വീന്‍ ജനതയുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട്‌ അബ്ബാസ്‌ ഇസ്രയേലുമായി ധാരണയുണ്ടാക്കിയത്‌. അമേരിക്കന്‍ ഫണ്ടുകളുടെ ദാക്ഷിണ്യവും യൂറോപ്യന്‍ യൂനിയന്‍ കല്‍പിച്ചുകൊടുക്കുന്ന രാഷ്‌ട്രീയ പ്രാമാണികതയും ഇസ്രയേല്‍ നല്‍കുന്ന സൈനിക സുരക്ഷയും അനുഭവിച്ച്‌ ഫലസ്‌ത്വീന്‍ അതോറിറ്റിക്ക്‌ എത്ര നാള്‍ തുടരാനാകും? അല്ലെങ്കില്‍ ഇത്തരം ഫലസ്‌ത്വീന്‍ വിരുദ്ധ ശക്തികളുടെ പിന്‍ബലത്തോടെ ഫലസ്‌ത്വീന്‍ ജനതക്കു വേണ്ടി എന്തു ദൗത്യമാണ്‌ ആ പാവ സര്‍ക്കാറിന്‌ നിര്‍വഹിക്കാനുള്ളത്‌? ഒരിക്കലും ഫലസ്‌ത്വീന്‍ ഉദ്‌ഗ്രഥനം സഫലീകരിക്കാന്‍ ഇതുവഴി സാധ്യമല്ലെന്ന്‌ തീര്‍ച്ച. ഫലസ്‌ത്വീന്‍ ജനതയുടെ അവകാശ സംരക്ഷണത്തിനും ഇത്‌ ഉതകില്ല. ഈജിപ്‌തിലെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്‌ അടിച്ചമര്‍ത്തുന്നതിന്‌ ഹുസ്‌നി മുബാറകിനെ ഫോണില്‍ വിളിച്ച്‌ മഹ്‌മൂദ്‌ അബ്ബാസ്‌ പിന്തുണ വാഗ്‌ദാനം നല്‍കുക കൂടി ചെയ്‌തതായി അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. പോരെ പൂരം! ഒരേ തൂവല്‍ പക്ഷികളുടെ ഒരുമിച്ചുള്ള പ്രയാണം എന്നല്ലാതെ എന്തുപറയാന്‍!
അമേരിക്കയുടെ കാപട്യം
അമേരിക്കയുടെ മധ്യ പൗരസ്‌ത്യ നയം സ്വാര്‍ഥ ലക്ഷ്യങ്ങളിലും സ്വന്തം പ്രത്യയശാസ്‌ത്ര പ്രേരണകളിലും അധിഷ്‌ഠിതമാണ്‌. സഖ്യം/ശത്രു എന്നീ ദ്വന്ദത്തെ ആധാരമാക്കിയാണ്‌ അമേരിക്ക ബന്ധങ്ങളെ നിര്‍വചിക്കുന്നത്‌. അമേരിക്കന്‍ നയത്തെ വിമര്‍ശിക്കുന്നവരെ ആ രാജ്യം ശത്രുവായി മുദ്രയടിക്കുന്നു. കൊടിയ പ്രചാരണങ്ങളിലൂടെ അത്തരം രാജ്യങ്ങളെ ഒറ്റപ്പെടുത്താനും അമേരിക്ക മടിക്കാറില്ല. പിന്തുണയും വിധേയത്വവും പ്രകടിപ്പിക്കുന്നവര്‍ക്ക്‌ പണവും സൈനിക സഹായവും. യുഎസ്സിന്റെ കുപ്രസിദ്ധമായ ഈ ഇരട്ടത്താപ്പിന്റെ മികച്ച ദൃഷ്‌ടാന്തങ്ങളാണ്‌ ഇറാന്റെയും ഈജിപ്‌തിന്റെയും കാര്യത്തില്‍ സാമ്രാജ്യത്വം പ്രകടിപ്പിക്കുന്ന സമീപനങ്ങള്‍.
2009 ജൂണില്‍ ഇറാനിലുയര്‍ന്ന ചെറിയ പ്രതിഷേധ പ്രകടനങ്ങളെ പര്‍വതീകരിക്കാന്‍ അന്താരാഷ്‌ട്ര മാധ്യമ സ്ഥാപനങ്ങള്‍ ചെലവഴിച്ച സമയവും ഊര്‍ജവും അതിഭീമമായിരുന്നു. ഇറാനില്‍ അട്ടിമറി ഉണ്ടാകുമെന്ന അത്യാഗ്രഹത്തോടെ അവിടെ നടക്കാനിരിക്കുന്ന `ഹരിതവിപ്ലവ'ത്തെ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ ഭാവനാകഥകള്‍ നെയ്‌തു. ഇറാന്റെ ആണവ സാങ്കേതികത ഉയര്‍ത്തുന്ന `സാങ്കല്‍പിക ഭീതി' പാശ്ചാത്യ ഭരണകൂടങ്ങള്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കെയാണ്‌ ഇറാന്‍ അധികൃതരെ അടിക്കാന്‍ പുതിയൊരു ആയുധം കൂടി ലഭ്യമായത്‌. പ്രതിഷേധക്കാരെ ഇസ്‌ലാമിക റിപ്പബ്ലിക്‌ അപലപനീയ രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്ന്‌ പാശ്ചാത്യ ലോകം ആരോപിച്ചു. സാങ്കേതിക മെയിന്റയിന്‍സിനു വേണ്ടി അടച്ചിടാന്‍ തീരുമാനിച്ച ട്വിറ്ററിനെ ആ തീരുമാനത്തില്‍ നിന്ന്‌ അമേരിക്ക്‌ പിന്തിരിപ്പിച്ചു. ട്വിറ്ററിന്റെ സേവനങ്ങള്‍ ഇറാന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്താനായിരുന്നു യു.എസ്സിന്റെ ഈ സമ്മര്‍ദ തന്ത്രം. സംഘര്‍ഷം സൃഷ്‌ടിച്ച പ്രതിഷേധക്കാരെ അറസ്റ്റ്‌ ചെയ്‌ത ഇറാനെ യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ അപലപിച്ചത്‌ ഇപ്രകാരമായിരുന്നു: ``ഇറാന്‍ ഭരണകൂടത്തിന്റെ ഈ നീതിരഹിതമായ നടപടിയെ ഞാന്‍ അതിശക്തമായി അപലപിക്കുന്നു.'' പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയ ഇറാന്‍ നടപടിയില്‍ അമേരിക്ക മാത്രമല്ല ലോകമൊന്നടങ്കം നടുങ്ങുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നിരത്തി. ഇനി ഈജിപ്‌തിലെ പ്രക്ഷോഭത്തെ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ വിലയിരുത്തിയ രീതി പരിശോധിക്കാം: ``ഈജിപ്‌ഷ്യന്‍ ഗവണ്‍മെന്റിന്റെ സ്ഥിരതക്ക്‌ ഭീഷണിയുണ്ടെന്നാണ്‌ ഞങ്ങളുടെ നിഗമനം. ഈജിപ്‌ഷ്യന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ്‌ ഗവണ്‍മെന്റ്‌ എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു''. ഇറാനെ വിരട്ടുകയും ഈജിപ്‌തിനെ തലോടുകയും ചെയ്യുന്ന ഈ ഇരട്ട സമീപനം യു.എസ്സിന്റെ പരമ്പരാഗത രീതി മാത്രം.
ഈജിപ്‌ഷ്യന്‍ അധികൃതരെ അമേരിക്കയുടെ കണ്ണില്‍ നല്ല പിള്ളകളാക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയെന്ന്‌ ചുരുക്കി പറയാം. അവര്‍ ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പു വെച്ചിരിക്കുന്നു, ഗസ്സയില്‍ ഹമാസിനെ ഒറ്റപ്പെടുത്താന്‍ ഈജിപ്‌ത്‌ പരമാവധി സഹായം നല്‍കുന്നു, ഇറാനെ ശക്തമായി എതിര്‍ക്കുന്നു, ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട്‌ കടുത്ത അസഹിഷ്‌ണുത പ്രകടിപ്പിക്കുന്നു, മുസ്‌ലിം ബ്രദര്‍ ഹുഡിനെ അടിച്ചമര്‍ത്തുന്നു, പാശ്ചാത്യ നിക്ഷേപകര്‍ക്കായി വാതായനങ്ങള്‍ തുറന്നിടുന്നു. ഈജിപ്‌തിലെ സ്വേഛാധിപത്യത്തിന്റെ താല്‍പര്യങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ തന്നെയെന്നു സാരം.
മിഡിലീസ്റ്റിന്റെ ഭാവി സാധ്യത ഭാസുരമാണെന്ന്‌ സൂചിപ്പിക്കുന്ന സംഭവങ്ങളും പ്രവണതകള്‍ക്കുമാണ്‌ സാക്ഷിയാവാന്‍ സാധിച്ചത്‌. 2006-ല്‍ ലബനാനില്‍ അധിനിവേശം നടത്താന്‍ ഇസ്രയേല്‍ ഒരു വിഫല ശ്രമം നടത്തുകയുണ്ടായി. ലബനീസ്‌ ജനതക്ക്‌ നേരെയുള്ള നഗ്നമായ ആ കൈയേറ്റത്തെയും സ്വന്തം നിഷ്‌ക്രിയത്വത്തെയും യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌ ന്യായീകരിച്ചതോര്‍ക്കുന്നു: ``പുതിയൊരു മിഡിലീസ്റ്റ്‌ പിറക്കുന്നതിന്റെ രോദനം'' എന്നായിരുന്നു കോണ്ടലീസ സംഭവത്തിന്‌ ആവേശപൂര്‍വം നല്‍കിയ വിശേഷണം. എന്നാല്‍ കോണ്ടലീസ റൈസിന്റെ അധിനിവേശക മനസ്‌ വിഭാവന ചെയ്‌ത തരത്തിലുള്ള മിഡിലീസ്റ്റിന്റെ പിറവി രോദനമല്ല ഇപ്പോള്‍ ഉയരുന്നതെന്ന്‌ തീര്‍ച്ച. `സ്വേഛാധിപതികളില്ലാത്ത മിഡിലീസ്റ്റ്‌' എന്നതാണ്‌ പുതുതലമുറയുടെ സ്വപ്‌നം. അത്തരമൊരു സ്വപ്‌ന സാക്ഷാത്‌കാരം വിദൂരല്ലെന്ന്‌ സമകാലിക പ്രക്ഷോഭങ്ങള്‍ സ്‌പഷ്‌ടമാക്കുന്നു. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമായുള്ള അഭിവാഞ്‌ഛയുടെ ഇളക്കങ്ങള്‍ സിറിയ, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും പ്രകടമാണ്‌. അത്‌ തുനീഷ്യയിലേതിനോളം വരില്ല എങ്കിലും. തുനീഷ്യയിലെ പ്രക്ഷോഭത്തിന്റെയും തുടര്‍ന്നുള്ള ഭരണമാറ്റത്തിന്റെയും പ്രഭാവത്തിന്‌ തടയിടാന്‍ ഏകാധിപതികള്‍ക്ക്‌ ത്രാണിയുണ്ടാകില്ല. ഗസ്സയില്‍ മാത്രമല്ല, വെസ്റ്റ്‌ ബാങ്കിലും ഹമാസിന്‌ കരുത്ത്‌ വര്‍ധിക്കുകയാണ്‌. ഹിസ്‌ബുല്ല ലബനാനില്‍ നേടിക്കൊണ്ടിരിക്കുന്ന മേല്‍ക്കൈ, ഈജിപ്‌തില്‍ അധികാരം പങ്കിടാനുള്ള ഇസ്‌ലാമിസ്റ്റുകളുടെ സാധ്യത, ജോര്‍ദാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ അധികാരകോട്ടകളിലെ വിള്ളലുകള്‍ തുടങ്ങിയവ ദഹിച്ചുകിട്ടാന്‍ പാശ്ചാത്യര്‍ക്ക്‌ പ്രയാസകരമാവും. ഇസ്‌ലാംഭീതി പൂണ്ടവര്‍ക്കും ഇത്‌ വെല്ലുവിളിയായി അനുഭവപ്പെടും. ഒരുകാലത്ത്‌ അചിന്ത്യമായിരുന്നു ഈ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. ജനാധിപത്യ വികാരങ്ങളുമായി ഇണങ്ങിപ്പോകാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക്‌ കഴിയില്ല എന്ന മുന്‍വിധിയിലായിരുന്നു പാശ്ചാത്യര്‍. പക്ഷേ, സര്‍വര്‍ക്കും ഗോചരമായ രീതിയില്‍ സത്യം ഇതാ പ്രഭ വിതറിക്കൊണ്ടിരിക്കുന്നു.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly