സാമൂഹിക മാറ്റത്തിന് സ്‌ത്രീശക്തി: കാമ്പയിന്‍ സമാപിച്ചു
ഖത്തര്‍: `സാമൂഹിക മാറ്റത്തിന് സ്‌ത്രീ ശക്തി' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച കാമ്പയിന്‍ സമാപിച്ചു. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, ടേബ്‌ള്‍ ടോക്ക്, വിദ്യാര്‍ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സലിംഗ് സെഷനുകള്‍, വിദ്യാര്‍ഥിനിസംഗമം, വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമായി പ്രബന്ധ രചനാ മത്സരങ്ങള്‍, ജി.ഐ.എ യൂനിറ്റുകള്‍ക്കായി കൊളാഷ് കോമ്പറ്റീഷന്‍, യൂനിറ്റുകളുടെ കീഴില്‍ ഗൃഹാങ്കണ യോഗങ്ങള്‍ എന്നിവയായിരുന്നു കാമ്പയിന്‍ പരിപാടികള്‍. കാമ്പയിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ ഘടകം വൈസ് പ്രസിഡന്റ് ഇ.സി. ആഇശ ഖത്തറിലെത്തി.
പ്രഖ്യാപന സമ്മേളനം
കാമ്പയിന്റെ പ്രഖ്യാപന സമ്മേളനം 2010 ഡിസംബര്‍ 15-ന് മന്‍സൂറയിലെ അസോസിയേഷന്‍ ഹാളില്‍ ഇ.സി ആഇശ ഉദ്‌ഘാടനം ചെയ്‌തു. സമൂഹ സംസ്‌കരണം തുടങ്ങേണ്ടത് കുടുംബങ്ങളില്‍നിന്നാണ്. കുടുംബ സംവിധാനത്തിന്റെ അച്ചുതണ്ടായ ദാമ്പത്യബന്ധം മാതൃകാപരമായെങ്കില്‍ മാത്രമേ സുസ്ഥിതിയും സ്ഥിരതയുമുള്ള കുടുംബമുണ്ടാവുകയുള്ളൂ. പരസ്‌പരം കൈമാറുന്ന സ്‌നേഹവും കാരുണ്യവുമായിരിക്കണം കുടുംബാംഗങ്ങളെ ഒന്നിപ്പിക്കേണ്ടത്. ആര്‍ത്തിയും സ്വാര്‍ഥതയും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നു. ഭാര്യയും ഭര്‍ത്താവും മക്കളും അവനവന്റെ അവകാശങ്ങളെക്കുറിച്ച് അതിര് കവിഞ്ഞ് ചിന്തിക്കുകയും ബാധ്യതകള്‍ വിസ്‌മരിക്കുകയും ചെയ്യുകയാണ്.
പരസ്യങ്ങളുടെ സ്വാധീനത്തില്‍ അനാവശ്യങ്ങള്‍ ആവശ്യങ്ങളാകുന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും സമാധാനവും ഇല്ലാതാവുന്നു. സ്‌ത്രീകള്‍ ബോധവതികളായെങ്കില്‍ മാത്രമേ കുടുംബങ്ങളെയും അതുവഴി സമൂഹത്തെയും മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ- അവര്‍ പറഞ്ഞു. അസോസിയേഷന്‍ വനിതാ വിഭാഗം പ്രസിഡന്റ് കെ. സഈദ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി അബ്‌ദുല്ലക്കോയ ആശംസാ പ്രസംഗം നടത്തി.
പ്രബന്ധ രചനാ മത്സരം
ഡിസംബര്‍ 23-ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പ്രബന്ധ രചനാ മത്സരത്തില്‍ വനിതകളും വിദ്യാര്‍ഥിനികളുമായി ഒട്ടേറെ പേര്‍ പങ്കെടടുത്തു. `ആധുനിക സ്‌ത്രീ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ വനിതകള്‍ക്കും `ഇലക്‌ട്രോണിക് മീഡിയയുടെ സ്വാധീനം' എന്ന വിഷയത്തില്‍ വിദ്യാര്‍ഥിനികള്‍ക്കും വെവ്വേറെയായിരുന്നു മത്സരം.
ഗൃഹാങ്കണ യോഗങ്ങള്‍
കുടുംബസംസ്‌കരണം, സ്‌ത്രീ: സ്വത്വം-സുരക്ഷ-സമൂഹം, സാംസ്‌കാരികാധിനിവേശത്തിനെതിരെ സ്‌ത്രീശക്തി എന്നീ വിഷയങ്ങളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗൃഹാങ്കണ യോഗങ്ങളും ഫ്‌ളാറ്റ് മീറ്റിംഗുകളും നടത്തി. സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുന്ന പ്രവാസി വീട്ടമ്മമാര്‍ക്ക് ഈ ഒത്തുചേരലുകള്‍ നവ്യാനുഭവമായിരുന്നു. സ്‌ക്വാഡുകളിലൂടെയും ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും ഒട്ടുമിക്ക പ്രവാസി ഭവനങ്ങളിലും കാമ്പയിന്റെ സന്ദേശമെത്തിക്കാന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഗൃഹാങ്കണ യോഗങ്ങളിലെ വര്‍ധിച്ച വനിതാ പ്രാതിനിധ്യം കാമ്പയിനെ പ്രവാസി വനിതകള്‍ ഹൃദ്യമായി സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു. ഓരോ യൂനിറ്റിന്റെ കീഴിലും ചുരുങ്ങിയത് രണ്ട് ഗൃഹാങ്കണ യോഗങ്ങളെങ്കിലും നടന്നു.
കൗണ്‍സലിംഗ് സെഷന്‍
കാമ്പയിന്റെ ഭാഗമായി `താളം പിഴക്കാത്ത കൗമാരം' എന്ന വിഷയത്തില്‍ നടന്ന കൗണ്‍സലിംഗ് ക്ലാസുകള്‍ ഖത്തറിലെ പ്രവാസി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രയോജനപ്രദമായി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും വേണ്ടി വെവ്വേറെ സംഘടിപ്പിച്ച ക്ലാസുകള്‍ ക്രിയാത്മകവും കാര്യമാത്ര പ്രസക്തവുമായി. സിജി കോ-ഓര്‍ഡിനേറ്റര്‍ ഇസ്സുദ്ദീന്‍, ഡോ. മുഹമ്മദ് യാസിര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ടേബ്‌ള്‍ ടോക്ക്
`ആധുനിക സ്‌ത്രീ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടന്ന ടേബ്‌ള്‍ ടോക്കില്‍ ഇ.സി ആഇശ വിഷയാവതരണം നടത്തി. ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വനിതകളടക്കം 11 പേര്‍ ടേബ്‌ള്‍ ടോക്കില്‍ പങ്കെടുത്തു.
കുടുംബങ്ങളുടെ തകര്‍ച്ചയാണ് ആധുനിക സ്‌ത്രീ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ നേരിടാന്‍ മക്കളെ സഹിഷ്‌ണുതയുള്ളവരായി വളര്‍ത്തണം. സ്‌ത്രീധന പീഡനങ്ങളുടെ പിന്നില്‍ പലപ്പോഴും സ്‌ത്രീകള്‍ തന്നെയാണ്. നിയമപരിരക്ഷയെക്കുറിച്ചുള്ള അജ്ഞതയും സ്‌ത്രീകള്‍ക്ക് വിനയാകുന്നുണ്ട്. വിദ്യാഭ്യാസവും സ്വന്തമായി വരുമാന മാര്‍ഗവുമുണ്ടായാല്‍ സ്‌ത്രീ സുരക്ഷിതയാണെന്ന ധാരണ തെറ്റാണെന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നു. വേണ്ടത് മതമൂല്യങ്ങള്‍ മുറുകെ പിടിച്ച് കൊണ്ടുള്ള അവകാശ സമരങ്ങളാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ തലപ്പത്തും ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങളിലും സ്‌ത്രീകള്‍ അവരോധിതരായിരിക്കുന്ന സമകാലിക ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന വസ്‌തുത സഹതാപാര്‍ഹമാണ്. മാതൃത്വത്തിന്റെയും സ്‌ത്രീ സ്വത്വത്തിന്റെയും നിരാകരണമാണ് ഫെമിനിസമായി വ്യാഖ്യാനിക്കപ്പെടുന്നത്. മാതാക്കള്‍ തങ്ങളുടെ കടമ തിരിച്ചറിഞ്ഞ് നിറവേറ്റണമെന്നും മാതൃത്വത്തിന്റെ മഹത്വം തിരിച്ചു പിടിക്കലാണ് സ്‌ത്രീ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ചെയ്യേണ്ടതെന്നുമുള്ള കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഏകാഭിപ്രായമായിരുന്നു.
സമാപന സമ്മേളനം
അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന സമാപന സമ്മേളനം അസോസിയേഷന്‍ പ്രസിഡന്റ് വി.ടിഅബ്‌ദുല്ലക്കോയ ഉദ്‌ഘാടനം ചെയ്‌തു. ദൈവഭയത്തോടെ ജീവിക്കുന്നവര്‍ക്ക് സമൂഹത്തെ മാറ്റിയെടുക്കുക എന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. സാമൂഹിക തിന്മകളെ തിരിച്ചറിയുകയും ചോദ്യംചെയ്യുകയും തലമുറകളെ അതില്‍നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവാചക ദൗത്യം. കാലഘട്ടത്തെ തിരിച്ചറിഞ്ഞ് മൂല്യബോധമുള്ള ഒരു തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. സ്‌ത്രീകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഒഴിവ് സമയം കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമാകുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തണം- അദ്ദേഹം പറഞ്ഞു. ഇ.സി ആഇശ മുഖ്യ പ്രഭാഷണം നടത്തി.
വി.പി സ്വഫിയ ആശംസാ പ്രസംഗം നടത്തി. നല്ല വചനങ്ങള്‍ കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവരാണ് ഉത്തമര്‍ എന്ന ഖുര്‍ആന്‍ വചനം നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണമെന്ന് അവര്‍ പറഞ്ഞു.
അസോസിയേഷന്‍ വനിതാ വിഭാഗം പ്രസിഡന്റ് കെ. സഈദ അധ്യക്ഷത വഹിച്ചു. തന്‍സീഹ അബ്‌ദുല്‍ ഗഫൂര്‍, ജിഹാന്‍ അബ്‌ദുര്‍റഹ്‌മാന്‍ എന്നിവര്‍ ഗാനമാലപിച്ചു. സാറ സുബൈര്‍ നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ജി.ഐ.എയുടെ ആഭിമുഖ്യത്തില്‍ കൊളാഷ് പ്രദര്‍ശനം നടന്നു.