Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


അപ്പമോ സ്വാതന്ത്ര്യമോ?
പി.വി സഈദ്‌ മുഹമ്മദ്‌

കയ്‌റോ നഗരത്തിലെ ഷോപ്പിംഗ്‌ തെരുവായ ഖസ്വ്‌ര്‍ അന്നീലിന്റെ തിരക്കിനിടയില്‍ സഞ്ചാരിക്ക്‌ എളുപ്പം ആശ്രയിക്കാവുന്ന ഒരു ഫാസ്റ്റ്‌ ഫുഡ്‌ കടയില്‍ ടാക്‌സി നിര്‍ത്തി ഒരു സാന്റ്‌വിച്ച്‌ വാങ്ങി വരുന്നതിനിടയില്‍ ഡ്രൈവര്‍ ഒരു കിഴി നല്‍കി പോലിസുകാരനെ ഒതുക്കുന്നതാണ്‌ കണ്ടത്‌. ഒരു ഈജിപ്‌ഷ്യന്‍ പൗണ്ടില്‍ തീര്‍ന്ന ഇടപാടിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ലാത്ത സ്ഥലമാണതെന്നും അതുകൊണ്ടാണ്‌ പെട്ടെന്ന്‌ വരണമെന്നു പറഞ്ഞതെന്നും ആയിരുന്നു ഉത്തരം. ഫൈന്‍ ആണെങ്കില്‍ എത്രയാണെന്ന്‌ ചോദിച്ചപ്പോള്‍ നൂറ്‌ പൗണ്ട്‌. എങ്കില്‍ പിന്നെ ആരാണ്‌ ഫൈന്‍ കൊടുക്കുക എന്നത്‌ കഥയിലെ മാത്രം ചോദ്യം. അലക്‌സാണ്ട്രിയയിലെ ഗ്രീകോ-റോമന്‍ മ്യൂസിയത്തിനടുത്ത്‌ മുന്‍-സഹപ്രവര്‍ത്തക വാഹനം നിര്‍ത്താന്‍ ശ്രമിക്കവെ ഒഴിഞ്ഞ ഒരു പാര്‍ക്കിംഗ്‌ കാട്ടിത്തന്നു വഴികാട്ടിയായി `മദാമി'നെ സഹായിച്ച ഈജിപ്‌ഷ്യന്‍ തെരുവ്‌ മനുഷ്യനും കാറിന്റെ പിന്നാലെ വന്ന്‌ മദാം വെച്ച്‌ നീട്ടിയ ഒരു പൗണ്ടുമായി പോയി; ചോദിച്ചപ്പോള്‍ അതിന്‌ വേണ്ടി തന്നെയാണയാള്‍ പാര്‍ക്കിംഗിനു `റൈറ്റ്‌ റൈറ്റ്‌' പറഞ്ഞതെന്നായിരുന്നു മറുപടി. ഒരേ സമയം തെരുവിലെ ദാരിദ്ര്യവും ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥയും വിളിച്ചു പറയുന്ന പലതില്‍ രണ്ട്‌ മാത്രം അനുഭവങ്ങള്‍ അയവിറക്കാന്‍ കാരണം ഈജിപ്‌ഷ്യന്‍ തെരുവുകളിലെ പ്രകടനങ്ങളിലെ പ്രമേയങ്ങള്‍ എന്തായിരുന്നുവെന്ന ആലോചനകളാണ്‌.
മധ്യ പൗരസ്‌ത്യ ദേശത്തെ പുതിയ ജനകീയ രാഷ്‌ട്രീയ ഉണര്‍വുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നിലുള്ള ഘടകങ്ങള്‍ സ്വാതന്ത്യത്തിനും ജനാധിപത്യ സ്ഥാപനത്തിനും വേണ്ടിയുള്ള വാഞ്‌ഛയാണോ അതോ സാമ്പത്തിക സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്‌. അല്‍പം കുഴഞ്ഞ ഒരു ചോദ്യമാണത്‌. അത്ര വെളുപ്പും കറുപ്പുമായി ഉത്തരം പറയാന്‍ കഴിയാത്ത ഒന്ന്‌. പക്ഷേ ഒന്നുറപ്പ്‌: ഏതെങ്കിലും ഒരുതരം മത-രാഷ്‌ട്രീയ ധാരയുടെ മാത്രം ഒരു ക്രിയ അല്ല അതെന്ന്‌ തുനീഷ്യയും ഈജിപ്‌തും ഒപ്പം യമനും ഒരതിരുവരെ ജോര്‍ദാനും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. മുസ്‌ലിം ബ്രദര്‍ഹുഡ്‌ (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പങ്ക്‌ ഈജിപ്‌തിന്റെ കാര്യത്തില്‍ സര്‍വരും എടുത്തു പറയുന്നുണ്ടങ്കിലും സത്യത്തില്‍ ബ്രദര്‍ഹുഡ്‌ അത്ര മാത്രം മുന്നോട്ട്‌ വന്നിട്ടായിരുന്നില്ല അതിന്റെ തുടക്കം. പിന്നീട്‌ മുന്‍നിരയില്‍ സമര രംഗത്തെത്താന്‍ അതിന്റെ കാഡര്‍ സ്വഭാവവും പൂര്‍വാര്‍ജിത ഭരണകൂടവിരുദ്ധ വികാരവും അതിനെ പ്രേരിപ്പിച്ചു എന്നത്‌ ശരിയാണെങ്കിലും, ഇസ്‌ലാമിന്റെ പേരില്‍ രാഷ്‌ട്രീയം കൈയാളാത്ത (അഥവാ മതേതരമായ) മറ്റു പ്രതിപക്ഷകക്ഷികളും അത്ര തന്നെ മുന്‍നിരയിലൂണ്ടായിരുന്നു എന്ന സത്യം എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴും ചോദ്യം അവര്‍ക്കും തങ്ങളുടെ സ്വാതന്ത്യത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ലേ എന്നതാണ്‌. ശരിയാണ്‌, പ്രതിപക്ഷത്തിന്റെ ശബ്ദം ഒ�വിധത്തിലല്ലെങ്കില്‍ മറ്റൊ� വിധത്തില്‍ ക്രൂരമായി തന്നെ അടിച്ചമര്‍ത്തിയ ഭരണകൂടമാണ്‌ ഹുസ്‌നി മുബാറകിന്റേത്‌. പക്ഷേ അതിനൊക്കെ ഇത്രയും ജന പിന്തുണ കിട്ടണമെങ്കില്‍, പ്രത്യേകിച്ചും പൊതുവില്‍ നാക്കിന്റെ അത്ര മൂര്‍ച്ച കര്‍മത്തിനില്ല എന്നു കരുതപ്പെടുന്ന അറബ്‌ തെരുവില്‍ അതിത്രയും ശക്തമായി ആഞ്ഞടിക്കണമെങ്കില്‍ അതിനു പിന്നില്‍ അത്ര തന്നെ ജനവികാരോദ്ദീപകവും നീറുന്നതുമായ സാമ്പത്തിക സാമൂഹിക ഘടകങ്ങള്‍ ഉണ്ടായിരിക്കണം.
മധ്യ പൗരസ്‌ത്യ ദേശമെന്ന പ്രയോഗം തന്നെ പാശ്ചാത്യ സൃഷ്‌ടിയാണല്ലോ; പടിഞ്ഞാറ്‌ നിന്നു നോക്കുമ്പോള്‍ കാണുന്ന ഈ മധ്യം കുറച്ച്‌ കാലം മുമ്പ്‌ സമീപ പൂര്‍വദേശം എന്നും അറിയപ്പെട്ടിരുന്നു. കുറച്ചു കാലം തുര്‍ക്കിക്ക്‌ ചുറ്റുമുള്ള പ്രദേശവും മധ്യധരണ്യാഴിയുടെ തെക്കന്‍ തീര പ്രദേശവും ചേര്‍ത്തായിരുന്നു ആ വിളി. ക്രമേണ ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളെയും (മധ്യധരണ്യാഴിയുടെ തെക്കന്‍ തീര ദേശങ്ങള്‍) പശ്ചിമേഷ്യയെയും ചേര്‍ത്ത്‌ ഈ പേരില്‍ വിളിക്കാന്‍ തുടങ്ങി. `മീന' (MENA) എന്നു മധ്യ പൗരസ്‌ത്യദേശവും ഉത്തരാഫ്രിക്കയും ചേര്‍ത്തുള്ള ഒരു നാമകരണം ഇന്നു സാധാരണമാണ്‌. ഈ മേഖലയാണ്‌ ഇപ്പോള്‍ ആന്തോളനങ്ങള്‍ക്ക്‌ വേദിയാവുന്നതും.
മിഡിലീസ്റ്റ്‌ എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും മനസ്സില്‍ വരുന്ന ചിത്രം എണ്ണപ്പണത്തിന്റേതാണെങ്കില്‍ അവര്‍ക്ക്‌ തെറ്റി; സമ്പന്നതയുടേതാണെങ്കില്‍ അതിലേറെ തെറ്റി; കാരണം എണ്ണ സമ്പന്നമായ ഗള്‍ഫ്‌ രാജ്യങ്ങളുടെ താരതമ്യേന ഒരു ചെറിയ ഭൂവിഭാഗം കഴിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ കാര്യമായ എണ്ണ സമ്പത്ത്‌ എടുത്തു പറയാനില്ല. സുഊദി അറേബ്യയുടെ പ്രതിദിന എണ്ണ ഉല്‍പാദനം ഏതാണ്ട്‌ 9.5 മില്യനും ഇറാന്റേത്‌ 4.2 മില്യനും കുവൈത്തിന്റേത്‌ രണ്ടര ലക്ഷവും ആണെങ്കില്‍ തുനിഷ്യയുടേത്‌ കേവലം എണ്‍പത്തി ആറായിരവും യമനിലേത്‌ മൂന്നു ലക്ഷവും ഈജിപ്‌തിന്റേത്‌ ഏഴര ലക്ഷവും ബാരല്‍ മാത്രമാണ്‌. എണ്ണ ശേഖരത്തിലും എല്ലാ രാജ്യങ്ങള്‍ക്കും അത്രയൊന്നും പറയാനുള്ള സമ്പത്തില്ല. എണ്ണ ഉല്‍പാദക രാഷ്‌ട്ര സംഘടനയായ ഒപെകിലെ സജീവ അംഗമായ അള്‍ജീരിയക്ക്‌ എന്നാല്‍ പ്രതിദിനം രണ്ട്‌ ലക്ഷത്തിനടുത്തു ബാരല്‍ ഉല്‍പാദനമുണ്ട്‌. കൂടാതെ പ്രകൃതി വാതകത്തിന്റെ കാര്യത്തിലും അള്‍ജീരിയ മുന്നിലാണ്‌. പ്രതിവര്‍ഷം 81 ബില്യന്‍ ക്യൂബിക്‌ മീറ്റര്‍. ഏറ്റവും മുന്നിലുള്ള റഷ്യക്ക്‌ 527 ബില്യനും, രണ്ടാം സ്ഥാനത്തുള്ള ഇറാന്ന്‌ 131 ബില്യനും മൂന്നാം സ്ഥാനത്തുള്ള ഖത്തറിന്‌ 89.3 ബില്യനും ആണ്‌ ഉല്‍പാദനം (source: BP Statistical Review of World Energy June 1010).
പക്ഷേ എണ്ണ സമ്പത്തുള്ള മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ ഈ മേഖലയെ അത്ര തന്നെ രാഷ്‌ട്രീയമായി സെന്‍സിറ്റീവ്‌ ആക്കുന്നു എന്നതാണ്‌ കാര്യം. ഒമാന്റെയും ഇറാന്റെയും മുനമ്പിലുള്ള ഹോര്‍മുസ്‌ കടലിടുക്കിലൂടെയാണ്‌ ലോകത്ത്‌ കടലിലൂടെ കയറ്റി അയക്കപ്പെടുന്ന എണ്ണയുടെ 40 ശതമാനവും (ആകെയുള്ള ലോക കയറ്റുമതിയുടെ 20 ശതമാനവും-ബാക്കിയുള്ളത്‌ പൈപ്‌ ലൈന്‍ വഴിയും കരമാര്‍ഗവും) കടന്നു പോകുന്നത്‌. മറ്റൊരു വശത്ത്‌ സൂയസ്‌ കനാലിലൂടെയാണ്‌ ആദായകരമായ രീതിയില്‍ ഇത്തരം എണ്ണയും മറ്റ്‌ ഉല്‍പ്പന്നങ്ങളും കിഴക്ക്‌ നിന്നു പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. സൂയസ്‌ കനാലിന്റെ നിയന്ത്രണം ഈജിപ്‌തിന്റെ കൈയിലുമാണ്‌. അതുകൊണ്ട്‌ തന്ത്രപ്രധാനമായ ഒരു പ്രദേശം എന്ന സ്ഥാനം മേഖലക്കുണ്ടെങ്കിലും എല്ലാ രാജ്യങ്ങളും എണ്ണ സമ്പന്നമായതു കൊണ്ടല്ല അത്‌ എന്നോര്‍ക്കേണ്ടതുണ്ട്‌.
അന്തര്‍ദേശീയ തലത്തില്‍ ഇങ്ങനെ തന്ത്രപ്രാധാന്യം ഉള്ളതു കൊണ്ടല്ല തല്‍ക്കാലം ഈജിപ്‌തിലെ ആഭ്യന്തര സാമ്പത്തിക സാമൂഹിക ഘടകങ്ങള്‍. മറിച്ച്‌ അറബ്‌-ഇസ്രയേല്‍ സമവാക്യങ്ങളുടെയും, അമേരിക്കക്ക്‌ മേഖലയിലുള്ള സ്വാധീനത്തിന്റേയും ഘടകങ്ങളില്‍ അവ പ്രധാനമാണ്‌ താനും. ഒരുവിധം ഭംഗിയായി ജീവിക്കാന്‍ വേണ്ട പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവങ്ങളും ഉള്ള നാടാണ്‌ ഈജിപ്‌ത്‌. ജനസംഖ്യ എട്ട്‌ കോടി. ഏതാണ്ട്‌ പത്ത്‌ ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണത്തില്‍ പത്ത്‌ ശതമാനം മരുഭൂമി ഒഴിച്ചു നിര്‍ത്തിയാല്‍ നൈല്‍ നദിയുടെ തീരത്തുള്ള കൃഷിയും (കൃഷി യോഗ്യമായ ഭൂമി കേവലം 4 ശതമാനമെന്നാണ്‌ കണക്ക്‌) മറ്റു വ്യവസായങ്ങളും മോശമല്ലാത്ത വിഭവശേഷി നല്‍കുന്നുണ്ട്‌ രാജ്യത്തിന്‌. പക്ഷേ ജനങ്ങളുടെ ദാരിദ്ര്യത്തില്‍ സമീപകാലത്തായി വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. ലോക ബാങ്കിന്റെ കണക്കുകള്‍ വരക്കുന്ന ചിത്രം അല്‍പം സുന്ദരമാണ്‌. കാരണം അവര്‍ കാണുന്ന വളര്‍ച്ചാ സൂചികകളായ സ്വകാര്യ സംരംഭ സ്വാതന്ത്യങ്ങളും നികുതി ഇളവുകളും വളര്‍ച്ചാ നിരക്കും അല്‍പം ശുഭകരമാണ്‌. അതിനാല്‍ ലോക ബാങ്കിന്റെ 2009 റിപ്പോര്‍ട്ടില്‍ അവര്‍ ഈജിപ്‌തിനെ താഴ്‌ന്ന വരുമാന പട്ടികയില്‍ നിന്ന്‌ മധ്യവരുമാന തലത്തിലെ താഴ്‌ന്ന തലത്തിലേക്കുയര്‍ത്തി. പക്ഷേ മൊത്ത ദേശീയ ഉല്‍പാദനത്തിന്റെ കണക്കില്‍ മാത്രം കാണുന്ന വര്‍ധന (കഴിഞ്ഞ വര്‍ഷം വരെ 5-7 ശതമാനവും 2011-ല്‍ കണക്കാക്കുന്നത്‌ 5 ശതമാനവും) ജനങ്ങളുടെ വലിയ വിഭാഗത്തില്‍ എത്തുന്നുണ്ടോ എന്നതിന്‌ വേറെയും കണക്കുകള്‍ നോക്കണം. മാത്രമല്ല, വമ്പിച്ച സര്‍ക്കാര്‍ മിഷിനറി ആണ്‌ ഈജിപ്‌തിന്റെ ഭരണ ചക്രം ചലിപ്പിക്കുന്നത്‌. 8 ദശലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍. അതില്‍ മൂന്ന്‌ മില്യന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍. മൊത്തം ഒരു കോടി പോലീസുകാരുണ്ടെന്ന്‌ പറഞ്ഞാല്‍ എട്ടിനു ഒന്നു എന്ന അനുപാതത്തില്‍ നിന്ന്‌ പോലീസ്‌ രാജിന്റെ ഒരു സൂചന ലഭിക്കും.
ദോഷം പറയരുതല്ലോ, കുറ്റകൃത്യങ്ങളുടെ ശതമാനം ഈജിപ്‌തില്‍ കുറവാണ്‌. കയ്‌റോ നഗരത്തിലും വിനോദ സഞ്ചാരികള്‍ വിഹരിക്കുന്ന മറ്റു കേന്ദ്രങ്ങളിലും സുരക്ഷിതത്വം അതുകൊണ്ട്‌ തന്നെ വളരെ ശക്തവുമാണ്‌. പക്ഷേ അഴിമതി വ്യാപകമായ ഭരണരംഗത്ത്‌ കൂടുതല്‍ മേധാവിത്വമുള്ള ഇന്റലിജന്‍സും പട്ടാളവുമാണ്‌ അടക്കിവാഴുന്നത്‌. നേരാംവണ്ണം തെരഞ്ഞെടുപ്പ്‌ നടത്തി ജനകീയ ഓഡിറ്റ്‌ നടക്കാത്തതിന്റെ പേരില്‍ ഇതൊക്കെ പ്രസിഡന്‍ഷ്യല്‍ ചട്ടക്കൂടിന്റെ നിരീക്ഷണത്തില്‍ വരുന്നത്‌ അവര്‍ക്ക്‌ പ്രസിഡന്റിനോട്‌ കൂറുണ്ടോ എന്ന ഒറ്റ കാര്യത്തിലാണ്‌. ധനം ചെലവഴിക്കുന്നതിനും അടിച്ചു മാറ്റുന്നതിനും യാതൊരു നിയന്ത്രണവും ഇല്ല തന്നെ. എപ്പോഴും മുസ്‌ലിം ബ്രദര്‍ഹുഡ്‌ ഭീഷണി ഉയര്‍ത്തി കാണിച്ചും ഇസ്രയേലുമായുള്ള സൗഹൃദത്തിന്റെ പിന്‍ബലത്തിലും അമേരിക്കയില്‍ നിന്ന്‌ നേടിയെടുക്കുന്ന ഒന്നര ബില്യന്‍ ഡോളറിന്റെ വാര്‍ഷിക സഹായം ഒരു നല്ല സ്രോതസ്സായി തന്നെ ഭരണകൂടം കാണുകയും ചെയ്യുന്നു (അമേരിക്ക നല്‍കുന്ന വാര്‍ഷിക സഹായത്തില്‍ ഈജിപ്‌തിനു നാലാം സ്ഥാനമാണ്‌; അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ഇസ്രയേല്‍ എന്നിവക്കു പിന്നില്‍).
എന്നാല്‍ മുബാറകിനും അനുയായികള്‍ക്കും കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയിട്ട്‌ കുറച്ചായി; ചുവരെഴുത്ത്‌ വായിക്കാന്‍ അമേരിക്ക വൈകിയെന്നും പറയേണ്ടി വരും. ദാരിദ്ര്യത്തിന്റെയും അസമത്വങ്ങളുടെയും ചിത്രം അവര്‍ കാണാതെയല്ല. ജനങ്ങളില്‍ ഇരുപത്‌ ശതമാനം ദാരിദ്ര്യ രേഖക്ക്‌ താഴെയാണ്‌; തൊഴിലില്ലായ്‌മ 10.5 ശതമാനം. നാല്‍പത്‌ ശതമാനം യുവാക്കളും തൊഴിലില്ലാതെ കഴിയുന്ന രാജ്യത്ത്‌ മുക്കാല്‍ ഭാഗവും നഗരങ്ങളിലാണ്‌ കഴിയുന്നത്‌. എന്നാല്‍ ഒന്നര കോടിയിലധികം വസിക്കുന്നത്‌ അനൗപചാരിക താമസസ്ഥലങ്ങളിലാണ്‌-അഥവാ വീടില്ലാതെ. ഉള്ളതില്‍ നഗരവാസികള്‍ കൂടുതലും (എണ്‍പത്‌ ശതമാനം) താമസിക്കുന്നത്‌ ഫ്‌ളാാറ്റുകളിലും. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വികസനത്തിന്റെ അടയാളങ്ങള്‍ എടുത്തു പറയുന്നുണ്ടെങ്കിലും, ആരോഗ്യ രംഗത്ത്‌ കണക്കുകള്‍ പറയുന്നത്‌ ഇരുപത്തൊമ്പത്‌ ശതമാനം മാത്രമേ ടൂത്ത്‌പേയ്‌സ്റ്റ്‌ ഉപയോഗിക്കാറുള്ളൂ എന്നും, ഹെപറ്റൈറ്റിസ്‌-സി മൂലമുള്ള രോഗങ്ങള്‍ കൂടുതലാണ്‌ എന്നും (മുഖ്യ കാരണം കുത്തി വെപ്പ്‌ സൂചികള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നത്‌). പകുതി ജനസംഖ്യക്കും ലഭ്യമാവാത്ത ആഢംബരമാണ്‌ മലിന ജലക്കുഴലുകള്‍. ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ (ജനസംഖ്യയിലെ ഇരുപത്‌ ശതമാനം) 91 ശതമാനവും പറഞ്ഞതു അതാണ്‌ തങ്ങളുടെ പ്രധാന ആവശ്യമെന്നാണ്‌. ഖര മാലിന്യം കളയാനും എണ്‍പത്‌ ശതമാനത്തിന്‌ വഴികളില്ല; അതിനാല്‍ അവര്‍ അത്‌ കത്തിച്ച്‌ തെരുവോരങ്ങളില്‍ ഇടുന്നു, അല്ലെങ്കില്‍ കനാലില്‍ ഒഴുക്കുന്നു, അല്ലെങ്കില്‍ മൃഗങ്ങള്‍ക്ക്‌ എറിഞ്ഞു കൊടുക്കുന്നു. എല്ലാം പരിസര മലിനീകരണത്തിന്റെ ഉദാഹരണങ്ങള്‍.
പക്ഷേ ഭരണകൂടത്തിന്‌ വൈഭവമുള്ള ഒരു പ്രത്യേക മേഖലയുണ്ട്‌: കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്നതിലും വിമര്‍ശിക്കുന്നവരെ ജയിലുകളില്‍ `കണ്‌ഠശുദ്ധി' വരുത്തുന്നതിലും. നേതൃത്വം മറ്റാര്‍ക്കുമല്ല, പ്രസിഡന്റിനു തന്നെ. ഹുസ്‌നി മുബാറകിന്റെ മൊത്തം വ്യക്തിഗത ആസ്‌തി നാല്‍പതിനും എഴുപതിനും ഇടയില്‍ ബില്യന്‍ ഡോളര്‍ എന്നാണ്‌ അനൗദ്യോഗിക സംസാരം. ഏതായാലും പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ �ടുംബത്തിന്റെ ആസ്‌തി എഴുപത്‌ ബില്യനില്‍ കുറയില്ല എന്നതാണ്‌. അതില്‍ ഭൂരിഭാഗവും ബ്രിട്ടീഷ്‌-സ്വിസ്‌ ബാങ്കുകളിലും ലണ്ടന്‍, ന്യൂയോര്‍ക്ക്‌, ലോസ്‌ ആഞ്ചല്‍സ്‌ എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റിലും ചെങ്കടല്‍ തീരത്തെ അത്യാഢംബരപൂര്‍ണമായ കെട്ടിടങ്ങളിലും. ആഗോളതലത്തില്‍ അഴിമതി പഠനവിധേയമാക്കുന്ന ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷനല്‍ നടത്തുന്ന സര്‍വേയനുസരിച്ച്‌ (2007 റിപ്പോര്‍ട്ട്‌) ഈജിപ്‌തിന്റെ സ്ഥാനം 179 രാജ്യങ്ങളില്‍ 105 ആണ്‌ (ഏറ്റവും സംശുദ്ധം ഒന്നാം സ്ഥാനത്ത്‌ എന്ന ക്രമത്തില്‍).
എന്നാല്‍ കേവലം സാമ്പത്തിക സ്രോതസ്സിന്റെ കാര്യത്തില്‍ ഈജിപ്‌ത്‌ അത്ര പിന്നിലാവേണ്ട കാര്യമില്ല. അറബ്‌ രാജ്യങ്ങളില്‍ ഏറ്റവും വലിയ ജനസംഖ്യയും താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉള്ള ഈജിപ്‌ഷ്യന്‍ കുടിയേറ്റക്കാര്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും പല പാശ്ചാത്യ രാജ്യങ്ങളിലും ഉണ്ട്‌, മൊത്തം 2.7 ദശലക്ഷം. മാത്രമല്ല, ദേശീയ വരുമാനത്തില്‍ എണ്ണയേതര ഉല്‍പാദനത്തിന്റെ ശതമാനം ഏറ്റവും കൂടുതലുള്ള അറബ്‌ രാജ്യവും ഈജിപ്‌ത്‌ ആണ്‌. 2009-ല്‍ ഏറ്റവും കൂടുതല്‍ വിദേശ നാണ്യം സ്വദേശത്തേക്കയച്ച രാജ്യം, മൊത്തം വരുമാനത്തിന്റെ അഞ്ച്‌ ശതമാനം. ഇതില്‍ ഏറ്റവും കൂടുതല്‍ അയച്ചത്‌ അമേരിക്കയില്‍ നിന്നു (23 ശതമാനം). പിന്നെ കുവൈത്ത്‌ (15 ശതമാനം), യു.എ.ഇ (14 ശതമാനം), സുഊദി അറേബ്യ (9 ശതമാനം). ലോകാത്ഭുതമായ പിരമിഡുകളുടെയും മറ്റു വിലപ്പെട്ട ചരിത്രാവശിഷ്‌ടങ്ങളുടെയും നാടായതിനാല്‍ വിനോദ സഞ്ചാരത്തില്‍ നിന്ന്‌ കിട്ടുന്ന വരുമാനം മൊത്തം ദേശീയവരുമാനത്തിന്റെ പതിനൊന്ന്‌ ശതമാനം വരും. പത്ത്‌ ശതമാനത്തിനു തൊഴിലും ടൂറിസത്തിലാണ്‌. അനുബന്ധ തൊഴിലുകള്‍ ഇതിനു പുറമെ.
പക്ഷേ ആഭ്യന്തര ധനസ്രോതസ്സുകളില്‍ പ്രധാനമായ കൃഷിയില്‍ നിന്ന്‌ അല്‍പം ശ്രദ്ധ വ്യവസായത്തിലേക്ക്‌ തിരിഞ്ഞപ്പോള്‍ തൊഴിലുകള്‍ കുറഞ്ഞു. 1960-ല്‍ കയറ്റുമതിയില്‍ കൃഷിയുടെ പങ്ക്‌ 87 ശതമാനമായിരുന്നെങ്കില്‍ 2001 ആവുമ്പോഴേക്ക്‌ അത്‌ 11 ശതമാനമായി ചുരുങ്ങി. ആനുപാതികമായ തൊഴില്‍ വര്‍ധന വ്യവസായ മേഖലയില്‍ ഉണ്ടായില്ല. 2008 ലെ യു. എന്‍. മനുഷ്യവിഭവ വികസന റിപോര്‍ട്ടനുസരിച്ച്‌ വിദേശ നാണയത്തിന്റെ 1.4 ശതമാനം മാത്രമേ പുതുതായുണ്ടായ ചെറു-മധ്യ തല സംരംഭങ്ങളില്‍ നിക്ഷേപമായി പരിണമിച്ചുള്ളൂ. മാത്രമല്ല, ഭക്ഷ്യവസ്‌തുക്കളില്‍ പകുതിയും ഇറക്കുമതിയാണിന്ന്‌. ഈജിപ്‌ത്‌ സ്വയം അരി, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നത്‌ ശരി തന്നെ. ഒപ്പം പ്രകൃതി വാതകം, പരുത്തി വ്യവസായം, പരവതാനി നിര്‍മാണം, തുണി സാധനങ്ങള്‍ എന്നീ വ്യവസായങ്ങളും സജീവമാണ്‌. ലോക ബാങ്കി-ഐ.എം.എഫ്‌-ന്റെയും നിബന്ധനകളുടെയും അമേരിക്കന്‍ പ്രേരണകളുടെയും അടിസ്ഥാനത്തില്‍ വന്ന പരിഷ്‌കരണങ്ങള്‍ എല്ലാം ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു. പറഞ്ഞുവരുന്നത്‌ മോഹഭംഗങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ബീജങ്ങള്‍ ഈ സാമ്പത്തിക ഘടകങ്ങളില്‍ വേണ്ടത്ര ഉണ്ടായിരുന്നു എന്നാണ്‌.
ഐശ്വര്യത്തിന്റെയും തിളങ്ങുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നവധനികരായ മധ്യ-ഉന്നത വര്‍ഗത്തിന്റെ ആഢംബരത്തിന്റെയും വെള്ളിവെളിച്ചത്തിനു പിന്നിലെ ജനകീയ ദുഃഖം അറിയിക്കാനുള്ള മാര്‍ഗം തന്നെ അടഞ്ഞതാണ്‌ വര്‍ത്തമാന ഈജിപ്‌തിന്റെ പരസ്യ ദുഃഖം. ദിഗന്തവിശ്രുതിയുള്ള ഒരു ഭൂതകാലത്തിന്റെ ധന്യതയോടൊപ്പം വര്‍ത്തമാനത്തിന്റെ ദാരിദ്ര്യത്തിനും തങ്ങളുടമയാണെന്ന വിവരം അറിയിക്കാന്‍ വേദികളോ കേള്‍ക്കാന്‍ പ്രതിബദ്ധമായ ഭരണകൂടമോ ഇല്ലാത്ത ഒരു ജനതക്ക്‌ പിന്നെ ജനശക്തി പുറത്തെടുത്ത്‌ അധികാരം ഏതെങ്കിലും വിധത്തില്‍ തിരിച്ച്‌ പിടിക്കുകയേ നിര്‍വാഹമുള്ളൂ. ബ്രിട്ടീഷ്‌ ഭരണകൂടത്തിനെതിരെ സ്വാതന്ത്യപ്രസ്ഥാനത്തില്‍ പങ്കെടുത്ത ഈജിപ്‌തിന്റെ സ്വാതന്ത്ര്യ സമരനേതാവും പിന്നെ കുറച്ചു കാലം പ്രധാനമന്ത്രിയും ആയിരുന്ന സഅ്‌ദ്‌ സഗ്‌ലൂല്‍ 1927-ല്‍ മരണശയ്യയില്‍ കിടന്നു ടിപിക്കല്‍ മിസ്‌രി സംസാര ഭാഷയില്‍ പറഞ്ഞത്രെ, `മഫീശ്‌ ഫായിദ' (ഒരു കാര്യവുമില്ല). ദ്വയാര്‍ഥ പ്രയോഗത്തില്‍ ഫലമില്ലാത്തത്‌ ചികിത്സ കൊണ്ടോ സമരം കൊണ്ടോ എന്ന ചോദ്യം ഉയര്‍ത്തി അദ്ദേഹം മരിച്ചുവത്രെ. തഹ്‌രീര്‍ സ്‌ക്വയറിലെ സമകാലിക മുന്നേറ്റം അത്തരം `ഫായിദ' ഇല്ലാത്ത ഒന്നാവില്ലെന്നാണ്‌ ഒരിക്കല്‍ ഭഗ്നാശരും ഭൂരിസമയവും അലസരുമായിരുന്ന കയ്‌റോ തെരുവിലെ നവ തലമുറയുടെ അലമുറകള്‍ അറിയിക്കുന്നത്‌.

[email protected]



തുനീഷ്യ മുല്ലപ്പൂവിന്റെ സൗരഭ്യം
പി.വി.എസ്‌

ആഫ്രിക്കയിലെ ഏറ്റവും വടക്കു കിടക്കുന്ന രാജ്യം. പന്ത്രണ്ടായിരം കിലോമീറ്റര്‍ നീണ്ട തീരദേശം. ജനസംഖ്യ ഒരു കോടി. 2000 മുതല്‍ അഞ്ചു ശതമാനം വളര്‍ച്ചാ നിരക്കുള്ള സമ്പദ്‌വ്യവസ്ഥയില്‍ 2009-ലെ വളര്‍ച്ചാ നിരക്ക്‌ 0.7 ശതമാനമായി കുറഞ്ഞു. ഒപ്പം തന്നെ തൊഴിലില്ലായ്‌മ 15.7 ശതമാനമായി വര്‍ധിച്ചു. 1869 മുതല്‍ 1945-ല്‍ സ്വതന്ത്രമാവുന്നത്‌ വരെ ഫ്രഞ്ച്‌ കോളനി. ആദ്യ പ്രസിഡന്റായി വന്ന ഹബീബ്‌ ബൂറഖീബ 1987 വരെ തുടര്‍ന്നു. ഡോക്‌ടര്‍മാര്‍ ഭരിക്കാന്‍ `അണ്‍-ഫിറ്റ്‌' എന്ന്‌ സാക്ഷ്യപ്പെടുത്തലും പ്രധാനമന്ത്രിയായിരുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലി പ്രസിഡന്റായി അധികാരമേല്‍ക്കലും ഒന്നിച്ച്‌ നടന്നു. റിപ്പബ്ലിക്‌ ആയ തുനീഷ്യയില്‍ പ്രസിഡന്റ്‌ സര്‍വ അധികാരങ്ങളും കൈകാര്യം ചെയ്‌തു വന്നു. തെരെഞ്ഞെടുപ്പുകളില്‍ എപ്പോഴും ഭരണകക്ഷിയായ കോസ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക്‌ റാലി (ആര്‍.സി.ഡി എന്ന്‌ ചുരുക്കം) വന്‍ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെടുക എന്നതായിരുന്നു നടപ്പ്‌. രാഷ്‌ട്രീയ എതിരാളികള്‍ക്കും ഇസ്‌ലാമിക സംഘടനകള്‍ക്കും കടുത്ത നിയന്ത്രണം. നിരോധിക്കപ്പെട്ട ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്‌ദയുടെ നേതാവ്‌ റാശിദുല്‍ ഗനൂശി ലണ്ടനില്‍ പ്രവാസം നയിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ അദ്ദേഹം തലസ്ഥാനമായ തുനീസില്‍ തിരിച്ചെത്തി. പുകയുന്ന ജനരോഷം ആളിക്കത്തിച്ചു കൊണ്ട്‌ സീദീ ബൂസൈദ്‌ നഗരത്തില്‍ മുഹമ്മദ്‌ ബൂഅസീസി ആത്മാഹുതി ചെയ്‌തു. 2011 ജനുവരി പതിനാലിന്‌ സൈനുല്‍ ആബിദീന്‍ നാട്‌ കടന്നു സുഊദി അറേബ്യയില്‍ അഭയം തേടി. ട്രേഡ്‌ യൂനിയനുകളിലും സര്‍വകലാശാലകളിലും ആര്‍.സി.ഡി പ്രതിനിധികള്‍ കുത്തിനിറക്കപ്പെട്ടു. എല്ലാ സ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്താന്‍ മാത്രം പോലീസുകാര്‍ ഉണ്ട്‌; ആറിരട്ടി വലുപ്പമുള്ള ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍. ടാക്‌സി ഡ്രൈവര്‍മാരായും മറ്റ്‌ ഇന്‍ഫോര്‍മര്‍മാരായും എവിടെയും ആര്‍.സി.ഡി പ്രവര്‍ത്തകരുടെ ചാരവലയം ശക്തമായിരുന്നു. ``അധികം തവണ പള്ളിയില്‍ പോകുന്നത്‌ സെക്യൂരിറ്റിക്കാരുടെ ശ്രദ്ധ ക്ഷണിച്ചു വരുത്തലായിരിക്കും'' എന്നാണ്‌ പറയാറ്‌. എവിടെ വെച്ചും ആരെയും പിടികൂടി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പിടിച്ചു വെച്ചുകളയും അധികാരികള്‍. ഇക്കോണമിസ്റ്റ്‌ വാരികയുടെ പത്രസ്വാതന്ത്യ റേറ്റിങ്ങില്‍ 173 രാജ്യങ്ങളില്‍ മുപ്പതെണ്ണമേ തുനീഷ്യക്ക്‌ പിറകില്‍ ഉള്ളൂ.
അത്രയൊന്നും ദാരിദ്ര്യം ജനങ്ങള്‍ അനുഭവിച്ചിട്ടില്ല; പക്ഷേ പുതിയ പുരോഗതി മുഴുവന്‍ ക്രോണി കാപിറ്റലിസം എന്നറിയപ്പെടുന്ന സ്വന്തക്കാര്‍ക്ക്‌ നേട്ടമുണ്ടാക്കുന്ന സ്വകാര്യ സംരംഭങ്ങളുടെ രൂപത്തിലാണ്‌. ജനങ്ങള്‍ക്ക്‌ രോഷം വരാന്‍ മാത്രം ബിന്‍ അലി കുടുംബത്തിന്റെ ആസ്‌തികള്‍ക്ക്‌ കൈയും കണക്കുമില്ല. മകളുടെ പേരില്‍ 2 ബാങ്കുകള്‍. ഫോക്‌സ്‌വാഗണ്‍, ഔദി, പോര്‍ഷെ, സീയറ്റ്‌, കിയ എന്നീ കാറുകളുടെ ഏജന്‍സി ഫ്രഞ്ചിലും അറബിയിലുമായി രണ്ട്‌ പത്രങ്ങള്‍. മരുമകനായ ഇമാദിന്‌ കെട്ടിട നിര്‍മാണ കരാറുകള്‍ തുടങ്ങി കുടുംബവൃത്തത്തില്‍ തന്നെ കണക്കില്ലാത്ത സ്വത്തുക്കള്‍. മാത്സര്യമില്ലാത്ത വിധം കുത്തക വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കിടയില്‍ എന്തിനും സ്വന്തക്കാര്‍ക്ക്‌ കിഴി നല്‍കണം. മധ്യധരണ്യാഴിയുടെ തീരത്തുള്ള പുതിയ വികസനത്തിന്റെ ഉദാഹരണമായ കെട്ടിട സമുച്ചയങ്ങള്‍ തെറ്റായ ചിത്രമാണ്‌ നല്‍കിക്കൊണ്ടിരുന്നത്‌. ലോക ബാങ്കിന്റെ പോലും കണക്കുകള്‍ തിളക്കം കാട്ടുന്നതല്ലെങ്കില്‍ അവ പുറത്ത്‌ വിടാതിരിക്കലാണ്‌ നല്ലതെന്ന്‌ മുന്‍ ലോക ബാങ്ക്‌ സാമ്പത്തിക ശാസ്‌ത്രജ്ഞനായ ഇസ്‌ശുദ്ദീന്‍ ലാര്‍ബി. ആ മങ്ങുന്ന ചിത്രത്തില്‍ 14 ശതമാനം തൊഴിലില്ലായ്‌മ, 20 ശതമാനം ബിരുദധാരികള്‍ക്കും തൊഴിലില്ല. യൂറോപ്പിലേക്കു കുടിയേറിയായിരുന്നു യുവ തലമുറ തൊഴില്‍ തേടിയിരുന്നത്‌; യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു. ബിരുദം നേടിയവര്‍ക്കൊന്നും പഴയ താഴെക്കിടയിലുള്ള ജോലി വേണ്ട; കൂടാതെ ഉന്നത വര്‍ഗത്തിന്റെ ആഢംബരം കണ്ട്‌ ശീലിച്ചുപോയത്‌ കൊണ്ട്‌ ആഗ്രഹങ്ങളും ഉയരങ്ങളിലെത്തി തുടങ്ങിയിരിക്കുന്നു. അങ്ങനെയാണ്‌ ബൂ അസീസി എന്ന യുവാവ്‌ തൊഴില്‍ കിട്ടാതെ എവിടെയോ ഒരിടത്ത്‌ പച്ചക്കറിക്കട തുടങ്ങിയതും പോലീസ്‌ വന്ന്‌ അത്‌ തകര്‍ത്തതും, പിന്നെ പെട്രോള്‍ ഒഴിച്ച്‌ ആത്മാഹുതി ചെയ്‌തതും. പ്രതിഷേധിച്ച യുവാക്കളെ പോലീസ്‌ തല്ലി ചതച്ചരച്ചു. കലാപത്തില്‍ മൊത്തം 78 മരണം. കലാപം മൂര്‍ഛിച്ചതോടെ സൈനുല്‍ ആബിദീനു നാട്‌ വിടുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly