ഏകാധിപതികള്‍ക്ക് അമേരിക്കന്‍ കൂട്ട്
പി.കെ. നിയാസ്
ഈജിപ്‌തില്‍ ജനകീയ പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോള്‍ അമേരിക്കയുടെ നിലപാട് അറിയാന്‍ ലോകം ശ്രദ്ധാപൂര്‍വം കാതുകൂര്‍പ്പിച്ചു. അധികാരക്കൈമാറ്റത്തിന് ഹുസ്‌നി മുബാറക്കിനോട് പ്രസിഡന്റ് ഒബാമ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇതല്ലാതെ അമേരിക്കക്ക് മുന്നില്‍ മറ്റു വഴികളില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുകയും ചെയ്‌തു. അമേരിക്കയുടെ നിലപാട് അറിയിക്കാന്‍ മുന്‍ നയതന്ത്രജ്ഞന്‍ ഫ്രാങ്ക് വീസ്‌നറെയാണ് ഒബാമ കയ്‌റോയിലേക്ക് അയച്ചത്. അറിയപ്പെടുന്ന ലോബിയിംഗ് ഗ്രൂപ്പായ പാറ്റന്‍ ബോഗ്‌സിലെ ശമ്പളം പറ്റു ഉദ്യോഗസ്ഥനാണ് ഈജിപ്‌തിലും ഇന്ത്യയിലും അംബാസഡറായി സേവനമനുഷ്‌ഠിച്ച വീസ്‌നര്‍. ഏറെക്കാലമായി ഈജിപ്‌ഷ്യന്‍ ഭരണകൂടത്തിനുവേണ്ടി അമേരിക്കയില്‍ ലോബിയിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് വീസ്‌നറുടെ സ്ഥാപനമാണ്. മുബാറക്കുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം മുന്‍നിര്‍ത്തിയാണ് ഗവണ്‍മെന്റുമായി ബന്ധമില്ലാത്ത ഒരാളെ ദൂതനായി അയച്ചതെന്നായിരുന്നു വൈറ്റ്‌ഹൗസ് വിശദീകരിച്ചത്.
മിഡിലീസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ മുബാറക്ക് അല്‍പകാലം കൂടി അധികാരത്തില്‍ തുടരേണ്ടത് ആവശ്യമാണെന്ന് മ്യൂണിച്ചില്‍ വന്‍ശക്തി രാജ്യങ്ങളുടെ സമ്മേളനത്തില്‍ വീസ്‌നര്‍ പരസ്യമാക്കി. ഇനിയുമൊരുവട്ടം പ്രസിഡന്റായി മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ മാത്രമാണ് ഒബാമ അവശ്യപ്പെട്ടത്. അത് അംഗീകരിച്ച മുബാറക് സെപ്‌റ്റംബറില്‍ കാലാവധി പൂര്‍ത്തിയായാല്‍ സ്ഥാനമൊഴിയാമെന്ന് ഉറപ്പു നല്‍കി. മുബാറക് നിയമിച്ച വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതോടെ പ്രതിസന്ധിയില്‍നിന്ന് ഈജിപ്‌ത് കരകയറിക്കൊണ്ടിരിക്കുകയാണെന്ന് ഒബാമ പ്രസ്‌താവിക്കുക കൂടി ചെയ്‌തതോടെ അങ്കിള്‍ സാമിന്റെ ഉദ്ദേശ്യം വ്യക്തമായി. ചിലിയില്‍ സാല്‍വഡോര്‍ അലന്‍ഡയെയും പനാമയില്‍ ജനറല്‍ നൊറിയേഗയെയും ഇറാഖില്‍ സദ്ദാം ഹുസൈനെയും സ്ഥാനഭ്രഷ്‌ടനാക്കിയതു പോലെ മുബാറക്കിനെയും അമേരിക്ക താഴെയിറക്കുമെന്ന് കരുതാന്‍ ഒരു ശുഭാപ്‌തി വിശ്വാസിക്കും കഴിയില്ലെന്നത് ചരിത്ര പാഠം. വരാനിരിക്കുന്ന ഏതു സര്‍ക്കാറും ഇസ്രയേലുമായുള്ള ബന്ധം ഉള്‍പ്പെടെ ഈജിപ്‌തിന്റെ മുഴുവന്‍ ഉടമ്പടികളും പാലിക്കണമെന്ന് പറയാനും വൈറ്റ്‌ഹൗസ് മറന്നില്ല. ഭാവിയില്‍ ഇസ്‌ലാമിസ്റ്റുകളുടെ കൈയില്‍ ഭരണം വന്നാലുള്ള ആശങ്കയായിരുന്നു പ്രസ്‌താവനക്ക് ഹേതു.
ജമാല്‍ അബ്‌ദുന്നാസിറിന്റെ കാലത്ത് സോവിയറ്റ് യൂനിയനോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്ന ഈജിപ്‌തിന്റെ വിദേശനയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നീങ്ങിയത് അന്‍വര്‍ സാദാത്ത് ഭരണത്തിലാണ്. 1956-ല്‍ സൂയസ് പ്രതിസന്ധി വേളയിലും 1967-ലെ ആറു ദിന യുദ്ധത്തിലും ഇസ്രയേല്‍ പിടിച്ചടക്കിയ സീനായ് ഉപദ്വീപ് വീണ്ടെടുക്കാനും അതുവഴി ഈജിപ്‌തിന്റെ സാമ്പത്തിക ഉന്നമനം ശക്തിപ്പെടുത്താനും സയണിസ്റ്റ് രാജ്യവുമായി സമാധാനക്കരാറിലെത്തുകയാണ് പോംവഴിയെന്ന് മനസ്സിലാക്കിയ സാദാത്ത് ആദ്യപടിയായി അമേരിക്കയുമായി അടുത്തു. ഇസ്രയേലിനും മുഖ്യ സ്‌പോണ്‍സറായ അമേരിക്കക്കുമെതിരെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോഴായിരുന്നു സാദാത്തിന്റെ നീക്കം. അറബ് മേഖലയില്‍ കയറിപ്പറ്റാന്‍ കിട്ടിയ അവസരം മുതലെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ക്യാമ്പ് ഡേവിഡ് കരാറിലൂടെ ഇസ്രയേലിനെയും ഈജിപ്‌തിനെയും ഒന്നിപ്പിച്ചു. 60,000 ചതുരശ്ര കി.മീറ്റര്‍ വിസ്‌തൃതിയുള്ള പ്രദേശം വീണ്ടുകിട്ടിയതാണ് സാദാത്തിനെയും കൂട്ടരെയും സന്തോഷിപ്പിച്ചതെങ്കില്‍, അറബികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ഈജിപ്‌തിനെ മുന്നില്‍നിര്‍ത്തി തങ്ങളുടെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞതിലെ ആഘോഷത്തിലായിരുന്നു അമേരിക്ക. 1979-ലെ ക്യാമ്പ് ഡേവിഡ് കരാറിനുശേഷം ഇന്നുവരെ 29 ബില്യന്‍ ഡോളറിന്റെ സൈനിക സഹായമാണ് ഈജിപ്‌തിന് അമേരിക്ക നല്‍കിയത്. ഇതിനു പുറമെയാണ് 30 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം.
തുനീഷ്യയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ച ആദ്യ നാളുകളിലാണ് സുരക്ഷാ സഹായം എന്ന പേരില്‍ ബിന്‍ അലി ഭരണകൂടത്തിന് 12 മില്യന്‍ ഡോളര്‍ അമേരിക്കന്‍ ഭരണകൂടം അനുവദിച്ചത്. പ്രക്ഷോഭകര്‍ക്കുനേരെ പട്ടാളം ഉപയോഗിച്ച ആയുധങ്ങളില്‍ മെയ്‌ഡ് ഇന്‍ അമേരിക്ക അടയാളമുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ ഭരണകൂടത്തോട് ഒപ്പമായിരുന്നു വാഷിംഗ്‌ടണ്‍. ജനുവരി 18-ന്, അഥവാ ബിന്‍ അലി രാജ്യം വിട്ടോടുന്നതിന് മൂന്നുദിവസം മുമ്പ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പറഞ്ഞത് അമേരിക്ക ആരുടെയും പക്ഷം പിടിക്കുന്നില്ല എന്നായിരുന്നു. രക്ഷയില്ലെന്നു കണ്ട് ബിന്‍ അലി രാജ്യം വിട്ടതോടെ അമേരിക്കയും ചുവടുമാറ്റി. `ഏകാധിപത്യ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്‌ടിക്കെതിരെ ധീരതയോടെ നിലയുറപ്പിച്ച തുനീഷ്യന്‍ ജനത'യെ പ്രകീര്‍ത്തിക്കുന്ന ഒബാമയെയാണ് ടെലിവിഷന്‍ ചാനലുകളും പത്രമാധ്യമങ്ങളും പിന്നീട് പരിചയപ്പെടുത്തിയത്. എന്നാല്‍ ജീര്‍ണത പേറുന്ന ബിന്‍ അലിയുടെ പഴയ സഹപ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും പ്രവാസ ജീവിതം നയിക്കുന്ന പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെ (ഇസ്‌ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളുമാണവര്‍) നാട്ടിലേക്ക് മടങ്ങിവരാന്‍ അനുവദിക്കണമെന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഏകാധിപതികള്‍ക്കെതിരെ അറബ് ലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ അമേരിക്കക്കെതിരായ താക്കീതാണ്. ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്തുന്നുവെന്നതിന്റെ പേരില്‍ സകല ഏകാധിപതികളെയും പട്ടും വളയും നല്‍കി പോറ്റിയതിന്റെ പരിണിതഫലമാണ് അമേരിക്ക അനുഭവിക്കുന്നത്. ജനവിരുദ്ധ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തുന്നതിന് ജനാധിപത്യത്തെ ഗളഹസ്‌തം ചെയ്യാന്‍ പോലും അമേരിക്ക മടികാണിക്കാറില്ല. മുസ്‌ലിം ലോകത്ത് സ്വേഛാപ്രമത്തരായ ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത് ഈ നിലപാടുകളാണ്. ഏകാധിപത്യവും രാജവാഴ്‌ചയും നിലനില്‍ക്കുന്ന അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളായ അള്‍ജീരിയയിലും യമനിലും ജോര്‍ദാനിലും ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തപ്പെട്ടിരിക്കുന്നു. തൊണ്ണൂറുകളുടെ ആദ്യം അള്‍ജീരിയയില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി പട്ടാളത്തെ വിട്ട് ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ ജയിലിലടക്കാനും നിര്‍ദേശം നല്‍കിയത് യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷായിരുന്നു. ഫലസ്‌ത്വീനില്‍ 2006-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് മുന്നണി വിജയിച്ചപ്പോള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് ജൂനിയര്‍ ബുഷ് ഭരണകൂടം. ലബനാനില്‍ സ്‌ഫോടനാത്മകമായ രാഷ്‌ട്രീയ പ്രതിസന്ധിയില്‍നിന്ന് മുതലെടുക്കാനാണ് വാഷിംഗ്‌ടണ്‍ ശ്രമിക്കുന്നത്. ഹിസ്‌ബുല്ലക്ക് മേല്‍ക്കൈയുള്ള ഗവണ്‍മെന്റിന് സഹായമുണ്ടാകില്ലെന്ന പ്രഖ്യാപനം അതിന്റെ ഭാഗമാണ്. ലബനാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മുന്നണിയാണ് ഹിസ്‌ബുല്ലയുടേത്. ക്രിസ്‌ത്യന്‍ സെക്യുലറിസ്റ്റ് മിഷേല്‍ ഔനിന്റെ ഫ്രീ പാട്രിയോറ്റിക് മൂവ്‌മെന്റും മറോണൈറ്റ് ക്രിസ്‌ത്യാനികള്‍ക്ക് പ്രാമുഖ്യമുള്ള മറാദ പാര്‍ട്ടിയും ഗ്രീക്ക് കത്തോലിക്കരുടെ സ്‌കാഫ് ബ്ലോക്കും സുന്നികളുടെ ഹര്‍കത്ത് മജ്‌ദുമൊക്കെ ഹിസ്‌ബുല്ലയുടെ കുടക്കീഴിലുണ്ട്.
അറബ് രാജ്യങ്ങളിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഏകാധിപതിയാണ് ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി. 1969-ല്‍ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഖദ്ദാഫി ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്ന് അമേരിക്കക്ക് ബോധ്യപ്പെടാന്‍ പത്തു വര്‍ഷം വേണ്ടിവന്നു. ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 1979-ല്‍ ലിബിയയെ ഉള്‍പ്പെടുത്തുകയും 1981-ല്‍ എംബസി അടച്ചുപൂട്ടുകയും ചെയ്‌തു. ലോക്കര്‍ബി ദുരന്തത്തിന് ഇരയായവര്‍ക്ക് 150 കോടി ഡോളര്‍ നഷ്‌ടപരിഹാരം നല്‍കുകയും മിസൈല്‍ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി ഖദ്ദാഫി പ്രഖ്യാപിക്കുകയും ചെയ്‌തതോടെ അമേരിക്കയും ബ്രിട്ടനും ലിബിയയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളായി. ഭീകരരാജ്യങ്ങളുടെ പട്ടികയില്‍നിന്ന് 2006-ല്‍ ലിബിയ മോചിതരായി. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക് അതോടെ സുവര്‍ണകാലവുമായി. ഖദ്ദാഫിയുടെ ഏകാധിപത്യ ചിന്തകളില്‍ എന്തു മാറ്റമാണ് ഉണ്ടായതെന്ന് അമേരിക്ക വിശദീകരിച്ചിട്ടില്ല. തുനീഷ്യയിലെ ജനകീയ പ്രക്ഷോഭകരെ നിന്ദിക്കുകയും ബിന്‍ അലിയെ പരസ്യമായി പ്രശംസിക്കുകയും ചെയ്‌തത് ഖദ്ദാഫി മാത്രമായിരുന്നു. ക്രിമിനല്‍ സംഘങ്ങളാണ് കുഴപ്പങ്ങള്‍ക്ക് കാരണക്കാരെന്നും ബിന്‍ അലി കുടുംബത്തിന്റെ അഴിമതികളും ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുകൊണ്ടുവന്ന വിക്കിലീക്‌സാണ് പ്രക്ഷോഭങ്ങള്‍ക്ക് വിത്തുപാകിയതെന്നും കുറ്റപ്പെടുത്തിയ ലിബിയന്‍ നേതാവ്, 2014-ല്‍ സ്ഥാനമൊഴിയാമെന്ന് ബിന്‍ അലി ഉറപ്പു നല്‍കിയ സ്ഥിതിക്ക് മൂന്നു വര്‍ഷം കൂടി കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചുകൂടേയെന്നാണ് തുനീഷ്യയിലെ പ്രക്ഷോഭകരോട് ചോദിച്ചത്.
ഇറാനില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ് മുസദ്ദിഖ് സര്‍ക്കാറിനെ 1953-ല്‍ അട്ടിമറിച്ചത് സി.ഐ.എയായിരുന്നു. 1913 മുതല്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനി ദേശസാല്‍ക്കരിച്ച നടപടിയായിരുന്നു അട്ടിമറിക്ക് കാരണമായി പറഞ്ഞതെങ്കിലും അമേരിക്കയെ സംബന്ധിച്ചേടത്തോളം അതൊരു വിഷയമായിരുന്നില്ല. ബ്രിട്ടന്‍ കടുത്ത നിലപാട് എടുത്തപ്പോള്‍ മുസദ്ദിഖിനോടൊപ്പമാണ് തങ്ങളെന്നായിരുന്നു അമേരിക്ക അറിയിച്ചിരുന്നത്. എന്നാല്‍, മുസദ്ദിഖിന് കമ്യൂണിസ്റ്റ് ബന്ധമുണ്ടെന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പ്രചാരണം ഏറ്റുപിടിച്ച വാഷിംഗ്‌ടണ്‍ ചുവടുമാറ്റി. ഓപറേഷന്‍ അയാക്‌സ് എന്ന പേരില്‍ നടത്തിയ അട്ടിമറിക്ക് പത്ത് ലക്ഷം ഡോളറാണ് സി.ഐ.എ ഡയറക്‌ടര്‍ അല്ലന്‍ ഡ്യൂല്ലസ് നീക്കിവെച്ചത്. 1979-ലെ ഇറാന്‍ വിപ്ലവത്തില്‍ അമേരിക്കന്‍വിരുദ്ധ വികാരം ശക്തിപ്പെട്ടതിനു പിന്നില്‍ മുസദ്ദിഖ് സംഭവത്തിനും പങ്കുണ്ടായിരുന്നു. അമേരിക്കയുടെ സില്‍ബന്തിയായിരുന്ന ഷാ റിസാ പഹ്‌ലവിയുടെ പേരിലുണ്ടായിരുന്ന കയ്‌റോയിലെ ഒരു തെരുവിന് മുസദ്ദിഖിന്റെ പേര് നല്‍കിയാണ് 2004-ല്‍ ഈജിപ്‌ഷ്യന്‍ സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്‌തത്. മുസദ്ദിഖിനെ പുറത്താക്കിയത് തെറ്റായ നടപടിയാണെന്ന് അര നൂറ്റാണ്ടിനുശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി മെഡലൈന്‍ ഓള്‍ബ്രൈറ്റ് 2000-ല്‍ പരസ്യമായി സമ്മതിക്കുകയും ചെയ്‌തു. സാമ്രാജ്യത്വ, സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കക്ക് തിരിച്ചടിയാകുന്നതിന്റെ ലക്ഷണങ്ങളാണ് മധ്യപൗരസ്‌ത്യദേശത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ ദൃശ്യമാകുന്നത്. ഏകാധിപതികള്‍ മൂക്കുകുത്തി വീഴുമ്പോള്‍ പരാജയപ്പെടുന്നത് യാങ്കികളുടെ കുതന്ത്രം കൂടിയാണ്.
[email protected]