Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


മരുഭൂമിയുടെ ആത്മാവ്‌
പി.എ നാസിമുദ്ദീന്‍

ഉമര്‍ ഒ. തസ്‌നീം ഇംഗ്ലീഷില്‍ എഴുതിയ കവിതാ രൂപത്തിലുള്ള പ്രവാചക ചരിത്രമാണ്‌ മരുഭൂമിയുടെ ആത്മാവ്‌ (Soul of Desert). ഇരുപത്തൊമ്പത്‌ അധ്യായങ്ങളിലായി പ്രവാചക ജീവിതത്തിലെ മുഖ്യസംഭവങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ രൂപവത്‌കരണവും ഒട്ടും ചോര്‍ന്നുപോകാതെ സാക്ഷാത്‌കരിക്കാന്‍ ഗ്രന്ഥകാരന്‌ കഴിഞ്ഞിട്ടുണ്ട്‌. സിയാവുദ്ദീന്‍ സര്‍ദാറിന്റെ കമന്റുകളുള്‍പ്പടെ, മികച്ച നിര്‍മാണ ചാതുരിയോടെ ഈ പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്‌ കോഴിക്കോട്ടെ `അദര്‍ ബുക്‌സ്‌' ആണ്‌.
മുഹമ്മദ്‌ നബിയുടെ ജീവചരിത്രങ്ങള്‍ ഇംഗ്ലീഷില്‍ ഹൈക്കലിന്റെ `ദി ലൈഫ്‌ ഓഫ്‌ മുഹമ്മദ്‌' ഉള്‍പ്പെടെ അവിസ്‌മരണീയമായ ഒട്ടേറെയുണ്ടെങ്കിലും കവിതാ രൂപത്തിലുള്ള പരിശ്രമങ്ങള്‍ ആഗോളതലത്തില്‍ ഇല്ല എന്നുതന്നെ പറയാം. ഇത്തരമൊരവസ്ഥയില്‍ മലയാളിയായ ഗ്രന്ഥകര്‍ത്താവില്‍നിന്നും മലയാളികളായ പ്രസാധകരില്‍നിന്നും ഇത്തരം ഒരപൂര്‍വ കൃതി ഉണ്ടായി എന്നത്‌ ആശ്ചര്യജനകവും അഭിമാനകരവുമാണ്‌. കേരളീയ മുസ്‌ലിം ജീവിതത്തിന്റെ ഒരു `കടംവീട്ടലായോ', `ഏറ്റുപറച്ചിലായോ' ഈ കൃതിയെ വിലയിരുത്താം.
കാരണം, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നമ്മുടെ നാട്ടില്‍ നടന്ന ആധുനികീകരണ പ്രക്രിയയില്‍ നിന്നും മനപ്പൂര്‍വം ഒഴിഞ്ഞുമാറിനിന്നവരായിരുന്നു ഇവിടത്തെ മുസ്‌ലിംകള്‍. മാറിക്കൊണ്ടിരുന്ന പ്രപഞ്ച വീക്ഷണങ്ങള്‍ക്കും മാറിക്കൊണ്ടിരിക്കുന്ന ജീവിതപരിസരങ്ങള്‍ക്കുമിടയില്‍ തങ്ങളുടെ മതസ്വത്വത്തെ സ്ഥാപിക്കാനാകാതെ, തീവ്ര വൈകാരികതയോടെ പരിമിതമായ ചട്ടകൂടിനുള്ളിലേക്ക്‌ ഒതുങ്ങുകയായിരുന്നു അവര്‍. ഇംഗ്ലീഷ്‌ സാമ്രാജ്യത്വത്തിന്റെ ഭാഷയാണെന്നതിനപ്പുറം അതിന്റെ ഗുണാംശങ്ങളെ ഉള്‍ക്കൊള്ളാനും കാലഗതിക്കൊപ്പം പുരോഗമിക്കാനുമുള്ള മുസ്‌ലിം സമുദായത്തിന്റെ അഭിവാഞ്‌ഛ ഇപ്പോള്‍ മുമ്പത്തേക്കാള്‍ സജീവമാണ്‌. ഇത്തരം തീവ്രവാഞ്‌ഛകള്‍ക്കിടയിലാണ്‌ തസ്‌നീമിന്റെ Soul of Desert പോലുള്ള രചനകള്‍ സംഭവിക്കുന്നത്‌.
പ്രവാചക ജീവിതത്തെ സരളമായ ഇംഗ്ലീഷില്‍ താളാത്മകമായി വിവരിക്കുന്ന ഈ കൃതി പദ്യ(verse)ത്തിനേക്കാള്‍ സ്വതന്ത്ര പദ്യ(free verse)ത്തിനോട്‌ കൂടുതല്‍ അടുത്തുനില്‍ക്കുന്നു. നബിചരിതത്തിലെ ആകസ്‌മികതകളും നാടകീയതയുമെല്ലാം ഈ രേഖീയ വിവരണത്തില്‍ ഒട്ടും ഭാവഭംഗി കുറയാതെ ആവിഷ്‌കൃതമായിട്ടുണ്ട്‌. The gem of desert എന്ന അധ്യായത്തില്‍ നബിയുടെ ജനനകഥയിലൂടെ ആരംഭിച്ച്‌ ആകെ ഇരുപത്തൊമ്പത്‌ അധ്യായങ്ങളിലൂടെ പടര്‍ന്ന്‌ അദ്ദേഹത്തിന്റെ നിര്യാണത്തോടെ അവസാനിക്കുന്നു. ഇസ്‌ലാം വിശ്വാസികള്‍ക്കു മാത്രമല്ല, എല്ലാ സത്യാന്വേഷികള്‍ക്കും വിസ്‌മയവും പുതു അവബോധങ്ങളും നല്‍കുന്ന നബി ജീവിതത്തിലെ മിഅ്‌റാജ്‌, ഹിജ്‌റ, ബദ്‌ര്‍-ഉഹുദ്‌ യുദ്ധങ്ങള്‍, ഉമറിന്റെ മാനസാന്തരം, ബിലാലിന്റെ വിശ്വാസ ദാര്‍ഢ്യം... എന്നിങ്ങനെയുള്ള പ്രധാന സംഭവങ്ങള്‍ തീര്‍ച്ചയായും ഈ കൃതിയുടെ വായനക്കാരില്‍ വൈവിധ്യമാര്‍ന്നതും ആഴമേറിയതുമായ അനുഭൂതികള്‍ ഉളവാക്കും.
സാഹിത്യചരിത്രം പരിശോധിച്ചാല്‍ കവിതയും ഭക്തിയും തമ്മില്‍ അസാധാരണമായ ഒരാൈത്മക്യം എന്നും കാത്തുസൂക്ഷിച്ചിരുന്നതായി കാണാം. മിസ്റ്റിക്കുകളും സൂഫികളും കവിതയെ ദൈവികാനുഭൂതിയിലേക്കെത്തിച്ചേരാനുള്ള ഉപകരണമായി കണ്ടവരായിരുന്നു. പലപ്പോഴും തങ്ങള്‍ അനുഭവിച്ചിരുന്ന ഉള്‍ക്കാഴ്‌ചകളും നിഗൂഢാവബോധങ്ങളും പകര്‍ന്നുവെക്കാനും അവര്‍ കവിതയെ ഉപയോഗിച്ചിരുന്നു.
വിവേകാനന്ദന്‍, അരബിന്ദോ, തേരസ ഓഫ്‌ ആവില, സെന്റ്‌ ജോണ്‍ ഓഫ്‌ ക്രോസ്‌, മൗലാനാ റൂമി, ഫരീദുദ്ദീന്‍ അത്താര്‍, ജുനൈദ്‌ എന്നിവരൊക്കെയെഴുതിയ കവിതകള്‍ ആത്മീയ തീര്‍ഥാടനത്തിലെ സൗന്ദര്യ ശില്‍പങ്ങള്‍ എന്ന നിലയില്‍ പുകള്‍പെറ്റവയാണ്‌. റൂമിയുടെ മസ്‌നവിയില്‍ പ്രവാചകന്മാരെക്കുറിച്ചുള്ള ഒട്ടേറെ ഗീതങ്ങള്‍ കാണാം. എന്നാല്‍ ഇത്തരം ഗണത്തില്‍ പെടുന്ന ഒരു കവിതാ ശില്‍പമല്ല Soul of Desert. അത്തരം കവിതകളില്‍ കാണുന്ന ഭാവാത്മകതക്കും ആത്മാനുഭൂതികള്‍ക്കും പകരം തികച്ചും ആഖ്യാനരൂപത്തില്‍ രേഖീയമായി നബിചരിതം വിവരിക്കുകയാണ്‌ തസ്‌നീം തന്റെ കൃതിയില്‍.
ഉയര്‍ന്ന സൗന്ദര്യബോധം നിറഞ്ഞുനില്‍ക്കുന്ന ഉദാത്ത സാഹിത്യകൃതി എന്നതിനേക്കാള്‍ മതസാഹിത്യ മേഖലയിലെ ഒരു പ്രബോധക രചനയായി വേണം ഇതിനെ കാണാന്‍. കവിതയില്‍ വാക്കുകളുടെ തെരഞ്ഞെടുപ്പും ഉപമകളും പ്രതീകങ്ങളുമൊക്കെ പ്രധാനമാകുമ്പോള്‍ ഈ കൃതിയില്‍ കവിഞ്ഞൊഴുകുന്ന പ്രവാചക സ്‌നേഹത്താല്‍ അദ്ദേഹത്തിന്റെ ചരിത്രവും സല്‍സ്വഭാവവും ആസ്വാദക ഹൃദയങ്ങളില്‍ ഏറ്റവും സുഗമമായും തീവ്രമായും പ്രവര്‍ത്തിക്കാനുള്ള ഒരു ഉപാധിയായിട്ടാണ്‌ കവിതാ മാധ്യമത്തെ രചയിതാവ്‌ സ്വീകരിച്ചിരിക്കുന്നത്‌. അതിനാല്‍ കവിതാംശം രണ്ടാമതാകുകയും ആഖ്യാനപരത മുന്‍കൈ നേടുകയും ചെയ്യുന്നു. ഗദ്യത്തില്‍ എഴുതിയ നബിചരിതത്തേക്കാളും ഹൃദയത്തില്‍ തങ്ങിനില്‍ക്കാനുള്ള കഴിവ്‌ കവിതാ രൂപത്തിലെഴുതിയ ഈ കൃതിക്കുള്ളതുകൊണ്ട്‌ അത്‌ വിജയിക്കുന്നുണ്ട്‌ താനും.
ഇസ്‌ലാമിക സാഹിത്യത്തെ സംബന്ധിച്ചേടത്തോളം ഇംഗ്ലീഷിലുള്ള രചനകളുടെ കാര്യത്തില്‍ മലയാളി മുസ്‌ലിംകളുടെ അവസ്ഥ ശോചനീയമാണ്‌. ഉത്തരേന്ത്യയില്‍ ഇംഗ്ലീഷിലുള്ള ഒട്ടേറെ ഇസ്‌ലാമിക പഠനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ആ ഗണത്തിലേക്ക്‌ എടുത്തു പറയാവുന്ന മലയാളികള്‍ ആരും ഇല്ല എന്നുതന്നെ പറയാം. പലപ്പോഴും പ്രാകൃതമായ മലയാളവും അറബിയും കൂടി ചേര്‍ന്ന്‌ `ഒരു മുസ്‌ലിയാര്‍ സാഹിത്യ'മായിട്ടാണ്‌ മലയാളത്തിലെ ഇസ്‌ലാമിക വിജ്ഞാനസരണി നിലനിന്നിരുന്നത്‌. ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസ്‌ മുതലായ പ്രസിദ്ധീകരണങ്ങളുടെ വരവോടു കൂടിയാണ്‌ നല്ല മലയാളത്തിലെഴുതിയ ഇസ്‌ലാമിക കൃതികള്‍ മലയാളികള്‍ക്ക്‌ കിട്ടി തുടങ്ങിയത്‌.
ഇപ്പോഴിതാ ലോക സാഹചര്യം തന്നെ ഒരാഗോള ഭാഷയെ ഏവര്‍ക്കും അനിവാര്യമാക്കിയിരിക്കുന്നു. ഇംഗ്ലീഷ്‌ എന്ന ആഗോള ഭാഷയിലെഴുതിയ ഈ കൃതിയിലൂടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്കും ഇസ്‌ലാമിനെ പരിചയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നൈസര്‍ഗികമായ രീതിയില്‍ നബിജീവിതം അനായാസം ഉള്‍ക്കൊള്ളാനാകും.
പുസ്‌തകത്തിന്റെ ആമുഖമായി ഇസ്‌ലാമിനെക്കുറിച്ചും നബിയെക്കുറിച്ചുമുള്ള ഗ്രന്ഥകാരന്റെ ദീര്‍ഘമായ വിശകലനവും, അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുള്ള വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ചുള്ള നബിവചനങ്ങളും പുസ്‌തകത്തിന്‌ സമഗ്രതയേകാന്‍ ഉപകരിക്കുന്നു. സഗീറിന്റെ ചിത്രങ്ങളും വായനയെ ഹൃദ്യമാക്കുന്നു.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly