Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


കപട മതേതരവാദികള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?

കാവി ഭീകരതയെക്കുറിച്ച ലേഖനം (ലക്കം 32) ശ്രദ്ധേയമായ ചില സംവാദങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പിന്നില്‍ സംഘ്‌ഭീകരവാദികളാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. രാജ്യസ്‌നേഹവും ഹിന്ദു നവോത്ഥാനവും സംഘ്‌പരിവാറിന്റെ മുഖംമൂടികള്‍ മാത്രമാണെന്ന്‌ രാജ്യനിവാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇസ്രയേല്‍ മൊസാദുമായി കൈകോര്‍ത്ത്‌ ഇസ്‌ലാമോഫോബിയ ആളിക്കത്തിച്ചപ്പോള്‍ ചരിത്രം തിരിഞ്ഞുകുത്തില്ലെന്ന്‌ സംഘ്‌പരിവാര്‍ തെറ്റിദ്ധരിച്ചു.
ജനാധിപത്യത്തിന്റെ മൂന്ന്‌ തൂണുകളും നാലാം തൂണ്‍ മീഡിയയും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന മിഥ്യാധാരണ എന്തും ചെയ്‌തുകൂട്ടാന്‍ സംഘ്‌പ്രഭൃതികള്‍ക്ക്‌ ധൈര്യം നല്‍കി. യഥാര്‍ഥത്തില്‍ ഹിന്ദുമതത്തെ മറയാക്കി കരുക്കള്‍ നീക്കുകയായിരുന്നു ബി.ജെ.പി.
ഇല്ലാത്ത ലൗ ജിഹാദും ഇസ്‌ലാമിക മതമൗലികവാദവും ഉയര്‍ത്തി കാട്ടി സംഘ്‌പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാര പ്രവര്‍ത്തനം തിരിച്ചറിയാത്ത ഇന്ത്യന്‍ ഭരണകൂടമാണ്‌ സംഘ്‌ഭീകരതക്ക്‌ വളംവെച്ചുകൊടുത്തതില്‍ ഒന്നാമത്തെ പ്രതി. മതേതരത്വം തങ്ങള്‍ക്ക്‌ നിലനില്‍പിനുള്ള ആയുധമായി കൊണ്ടുനടക്കുന്ന `ബുദ്ധിജീവി' അഭിനേതാക്കളാണ്‌ രണ്ടാം പ്രതി. സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി എല്ലാം നിശ്ശബ്‌ദമായി നോക്കിനില്‍ക്കാനാണ്‌ ഭാവമെങ്കില്‍ സംഘ്‌ഭീകരത ഇന്ത്യയെ ഞെട്ടിക്കുന്നത്‌ ഇനിയും നാം കാണേണ്ടിവരും.
രഹസ്യമായും പരസ്യമായും മാനസികമായും സവര്‍ണ ഫാഷിസ്റ്റുകള്‍ക്ക്‌ പിന്തുണ നല്‍കുന്നവര്‍ ഇനിയെങ്കിലും അവരെ കൈയൊഴിയണം. സാഹിത്യ, സാംസ്‌കാരിക, കലാ കായിക, രാഷ്‌ട്രീയ, സാമ്പത്തിക, സിനിമ, ബിസിനസ്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സഹോദരന്മാര്‍ സംഘ്‌പരിവാറിന്റെ ഹിന്ദുത്വകാര്‍ഡിനെതിരില്‍ ശക്തമായി രംഗത്തുവരണം. ക്ഷേത്രങ്ങളുടെയും അമ്പലങ്ങളുടെയും ഹിന്ദു ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേറ്റന്റ്‌ ഏടുക്കുന്ന സംഘ്‌കുതന്ത്രത്തെ ചെറുത്തുതോല്‍പിക്കണം. സംഘ്‌പരിവാര്‍ ഹിന്ദുസമൂഹത്തിന്റെ ഭാഗമല്ലെന്നും ഇന്ത്യയുടെ ശത്രുക്കളാണെന്നും തെളിഞ്ഞിരിക്കെ അത്‌ ഉറക്കെ പ്രഖ്യാപിക്കാനുള്ള ആര്‍ജവമാണ്‌ നമുക്കുണ്ടാവേണ്ടത്‌. ഹിന്ദു സമൂഹത്തിന്റെ പ്രതിരോധം ഏറ്റെടുക്കാന്‍ ആര്‍.എസ്‌.എസ്‌ വേണ്ടതില്ലെന്നും സര്‍ക്കാറില്‍ തങ്ങള്‍ക്ക്‌ പൂര്‍ണ വിശ്വാസമുണ്ടെന്നും യഥാര്‍ഥ ഹൈന്ദവ സമൂഹം ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
ഇസ്‌ലാമിനെക്കുറിച്ച്‌ മുന്‍ധാരണകള്‍ മാറ്റിവെച്ച്‌ പഠിക്കാന്‍ ഇന്ത്യന്‍ ജനത, പ്രത്യേകിച്ച്‌ നേതാക്കള്‍ തയാറാവണം. മുസ്‌ലിം സമൂഹം ദഅ്‌വത്ത്‌ ഇനിയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമീപകാല സംഭവങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു. സംഘ്‌പരിവാര്‍ തീവ്രവാദത്തിന്റെ വിളനിലമായി ഭാരതം മാറാതിരിക്കണമെങ്കില്‍ ഓരോ ഭാരതീയനും കൂടുതല്‍ ജാഗരൂകനും സത്യസന്ധനുമാവട്ടെ. തീവ്രവാദത്തിനും മയക്കുമരുന്ന്‌ വിപണിക്കും, രാജ്യവും മതവും നിറവുമില്ലെന്ന യാഥാര്‍ഥ്യം കാവി ഭീകരത തെളിയിക്കപ്പെട്ടതിലൂടെ കൂടുതല്‍ വ്യക്തത നേടിയിരിക്കുന്നു.
അബൂഹലീം വയനാട്‌, അബൂദബി


ഈശ്വരന്‍ പൊറുക്കട്ടെ
ജനുവരി 15-ലെ പ്രബോധനം വാരികയില്‍ അമൃതാനന്ദമയിയെക്കുറിച്ച നുഹ നസീറയുടെ കത്തിന്‌ ചോദ്യോത്തര പംക്തിയില്‍ വന്ന മറുപടിയില്‍ ചില വിശദീകരണം നല്‍കേണ്ടതായി തോന്നുന്നു. അമൃതാനന്ദമയിയോടൊപ്പം ഏതാണ്ട്‌ രണ്ട്‌ വര്‍ഷം ജീവിച്ച്‌ അവരുടെ ജീവിതം സൂക്ഷ്‌മമായി പഠിക്കാന്‍ എനിക്ക്‌ സാധിച്ചിട്ടുണ്ട്‌. അതുപോലെ ഇന്ന്‌ അറിയപ്പെടുന്ന മറ്റു പല യോഗികളുമായി സമ്പര്‍ക്കപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്‌. ദീര്‍ഘനാളത്തെ യോഗസാധനകള്‍ കൊണ്ട്‌ ഒരാള്‍ക്ക്‌ അഷ്‌ട ഐശ്വര്യ സിദ്ധികള്‍ വശത്താക്കാം. എന്നാല്‍ ഇതിനെല്ലാം പരിമിതികള്‍ ഉണ്ട്‌. മണ്ണ്‌ കൊണ്ട്‌ ഒരാള്‍ വിഗ്രഹം ഉണ്ടാക്കി അതിന്‌ ജീവന്‍ നല്‍കി നമ്മളോടൊപ്പം ജീവിക്കാന്‍ വിടാന്‍ ദൈവത്തിന്‌ മാത്രമേ കഴിയൂ. അത്‌ അമൃതാനന്ദമയിക്ക്‌ എന്നല്ല ഒരു യോഗിക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല, കഴിയുകയും ഇല്ല. ശാസ്‌ത്രീയമായി ചിന്തിച്ചാല്‍ പോലും അത്‌ അസാധ്യം. കാരണം മനുഷ്യന്‌ പാരമ്പര്യമായി ഉണ്ടാകേണ്ടുന്ന നിറം, ശരീരഘടന തുടങ്ങിയ പല സ്വഭാവഗുണങ്ങളും മണ്ണില്‍ നിന്ന്‌ ഉണ്ടായ വ്യക്തിക്ക്‌ എവിടെ നിന്ന്‌ വരണം?
സാധാരണ മനുഷ്യരെപ്പോലെ അമൃതാനന്ദമയിക്കും പ്രമേഹവും ബ്ലഡ്‌ പ്രഷറും ജരാനരകളും എല്ലാമുണ്ട്‌. മറ്റുള്ളവര്‍ അവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ പറയും: `ഫോട്ടോ എടുത്താല്‍ എന്റെ സിദ്ധി പോകും, എടുക്കരുതെന്ന്‌ പറയൂ മോനേ...' ഈശ്വരനാണെങ്കില്‍ എന്തിനു ഭയക്കണം? ഒരു കുളത്തിനോ കിണറിനോ ജലം വറ്റിപ്പോകുമെന്ന്‌ ഭയം ഉണ്ടായേക്കാം, സമുദ്രം എന്തിന്‌ ഭയക്കണം! സ്വയം ദൈവമാണെന്ന്‌ അവകാശപ്പെടുന്നവര്‍ അത്‌ അറിവില്ലാത്തതുകൊണ്ട്‌ ചെയ്യുന്നതാണ്‌. അവരോട്‌ ഈശ്വരന്‍ പൊറുക്കട്ടെ!
ഡോ. ബി.വി ബേബി ഹല്‍കല്‍, ഉടുപ്പി, കര്‍ണാടക
[email protected]



ഇസ്‌ലാമിന്റെ ഉള്ളടക്കം

സാമൂഹിക പ്രതിബദ്ധതയാണ്‌ ഇസ്‌ലാമിന്റെ സൗന്ദര്യം. സമൂഹ നന്മയാണ്‌ അതിലെ ഓരോരോ കര്‍മങ്ങളും വിളിച്ചു പറയുന്നത്‌. സമൂഹ മനസ്സിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാലത്തോളം മുസ്‌ലിംകളില്‍ നിന്ന്‌ വിപ്ലവങ്ങള്‍ പ്രതീക്ഷിക്കാവതല്ല. ഒരു മുസ്‌ലിം അവനു വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനല്ല. അവന്റെ ഉന്നതിയും അവന്‌ കിട്ടുന്ന പ്രതിഫലത്തിന്റെ കണക്കുമല്ല അവനെ വ്യതിരിക്തനാക്കുന്നത്‌. സമൂഹമാണ്‌ വിശ്വാസിയുടെ ഏറ്റവും വലിയ സമ്പത്ത്‌. ഏതൊരാളുടെയും കര്‍മഭൂമിയാണല്ലോ അയാളുടെ യഥാര്‍ഥ സമ്പത്ത്‌. സമൂഹമെന്ന ബിന്ദുവിലേക്ക്‌ ചേര്‍ക്കപ്പെടുന്ന പാശങ്ങളാണ്‌ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഓരോ ആശയവും. യോഗങ്ങള്‍ ചേരുന്നത്‌ കൂലി ലഭിക്കാനല്ല. വ്യഭിചാരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്‌ ശിക്ഷയെ പേടിച്ചതുകൊണ്ടുമല്ല. നീറുന്ന പ്രശ്‌നങ്ങളനുഭവിക്കുന്ന തന്റെ ചുറ്റുപാടിന്റെ നന്മയെക്കുറിച്ച ബോധമാണ്‌ ഏതൊരു സംഗമത്തെയും സാര്‍ഥകമാക്കുന്നത്‌. സ്‌ത്രീ പുരുഷന്റെ ഏറ്റവും വലിയ സമ്പത്താണ്‌. അവര്‍ രണ്ടു പേരും സമൂഹത്തിന്റെ ഭാഗവും. രണ്ടിലാരുടെയും അവകാശത്തെ മുറിപ്പെടുത്തുന്നത്‌ സമൂഹത്തോട്‌ ചെയ്യുന്ന പാപമാണ്‌. വ്യഭിചാരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നതില്‍ ഉയര്‍ന്നുവരേണ്ടുന്ന സാമൂഹിക ബോധമാണിത്‌.
വീണ്ടും പറയട്ടെ, നിങ്ങളെത്ര കൂലി വാങ്ങി എന്നതല്ല നിങ്ങളുടെ കണക്ക്‌ പുസ്‌തകത്തെ വ്യതിരിക്തമാക്കുന്നത്‌. നിങ്ങളുടെ നിയോഗം നിങ്ങളെത്ര പൂര്‍ത്തീകരിച്ചു എന്നുള്ളതാണ്‌. ഓരോ വ്യക്തിയും ഓരോ ഖലീഫയാണ്‌. എല്ലാവരും കൂടി ഒന്നിച്ച്‌ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നത്‌ ദൈവിക പ്രാതിനിധ്യമാണ്‌. അതുകൊണ്ട്‌ എല്ലാവരും ഒരേ കൂലിക്കു വേണ്ടി പണിയെടുക്കേണ്ടവരല്ല. നിലനില്‍ക്കുന്ന കൂലികളിലേക്ക്‌ തന്റെ നിയോഗത്തെ ചേര്‍ക്കേണ്ടവനല്ല വിശ്വാസി. മറിച്ച്‌, തന്റെ നിയോഗത്തെ കൂലിയാക്കി പരിവര്‍ത്തിപ്പിക്കേണ്ടവനാണ്‌. ചരിത്രം അതിനു സാക്ഷിയാണ്‌. ഒരു സാഷ്‌ടാംഗ പ്രണാമത്തിന്‌ ലക്ഷം സുജൂദുകളുടെ പ്രതിഫലം കിട്ടുന്ന മസ്‌ജിദുല്‍ ഹറമിലെ കൂലിയില്‍ ബന്ധിതരായിരുന്നില്ല അവര്‍. ചുറ്റും വെളിച്ചം ലഭിക്കാതെ ഇരുട്ടില്‍ തപ്പുന്ന ജനസമൂഹങ്ങളോടുള്ള പ്രതിബദ്ധതയാണ്‌ അവരെ ധീരരും തന്റേടികളും വിപ്ലവ നായകരുമാക്കിയത്‌.
രാഷ്‌ട്രീയം ഇസ്‌ലാമിലേക്ക്‌ കയറ്റുമതി ചെയ്യേണ്ട ഒന്നല്ല. ഇസ്‌ലാമിലെ ഓരോ നിയമവും സ്വയം രാഷ്‌ട്രീയ വായനകള്‍ ആവശ്യപ്പെടുന്നവയാണ്‌. പലിശ നിഷിദ്ധമായത്‌ എന്തേ എന്ന ചോദ്യത്തിനുത്തരം അല്ലാഹു വിലക്കിയതുകൊണ്ട്‌ എന്നു മാത്രമാണെങ്കില്‍ അത്‌ ഇസ്‌ലാമിന്റെ ആത്മാവില്‍ നിന്ന്‌ അകന്നുപോകലാണ്‌. പലിശയുടെ കെടുതിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന കീഴാള ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പാണ്‌ അതിലെ രാഷ്‌ട്രീയ അന്തസത്ത. ഏച്ചുകെട്ടുന്ന കീഴാള രാഷ്‌ട്രീയവും പടച്ചുണ്ടാക്കുന്ന സാമൂഹിക സമത്വവുമൊക്കെ വിപരീത ഫലങ്ങള്‍ ഉല്‍പാദിപ്പിക്കും. ഒരേ ആത്മാവില്‍നിന്നുള്ള സ്വാഭാവിക ബഹിര്‍സ്‌ഫുരണങ്ങളായി അവയെ കാണാത്ത കാലത്തോളം ജനകീയ രാഷ്‌ട്രീയമെന്ന വഞ്ചി തിരുനക്കര തന്നെയായിരിക്കും.
സി.പി മുഹമ്മദ്‌ ഷഫീഖ്‌ താനൂര്‍


ആസ്‌തിക്യവും നിരീശ്വരവാദവും
ഈശ്വര വിശ്വാസത്തിന്റെ ശാസ്‌ത്രാടിസ്ഥാനം' എന്ന ലേഖനം (പ്രബോധനം ജനുവരി 15) വായിച്ചു. ഊര്‍ജത്തിനോ ദ്രവ്യത്തിനോ സ്വയം ഭൂവാകാനുള്ള കഴിവ്‌ ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചത്തിന്റെ കോടാനുകോടി ചരിത്രത്തില്‍ ഒരു തവണയെങ്കിലും ആ സ്വഭാവം അത്‌ പ്രകടിപ്പിക്കുമായിരുന്നു. ആ ഗുണവിശേഷം ഇല്ലാത്തതിനാല്‍ പ്രപഞ്ചത്തിലുള്ള ഊര്‍ജത്തിന്റെ അളവ്‌ സ്ഥിരമാകുന്നു. പ്രപഞ്ചത്തിന്‌ സ്വയം ഭൂവാകാനുള്ള കഴിവില്ല എന്ന്‌ തെര്‍മോഡൈനാമിക്‌സിന്റെ ഒന്നാം നിയമം തന്നെ സമര്‍ഥിക്കുന്നു. നിരീശ്വരവാദത്തെ സ്വതന്ത്രമായി പരിശോധിക്കുമ്പോള്‍ അത്‌ തെളിയിക്കാനും ഖണ്ഡിക്കാനും സാധ്യമല്ല. നിരീശ്വരവാദത്തില്‍ ഖണ്ഡിക്കാനുതകുന്ന തെളിവുകള്‍ ഇല്ല. നിരീശ്വരവാദം ശാസ്‌ത്രീയമായി അടിത്തറയില്ലാത്തതും ഈശ്വരവിശ്വാസം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്‌. ഈശ്വരവാദത്തെ ബലപ്പെടുത്തുന്ന മഹാ വിസ്‌ഫോടന സിദ്ധാന്തം നിലനില്‍ക്കുന്നതും ഈശ്വരാസ്‌തിത്വത്തെ വെല്ലുവിളിക്കുന്ന സുസ്ഥിര പ്രാപഞ്ചിക സിദ്ധാന്തം ശാസ്‌ത്ര രംഗത്തുനിന്ന്‌ പുറംതള്ളപ്പെട്ടതും പരിണാമ സിദ്ധാന്തം തെളിവുകളില്ലാതെ അടിത്തറയിളകി നില്‍ക്കുന്നതും സത്യം അസത്യത്തെ അതിജീവിക്കും എന്നതിന്റെ സാക്ഷാത്‌കാരം ആയിട്ടേ ബുദ്ധിയുള്ളവര്‍ക്ക്‌ കാണാന്‍ കഴിയൂ.
ഒരു ശാസ്‌ത്ര സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ ശരിയാണെന്നു തെളിയിക്കപ്പെട്ടാല്‍ ആ സിദ്ധാന്തം ശാസ്‌ത്ര സത്യമായി സ്വീകരിക്കപ്പെടുന്നതുപോലെ ഖുര്‍ആനിക വെളിപ്പെടുത്തലുകള്‍ ശാസ്‌ത്ര കണ്ടെത്തലുകളുമായി വിലയിരുത്തി ശരിയാണെന്ന്‌ സമര്‍ഥിക്കപ്പെട്ടാല്‍ ഖുര്‍ആന്‍ ശാസ്‌ത്ര സത്യമാണെന്നും തദ്വാര അത്‌ നമുക്ക്‌ നല്‍കിയ ദൈവം യാഥാര്‍ഥ്യമാണെന്നും തെളിയുന്നതാണ്‌. അല്ലാഹു സംബോധന ചെയ്യുന്നു, ഇനിയും വിശ്വസിക്കുന്നില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി ഖുര്‍ആന്‍ സത്യമാണെന്ന്‌ അവരെ ബോധ്യപ്പെടുത്തും എന്ന്‌. നിന്റെ രക്ഷിതാവ്‌ എന്തുകാര്യത്തിനും സാക്ഷിയാണ്‌ എന്നതുതന്നെ മതിയായതല്ലേ ഖുര്‍ആനിക സന്ദേശങ്ങള്‍ സത്യമാണ്‌ എന്നതിന്‌. ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ശാസ്‌ത്രത്തിലൂടെ തെളിയിച്ചുകൊടുക്കുകയാണ്‌ അല്ലാഹു. അത്‌ അല്ലാഹുവിന്റെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ നാം കാണേണ്ടത്‌.
പി.വി മുഹമ്മദ്‌ ഈസ്റ്റ്‌ മലയമ്മ


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly