തുനീഷ്യ: ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍
തുനീഷ്യയിലെ 23 വര്‍ഷത്തെ ഏകാധിപത്യത്തെ പിഴുതെറിഞ്ഞ ജനകീയ വിപ്ലവത്തെ വിഖ്യാത കോളമിസ്റ്റുകള്‍ വിലയിരുത്തുന്നു
മാഫിയ തന്നെ ഇപ്പോഴും
ഫഹ്‌മീ ഹുവൈദി
തുനീഷ്യന്‍ സംഭവങ്ങളുടെ വായനയില്‍ അമിതസന്തോഷം മൂലം അബദ്ധം പിണയരുതെന്ന് അപേക്ഷ. വീണത് മാഫിയത്തലവന്‍ മാത്രമാണ്. മാഫിയ ഇപ്പോഴും രാജ്യത്തെ അടക്കിഭരിക്കുകയാണ്. ഏകാധിപത്യം വര്‍ത്തമാനത്തെ മാത്രമല്ല, ഭാവിയെക്കൂടി നശിപ്പിക്കുമെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ഞാനെഴുതിയിരുന്നു. ഏകാധിപത്യത്തിന് പ്രായം കൂടുന്നതിനനുസരിച്ച് രാജ്യത്തെ സര്‍വ സ്ഥാപനങ്ങളും അധികാര കേന്ദ്രങ്ങളും ഏകാധിപതിയുടെ ഉപകരണങ്ങളായി മാറുന്നു. ഭരണരംഗത്ത് തങ്ങള്‍ക്ക് പകരംവെക്കാനാരുമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി വിപരീത സ്വരമുയര്‍ത്തുന്നവരെ ഓരോരുത്തരെയായി വെട്ടിനിരത്തുന്നു.
വിഖ്യാത ചിന്തകന്‍ അബ്‌ദുര്‍റഹ്‌മാന്‍ അല്‍ കവാകിബി നൂറ് വര്‍ഷം മുമ്പേ അത് പറഞ്ഞുവെച്ചിട്ടുണ്ട്. `ഏകാധിപത്യത്തിന്റെ സവിശേഷതകള്‍' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതി: ``ഏകാധിപത്യ ഭരണകൂടം അതിന്റെ സകല ശാഖകളിലും ഉള്‍പിരിവുകളിലും ഏകാധിപത്യ പ്രവണതയുള്ളതായിരിക്കും. സര്‍വാധിപതി അതിന്റെ തലപ്പത്ത് അടക്കിവാഴും. അയാളുടെ സഹായികള്‍ക്കും പിണിയാളുകള്‍ക്കും അന്തസ്സും അഭിമാനവും പ്രശ്‌നമാവില്ല. അവരുടെ പരമലക്ഷ്യം യജമാനനോടുള്ള കൂറ് തെളിയിക്കലായിരിക്കും. ഏകാധിപതി സഹായികളെ തെരഞ്ഞെടുക്കുന്നതു പോലും കഴിവുകള്‍ നോക്കിയാവില്ല, കഴിവുകേടുകള്‍ നോക്കിയായിരിക്കും. അഥവാ ഏറ്റവും വലിയ ക്രിമിനലും അധമസ്വഭാവിയുമായിരിക്കും അയാളുടെ വലംകൈ. അവിടന്ന് താഴോട്ട് മതബോധമില്ലാത്തവരെയും കരുണയില്ലാത്തവരെയും മര്‍മസ്ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കും.''
തുനീഷ്യയില്‍ നടന്നുവന്നതും മറ്റൊന്നായിരുന്നില്ല. `അദ്ദസ്‌തൂര്‍ അല്‍ ഹുര്‍റ്' എന്ന ഭരണകക്ഷി അര നൂറ്റാണ്ടിലേറെക്കാലം ഭരണം കുത്തകയാക്കി. `ധീര മുജാഹിദ്' ആയി വാഴ്‌ത്തപ്പെട്ട ഹബീബ് ബൂറഖീബയുടെ കാല്‍നൂറ്റാണ്ട്! 1987 മുതല്‍ അവസാനം ഒളിച്ചോടുന്നതു വരെയുള്ള 23 കൊല്ലം ബിന്‍ അലി! മുന്‍ പ്രസിഡന്റ് ബൂറഖീബയുടെ കാലത്ത് ബിന്‍ അലി ആഭ്യന്തരമന്ത്രിയായിരുന്നു. അധികാരമേറ്റതിന്റെ ഒന്നാം തീയതി മുതലേ ഇരുവരും തുനീഷ്യയെ ഒരു വലിയ തുറന്ന തടവറയാക്കി.
ഇപ്പോള്‍ ഏകാധിപത്യത്തിന്റെ തലതൊട്ടപ്പനെ വീഴ്‌ത്തിയത് നല്ല കാര്യം തന്നെ. പക്ഷേ അതുകൊണ്ടായില്ല. കാരണം, തലതൊട്ടപ്പന്‍ ഒളിച്ചോടിയെങ്കിലും അയാള്‍ സ്ഥാപിച്ച ഏകാധിപത്യ സംവിധാനം ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണകൂട പുനഃസംഘടനയില്‍ പഴയ ആഭ്യന്തരമന്ത്രിയും പ്രസിഡന്റിന്റെ സുരക്ഷാ മേധാവിയും ഇല്ലെന്നത് ശരി. പക്ഷേ, ഭരണകക്ഷിയും അധികാര കേന്ദ്രങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിച്ചിട്ടില്ല. അധികാര കേന്ദ്രങ്ങളിലും മര്‍മസ്ഥാനങ്ങളിലും തുടരുന്നത് പഴയ ഏകാധിപതിയുടെ സഹായികള്‍ തന്നെയാണ്. മാഫിയവാഴ്‌ച നിലനില്‍ക്കുകയാണെന്നും വിപ്ലവ നേട്ടങ്ങള്‍ അപകടത്തിലാണെന്നും സാരം.
(അശ്ശര്‍ഖ്, ഖത്തര്‍ 19.1.2011)
വിപ്ലവമോഷ്‌ടാക്കളെ കരുതിയിരിക്കുക
ഡോ. യൂസുഫുല്‍ ഖറദാവി
തനീഷ്യന്‍ ജനതയെ അഭിനന്ദിക്കുന്നു. ക്ഷമിച്ചും ഇഛാശക്തി പ്രകടിപ്പിച്ചും അതിക്രമകാരിയെ വീഴ്‌ത്തുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. ഈ സന്ദിഗ്‌ധ ഘട്ടത്തില്‍ ജനങ്ങള്‍ ഐക്യത്തോടെ നിലയുറപ്പിച്ചെങ്കിലേ ഹരിതാഭ തുനീഷ്യ അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചു ലഭിക്കൂ. തിരിച്ചു കിട്ടുന്നത് വാടിയ തുനീഷ്യയോ ഉണങ്ങിയ തുനീഷ്യയോ ആവരുത്. ഖൈറുവാന്‍ നഗരം പണിത ഇതിഹാസ നായകന്‍ ഉഖ്‌ബതുബ്‌നു നാഫിഇന്റെ കാലടികള്‍ പതിഞ്ഞ മണ്ണാണ് തുനീഷ്യ. ചരിത്ര പ്രസിദ്ധ പള്ളിയും പള്ളിക്കൂടവുമായ സൈതൂന സര്‍വകലാശാലയുടെ സ്വന്തം നാടും.
വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ വിനഷ്‌ടമാവാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂഗരാവണം. നിരപരാധികളായ സ്വാതന്ത്ര്യപ്പോരാളികള്‍ രക്തം നല്‍കി നേടിയതാണവ. അതിനാല്‍ വിപ്ലവം വഴിതെറ്റിക്കപ്പെടരുത്. വിപ്ലവം മോഷ്‌ടിക്കുന്നതില്‍ പ്രാവീണ്യമുള്ളവര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
വിപരീത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട എല്ലാ തടവുകാരെയും വിട്ടയക്കാന്‍ താല്‍ക്കാലിക ഭരണാധികാരി തയാറാവണം. എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കട്ടെ. ഏകാധിപതി വീണിട്ടും അയാളുടെ പാര്‍ശ്വവര്‍ത്തികള്‍ അധികാരത്തില്‍ തുടരുന്നതെങ്ങനെ?
രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചിലതിനെ രംഗത്ത് നിന്ന് മാറ്റിനിര്‍ത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. എല്ലാവരും പുതിയ തുനീഷ്യയുടെ നിര്‍മിതിയില്‍ പങ്കാളികളാവട്ടെ. നിരപരാധികളുടെ രക്തം പുരണ്ട കൈകള്‍ മാത്രമേ മാറ്റിനിര്‍ത്തപ്പെടേണ്ടതുള്ളൂ. അത്തരക്കാര്‍ വിചാരണ ചെയ്യപ്പെടണം- സിവില്‍ കോടതിയില്‍, സൈനിക കോടതിയിലല്ല.
മുഹമ്മദ് ബൂഅസീസി എന്ന യുവാവ് സ്വയം തീകൊളുത്തി മരിച്ചതാണല്ലോ പ്രശ്‌നങ്ങളുടെ തുടക്കം. ചോദിച്ചേക്കാം: ഈ യുവാവും അദ്ദേഹത്തെ പോലുള്ള യുവാക്കളും ചെയ്യുന്നത് ശരിയായ ഏകാധിപത്യവിരുദ്ധ സമരരീതിയാണോ? അത് ഒരു തരത്തിലുള്ള ആത്മഹത്യയല്ലേ? എന്റെ അഭിപ്രായത്തില്‍, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിണഗിക്കുമ്പോള്‍ ഈ യുവാവിനും അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും ന്യായീകരണമുണ്ടെന്ന് കാണാം. കാരണം ഉത്തരവാദപ്പെട്ടവര്‍ ഈ യുവാവിനെ മാനസികമായി തകര്‍ത്തു. തീ കൊളുത്താനുള്ള തന്റെ തീരുമാനം പോലും സ്വതന്ത്ര ഇഛയോടെയായിരുന്നുവെന്ന് പറയാനാവില്ല. അയാളുടെ അന്തഃരംഗം തിളക്കുകയായിരുന്നു. ബിരുദധാരിയായ യുവാവായിരുന്നിട്ടും തൊഴില്‍ രഹിതനായിരുന്നു. അദ്ദേഹത്തിന് ഉപജീവന മാര്‍ഗം വേണ്ടിയിരുന്നു. അത് കിട്ടിയില്ല. ``കഴിക്കാന്‍ ഭക്ഷണം കിട്ടാത്തവന്‍ ആളുകള്‍ക്കെതിരെ വാളുയര്‍ത്തി ഇറങ്ങിപ്പുറപ്പെടാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു!'' എന്ന് മഹാനായ പ്രവാചക ശിഷ്യന്‍ അബൂദര്‍റ്(റ) പറയുകയുണ്ടായി. അതിനാല്‍ ഈ യുവാവിനെ ആത്മനിയന്ത്രണം നഷ്‌ടപ്പെട്ട വ്യക്തിയായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ വീഴ്‌ച പൊറുത്തുകൊടുക്കണമേയെന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. അങ്ങനെ പ്രാര്‍ഥിക്കാന്‍ തുനീഷ്യന്‍ ജനതയോടും മറ്റെല്ലാവരോടും അഭ്യര്‍ഥിക്കുന്നു. കാരണം, അയാള്‍ തുനീഷ്യന്‍ ജനതയെ ഏകാധിപത്യത്തില്‍നിന്ന് രക്ഷിച്ചിരിക്കുന്നു. ഒരു മനുഷ്യന്‍ കൈവിരലുകള്‍ മുറിച്ച് രക്തം വാര്‍ന്ന് മരിച്ചിട്ടും അല്ലാഹു അയാളുടെ പാപം പൊറുത്തുകൊടുത്തതായ ഒരു പ്രവാചകവചനം ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. കാരണം അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയായിരുന്നു.
(16.1.2011-ന് അല്‍ ജസീറ ചാനല്‍ സംപ്രേക്ഷണം ചെയ്‌ത `ശരീഅത്തും ജീവിതവും' എന്ന പരിപാടിയില്‍നിന്ന്)
ഉത്തരാഫ്രിക്ക വിറക്കുന്നു
സെയ്‌മര്‍ ഹര്‍ഷ്
(അമേരിക്കന്‍ കോളമിസ്റ്റ്)
തുനീഷ്യയിലെ സംഭവങ്ങള്‍ ഉത്തരാഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും ഭീതി പരത്തും. തുനീഷ്യ അഭിമുഖീകരിക്കുന്നതുപോലുള്ള സാമ്പത്തിക ഞെരുക്കം മൊറോക്കോ, അള്‍ജീരിയ, ഈജിപ്‌ത് പോലുള്ള രാജ്യങ്ങളിലുമുണ്ട്. മേഖല താമസിയാതെ ഒട്ടേറെ അസ്വസ്ഥതകള്‍ക്കു വേദിയാകും.
``ദൈവമേ, അദ്ദേഹം ഭീകരതക്കെതിരായ യുദ്ധത്തില്‍ നമ്മുടെ കൂട്ടാളിയായിരുന്നല്ലോ! നമുക്ക് വേണ്ടി അല്‍ഖാഇദയെ വേട്ടയാടിയത് അദ്ദേഹമായിരുന്നല്ലോ!'' ബിന്‍ അലിയുടെ പതന വാര്‍ത്ത കേട്ടയുടനെ രഹസ്യാന്വേഷണ ലോകത്ത് പ്രവര്‍ത്തിക്കുന്ന എന്റെ ഒരു അമേരിക്കന്‍ സുഹൃത്ത് എന്നോട് പറഞ്ഞതിങ്ങനെയാണ്. ``ഒരു ഭീകരനില്‍നിന്ന് മുക്തി നേടാനുള്ള ശ്രമം എത്രയേറെ ഭീകരര്‍ക്ക് ജന്മമേകി'' എന്നെനിക്കു തിരിച്ചു ചോദിക്കാന്‍ തോന്നിയെങ്കിലും സുഹൃത്തിനോടുള്ള ആദരവുമൂലം നാവ് ഉള്‍വലിഞ്ഞു.
ഉത്തരാഫ്രിക്കയില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. തുനീഷ്യയിലെ സംഭവവികാസങ്ങള്‍ മൊത്തം കളിനിയമങ്ങളെ മാറ്റിമറിക്കും. കാര്യങ്ങള്‍ വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, മേഖല ഭീതിയിലാണ്. ഖദ്ദാഫിക്കത് പേടിസ്വപ്‌നമായിരിക്കുന്നു.
(ദോഹയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍നിന്ന്)
അരാജകത്വത്തിനു വേദിയൊരുങ്ങുന്നു
അബ്‌ദുല്‍ ബാഖി സ്വിലായ്
(കോളമിസ്റ്റ്)
ബിന്‍ അലിയുടെ പതനം അദ്ദേഹത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന രാജശില്‍പികളുടെ പതനത്തിനിടയാക്കുമോ? അതോ ഇപ്പോള്‍ നടന്നുവരുന്നത് പ്രഫഷനല്‍ രീതിയില്‍ രചനയും സംവിധാനവും പൂര്‍ത്തിയാക്കിയ നാടകമോ? സ്ഥാനഭ്രഷ്‌ടനായ പ്രസിഡന്റിന്റെ മേല്‍നോട്ടത്തില്‍ അരങ്ങേറിയിരുന്ന അതേ രീതിയില്‍ രാഷ്‌ട്രീയ ഗോദയെ പുനരാവിഷ്‌കരിക്കാനാവശ്യമായ സമയം കിട്ടാന്‍ കരുതിക്കൂട്ടിയുണ്ടാക്കിയ നാടകം?!
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്‌ത രാഷ്‌ട്രീയ തിരക്കഥയുടെ ആമുഖം മാത്രമാണ്. അത് ബിന്‍ അലിയുടെ ഭരണം തിരിച്ചുകൊണ്ടുവരില്ലായിരിക്കാം. പക്ഷേ അതേ വീക്ഷണവും വര്‍ണവുമുള്ള വ്യവസ്ഥിതിയെ പുനഃസ്ഥാപിക്കും. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും തൃപ്‌തരാക്കുന്ന വിധത്തില്‍ കൂടുതല്‍ തന്ത്രപരമായിരിക്കുമതെന്ന് മാത്രം.
അള്‍ജീരിയന്‍ പരീക്ഷണം ഓര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളില്‍ രാഷ്‌ട്രീയ ജീവിതത്തെ സൈനികവത്‌കരിക്കുന്നതിന്റെയും അള്‍ജീരിയന്‍ ജനതയെ രക്തരൂഷിത പോരാട്ടത്തിന്റെ നെരിപ്പോടിലേക്ക് എടുത്തെറിയുന്നതിന്റെയും മുന്നോടിയായി പ്രസിഡന്റ് ശാദ്‌ലി ബിന്‍ ജദീദിനെ രാജിനാടകത്തിലൂടെ വീഴ്‌ത്തിയത് ആരും മറന്നിട്ടില്ലല്ലോ.
തുനീഷ്യയില്‍ പ്രധാനമന്ത്രി മുഹമ്മദുല്‍ ഗനൂശി ഇപ്പോള്‍ തട്ടിക്കൂട്ടിയ ഭരണകൂടം രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍- പരാജയപ്പെടുമെന്ന് നൂറുതരം- പിന്നീട് അരാജകത്വത്തിന്റെ അരങ്ങേറ്റമായിരിക്കും. അതോടെ ഭരണകൂടത്തിന് സൈനികവിന്യാസത്തിന് ന്യായീകരണമായി. സൈന്യം ആഗ്രഹിക്കുന്നതും അതുതന്നെ. കാരണം ബിന്‍ അലി വീണെങ്കിലും അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവര്‍ വീണിട്ടില്ല.
(അശ്ശര്‍ഖ്, ഖത്തര്‍ 19.1.2011)
പടിഞ്ഞാറിന്റെ കാപട്യം
അഹ്‌മദ് ദൈബാന്‍
(ജോര്‍ദാനിയന്‍ എഴുത്തുകാരന്‍)
അടങ്ങാത്ത അധികാരമോഹം അറബ് ഭരണാധികാരികളെ അന്ധരാക്കുന്നു. ഉരുക്കുമുഷ്‌ടി പ്രയോഗിച്ചും മീഡിയയെ അടക്കിഭരിച്ചും തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ `വമ്പിച്ച ഭൂരിപക്ഷം' നേടിയും അധികാരം അരക്കിട്ടുറപ്പിക്കുന്നു. ജനങ്ങളില്‍നിന്ന് പ്രതിഷേധ ശബ്‌ദങ്ങളുയരുമ്പോള്‍ അതിന്റെ പിന്നില്‍ ബാഹ്യശക്തികളാണെന്ന് പ്രചരിപ്പിക്കും. ബിന്‍ അലി ഏറ്റവും ഒടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത രണ്ടു തവണയും ആ ആരോപണമുന്നയിച്ചിരുന്നു. മൂന്നാം തവണ മാത്രമാണ് `ഇപ്പോള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു' എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. നീണ്ട 23 വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന് മനസ്സിലായത്രെ!
ഒരിക്കല്‍കൂടി തെളിഞ്ഞ മറ്റൊരു സംഗതി പടിഞ്ഞാറിന്റെ കാപട്യമാണ്. തുനീഷ്യയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനെതിരെ വാഷിംഗ്‌ടണനും പാരീസും ലണ്ടനുമുള്‍പ്പെടെയുള്ള `ജനാധിപത്യത്തിന്റെയും മനുഷ്യവകാശത്തിന്റെയും ഈറ്റില്ലങ്ങള്‍' ഒരക്ഷരമുരിയാടിയില്ല. പകരം `ഭീകരതക്കെതിരെയുള്ള യുദ്ധത്തിലും ഇസ്‌ലാമിക മതമൗലികവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിലും' പങ്കാളിയായതിന്റെയും രാജ്യത്ത് `സാമ്പത്തിക വിസ്‌മയം' സൃഷ്‌ടിച്ചതിന്റെയും പേരില്‍ ബിന്‍ അലിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയായിരുന്നു അവര്‍. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ് ഏകാധിപതികള്‍ക്കെതിരെ ജനങ്ങള്‍ സംഘടിച്ചപ്പോള്‍ പടിഞ്ഞാറ് പിന്തുണയുമായി രംഗത്തുണ്ടായിരുന്നത് ആരും മറന്നിട്ടില്ല. 1989 ജൂണില്‍ ചൈനയിലെ ടിയാനന്‍മെയര്‍ സ്‌ക്വയറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ കമ്യൂണിസ്റ്റ് ഭരണകൂടം ചതച്ചരച്ചപ്പോഴും പടിഞ്ഞാറ് സടകുടഞ്ഞെഴുന്നേറ്റിരുന്നു!
(അര്‍റായ 18.1.2011)
അറബ് ജനത ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം
അസ്‌മി അന്റോണ്‍ ബിഷാറ
(ഫലസ്‌ത്വീന്‍ ചിന്തകന്‍, മുന്‍ ഇസ്രയേല്‍ പാര്‍ലമെന്റംഗം)
ഒരര്‍ഥത്തില്‍ തുനീഷ്യന്‍ വ്യവസ്ഥിതി തന്നെയാണ് വിപ്ലവത്തിന് ജന്മമേകിയത്. രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം സാമൂഹികാവബോധം സൃഷ്‌ടിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.വിപ്ലവം വംശീയ-വിഭാഗീയ സംഘട്ടനങ്ങളിലേക്ക് വഴുതാതിരിക്കാന്‍ കാരണമതാണ്. ട്രേഡ് യൂനിയന്‍ മേഖലയില്‍ തുനീഷ്യക്കാര്‍ക്കുണ്ടായിരുന്ന അനുഭവപാഠങ്ങളും ചേര്‍ത്ത് വായിക്കേണ്ടതാണ്.
വിപ്ലവം ജനങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിലേക്കും വംശീയ സംഘട്ടനത്തിലേക്കും വഴുതാതിരുന്നാല്‍ തുനീഷ്യയിലെ നിരോധിക്കപ്പെട്ടതും അല്ലാത്തതുമായ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അടുത്ത ഘട്ടത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാവും.
വിപ്ലവം തുറന്നുവിട്ട തരംഗങ്ങള്‍ അറബ് ഭരണകൂടങ്ങളെ ഭീതിയിലാഴ്‌ത്തിരിക്കുന്നു. അതുകൊണ്ട് തന്നെ വിപ്ലവത്തിന്റെ സദ്‌ഫലങ്ങളെ നശിപ്പിക്കാന്‍ ഇപ്പറഞ്ഞ ഭരണകൂടങ്ങള്‍ ശ്രമിക്കാതിരിക്കില്ല. അതിനാല്‍ അറബ് ജനത മൊത്തത്തില്‍ തന്നെ വിപ്ലവത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്.
അറബ് ലോകത്തും മാറ്റം സാധ്യമാണെന്ന് തുനീഷ്യന്‍ വിപ്ലവം ബോധ്യപ്പെടുത്തുന്നു. തുനീഷ്യന്‍ ജനതക്ക് സ്വതസിദ്ധമായ പ്രതിഭയും വ്യതിരിക്തതയുമുണ്ടെന്ന് സമ്മതിക്കാമെങ്കിലും അതുപോലുള്ള സവിശേഷതകള്‍ ഇതര അറബ് ജനവിഭാഗങ്ങള്‍ക്കുമുണ്ട്. അറബ് ലോകത്തെ സമകാല സാഹചര്യത്തില്‍ വിപ്ലവങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു.
(ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ 20.1.2011-ന് തുനീഷ്യന്‍ വിപ്ലവത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ചെയ്‌ത പ്രസംഗത്തില്‍നിന്ന്)
2011 അറബ് പ്രതിഷേധ വര്‍ഷം
ഡോ. മുഹമ്മദുല്‍ മുസ്‌ഫിര്‍
(രാഷ്‌ട്രീയ നിരീക്ഷകന്‍, കോളമിസ്റ്റ്)
എന്റെ അറിവില്‍ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് പഴം-പച്ചക്കറികള്‍ വിറ്റ് നടക്കുന്ന ഒരു `ഉന്തുവണ്ടിക്കാരന്‍' ലോകത്തെ കൊടും ഏകാധിപതികളിലൊരാളെ വീഴ്‌ത്തുന്നത്. തന്നെ അധികാരിവര്‍ഗം മാന്യമായി ജീവിക്കാനനുവദിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ ബൂ അസീസി എന്നു പേരായ ആ യുവാവ് ജനം നോക്കിനില്‍ക്കെ സ്വശരീരത്തില്‍ തീകൊളുത്തി ആത്മാഹുതി ചെയ്‌തു. അതോടെ തുനീഷ്യന്‍ ജനതയുടെ മനസ്സ് ഇളകി. പ്രതിഷേധസ്വരമുയര്‍ത്തി അവര്‍ തെരുവിലിറങ്ങിയതോടെ അതിക്രമകാരിയായ ബിന്‍ അലിക്ക് നാടുവിട്ടോടേണ്ടിവന്നു!
ബൂ അസീസി പ്രതിഭാസം തുനീഷ്യയില്‍നിന്ന് മൗറിത്താനിയ, അള്‍ജീരിയ വഴി ഈജിപ്‌തിലേക്കും യമനിലേക്കുമൊക്കെ വന്നെത്തിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലവസരവും രാഷ്‌ട്രീയ പരിഷ്‌കരണവും ആവശ്യപ്പെട്ടുള്ള ജനകീയ മാര്‍ച്ചുകള്‍ അള്‍ജീരിയയില്‍ ആരംഭിച്ചുകഴിഞ്ഞു. ഖേദകരമെന്നു പറയട്ടെ, ഭരണകൂടം ഉരുക്കുമുഷ്‌ടിയുപയോഗിച്ചാണ് ജനകീയ പ്രതിഷേധത്തെ നേരിടുന്നത്.
നീതി, സമത്വം, തൊഴിലവസരങ്ങള്‍, രാഷ്‌ട്രീയ പങ്കാളിത്തം തുടങ്ങിയവ ആവശ്യപ്പെട്ടും ജനങ്ങളുടെ ചെലവില്‍ ഭരണാധികാരികള്‍ പൊതുസ്വത്ത് അപഹരിക്കുന്നതില്‍ പ്രതിഷേധിച്ചും യമനില്‍ ജനകീയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതും അതിന്റെ ഭാഗം തന്നെ. വടക്കെയറ്റം മുതല്‍ തെക്കെയറ്റം വരെ ഇത്തരം പ്രതിഷേധ ജാഥകള്‍ കാണാം.
(അശ്ശര്‍ഖ്, ഖത്തര്‍ 25.1.2011)
സമ്പാദകന്‍: ഹുസൈന്‍ കടന്നമണ്ണ
[email protected]