സ്വിസ് ബാങ്ക് അക്കൗണ്ടുകളും ഭീകരതയും
ഇഹ്‌സാന്‍
സ്വിസ് ബാങ്കുകളിലെ കള്ളപ്പണം വെളിപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് ബി.ജെ.പിയുടെ കാഴ്‌ചപ്പാടില്‍ നിലവില്‍ രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധി. പ്രധാനമന്ത്രി രാജിവെക്കണമെന്ന് നിധിന്‍ ഖഡ്‌കരി ആവശ്യപ്പെട്ടു കഴിഞ്ഞു! ഇന്ത്യയിലെ രാഷ്‌ട്രീയക്കാരില്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുറന്ന ആരും ബി.ജെ.പിക്കാരുടെ കൂട്ടത്തിലില്ലെന്ന് പക്ഷെ ഈ ഗ്വാഗ്വാ വിളികള്‍ക്ക് അര്‍ഥമില്ല. കള്ളപ്പണം ഒളിപ്പിക്കാന്‍ രാജ്യത്തു തന്നെ പലതരം സംവിധാനങ്ങള്‍ കണ്ടെത്തുന്ന തല്ലിപ്പൊളിയന്മാരും അവരുടെ കൂട്ടത്തിലുണ്ടാവില്ല! അത്തരക്കാരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ കൈയില്‍ നിന്ന് പാര്‍ട്ടി തന്നെ നേരിട്ട് സത്യവാങ്‌മൂലം എഴുതി വാങ്ങുമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പ്രസ്‌താവന ഇറക്കിയിട്ടുമുണ്ടല്ലോ. കേവലം 1.83 ഏക്കര്‍ ഭൂമി മാത്രമുള്ള യെദിയൂരപ്പ മുതല്‍ക്കുള്ള മുഴുവന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരും സ്വത്ത് വെളിപ്പെടുത്തുന്ന തിരക്കിലാണ്. സ്വിസ് ബാങ്ക് കേസിലുള്‍പ്പെട്ട ആരെങ്കിലും ബി.ജെ.പിക്കകത്ത് നാണം കെട്ടാലും ശരി അതിനേക്കാളേറെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ചിലരെ തങ്ങള്‍ക്ക് കുടുക്കാനാവുമെന്നുമാണ് പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ആക്കം കണ്ടാല്‍ തോന്നുക. എല്‍.കെ അദ്വാനി ഈ വിഷയമുന്നയിക്കുന്ന ഓരോ അവസരവും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അതിലൊരു വിലപേശലിന്റെ ലാഞ്‌ഛനയുണ്ട്. കോണ്‍ഗ്രസിനെ ഭയപ്പെടുത്താനുള്ള എന്തോ രഹസ്യം സ്വിസ് ബാങ്ക് വിഷയത്തിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഗൂഢമന്ദസ്‌മിതത്തിന്റെ സൂചന. ബി.ജെ.പി പ്രതിസന്ധിയിലാവുന്ന എല്ലാ അവസരങ്ങളിലും ഈ വിഷയം ചര്‍ച്ചക്കു വന്നിട്ടുണ്ട്. സ്വിസ് ബാങ്കില്‍ 36,000 കോടി നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന കോണ്‍ഗ്രസ് സഹചാരിയായ പൂനെയിലെ കുതിരപ്പന്തയക്കാരന്‍ ഹസന്‍ അലിഖാന്റെ അന്താരാഷ്‌ട്ര ആയുധറാക്കറ്റ് ബന്ധങ്ങളും ഒക്‌താവിയോ ക്വത്‌റോച്ചിയുടെ ബോഫോഴ്‌സ് കേസിലെ കോഴപ്പണവുമാണോ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന അതിഭയങ്കരമായ ആ രഹസ്യം?
പക്ഷേ എന്തുചെയ്യാം, ബി.ജെ.പി അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ പല ആവശ്യങ്ങളും പൊതുജനം നിസ്സംഗതയോടെയാണ് കണ്ടിരിക്കുന്നത്. ഈ ഹസന്‍ അലിഖാന് 2002ല്‍ തന്നെ രണ്ട് മില്യണിലധികം ഡോളര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്നുവത്രെ. തങ്ങളുടെ ഭരണകാലഘട്ടത്തിന്റെ ഒടുവില്‍ നടന്ന നാഷണല്‍ എക്‌സിക്യൂട്ടീവില്‍ മാത്രമാണ് പക്ഷേ ബി.ജെ.പി സ്വിസ് അക്കൗണ്ടുകളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. അതുവരെ അക്കാര്യത്തില്‍ കോണ്‍ഗ്രസുമായി എന്തോ കച്ചവടം നടത്തി വരികയായിരുന്നു പാര്‍ട്ടി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് ആക്രമണം മുല്‍ക്കുള്ള വിഷയങ്ങളില്‍ ബി.ജെ.പിയുടെ നേര്‍ക്കുയര്‍ന്ന സംശയങ്ങളും അവയോട് കോണ്‍ഗ്രസ് കാണിച്ച നിസ്സംഗതയുമാവണം ഈ `ബാര്‍ട്ടര്‍' സമ്പ്രദായം. ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നെറികെട്ട അധ്യായങ്ങളിലൊന്നില്‍ ബി.ജെ.പിക്ക് എവിടെയോ പങ്കുണ്ടായിരിക്കാമെന്ന് ഇന്ന് ഏത് സാധാരണക്കാരനും സംശയിക്കുന്നുണ്ട്. പക്ഷേ എല്ലാ രാഷ്‌ട്രീയക്കാരും ഒത്തുചേര്‍ന്ന് ബി.ജെ.പിയെ അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ചാമ്പ്യനായി വാഴിച്ചെടുക്കാനുള്ള തിരക്കിലാണ്.
ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന് മാഞ്ഞു വരികയാണ്. മറുഭാഗത്ത് ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസിനെതിരെ പുതിയ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ വിജയിക്കുന്നുമുണ്ട്. ജി. സ്‌പെക്‌ട്രം അഴിമതിയെ കുറിച്ച് ഏതാണ്ട് ഭാവനാവിലാസത്തോളമെത്തിയ കണക്കുകളാണ് പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് ആരോപിച്ചത്. ഈ കുംഭകോണം പുറത്തു കൊണ്ടുവന്ന ജെ. ഗോപീകൃഷ്‌ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ വിലയിരുത്തലനുസരിച്ച് ഏറിയാല്‍ 30,000 കോടി രൂപയാണ് ഈ കേസില്‍ ഖജനാവിന് നഷ്‌ടമായത്‌്. അതേസമയം 1,76,000 കോടിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 30,000 കോടി ചെറിയ തുകയാണെന്നല്ല പറഞ്ഞു വരുന്നത്. നൂറു രൂപയുടെ കെട്ടുകളാക്കി അത് കുത്തനെ വെച്ചാല്‍ 20 കിലോമീറ്റര്‍ നീളമെങ്കിലും അതിനുണ്ടാവും. മറുഭാഗത്ത്, പോയ രണ്ട് സെഷനുകളിലായി പാര്‍ലമെന്റ് സ്‌തംഭിപ്പിച്ച വകയില്‍ പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തിന് നഷ്‌ടമാക്കിയ തുകയും കുറച്ചൊന്നുമല്ല. 220 കോടി രൂപയാണ് ഈ വകയില്‍ പൊതുഖജനാവില്‍ നിന്നു പൊടിഞ്ഞത്! കൂട്ടുകക്ഷി ഭരണം വരുന്നതിന് മുമ്പുള്ള കാലത്ത് പാര്‍ലമെന്റില്‍ ശരാശരി 42 ശതമാനം സമയം നിയമനിര്‍മാണം നടന്നിരുന്നുവെങ്കില്‍ ഇന്ന് വെറും 13 ശതമാനമായി കുറഞ്ഞിരിക്കുന്നു. ബി.ജെ.പിക്കു വേണ്ടിയാണ് പൗരന്മാരും പൊതുഖജനാവും ഈ നഷ്‌ടം സഹിക്കേണ്ടി വരുന്നത്. പാര്‍ലമെന്റ് സ്‌തംഭിപ്പിക്കാന്‍ അവര്‍ പറയുന്ന ന്യായങ്ങള്‍ എങ്ങനെ വിലയിരുത്തുമ്പോഴും യുക്‌തിസഹമാകുന്നില്ല. പാര്‍ലമെന്റ് എങ്ങനെയെങ്കിലും നടത്താതിരിക്കുക എന്നു മാത്രമാണ് അവര്‍ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.
ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിച്ചതു കൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേക്കാള്‍ കടുത്ത ഒന്നും തന്നെ ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് വസ്‌തുത. എത്രയെത്ര ജെ.പി.സികള്‍ എത്രയോ പ്രമാദമായ വിഷയങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കിയ രാജ്യമാണിത്. നിര്‍ണായകമായ പല വിഷയങ്ങളിലും അന്വേഷണം നടത്താതിരുന്ന ചരിത്രവുമുണ്ട്. രാജയുടെ കാര്യത്തില്‍ കാണിക്കുന്ന രാഷ്‌ട്രബോധം പെട്രോള്‍ പമ്പ് കുംഭകോണത്തിലോ ഭൂമിയിടപാട് കുംഭകോണത്തിലോ ജുദേവ് അഴിമതി കേസിലോ, എന്തിനേറെ യെദിയൂരപ്പയുടെ കാര്യത്തില്‍ പോലുമോ ബി.ജെ.പിക്കുണ്ടായിട്ടില്ല. അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ആര്‍.എസ്.എസിനും അവരുടെ രാഷ്‌ട്രീയ രൂപമായ ബി.ജെ.പിക്കും `ഭീകര വിരുദ്ധ' യുദ്ധവുമായി ബന്ധപ്പെട്ട് കൃത്യമായ അന്താരാഷ്‌ട്ര അജണ്ടകളുണ്ടായിരുന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് പാര്‍ലമെന്റ് ആക്രമണത്തെ കുറിച്ച് ഇന്നും ബാക്കിയുള്ള സംശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയല്ലേ ചെയ്യുന്നത്? വിവിധ കേന്ദ്രസര്‍ക്കാറുകളുടെ കാലത്തെ അഴിമതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കി ഈ കോപ്രായങ്ങള്‍ അവസാനിപ്പിച്ച് യഥാര്‍ഥ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച തുടങ്ങാന്‍ സമയമായില്ലേ നമുക്ക്?