Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ഇത്‌ ഇസ്‌ലാമിസ്റ്റുകളുടെ വിജയം
ഡോ. അബ്‌ദുസ്സലാം വാണിയമ്പലം

ഈജിപ്‌ത്‌ സംഭവങ്ങളുടെ പശ്ചാതലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഫെബ്രുവരി 6-ന്‌ ഫോക്‌സ്‌ ന്യൂസ്‌ ടി.വിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: ``സ്വതന്ത്രവും അകൃത്രിമവുമായ തെരഞ്ഞെടുപ്പിലൂടെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പുതിയൊരു ഭരണകൂടം വരണമെന്നാണ്‌ ഈജിപ്‌ഷ്യന്‍ ജനത ആഗ്രഹിക്കുന്നത്‌... ഈജിപ്‌തില്‍ ഏറ്റവും സംഘടിതമായ പ്രതിപക്ഷ ഗ്രൂപ്പാണ്‌ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. എന്നാല്‍ അത്‌ പല സംഘടനകളില്‍ ഒന്നുമാത്രമാണ്‌. ഭൂരിപക്ഷത്തിന്റെ പിന്തുണയൊന്നും അതിനില്ല.'' ഇഖ്‌വാനില്‍ ചിലര്‍ അമേരിക്കയോട്‌ ശത്രുത പുലര്‍ത്തുന്നുണ്ടെന്നു പറഞ്ഞ ഒബാമ എന്നാല്‍, ഇഖ്‌വാന്‍ അമേരിക്കക്ക്‌ ഒരു ഭീഷണിയാണോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
`പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്‌ പുറത്തുപോവുക' എന്ന ആവശ്യവുമായി ജനുവരി 25-ന്‌ ഈജിപ്‌തില്‍ ആരംഭിച്ച വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ, ഇഖ്‌വാനെ പരാമര്‍ശിക്കാതെ അമേരിക്കന്‍ പ്രസിഡന്റിനുപോലും അപഗ്രഥിക്കാനാവില്ലെന്നതിന്റെ ഉദാഹരണമാണ്‌ ഒബാമയുടെ അഭിമുഖം. അറബ്‌ മാധ്യമങ്ങളില്‍ മാത്രമല്ല, ലോകമാധ്യമങ്ങളില്‍ തന്നെ പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ശക്തിയായി ഇഖ്‌വാന്‍ അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരധികാര കൈമാറ്റം സാധ്യമല്ലെന്നുപറയുന്നവരില്‍ അമേരിക്കന്‍ ബ്രിട്ടീഷ്‌ മാധ്യമങ്ങളുമുണ്ട്‌.
മുബാറക്ക്‌്‌ യുഗത്തിനു അന്ത്യം കുറിക്കുന്നതോടെ ഇഖ്‌വാന്‍ അധികാരത്തിലേറാന്‍ പോകുന്നുവെന്നു ഒരിക്കലും ഇതിനര്‍ഥമില്ല. അതു സംഭവിക്കാതിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. കാരണം ഇസ്രയേലിന്റെ അയല്‍ രാഷ്‌ട്രമാണ്‌ ഈജിപ്‌ത്‌. മുസ്‌ലിം ലോകത്തിലെ ഏറ്റവും മനുഷ്യവിഭവ ശേഷിയുള്ള രാഷ്‌ട്രങ്ങളിലൊന്നാണത്‌. 80 മില്യന്‍ മുസ്‌ലിംകളുടെ രാജ്യം. ഇറാഖിന്റെ പതനശേഷം മുസ്‌ലിം ലോകത്ത്‌ അതിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുമുണ്ട്‌. ഇത്തരമൊരു രാജ്യത്ത്‌ ഇഖ്‌വാന്‍ അധികാരത്തില്‍ വരുന്നുവെന്നതിന്റെ അര്‍ഥം തങ്ങളുടെ അന്ത്യം കുറിക്കപ്പെടുന്നുവെന്നാണ്‌ ഇസ്രയേല്‍ വിലയിരുത്തുന്നത്‌. അതുകൊണ്ട്‌ എന്തുവിലകൊടുത്തും അതു തടയപ്പെടും. ഇതു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ ഇഖ്‌വാന്റെ കരുനീക്കങ്ങള്‍. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കില്ലെന്ന്‌ ഇഖ്‌വാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയാല്‍ തന്നെ തങ്ങള്‍ വിജയിച്ചുവെന്നവര്‍ കണക്കു കൂട്ടുന്നു.

വിപ്ലവത്തിന്റെ ഇന്ധനം
ഈജിപ്‌തിലെയും തുനീഷ്യയിലെയും ജനകീയ പ്രക്ഷോഭങ്ങളുടെ ഇന്ധനം എന്താണ്‌ എന്ന ചോദ്യത്തിന്റെ നിഷ്‌പക്ഷമായ മറുപടി ഇസ്‌ലാം എന്നു തന്നെയാണ്‌. ഹുസ്‌നി മുബാറക്കും സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുമുള്‍പ്പടെ മുസ്‌ലിം ലോകത്തെ സ്വേഛാധിപതികള്‍ ഏറ്റവുമധികം പേടിച്ചത്‌ ഇസ്‌ലാമിനെയാണ്‌. ഇസ്‌ലാമിനെ യഥാവിധം പ്രതിനിധീകരിക്കുന്നവരെ അടിച്ചൊതുക്കേണ്ടത്‌ അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായത്‌ അതുകൊണ്ടായിരുന്നു. അതെന്നും അങ്ങനെത്തന്നെയായിരുന്നു. ഫ്രാന്‍സും ബ്രിട്ടനും ഇറ്റലിയും മുസ്‌ലിം ലോകത്ത്‌ അധിനിവേശം നടത്തിയപ്പോള്‍ ശക്തമായ ചെറുത്തുനില്‍പു നടത്താന്‍ അവിടങ്ങളിലെ പൗരന്മാര്‍ക്ക്‌ പ്രചോദനമായത്‌ ഇസ്‌ലാമായിരുന്നല്ലോ. മൊറോക്കോയില്‍ അബ്‌ദുല്‍ കരീം അല്‍ ഖത്വാബിയുടെയും അള്‍ജീരിയയില്‍ അബ്‌ദുല്‍ ഖാദിര്‍ അല്‍ ജസാഇരിയുടെയും ലിബിയയില്‍ ഉമര്‍ മുഖ്‌താറിന്റെയും ഫലസ്‌ത്വീനില്‍ ഇസ്സുദ്ദീന്‍ ഖസ്സാമിന്റെയുമൊക്കെ നേതൃത്വത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ ചരിത്ര പ്രസിദ്ധമാണ്‌.
മുസ്‌ലിം രാഷ്‌ട്രങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കാന്‍ നിര്‍ബന്ധിതരായപ്പോള്‍ അധിനിവേശ ശക്തികള്‍, തങ്ങളുടെ പാവകളെ അധികാരത്തിലിരുത്തി മേധാവിത്വം ഭാവിയിലും ഉറപ്പിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയാണ്‌ നാടുവിട്ടത്‌. ഖിലാഫത്ത്‌ തകര്‍ത്ത്‌ അധികാരത്തിലേറിയെ അത്താതുര്‍ക്ക്‌ കമാല്‍ പാഷയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌.
ഈ സഹാചര്യത്തില്‍, 1924-ലെ ഖിലാഫത്തിന്റെ പതനശേഷം അധിനിവേശത്തിനും സ്വേഛാധിപത്യത്തിനും എതിരെ രംഗത്തുവന്ന ആദ്യത്തെ സംഘടിത പ്രസ്ഥാനമായിരുന്നു ഇഖ്‌വാന്‍. ഖിലാഫത്ത്‌ തകര്‍ന്ന്‌ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അത്‌ രൂപവത്‌കരിക്കപ്പെട്ടു. സമഗ്ര ഇസ്‌ലാമിനെ പ്രതിനിധീകരിച്ചും പാശ്ചാത്യവല്‍ക്കരണത്തെയും കൊളോണിയലിസത്തെയും പ്രതിരോധിച്ചും ഇമാം ഹസനുല്‍ ബന്നാ അന്നാരംഭിച്ച പോരാട്ടത്തിന്റെ ചരിത്രത്തിലെ പല വഴിത്തിരിവുകളില്‍ ഒന്നുമാത്രമാണ്‌ ജനുവരി 25-നാരംഭിച്ച ഈജിപ്‌ഷ്യന്‍ പ്രക്ഷോഭം.
ഈജിപ്‌തില്‍ ആരംഭം കുറിച്ച ഇഖ്‌വാന്‍ അറബ്‌ നാടുകളിലേക്കൊക്കെയും വ്യാപിച്ചു. നേരത്തെ പറഞ്ഞ മഹാന്മാരുടെ പോരാട്ട പ്രസ്ഥാനങ്ങളെ ഒതുക്കി നില ഭദ്രമാക്കിയെന്നു കരുതിയ കൊളോണിയലിസവും മുസ്‌ലിം ലോകത്തെ അവരുടെ ചട്ടുകങ്ങളും, ചാരത്തില്‍ നിന്ന്‌ വീണ്ടും തീയുയരുന്നതിന്റെ അടയാളമായാണ്‌ ഇഖ്‌വാന്റെ രംഗപ്രവേശത്തെ കണ്ടത്‌. അങ്ങനെ ഇഖ്‌വാന്റെ സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നായെ കൊന്ന്‌ ഇസ്‌ലാമിക നവജാഗരണത്തിന്റെ പുതിയ തിരിയണക്കാന്‍ ബ്രിട്ടീഷ്‌ പാവയായിരുന്ന ഫാറൂഖ്‌ രാജാവ്‌ തീരുമാനിച്ചു. 1949-ല്‍ ഇമാം ഹസനുല്‍ ബന്നാ ദാരുണമായി കൊലചെയ്യപ്പെട്ടു. എന്നാല്‍ തിരിയണഞ്ഞില്ല, ആളിക്കത്തുകയാണ്‌ ചെയ്‌തത്‌.
ഇഖ്‌വാന്റെ പിന്തുണയോടെ പിന്നെ അധികാരത്തിലെത്തുന്നത്‌ ജമാല്‍ അബ്‌ദുന്നാസറായിരുന്നു. മറ്റൊരു ഗൂഢാലോചനയായിരുന്നു അത്‌. അയാളും ഇഖ്‌വാനെ ക്രൂരമായി വേട്ടയാടി. സയ്യിദ്‌ ഖുത്വബ്‌, അബ്‌ദുല്‍ ഖാദിര്‍ ഔദ തുടങ്ങിയവരെ തൂക്കിലേറ്റി. സംഘടനയെ നിരോധിച്ചു. പിന്നീട്‌ വന്ന അന്‍വന്‍ സാദത്ത്‌ തുടക്കത്തില്‍ അല്‍പം സ്വാതന്ത്ര്യം നല്‍കിയെങ്കിലും വൈകാതെ മട്ടുമാറി. ഇസ്രയേലുമായുണ്ടാക്കിയ കേമ്പ്‌ ഡേവിഡ്‌ കരാറിനെ ഇഖ്‌വാന്‍ എതിര്‍ത്തതാണു കാരണം. പിന്നീട്‌ വന്നത്‌ മുബാറക്കാണ്‌. 1981-ലായിരുന്നു അത്‌. നിരോധം നീക്കിയില്ലെങ്കിലും തുടക്കത്തില്‍ ഇഖ്‌വാന്‍ മറ്റു പാര്‍ട്ടികളുടെ ബാനറില്‍ മത്സരിക്കുന്നതിനെ മുബാറക്ക്‌ എതിര്‍ത്തില്ല. '87-ലെ തെരഞ്ഞെടുപ്പില്‍ അല്‍ അമല്‍, അല്‍ അഹ്‌റാര്‍ പാര്‍ട്ടികളുടെ ബാനറില്‍ മത്സരിച്ച്‌ ഇഖ്‌വാന്‍ പാര്‍ലമെന്റില്‍ 36 സീറ്റുനേടി. ഡോക്‌ടര്‍മാരുടെയും അഡ്വക്കറ്റുമാരുടെയും എഞ്ചിനീയര്‍മാരുടെയും സംഘടനകളില്‍ ഇഖ്‌വാന്‍ മേധാവിത്വം നേടി. അപകടം മണത്ത മുബാറക്ക്‌ മുന്‍ഗാമികളെപ്പോലെത്തന്നെ ഇഖ്‌വാന്‍ പീഡനം ആരംഭിച്ചു. പ്രവര്‍ത്തകരെ സൈനിക കോടതികളില്‍ വിചാരണ നടത്തി ജയിലിലടച്ചു. ക്രൂരമായി പീഡിപ്പിച്ചു. പലരും ജയിലുകളില്‍ മരിച്ചു. ഇഖ്‌വാനികളുള്‍പ്പടെ മതനിഷ്‌ഠയുള്ള സര്‍വരെയും തെരഞ്ഞുപിടിച്ചു വേട്ടയാടുകയായിരുന്നു മുബാറക്‌. അസ്‌ഹര്‍ സര്‍വകലാശാലയുള്‍പ്പടെ സര്‍വ മതസംരംഭങ്ങളെയും വരുതിയിലാക്കി. പള്ളികള്‍ നിയന്ത്രണത്തിലാക്കി. ഇഖ്‌വാന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം നേടുന്നത്‌ തടയാന്‍ വൃത്തികെട്ട വിധത്തില്‍ കൃത്രിമങ്ങള്‍ കാണിച്ചു. ഏറ്റവും ഒടുവില്‍, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാന്‍ അനുവദിച്ചില്ല. 2005 ലെ തെരഞ്ഞെടുപ്പില്‍ ജുഡീഷ്യറിയുടെ ഇടപെടലാണ്‌ 88 സീറ്റുനേടാന്‍ ഇഖ്‌വാനെ സഹായിച്ചത്‌. 2007 ല്‍ മതാധിഷ്‌ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനം നിരോധിച്ചും തെരഞ്ഞെടുപ്പിനു ജുഡീഷ്യറിയുടെ മേല്‍നോട്ടും ഇല്ലാതാക്കിയും മുബാറക്ക്‌ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്‌ ഇഖ്‌വാനെ മാത്രം ലക്ഷ്യമിട്ടായിരുന്നു. 48 മുതല്‍ ഇതുവരെയും പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കാതെയാണ്‌ ഇഖ്‌വാന്‍ ഈജിപ്‌തില്‍ ജീവിച്ചത്‌.
ഇസ്‌ലാമാണ്‌ പരിഹാരമെന്ന മുദ്രാവാക്യമുയര്‍ത്തി ഇസ്‌ലാമിനെ ജനങ്ങളുടെ മുമ്പില്‍ സര്‍വ വിധേനയും ഇഖ്‌വാന്‍ സമര്‍പ്പിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. പ്രവര്‍ത്തകര്‍ക്ക്‌ ഇസ്‌ലാമിക ശിക്ഷണം നല്‍കി, ഇസ്‌ലാമിന്റെ ജീവിക്കുന്ന മോഡലുകളായി വാര്‍ത്തെടുത്തു. ഭരണകൂട ഭീകരതയെ ഒരിക്കലും സായുധമായി പ്രതിരോധിക്കാതെ, സംയമനം പാലിച്ചും സഹനമവലംബിച്ചും നേരിട്ടു. തെരഞ്ഞെടുപ്പുകളെ മുബാറക്ക്‌ അട്ടിമറിച്ചപ്പോഴും തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമായി അതിനെ ഉപയോഗപ്പെടുത്തി.
തങ്ങള്‍ അധികാരം വിട്ടാല്‍ അധികാരത്തിലെത്തുന്നത്‌ ഈ ഇസ്‌ലാമിസ്റ്റുകളായിരിക്കും എന്നു പറഞ്ഞു പേടിപ്പിച്ചാണ്‌ മുബാറക്കും കൂട്ടരും ഭരണകൂടത്തിന്റെ തോന്നിവാസങ്ങള്‍ക്ക്‌ അമേരിക്കയുടെയും യൂറോപ്പിന്റെയും തിട്ടൂരം വാങ്ങിയെടുത്തതും ഇഖ്‌വാനെ വേട്ടയാടിയതും. സെപ്‌തംബര്‍ 11-നു ശേഷം മധ്യപൗരസ്‌ത്യ ലോകത്ത്‌ ജനാധിപത്യമുണ്ടാക്കാനിറങ്ങിത്തിരിച്ച ജോര്‍ജ്‌ ബുഷിനെ ആ ജനാധിപത്യത്തിലൂടെ മുസ്‌ലിം രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്നത്‌ ഇഖ്‌വാനായിരിക്കും എന്നുപറഞ്ഞ്‌ ആദ്യം പേടിപ്പിച്ചത്‌ ഇതേ മുബാറക്കായിരുന്നു. കാലം മാറിയതറിയാതെ, ജനാധിപത്യപ്രക്ഷോഭത്തിന്റെ തുടക്കത്തിലും ഇഖ്‌വാനാണ്‌ കുഴപ്പമുണ്ടാക്കുന്നതെന്ന പതിവുപല്ലവിയും നടത്തി മുബാറക്ക്‌ പിടിച്ചുനില്‍ക്കാന്‍ നോക്കി. എന്നാല്‍ അതേ ഇഖ്‌വാന്‍ ചര്‍ച്ചക്കു വരുന്നതും കാത്തിരിക്കുകയാണ്‌ ഇന്ന്‌ മുബാറക്ക്‌ ഭരണകൂടം. അവരുടെ കാരുണ്യത്തിലാണ്‌ തങ്ങളുടെ ഭാവി എന്നവര്‍ക്ക്‌ തിരിച്ചറിയേണ്ടിവരുന്നു.
സംഘടനയെ നിരോധിച്ചും അതിന്റെ സ്ഥാപകനായ ബന്നയെയും ചിന്തകനായ ഖുത്വ്‌ബിനെയും പണ്ഡിതനായ അബ്‌ദുല്‍ ഖാദിര്‍ ഔദയെയും കൊന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും, ഇഖ്‌വാന്‍ ഇല്ലാതാകുകയായിരുന്നില്ല, ഓരോ പരീക്ഷണങ്ങള്‍ക്ക്‌ ശേഷവും വര്‍ധിതാവേശത്തോടെ വളരുകയായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്നതാണ്‌ പുതിയ സംഭവങ്ങള്‍. നമസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന ഈ ചൂണ്ടുവിരല്‍ കൊണ്ട്‌ താഗൂത്തിന്‌ മാപ്പെഴുതിക്കൊടുക്കാന്‍ സാധ്യമല്ല എന്ന്‌ പ്രഖ്യാപിച്ച്‌ 1966 ആഗസ്റ്റ്‌ 29-ന്റെ പ്രഭാതത്തില്‍ ജമാല്‍ അബ്‌ദുന്നാസറിന്റെ തൂക്കുമരത്തിലേക്ക്‌ കൈവീശി നടന്നപ്പോള്‍ ശഹീദ്‌ സയ്യിദ്‌ ഖുത്വ്‌ബ്‌ പറഞ്ഞിട്ടുണ്ടായിരുന്നു, `ഈ രക്തസാക്ഷ്യത്തിലൂടെ ദീനിനു സുന്ദരമായ ചില നേട്ടങ്ങള്‍ അല്ലാഹു ഉണ്ടാക്കിക്കൊടുക്കുന്നതാണ്‌' എന്ന്‌. അന്ന്‌ ബന്നായുടെയും സയ്യിദിന്റെയും അവരുടെ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിനു രക്തസാക്ഷികളുടെയും സ്വപ്‌ന സാക്ഷാല്‍കാരത്തിന്റെ തുടക്കമാണ്‌ ഈജിപ്‌തില്‍ നടന്നുകൊണ്ടിരിക്കുന്ന വമ്പിച്ച ജനകീയ പ്രക്ഷോഭം.
ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ളത്‌ പോലെ ഈ പ്രക്ഷോഭത്തിന്റെയും റിസല്‍ട്ട്‌ മറ്റാരെങ്കിലും റാഞ്ചിയെടുത്തേക്കാം. പക്ഷേ, 2011-ന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്‌ നേതൃത്വം നല്‍കിയത്‌ ഇഖ്‌വാനാണെന്ന്‌ ചരിത്രത്തിന്‌ രേഖപ്പെടുത്താതിരിക്കാനാവില്ല. ഇന്നല്ലെങ്കില്‍, നാളെയെങ്കിലും വിപ്ലവത്തെ അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക്‌ തിരിച്ചുനല്‍കാതിരിക്കാനുമാവില്ല.
ജനകീയ പ്രക്ഷോഭം വിജയിച്ച തുനീഷ്യയുടെയും സ്ഥിതി വ്യത്യസ്‌തമല്ല. അവിടെയും 1956-ല്‍ സ്വാതന്ത്ര്യം നേടിയതു മുതല്‍ മുസ്‌ലിം ഭരണാധികാരികളുടെ മുഖ്യ ശത്രു ഇസ്‌ലാം തന്നെയായിരുന്നു. ഇസ്‌ലാമിനെ പ്രതിനിധീകരിച്ചു രംഗത്തുണ്ടായിരുന്നവരെ അടിച്ചൊതുക്കുകയായിരുന്നു ബൂറഖീബയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്‍മെന്റ്‌. മതപഠനം, നോമ്പ്‌, ഹിജാബ്‌, ഹിജ്‌റ കലണ്ടര്‍ എല്ലാം അയാള്‍ നിരോധിച്ചു. സെക്യുലര്‍ രാജ്യങ്ങള്‍ അനുവദിച്ച മുസ്‌ലിം പേഴ്‌സണല്‍ ലോ പോലും അനുവദിച്ചില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളായ റാശിദുല്‍ ഗനൂശിയെയും അബ്‌ദുല്‍ ഫതാഹ്‌ മോറോയെയും ജയിലിലടച്ചു. ബുറഖീബയുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു '87-ല്‍ ബിന്‍ അലി അധികാരത്തില്‍ വന്നത്‌. രാഷ്‌ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ രൂപവത്‌കരിച്ച അന്നഹ്‌ദ പാര്‍ട്ടി '89-ലെ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടു നേടി ശക്തമായ പ്രകടനം കാഴ്‌ചവെച്ചതോടെ ബിന്‍ അലി തനിനിറം കാണിച്ചു. സംഘടനയെ നിരോധിച്ചു. ഇരുപതിനായിരം പ്രവര്‍ത്തകരെ ജയിലിലടച്ചു. ഗനൂശിയുള്‍പ്പടെ അത്രതന്നെ എണ്ണം പേര്‍ നാടുവിടേണ്ടി വന്നു. നാടുവിട്ടവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഗോള മനുഷ്യാവകാശ സംഘടനകളെയും കൂട്ടി ബിന്‍ അലിയുടെ സ്വേഛാധിപത്യത്തിന്നെതിരെ ശബ്‌ദിച്ചു. ജയിലിലുള്ളവര്‍ നിരാഹാരമനുഷ്‌ഠിച്ചും പ്രതിഷേധിച്ചും തുനീഷ്യന്‍ ഗവണ്‍മെന്റിന്റെ ഏകാധിപത്യത്തെ പ്രതിരോധിച്ചു. മറ്റു പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന്‌ ജനങ്ങളെ സംഘടിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തി. അങ്ങനെയാണ്‌ 23 വര്‍ഷത്തെ ബിന്‍ അലി വാഴ്‌ചക്ക്‌ അന്ത്യം കുറിക്കപ്പെടുന്നതും അയാള്‍ നാടുവിട്ട്‌ സുഊദി അറേബ്യയില്‍ അഭയം തേടുന്നതും.
റാശിദുല്‍ ഗനൂശി ബ്രിട്ടനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുവന്ന്‌ '69-ല്‍ ആരംഭിച്ച അന്നഹ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടക്കാല ഗവണ്‍മെന്റില്‍ നിന്ന്‌ പ്രതീക്ഷിച്ചതുപോലെതന്നെ `അന്നഹ്‌ദ' പാര്‍ട്ടിയെ അകറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും തുനീഷ്യയുടെ ഇസ്‌ലാമിക മനസ്സിനെ ഭാവിയില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നു തന്നെയാണ്‌ സത്യസന്ധമായ നിരീക്ഷണം.
ജോര്‍ദാനിലും യമനിലും അള്‍ജീരിയയിലും നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിലും ഇസ്‌ലാമിസ്റ്റുകളുടെ പങ്ക്‌ സുവിദിതമാണ്‌. ജോര്‍ദാനില്‍ പഴയ മന്ത്രിസഭയെ പിരിച്ചുവിട്ട്‌, പരിഹാരമായി അബ്‌ദുല്ല രാജാവ്‌ രൂപവത്‌കരിച്ച പുതിയ മന്ത്രിസഭയില്‍ ഇഖ്‌വാനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതും ഇഖ്‌വാന്‍ അത്‌ തള്ളിക്കളഞ്ഞതും ശ്രദ്ധേയമാണ്‌. യമനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അത്തജമ്മുഉല്‍ യമനിലില്‍ ഇസ്‌ലാഹും അല്‍ജീരിയയിലെ ഹംസും ജനങ്ങളുടെ കൂടെനിന്ന്‌ പ്രക്ഷോഭത്തെ വിജയിപ്പിച്ചെടുക്കാന്‍ രംഗത്തുണ്ട്‌.

സമഗ്ര ഇസ്‌ലാമിന്റെ വിജയം
അറബ്‌ നാടുകളില്‍ പുതുതായി സംഭവിക്കുന്ന മാറ്റങ്ങളുടെ ഏറ്റവും വലിയ പാഠമെന്താണ്‌? സംശയമില്ല, ലോകത്ത്‌ സമഗ്ര ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ വിജയിക്കുന്നുവെന്നതാണ്‌ പാഠം. ഇസ്‌ലാം ആരാധനാകാര്യങ്ങളെക്കുറിച്ച്‌ മാത്രം പറയുന്ന ദീനല്ല, രാഷട്രീയ സാമൂഹിക മാനങ്ങളുള്ള സമഗ്ര പ്രത്യയശാസ്‌ത്രമാണ്‌. ലോകത്ത്‌ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അതിനെ അങ്ങനെത്തന്നെയാണ്‌ മനസ്സിലാക്കുന്നത്‌. അതുകൊണ്ടാണ്‌ ഇസ്‌ലാമിനെ തങ്ങളുടെ വിമോചന പോരാട്ടത്തിന്റെ പ്രചോദനമായി അവര്‍ സ്വീകരിച്ചത്‌. കയ്‌റോവില്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 20 ലക്ഷം ജനങ്ങള്‍ ആ മൈതാനിയില്‍ അഞ്ചു നേരവും കൃത്യമായി ജമാഅത്ത്‌ നമസ്‌കരിക്കുകയും അതു കഴിഞ്ഞാല്‍ `മുബാറക്‌ നാടുവിടുക' എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതും അതുകൊണ്ടാണ്‌. അന്ധവിശ്വാസങ്ങളുമായി കഴിയുന്നവരും ആ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുക മാത്രം തങ്ങളുടെ ദൗത്യമായി സ്വീകരിച്ചവരുമായ മുസ്‌ലിം സംഘടനകള്‍ അവിടെയുണ്ട്‌. മുസ്‌ലിം സെക്യുലരിസ്റ്റുകളുമുണ്ട്‌. അവരെ പേടിക്കേണ്ടതില്ലാത്ത ഒരു കൂട്ടരായി ഇസ്‌ലാമിന്റെ ശത്രുക്കളും സ്വേഛാധിപതികളും കാണുന്നത്‌ തങ്ങളുടെ സ്വേഛാധിപത്യത്തെയും ഇസ്‌ലാം വിരോധത്തെയും തൊടുന്ന ഇസ്‌ലാമല്ല അവരുടേത്‌ എന്നുറപ്പുള്ളതുകൊണ്ടാണ്‌.
മറ്റൊന്ന്‌, ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ്‌്‌. ഭരണാധികാരി തങ്ങളുടെ മതത്തില്‍ പെട്ടവനാണെന്നത്‌ അവര്‍ ഗൗനിച്ചതേയില്ല. മുസ്‌ലിം ഭരണാധികാരിക്കെതിരെ ഈജിപ്‌തിലെ ക്രിസ്‌ത്യാനികളുമായി ചേര്‍ന്ന്‌ പ്രക്ഷോഭം നടത്തുക വഴി, അതിനായി സെക്യുലരിസ്റ്റുകളും നാഷണലിസ്റ്റുകളുമായി സഹകരിക്കുക വഴി ജനാധിപത്യ പുനഃസ്ഥാപനം തങ്ങളുടെ മുഖ്യ അജണ്ടയാണെന്നു തെളിയിക്കുകയായിരുന്നു അവര്‍.
ഇസ്‌ലാമാണ്‌ പരിഹാരം എന്ന മുദ്രാവാക്യം സ്വീകാര്യത നേടുകയാണ്‌. ഈ നാടുകളിലെ അനീതികളെയും അതിക്രമണങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും നേരിടാന്‍ അവിടങ്ങളിലെ മുസ്‌ലിം അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ക്കോ നാഷനലിസ്റ്റുകള്‍ക്കോ കമ്യൂണിസ്റ്റുകള്‍ക്കോ സാധിച്ചിട്ടില്ല. അമ്പതുകളിലും അറുപതുകളിലും അവര്‍ക്കായിരുന്നു ഇവിടങ്ങളിലൊക്കെ മേല്‍ക്കൈ. പക്ഷേ ജനങ്ങള്‍ അവരുടെ പ്രത്യയ ശാസ്‌ത്രത്തെ അനുഭവങ്ങളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ പൂര്‍ണമായും തള്ളിക്കളഞ്ഞു. സ്വേഛാധിപതികളെയും അക്രമികളെയും നേരിടാനുള്ള ഇസ്‌ലാമിന്റെ ശേഷിയെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തെളിയിച്ചുകൊടുത്തു.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമുള്‍പ്പടെ, ലോകത്തുടനീളം പ്രവര്‍ത്തിക്കുന്ന സകല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും സന്തോഷവും പ്രതീക്ഷയും ആവേശവും നല്‍കുന്ന സംഭവമായി അറബ്‌ നാടുകളിലെ ജനാധിപത്യപോരാട്ടങ്ങള്‍ മാറുന്നതും അതുകൊണ്ടുതന്നെയാണ്‌.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly