വ്യക്തിസംസ്‌കരണത്തിന്റെ അകവും പുറവും
ഡോ: മുഹമ്മദ് അലി അല്‍ഹാശിമി
ഇസ്‌ലാം മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത് അവര്‍ ജനങ്ങളില്‍ ഏറ്റവും മാന്യന്മാരായിരിക്കണമെന്നാണ്. കാരണം, ഒരു മഹത്തായ ആദര്‍ശത്തിന്റെ വാഹകരും പ്രചാരകരുമാണവര്‍. അവരുടെ ജീവിതം അതിനനുസൃതവും മറ്റുള്ളവര്‍ക്ക് മാതൃകാപരവുമായിരിക്കണം. അവരുടെ പെരുമാറ്റം, ചുറ്റുപാട്, വേഷഭൂഷകള്‍ എല്ലാം വ്യതിരിക്തമാവണം. യാത്ര പോകാനൊരുങ്ങിയ സ്വഹാബികളോട് ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ``നിങ്ങള്‍ നിങ്ങളുടെ സഹോദരന്മാരിലേക്കാണ് യാത്ര പോകുന്നത്. നിങ്ങളുടെ വാഹനങ്ങള്‍ നല്ലതാക്കുകയും വസ്‌ത്രങ്ങള്‍ അലങ്കാരമുള്ളതാക്കുകയും ചെയ്യുക, അപ്പോള്‍ നിങ്ങള്‍ സൗന്ദര്യത്തിന്റെ പ്രതീകമാകും. തീര്‍ച്ചയായും വികൃതമായതിനെയും മനഃപൂര്‍വം വികൃതമാക്കുന്നതിനെയും അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല'' (അബൂദാവൂദ്, ഹാകിം). വൃത്തിഹീനരായി കഴിയുക, വസ്‌ത്രവിധാനത്തില്‍ മാന്യത പുലര്‍ത്താതിരിക്കുക, ശരീര ലാവണ്യം സംരക്ഷിക്കാതിരിക്കുക തുടങ്ങിയവ മോശമായ കാര്യങ്ങളായിട്ടാണ് പ്രവാചകന്‍ ഗണിച്ചിരിക്കുന്നത്. ഇസ്‌ലാം ഇത്തരം കാര്യങ്ങള്‍ വെറുക്കുകയും അതില്‍ നിന്ന് ആളുകളെ തടയുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ഉത്തരവാദിത്വം വഹിച്ചാലും സ്വന്തം ആരോഗ്യം, വ്യക്തിത്വം എന്നിവയെക്കുറിച്ചൊന്നും യഥാര്‍ഥ മുസ്‌ലിം അശ്രദ്ധനാവുകയോ വിസ്‌മരിക്കുകയോ ഇല്ല. അവനെപ്പോഴും അല്ലാഹുവിന്റെ സൃഷ്‌ടിവൈഭവവും മാഹാത്മ്യവും സംബന്ധിച്ചു ചിന്തിച്ചു കൊണ്ടിരിക്കും. അതവനെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും അതിന്റെ പ്രചാരകനാക്കുകയും ചെയ്യും.
യഥാര്‍ഥ മുസ്‌ലിം ശരീരം, ബുദ്ധി, ആത്മാവ് എന്നിവക്ക് തുല്യപ്രാധാന്യം കൊടുക്കുന്നവനായിരിക്കും. അവയിലേതെങ്കിലുമൊന്നിന് മറ്റൊന്നിനേക്കാള്‍ പ്രാമുഖ്യമോ പ്രധാന്യമോ നല്‍കില്ല. ഈ രംഗത്ത് പ്രവാചകന്റെ മാതൃകയാണവന്‍ പിന്തുടരുക. ഇബാദത്ത് എടുക്കുന്നതില്‍ പരിധി വിടുന്നതായി അബ്‌ദുല്ലാഹിബ്‌നു അംറ് ബ്‌നു ആസ്വിനെക്കുറിച്ച് നബി (സ) അറിഞ്ഞപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു: ``താങ്കള്‍ പകല്‍ നോമ്പനുഷ്‌ഠിക്കുന്നതായും രാത്രി മുഴുവന്‍ നമസ്‌കരിക്കുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ?'' അദ്ദേഹം പറഞ്ഞു. ``അതെ, പ്രവാചകരേ.'' അപ്പോള്‍ നബി(സ)പറഞ്ഞു: ``അങ്ങനെ ചെയ്യരുത്. നോമ്പെടുക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുക, ഉറങ്ങുകയും നമസ്‌കരിക്കുകയും ചെയ്യുക. തീര്‍ച്ചയായും സ്വശരീരത്തോട് താങ്കള്‍ക്ക് ബാധ്യതയുണ്ട്. സ്വന്തം കണ്ണുകളോട് കടമകളുണ്ട്. താങ്കളുടെ ഭാര്യയോട് കടപ്പാടുകളുണ്ട്, താങ്കളെ സന്ദര്‍ശിക്കുന്നവരോട് ചില ബാധ്യതകളുണ്ട്'' (ബുഖാരി, മുസ്‌ലിം).
യഥാര്‍ഥ മുസ്‌ലിം എപ്പോഴും പൂര്‍ണ ആരോഗ്യവാനാകാന്‍ കൊതിക്കും. ഭക്ഷണപാനീയങ്ങളില്‍ മിതത്വം പാലിക്കും. ആര്‍ത്തിപൂണ്ടും കൊതിയോടും ഭക്ഷണത്തളികയിലേക്ക് എടുത്തുചാടുകയില്ല. വിശപ്പകറ്റാനും ആരോഗ്യം നിലനിര്‍ത്താനുമാവശ്യമായ ഭക്ഷണമേ കഴിക്കൂ. ``തിന്നുകയും കുടിക്കുകയും ചെയ്യുക, എന്നാല്‍ ധൂര്‍ത്തടിക്കരുത്. തീര്‍ച്ചയായും അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്‌ടപ്പെടുന്നില്ല''(അല്‍അഅ്‌റാഫ് 31). ഭക്ഷണപാനീയങ്ങളില്‍ മിതത്വം പാലിക്കുന്നത് സംബന്ധിച്ച് ധാരാളം പ്രവാചക വചനങ്ങള്‍ വന്നിട്ടുണ്ട്‌്. ``തന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. ഇനി ഭക്ഷണം കൂടിയേ തീരൂ എന്നാണെങ്കില്‍ വയറിന്റെ മൂന്നിലൊരംശം ഭക്ഷണത്തിനും മൂന്നിലൊരംശം വെള്ളത്തിനും മൂന്നിലൊരംശം ശ്വാസോഛ്വാസത്തിനും ആയിക്കൊള്ളട്ടെ'' (അഹ്‌മദ്, തിര്‍മുദി). ഉമര്‍ (റ)പറഞ്ഞു: ``ഭക്ഷണപാനീയങ്ങളോടുള്ള ഭ്രമത്തെ നിങ്ങള്‍ സൂക്ഷിക്കുക. അത് ശരീരത്തെ നശിപ്പിക്കും, രോഗമുണ്ടാക്കും, നമസ്‌കാരത്തില്‍ നിങ്ങളെ മടിയനാക്കും. മിതത്വം പാലിക്കലാണ് നിങ്ങള്‍ക്ക് ഉത്തമം. അപ്പോഴത് ശരീരത്തെ സംസ്‌കരിക്കുകയും ധൂര്‍ത്തില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പൊണ്ണത്തടിയന്മാരോട് കോപിക്കുന്നതാണ്. ഒരു മനുഷ്യന്‍ തന്റെ മതത്തിനേക്കാള്‍ ദേഹേഛക്ക് മുന്‍ഗണന നല്‍കിയാല്‍ അവന്‍ നശിച്ചത് തന്നെ'' (അല്‍കന്‍സ്: 8/47).
ബലഹീനനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിന് ഇഷ്‌ടം ശക്തനായ വിശ്വാസിയെയാണ്. അതിനാല്‍ മുസ്‌ലിം തന്റെ ആരോഗ്യ പരിപാലനത്തിന് ആവശ്യമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. ഉത്തേജക വസ്‌തുക്കളോ മയക്കുമരുന്നുകളോ അതുപയോഗിച്ച് ഉണ്ടാക്കുന്ന നിഷിദ്ധ വസ്‌തുക്കളോ അവനൊരിക്കലും ഉപയോഗിക്കുകയില്ല. ഉറക്കമിളച്ച്, ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ച് ശരീരത്തെയും ബുദ്ധിയെയും നശിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന ദുഃസ്വഭാവങ്ങളില്‍ നിന്ന് അകന്നിരിക്കുകയും ചെയ്യും. നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യും. അനാവശ്യ ഔഷധസേവ നടത്തുകയില്ല. രോഗാതുരമല്ലാത്ത അവസ്ഥയില്‍ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നേടിയെടുക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളും അവന്റെ ചിന്താ വിഷയമായിരിക്കും. ആവശ്യമെങ്കില്‍, ശരീരത്തിന് ശക്തിയും ആരോഗ്യവും ഉന്മേഷവും നല്‍കുന്നതും പ്രായത്തിനും സാമൂഹിക ചുറ്റുപാടുകള്‍ക്ക് യോജിച്ചതുമായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയും അതിനായി പ്രത്യേക സമയം നീക്കിവെക്കുകയും ചെയ്യും.
യഥാര്‍ഥ മുസ്‌ലിം ശരീരത്തിന്റെ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കും. കുളിച്ച് വൃത്തിയാവും. വാസനത്തൈലങ്ങള്‍ പൂശും. മുസ്‌ലിമിന്റെ വസ്‌ത്രങ്ങളും കാലുറകളും എപ്പോഴും വ്യത്തിയുള്ളതായിരിക്കും. അസഹ്യമായ ദുര്‍ഗന്ധം വമിച്ച് ബുദ്ധിമുട്ടിക്കില്ല. ഉമര്‍(റ) പറയുന്നു: ``ആരെങ്കിലും തന്റെ സമ്പത്തിന്റെ മൂന്നിലൊന്ന് വാസനദ്രവ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചാല്‍ അതൊട്ടും ധൂര്‍ത്താവുകയില്ല''. ഇടക്കിടെ ദന്ത ശുദ്ധിവരുത്തും. ആഇശ(റ)യില്‍ നിന്ന് നിവേദനം: ``ഉറക്കില്‍ നിന്ന് എഴുന്നേറ്റാല്‍ വുദൂ എടുക്കുന്നതിന് മുമ്പ് ദന്തശുദ്ധി വരുത്താതെ നബി (സ) രാത്രിയോ പകലോ ഉറങ്ങാറില്ല'' (അഹ്‌മദ്, അബൂദാവൂദ്). ദന്തശുദ്ധിക്ക് പ്രവാചകന്‍ നല്‍കിയ പ്രധാന്യം മനസ്സിലാക്കാന്‍ ഈ വചനം തന്നെ ധാരാളം. മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: ``എന്റെ സമൂഹത്തിന് പ്രയാസമുണ്ടായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌ക്കാര സമയങ്ങളിലും മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു'' (ശൈഖാനി).
നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇസ്‌ലാം പ്രാധാന്യം നല്‍കിയ ഇത്തരം കാര്യങ്ങള്‍ പലരും ഇന്ന് ഗൗനിക്കുന്നില്ല. ശരീരശുദ്ധി, വസ്‌ത്രത്തിലെ വൃത്തി, ദന്ത ശുദ്ധി തുടങ്ങിയ കാര്യങ്ങളിലൊന്നും വേണ്ടത്ര ശ്രദ്ധ ചെലുത്താതെ പള്ളിയിലും അനുഗൃഹീത സദസ്സുകളിലും പലരും എത്തുന്നു. ഇങ്ങനെയുള്ളവരുടെ സാന്നിധ്യം കാരണം അനുഗൃഹീത സദസ്സുകളിലേക്ക് കടന്നുവരാന്‍ മലാഖമാര്‍ പോലും അറക്കുമെന്ന് മനസ്സിലാക്കുക. ഉള്ളി പോലെ രൂക്ഷ ഗന്ധമുണ്ടാക്കുന്ന വല്ലതും കഴിച്ച് മലക്കുകളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കാന്‍ പള്ളിയിലേക്ക് വരാതിരിക്കണമെന്ന് പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. ``ആരെങ്കിലും ഉള്ളി, വെളുത്തുള്ളി, ഉള്ളിപുല്ല് എന്നിവ ഭക്ഷിച്ചാല്‍ അവന്‍ നമ്മുടെ പള്ളിയിലേക്ക് അടുക്കരുത്. തീര്‍ച്ചയായും ആദം സന്തതികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യത്തില്‍ മലക്കുകളും പ്രയാസപ്പെടുന്നുണ്ട്'' (മുസ്‌ലിം). വസ്‌ത്രമലക്കാനും വൃത്തിയാക്കാനും കഴിവുള്ളവന്‍ മുഷിഞ്ഞ വസ്‌ത്രവുമായി സദസ്സുകളില്‍ ഹാജറാകുന്നതിനെ പ്രവാചകന്‍ വളരെ വെറുത്തിരുന്നു. ജാബിറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. ഒരിക്കല്‍ നബി (സ) ഞങ്ങളുടെ അടുത്ത് സന്ദര്‍ശകനായി വന്നു. അപ്പോള്‍ മുഷിഞ്ഞ വസ്‌ത്രധാരിയായ ഒരാളെ കണ്ടു. നബി (സ) ചോദിച്ചു: ``വസ്‌ത്രമലക്കാന്‍ ഒന്നും അദ്ദേഹത്തിന് കിട്ടിയില്ലേ?'' ( അഹ്‌മദ്, നസാഇ).
കേശസംരക്ഷണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളുമുണ്ട്. മുടിയും താടിയും ചടകുത്തിയ നിലയില്‍ കോലംകെട്ട് നടക്കുന്നവന്‍ പിശാചിനെ പോലെയാണെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. അത്വാഅ് ബ്‌നു യസാറില്‍ നിന്നു ഇമാം മാലിക് മുവത്വയില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിലിങ്ങനെ കാണാം. ``ഒരിക്കല്‍ നബി (സ) പള്ളിയിലായിരുന്നു. ആ സമയത്ത് താടിയും മുടിയും ചടകുത്തിയ ഒരാള്‍ പള്ളിയില്‍ വന്നു. നബി (സ) അയാളോട് തലമുടിയും താടിയും നന്നാക്കിവരാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഉടനെ അയാള്‍ കല്‍പനയനുസരിച്ച് പള്ളിയില്‍ നിന്ന് മടങ്ങി പോവുകയും ചെയ്‌തു. അപ്പോള്‍ നബി (സ) പറഞ്ഞു: പിശാചിനെ പോലെ തല ചടകുത്തിയവനായി ആരെങ്കിലും പള്ളിയില്‍ വരുന്നതിനേക്കാള്‍ നല്ലത് അതു തന്നെയല്ലേ?'' (മുസ്‌ലിം).
യഥാര്‍ഥ മുസ്‌ലിം വസ്‌ത്രവിധാനത്തില്‍ മാന്യതയും മിതത്വവും പുലര്‍ത്തുന്നവനായിരിക്കും. അതില്‍ അതിര് കവിയുകയോ ധൂര്‍ത്ത് കാണിക്കുകയോ ഇല്ല. ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ വസ്‌ത്രത്തിന്റെ ഭംഗിയും വൃത്തിയും സദാ കാത്തുസൂക്ഷിക്കും. കീറിയതും മുഷിഞ്ഞതുമായ വസ്‌ത്രങ്ങള്‍ ധരിച്ച് വിരൂപനായി ജനങ്ങളെ അഭിമുഖീകരിക്കുകയില്ല. നബി (സ) തന്റെ കുടുംബങ്ങള്‍ക്കിടയില്‍ നല്ല വസ്‌ത്രങ്ങള്‍ ധരിച്ചായിരുന്നു വന്നിരുന്നത്. അനുചരന്മാരെ അഭിമുഖീകരിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. `പറയുക. അനുവദനീയമായ ഭക്ഷണവും തന്റെ അടിമകള്‍ക്ക് വേണ്ടി നല്‍കപ്പെട്ട അല്ലാഹുവിന്റെ അലങ്കാരവും ആരാണ് നിഷേധിക്കുന്നത്' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍ത്വുബി പറയുന്നു: ``ആഇശ (റ) പറഞ്ഞു: സ്വഹാബികളില്‍ കുറച്ച് പേര്‍ വാതിലിനടുത്ത് പ്രവാചകനെ കാത്തിരിക്കുന്നു. പ്രവാചകന്‍ അവരെ കാണാനായി ചെല്ലുകയാണ്. വീട്ടില്‍ വെള്ളം നിറച്ച ഒരു പാത്രമുണ്ട്. പ്രവാചകന്‍ അതിലേക്ക് നോക്കി താടിയും രോമങ്ങളും ശരിയാക്കി. ആ സമയത്ത് ഞാന്‍ നബിയോട് ചോദിച്ചു. `അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ ഇങ്ങനെ ചെയ്യുകയോ?' നബി (സ) പറഞ്ഞു: `അതെ, ഒരു മനുഷ്യന്‍ തന്റെ സഹോദരന്മാരിലേക്ക് പോവുമ്പോള്‍ അവന്‍ ഒരുങ്ങി പുറപ്പെടട്ടെ. അല്ലാഹു സൗന്ദര്യവാനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്‌ടപെടുന്നു''.
(തുടരും)
വിവ: അബ്‌ദുറഹ്‌മാന്‍ തുറക്കല്‍