Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>നിരീക്ഷണം


അയോധ്യാ വിധി:
വരും തലമുറക്കൊരു പാഠം

സുറൂര്‍ അഹമ്മദ്
സെപ്റ്റബര്‍ 30 ലെ അലഹബാദ് ഹൈക്കോടതി വിധി ലളിതമായി വിശകലനം ചെയ്യാനാവാത്ത വിധം നിയമപരമാണെങ്കിലും, രാമജന്മഭൂമി പ്രസ്ഥാനം പ്രക്ഷുബ്ധമായ 5-6 വര്‍ഷക്കാലയളവില്‍ എന്ത് സംഭവിച്ചു എന്ന് യുവതലമുറയെ ബോധവത്കരിക്കാന്‍ ഈ വിധി അവസരമൊരുക്കിയിട്ടുണ്ട്. 1992 ഡിസംബര്‍ ആറിന് ബി.ജെ.പി നേതാക്കളായ ലാല്‍കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുടെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം ബാബരി മസ്ജിദ് തകര്‍ത്തു, തകര്‍ക്കലിനെ തുടര്‍ന്ന് മുസ്ലിംകളെ കൊന്നും പരിക്കേല്‍പിച്ചും അവരുടെ സ്വത്തുവകകള്‍ നശിപ്പിച്ചും ജനക്കൂട്ടം അക്രമാസക്തമായി, ചില സ്ഥലങ്ങളില്‍ നിരപരാധികളായ യാത്രക്കാര്‍ ഓടുന്ന തീവണ്ടിയില്‍നിന്ന് പുറത്തേക്കെറിയപ്പെട്ടു, ചിലര്‍ വീട്ടിലേക്ക് പോകവെ നിരത്തുകളില്‍ വെച്ച് അരും കൊല ചെയ്യപ്പെട്ടു -ഇതെക്കുറിച്ചൊക്കെ കഴിഞ്ഞ ഒരുമാസം മുമ്പ് വരെ 20 വയസ്സില്‍ താഴെയുള്ള അധിക ഹിന്ദു-മുസ്ലിം ചെറുപ്പക്കാരും തീര്‍ത്തും അജ്ഞരായിരുന്നു.
ബാബരി മസ്ജിദ് തകര്‍ക്കാനുളള യാത്രക്കിടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയവരെ സെപ്റ്റംബര്‍ 30 ലെ കോടതി വിധി ഒരു തരത്തിലും കുറ്റവിമുക്തരാക്കുന്നില്ല. മുലായംസിംഗ് മുഖ്യമന്ത്രിയായിരിക്കെ നേരത്തെ നടന്ന ബാബരി മസ്ജിദ് ആക്രമണശ്രമത്തില്‍ പോലീസ് വെടിവെപ്പില്‍ നിരവധി ഹിന്ദുക്കളും വധിക്കപ്പെട്ടിരുന്നു.
1989 ഒക്ടോബറില്‍ ഭഗല്‍പൂരിലും 1992 ല്‍ സൂറത്തിലും(അവിടെ വര്‍ഗീയ ലഹളക്കിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയിരുന്നു) 1992 ഡിസംബര്‍ - 1993 ജനുവരിയില്‍ മുംബൈയിലും നടന്നതെന്താണെന്ന് പിന്നീടുളള വര്‍ഷങ്ങളില്‍ വലിയൊരു വിഭാഗം മാധ്യമങ്ങളും തമസ്കരിക്കുകയായിരുന്നു. ലഖ്നോ പ്രത്യേക കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്ന് നടന്ന സംഭവങ്ങളില്‍ ചിലതെങ്കിലും ജനങ്ങളോട് പറയാന്‍ മീഡിയ നിര്‍ബന്ധിതമായി.
1993 മാര്‍ച്ച് 12ന് 250 ഓളം പാവപ്പെട്ട മനുഷ്യര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടന പരമ്പരയില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പുതിയ തലമുറക്ക് നന്നായി അറിയാം. എന്നാല്‍, അതിന് മുമ്പുളള സംഭവങ്ങളെക്കുറിച്ച് അവര്‍ തികച്ചും അജ്ഞരായിരുന്നു. മനുഷ്യത്വത്തിനെതിരായ ഈ രണ്ട് നീചമായ കുറ്റകൃത്യങ്ങളെക്കുറിച്ചും ഇപ്പോള്‍ അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്.
ഈ തുടര്‍ സംഭവങ്ങളുടെ ഇരകള്‍ കൂടുതലും മുസ്ലിംകളായിരുന്നുവെങ്കിലും, ആരാണ് ഈ ഗൂഢാലോചനയുടെ പിന്നിലെന്നും ആരാണ് പൊതുജനത്തെ പ്രകോപിക്കുമാറ് വ്രണിത വികാരം ഇളക്കി വിട്ടതെന്നും, മതേതരത്വം കാത്തു സൂക്ഷിക്കുന്നതില്‍ ആരാണ് ധീരമായ സേവനം കാഴ്ചവെച്ചതെന്നുമൊക്കെയുളള വിവരങ്ങള്‍ അടുത്ത തലമുറക്ക് കൈമാറുന്നതില്‍ സമുദായത്തിലെ പഴയതലമുറ പരാജയപ്പെട്ടു എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം.
ഉദാഹരണത്തിന്, മുലായംസിംഗ് യാദവും ലാലുയാദവും മുഖ്യമന്ത്രിമാരായിരിക്കെ, അവര്‍ മതേതരത്വത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചൊരു ഓര്‍മ പുതുക്കലിന് അവരെ രൂക്ഷമായി വിമര്‍ശിക്കുന്ന മുസ്ലിംകള്‍ വരെ നിര്‍ബന്ധിതരായിരിക്കുന്നു. അവര്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. അതേസമയം കോണ്‍ഗ്രസിലെ 'മതേതര മൂല്യക്കാര്‍' വര്‍ഗീയ വാദികളുമായി കൈകോര്‍ക്കുകയായിരുന്നു. ഇടതുപക്ഷം ഏവരും പ്രതീക്ഷിച്ചവിധം, പ്രസ്തുത യാത്രയെ പ്രതിരോധിക്കുന്നതില്‍ കാര്യമായ പങ്കൊന്നും വഹിച്ചില്ല; 1981 നവംബര്‍ മുതല്‍ 1991 മെയ്-ജൂണ്‍ വരെ ഫൈസാബാദിലെ പാര്‍ലമെന്റ് അംഗം സി.പി.ഐയിലെ മിത്രാസെന്‍ യാദവ് ആയിരുന്നിട്ട് കൂടി. അയോധ്യ, ഫൈസാബാദ് പാര്‍ലമെന്ററി മണ്ഡലത്തിന്‍ കീഴിലാണ് വരുന്നത്. 1991 ലെ തെരഞ്ഞെടുപ്പിലാണ് ബജ്റംഗ്ദളിലെ വിനയ് കത്യാര്‍ ബി.ജെ.പി. ടിക്കറ്റില്‍ ഇവിടെ വിജയിക്കുന്നത്. മിത്രാസെന്‍ പിന്നീട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
വടക്കെ ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ കാവിപ്പടക്കെതിരെ ശക്തമായി രംഗത്തു വന്ന സി.പി.ഐ.എം.എല്‍(ലിബറേഷന്‍) മാത്രമായിരുന്നു ഇതിന്നപവാദം.
ഈ മുഴു സംഭവങ്ങളെക്കുറിച്ചും മാധ്യമ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക മാത്രമല്ല, വരും തലമുറക്ക് പ്രശ്നത്തിന്റെ ഗൌരവത്തെക്കുറിച്ചൊരു ധാരണ ലഭിക്കാനും കോടതി വിധി അവസരമൊരുക്കി.
സെപ്റ്റംബര്‍ 30 ലെ കോടതി വിധിക്കു മുമ്പുളള ഏതാനും നാളുകളില്‍ രാജ്യത്തെ പിടികൂടിയ ഭയവും ആശങ്കയും, അയോധ്യാ യാത്രയുടെ പേടിപ്പിക്കുന്ന ദിനങ്ങളെ ഓര്‍മിപ്പിച്ചു. രക്ഷിതാക്കള്‍, പ്രത്യേകിച്ചും മുസ്ലിംകള്‍ തങ്ങളുടെ മക്കളെ സ്കൂളിലും കോളേജിലും അയക്കാതിരിക്കുകയും രാജ്യത്തിന്റെ പലഭാഗത്തും ആളുകള്‍ യാത്രകള്‍ ഒഴിവാക്കി വീടുകളില്‍ ഒതുങ്ങിക്കൂടുകയും ചെയ്തു.
ചരിത്രത്തെ ബുദ്ധിപൂര്‍വം വിലയിരുത്തി പക്വതയോടെ പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്. ആര്‍.എസ്.എസ് പ്രമുഖരായ മോഹന്‍ ഭഗ്വത് മുതല്‍ എല്‍.കെ അദ്വാനിയും നരേന്ദ്രമോഡിയും വരെയുളള സംഘ്പരിവാര്‍ നേതാക്കള്‍ ഇതൊരു വിജയ-പരാജയ പ്രശ്നമല്ലെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ, ബാബരി മസ്ജിദിന്റെ തകര്‍ച്ച അയോധ്യയുടെ തെരുവുകളിലും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും ഇക്കൂട്ടര്‍ എങ്ങനെ ആഘോഷിച്ചു എന്ന് പുതിയ തലമുറ നന്നായി മനസ്സിലാക്കിയിരിക്കുന്നു. 464 വര്‍ഷം പഴക്കമുളള മസ്ജിദ് കെട്ടിട സമുച്ചയം തകര്‍ന്നു വീണപ്പോള്‍, അദ്വാനി, ജോഷി, ഉമാഭാരതി തുടങ്ങിയ നേതാക്കള്‍ പരസ്പരം ആശ്ളേഷിച്ചു സന്തോഷം പ്രകടിപ്പിക്കുന്ന രംഗങ്ങള്‍ വാര്‍ത്താ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നു.
പള്ളിതകര്‍ക്കാനായി നീങ്ങിയ സംഘം അന്ന് ഏക് ദാകോ ഔര്‍ ദോ (ഒരു തള്ള് കൂടി കൊടുക്കൂ) എന്ന് ആര്‍ത്ത് വിളിച്ചിരുന്നതായി ഇന്ന് പുതിയ തലമുറക്ക് നന്നായിട്ടറിയാം.
ഇതില്‍ ഉള്‍പ്പെട്ട കക്ഷികള്‍ കൂടുതല്‍ വിവേകവും പക്വതയും കാണിച്ചിരുന്നുവെങ്കില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയൊരു പരിഹാരം സാധ്യമാകുമായിരുന്നു. അയോധ്യാ പ്രക്ഷോഭം യഥാര്‍ഥത്തില്‍ രാജ്യത്തെ അനന്തമായ ധ്രുവീകരണത്തിലേക്ക് നയിക്കുകയും മുസ്ലിംകളില്‍ ചിലരെ അത് അതിര് വിട്ട വഴികളില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.
മൊത്തം സംഭവങ്ങളുടെ ചുരുളഴിയുമ്പോള്‍, കോടതി വിധിയുടെ ഉപോല്‍പ്പന്നം എന്ന് പറയാവുന്നത് ഇരു സമുദായങ്ങളുടെയും ചിന്താഗതികളില്‍ വന്ന മാറ്റമാണ്. തൊണ്ണൂറുകളില്‍നിന്ന് വ്യത്യസ്തമായി, വികാര തീവ്രതകളൊക്കെ ഇപ്പോള്‍ കെട്ടടങ്ങിയിരിക്കുന്നു. ജനം കൂടുതല്‍ യുക്തിബോധത്തോടെ ചിന്തിക്കുന്നു. മുറിവുണക്കുന്ന ഭിഷഗ്വരനാണ് കാലം എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സംഭവം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് തികഞ്ഞിട്ടില്ലെങ്കിലും, പ്രസ്തുത വിഷയത്തില്‍ മുമ്പത്തെപ്പോലെ ഇനി തീവ്രവികാരങ്ങള്‍ ഇളക്കി വിടാനാകില്ലെന്ന് സംഘ്പരിവാറിന് പോലും ഇപ്പോള്‍ ബോധ്യമുണ്ട്. ഭാവിതലമുറക്കുള്ള പാഠവും ഇതാണ്.


 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly