>>നിരീക്ഷണം
അലഹബാദ് വിധി
നിഗൂഢതകളും ആശങ്കകളും
ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്
ബാബരി മസ്ജിദ് കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധി ഖേദകരമായിപ്പോയി. അത് അവ്യക്തവും പരിഹാസ്യവും സര്‍വോപരി അപകടകങ്ങളായ ദുഷ്ഫലങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ഒട്ടേറെ നിയമജ്ഞര്‍ ഇതിനെ കോടതി വിധി എന്നതിനു പകരം മധ്യസ്ഥ തീരുമാനമെന്നാണ് വിലയിരുത്തിയത്. ഇന്ത്യയിലെ നീതിന്യായ കോടതികളുടെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു ന്യായാധിപന്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനനുസരിച്ച് കേസ് വിധിച്ചത് ആദ്യത്തേതാണ്.
അറുപത് വര്‍ഷമായി കോടതികള്‍ക്ക് മുമ്പിലുള്ള ബാബരി മസ്ജിദ് കേസിന്റെ പ്രധാന പ്രശ്നം, തര്‍ക്കസ്ഥലത്തിന്റെ ഉടമാവകാശം ആര്‍ക്ക് എന്നതാണ്. രാജ്യത്തെ നിയമമനുസരിച്ച്, എന്നാണോ തര്‍ക്കമുടലെടുത്തത് അന്ന് (1949 മാര്‍ച്ച് 22) ഈ സ്ഥലം ആരുടെ കൈവശമായിരുന്നു എന്നതിന് ലാന്റ് റവന്യൂ റിക്കാര്‍ഡുകളും മറ്റു രേഖകളും എന്തു പറയുന്നു എന്നൊക്കെ പരിഗണിക്കേണ്ടതായിരുന്നു. ഇതൊക്കെയും ബാബരി മസ്ജിദിന് അനുകൂലമായിരുന്നുവെന്നും എല്ലാവര്‍ക്കുമറിയാം.
തര്‍ക്കമന്ദിരം പള്ളിയാണെന്നും 1949 ഡിംസബര്‍ 22-ന് രാത്രി അതില്‍ അതീവ രഹസ്യമായി ചില സാമൂഹിക ദ്രോഹികള്‍ രാമവിഗ്രഹം കൊണ്ടുവന്ന് വെക്കുകയായിരുന്നുവെന്നും ഡിസംബര്‍ 23-ന് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ വ്യക്തമാക്കിയതാണ്.
ഫൈസാബാദ് ഡിസ്ട്രിക്റ്റ് കമീഷന്‍ ജെ.എന്‍ ഊഗ്ര ജില്ലാ ഭരണകൂടത്തിന് നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു: "ഏറെക്കാലമായി മുസ്ലിംകള്‍ ആരാധന നടത്തിവന്ന പള്ളിയാണ് ഈ കെട്ടിടം. രാമക്ഷേത്രമെന്ന നിലക്ക് ഒരു കാലത്തും ഇവിടെ പൂജ നടന്നിട്ടില്ല. 1949 ഡിസംബര്‍ 22-ന് രാത്രി ആരുമറിയാതെ രാമവിഗ്രഹം കൊണ്ടുവച്ച തെറ്റായ നടപടി മൂലമുണ്ടായ ക്രമസമാധാന പ്രശ്നങ്ങളില്‍ അധികൃതര്‍ക്ക് ചില നടപടികളെടുക്കേണ്ടതായി വന്നു.''
സുന്നി വഖ്ഫ് ബോര്‍ഡ് നല്‍കിയ കേസിന്റെ സമയപരിധി കഴിഞ്ഞുവെന്ന് കോടതി കണ്ടെത്തിയെങ്കില്‍ തന്നെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരു കക്ഷിക്കാണെന്നതിന് എന്ത് തെളിവാണ് കോടതിക്ക് ലഭിച്ചത്? പോലീസിന്റെ എഫ്.ഐ.ആര്‍ പ്രകാരം രണ്ടാമത്തെ കക്ഷിക്ക് ഉടമസ്ഥാവകാശം നല്‍കിയത് ശരിയല്ല.
കോടതിയുടെ ഭൂരിപക്ഷ വിധിയില്‍ 1949 ഡിസംബര്‍ 22-ന് രാംലല്ലാ വിഗ്രഹങ്ങള്‍ പള്ളിക്കകത്ത് ആരോ കൊണ്ടുവെച്ചുവെന്ന് സമ്മതിക്കുന്നു. എന്നാല്‍ കോടിക്കണക്കായ ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം ഇത് രാമജന്മഭൂമിയാണ്. അതിനാല്‍ രാംലല്ലാ വിഗ്രഹം ഇവിടെ നിന്ന് മാറ്റാന്‍ പാടില്ലെന്ന് വിധിച്ചിരിക്കുന്നു. കോടിക്കണക്കായ ഹിന്ദുക്കളുടെ വിശ്വാസമാണ്, പള്ളിയുടെ മധ്യത്തിലെ കുംഭ ഗോപുരത്തിനടയിലാണ് രാമന്‍ ജനിച്ചുവെന്നത് എന്നിരിക്കെ മറ്റു തെളിവുകളുടെ ആവശ്യമില്ലെന്നാണ് കോടതിയുടെ അഭിപ്രായം.
ആറ് പ്രമുഖ ചരിത്രകാരന്മാര്‍ കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴിയില്‍ ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ചരിത്രപരമായി യാതൊരു തെളിവുമില്ലെന്ന് പറഞ്ഞതിനെ കോടതി ഒട്ടും പരിഗണിച്ചില്ല. ഇനി അങ്ങനെ തെളിഞ്ഞാല്‍ പോലും രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം (ഘമം ീള അറ്ലൃലെ ുീലെശീിൈ) അത് പള്ളിതന്നെയായിരിക്കും. എന്നിട്ടും പള്ളിക്കടിയില്‍ വല്ല ക്ഷേത്രാവശിഷ്ടവുമുണ്ടോ എന്നറിയാനായി അവിടെ ഉത്ഖനനത്തിന് ഉത്തരവിടുകയായിരുന്നു കോടതി. അതിലാകട്ടെ ഏതെങ്കിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കിട്ടിയില്ല. ലഭിച്ച അല്ലറ ചില്ലറ വസ്തുക്കള്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന എന്‍.ഡി.എ ഗവണ്‍മെന്റിലെ സാംസ്കാരിക വകുപ്പ് മന്ത്രി ജഗ്മോഹന്‍ ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്നവയാണ് ഈ വസ്തുക്കള്‍ എന്ന് പ്രസ്താവിക്കുകയായിരുന്നു. അതേസമയം രാജ്യത്തെ പത്ത് പ്രമുഖ പുരാവസ്തു വിദഗ്ധര്‍ ഈ റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ സത്യവാങ് മൂലം കൊടുത്തെങ്കിലും അത് മുഖവിലക്കെടുക്കാതെ പുരാവസ്തു വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടാണ് കോടതി പരിഗണിച്ചത്. ഏതെങ്കിലും കെട്ടിടത്തിന്റെ മേല്‍ ഉണ്ടാവുന്ന അവകാശ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യാഥാര്‍ഥ്യങ്ങളും സാക്ഷിമൊഴികളും പരിഗണിക്കുന്നതിനു പകരം വിശ്വാസവും ഖനന റിപ്പോര്‍ട്ടുകളും സ്വീകരിക്കുകയെന്നത് നല്ല കീഴ്വഴക്കമല്ല.
അപഹാസ്യമായ വീതം വെപ്പ്
യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാതെ കോടതി നിരീക്ഷിച്ചത്, ബാബരി മസ്ജിദില്‍ മുസ്ലിംകളും ഹിന്ദുക്കളും ആരാധന നടത്തിയിരുന്നതിനാല്‍ രണ്ട് വിഭാഗത്തിനും ഉടമസ്ഥാവകാശമുണ്ട് എന്നാണ്. രാംല്ലല ഭഗവാന്റെ സുഹൃത്ത് നന്ദന്‍ അഗര്‍വാള്‍, നിര്‍മോഹി അഖാഡ, സുന്നി സെന്‍ട്രല്‍ ബോര്‍ഡ് (യു.പി) എന്നീ മൂന്ന് അവകാശവാദികളുള്ളതുകൊണ്ട് മൂന്നായി വീതം വെക്കണമെന്നാണ് വിധി. മധ്യ ഭാഗത്തെ വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പറ്റാത്തതിനാല്‍ ആ ഭാഗം രാംലല്ലയുടെ ഓഹരിയില്‍ വരും. ബാക്കിയുള്ളത് നിര്‍മോഹി അഖാഡക്കും വഖ്ഫ് ബോര്‍ഡിനും തുല്യമായി എടുക്കാം. ഇങ്ങനെ വീതം വെച്ച് തരണമെന്ന് മൂന്ന് കക്ഷികളും ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. കക്ഷികള്‍ മുഴുവന്‍ ഭൂമിയിലുള്ള തങ്ങളുടെ അവകാശവാദമാണ് കോടതിയില്‍ തീര്‍പ്പിനായി സമര്‍പ്പിച്ചത്.
സത്യവും സാക്ഷിമൊഴികളുമനുസരിച്ച് പള്ളിയുടെ കെട്ടിടവും ചുറ്റുമുള്ള പ്രദേശവും മുസ്ലിംകളുടെ ഉടമസ്ഥയിലുള്ളതും 1528 മുതല്‍ 1949 ഡിസംബര്‍ 22 വരെ നമസ്കാരം നിര്‍വഹിച്ചിരുന്നതുമാണ്. അതിന്റെ പുറത്തായി രാമഛംബൂത്രയും സീതാ റഡോയിയും നിര്‍മോഹി അഖാഡയുടെ കൈവശമായിരുന്നു. 1855 വരെ അതും അവിടെ ഉണ്ടായിരുന്നില്ല.
1885-ല്‍ മഹന്ത് രഘുവര്‍ദാസ് ഫൈസാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ജയകൃഷന്റെ കോടതിയില്‍ രാമഛംബൂത്രക്ക് മേല്‍ താല്‍ക്കാലിക ഷെഡ് നിര്‍മിക്കാന്‍ അനുമതി തേടി ഹര്‍ജി ഫയല്‍ ചെയ്തു.
ഇതിനോട് ചേര്‍ന്ന പള്ളിയില്‍ പ്രാര്‍ഥനക്ക് വരുന്നവര്‍ക്ക് ഛംബൂത്രയിലെ ഭജനവും കീര്‍ത്തനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറഞ്ഞ് കോടതി അനുമതി നല്‍കിയില്ല. മഹന്ത് രഘുവര്‍ദാസ് ഫൈസാബാദ് സിവില്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും അതും തള്ളിക്കളഞ്ഞു. ചുരുക്കത്തില്‍ ഈ ഛംബൂത്രയില്‍ പോലും അന്ന് കോടതി ഹിന്ദുക്കളുടെ അവകാശവാദം അംഗീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോഴാകട്ടെ കോടതി കുരങ്ങന്റെ വീതം വെപ്പ് പോലെ ഈ വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്.
1993-ല്‍ നരസിംഹറാവു ഗവണ്‍മെന്റ് പള്ളിയുടേതടക്കമുള്ള 167 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഇവിടെ ക്ഷേത്രവും പള്ളിയും മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കണമെന്നായിരുന്നു പ്രഖ്യാപനം. ഈ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇസ്മാഈല്‍ ഫാറൂഖി ഫയല്‍ ചെയ്ത കേസില്‍ സുപ്രീംകോടതി വിധിച്ചത്, ആദ്യം ഭൂമിയുടെ അവകാശ തര്‍ക്കം പരിഹരിച്ചുകൊണ്ട് കോടതി മുസ്ലിംകള്‍ക്ക് നല്‍കാനാണ് പറയുന്നതെങ്കില്‍ ഈ സ്ഥലം പള്ളിയിലേക്ക് വഴിയുണ്ടാക്കാനും പുറത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രമുണ്ടാക്കാനും നല്‍കും. മറിച്ച്, മുസ്ലിംകളുടെ അവകാശവാദം നിലനില്‍ക്കുന്നില്ലെങ്കില്‍, അഥവാ കേസ് തോറ്റാല്‍ തര്‍ക്കസ്ഥലത്ത് ക്ഷേത്രമുണ്ടാക്കുകയും പുറത്ത് ഗവണ്‍മെന്റ് ഏറ്റെടുത്ത സ്ഥലം പള്ളിയുണ്ടാക്കാനായി മുസ്ലിംകള്‍ക്ക് കൊടുക്കുകയും ചെയ്യും എന്നായിരുന്നു. ചുരുക്കത്തില്‍ ഈ വിധിയിലൂടെ തര്‍ക്ക പ്രദേശം മൊത്തത്തില്‍ ഒരു യൂനിറ്റാണെന്ന് സുപ്രീം കോടതി സമ്മതിച്ചതാണ്. ഹൈക്കോടതിയോട് കഴിയുംവേഗം അവകാശതര്‍ക്കം തീര്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി പരിഹാസ്യമായ രീതിയില്‍ ഭൂമി വീതം വെക്കുകയാണ് ഇപ്പോള്‍ ചെയ്തത്.
പ്രത്യാഘാതങ്ങള്‍
ലഖ്നൌ ബെഞ്ചിന്റെ വിധിസുപ്രീംകോടതി തള്ളിക്കളയുന്നില്ലെങ്കില്‍ രാജ്യത്തിന്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരും. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ മേല്‍ അവകാശമുന്നയിക്കാന്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസം അതാണെന്ന് മാത്രം പറഞ്ഞാല്‍ മതിയാകും. കോടതികളാകട്ടെ ഈ വിധിയുടെ ചുവടുപിടിച്ച് തെളിവുകളും സാക്ഷിമൊഴികളും സ്വീകരിക്കുന്നതിനു പകരം വിശ്വാസങ്ങളും പുരാവസ്തു ഗവേഷകരുടെ മൊഴികളും ആധാരമാക്കി അവര്‍ക്കനുകൂലമായി വിധിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ഹിന്ദു വര്‍ഗീയവാദികള്‍ ഇന്ത്യയിലെ മൂവായിരം മുതല്‍ മുപ്പതിനായിരം പള്ളികളുടെ മേല്‍ അവകാശമുന്നയിച്ചിരിക്കുകയാണ്. അവയൊക്കെയും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്താണത്രെ പണിതിരിക്കുന്നത്.
കാര്യങ്ങള്‍ പള്ളികളിലൊതുങ്ങിക്കൊള്ളണമെന്നില്ല. ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടെയും നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്താണ് അവിടങ്ങളില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ പണിതത്. ദ ഹിന്ദു പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ സിദ്ധാര്‍ഥ വരദരാജന്‍ പറയുന്നു: "ഇന്ത്യ പുരാതന സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ ആണെന്നിരിക്കെ, എവിടെ കിളച്ചു നോക്കിയാലും ഏതെങ്കിലും ക്ഷേത്രത്തിന്റെയോ ആരാധനാലയത്തിന്റെയോ അവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. രാജ്യം മുഴുവന്‍ കിളച്ചുനോക്കാന്‍ കോടതി ഉത്തരവിടുമോ?''
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം വളരെ പ്രസക്തമാണ്.
കോടതിവിധി ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുന്നു. അവര്‍ എവിടെ ഏത് പള്ളിയില്‍ നമസ്കരിക്കണമെന്നും എവിടെ നമസ്കരിക്കരുതെന്നും തീരുമാനിക്കുന്നത് ഭൂരിപക്ഷ സമുദായമായിരിക്കുമോ? അങ്ങനെ മത സ്വാതന്ത്യ്രം എത്ര കാലം നിലനില്‍ക്കും.
കോടതികളെപ്പറ്റി ന്യൂനപക്ഷവും മര്‍ദിതരുമായ ഒരു സമൂഹങ്ങള്‍ക്ക് ആശങ്കയുണ്ടായില്ലെങ്കിലേ അത്ഭുതത്തിന് വകയുള്ളൂ. ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ കോടതികളെയും നീതിന്യായ വ്യവസ്ഥയെയും പരിഹാസ്യമാക്കിയിരിക്കുന്നു ഈ വിധി. ഇനിയും കോടതികള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനുള്ള അവസരം സുപ്രീം കോടതി ഇതിലിടപെട്ട് നടത്തുന്ന നീതിന്യായത്തിനനുസരിച്ചായിരിക്കും.
(ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ കീഴിലുള്ള ബാബരി മസ്ജിദ് കമ്മിറ്റി കണ്‍വീനറാണ് ലേഖകന്‍)