Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>വിശകലനം



യുക്തിക്കും നിയമവ്യവസ്ഥക്കും
നിരക്കാത്ത വിധി

സിദ്ധാര്‍ഥ് വരദരാജന്‍
തെളിവുകളാല്‍ സ്ഥിരീകരിച്ചിട്ടില്ലാത്ത 'ഹിന്ദുക്കളുടെ' വിശ്വാസത്തെയും കരുതലുകളെയും മുന്‍നിര്‍ത്തിയാണ് അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അയോധ്യയിലെ ബാബരി തര്‍ക്കത്തില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതോടൊപ്പം മറ്റൊരു വിരോധാഭാസവും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. വേണ്ടത്ര സൂക്ഷ്മതയില്ലാതെ നടത്തിയ ഈ വിധിയിലൂടെ കോടതി,ഇന്ത്യന്‍ ഭരണഘടനാ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ ഒരു രാഷ്ട്രീയ കക്ഷിക്ക് നേട്ടമുണ്ടാക്കി കൊടുത്തിരിക്കുന്നു. ആ കക്ഷിയുടെ ധിക്കാരം അതിന്റെ പാരമ്യതയിലെത്തിയപ്പോഴാണ് 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. നഗ്നമായ ആ കൈയേറ്റത്തെ ഇന്ത്യന്‍ നിയമ രാഷ്ട്രീയ വ്യവസ്ഥകള്‍ കൈയും കെട്ടി നിശ്ശബ്ദരായി നോക്കിനിന്നു. 18 വര്‍ഷം കഴിഞ്ഞ് രാഷ്ട്രം ആ പാപകൃത്യത്തിന് അംഗീകാരം നല്‍കിയിരിക്കുന്നു. പള്ളി പൊളിക്കാന്‍ നിയമം കൈയിലെടുത്തവരുടെ 'വിശ്വാസ സങ്കല്‍പ'ത്തിനാണ് കോടതി നിയമസാധുത കല്‍പിച്ചത്.
ചില കാര്യങ്ങളില്‍ മൂന്ന് ജഡ്ജിമാര്‍ക്കും അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും ഒരു പോയിന്റില്‍ മൂവരും ഏകാഭിപ്രായക്കാരാണ്. ബാബരി മസ്ജിദിന്റെ മധ്യ താഴിക്കുടത്തിന് താഴെ, 1949-ല്‍ രാമവിഗ്രഹം സ്ഥാപിച്ച അതേ ഇടം രാമന്റെ ജന്മസ്ഥാനമാണെന്ന് 'ഹിന്ദുക്കള്‍' കരുതുന്നതിന്റെ അടിസ്ഥാനത്തില്‍ അവിടം രാമജന്മസ്ഥലമാണെന്ന തീര്‍പ്പിലാണ് ജഡ്ജിമാര്‍ എത്തിയിരിക്കുന്നത്. പള്ളിയുടെ താഴികക്കുടത്തിനു താഴെയുള്ള സ്ഥലം കൃത്യമായും ശ്രീരാമന്‍ ജനിച്ച ഇടമാണെന്ന് സര്‍വ ഹിന്ദുക്കളും വിശ്വസിക്കുന്നുണ്ടോ, ഇനി അത്തരമൊരു കരുതലിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ മാത്രം ചരിത്ര വസ്തുതകള്‍ക്ക് വില കല്‍പിക്കാതെ ഇത്തരമൊരു വിധി നടത്തുന്നത് ന്യായമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. 16-ാം നൂറ്റാണ്ടില്‍ തുളസീദാസ് രചിച്ച രാമചരിതത്തില്‍ അയോധ്യ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അതിലൊരു സ്ഥലത്തും രാമജന്മ സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കോടതി പരാമര്‍ശിക്കുന്ന രാമജന്മഭൂമിയെ സംബന്ധിച്ച ആ വിശ്വാസമാകട്ടെ, ബി.ജെ.പി, വി.എച്ച്.പി എന്നീ കക്ഷികള്‍ 1980-കളില്‍ നടത്തിയ പ്രചാരണങ്ങളുടെ ഫലമായി പ്രാബല്യം നേടിയ സങ്കല്‍പം മാത്രമാണെന്നും വ്യക്തം.
ഇത്തരം ചില കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും ചരിത്ര വസ്തുതകളെ തിരുത്താന്‍ അവസരം നല്‍കിക്കൂടാ. നിയമവ്യവസ്ഥയില്‍ ഇടപെടാനും അവക്ക് അവസരം നല്‍കരുത്. ബാബരി മസ്ജിദ് നിര്‍മിച്ചത് പഴയൊരു ക്ഷേത്രം പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ക്ക് മീതെയാണെന്ന വാദവും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇതിനാധാരമായി സ്വീകരിച്ച ഉത്ഖനന റിപ്പോര്‍ട്ടിന്റെ സത്യസന്ധത സംശയാസ്പദമാണ്. കാരണം 2003-ല്‍ ബി.ജെ.പി അധികാരത്തിലിരിക്കെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇത്തരമൊരു ഉത്ഖനനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും അക്കാലത്തുതന്നെ ആ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണുണ്ടായത്.
ചിരപുരാതന സംസ്കാരമുള്ള ഇന്ത്യയില്‍ നിരവധി മന്ദിരങ്ങളും കെട്ടിടങ്ങളും മുന്‍കാലങ്ങളില്‍ പൊളിച്ചുനീക്കേണ്ടിവരികയുണ്ടായി. പുതിയ നിര്‍മിതികള്‍ക്കു വേണ്ടി അത്തരം നടപടികള്‍ ആവശ്യമാകാറുണ്ട്. ബുദ്ധവിഹാരങ്ങള്‍ പൊളിച്ച് ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിച്ചിടത്ത് പള്ളികളും പള്ളികള്‍ പൊളിച്ചുമാറ്റി ക്ഷേത്രങ്ങളും പണിതതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാം. അതുകൊണ്ട് 16-ാം നൂറ്റാണ്ടില്‍ ബാബരി മസ്ജിദ് നിര്‍മിക്കാന്‍ പഴയ ക്ഷേത്രം പൊളിച്ചുനീക്കിയാല്‍ പോലും 21-ാം നൂറ്റാണ്ടില്‍ അക്കാര്യത്തിന് നിയമ വ്യവഹാര രംഗത്ത് തെല്ലും പ്രസക്തി ഉണ്ടാകുന്നില്ല. അങ്ങനെ പഴയ സ്ഥലങ്ങളെല്ലാം ചികഞ്ഞെടുക്കാന്‍ മുതിര്‍ന്നാല്‍ നാം എവിടെയാകും അതിന്റെ കാലപരിധി നിര്‍ണയിക്കുക?
19-ാം നൂറ്റാണ്ടില്‍ മുസ്ലിംകളും ഹിന്ദുക്കളും ബാബരി പള്ളി നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമിയില്‍ പ്രശ്നങ്ങളില്ലാതെ ആരാധന നിര്‍വഹിച്ചിരുന്നു. എന്നാല്‍ 1949-ല്‍ രാഷ്ട്രീയ സങ്കുചിത താല്‍പര്യക്കാര്‍ പള്ളിക്കകത്ത് രാമവിഗ്രഹം കൊണ്ടുപോയി സ്ഥാപിച്ചതോടെയാണ് തര്‍ക്കങ്ങള്‍ ആവിര്‍ഭവിച്ചത്. ഇതേ തുടര്‍ന്ന് 1949-ല്‍ ഇരുവിഭാഗത്തിനും അവിടേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ 1986-ല്‍ ഏകപക്ഷീയമായി ഹിന്ദു വിഭാഗത്തിന് അവിടെ ദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു. ഇപ്പോഴിതാ തര്‍ക്കസ്ഥലം മൂന്നായി ഭാഗിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. യുക്തിക്കും നിയമവ്യവസ്ഥക്കും നിരക്കാത്ത ഈ വിധി അപകടകരമാണ്. സുപ്രീം കോടതി ഇടപെട്ട് ആവശ്യമായ ഭേദഗതികള്‍ നടത്താത്ത പക്ഷം ഇതിന്റെ രാഷ്ട്രീയ സാമൂഹിക നിയമപരമായ പ്രത്യാഘാതങ്ങള്‍ അതിഗുരുതരമായിരിക്കും.
(ദ ഹിന്ദു.കോം, 1 ഒക്ടോബര്‍ 2010).


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly