>>വിശകലനം
ആത്മവിശ്വാസത്തോടെ മുന്നോട്ട്
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍
യഥാര്‍ഥത്തില്‍ ഇതൊരു വിധിതീര്‍പ്പല്ല, ഒത്തുതീര്‍പ്പാണ്. 2.77 ഏക്കര്‍ ഭൂപ്രദേശത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട 5 കക്ഷികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കേസിന്റെ മര്‍മം. അതില്‍ 2 പേരുടെ അവകാശവാദങ്ങള്‍ നേരത്തെ തന്നെ തള്ളിപ്പോയിരുന്നു. ഇന്ത്യാ രാജ്യത്ത് നിലവിലിരിക്കുന്ന കൈവശാവകാശ നിയമം മാനദണ്ഡമാക്കി രേഖകളുടെയും ചരിത്ര വസ്തുതകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി കല്‍പിക്കേണ്ടിയിരുന്നത്. അതിനു പകരം അവശേഷിച്ച മൂന്ന് വിഭാഗത്തിനും ഭാഗിച്ചു നല്‍കുക വഴി, ഒരു 'പഞ്ചായത്താക്കല്‍' പരിപാടിയാണ് കോടതി നടത്തിയിരിക്കുന്നത്. പ്രത്യക്ഷമായി ഇതൊരു നല്ല നടപടിയാണെന്ന് തോന്നിക്കുമെങ്കിലും നമ്മുടേതു പോലുള്ള ഒരു സമൂഹത്തില്‍ ദൂരവ്യാപകമായ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിധി നിമിത്തമാകില്ലേ എന്നാശങ്കിക്കേണ്ടിയിരിക്കുന്നു.
ഒന്നാമതായി, 2003-ല്‍ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്ത് നിയോഗിക്കപ്പെട്ട എ.എസ്.ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)യുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പള്ളി നിര്‍മിച്ചത് ഒരു ക്ഷേത്രം തകര്‍ന്നിടത്താണെന്നും അതുകൊണ്ടുതന്നെ അതിന്റെ മേല്‍ ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്കില്ലെന്നും കോടതി പറയുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആ റിപ്പോര്‍ട്ടിന്റെ സാധുതയെ രാജ്യത്തെ പല ചരിത്രകാരന്മാരും അന്നുതന്നെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു എന്ന വസ്തുതയോടൊപ്പം മറ്റൊരപകടം കൂടി ആ വിധി പ്രസ്താവത്തിലുണ്ട്. ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന്റെ അടിയാധാരമായ പരസ്പര വിശ്വാസത്തിന്മേലാണ് കോടതിവിധി കരിനിഴല്‍ വീഴ്ത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രാജ്യം, പലതരം നാശനഷ്ടങ്ങള്‍ക്ക് പലതവണ വിധേയമാകേണ്ടിവന്ന ഈ രാജ്യത്തിന്റെ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നഗരങ്ങള്‍ക്കുമൊക്കെയിടയില്‍ പലതരം അവശിഷ്ടങ്ങള്‍ ഉണ്ടായേക്കാം. മതിയായ പിന്‍ബലമില്ലാതെ അവയൊക്കെയും കോടതി വ്യവഹാരത്തില്‍ പരിഗണിക്കപ്പെട്ടാല്‍ അനിയന്ത്രിതമായ ഒട്ടനേകം പരസ്പര തര്‍ക്കങ്ങള്‍ക്ക് അത്
നിമിത്തമാകും.
രണ്ടാമതായി, ഒരാരാധനാലയം ഒരു ഘട്ടത്തില്‍ കൈയേറ്റം ചെയ്യപ്പെടുന്നു. പിന്നെ ക്രൂരമായി തകര്‍ക്കപ്പെടുന്നു. ശേഷം അവിടം താല്‍ക്കാലിക ക്ഷേത്രം നിര്‍മിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ വെല്ലുവിളിച്ച ഈ സംഭവ പരമ്പരയെക്കുറിച്ച് ഒരക്ഷരം അപലപിക്കാതെയാണ് കോടതി നിലവിലെ തീര്‍പ്പിലെത്തിയത് എന്നതും ആശങ്കാജനകമാണ്. അക്രമണോത്സുകതയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കലായിത്തീരില്ലേ ഇതെന്ന് ആശങ്കപ്പെടണം. മതസ്വാതന്ത്യ്രം, പൌരാവകാശം, സാമൂഹിക നീതി തുടങ്ങിയ ഒട്ടേറെ കൂര്‍ത്ത ചോദ്യങ്ങള്‍ ആ സംഭവ പരമ്പരകള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു.
ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച ആശങ്ക നിറഞ്ഞ വലിയ ചില ചോദ്യങ്ങള്‍ കൂടി ഈ വിധി രാജ്യത്തിനു മുമ്പാകെ ഉന്നയിക്കുന്നുണ്ട്. നമ്മുടെ ദേശീയ മതേതര രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണകൂടങ്ങളെയും, ഭൂരിപക്ഷ വര്‍ഗീയത സൃഷ്ടിക്കുന്ന സമ്മര്‍ദ അന്തരീക്ഷം സ്വാധീനിക്കാറുണ്ട് എന്ന തിരിച്ചറിവ് രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരത്തെ തന്നെ സ്വാനുഭവങ്ങളിലൂടെ തന്നെ ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിനകത്ത് എല്ലാവരുടെയും അവസാനത്തെ അത്താണിയാണ് ജുഡീഷ്യറി. അതേറ്റവും ശക്തമാണ് എന്നതാണതിന്റെ പ്രത്യേകത. ബാഹ്യ സമ്മര്‍ദങ്ങളില്‍നിന്ന് മുക്തമായിരിക്കും അതെന്നാണ് പ്രതീക്ഷ. ഭൂരിപക്ഷ വര്‍ഗീയത ഭീകരമാംവിധം സൃഷ്ടിച്ച ബാഹ്യ സമ്മര്‍ദങ്ങള്‍ കോടതിയെപ്പോലും സ്വാധീനിക്കുന്നുണ്ടോ എന്ന് ഈ വിധി ഉയര്‍ത്തുന്ന മൌലിക പ്രധാനമായൊരു ചോദ്യമാണ്. വളരെ സങ്കീര്‍ണമായ ഒരന്തരീക്ഷത്തിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്. കോടതിയാണ് ഈ പ്രശ്നത്തിലെ അന്തിമ തീരുമാനം കല്‍പിക്കേണ്ടത് എന്ന് പ്രഖ്യാപിച്ചവരാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലിം നേതൃത്വം. പ്രശ്നത്തിന്റെ തുടക്കക്കാലത്ത് തന്നെ സമുദായ നേതൃത്വത്തിന്റെ നിലപാട് അതായിരുന്നു. അത് അനുകൂലമാകട്ടെ, പ്രതികൂലമാകട്ടെ അത് പൂര്‍ണമായും സ്വീകാര്യമാകും എന്നവര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംഘ് പരിവാര്‍ അത്തരമൊരു ഒത്തുതീര്‍പ്പിന് ഒരിക്കലും സന്നദ്ധമായിരുന്നില്ല. എന്നല്ല, ഈ വിഷയത്തില്‍ കോടതി വിധി സ്വീകാര്യമല്ലെന്നും അവര്‍ പ്രഖ്യാപിച്ചു. ആഗസ്റില്‍ പറയേണ്ടിയിരുന്ന വിധി പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. 24-ന് നിശ്ചയിച്ചത് 29-ലേക്ക് മാറ്റി. ഒടുവില്‍ സുപ്രീം കോടതിക്ക് പോലും ഇടപെടേണ്ടിവന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയായിരിക്കണം വിധി ഒരൊത്തുത്തീര്‍പ്പ് ഫോര്‍മുലയായി പരിണമിച്ചത്.
ജുഡീഷ്യറിയെക്കുറിച്ച അവിശ്വാസം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനിച്ചാല്‍ അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിനേല്‍ക്കുന്ന മാരക മുറിവായിരിക്കും. കോടതിക്ക് മുമ്പാകെ വരേണ്ട പ്രശ്നം നീതിയുടേത് മാത്രമാകണം. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. കോടതി നിയമവും ന്യായവും പരിശോധിച്ച് വിധി കല്‍പിക്കുമ്പോഴാണ് രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി അത്തരമൊരു മൂല്യമാണ് നേരത്തെ ഉയര്‍ത്തിപ്പിടിച്ചത്.
കോടതിവിധിയെ രാജ്യം സമാധാനത്തോടെ സ്വീകരിച്ചുവെന്നത് പരക്കെ പുകഴ്ത്തപ്പെടുകയുണ്ടായി. എന്നാല്‍ 'രാജ്യം മുഴുക്കെ' എന്ന് ഒഴുക്കന്‍ മട്ടില്‍ പറയാതെ, സമാധാനം പാലിച്ചവരെക്കുറിച്ച് മൂര്‍ത്തമായി പറയേണ്ടതുണ്ട്. ആര്‍ക്കെതിരായാണോ കോടതി വിധി പ്രഖ്യാപിച്ചത്, അവരാണ് സംയമനവും ക്ഷമയും പാലിച്ചത്. അഥവാ മുസ്ലിം സമൂഹത്തിന്റെ ഭാഗത്തുനിന്നാണ് സംയമനവും സമാധാനവും ഉണ്ടായത്. അതുകൊണ്ട് മുസ്ലിം സമൂഹത്തിന്റെ നിലപാട് വ്യാപകമായി പ്രശംസിക്കപ്പെടേണ്ടിയിരുന്നു. അതുണ്ടായില്ല. എങ്കിലും സമുദായം വിവേകപൂര്‍വം സമാധാനപരമായ നിലപാട് ഭാവിയിലും തുടരണം. എന്നാല്‍ മറ്റൊരു കാര്യം ഉറക്കെ ചോദിക്കേണ്ടതുമുണ്ട്. വിധി ഇപ്പോള്‍ വന്നതിന് വിരുദ്ധമായി മറുകക്ഷിക്ക് എതിരായാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പറയുന്ന 'സമാധാനം' ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നോ എന്ന്?
ബാബരി വിധി രാജ്യം, പ്രത്യേകിച്ചും മുസ്ലിം സമുദായം ഏറെ സംയമനത്തോടെ സ്വീകരിച്ചതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്ന്, നമ്മുടെ ജനാധിപത്യ മതേതര ഘടനക്കകത്തുനിന്നുതന്നെ മുസ്ലിം സമൂഹത്തിനേല്‍ക്കുന്ന ആദ്യ പ്രഹരമല്ല ഈ വിധി. ബാബരി പതനത്തിന്റെ വന്‍ ആഘാതത്തിനു ശേഷം ഗുജറാത്തിലൂടെയാണ് അവര്‍ ഈ വിധിയിലേക്കെത്തുന്നത്. മാനവികമായ ചില പാകപ്പെടലുകള്‍ അവരില്‍ സംഭവിച്ചിട്ടുണ്ട്. അതേപോലെതന്നെ ഒരു പ്രശ്നത്തിന്റെ കാലപ്പഴക്കം അതിനോടുണ്ടാകുന്ന വികാരത്തിന്റെ തീവ്രത കുറക്കുമെന്ന ഒരവസ്ഥയും ഇതിനുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനമായ കാര്യം ഈ കാലയളവില്‍ സമുദായത്തിനകത്ത് ക്രിയാത്മകമായ ഒട്ടനേകം പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് തന്നെയാണ്. വൈകാരിക വിക്ഷോഭങ്ങള്‍ക്കു പകരം ജനാധിപത്യ ഘടനക്കകത്ത് ക്രിയാത്മകമായി ഇടപെടാനും പങ്കുവഹിക്കാനും ഇന്ന് സമുദായം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭരണകൂട സംവിധാനങ്ങളുടെ അതിശക്തമായ മുന്‍കരുതല്‍ നടപടികള്‍ കൊണ്ടാണ്
പ്രശ്നങ്ങള്‍ ഒഴിവായത് എന്ന്
ഏകപക്ഷീയമായി തീരുമാനത്തിലെത്തുന്നത് അതുകൊണ്ട് തന്നെ
അബദ്ധമായിരിക്കും.
ഈ വിധിയോടെ ബാബരിയുടെ അധ്യായം അവിടെ അവസാനിപ്പിച്ചുകൂടേ എന്ന് നിഷ്കളങ്കമായും ആലോചിക്കുന്നവരും ചോദിക്കുന്നവരും ഉണ്ട്. അതില്‍ ചില പ്രശ്നങ്ങളുണ്ട്. ഒന്നാമതായി ഇത് നീതിപൂര്‍വകമായ ഒരു വിധിതീര്‍പ്പാണെന്ന് പറയാന്‍ കഴിയില്ല. ചരിത്ര രേഖകളും നിയമങ്ങളും മുഖവിലക്കെടുത്ത് കോടതി ഒരു വിധിയിലെത്തിയിരുന്നുവെങ്കില്‍ - അത് അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ- നമ്മുക്കതില്‍ ആശ്വസിക്കാമായിരുന്നു. അതേസമയം അപകടകരമായ ഒട്ടനേകം കീഴ്വഴക്കങ്ങള്‍ക്ക് ഈ വിധി വിത്ത് പാകിയേക്കാം. നീതിന്യായ വ്യവസ്ഥയില്‍ തന്നെയാണ് മുസ്ലിം സമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നത്. പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ എന്തു പറയും എന്നാണവര്‍ പ്രതീക്ഷിക്കുന്നത്. അവരുടെ പ്രതീക്ഷക്കൊത്ത് സമുദായ നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ നേതൃത്വത്തില്‍ അവര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടും. പിന്നെ അരാജകത്വമാകും ശിഷ്ടം. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ബാബരി കോര്‍ഡിനേഷന്‍ കമ്മിറ്റിയും പേഴ്സണല്‍ ലോ ബോര്‍ഡും സുന്നീ ബോര്‍ഡുമാണ്. പരമോന്നത നീതിപീഠത്തെ സമീപിക്കുക വഴി ജനാധിപത്യ പ്രവര്‍ത്തനത്തെയാണ് ആത്യന്തികമായി സമുദായം ശക്തിപ്പെടുത്തുന്നത് എന്നതും അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്.
ബാബരി പതനം മുസ്ലിം സമുദായത്തെ ആഭ്യന്തരമായി ഒട്ടനേകം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട് എന്നു കൂടി നാം തിരിച്ചറിയണം. സമുദായം ഒരല്‍പമെങ്കിലും ഗൌരവത്തില്‍ തങ്ങളുടെ അജണ്ടകളെക്കുറിച്ചും ഭാവിയെക്കുറിച്ചും ആലോചിക്കാന്‍ ബാബരി നിമിത്തമായിട്ടുണ്ട്. മുസ്ലിം സമുദായം രാഷ്ട്രീയ പാര്‍ട്ടികളുടെ കേവലം വോട്ട് ബാങ്കും നേതൃത്വം അവരുടെ ചട്ടുകങ്ങളുമായിരുന്നു. ഒരിക്കലും അവസാനിക്കാത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഈ സമുദായത്തിന്റെ മാറാവ്യാധിയായിരുന്നു. അത്തരമൊരുവസ്ഥയെ കുറെയൊക്കെ മറികടക്കാനും പുതിയ രാഷ്ട്രീയ തിരിച്ചറിവുകള്‍ നേടിയെടുക്കാനും ഇത് നിമിത്തമായിട്ടുണ്ടായിരുന്നു. അങ്ങനെയാണ് മുസ്ലിംകള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചത്. പക്ഷേ, ആ രാഷ്ട്രീയ ബോധത്തെ ഫലപ്രദമായി മുന്നോട്ട് നയിക്കാന്‍ പര്യാപ്തമായ ഉള്‍ക്കാഴ്ചയുള്ള വലിയ നേതൃത്വം സമുദായത്തിനില്ലാതെ പോയി എന്നത് വലിയൊരു നഷ്ടം തന്നെയാണ്.
സമുദായത്തിനു മാത്രമല്ല രാജ്യത്തിനു തന്നെയും ഇന്ന് ഉന്നതമായ നേതൃത്വമില്ല. ഉയര്‍ന്ന ഗുണനിലവാരവും ഉള്‍ക്കാഴ്ചയുമുള്ള നേതൃത്വത്തിന്റെ അഭാവം രാജ്യം അനുഭവിക്കുന്ന പൊതു പ്രതിസന്ധിയാണ്.
മുസ്ലിംകള്‍ കോണ്‍ഗ്രസ്സിനെ വിട്ട് സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയ മതേതര പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നെങ്കിലും തങ്ങളുടെ കുടുസ്സായ അജണ്ടകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ നന്മക്കു വേണ്ടി എന്തെങ്കിലും അജണ്ടകള്‍ വികസിപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല.
ബാബരി തകര്‍ന്ന അത്യന്തം കലുഷിതമായ ഒരു സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമി ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) എന്ന വേദി രാജ്യത്തിനു സംഭാവന ചെയ്തത്. രാജ്യത്തിന്റെ ജനാധിപത്യ മതേതര സ്വഭാവം നിലനിര്‍ത്തുന്നതില്‍ മാത്രമല്ല ശക്തിപ്പെടുത്തുന്നതിലും അത് വലിയ ചുവടുവെപ്പുകള്‍ നടത്തുകയുണ്ടായി. വലിയ ആത്മവിശ്വാസമാണ് മുസ്ലിം സമൂഹത്തിന് ലഭിച്ചത്.
രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ആത്മവിശ്വാസത്തോടെ പങ്കെടുക്കാന്‍ മുസ്ലിം സമൂഹത്തിനിനിയും കഴിയണം. എപ്പോഴും മറ്റുള്ളവര്‍ നിര്‍മിച്ചെടുക്കുന്ന അജണ്ടകളില്‍ മാത്രം പ്രതികരിക്കുന്ന ഒരു ആള്‍ക്കൂട്ടമായി ഒതുങ്ങുന്നതിനു പകരം അവര്‍ അവരുടെ അജണ്ടകള്‍ നിര്‍മിക്കണം. അപകര്‍ഷതാ ബോധവും നിരാശയുമില്ലാതെ വലിയ പ്രതീക്ഷയോടെ രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ സമുദായം പങ്കാളിയാവണം. ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തില്‍ അടുത്തുതന്നെ പ്രഖ്യാപിക്കാനിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി രാഷ്ട്രത്തിനും വിശിഷ്യാ മുസ്ലിം സമൂഹത്തിനും ആ അര്‍ഥത്തില്‍ വലിയൊരു മുതല്‍ക്കൂട്ടാകും.