Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>അഭിമുഖം



ബാബരി മസ്ജിദ് നിര്‍മിച്ചത്
ബാബര്‍ തന്നെയോ?

ഷേര്‍ സിംഗ് / റ്റു സര്‍ക്ള്‍സ്.നെറ്റ്
(ബാബരി മസ്ജിദ് യഥാര്‍ഥത്തില്‍ നിര്‍മിച്ചത് ആരായിരുന്നു, പള്ളി പണിയുന്നതിനു മുമ്പ് അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്ന ഹിന്ദുത്വ ലോബിയുടെ വാദത്തില്‍ കഴമ്പുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പഠനഗവേഷണങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയാണ്, മുന്‍ ഐ.എ.എസ് ഓഫീസറായ ഷേര്‍ സിംഗ്. 'സെക്യുലര്‍ എംപറര്‍ ബാബര്‍', 'ബാബരി മസ്ജിദ്' തുടങ്ങിയ ഗവേഷണ പുസ്തകങ്ങള്‍ രചിച്ച ഷേര്‍ സിംഗുമായി 2007 ഡിസംബറില്‍ റ്റു സര്‍ക്കിള്‍സ് .നെറ്റ് (www.twocircle.net)നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍)

താങ്കളുടെ ജീവിത പശ്ചാത്തലം വിവരിക്കാമോ?
എന്റെ ജനനം 1946 ഡിസംബറില്‍. ദലിത് സിക്ക് വംശജനായ ഞാന്‍ ഛണ്ഡീഗറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. 1970-ല്‍ ഇംഗ്ളീഷില്‍ മാസ്റര്‍ ബിരുദം നേടി. 1976-ല്‍ ഐ.എ.എസ്സുകാരനുമായി. സിവില്‍ സര്‍വീസിന്റെ കാര്യമായ ഭാഗവും പശ്ചിമ ബംഗാളിലായിരുന്നു. ദലിത് കുടുംബത്തില്‍ പിറന്നതുകൊണ്ടാകണം ദലിതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരണമെന്ന ശക്തമായ ആഗ്രഹം എനിക്ക് വളരെ നേരത്തേ തന്നെ ഉണ്ടായിരുന്നു. അവരുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അഭ്യുന്നതിക്കു വേണ്ടി ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയായിരുന്നു ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രൂപവത്കരണം.
ബാബരി പ്രശ്നം എങ്ങനെയാണ് താങ്കളുടെ ശ്രദ്ധയാകര്‍ഷിച്ചത്?
എന്റെ തന്നെ ചിന്താരീതിയെ വെല്ലുവിളിച്ച് മുന്നേറാനുള്ള ശീലം എന്റെ ഒരു സവിശേഷതയാണെന്നു പറയാം. എന്നെ ഐ.എ.എസ് ഓഫീസറുടെ പദവിയില്‍നിന്ന് പിരിച്ചുവിട്ട ഘട്ടത്തില്‍ ഞാന്‍ ദുഃഖിച്ച് മൂലക്ക് കുത്തിയിരുന്ന് വിധിയോര്‍ത്ത് കരയാനൊന്നും പോയില്ല. ഞാന്‍ പുതിയ പഠന ഗവേഷണങ്ങളില്‍ മുഴുകി. ജൂതരുടെ കബാല ചിന്താഗതികളില്‍ വരെ എനിക്ക് അവഗാഹം നേടാന്‍ പറ്റി. ഓഹരി വിപണി, അന്താരാഷ്ട്ര ലേല കച്ചവടം എന്നിവയെല്ലാം ഞാന്‍ പഠനവിധേയമാക്കി. ആധുനിക വാണിജ്യ പ്രവണതകളുടെ സ്വഭാവം വളരെ സ്പഷ്ടമായി മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു.
ബാബരി-രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാദകോലാഹലങ്ങള്‍ എന്റെ ചെവികളിലും മുഴങ്ങി. ഹിന്ദു തീവ്രവാദി ഗ്രൂപ്പുകളുടെ കടുത്ത അവകാശവാദങ്ങളും എന്റെ ശ്രദ്ധയില്‍ പതിഞ്ഞു. പ്രശ്നത്തെ ആഴത്തില്‍ പഠനവിധേയമാക്കുക എന്ന ഗവേഷണത്വര എന്റെ മനസ്സില്‍ അങ്കുരിക്കുകയും ചെയ്തു. 1992-ലെ ബാബരി ധ്വംസന സംഭവത്തിനു മുമ്പായിരുന്നു ഇത്. ചരിത്രത്തില്‍ നിന്ന് മിത്തുകളെ ഒഴിവാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന 23 സ്ഥലങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവയില്‍ ഒന്നുപോലും രാമജന്മസ്ഥലമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും പ്രഫസര്‍ സുകുമാര്‍ സെന്‍ ചൂണ്ടിക്കാട്ടിയ കാര്യം നിങ്ങള്‍ക്കറിയുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ രചിച്ച പ്രഫസര്‍ സുനീതി കുമാര്‍ ചാറ്റര്‍ജിയുടെ വസതി അഗ്നിക്കിരയാക്കപ്പെടുകയായിരുന്നു.
രാമജന്മ സ്ഥലം ഏതാകട്ടെ, ബാബര്‍ ചക്രവര്‍ത്തിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നതായിരുന്നു എന്റെ പരിശോധന. ഭാഗ്യവശാല്‍ പ്രഗത്ഭ ചരിത്രകാരനായ ഡോ. ബിശംബരനാഥ് പാണ്ഡെയുമായി ബന്ധപ്പെടാന്‍ എനിക്കവസരം ലഭിച്ചു. ഇന്ത്യയില്‍ ചരിത്ര രചന നിര്‍വഹിക്കപ്പെട്ടത് ബ്രിട്ടന്റെ താല്‍പര്യ പ്രകാരമാണെന്നും ഹിന്ദുക്കളെ മുസ്ലിംകളില്‍നിന്ന് അകറ്റാന്‍ ചരിത്ര പുസ്തകങ്ങളില്‍ അനേകം കള്ളങ്ങള്‍ തിരുകികയറ്റുകയാണുണ്ടായതെന്നും ഗവേഷണങ്ങളിലൂടെ തെളിയിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ നേട്ടം.
ഔറംഗസീബ് ഹിന്ദുവിരുദ്ധ ചക്രവര്‍ത്തിയാണെന്ന ധാരണ ഡോ. ബിശംബരനാഥ് പാണ്ഡെ തിരുത്തി. അമ്പലങ്ങള്‍ പണിയാന്‍ ഫണ്ട് നല്‍കിയ തികഞ്ഞ മതേതരനാണ് ഔറംഗസീബെന്ന് പാണ്ഡെ തെളിയിച്ചു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട എന്റെ ഗവേഷണങ്ങള്‍ക്ക് അദ്ദേഹം ഗൈഡായി വര്‍ത്തിച്ചു. വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ വഴി താങ്കള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒന്നു സംഗ്രഹിക്കാമോ?
ചുരുക്കിപ്പറയാവുന്ന കാര്യങ്ങളല്ല അവ. എങ്കിലും ഏതാനും കണ്ടെത്തലുകള്‍ വ്യക്തമാക്കാം. ബാബര്‍ ചക്രവര്‍ത്തി 1528-ല്‍ അയോധ്യ സന്ദര്‍ശിച്ചുവെന്നും അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിക്കാന്‍ ഉത്തരവിട്ടു എന്നുമാണ് നിലവിലുള്ള പ്രചാരണം. എന്നാല്‍ അദ്ദേഹം അവിടം സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് യഥാര്‍ഥ വസ്തുത. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തുന്ന വ്യക്തിയായിരുന്നു ബാബര്‍. 'തുസ്കെ ബാബരി' എന്ന ആത്മകഥയുടെ ആധാരം ഈ ഡയറിക്കുറിപ്പുകളായിരുന്നു. എന്നാല്‍ ആറുമാസക്കാലത്തെ ഡയറിക്കുറിപ്പുകള്‍ കാണാതാവുകയുണ്ടായി. ഷേര്‍ഷായുമായുള്ള ഹുമയൂണിന്റെ ഏറ്റുമുട്ടല്‍ കാലത്ത് ഈ ഭാഗം നശിക്കാനിടയായെന്നാണ് നിഗമനം. ഡയറിയിലെ നഷ്ടപ്പെട്ട പേജുകളിലാണ് ബാബര്‍ അയോധ്യ സന്ദര്‍ശിച്ച വിവരമുള്ളതെന്ന് തല്‍പര കക്ഷികള്‍ സൌകര്യപൂര്‍വം പ്രചരിപ്പിക്കുകയാണുണ്ടായത്. ബാബറിന്റെ മകള്‍ ഗുല്‍ബദന്‍ ബീഗത്തിന്റെ ഡയറി പരിശോധിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഈ കാലയളവില്‍, തന്നെയും ഉമ്മയെയും ബാബര്‍ അലീഗഢില്‍ സ്വീകരിച്ച കാര്യം ഗുല്‍ബദന്‍ വിശദീകരിക്കുന്നു. മൃഗയാ വിനോദത്തിനായി ബാബര്‍ പ്രസ്തുത മേഖലയില്‍ കറങ്ങുകയായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന അവധ് മേഖല 1030 മുതല്‍ തന്നെ മുസ്ലിം രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു. മുള്‍ത്താനില്‍നിന്ന് എത്തിയ സയ്യിദ് സാലാര്‍ മസ്ഊദ് ഗാസി സ്ഥാപിച്ച രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിയിലായിരുന്നു മേഖല. അവധ് മേഖലയിലേക്ക് തന്റെ സ്വാധീനം വ്യാപിപ്പിക്കുക ബാബറിന്റെ ലക്ഷ്യമായിരുന്നില്ല.
ഉസ്ബെക്കിസ്താനില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായ ഉസ്ബെക് രാജാവ് കൂടിയായ ബാബര്‍ അഫ്ഗാന്‍ വഴി ഇന്ത്യയിലേക്ക് കടന്നു. രാജഭരണം സ്ഥാപിക്കുകയായിരുന്നു ബാബറിന്റെ ലക്ഷ്യം. ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്യുക അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. ക്ഷേത്രങ്ങള്‍ക്ക് യാതൊരു കോട്ടവും വരുത്തരുതെന്ന് അദ്ദേഹം പുത്രന്‍ ഹുമയൂണിന് സദാ ഉപദേശം നല്‍കുമായിരുന്നു. ചുരുക്കത്തില്‍ ബാബര്‍ അയോധ്യ സന്ദര്‍ശിക്കുകയോ ക്ഷേത്രം പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. 'ബാബരി' എന്നറിയപ്പെടുന്ന മസ്ജിദിന്റെ നിര്‍മാണത്തിന് അദ്ദേഹം കാരണഭൂതനായിട്ടുമില്ല.
അപ്പോള്‍ ആ പള്ളി ആരായിരിക്കും നിര്‍മിച്ചിട്ടുണ്ടാവുക? ജ്വാന്‍പൂരിലെ ശര്‍ഖി രാജാക്കന്മാരാണ് യഥാര്‍ഥത്തില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത്. അതും ബാബര്‍ ജനിക്കുന്നതിന്റെ 16 വര്‍ഷം മുമ്പ്. പള്ളിയുടെ നാമഫലകത്തില്‍ നിര്‍മാണ തീയതി പേര്‍ഷ്യന്‍ ലിപികളില്‍ കൊത്തിവെച്ചത് പരിശോധിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. മേഖലയിലെ ഗവര്‍ണറെ പിടികൂടി ശര്‍ഖി രാജാക്കന്മാര്‍ 100 കൊല്ലം അവിടെ ഭരണം നടത്തി. പതിനായിരം പേര്‍ അഞ്ചു വര്‍ഷം അധ്വാനിച്ചാണ് പള്ളി നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണത്തിലേര്‍പ്പെട്ടവര്‍ക്ക് രാജാവ് ദിനേനെ ഭക്ഷണം നല്‍കി. അങ്ങനെ ആ മേഖലയിലെ പട്ടിണി തുടച്ചുനീക്കാനും സാധിച്ചു. ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ ഈ വസ്തുതകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ബാബരി പള്ളിയുടെ തൂണുകള്‍ പണിയുന്നതിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കസൌട്ടി കല്ലുകളെക്കുറിച്ച് കൂടി ഒരു കാര്യം വിശദീകരിക്കേണ്ടതുണ്ട്. പള്ളിനിര്‍മിക്കുന്നതിന് മുമ്പേ അവിടെ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ ഈ കല്ലുകള്‍ ബാബരിയുടെ തൂണുകള്‍ക്കായി ഉപയോഗിച്ചു എന്നാണ് പ്രചാരണം. എന്നാല്‍ ഞങ്ങള്‍ നേരിട്ടു നടത്തിയ കാര്‍ബണ്‍ പരിശോധനയില്‍ ബാബരി മസ്ജിദിന്റെ തൂണിലെ കല്ലുകള്‍ക്ക് 500-ലേറെ വര്‍ഷത്തെ പഴക്കമില്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതേസമയം 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നാണ് ഹിന്ദു വിഭാഗങ്ങളുടെ തന്നെ അവകാശവാദം. ഇരു കാലഘട്ടത്തിലെയും കെട്ടിട നിര്‍മാണ കൂട്ടുകളുടെ കാര്യത്തിലും വളരെ പ്രകടമായ അന്തരം നിലനിന്ന വസ്തുതയും ഇതോടൊപ്പം ഓര്‍മിക്കുക.
താങ്കളുടെ ഗവേഷണ പരിശ്രമങ്ങള്‍ക്ക് അനുമോദനം. താങ്കളുടെ കണ്ടെത്തലുകളെ ആരെങ്കിലും എതിര്‍ക്കുന്നുണ്ടോ?
എന്റെ കണ്ടെത്തലുകള്‍ പ്രമുഖ പത്രങ്ങള്‍ വഴിയാണ് ഞാന്‍ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് അവ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. മാസങ്ങള്‍ കാത്തിരുന്നിട്ടും ആരും ഖണ്ഡന വാദവുമായി രംഗത്തുവന്നില്ല. എന്റെ പുസ്തകങ്ങള്‍ 27 ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു.
പുസ്തകങ്ങള്‍ക്കു നേരെ പിന്നീട് എതിര്‍പ്പുണ്ടാകാന്‍ കാരണം?
1994-ല്‍ പശ്ചിമ ബംഗാളിലെ ഹൈന്ദവ മാര്‍ക്സിസ്റുകള്‍ എനിക്കെതിരെ രോഷപ്രകടനം തുടങ്ങി. ഐ.എ.എസ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു, പുസ്തകങ്ങള്‍ വഴി മുസ്ലിം വികാരങ്ങള്‍ ഉണര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ നിരത്തി എന്നെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ബാബരി പ്രശ്നത്തില്‍ ബി.ജെ.പിക്ക് അപകീര്‍ത്തിയുണ്ടാക്കി എന്ന ആരോപണവും എനിക്കെതിരെ ഉയര്‍ന്നു. ഏകാംഗ അന്വേഷണ കമീഷനെ നിയോഗിച്ച് എനിക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ചമച്ച് അവ സ്ഥിരീകരിപ്പിച്ചു. ഒടുവില്‍ നിയമയുദ്ധത്തില്‍ എനിക്ക് വിജയിക്കാന്‍ കഴിഞ്ഞു. എന്നെ സര്‍വീസില്‍ തിരിച്ചെടുക്കാനും നഷ്ടപ്പെട്ട വര്‍ഷങ്ങളുടെ സീനിയോറിറ്റി നല്‍കാനും തുടര്‍ന്ന് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും പെന്‍ഷനും അനുവദിക്കാനും കല്‍ക്കത്ത ഹൈക്കോടതി വിധി പ്രസ്താവിച്ചു. പിന്നീട് എന്റെ ജീവനു നേരെ പോലും ഭീഷണികള്‍ ഉയര്‍ന്നു. സംവാദത്തിന് മുഖാമുഖം വരാന്‍ ഞാന്‍ പ്രതിയോഗികളെ വെല്ലുവിളിച്ചു. അത്തരമൊരു മുഖാമുഖ ചര്‍ച്ചക്ക് ഒറ്റയാളും നാളിതുവരെ എത്തിയിട്ടില്ല.
താങ്കളുടെ കണ്ടെത്തലിന്റെ അനന്തരഫലം എന്താകും? സാധാരണക്കാരന്റെ സംശയങ്ങള്‍ക്ക് ഇതില്‍ മറുപടി ഉണ്ടോ?
സാധാരണക്കാരെ ഉന്നമിട്ടായിരുന്നില്ല ഞാന്‍ ഗവേഷണങ്ങളില്‍ മുഴുകിയത്. എന്റെ രചനകള്‍ സാമാന്യ ജനങ്ങള്‍ക്ക് ദഹിക്കാന്‍ പ്രയാസകരവുമായിരിക്കും. പി.എച്ച്.ഡിക്കു വേണ്ടിയുള്ള ഗവേഷണ പ്രബന്ധം കണക്കെ പണ്ഡിതന്മാര്‍ക്കു മാത്രമേ അവ വേണ്ടവണ്ണം ഗ്രഹിക്കാന്‍ കഴിയൂ. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങളാണ് ഞാന്‍ പുറത്തുകൊണ്ടുവന്നത്. എന്റെ ഗവേഷണ നിഗമനങ്ങള്‍ പല സങ്കല്‍പങ്ങളുടെയും കടപുഴക്കുന്നു. പണ്ഡിതന്മാരെന്ന് കരുതപ്പെടുന്ന പലരുടെയും നിഗമനങ്ങള്‍ കപടവാദങ്ങള്‍ മാത്രമാണെന്ന് തെളിയിക്കാനും എന്റെ കണ്ടെത്തലുകള്‍ക്ക് സാധിച്ചു.



Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly