>>ചരിത്രം
അയോധ്യാ വിധിയുടെ
ചരിത്ര വിശകലനം
റൊമീലാ ഥാപ്പര്‍
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അലഹബാദ് ഹൈക്കോടതിയുടെ അയോധ്യാ വിധി. ഒരു ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുക്കാമായിരുന്ന തീരുമാനമാണീ വിധിയില്‍ പ്രതിഫലിക്കുന്നത്. പൊളിച്ച പള്ളിയുടെ സ്ഥാനത്തെ ക്ഷേത്ര നിര്‍മാണം, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നിവയാണ് ഈ പ്രശ്നത്തിന്റെ മര്‍മങ്ങള്‍. മതസ്വത്വങ്ങള്‍ക്ക് കൂടി ഇടമുള്ള സമകാലിക രാഷ്ട്രീയവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു വിധി, ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്ന അവകാശവാദം നിലനില്‍ക്കുകയുമാണ്. എന്നാല്‍ പ്രസ്തുത വിധി പുറത്ത് വന്നപ്പോള്‍ ഈ ന്യായം അവഗണിക്കപ്പെട്ടുവെന്നതാണ് വസ്തുത.
ദൈവികമോ അര്‍ധ ദൈവികമോ ആയ ശക്തി ജന്മംകൊണ്ട സ്ഥലത്ത് ജനനത്തെ ഓര്‍ക്കാന്‍ ഒരു പുതിയ ക്ഷേത്രം പണിയാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദുവിശ്വാസപരമായ അവകാശത്തിനനുഗുണമായ പ്രതികരണമാണീ വിധി. തങ്ങളുടെ ന്യായത്തിനനുസൃതമായ തെളിവുകളുടെ അഭാവത്തില്‍ ഇത്തരമൊരു വിധി നീതിപീഠത്തില്‍നിന്നും ആരും പ്രതീക്ഷിച്ചതായിരുന്നില്ല. രാമനെ
ദേവനെന്ന നിലയില്‍ ഹൈന്ദവര്‍ തീവ്രമായി ആരാധിക്കുന്നുണ്ട്. എന്നാല്‍ സുപ്രധാന ചരിത്ര പൈതൃകത്തെ തകര്‍ത്ത് ഒരു ഭൂപ്രദേശം കൈയടക്കാനും ജന്മസ്ഥലത്തിന്റെ പേരില്‍ ഭൂവുടമസ്ഥത അവകാശപ്പെട്ടുമുള്ള തര്‍ക്കത്തിന്റെ കോടതിവിധിയില്‍ ഇതൊരു ന്യായീകരണമാകുമോ?
എ.ഡി 12-ാം നൂറ്റാണ്ടില്‍ അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വിധി അവകാശപ്പെടുന്നത്. പള്ളി നിര്‍മിക്കാന്‍വേണ്ടി പിന്നീട് തകര്‍ക്കപ്പെടുകയായിരുന്നുവത്രെ. തദ്വാരാ പുതിയ ഒരു ക്ഷേത്രം നിര്‍മിക്കാനുള്ള നൈയാമിക ന്യായമാവുകയായിരുന്നുവത്. നിരവധി പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനങ്ങളും അന്വേഷണങ്ങളും പൂര്‍ണമായി സ്വീകരിക്കപ്പെടുകയായിരുന്നു. അഭിപ്രായാന്തരങ്ങളുള്ള ഒരു വൈജ്ഞാനിക വിഷയമായിരിക്കെ നിസ്സാരഭാവത്തില്‍ ഒരു അഭിപ്രായത്തെ മാത്രം സ്വീകരിക്കുകയെന്നത് കോടതിവിധിയുടെ വിശ്വസ്തതയെയാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിന്റെയും അവകാശവാദങ്ങളുടെ ചരിത്രപരതയുടേതുമാണ് പ്രശ്നം എന്നിരുന്നിട്ടും ഒരു ജഡ്ജി പ്രസ്താവിച്ചത് ഇപ്രകാരമാണ്: "ഞാന്‍ ഒരു ചരിത്രകാരനല്ലാത്തത് കൊണ്ട് ചരിത്രപരമായ തെളിവുകള്‍ അന്വേഷിക്കേണ്ടതില്ല. മാത്രവുമല്ല, ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ചരിത്രവും പുരാവസ്തു ഗവേഷണങ്ങളും ഒട്ടും അനിവാര്യവുമല്ല.''
പള്ളി നിര്‍മിക്കപ്പെട്ടത് ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രേരണയാല്‍ ക്ഷുഭിതരായ ജനക്കൂട്ടം ദുരുപദിഷ്ഠിതമായി അത് തകര്‍ക്കുകയായിരുന്നു. വിധിയുടെ സംഗ്രഹത്തില്‍ പോലും നമ്മുടെ പൈതൃകത്തിന് നേരെയുള്ള ഈ കടന്നാക്രമണവും അന്യായമായ പള്ളി തകര്‍ക്കലും അപലപനീയമാണെന്ന പരാമര്‍ശമില്ല. പുതിയ ക്ഷേത്രത്തിന്റെ വിശുദ്ധ ഇടം പള്ളിയുടെ അവശിഷ്ടങ്ങള്‍ നിന്നിരുന്ന സ്ഥലത്താണ്. പുതിയ ക്ഷേത്ര നിര്‍മാണത്തിന് ന്യായീകരണമായ ക്ഷേത്ര തകര്‍ച്ചയെ (എന്ന് കരുതപ്പെടുന്ന) അപലപിച്ച് കോടതി തന്ത്രപൂര്‍വം പള്ളിയുടെ തകര്‍ച്ചയെക്കുറിച്ച് നിശ്ശബ്ദത പാലിച്ച് കേസിന്റെ പുറത്ത് പ്രസ്തുത വിഷയത്തെ പ്രതിഷ്ഠിക്കുകയായിരുന്നു.
രൂപപ്പെട്ട പുതിയ കീഴ്വഴക്കം
നീതിന്യായ വ്യവസ്ഥയില്‍ പുതിയ കീഴ്വഴക്കമാണ് ഈ വിധി രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സാമുദായിക സംഘത്തിനും തങ്ങള്‍ ആരാധിക്കുന്ന ദേവന്റെയോ ദൈവിക ഉണ്‍മയുടെയോ പേരില്‍ ഏത് ഭൂപ്രദേശത്തിന്റെയും അവകാശവാദമുന്നയിക്കാം എന്ന് സാരം. തര്‍ക്കം നിലനില്‍ക്കുന്നിടങ്ങളിലും തങ്ങള്‍ക്കിഷ്ടപ്പെടുന്ന ഭൂപ്രദേശം കാണുന്നിടങ്ങളിലും ഇത്തരം ഒരുപാട് ജന്മസ്ഥലങ്ങള്‍ ഇനി രൂപംകൊള്ളും. ദുരുദ്ദേശ്യത്തോടെ ചരിത്ര പൈതൃകങ്ങള്‍ തകര്‍ക്കുന്നത് അപലപിക്കപ്പെടാതിരുന്നാല്‍ ഇത്തരം അരുതായ്മകള്‍ തുടരുന്നതില്‍നിന്ന് എന്താണ് ജനങ്ങളെ തടയുക? ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത് പോലെ, ആരാധനാ സ്ഥലങ്ങളുടെ നിരന്തരമായ മാറ്റത്തിനെതിരായ 1993ലെ നിയമനിര്‍മാണം പൂര്‍ണമായും നിര്‍വീര്യമായികൊണ്ടിരിക്കുയാണ്.
ചരിത്രത്തില്‍ സംഭവിച്ചതെന്തോ അത് സംഭവിച്ചു. അത് മാറ്റാന്‍ സാധിക്കുകയില്ല. എങ്കിലും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും അവലംബനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാക്കി പാഠം ഗ്രഹിക്കാവുന്നതാണ്. സമകാലിക രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞ കാലത്തെ മാറ്റുക നമുക്ക് സാധ്യമല്ല. ഈ വിധി ചരിത്ര വസ്തുതകളുടെ പ്രാധാന്യത്തെ നിരാകരിച്ച്, തത്സ്ഥാനത്ത് മതവിശ്വാസത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങള്‍ കേവല വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലല്ല, നീതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന ആത്മവിശ്വാസം രൂപപ്പെടുത്താന്‍ കഴിയുമ്പോഴാണ് സമാധാനപൂര്‍ണമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുക.
(ദ ഹിന്ദു, 2 ഒക്ടോബര്‍ 2010)