>>നിരീക്ഷണം
അങ്ങനെ നാം കൂടുതല്‍ മുരത്ത
വര്‍ഗീയവാദികളെ ഉണ്ടാക്കും
എ. റശീദുദ്ദീന്‍
തര്‍ക്കഭൂമിയെ കുറിച്ച വിധിന്യായം എന്താവുമെന്ന് മുന്‍കൂട്ടി വിലയിരുത്തിയതില്‍ മുസ്ലിം സമൂഹത്തിന് അബദ്ധം പറ്റിയോ? ചെറിയൊരു വിലപേശലെങ്കിലും അവര്‍ക്ക് ബാക്കി നിര്‍ത്താമായിരുന്നില്ലേ? വിശ്വാസത്തിന്റെ കാര്യം പോലും കോടതിവിധിയുടെ ഭാഗമായത് അവരുടെ സാധുത്വം കൊണ്ടല്ലേ? തര്‍ക്കത്തിലുള്‍പ്പെട്ടവര്‍ക്ക് ഭൂമി പങ്കുവെക്കുക, പക്ഷേ ചരിത്രത്തെ കുറിച്ച വിശ്വാസങ്ങള്‍ ഏറ്റുപിടിക്കാതിരിക്കുക. അങ്ങനെയെങ്കില്‍ ഈ കേസില്‍ എല്ലാവരും ജയിക്കുമായിരുന്നു, തോല്‍ക്കേണ്ട കാര്യങ്ങള്‍ തോല്‍ക്കുകയും ചെയ്യുമായിരുന്നു. ഗുണ്ടായിസത്തെ ജയിപ്പിച്ചു വിട്ട് അതിനെ ഒത്തുതീര്‍പ്പെന്നു വിളിക്കുമ്പോള്‍ നമ്മുടെ വരുംതലമുറയുടെ ഭാവിയിലേക്ക് ശുദ്ധ അരാജകത്വത്തെയല്ലേ കോടതി കുടം തുറന്നുവിട്ടത്? ചരിത്രം എന്നത് സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളാണ്. അതിലെ തെറ്റും ശരിയും പില്‍ക്കാലത്ത് വിലയിരുത്തുന്ന ആനമണ്ടത്തം അവിടെ നില്‍ക്കട്ടെ, അതിലെ ശരി എന്നു വിളിക്കപ്പെട്ട കാര്യം രണ്ട് വിഭാഗം വക്കീലന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയായിരുന്നോ തീരുമാനിക്കപ്പെടേണ്ടിയിരുന്നത്? ചരിത്രപരമായി രാമന്‍ എന്തായിരുന്നുവെന്നും അയോധ്യ എവിടെയായിരുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കുകയും എന്നാല്‍ പ്രയോഗികമായി ഒരു പോംവഴി നിര്‍ദേശിക്കുകയുമല്ലേ കോടതി ചെയ്യേണ്ടിയിരുന്നത്?
വിധിക്കു ശേഷം മുസ്ലിംകള്‍ കാഴ്ചവെച്ച സമചിത്തതയോടെയുള്ള പെരുമാറ്റം പൊതുസമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടെങ്കിലും നീതിവാഴ്ചയുടെ വഴിയില്‍ അസാധാരണമായ പ്രത്യാഘാതങ്ങളാണ് അവരെ കാത്തിരിക്കുന്നത്. പൊതുമനസ്സാക്ഷിയുടെ അളവും തരവും നോക്കി വിധി പറയുന്ന പ്രവണതക്ക് ശക്തി കൂടുകയാണ്. ഒരേ സമയത്ത് കോടതിയിലെ നിയമ നടപടികളും അങ്ങാടിയിലെ ബഹളവും ഏറ്റവും ഭംഗിയായി നടത്താനറിയുന്നവര്‍ക്കാണ് അന്തിമ വിജയമെന്ന പുതിയ തത്ത്വമാണ് നിയമവാഴ്ചയെ വിഴുങ്ങാന്‍ പോകുന്നത്. മുസ്ലിംകളുടെ വിധേയത്വമാണ് രാജ്യത്തിന്റെ നന്മയെന്ന സംഘ്പരിവാറിന്റെ പഴയ മുദ്രാവാക്യം കാലഘട്ടത്തിന്റെ പൊതു നിലപാടായി മാറുകയാണോ?. വാക്കുകള്‍ മയപ്പെടുത്തി എന്നല്ലാതെ മുസ്ലിംകള്‍ രണ്ടാംതരം പൌരന്മാരാണെന്നും ഭൂരിപക്ഷ വികാരത്തിനെതിരെ അവര്‍ക്കിവിടെ നീതിയും ന്യായവുമൊന്നും ആവശ്യമില്ലെന്നുമുള്ള അതേ സംഘ്പരിവാര്‍ തത്ത്വം തന്നെയാണ് കോണ്‍ഗ്രസും ഇന്ന് മുന്നോട്ടു വെക്കുന്നത്.
അദ്വാനി വരെ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നത് കണ്ടിട്ടും അകപ്പെട്ട ബന്തിയിലൂടെ ഏതറ്റംവരെ ഓടാനാവുമെന്ന് ഇപ്പോഴും സമുദായത്തിനു തിരിഞ്ഞിട്ടില്ല. അതേ വായ കൊണ്ട് ഇപ്പോള്‍ അദ്വാനി പറഞ്ഞു തുടങ്ങി; '92-ലെ രഥയാത്ര ശരിയായിരുന്നുവെന്ന്. സുപ്രീംകോടതി കൂടി കേസ് തള്ളുമ്പോള്‍ അന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പറയുമായിരിക്കും, പള്ളിപൊളിച്ച വകയില്‍ തനിക്ക് മുന്‍കാല പ്രാബല്യത്തില്‍ ഭാരതരത്നം ബഹുമതി കൂടി നല്‍കണമെന്ന്.
എല്‍.കെ അദ്വാനി സമാധാന ആഹ്വാനം പുറപ്പെടുവിച്ചപ്പോഴേ വിധി ഏതുപക്ഷത്തേക്കാണ് ചായാന്‍ പോകുന്നതെന്ന വ്യക്തമായ സൂചന വരുന്നുണ്ടായിരുന്നു. ഒരു പ്രത്യേക ജഡ്ജി വിധി പറയണമെന്ന വി.എച്ച്.പിയുടെ പിടിവാശിയിലും ദുസ്സൂചനകള്‍ അടങ്ങിയിരുന്നു. ആ ജഡ്ജിയുടെ വിധി പിന്നീട് നിര്‍ണായകമാവുകയും ചെയ്തു. ആര്‍ക്കിയോളജി കേസില്‍ 2003-ല്‍ വാദം കേട്ട ജഡ്ജിമാരില്‍ ഖേം കരണും എസ്.ആര്‍ ആലവും ഭംവര്‍ സിംഗും ബെഞ്ചു മാറിയപ്പോഴും റിട്ടയര്‍ ചെയ്തപ്പോഴും ആരും ഇങ്ങനെയൊരു വാദം ഉന്നയിച്ചിരുന്നില്ലല്ലോ. മുസ്ലിംകള്‍ക്കും തങ്ങള്‍ക്കുമിടയില്‍ നിര്‍മോഹി അഖാര ഒത്തു തീര്‍പ്പുണ്ടാക്കാന്‍ അവസാനവട്ടം ശ്രമം നടത്തിയതും കേസിന്റെ ഗതിവിഗതികളെ കുറിച്ച കൃത്യമായ സൂചന പുറത്തു വിടുന്നുണ്ടായിരുന്നു. ഇതഃപര്യന്തമുള്ള കേസിന്റെ നാള്‍വഴി ഓര്‍മയിലുള്ളതുകൊണ്ടു മാത്രമാണ് വി.എച്ച്.പിക്കെതിരെ അവസാനഘട്ടത്തില്‍ അഖാരയെ വിശ്വസിക്കാന്‍ മുസ്ലിംകള്‍ മടിച്ചത്. അതേസമയം ഉടമസ്ഥാവകാശം പോലെ ഏതുപക്ഷത്തേക്കും ചായാമായിരുന്ന ഒന്നായിരുന്നില്ല ഉദ്ഖനനത്തിലെ കണ്ടെത്തലുകള്‍. അത് സൂര്യന്‍ കിഴക്കുദിക്കുന്നതു പോലെയുള്ള കൃത്യമായ ശാസ്ത്രശാഖയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ വാദമുഖങ്ങള്‍ രൂപം കൊണ്ട പശ്ചാത്തലത്തെ മറച്ചു പിടിച്ച്, അതിലെ വസ്തുതകളെ കുറിച്ച മറുവശം പൂര്‍ണമായും അവഗണിച്ച്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആധികാരികതയെയും വിശ്വാസ്യതയെയും അങ്ങാടിയില്‍ ചര്‍ച്ചക്കുവെച്ച്, എല്ലാറ്റിനുമുപരി അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യയുടെ പുരാവസ്തു ശാസ്ത്ര മേഖലയെ പരിഹാസ്യമായി കണക്കിലെടുക്കാനാവുന്ന സാഹചര്യമുണ്ടാക്കി സംരക്ഷിക്കേണ്ട ഒന്നായിരുന്നോ മതവിശ്വാസം എന്ന് കോടതി ഓമനപ്പേരിട്ട വി.എച്ച്.പിയുടെ തിണ്ണമിടുക്ക്?
രേഖകളും പ്രമാണങ്ങളും ഉള്ളേടത്തോളം കാലം കേസ് തങ്ങള്‍ മാത്രമേ ജയിക്കാന്‍ പോകുന്നുള്ളുവെന്ന് മനപ്പായസമുണ്ട് നടന്ന മുസ്ലിം സമുദായം ഈ ദുരവസ്ഥക്ക് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല. അവര്‍ പൊതുസമൂഹത്തില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല. അതല്ലെങ്കില്‍ അവരുടെ പേരില്‍ ഉണ്ടാക്കപ്പെടുന്ന എല്ലാ ചലനങ്ങളും പ്രതിലോമകരമായി മാറുന്നു. 'ഷണ്ഡന്‍ കടുവകളാണ്' രാഷ്ട്രീയമായി മുസ്ലിം സമുദായത്തെ നയിക്കുന്നത്.
മതേതരത്വം എട്ടിലെ പശുവായ സമാജ്വാദി മുതല്‍ ആര്‍.ജെ.ഡി വരെയുള്ള സോഷ്യലിസ്റ് പ്രസ്ഥാനങ്ങള്‍ ജന്മം കൊള്ളാനിടയായ കേസായിരുന്നു ഇത്. ബാബരി മസ്ജിദിനോടൊപ്പം തകര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ടുബാങ്കാണ് ഉത്തരേന്ത്യയിലെ മിക്ക പ്രബല രാഷ്ട്രീയ സംഘടനകള്‍ക്കും ബീജാവാപം നല്‍കിയത്. ബാബരി മസ്ജിദ് രാഷ്ട്രീയത്തിലൂടെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്ത ഈ സംഘടനകള്‍ ഇന്ന് വെറും ജാതിക്കോമരങ്ങളായി അധഃപതിച്ചിരിക്കുന്നു. ബാബരി മസ്ജിദ് വിഷയത്തിലെന്നല്ല ഒരു വിഷയത്തിലും അവര്‍ക്ക് മുസ്ലിം സമൂഹത്തെ നയിച്ച് തെരുവിലിറങ്ങാന്‍ കഴിയുന്നില്ല. മുസ്ലിം സമൂഹം കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ചെയ്യാത്ത കുറ്റങ്ങള്‍ക്ക് വേട്ടയാടപ്പെട്ടപ്പോള്‍ തങ്ങളുടെ വോട്ടുബാങ്കിനെ അതത് ജാതിമേഖലകളിലേക്ക് ശക്തിപ്പെടുത്തുന്ന തന്ത്രമായിരുന്നു ഇക്കൂട്ടര്‍ സ്വീകരിച്ചു വന്നത്. സോഷ്യലിസത്തിന്റെ ഭാഗമായിട്ടു പോലും വായ തുറക്കണമെങ്കില്‍ 'ഭൂരിപക്ഷ വികാരം' കണക്കിലെടുക്കേണ്ട ദയനീയതയിലേക്ക് ഇതവരെ കൊണ്ടെത്തിച്ചു. ഇന്ന് ഹിന്ദുവോട്ടിനെ ഭയപ്പെട്ടു കൊണ്ടുമാത്രം വായ തുറക്കേണ്ട അവസ്ഥയാണ് എല്ലാ മതേതര പ്രസ്ഥാനങ്ങളെയും പിടികൂടിയിരിക്കുന്നത്.
മുസ്ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കഴിഞ്ഞ കുറെക്കാലമായി മാധ്യമങ്ങള്‍ വരച്ചിടുന്ന ഒരു പൊതു ചിത്രം നമ്മുടെ മുമ്പിലുണ്ട്. ഏറ്റവും ഹീനമായ ആരോപണങ്ങളില്‍ പോലിസ് കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഏറ്റവും ദൌര്‍ഭാഗ്യകരമായ രീതിയില്‍ സാങ്കേതികത്വം പ്രയോഗിക്കപ്പെടുകയും ഏറ്റവുമധികം കാലം വിചാരണ തടവുകാരായി ജയിലില്‍ കഴിയുകയും ഏറ്റവുമൊടുവില്‍ നിരുപാധികം വിട്ടയക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒന്നൊന്നായി എടുത്ത് പരിശോധിക്കുക. ഇവയിലെല്ലാം പ്രതികള്‍ മുസ്ലിംകള്‍ ആയിരുന്നു. എന്തുകൊണ്ട് ഈ അനീതികള്‍ക്കെതിരെ ശബ്ദിച്ചു കൂടാ? ഇക്കൂട്ടത്തിലെ ഏറ്റവും നെറികെട്ട നാടകങ്ങളിലൊന്ന് കഴിഞ്ഞ മാസം മാത്രമാണ് പൂണെയില്‍ നടന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി അഭിനവ് ഭാരതിന്റെ തലയിലിരുന്ന ജര്‍മന്‍ ബേക്കറി കേസ് ഒടുവില്‍ ഏതോ രണ്ട് ഇന്റലിജന്‍സ് ഒറ്റുകാരുടെ തലയില്‍ വെച്ചുകെട്ടി ആര്‍.ആര്‍ പാട്ടീലും കൂട്ടരും കൈകഴുകി. കാരണം വെരി സിമ്പിള്‍! ശിവസേനയെ ഇനിയും പിണക്കാനാവില്ലായിരുന്നു. അദ്വാനിയുടെ കാലത്ത് തുടങ്ങിയ ഒരു ആഭാസ നാടകത്തിന്റെ ഭാഗമായി പാവപ്പെട്ട മുസ്ലിം യുവാക്കളെ ഭീകരതയുടെ ചാപ്പകുത്തി നാടൊട്ടുക്കു വെടിവെച്ചിടുകയും ചത്ത പന്നികളെ പോലെ കുഴിച്ചിടുകയും ചെയ്യുമ്പോള്‍ കസേര കിട്ടിയതും അല്ലാത്തതുമായ ഏതെങ്കിലും സമുദായ നേതാവിന് കഴിഞ്ഞോ ചെറുവിരലെങ്കിലും അനക്കാന്‍? ആ വിധേയത്വത്തിന് അവര്‍ ഉള്ളിലെവിടെയോ ന്യായം കണ്ടെത്തി. പാകിസ്താനിലെ ലശ്കറെ ത്വയ്യിബയുമായി അബദ്ധവശാല്‍ ഇവരാരെങ്കിലും ബന്ധം വെച്ചിട്ടുണ്ടാകാം. അതുകൊണ്ടാവാം പോലീസ് 'ഏറ്റുമുട്ടിയ'ത്! പക്ഷേ കേസുകളുടെ തനിനിറം ഒന്നൊന്നായി പില്‍ക്കാലത്ത് പുറത്തുവരുമ്പോള്‍ മോഹന്‍ ഭഗവതാണ് നിലവില്‍ സമാധാനത്തെ കുറിച്ച് പ്രസംഗിക്കേണ്ടി വരുന്നതെന്നോര്‍ക്കുക. ബോംബു സ്ഫോടന നാടകം ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയമായി തോറ്റുപോകുമെന്ന് അവര്‍ പോലും ഭയപ്പെടുന്നുണ്ട്. പൊളിച്ച പള്ളിയുടെ കാര്യം അവിടെ നില്‍ക്കട്ടെ, പണ്ട് ദലിതനെ കൊണ്ട് ശിലാന്യാസത്തിന് സിമന്റിടീച്ചതു പോലെ രാമക്ഷേത്രത്തിന്റെ കല്ലിടാന്‍ ഒരു മുസ്ലിം ചെല്ലണമെന്നു കൂടി അങ്ങോര്‍ പറയുന്നുണ്ട്!
തലച്ചോറിനകത്ത് ആര്‍.എസ്.എസ്സിന്റെ കീടബാധയേറ്റ ഒരുകൂട്ടം ഉദ്യോഗസ്ഥരും അവര്‍ പടച്ചുണ്ടാക്കിയ കൂലിത്തല്ലുകാരുമായിരുന്നു ഇത്രയും കാലം ഇന്ത്യന്‍ തെരുവുകളില്‍ ബോംബു സ്ഫോടനം നടത്തിവന്നത്. പക്ഷേ വളരെ കൃത്യമായി മുകളില്‍ നിന്ന് ഈ സംഭവങ്ങള്‍ നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും സൈന്യത്തിലെയും ചില കള്ളനാണയങ്ങളും ആര്‍.എസ്.എസ്സും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഈ ശൃംഖല ചുരുങ്ങിയത് അടുത്ത ബി.ജെ.പി ഭരണം വരെയെങ്കിലും നിര്‍ജീവമായിരിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീകരാക്രമണങ്ങള്‍ ആറിത്തണുത്തതിന്റെ കാരണം ഈ ശൃംഖല തകര്‍ന്നതല്ലേ? അല്ലാതെ മുസ്ലിംകള്‍ക്ക് 'കാരണങ്ങള്‍' ഇല്ലാഞ്ഞിട്ടല്ലല്ലോ. എന്തായാലും രാമക്ഷേത്രം പുതിയൊരു കാരണമാക്കിയിട്ട് ഇക്കൂട്ടര്‍ക്കും അവരുടെ തലതൊട്ടപ്പന്മാര്‍ക്കും ഒരു രാഷ്ട്രീയ ലാഭവുമില്ല. രാമക്ഷേത്രത്തിന്റെ വരുംകാല രാഷ്ട്രീയ സാധ്യതകള്‍ ഏറ്റുമുട്ടലിലല്ല മറിച്ച് അനുരജ്ഞനത്തിലാണെന്ന് സംഘ്പരിവാര്‍ തിരിച്ചറിയുന്നുണ്ട്. പല കാരണങ്ങളാണ് അതിനുള്ളത്. സമൂഹത്തില്‍ ഈ പ്രശ്നം വീണ്ടും ഏറ്റുമുട്ടലുകള്‍ക്കും കുഴപ്പങ്ങള്‍ക്കും വഴിയൊരുക്കിയാല്‍ കോടതിയായിരിക്കും ചിലപ്പോള്‍ അയോധ്യയില്‍ ക്ഷേത്രം പണിയുക. വി.എച്ച്.പിയും അഖാരയും കോണ്‍ഗ്രസും സമാജ്വാദിയും സി.പി.എമ്മും എല്ലാം ഉള്‍പ്പെട്ട സര്‍വകക്ഷി സംഘത്തെ ഇക്കാര്യം ചുമതലപ്പെടുത്തിക്കൂടെന്നുമില്ല. ചക്കരക്കുടം ഒറ്റക്കു ഭുജിക്കണമെങ്കില്‍ 'ഓം ഭുര്‍ ഭുവസ്വഹേ...' എന്ന മന്ത്രം തന്നെയാണ് നല്ലത്. അത് മോഹന്‍ ഭഗവത് തിരിച്ചറിയുന്നുമുണ്ട്.
ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ് രാജ്യത്തെ മതാന്ധരുടെ വ്യാജ റിപ്പബ്ളിക്കായി പരിവര്‍ത്തിപ്പിക്കുന്ന നാടകങ്ങളാണ് അറിഞ്ഞോ അറിയാതെയോ അരങ്ങേറുന്നത്. സംഘ്പരിവാറിന്റെ അജണ്ടകളാണ് ലക്ഷ്യം, അതിലേക്കുള്ള മാര്‍ഗം യുദ്ധമായാലും സമാധാനമായാലും. സംഘികളെ നാണക്കേടിലൂടെ മറികടക്കുക എന്നല്ലാതെ രാജ്യത്തിന്റെ അജണ്ടയനുസരിച്ച് പ്രശ്നങ്ങളെ നേരിടാന്‍ മന്‍മോഹന് ഒരു ത്രാണിയും ഇല്ലെന്ന് വ്യക്തമായിരിക്കുന്നു. മുസ്ലിം രാക്ഷസവല്‍ക്കരണത്തിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിലാണല്ലോ മൂപ്പരുടെ കളി. പുള്ളിപ്പുലിയുടെ ദേഹത്തെ പാട് മായാറില്ലെന്ന് പറയുന്നതു പോലെയാണ് അദ്വാനിയുടെ കാര്യം. വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു കോടതിയുടെ പരുന്തും തങ്ങള്‍ക്കു മേലെ പറക്കാന്‍ പോകുന്നില്ലെന്ന് പരസ്യമായി പ്രസ്താവനയിറക്കിയ ഇക്കൂട്ടരാണ് വേറൊരു സുപ്രഭാതത്തില്‍ നിയമവാഴ്ചയുടെ ജയജയ പാടാന്‍ തുടങ്ങിയത്. ആവൂ, ഒടുവിലെങ്കിലും അവര്‍ നല്ലനടപ്പു ജാമ്യത്തിലേക്കു വരുന്നുണ്ടെന്നും ഇത്രയും കാലം കാണിച്ച തണ്ടുതപ്പിത്തരം ഇനിയുണ്ടാവില്ലെന്നും ഇന്ത്യയിലെ സമാധാനമാഗ്രഹിക്കുന്ന പൊതുജനത്തിന് തെറ്റിദ്ധാരണ തോന്നുന്നുണ്ടാവും. സുപ്രീംകോടതി വിധി അഥവാ എതിരെയാവട്ടെ, അപ്പോഴറിയാം ബി.ജെ.പിയുടെ തനിനിറം. ഈ കളിയില്‍ ബി.ജെ.പി അധികം നേട്ടമുണ്ടാക്കുന്നു എന്നു തോന്നുമ്പോഴേ കോണ്‍ഗ്രസ് ഇനി മതേതരത്വം പ്രസംഗിക്കാനിടയുള്ളൂ. രാമക്ഷേത്രത്തെ സുപ്രീംകോടതിയും ശരിവെക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ഉള്ളാലെ ആഗ്രഹിക്കുന്നുണ്ടാവുക. അപ്പോഴേ കളി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ചുരുങ്ങുകയുള്ളൂ. രാമക്ഷേത്രം നല്ല നിലയില്‍ നിര്‍മിക്കപ്പെട്ടു കാണണമെന്നത് പൊതു വികാരമാകുന്നതോടെ ഏറ്റുമുട്ടലും പോര്‍വിളിയും ബി.ജെ.പിക്ക് കൂടുതല്‍ അയിത്തമുണ്ടാക്കും. മുലായവും മായാവതിയുമൊക്കെ ക്യാന്‍വാസിന്റെ അറ്റത്തേക്കു ചുരുങ്ങും. രാമക്ഷേത്രത്തെ കോടതി അന്തിമമായി അംഗീകരിച്ചാല്‍ രണ്ടുതരം വോട്ടും രണ്ടു തരം ഹിന്ദുക്കളുമേ ഇന്ത്യയിലുണ്ടാകൂ. ഒന്ന് മൃദു ഹിന്ദുത്വവാദികള്‍, പക്ഷേ കച്ചവടക്കാര്‍. അവരെ നമുക്ക് രാഹുല്‍ ഗാന്ധിയുടെ തലമുറ എന്നും വിളിക്കാനാവും. രണ്ടാമത്തേത്ത് തീവ്രവാദികള്‍, പക്ഷേ സിദ്ധാന്തവാദികള്‍. കളിയില്‍ രാമന് അമിതമായ പ്രാധാന്യം വന്നാല്‍ തീവ്രവാദികള്‍ക്ക് കട്ടയും പടവും മടക്കുകയല്ലാതെ നിവൃത്തിയുണ്ടാവില്ല. അല്ലെങ്കില്‍ അവര്‍ക്കു കളിക്കാന്‍ രാജ്യം ബാക്കിയുണ്ടാവില്ല.
ബീഹാറിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഈ കോടതിവിധി തീര്‍ച്ചയായും ദൂരവ്യാപകമായ അനുരണനങ്ങളുണ്ടാക്കും. ഒരുപക്ഷേ ലാലുപ്രസാദ് യാദവിന് നിധീഷ് കുമാറിനെതിരെ കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഇത് വഴിയൊരുക്കും. വിശ്വാസത്തെ കുറിച്ച ചര്‍ച്ച വീണ്ടും തെരുവിലേക്കു പോകുമ്പോള്‍ നിധീഷ് നോക്കിയിരിക്കുമോ? മോഡിയെ ചൊല്ലി ബി.ജെ.പിയുമായി വഴക്കിട്ടു നില്‍ക്കുന്ന അദ്ദേഹത്തിന് ഇനി മോഡിയുടെ പാദുകം പൂജിക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വരും. ഭിന്ന വിരുദ്ധമായ വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമായിരിക്കില്ല ഇത്. കോടതികളില്‍ 13 ശതമാനം ജനത്തിന് വിശ്വാസം ഇല്ലാതാവുകയും 87 ശതമാനത്തിന്റേത് കുത്തനെ ഉയരുകയും ചെയ്യുന്ന മട്ടില്‍ കൃത്രിമമായി നിര്‍മിക്കപ്പെടുന്ന ഒരുതരം ടെലിവിഷന്‍ അഭിപ്രായവോട്ടെടുപ്പുമല്ല നമ്മുടെ മുമ്പിലുള്ള പ്രശ്നം. അദ്വാനി തൊട്ട് വി. മുരളീധരന്‍ വരെയുള്ള ബി.ജെ.പി നേതാക്കള്‍ മുന്‍കാലപ്രാബല്യത്തോടെയാണ് തെറ്റുകളെ ന്യായീകരിക്കുന്നത്. നീതിവാഴ്ചയില്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളെ മൊത്തത്തില്‍ നിരാശരാക്കുകയും ഒപ്പം മതേതരത്വത്തില്‍ വിശ്വസിച്ച് ബി.ജെ.പിയെ എതിര്‍ത്തുപോന്ന സാധാരണക്കാരായ ഹിന്ദുക്കളെ കൂടുതല്‍ വലതുപക്ഷത്തേക്ക് ആകര്‍ഷിക്കുകയുമാണ് ഇപ്പോഴത്തെ കോടതിവിധി ചെയ്യുന്നത്. മറുപക്ഷത്ത് അഴകൊഴമ്പന്‍ ലാലുമാരും മുലായമുമാരും മണ്ഡലങ്ങളുടെ കാനേഷുമാരിക്കണക്കനുസരിച്ച മതേതരത്വ 'നിലപാടുകള്‍' സ്വീകരിക്കുക കൂടി ചെയ്യുന്നതോടെ മുരത്ത വര്‍ഗീയത മാത്രമാവും ആന്തരികമായി ശക്തിപ്പെടുന്നത്. ഈ കോടതിവിധി മറ്റൊന്നും രാജ്യത്തിന് ചെയ്യാന്‍ പോകുന്നില്ലെന്നര്‍ഥം.