>>വിശകലനം
രാമന് ജന്മഭൂമി
ബാബര്‍ക്ക് മിച്ചഭൂമി
ജി.പി രാമചന്ദ്രന്‍
ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് വിധിക്കു തൊട്ടു മുമ്പു വരെ, കേന്ദ്ര സര്‍ക്കാര്‍ പോലും ഭയപ്പെട്ടിരുന്നു. അപ്രകാരം ഒന്നും സംഭവിക്കാത്തതില്‍ സമാധാനവാദികള്‍ വളരെയധികം ആശ്വാസം കൊള്ളുന്നുണ്ട്. എന്നാല്‍, സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട് നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍, ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ആത്യന്തികമായി ഊട്ടിയുറപ്പിക്കുകയാണോ ചെയ്യുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. പ്രമുഖ ഡോക്യുമെന്ററി ചലച്ചിത്രകാരനായ ശുഭ്രദീപ് ചക്രവര്‍ത്തി (ഗോധ്ര തക്ക്: ദ ടെറര്‍ ട്രെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍), ബലാത്സംഗം ചെയ്ത പുരുഷന് ഇരയെ ദാനം ചെയ്യുന്നതു പോലുള്ള ഒന്നാണ് ഹൈക്കോടതി വിധി എന്നാണഭിപ്രായപ്പെട്ടത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്?
കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരുപാട് സമ്മര്‍ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല. കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് തര്‍ക്കപ്രദേശമായ 2.77 ഏക്കറിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു. ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലിം സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍ നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി ശ്രമിച്ചതെന്ന് കാണാം. അങ്ങനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക് ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാഷിസ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലേ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതിവിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍എസ്.എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്കരിക്കുകയും പുരാണത്തെ ചരിത്രവത്കരിക്കുകയും വിശ്വാസത്തെ വസ്തുതാവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?
മാത്രമല്ല, 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഹൈക്കോടതിക്ക് ഇത്തരമൊരു വിധി പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നോ? അഥവാ, ഇതേ വിധി തന്നെയാണ് തകര്‍ക്കാത്ത ബാബരി മസ്ജിദ് നിലനില്‍ക്കുമ്പോഴും വിധിക്കുന്നതെങ്കില്‍, അതു തന്നെ പള്ളി പൊളിക്കുന്നതിനുള്ള ഒരുത്തരവായി മാറുമായിരുന്നു. അപ്പോള്‍, പള്ളി പൊളിച്ചു നീക്കിയിരിക്കുന്നു എന്ന ചരിത്ര വസ്തുതയെ പ്രഖ്യാപിക്കാതെ തന്നെ കണക്കിലെടുത്തുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ വിധി എന്നതാണ് വാസ്തവം. 8500 പേജുകളെഴുതാമെങ്കില്‍, പള്ളി പൊളിച്ച കാര്യവും അതിനെ തുടര്‍ന്ന് ഈ വസ്തു വ്യവഹാരത്തര്‍ക്കത്തില്‍ കോടതിയുടെ നിലപാടും വിശദീകരിക്കാമായിരുന്നു. അതല്ല, പള്ളി പൊളിച്ചത് പരാമര്‍ശിക്കാതെ തന്നെ ഈ വിധി പുറപ്പെടുവിക്കണമായിരുന്നെങ്കില്‍, പള്ളി പൊളിച്ചതു സംബന്ധിച്ച് കോടതിയില്‍ നിലവിലുള്ള കേസ് വിധിയാവുന്നതു വരെ ഈ കേസിലും കോടതിക്ക് കാത്തുനില്‍ക്കാമായിരുന്നു. പത്തറുപതു കൊല്ലം ഇല്ലാതിരുന്ന ധൃതി ഇപ്പോഴെവിടെ നിന്നു വന്നു? കോടതിവിധി സമാധാനത്തിനുതകണം എന്നു കരുതുന്നവര്‍, അതിത്തിരി കൂടി നീളുന്നതിലും അപാകത കാണേണ്ടതില്ലല്ലോ. ദേശീയ അപമാനം എന്നാണ് 1992 ഡിസംബര്‍ ആറിന്റെ പ്രവൃത്തിയെ സുപ്രീം കോടതി അതിന്റെ 1994-ലെ വിധിയില്‍ വിശേഷിപ്പിച്ചത്. കേവലം ഒരു പഴയ കെട്ടിടം മാത്രമല്ല പൊളിക്കപ്പെട്ടിരിക്കുന്നത്. നീതിനിര്‍വഹണം എന്ന ഘടകത്തിലും ഭൂരിപക്ഷ സമുദായത്തിന്റെ മിതത്വത്തോടെയുള്ളതും കാര്യകാരണസഹിതമായതുമായ മനോഭാവത്തിലുമുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസമാണ് ഇതോടെ ഇല്ലാതായത്.
ദൈവത്തിലും പുരാണത്തിലുമുള്ള വിശ്വാസം എന്ന ഘടകത്തെയാണ് കോടതി അടിസ്ഥാനമാക്കി കണക്കാക്കിയിരിക്കുന്നത് എന്നതാണ് ആധുനിക മനുഷ്യരെ ആശങ്കാകുലരാക്കുന്നത്. തെളിവുകളുടെ ശേഖരം, വസ്തുതകള്‍ എന്നിവക്കു മേല്‍ വിശ്വാസത്തിന് സ്ഥാനമുണ്ട് എന്ന് ഉന്നതമായ ആധുനികതയും പരിഷ്കൃത ചിന്തയും ഉയര്‍ത്തിപ്പിടിക്കേണ്ട കോടതി തന്നെ വിധിക്കുന്നു എന്നു വരുന്നത് ഉത്ക്കണ്ഠാകുലമാണ്. ദൈവത്തിന്റെ കോടതി എന്നത് മത/ദൈവ വിശ്വാസികള്‍ക്കിടയിലുള്ള ഒരു സങ്കല്‍പമാണ്. അതിനെ സമചിത്തതയോടെയും സമഭാവത്തോടെയും പരിഗണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, മനുഷ്യരുടെ കോടതി മനുഷ്യരുടേത് തന്നെയായിരിക്കണം. അതില്‍ ദൈവങ്ങള്‍ കക്ഷി ചേരുന്നു എന്നൊക്കെ പ്രഖ്യാപിക്കുന്നത് അസംബന്ധജടിലമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന ധാരണയിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക. വളരെ അപകടകരമായ ഒരു കീഴ്വഴക്കമായിരിക്കും ഈ വിധിയുടെ സ്ഥാപനത്തിലൂടെ നിര്‍വഹിക്കപ്പെടുക. സുപ്രീം കോടതി അത് വേണ്ട വിധം തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘ്പരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും. എന്നാല്‍, കോടതിവിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ലിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ലിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ലിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മാണം ഇനി 'നിയമാനുസൃത'മായി തന്നെ പൂര്‍ത്തിയാക്കാന്‍ സംഘ്പരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക ഉദാരവത്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹറാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ലിംകളുടെ ചോര പുറകെ നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി. ജെ.പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷേ ഇനിയും മുന്നേറാനായേക്കും.
പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചിടത്താണ് പള്ളി പണിതിരിക്കുന്നത് എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2003-ലെ പര്യവേക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നു എന്നാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക പര്യവേക്ഷണ നിഗമനത്തെ നിരവധി പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും വിശദമായ തെളിവുകളോടെ അന്നു തന്നെ ചോദ്യം ചെയ്തിരുന്നതാണ്. അതൊക്കെ മറവിയിലേക്ക് തള്ളിക്കൊണ്ടോ, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ടോ ആണ് കോടതി എ.എസ്. ഐയുടെ നിഗമനത്തെ ഉയര്‍ത്തിക്കാട്ടുന്നത്. വിശ്വാസവും പുരാവസ്തു ഗവേഷണവും നീതിയും ചേര്‍ന്നുണ്ടാക്കിയ ഒരു വ്യാജത്രികോണത്തിലൂടെ ഹിന്ദുത്വാധിനിവേശ രാഷ്ട്രീയത്തിന് സാധൂകരണവും ന്യായീകരണവുമുണ്ടാക്കാനുള്ള തന്ത്രം മാത്രമാണീ വിധി എന്ന് പല സെക്യുലറിസ്റുകളും ഇതിനകം അഭിപ്രായപ്പെട്ടു കഴിഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായക പ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട അക്രമിസംഘം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പോലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ.എഫ്. എസ്.പി.എ) 1958-ല്‍ തന്നെ പാസ്സാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!
ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീപാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം, മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയും അടക്കം ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായ പൌരാണിക കെട്ടിടങ്ങളൊക്കെ തകര്‍ക്കപ്പെടുന്നതിലേക്ക് നയിക്കുക എന്ന വിപരിണാമം എത്ര മാത്രം അശ്ളീലമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.