>>നിയമം
നീതിപീഠത്തെ സ്വാധീനിക്കുന്ന ഭൂരിപക്ഷ വികാരം
രാജീവ് ധവാന്‍
പ്രീണന രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി ചരിത്രത്തില്‍ ഇടമുള്ളയാളാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നെവില്‍ ചാംബര്‍ലൈന്‍.
1938-ല്‍ ഹിറ്റ്ലര്‍ ചെകോസ്ളവോക്യ കീഴടക്കിയതിനെ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിച്ചുകൊണ്ട് അദ്ദേഹം അവകാശപ്പെട്ടത്, അന്തസ്സ് നഷ്ടപ്പെടാതെ സമാധാനം കൊണ്ടുവന്നുവെന്നായിരുന്നു. അയോധ്യ വിഷയത്തിലെ കോടതി വിധി രാജ്യത്ത് ശാന്തിയും സമാധാനവും കൊണ്ടുവന്നുവെന്നാണ് സംഘ്പരിവാറും പറയുന്നത്. പക്ഷേ, അന്തസ്സുള്ളതാണോ ഈ സമാധാനം? സ്വാതന്ത്യ്രാനന്തര ഇന്ത്യ കണ്ട ഏറ്റവും മികച്ച വിധിയാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹൈന്ദവ ഭൂരിപക്ഷത്തിന് കീഴടങ്ങുകയാണ് കോടതി ചെയ്തതെന്ന് മറ്റു ചിലര്‍.
കോടതി പരിഗണിച്ച അഞ്ചു കേസുകളും (ഹിന്ദുക്കളുടെ നാലും മുസ്ലിംകളുടെ ഒന്നും) അതിന്റെ സ്വഭാവം കൊണ്ട് വൈപുല്യമുള്ളവയാണ്. ഹിന്ദുക്കളുടെ ഭാഗത്തുനിന്നുള്ള ഒരു കക്ഷി ഭഗവാന്‍ ശ്രീരാമനെ പ്രതിനീധീകരിക്കുന്നവരായിരുന്നു. ആരാധനാ മൂര്‍ത്തികളെ കേസില്‍ കക്ഷികളായി ചേര്‍ക്കാമെന്നാണ് ആംഗ്ളോ-ഹിന്ദു നിയമം. ദൈവങ്ങളുടെ പേരില്‍ ധാരാളം ഭൂമിയുള്ളതിനാല്‍ അത്തരം സ്വത്തുക്കളുടെ നിയന്ത്രണം കൈവിട്ടുപോകരുതെന്ന് ബ്രിട്ടീഷുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു.
പതിനായിരം പേജുകളുള്ളതാണ് കോടതി വിധി. സാക്ഷി മൊഴികള്‍ അമ്പരപ്പിക്കുന്നതാണ്. മുസ്ലിംകളുടെ ഭാഗത്തുനിന്നുള്ള 28 സാക്ഷികളുടെ മൊഴികള്‍ മാത്രം 3,348 പേജുകള്‍ വരും. ഹിന്ദുക്കളുടെ ഭാഗത്തുനിന്നുള്ള 52 സാക്ഷികളുടേത് ഏഴായിരത്തോളം പേജുകളും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ ഖനനവുമായി ബന്ധപ്പെട്ട് എട്ട് മുസ്ലിംകളുടെയും നാലു ഹിന്ദുക്കളുടെയും സാക്ഷി മൊഴികള്‍ വേറെ. പഴയകാല സഞ്ചാരികള്‍, ശില്‍പികള്‍, ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഇംപീരിയല്‍ ഗസറ്റിയര്‍ എന്നിവയും സാക്ഷിപ്പട്ടികയില്‍ പെടുന്നു. തെളിവുകളായി അവതരിപ്പിക്കപ്പെട്ട ഇവയില്‍ വലിയൊരു ഭാഗം ഊഹങ്ങളായിരുന്നു. മണ്‍മറഞ്ഞ ചിലരുടെ കൃതികള്‍, ഏകപക്ഷീയങ്ങളായിട്ടും തെളിവുകളായി ഉന്നയിക്കപ്പെട്ടു. ഹിന്ദുക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന വാദം ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രമാണെന്നും ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലെന്നുമാണ് മുസ്ലിംകള്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇതായിരുന്നു വസ്തുതയും.
തെളിവുകളുടെയും സാക്ഷിമൊഴികളുടെയും കൂമ്പാരവുമായി മല്ലിട്ട മൂന്നു ജഡ്ജിമാരും പക്ഷേ, വിഷയത്തിന്റെ മര്‍മം കണ്ടില്ല. ലാഹോറിലെ പ്രസിദ്ധമായ നൌലാഖ ബസാറിലെ ശാഹിദ് ഗഞ്ചില്‍ 1722-ല്‍ ഒരു മുസ്ലിം പള്ളിയുണ്ടായിരുന്നു. 1762-ല്‍ സിഖുകാര്‍ ലാഹോര്‍ അധീനപ്പെടുത്തിയപ്പോള്‍ പള്ളി ഗുരുദ്വാരയാക്കി മാറ്റി. 1849-ല്‍ ലാഹോര്‍ ബ്രിട്ടീഷ് ഭരണത്തില്‍ ചേര്‍ക്കുമ്പോഴും പള്ളി സിഖുകാരുടെ കൈവശമായിരുന്നു. 1855-ല്‍ പ്രിവ്യൂ കൌണ്‍സില്‍ സിഖുകാര്‍ക്ക് അനുകൂലമായി വിധിക്കുക മാത്രമല്ല, ഇതൊരു തര്‍ക്ക വിഷയമായി തുടരുന്നത് ശരിയല്ലെന്നും ആറു പേജ് വരുന്ന വിധിന്യായത്തില്‍ ഏകകണ്ഠമായി രേഖപ്പെടുത്തി. 1925-ല്‍ സിഖ് ഗുരുദ്വാരാസ് ആക്റ്റ് പാസ്സാക്കിയതോടെ ശാഹിദ് ഗഞ്ചിലെ പള്ളി സിഖുകാരുടേതായി മാറി. ഇന്ന് പാകിസ്താനിലാണെങ്കിലും വിഭജനത്തിനുശേഷവും അത് അവ്വിധം തന്നെ നിലനില്‍ക്കുന്നു. ബാബരി കേസില്‍ വിധി നല്‍കിയ മൂന്നു ജഡ്ജിമാര്‍ക്കും ഭൂമിയുടെ കാര്യത്തില്‍ മേല്‍വിധി മാതൃകയാക്കാമായിരുന്നു. ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്ക് നല്‍കുകയും 1949-നും 1961-നുമിടയില്‍ നിയമനടപടി സ്വീകരിച്ചില്ലെന്നതുകൊണ്ട് മുസ്ലിംകള്‍ക്ക് ഉടമസ്ഥാവകാശം നഷ്ടപ്പെടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. എന്നാല്‍ ജഡ്ജിമാരില്‍ ആര്‍ക്കും ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ തോന്നിയില്ല.
ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ളതാണെങ്കിലും സ്വത്ത് ഭാഗം വെക്കലുമായി ബന്ധപ്പെട്ട കേസായാണ് ജസ്റിസുമാരായ എസ്.യു ഖാനും സുധീര്‍ അഗര്‍വാളും ഇതിനെ സമീപിച്ചത്. കേസിലെ കക്ഷികളിലാരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല. രണ്ട് സമുദായങ്ങള്‍ക്കുള്ള വീതംവെക്കലുമല്ല ഇവിടെ നടന്നത്. മൂന്നാമതൊരു ഭാഗം നിര്‍മോഹി അഖാരക്കും നല്‍കിയിരിക്കുന്നു. ജസ്റിസ് ധരംവീര്‍ ശര്‍മ വീതംവെപ്പിനുപോലും തയാറല്ല. ഭൂമിയുടെ ഒരു ഭാഗത്തിനും മുസ്ലിംകള്‍ അര്‍ഹരല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തുറന്ന ഭൂമിയില്‍ ഒരിടവും അവര്‍ക്ക് പ്രാര്‍ഥനക്ക് നല്‍കരുതെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ നിലപാട്. ഭൂമിയുടെ ഉടമസ്ഥാവകാശമാണ് പ്രധാന പ്രശ്നമെന്നിരിക്കെ, ബാബര്‍ പള്ളി പണിത തര്‍ക്കഭൂമി മുസ്ലിംകളുടേതാണെന്നതിന് തെളിവുകളില്ലെന്ന ജസ്റിസ് ഖാന്റെ പ്രസ്താവന അനുചിതമാണ്. അതേസമയം, ഹിന്ദു ക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പള്ളി നിര്‍മിക്കുമ്പോള്‍ അതൊരു ഒഴിഞ്ഞ സ്ഥലമായിരുന്നു.
തര്‍ക്കസ്ഥലം രാമജന്മസ്ഥാനാണെന്നും ഹിന്ദുക്കളുടെ വിശ്വാസം അങ്ങനെയായതിനാല്‍ അതവരുടേതാണെന്നുമുള്ള നിലപാടാണ് ജസ്റിസ് അഗര്‍വാള്‍ സ്വീകരിച്ചത്. ഭൂമി വിഭജിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഉദാരത കാട്ടി. മൂന്നിലൊന്ന് മുസ്ലിംകള്‍ക്ക് വിട്ടുകൊടുക്കാന്‍ തയാറായി. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും അഖാരക്കും സ്വതന്ത്രമായി പ്രവേശിക്കാവുന്ന വിധത്തിലായിരിക്കണം വിഭജനമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സ്വത്ത് വിഭജനമായി പരിവര്‍ത്തിക്കപ്പെടുന്നത് നിയമ ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും. ഏതോ കാലത്ത് ഇരു സമുദായങ്ങളും തോളോടു തോള്‍ ചേര്‍ന്ന സമാധാനത്തോടെ പ്രാര്‍ഥന നിര്‍വഹിച്ചിട്ടുണ്ടെന്നും ഇരു മതക്കാര്‍ക്കുമിടയില്‍ സഹവര്‍ത്തിത്വം ഉണ്ടായിരുന്നുവെന്നുമുള്ള നിരീക്ഷണമാണ് ഈ വിധിയില്‍ പ്രതിഫലിക്കുന്നത്. ഹിന്ദുക്കളുടെ വികാരവും ഇരു സമുദായങ്ങളും തമ്മില്‍ ഒരുമയോടെ പ്രാര്‍ഥന നടത്തിയിരുന്നുവെന്നുമുള്ള നിരീക്ഷണവും ഭൂമി തര്‍ക്കത്തില്‍ മാനദണ്ഡമാക്കിയാല്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഭാവിയില്‍ അവരുടെ ആരാധനാലയങ്ങള്‍ നഷ്ടപ്പെടുകയായിരിക്കും ഫലം. മറുവിഭാഗം അവകാശവാദം ഉയിക്കുന്ന എത്രയോ സംഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജഡ്ജിമാര്‍ ചരിത്രകാരന്മാരോ പുരാവസ്തു ഗവേഷകന്മാരോ ആവരുത്. അംഗീകരിക്കപ്പെടുന്ന തെളിവുകളല്ല കോടതി പരിഗണിച്ചത്. 1526-ല്‍ പള്ളി പണിയുമ്പോള്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന എ.എസ്.ഐ റിപ്പോര്‍ട്ട് അശാസ്ത്രീയമാണ്. ഇതിലൂടെ കോടതി മുസ്ലിംകള്‍ക്ക് അവിടെ പ്രാര്‍ഥന വിലക്കപ്പെട്ടതാക്കിയിരിക്കുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സംഘ്പരിവാറിന്റെ ചെയ്തിക്ക് നിയമ പരിരക്ഷ നല്‍കുകകൂടി ചെയ്യുന്നുണ്ട് വിധി.
പള്ളി തകര്‍ത്തത് ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ കുമ്പസരിക്കുന്നു. വെറുപ്പിന്റെ തത്ത്വശാസ്ത്രം വിളമ്പിയാണ് അവര്‍ രാഷ്ട്രീയം കെട്ടിപ്പടുത്തതെങ്കിലും സംഘ്പരിവാറിന്റെ ചരിത്രപരമായ പ്രതിക്രിയാ വാദം ഇപ്പോള്‍ എങ്ങോ പോയിമറഞ്ഞിരിക്കുന്നു. നീതിപീഠങ്ങള്‍ ഭൂരിപക്ഷ വികാരത്തിന്റെ പേരില്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയും ന്യൂനപക്ഷത്തിന്റെ നിയമപരമായ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്നതാണോ ഇന്ത്യയുടെ മതേതര നീതിവാഴ്ചയെന്ന് ജനം ആശങ്കിക്കുന്ന സാഹചര്യം ആപല്‍ക്കരമാണ്. മുസ്ലിംകളുടെ പള്ളിയും ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥനക്കുള്ള അവകാശവും അംഗീകരിച്ചുകൊണ്ട് അനുരഞ്ജനത്തിനായി ഇരു സമുദായങ്ങള്‍ക്കും വിട്ടുകൊടുക്കാമായിരുന്നു. അതിനു പകരം ദുര്‍ഘടം പിടിച്ച വിധിന്യായമാണ് നമുക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒരുപക്ഷേ സുപ്രീം കോടതിക്ക് ഈ വിഷമസന്ധി തരണം ചെയ്യാനും നീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ തീരുമാനം കണ്ടെത്താനും കഴിഞ്ഞേക്കാം. എല്ലാ ആരാധനാലയങ്ങള്‍ക്കും 1947 ആഗസ്റ് 15-ലെ സ്റാറ്റസ്കോ നിലനിര്‍ത്തി 1991-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം തുടര്‍ങ്ങോട്ട് എല്ലാവരും മാനിക്കുകയും വേണം. ദൈവികതയുടെ പേരിലുള്ള വേണ്ടാവേലകളും തെറ്റായ ആദര്‍ശങ്ങളും സംശയകരമായ നിയമങ്ങളും രാജ്യത്തിന്റെ ഭാവിക്ക് നല്ലതല്ല.
(സുപ്രീം കോടതിയിലെ മുതിര്‍ന്ന
അഭിഭാഷകനാണ് ലേഖകന്‍)