>>വിശകലനം
അസംബന്ധങ്ങളുടെ
തനിയാവര്‍ത്തനം
എം.സി.എ നാസര്‍
ചരിത്രം, ഉടമസ്ഥാവകാശ രേഖകള്‍, പ്രമാണങ്ങള്‍-ഇവയൊന്നും ബാബരി മസ്ജിദിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ പരിഗണനയില്‍ അശേഷം വന്നില്ല. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട വാദപ്രതിവാദങ്ങളുടെ ആകത്തുക ഈ അസംബന്ധ വിധിയാണ് എന്നു വരുമ്പോള്‍ വലിയൊരു ദുരന്തം പൂര്‍ത്തിയാവുകയാണ്.
ചരിത്രബോധം ഒട്ടും തൊട്ടുതീണ്ടാതെ, വിശ്വാസം, ഐതിഹ്യം, കെട്ടുകഥകള്‍ എന്നിവയെ കോടതി എത്ര ആവേശത്തോടെയാണ് വാരിപ്പുണരുന്നതെന്ന് നോക്കുക. രാമന്‍ പിറന്നു വീണത് കൃത്യമായും പള്ളിയുടെ മിഹ്റാബ് നിലനിന്ന അതേ സ്ഥലത്തു തന്നെയാണെന്ന് സ്ഥാപിക്കാനുള്ള രണ്ട് ജഡ്ജിമാരുടെ ആവേശം നോക്കുക. ഹൈന്ദവ വിശ്വാസം എന്ന പേരില്‍ പൊതുസ്വീകാര്യത പകര്‍ന്ന് സംഘ്പരിവാര്‍ വാദത്തിന് ആധികാരികത പണിയാന്‍ ധൃതിപ്പെടുകയായിരുന്നു ഇരുവരും. ദശരഥ മഹാരാജാവിന്റെ മകനായി രാമ ഭഗവാന്‍ പിറന്നു വിണത് പള്ളിയുടെ 1,482.5 ചതുരശ്ര അടി വിസ്തൃതിയില്‍ തന്നെയാണെന്ന് വിശ്വാസത്തിന്റെ ബലത്തില്‍ ഉറപ്പിച്ചു പറയാന്‍ ജസ്റിസുമാരായ സുധീര്‍ അഗര്‍വാളിനും ഡി.വി ശര്‍മക്കും ഒരു മടിയും ഉണ്ടായില്ല. 900,000 വര്‍ഷങ്ങള്‍ക്കപ്പുറം ത്രേതായുഗ കാലത്തു തന്നെയാണ് രാമ പിറവി നടന്നതെന്ന കാര്യത്തിലും ഇവര്‍ക്ക് തര്‍ക്കമില്ല. കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്ന ഉറപ്പുള്ളതു കൊണ്ടാകും രാമന്റെ പിറവി അന്വേഷിക്കാന്‍ നിയമസംവിധാനങ്ങള്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്ന് പറഞ്ഞ് സുധീര്‍ അഗര്‍വാള്‍ വിധി അവസാനിപ്പിച്ചതും.
പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ മറുയുക്തിയും അദ്ദേഹം
ഉയര്‍ത്തുന്നു. ക്രിസ്തുവിന്റെയോ മുഹമ്മദ് നബിയുടെയോ പിറവി സംബന്ധിച്ച വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്യാന്‍ ശ്രമിക്കുമോ? സ്വര്‍ഗാരോഹണം നടത്തിയ പ്രവാചകന്‍ അല്‍ അഖ്സ മസ്ജിദില്‍ വിശ്രമിച്ചുവെന്നാണ് മുസ്ലിം വിശ്വാസം.
അതില്‍ ഇതുവരെ ആരെങ്കിലും
സംശയം പ്രകടിപ്പിച്ചിരുന്നോ?
രാമന്‍ പിറന്നു വീണ സ്ഥലം കൃത്യമായി പള്ളിയുടെ മിഹ്റാബ് പരിസരം തന്നെയാണെന്ന വാദത്തെ യുക്തിയുടെ ബലത്തില്‍ നേരിടാന്‍ ശ്രമിച്ചത് ജസ്റിസ് എസ്.യു ഖാന്‍ മാത്രം. ഭൂമിക്ക് ആവശ്യക്കാര്‍ തീരെ കുറഞ്ഞ ഒരു കാലത്ത് ദശരഥ രാജാവിന്റെ കൊട്ടാരത്തില്‍ ഇത്രയും ഇടുക്കമുള്ള ഒരു സ്ഥലത്തു തന്നെ രാമന്‍ പിറന്നു വീണു എന്നു കരുതുന്നത് ശരിയാണോ? - അദ്ദേഹം ചോദിക്കുന്നു.
പാരമ്പര്യവും ഹിന്ദുവിശ്വാസവും എല്ലാവിധ സംശയങ്ങള്‍ക്കും അതീതമാണെന്ന് ഡി.വി ശര്‍മ പറയുന്നതോടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുന്നു.
ബാബരി മസ്ജിദിന്റെ കാര്യത്തില്‍ നീതിനിഷേധം പോലെ തന്നെ വിധിനിഷേധവും ഒരു തുടര്‍ക്കഥയാണ്. ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസത്തോട് ചേര്‍ന്നു നിന്നു പോകാനും അതിന് ഇല്ലാത്ത ആധികാരികത കല്‍പിക്കാനും മുമ്പും കീഴ് കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ ആരംഭിച്ച ക്രിമിനല്‍ നിയമ നടപടികളുടെ എല്ലാ ഘട്ടങ്ങളിലും ഈ നിര്‍ലജ്ജത നാം കണ്ടു. ജില്ലാ മജിസ്ട്രേറ്റും മലയാളിയുമായ കെ.കെ നായരുടെ ആശീര്‍വാദത്തോടെ 1949 ഡിസംബര്‍ 23-ന് രാമവിഗ്രഹം(രാംലല്ല) പള്ളിക്കകത്ത്
ഒളിച്ചു കടത്തുകയായിരുന്നുവെന്ന
സത്യം ലഖ്നൌ ബെഞ്ചിന്റെ വിധി
ശരിവെക്കുന്നുണ്ട്. എന്നാല്‍ ആ ക്രിമിനല്‍ നടപടിയെയും വിശ്വാസത്തിന്റെ മറ കൊണ്ട് സംരക്ഷിക്കാനാണ്
ശ്രമം നടന്നത്.
പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ച ഘട്ടത്തില്‍ അന്നത്തെ കേന്ദ്രമന്ത്രി വി.ബി പട്ടേല്‍ യു.പിയിലെ
ജി.ബി പന്തിനെഴുതിയ കത്തില്‍
ഇങ്ങനെ കുറിച്ചു: "തെറ്റായ വസ്തുതതകളെ രമ്യമായ പ്രശ്ന പരിഹാരത്തിന്റെ വഴിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കരുത്.''
എന്നാല്‍ അന്നും ഇന്നും നിയമ സംവിധാനങ്ങള്‍ പോലും ശ്രമിച്ചത് തെറ്റായ വസ്തുതകള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ തന്നെ. കെ.കെ നായരും ഭാര്യയും അടുത്ത ജീവനക്കാരും ഹിന്ദുമഹാ സഭയുടെ ടിക്കറ്റില്‍ സ്ഥാനാര്‍ഥികളായത് ചരിത്രം. ഡി.വി ശര്‍മക്ക് ഈ മാസം മുപ്പതിന് വി.എച്ച്.പി സ്വീകരണം ഏര്‍പ്പെടുത്തുമ്പോള്‍
ചരിത്രത്തിന്റെ മറ്റൊരു തനിയാവര്‍ത്തനത്തിന് അരങ്ങ് പാകപ്പെടുകയാണ്.
മുന്‍വിധികളും സ്വന്തം വിശ്വാസങ്ങളും സങ്കല്‍പങ്ങളും യഥാര്‍ഥ വസ്തുതകള്‍ക്കു മേല്‍ പ്രാമുഖ്യം നേടി എന്നതിന്റെ വൃത്തികെട്ട ഉദാഹരണമായിരുന്നു 1986-ല്‍ നാം കണ്ടത്. ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ട് സംഘ് ശക്തികള്‍ പ്രക്ഷോഭത്തിന് ആക്കം കൂട്ടിയ സമയം. തികച്ചും പരിഹാസ്യമായ അക്കഥ ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ടില്‍ കുറിക്കുന്നുണ്ട്. ഉമേഷ് ചന്ദ്ര എന്നയാള്‍ മുന്‍സിഫ് കോടതിയെ സമീപിക്കുന്നതാണ് പശ്ചാത്തലം. അതോടെ പള്ളിയുടെ പൂട്ട് ഉടന്‍ തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ട് മുന്‍സിഫ് ജഡ്ജിക്ക് ജില്ലാ ജഡ്ജിയുടെ ഉത്തരവ് പോകുന്നതാണ് ഉടന്‍
കണ്ടത്. ജില്ലാ മജിസ്ട്രേറ്റിനും അതോടെ ആവേശം കയറി. ഇത്രയും വൈകാരികവും സങ്കീര്‍ണവുമായ ഒരു വിഷയത്തില്‍ എങ്ങനെ ജില്ലാ ജഡ്ജിക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞുവെന്നാണ് ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നത്. ആ സാഹചര്യം പരതിയപ്പോള്‍ മുഴനീള ഹാസ്യചിത്രത്തെ പോലും വെല്ലുന്ന ഒരു കുരങ്ങന്‍ കഥയില്‍ ലിബര്‍ഹാന്‍ എത്തിച്ചേര്‍ന്നു. ജില്ലാ ജഡ്ജി തന്റെ ജീവ ചരിത്രത്തില്‍ കുറിച്ച ആ കുരങ്ങന്‍ കഥ ഇങ്ങനെ: "വിധി പുറപ്പെടുവിക്കുമ്പോള്‍,അതിനു തൊട്ടു മുമ്പും ശേഷവും ഒരു കുരങ്ങന്‍ എന്റെ താമസ സ്ഥലത്തും കോടതി മുറിയിലും വന്നു. അതു തിരികെ വീണ്ടും എന്റെ വസതിയില്‍ എത്തി. ആ കുരങ്ങന്‍ ആരെയും ദ്രോഹിച്ചില്ല. എന്റെ കീഴ് നിയമ ഉദ്യോഗസ്ഥന്റെ മുമ്പാകെയുള്ള അയോധ്യാ ഹര്‍ജി പരിഗണിക്കുന്നത് നേരത്തെയാക്കണം എന്നാവശ്യപ്പെടുന്ന അപേക്ഷയായിരുന്നു അപ്പോള്‍ എന്റെ കൈയില്‍. കുരങ്ങന്റെ അസാധാരണ സാന്നിധ്യവും നീക്കങ്ങളും ബാബരി മസ്ജിദ് സമുച്ചയത്തിന്റെ പൂട്ട് പൊളിച്ചു കൊടുക്കണം എന്നാവശ്യപ്പെടുന്ന ഉത്തരവിടാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.''
വിരമിച്ച ശര്‍മയുടെ ജീവചരിത്രത്തിന് നാം കാത്തിരിക്കുക.
1989 ജൂലൈ പത്തിനാണ് അലഹബാദ് ഹൈക്കോടതി എല്ലാ കേസുകളും ഫുള്‍ ബെഞ്ചിന് വിടുന്നത്. വി.എച്ച്.പി വൈസ് പ്രസിഡന്റ് ദേവകി നന്ദന്‍ അഗര്‍വാള്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെ: "ബാബരി മസ്ജിദ് പൊളിച്ചേക്കുമെന്ന് വിവക്ഷിക്കുമാറുള്ള ഒരു തെളിവും ഉണ്ടായിട്ടില്ല. പള്ളി പൊളിക്കുന്നതിന് സര്‍ക്കാര്‍ വി.എച്ച്.പിക്ക് അനുമതി നല്‍കുകയോ അതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ അതിന് പ്രോല്‍സാഹനം നല്‍കുകയോ ചെയ്തിട്ടുമില്ല.''
കീഴ്കോടതികളുടെ മാത്രമല്ല ഉന്നത കോടതികളുടെയും തണുത്ത പ്രതികരണവും അയോധ്യാ വിഷയത്തെ സ്ഫോടനാത്മകമാക്കി തീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്ന കാര്യം മറച്ചുവെച്ചതു കൊണ്ടായില്ല.
1989 ആഗസ്റ് 14-നാണ് ശിലാന്യാസ സ്ഥലം തര്‍ക്കപ്രദേശത്തു വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീര്‍പ്പിലെത്തുന്നത് അലഹബാദ് ഹൈകോടതി സര്‍ക്കാറിനു വിട്ടത്. ശിലാന്യാസ പദ്ധതിക്കെതിരെ ഉത്തരവ് തേടി വി.എം തര്‍കുണ്ഡെ സുപ്രീം കോടതിയില്‍ റിട്ട് നല്‍കി. 1989 ഒക്ടോബര്‍ 27-ന് നല്‍കിയ ഉത്തരവില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. "മതപരമായ ഘോഷയാത്രകള്‍ സംഘടിപ്പിക്കുക എന്നത് മൌലികാവകാശമാണ്. അതുകൊണ്ട് അയോധ്യയിലേക്കുള്ള രാമശിലാ യാത്രകള്‍ തടയാന്‍ കഴിയില്ല'' -ഇതായിരുന്നു സുപ്രീം കോടതിയുടെ ന്യായം.
ശിലാന്യാസം രാമക്ഷേത്ര നിര്‍മാണത്തിനുള്ള കര്‍സേവ തന്നെയായിരിക്കുമെന്ന് വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ പ്രഖ്യാപിച്ചപ്പോള്‍ നവംബര്‍ 25-ന് സുപ്രീംകോടതി തങ്ങളുടെ ചുമതലയില്‍ നിന്ന് തീര്‍ത്തും പിന്‍മാറി. “സര്‍ക്കാറിന്റെ പ്രാപ്തി ശരിക്കും അളക്കുന്ന സാഹചര്യമാണിത്. ഭരണഘടനാ സംവിധാനങ്ങള്‍ക്കും സാമൂഹിക സന്തുലിതത്വത്തിനും തകര്‍ച്ചയേല്‍ക്കാത്ത വിധം പ്രശ്നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണം’
തര്‍ക്ക സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി പ്രത്യേക നിരീക്ഷകനെ വരെ നിയമിച്ചതാണ്. ഒട്ടേറെ പരിമിതികളുള്ള ഈ വിധി മുതലെടുത്താണ് സംഘ്ശക്തികള്‍ കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റിയത്. സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ട് യോജിച്ച ഉത്തരവിടാന്‍ വേണ്ട വസ്തുതകളില്‍ എത്തിച്ചേരാന്‍ കോടതിക്ക് കഴിഞ്ഞതുമില്ല. സ്റാറ്റസ്കോ നിലനിര്‍ത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെട്ടപ്പോള്‍ സ്വന്തം നിരീക്ഷകന്‍ ആ പരിസരത്തൊന്നും ഉണ്ടായിരുന്നതുമില്ല. ഒറ്റ ദിവസത്തെ ജയില്‍വാസം കൊണ്ട് കല്യാണ്‍ സിംഗ് രക്ഷപ്പെടുകയും ചെയ്തു!
അധികാരവും സംഘടിത ശക്തിയും പണവും സ്വാധീനവും നിയമ കേന്ദ്രങ്ങളുടെ പിന്‍ബലവും ഉപയോഗപ്പെടുത്തിയാണ് അയോധ്യാ മൂവ്മെന്റ് മുന്നോട്ടു കൊണ്ടുപോയത്. മറുപക്ഷത്ത് മുസ്ലിം മനസ് എന്നും നിയമ കേന്ദ്രങ്ങളുടെ ദാക്ഷിണ്യത്തില്‍ അതിരറ്റു വിശ്വസിക്കുകയായിരുന്നു. ലഖ്നൌ ബെഞ്ചിന്റെ വിധി എന്തു തന്നെയായാലും സ്വീകരിക്കുമെന്ന് മുസ്ലിം നേതൃത്വം തുടക്കം മുതല്‍ക്കെ വ്യക്തമാക്കിയതാണ്. വിധി എതിരായാല്‍ മേല്‍കോടതിയില്‍ അഭയം തേടുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇപ്പോഴിതാ, അസാമാന്യമായ സംയമനം അവര്‍ പുലര്‍ത്തുകയും ചെയ്യുന്നു. വിധി മറ്റൊന്നായിരുന്നെങ്കില്‍ അപ്പുറത്തും ഇങ്ങനെ കാണുമായിരുന്നോ?
മുസ്ലിം മനസിന്റെ സംയമനപര്‍വം
സുന്നി വഖ്ഫ് ബോര്‍ഡിനു കീഴിലാണ് പോരാട്ടം തുടര്‍ന്നത്. 1961-ല്‍ സിവില്‍ കോടതിയില്‍ പള്ളിയുടെയും സ്ഥലത്തിന്റെയും അവകാശത്തിനായി സുന്നി വഖ്ഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് എല്ലാ പരാതികളും ഹൈക്കോടതിയിലേക്ക് മാറ്റിയത്. പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിക്കാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ ആരംഭിക്കുകയും അതിനു വേണ്ടി എണ്ണമറ്റ സംഘടനകള്‍ക്ക് അവര്‍ രൂപം നല്‍കുകയും ചെയ്ത ഘട്ടത്തില്‍ മാത്രമാണ് മുസ്ലിം സമൂഹം പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നത്. മൂവായിരം പള്ളികളുടെ പട്ടിക സംഘ് ശക്തികള്‍ പ്രസിദ്ധീകരിച്ചപ്പോഴും അതിരുവിട്ട പ്രതികരണങ്ങള്‍ക്കൊന്നും അവര്‍ തുനിഞ്ഞില്ല.
1986 ഫെബ്രുവരി 15-ന് ആള്‍ ഇന്ത്യാ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു. പൂട്ട് തുറന്നു കൊടുത്ത നടപടിയില്‍ സ്വാഭാവികമായും കടുത്ത പ്രതിഷേധം ഉണ്ടായി. 1986 മെയ് 12-ന് കരിദിനാചരണം നടത്താന്‍ തീരുമാനിച്ചതാണ് പ്രതിഷേധ മാര്‍ഗത്തിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പ്.
ബാബരി മസ്ജിദ് മൂവ്മെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും പിന്നീട് രൂപം കൊണ്ടു. പള്ളിയുടെ പൂട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രിയെ മുസ്ലിം എം.എല്‍.എമാര്‍ കാണുന്നതുള്‍പ്പെടെ നിയാമക മാര്‍ഗങ്ങള്‍ മാത്രമായിരുന്നു അവലംബിച്ചതും. 1987 ജനുവരി 26-ന്റെ റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും അത് തെറ്റായ സന്ദേശം നല്‍കുമെന്നു കണ്ടതോടെ മുസ്ലിം നേതൃത്വം അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. 1988 ആഗസ്റ് 12-ന് അയോധ്യയിലേക്ക് മാര്‍ച്ച് നടത്താനുള്ള പ്രഖ്യാപനത്തിന്റെ കാര്യവും തഥൈവ. കാലുഷ്യം ഭയന്ന് ആ പ്രഖ്യാപനവും പിന്‍വലിച്ചു. 1988 സെപ്റ്റംബര്‍ ഒന്നിനും ഒക്ടോബര്‍ 13-നും ഇടയില്‍ ശഹാബുദ്ദീന്‍, ഇബ്റാഹീം സുലൈമാന്‍ സേട്ട്, ഖുര്‍ശിദ് ആലം ഖാന്‍ എന്നിവര്‍ മറുപക്ഷവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ രാമജന്‍മഭൂമി മുക്തി യജ്ഞ സമിതിയുടെ ശാഠ്യം എല്ലാ നീക്കങ്ങളും തകര്‍ത്തുവെന്ന വസ്തുത ലിബര്‍ഹാന്‍ തന്നെയാണ് തന്റെ റിപ്പോര്‍ട്ടില്‍ കുറിച്ചത്. ബാബരി പള്ളിയുടെ മുസ്ലിം മുദ്ര പോലും നിരാകരിക്കാനും മറുപക്ഷം ശ്രമിച്ചു. ബാബരി പള്ളിക്ക് സാധാരണ പള്ളിക്കു കാണുന്ന മിനാരങ്ങള്‍ ഇല്ലെന്നും ഹിന്ദുമതചിഹ്നങ്ങള്‍ കൊത്തിയ കെട്ടിടം പള്ളിയായി പങ്കുവെക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ലെന്നുമായിരുന്നു അവരുടെ 'മതവിധി'!
അപ്പുറത്തോ?
ഇന്ത്യയിലെ ഒരു സമുദായം ദേശസ്നേഹികളല്ലെന്ന വാദം സംഘ്പരിവാറിലെ ശിവസേന, ഹിന്ദുമഹാ സഭ നേതാക്കളില്‍ ചിലര്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്നു. വെറുപ്പിന്റെയും പരിഹാസത്തിന്റെയും പ്രതിരൂപങ്ങളും ഉപകരണങ്ങളുമായി അവരിലൂടെ മുസ്ലിംകള്‍ ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്നും ലിബര്‍ഹാന്‍ തന്നെ തുറന്നു പറഞ്ഞതാണ്. ലക്ഷ്യം രാഷ്ട്രീയാധികാരമായിരുന്നു. ജോ ഹിന്ദു ഹിത് കി ബാത് കരേഗാ, വഹി ഹിന്ദുസ്ഥാന്‍ പര്‍ രാജ് കരേഗാ’(ആരാണോ ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദിക്കുന്നവര്‍, അവര്‍ രാജ്യം ഭരിക്കട്ടെ). ഇതായിരുന്നു മുദ്രാവാക്യം.
മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങള്‍ അത്യന്തം പ്രകോപനപരമായിരുന്നു. എങ്കിലും സംയമനത്തിന്റെ പാത തന്നെയാണ് അനുവര്‍ത്തിച്ചത്. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായതോടെ 2.77 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴും നിയമത്തിന്റെയും സംഭാഷണങ്ങളുടെയും വഴി തന്നെയാണ് അവര്‍ സ്വീകരിച്ചത്. സ്ഥലം കൈമാറിയതും ബാബരി സമുച്ചയത്തില്‍ മാറ്റം വരുത്തിയതും പരിധിവിട്ട പ്രതിഷേധത്തിലേക്ക് കൊണ്ടു പോയില്ല. ശിലാ പൂജകളും ചരണ പാദുക പൂജകളും നടത്തി മുസ്ലിം വിരുദ്ധ വികാരം കത്തിക്കാന്‍ ശ്രമിച്ചപ്പോഴും ബാബരി കമ്മിറ്റികളുടെ നേതാക്കള്‍ സര്‍ക്കാര്‍ വിളിച്ച ഒരു ചര്‍ച്ചയില്‍ നിന്നു പോലും വിട്ടുനിന്നില്ലെന്ന് ചരിത്രം.
1992 ഡിസംബര്‍ ആദ്യത്തില്‍ മുസ്ലിം നേതാക്കള്‍ പ്രധാനമന്ത്രിയായിരുന്ന റാവുവിനെ കണ്ടതാണ്. അവര്‍ ശരിക്കും അപ്പോള്‍ പരിഭ്രാന്തിയിലായിരുന്നു. റാവു ഉറപ്പു പറഞ്ഞു-അയോധ്യയില്‍ ഒരു കര്‍സേവയും നടക്കില്ല. ബാബരി സമുച്ചയത്തിന്റെ ഒരു ഭാഗത്തും ക്ഷേത്രത്തിന് അടിത്തറ പാകാന്‍ അനുവദിക്കില്ല.’
നവംബര്‍ 23-ന് ചേര്‍ന്ന ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ ബാബരി മസ്ജിദിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുസ്ലിം നേതൃത്വം റാവുവിനു മുമ്പാകെ ശരിക്കും കെഞ്ചുകയായിരുന്നു. ഏതൊരു സാഹചര്യവും നേരിടാന്‍ യോഗം റാവുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കാനും കോടതി ഉത്തരവിന്റെ ലംഘനം തടയാനും പ്രധാനമന്ത്രിക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കിയാണ് യോഗം പിരിഞ്ഞത്. എന്നാല്‍ പിന്നീട് സംഭവിച്ചതോ?