>>നിരീക്ഷണം
സാഹചര്യ സമ്മര്‍ദങ്ങളുടെ വിധി
ജോണ്‍ ദയാല്‍
ബാബരി മസ്ജിദ്- രാമജന്മഭൂമി സ്ഥലത്തെച്ചൊല്ലിയുള്ള അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധിന്യായം നിയമപരം എന്നതിനേക്കാള്‍ ഭൂരിപക്ഷത്തിന്റെയും സാഹചര്യ സമ്മര്‍ദങ്ങളുടെയും സ്വാധീനത്താലാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ബാബറുടെ ഭരണകാലത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ നിലനിന്നിരുന്ന സ്ഥലത്താണ് പള്ളിപണിതതെന്ന പ്രചാരത്തിലിരിക്കുന്ന ഹിന്ദുമിത്തോളജിക്ക് നിയമസാധുത നല്‍കുകയാണ് കോടതിവിധി. സ്ഥലത്തെ വിഭജിച്ച വിധി എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയല്ല ചെയ്യുന്നത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത് ഭൂരിപക്ഷ വികാരത്തിന്റെ അനുരണനം മാത്രമാണെന്ന് വിശ്വസിക്കുന്ന ഹിന്ദു സംഘങ്ങള്‍ ഹൈക്കോടതി വിധി തങ്ങളുടെ വിജയമാണെന്ന് പ്രഖ്യാപിച്ചു. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് മുഴുവന്‍ ഹിന്ദുക്കളോടും മറ്റു മതക്കാരോടും പള്ളി നിന്നിടത്ത് ക്ഷേത്രം പണിയാനുള്ള രാജ്യവ്യാപക പ്രചാരണത്തില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ടു. ഇരു വിഭാഗക്കാര്‍ക്കും സുപ്രീംകോടതിയില്‍ പോകാന്‍ മൂന്ന് മാസത്തെ സമയം നല്‍കിയിട്ടുണ്ട്.
മൂന്നിലൊന്ന് ഭൂമി വീതം വഖ്ഫ് ബോര്‍ഡിനും ഹിന്ദു മഹാസഭക്കും നിര്‍മോഹി അഖാര ട്രസ്റിനും നല്‍കിയ ഹൈക്കോടതി ബെഞ്ചിന്റെ 'ഗ്രാമ മധ്യസ്ഥന്റെ' യുക്തിയില്‍ അത്ഭുതം പൂണ്ടിരിക്കുകയാണ് നിയമജ്ഞരും നിയമപണ്ഡിതരും. പള്ളിയും അമ്പലവും ഉയരുന്നതോടെ ഒരു പക്ഷേ ഭാവിയില്‍ സമാധാനത്തിന് വഴി തെളിഞ്ഞേക്കാം.
ബാബരി മസ്ജിദിന്റെ സ്ഥലം രാമക്ഷേത്രത്തിന്റേതായിരുന്നുവെന്ന വിധിക്കെതിരെ മുസ്ലിം വഖ്ഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ പോകുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം ലഭിച്ച ഹിന്ദു സംഘടനകള്‍ മൂന്നാമത്തെ ഭാഗത്തിന് വേണ്ടിയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു.
വിജയശ്രീലാളിതരായ ഹിന്ദു ഭൂരിപക്ഷം സമാധാനത്തിനായി അഭ്യര്‍ഥിക്കുമെന്നതില്‍ സംശയമില്ല. ഹിന്ദു വലതുപക്ഷ സംഘങ്ങള്‍ ഇവിടെ പ്രശ്നങ്ങളൊന്നുമില്ലെന്ന് തെളിയിക്കാന്‍ പരിശ്രമിക്കുന്നതും കാണാം. തീവ്രസംഘങ്ങള്‍ വിധിക്കെതിരെ തിരിയാതിരിക്കേണ്ടത് മുസ്ലിം സമുദായത്തിന്റെയും ബാധ്യതയായി. 'ഞങ്ങള്‍ കീഴടങ്ങുകയില്ല'- വക്കീല്‍ കൂടിയായ ഒരു മുസ്ലിം നേതാവ് പറഞ്ഞു. മുറിവേറ്റ മുസ്ലിം സമുദായത്തിന്റെ വേദനകള്‍ പ്രതിഫലിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍.
അസ്വസ്ഥപ്പെടുത്തുന്ന സൂചനകളാണ് മുസ്ലിംകളല്ലാത്ത ന്യൂനപക്ഷസമുദായങ്ങളും വിധിയില്‍ കണ്ടത്. ന്യായത്തിന്റെയും നിയമത്തിന്റെയും ഭാഗത്ത് നിന്നല്ല കോടതി വിധി പ്രസ്താവിച്ചത്. മറിച്ച് വിശ്വാസത്തെയും വികാരത്തെയും മാത്രം പരിഗണിച്ചു കൊണ്ടാണ്. വിധി ഇന്ത്യ പോലൊരു ബഹുസ്വര രാഷ്ട്രത്തില്‍ ഭൂരിപക്ഷ സമുദായത്തിന് അമിതാധികാരം നല്‍കുകയും ഇതേ സ്വഭാവത്തിലുള്ള മറ്റു കേസുകളില്‍ ഗൌരവതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാനായി സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രസര്‍ക്കാറുമെടുത്ത കര്‍ശനമായ മുന്‍കരുതലുകള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോര്‍സും ആയിരക്കണക്കിനുള്ള സംസ്ഥാനസേനകളും പോലീസും സമാധാനത്തിനായി രാജ്യത്തുടനീളം പ്രവര്‍ത്തനസജ്ജമായി നിലകൊണ്ടു. സുരക്ഷക്കായി ഗ്രൂപ്പ് എസ്.എം.എസുകളും മെയിലുകളും വരെ നിരോധിച്ചു, ആയിരക്കണക്കിനാളുകളെ മുന്‍കരുതലെന്ന നിലക്ക് അറസ്റു ചെയ്തു. ഈ അടിയന്തര നടപടികളെയെല്ലാം സ്വാഗതം ചെയ്ത ന്യൂനപക്ഷങ്ങള്‍ ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, പ്രാദേശിക പോലീസിനേക്കാളും കേന്ദ്രസേനകളെയാണ് അവരുടെ സംരക്ഷണത്തിന് വേണ്ടി വിശ്വാസത്തിലെടുക്കുന്നത്.
തര്‍ക്കപ്രദേശം ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ കൈവശമാണ്. 19 വര്‍ഷം മുമ്പ് മുന്‍ ഉപപ്രധാനമന്ത്രിയായ ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയോടനുബന്ധിച്ച് തുടങ്ങിയ, ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ പാരമ്യതയിലെത്തിയ, ഇതുവരെയായി പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ഹിന്ദു-മുസ്ലിം ലഹളകള്‍ ഇനി ഉണ്ടാവാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാറിനാണ്.
(ഡോ. ജോണ്‍ ദയാല്‍ ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയാണ്).