>>മുഖക്കുറിപ്പ്
പ്രശ്നം തുല്യ നീതിയുടേത്
സെപ്റ്റംബര്‍ 30-ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് അയോധ്യയിലെ ബാബരി മസ്ജിദ് കേസില്‍ പുറപ്പെടുവിക്കുന്ന വിധി രാജ്യത്തുടനീളം വമ്പിച്ച സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുമെന്ന് ഭരണകൂടവും രാഷ്ട്രീയ കക്ഷികളും മത സംഘടനകളുമെല്ലാം ഭയപ്പെട്ടിരുന്നു. സംഘര്‍ഷം തടയാന്‍ സര്‍ക്കാര്‍ രാജ്യത്തെങ്ങും വന്‍തോതില്‍ പോലീസ് സേനയെ വിന്യസിക്കുകയുമുണ്ടായി. ദൈവാനുഗ്രഹത്താല്‍ യാതൊരു അനിഷ്ട സംഭവവുമില്ലാതെ സെപ്റ്റംബര്‍ 30 കടന്നുപോയി. ഇരുട്ടിന്റെ മറവില്‍ അധാര്‍മികമായി മസ്ജിദിലേക്ക് വിഗ്രഹങ്ങളൊളിച്ചു കടത്തുകയും പിന്നീട് പട്ടാപ്പകല്‍ പോലീസും പട്ടാളവും നോക്കി നില്‍ക്കെ ആസുരമായി കടന്നുകയറി പള്ളി തകര്‍ത്ത് തല്‍സ്ഥാനത്ത് ക്ഷേത്രം സ്ഥാപിക്കുകയും ചെയ്ത നടപടിയെ കോടതി നിരാകരിക്കുകയും മസ്ജിദ് ഭൂമി അതിന്റെ യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിടുകയും ചെയ്യുമ്പോള്‍ ഹിന്ദുത്വ ഫാഷിസ്റ് ശക്തികള്‍ പ്രകോപിതരായി അക്രമത്തിനൊരുമ്പെടുമെന്നായിരുന്നു ഭയം. പക്ഷേ, കോടതി പുറപ്പെടുവിച്ച വിധി ബാബരി ധ്വംസകര്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടമാണവര്‍ക്ക് നല്‍കുന്നത്. പ്രകോപിതരാകുന്നതിനു പകരം പ്രഹര്‍ഷം കൊള്ളുകയാണവരതില്‍. മുസ്ലിം സമുദായമാവട്ടെ, കോടതിയുടെ വിധി അനുകൂലമായാലും പ്രതികൂലമായാലും സംയമനത്തോടെ സ്വീകരിക്കാന്‍ നേരത്തെ ദൃഢനിശ്ചയം ചെയ്തിരുന്നു. അവരാ വാക്ക് നൂറു ശതമാനവും പാലിച്ചു. വിധി നേരെ മറിച്ചായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നാലോചിച്ചാല്‍ ഈ സംയമനത്തിന്റെ മഹത്വം മനസ്സിലാകും. എങ്കിലും മുസ്ലിംകളുടെ സംയമനവും സമാധാന പ്രതിബദ്ധതയും അര്‍ഹിക്കുന്ന അളവില്‍ പരിഗണിക്കപ്പെടുകയുണ്ടായില്ല.
കേസില്‍ ജയിക്കുന്നവര്‍ ആഹ്ളാദിക്കുന്നതും തോറ്റവര്‍ ദുഃഖിക്കുന്നതും സാധാരണമാണ്. ഈ കേസില്‍ എങ്ങനെയെങ്കിലും ഇതൊന്നവസാനിച്ചുകിട്ടിയല്ലോ എന്നാശ്വാസം കൊള്ളുന്ന മറ്റൊരു വിഭാഗവുമുണ്ട്. എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ അവസാനിക്കുന്നതാണോ ഈ കേസ്? അവസാനിക്കുന്നത് നീതിപൂര്‍വമല്ലെങ്കില്‍ അതില്‍ ആശ്വാസത്തിനു വകയുണ്ടോ? വരുംകാലമാണീ ചോദ്യങ്ങള്‍ക്കുത്തരം നല്‍കേണ്ടത്. മുസ്ലിംകള്‍ പൊതുവില്‍ ഈ വിധിയില്‍ തൃപ്തരല്ല; ദുഃഖിതരും നിരാശരുമാണ്. കേസില്‍ തോറ്റുപോയതിലുള്ള ദുഃഖവും നൈരാശ്യവുമല്ല ഇത്. തെളിവുകളും പ്രമാണങ്ങളും നീതിയുടെ താല്‍പര്യവും എതിര്‍കക്ഷിക്കനുകൂലമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വിധിയെങ്കില്‍ അത് പ്രതികൂലമായാലും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നാണ് അവര്‍ വാഗ്ദത്തം ചെയ്തിരുന്നത്. കോടതി തീര്‍പ്പു കല്‍പിച്ചതാവട്ടെ, സുന്നി വഖ്ഫ് ബോര്‍ഡ് ഹാജരാക്കിയ, മുന്‍ കോടതി ഉത്തരവുകളടക്കമുള്ള അനിഷേധ്യമായ അനേകം രേഖകളും തെളിവുകളും അവഗണിച്ചു തള്ളി മറുകക്ഷിയുടെ അന്ധവിശ്വാസത്തെയും ഇതിഹാസ സങ്കല്‍പങ്ങളെയും ആധാരമാക്കിക്കൊണ്ടാണ്. വേറെയും ഒട്ടേറെ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേസില്‍ തോറ്റവര്‍ സാധാരണ പറയാറുള്ള പരാതിയില്‍ പെട്ടതല്ല ഇത്. ഈ പരാതികളുന്നയിക്കുന്നതാവട്ടെ മുസ്ലിംകള്‍ മാത്രവുമല്ല, സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിമാരുള്‍പ്പെടെയുള്ള നിയമജ്ഞരും സാംസ്കാരിക നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം സെപ്റ്റംബര്‍ 30-ന്റെ വിധിയെ വിമര്‍ശിക്കുന്നുണ്ട്. ജസ്റിസ് കൃഷ്ണയ്യര്‍, രജീന്ദര്‍ സച്ചാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. വിധിയിലൂടെ മുസ്ലിംകള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തുറന്നടിക്കുകയായിരുന്നു എസ്.പി നേതാവ് മുലായം സിംഗ്. രേഖകള്‍ക്കും തെളിവുകള്‍ക്കും പകരം അന്ധവിശ്വാസങ്ങളെയും ഊഹാപോഹങ്ങളെയും പ്രമാണമാക്കി വ്യവഹാരങ്ങളില്‍ വിധി കല്‍പിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.പി.എം പോളിറ്റ് ബ്യൂറോ പ്രമേയം പാസാക്കിയിരിക്കുന്നു. 8000ത്തോളം പേജുള്ള വിധി പൂര്‍ണ രൂപത്തില്‍ വിശകലനം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടില്ല. പുറത്തു വന്ന മര്‍മ പ്രധാനമായ ഭാഗങ്ങള്‍ മുന്നില്‍ വെച്ചു കൊണ്ട് ചില പ്രഗത്ഭമതികള്‍ നടത്തിയ നിരൂപണങ്ങള്‍ വായനക്കാരുടെ മുന്നില്‍വെക്കുകയാണ് ഞങ്ങള്‍ ഈ ലക്കത്തില്‍.
ലഖ്നൌ ബെഞ്ചിന്റെ വിധിക്ക് ഒരു പള്ളി സംരക്ഷിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുക എന്നതില്‍ കവിഞ്ഞ മാനങ്ങളുണ്ടെന്നാണ് ഈ നിരൂപണങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ മാത്രമല്ല, ഇതര ന്യൂനപക്ഷങ്ങളുടെയും സ്റാറ്റസിനെയും പൌരാവകാശങ്ങളെയും അത് ആശങ്കപ്പെടുത്തുന്നുണ്ട്. ജാതിയും വര്‍ണവും നീതിയുടെ മാനദണ്ഡമായിരുന്ന ഒരു കാലഘട്ടം ഇന്ത്യയിലുണ്ടായിരുന്നു. വിശ്വാസങ്ങളും സങ്കല്‍പങ്ങളും തന്നെയായിരുന്നു അതിനാധാരം. ബാബരി വിധി വിശദമായി പഠിക്കാനും അതിന്റെ അര്‍ഥതലങ്ങള്‍ വിശകലനം ചെയ്യാനും മുസ്ലിം സമുദായം സഗൌരവമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനു ശേഷമാണ് സുപ്രീം കോടതിയില്‍ പോകേണ്ടത്. പ്രശ്നം ഒരു തുണ്ട് ഭൂമിയുടെ ഉടമസ്ഥതക്കപ്പുറം തുല്യ നീതിയുടേതായി വികസിച്ചിരിക്കുകയാണ്.