>>വിശകലനം
വീണ്ടും കര്‍സേവ
സി. ദാവൂദ്
അലഹബാദ് ഹൈക്കോടതിയുടെ 'അയോധ്യാ വിധി' വന്നയുടനെയുള്ള ഒരു നാട്ടിന്‍പുറത്തുകാരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഛെ, കഷ്ടമായിപ്പോയി, കേസില്‍ കക്ഷി ചേര്‍ന്നിരുന്നെങ്കില്‍ എനിക്കും കിട്ടുമായിരുന്നു കുറച്ച് ഭൂമി!'. ഇന്ത്യയിലെ പ്രഗത്ഭനായ ഭരണഘടനാ വിദഗ്ധന്‍ രാജീവ് ധവാന്‍ വിധിയുടെ ആദ്യ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന നിമിഷങ്ങളില്‍ തന്നെ എന്‍.ഡി ടി.വിയിലെ ചര്‍ച്ചയില്‍ പറഞ്ഞു: ''ഇത് കോടതി വിധിയല്ല, വെറുമൊരു നാട്ടു പഞ്ചായത്താണ്.'' ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഇത്രകണ്ട് സ്വയം പരിഹാസ്യമായ അനുഭവം ചരിത്രത്തില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല എന്നതാണ് പ്രഗത്ഭരായ നിയമജ്ഞരുടെയും ഭരണ ഘടനാ വിദഗ്ധരുടെയും വിശകലനങ്ങളുടെ ആകെ സാരം.
മുസ്‌ലിംകളോട് പ്രകടമായ അനീതി ചെയ്യുന്നതായിപ്പോയി കോടതി വിധി എന്ന മുസ്‌ലിം ആവലാതി മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന പ്രശ്‌നം. ഒരു മതേതര ജനാധിപത്യ രാജ്യത്തെ നിയമസംവിധാനത്തിന്റെ ആന്തരികമായ ദൗര്‍ബല്യത്തെയാണ് കോടതി വിധി ഒന്നാമതായി അനാവരണം ചെയ്യുന്നത്. അതിനാല്‍ തന്നെ അയോധ്യാ വിധിയെക്കുറിച്ച വിമര്‍ശങ്ങളും വിശകലനങ്ങളും ഒരു മുസ്‌ലിം ആവലാതി സിന്‍ഡ്രമായി ചുരുക്കിക്കാണുന്നത് വിശാലമായ ദേശീയ താല്‍പര്യത്തിന് തന്നെ വിരുദ്ധമാണ്. കോടതിവിധിയുമായി ബന്ധപ്പെട്ട ഏതൊരു വിമര്‍ശവും ആത്യന്തികമായി നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ ആരോഗ്യവത്താക്കാനാണ് ഉപകരിക്കുക. എന്നാല്‍ അത്തരമൊരു ചര്‍ച്ചയെപ്പോലും സഹിഷ്ണുതാപൂര്‍വം നോക്കിക്കാണാന്‍ ചില വലതുപക്ഷ മാധ്യമങ്ങള്‍ക്കും സെക്യുലര്‍ നിരീക്ഷകര്‍ക്കും സാധിക്കുന്നില്ലയെന്നതാണ് ഖേദകരം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള മുസ്‌ലിം പക്ഷത്തിന്റെ തീരുമാനം രാജ്യദ്രോഹമാണെന്ന് ഒരു മലയാളി മുസ്‌ലിം മതേതര വീരന്‍ ചാനല്‍ ചര്‍ച്ചയില്‍ വെച്ചുകാച്ചുന്നത് കേട്ടു. രാജ്യത്തെ ഒരു കീഴ്‌ക്കോടതി വിധിക്കെതിരെ അതേ രാജ്യത്തെ മേല്‍ക്കോടതിയെ സമീപിക്കുന്നത് രാജ്യദ്രോഹമാവുന്നതെങ്ങനെയെന്ന് പക്ഷേ, കക്ഷി വിശദീകരിച്ചു കണ്ടില്ല.
കോടതി വിധിയിലൂടെ കണ്ണോടിച്ച് പോവുന്ന ആര്‍ക്കു മുമ്പിലും ഉയരുന്ന ചോദ്യങ്ങള്‍ അനവധിയാണ്. 500 വര്‍ഷം മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന രാമക്ഷേത്രം തകര്‍ക്കലിനെക്കുറിച്ച് കോടതിക്ക് വ്യക്തമായ ധാരണയുണ്ട്. ത്രേതായുഗത്തില്‍ നടന്ന രാമജന്മത്തെക്കുറിച്ചും കോടതിയുടെ നിലപാട് കിറുകൃത്യം. അതായത്, ബാബരി മസ്ജിദിന്റെ മധ്യ ഖുബ്ബയുടെ തൊട്ടുതാഴെയാണത്രെ രാമനെ പ്രസവിച്ചത്! ഇത്രയും സൂക്ഷ്മമായി പുരാതന കാര്യങ്ങള്‍ അളന്നെടുത്ത് വിധി പറഞ്ഞ കോടതിക്ക് പക്ഷേ, 1992-ല്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ നടന്ന പള്ളി പൊളിയെക്കുറിച്ച് വിശേഷിച്ച് പിടിപാടൊന്നുമില്ല. സുന്നി വഖഫ് ബോര്‍ഡിന്റെ ഭൂമിയിലുള്ള അവകാശവാദം കോടതി തള്ളിക്കളഞ്ഞു. അതേ കോടതി തന്നെ മൂന്നിലൊന്ന് ഭൂമി വഖഫ് ബോര്‍ഡിന് ഉദാരമായി സംഭാവന ചെയ്തു! ആരുടെ ഭൂമിയാണ് കോടതി സംഭാവന ചെയ്തത്? ഉടമസ്ഥാവകാശം നിശ്ചയിക്കപ്പെടാത്ത ഭൂമി വീതം വെച്ച് വിതരണം ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ടോ? അവകാശത്തര്‍ക്കത്തില്‍ നിയമപരമായി തീര്‍പ്പു കല്‍പ്പിക്കലോ അതോ ഭൂദാനമോ, എന്താണ് കോടതിയുടെ ചുമതല? മീര്‍ബാഖിയാണോ ബാബര്‍ തന്നെയാണോ പള്ളി പണിതതെന്ന് കൃത്യപ്പെടുത്താന്‍ കഴിയാത്ത കോടതിക്ക് എങ്ങനെയാണ് മധ്യ ഗോപുരത്തിന്റെ തൊട്ടു താഴെത്തന്നെയാണ് രാമന്‍ ജനിച്ചു വീണതെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞത്? അതിനാധാരമാക്കിയ തെളിവെന്ത്? തെളിവില്ല; വിശ്വാസമാണെന്നാണ് മറുപടിയെങ്കില്‍ എന്താണ് കോടതിയുടെ വിശ്വാസ സംഹിത? അല്ലെങ്കില്‍ മതേതര കോടതിക്ക് അങ്ങനെയൊരു മതപരമായ വിശ്വാസ സംഹിതയുണ്ടോ? ഹിന്ദു വിശ്വാസ സംഹിതയനുസരിച്ചാണ് കോടതി വിധിച്ചതെങ്കില്‍ നാളെ മുസ്‌ലിം, ക്രിസ്ത്യന്‍ വിശ്വാസത്തിനനുസരിച്ച് കോടതി വിധിക്കുമോ? ഇങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ അനന്തമായ ഒട്ടേറെ വൈചിത്ര്യങ്ങളുടെ 8000 പേജുവരുന്ന ഒരു ബൃഹദ് ശേഖരമാണ് കോടതി വിധിയെന്ന് നമുക്ക് മനസ്സിലാവും.
പക്വത നേടിയ രാഷ്ട്രം
കോടതി വിധിയെത്തുടര്‍ന്ന് ദേശീയ ചാനലുകള്‍ തല്‍സംബന്ധമായ ഗൗരവമുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി ഏതാണ്ട് 11 മണി വരെ എന്‍.ഡി ടി.വിയില്‍ ബര്‍ക്ക ദത്ത് നയിച്ച ചര്‍ച്ച അതില്‍ എടുത്തു പറയേണ്ടതാണ്. പ്രഗത്ഭരായ നിയമ പണ്ഡിതരെയും ഭരണ ഘടനാ വിദഗ്ധരെയും പത്രപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയുമെല്ലാം അണിനിരത്താന്‍ ഈ ചര്‍ച്ചക്ക് സാധിച്ചു. നിഷ്പക്ഷമായും നീതിബോധത്തോടെയും കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുന്ന വലിയൊരു ബൗദ്ധിക ഉപരിവര്‍ഗം (Intellectual Elite) നമ്മുടെ രാജ്യത്ത് ഇപ്പോഴും ജീവനോടെയിരിപ്പുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്തരം ചര്‍ച്ചകള്‍. നീതിക്ക് വേണ്ടിയുള്ള പതിതരുടെ സമരങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍ ഈ വലിയ മനുഷ്യര്‍ക്ക് തീര്‍ച്ചയായും പങ്കുവഹിക്കാന്‍ സാധിക്കും. നമ്മുടെ രാജ്യത്തിന്റെ വലിയൊരു നന്മയാണ് 'ക്രിയാത്മക പ്രതിപക്ഷത്തി'ന്റെ റോള്‍ നിര്‍വഹിക്കുന്ന ഈ ബൗദ്ധിക നിര. കശ്മീരിന്റെ കാര്യത്തിലും മാവോവാദത്തിന്റെ പേരില്‍ ഭരണകൂടം കാട്ടിക്കൂട്ടുന്ന അരുതായ്മകളുടെ സന്ദര്‍ഭത്തിലുമെല്ലാം ഇത്തരമാളുകളുടെ ഇടപെടലിന്റെ തീക്ഷ്ണതയും കരുത്തും നാം കണ്ടതാണ്. മുസ്‌ലിം സമൂഹം കൂടുതല്‍ എന്‍ഗേജ് ചെയ്യുകയാണ് ഉള്‍വലിയുകയല്ല വേണ്ടത് എന്ന സന്ദേശം തന്നെയാണ് ഇത് നല്‍കുന്നത്.
അതേ സമയം, കോടതി വിധിയെത്തുടര്‍ന്ന് നിഷ്‌കൃഷ്ടമായ നീതിബോധം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിക്കാന്‍ കഴിയാതെ പോയ അവിയല്‍ ബുദ്ധിജീവി സമൂഹവമുണ്ട്. അക്കൂട്ടര്‍ കോറസായി വന്ന് ചാനലുകളിലും പത്രങ്ങളിലും പാടിത്തീര്‍ത്ത ഒരു ആശയമായിരുന്നു 'പക്വതയാര്‍ന്ന ദേശം' (matured nation) എന്നത്. കോടതി വിധിയെ വിശേഷിച്ച് അസ്വാരസ്യമൊന്നുമില്ലാതെ ജനങ്ങള്‍ സ്വീകരിച്ചതാണ് ആവേശകരമായ ഇത്തരമൊരു തീര്‍പ്പിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്. വിധിയെത്തുടര്‍ന്ന് രാജ്യത്ത് പ്രത്യേകിച്ച് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ല എന്നത് ആഹ്ലാദകരം തന്നെയാണ്. എന്നാല്‍ കോടതി വിധി ഹിന്ദുത്വ പരിവാറിന് എതിരായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമായിരുന്നോ എന്ന് നമുക്കാലോചിക്കാവുന്നതാണ്. വിധി തങ്ങളുടെ വിശ്വാസത്തിനെതിരാണെങ്കില്‍ മാനിക്കുകയില്ല എന്ന് കട്ടായം മുഴക്കിയവരാണ് സംഘ്പരിവാര്‍. രാജ്യത്ത് കുഴപ്പങ്ങളുണ്ടായില്ല എന്നതിന്റെ കാരണം സംഘ്പരിവാര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഇത്തവണ തീരുമാനിച്ചില്ല എന്നത് മാത്രമാണ്.
യഥാര്‍ഥത്തില്‍ കോടതി വിധി പക്വതയാണോ അപക്വതയാണോ തെളിയിക്കുന്നത്? 60 വര്‍ഷം നീണ്ട ഒരു സ്വത്ത് തര്‍ക്ക കേസില്‍ നീതിന്യായ സ്ഥാപനത്തിന്റെ സ്വഭാവത്തിന് നിരക്കാത്ത ഒരു 'ഒത്തുതീര്‍പ്പി'ല്‍ (വിധി തീര്‍പ്പല്ല) എത്താന്‍ കോടതിയെ പ്രേരിപ്പിച്ചതെന്താണ്? നിശിതമായ വിധി തീര്‍പ്പിനെ സ്വീകരിക്കാന്‍ മാത്രം നമ്മുടെ രാജ്യം 'പക്വത' നേടിയിട്ടില്ല എന്ന യാഥാര്‍ഥ്യ ബോധം തന്നെയാണ് ഇങ്ങനെയൊരു നാട്ടുപഞ്ചായത്ത് പറയാന്‍ കോടതിയെ പ്രേരിപ്പിച്ചത്. ശൈശവ ദശയിലുള്ള ഒരു നീതി ബോധത്തെയാണ് നമ്മുടെ രാഷ്ട്രം ഇപ്പോഴും പേറുന്നതെന്നതാണ് സത്യം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷക്ക് വിധിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ നേരത്തെ തന്നെ കീഴ്‌വഴക്കം സൃഷ്ടിച്ചിട്ടുണ്ട്. അഫ്‌സലിനെതിരെ തെളിവുകളൊന്നും ലഭിക്കാതിരുന്ന സുപ്രീം കോടതിക്ക് പക്ഷേ, അദ്ദേഹത്തെ തൂക്കാതെ തരമില്ല. കാരണം ലളിതം, കോടതിക്ക് പുറത്ത് ഒരു ജനക്കൂട്ടം (സംഘ്പരിവാര്‍) ഉന്മാദം കൂട്ടുന്നുണ്ട്. അപ്പോള്‍ കോടതി ലളിതമായ ഒരു തീര്‍പ്പിലെത്തി. രാജ്യത്തിന്റെ 'പൊതുവികാര'ത്തെ (collective conscious of the nation) മാനിക്കാന്‍ നമുക്ക് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാം! രാമന്‍ പെറ്റുവീണ യഥാസ്ഥാനം കിറുകൃത്യമായി നിര്‍ണയിക്കാന്‍ അലഹബാദ് ഹൈക്കോടതി അതിനാധാരമാക്കിയത് 'അനന്തകാലമായി നിലനില്‍ക്കുന്ന വിശ്വാസ'മാണെങ്കില്‍ അഫ്‌സലിനെ തൂക്കാന്‍ സുപ്രീം കോടതി ആധാരമാക്കിയത് 'രാജ്യത്തിന്റെ പൊതുമനഃസാക്ഷിയാണ്. 'വിശ്വാസം', 'പൊതുമനഃസാക്ഷി' തുടങ്ങിയവ നീതി നിര്‍വഹണത്തിന്റെയും ന്യായപ്രമാണങ്ങളുടെ അടിസ്ഥാനമായത് എന്നു മുതല്‍ക്കാണ് എന്നതാണ് ഇതിലടങ്ങിയിരിക്കുന്ന ഒരു ചോദ്യം. ആരുടെ 'വിശ്വാസം', ആരുടെ മനഃസാക്ഷി' തുടങ്ങിയ ഗൗരവപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
അപ്പോള്‍ 'പക്വത നേടിയ രാജ്യം' എന്ന സംഘഗാനത്തില്‍ വലിയ അര്‍ഥമില്ല. എന്നല്ല; കാര്യം നേരെ തിരിച്ചാണ് താനും. ആധുനിക നീതിനിര്‍വഹണത്തിന്റെയും നീതിയുടെ നിഷ്പക്ഷമായ വിതരണത്തിന്റെയും നീതിയുടെ മാനദണ്ഡത്തിന്റെയും കാര്യത്തില്‍ രാജ്യം ഇനിയും പക്വത നേടിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ആധുനികരും ഉല്‍പതിഷ്ണുക്കളുമായ ഏതൊരു സമൂഹവും നേടിയെടുക്കേണ്ട ഒരു പദവിയായിരുന്നു യഥാര്‍ഥത്തില്‍ ആ പക്വത. എന്നാല്‍ അങ്ങനെ, നീതി നിര്‍വഹണത്തിലെ പക്വത നേടുന്നതില്‍ രാജ്യത്തെ തടയുന്ന ഏറ്റവും വലിയ ഘടകം സംഘ്പരിവാറും അതുയയര്‍ത്തി വിടുന്ന കൂട്ട അപസ്മാര രോഗവുമാണ് (Mass Hysteria) എന്നതാണ് സത്യം. ബാബരി വിഷയത്തിലും അഫ്‌സല്‍ ഗുരു വിഷയത്തിലും ഈ അപസ്മാര പ്രവാഹം കോടതിയുടെ നിലപാടുകളെയാണ് ബാധിച്ചതെങ്കില്‍, കാശ്മീര്‍, സൈനികരുടെ പ്രത്യേകാധികാര നിയമം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയ തീരുമാനങ്ങളെയാണ് അത് ബാധിക്കുന്നത്. ചുരുക്കത്തില്‍ രാജ്യത്തെ പുരോഗമന ബോധത്തിലേക്ക് ഉയരുന്നതില്‍ നിന്ന് തടയുന്ന അത്യന്തം വഷളായ ഒരു പ്രാകൃത ബോധത്തെയാണ് സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്നത്. ഈ പ്രാകൃത ബോധത്തിന് മുമ്പില്‍ നിസ്സഹായമായിപ്പോയ അല്ലെങ്കില്‍ അതിന് സമ്പൂര്‍ണമായി വിധേയമായ ഒരു ഒത്തുതീര്‍പ്പിനെ പക്വതയുടെ അടയാളമായി ആഘോഷിക്കുന്നത് വല്ലാത്തൊരു അളിഞ്ഞ ഏര്‍പ്പാട് തന്നെയാണ്.
അതേ സമയം, കോടതി വിധിക്ക് മുമ്പും വിധിയെത്തുടര്‍ന്നും മുസ്‌ലിം നേതൃത്വം സ്വീകരിച്ച നിലപാട് പക്വതയാര്‍ന്ന നീതിബോധത്തിന്റെയും സാമൂഹിക നിലവാരത്തിന്റേതുമായിരുന്നു. പ്രത്യക്ഷമായ എല്ലാ ന്യായങ്ങളും വെച്ച് തങ്ങള്‍ക്കവകാശപ്പെട്ട ഒരു ഭൂമി, വിചിത്രരും അയുക്തികരുമായ അപസ്മാര ചേഷ്ടക്കാര്‍ക്ക് മുമ്പില്‍ വീതം വെച്ചു കൊടുത്ത കോടതി നടപടിയോട് എത്ര സൗമ്യമായും സന്തുലിതമായുമാണ് മുസ്‌ലിം നേതൃത്വം പ്രതികരിച്ചത്. സൗമ്യമായി പ്രതികരിക്കുമ്പോള്‍ തന്നെ കോടതി നടപടിയുടെ നൈതികവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അവര്‍ അല്‍പം പോലും അധീരരാവുകയും ചെയ്തില്ല. തികഞ്ഞ ആത്മ സംയമനത്തോടെ, ഒപ്പം തികഞ്ഞ ധീരതയോടെ കോടതി വിധിയെ വിശകലനം ചെയ്യാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും അവര്‍ തയാറായി. ചാനല്‍ കോറസുകാര്‍ ഈ യാഥാര്‍ഥ്യത്തെ വേണ്ടവിധം അടയാളപ്പെടുത്താതെ, ആര്‍.എസ്.എസ് ഉന്മാദത്തിന് മുമ്പില്‍ അന്ധാളിച്ചു പോയ കോടതിവിധിയെയാണ് 'പക്വത'യുടെ അടയാളമായി ഉയര്‍ത്തിക്കാട്ടുന്നത്.
കോണ്‍ഗ്രസ്സും ലീഗും പഴയപടി തന്നെ
ബാബരി മസ്ജിദ് വിഷയം ഇത്രയും വഷളാക്കുന്നതില്‍ ഏറ്റവും മിടുക്ക് നിറഞ്ഞ പങ്ക് വഹിച്ചതാരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കാലങ്ങളായി എടുത്ത യുക്തിരഹിതവും അലസവുമായ നിലപാടുകളാണ് വിഷയത്തെ ഈ വിധം വളര്‍ത്തിയത്. അത് അങ്ങനെയങ്ങ് വളരട്ടെ എന്ന് അവര്‍ ആഗ്രഹിച്ചിരുന്നുവെന്ന് അനുമാനിക്കാവുന്നതായിരുന്നു അവരുടെ നടപടികള്‍. ഇപ്പോള്‍ ഒടുവില്‍ വിചിത്രമായ കോടതി തീര്‍പ്പ് വന്ന സന്ദര്‍ഭത്തിലും ഇതേ നപുംസകത്വം തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തുടക്കത്തില്‍ അജ്ഞാതരായ വ്യവഹാരികളെ വിട്ട് കോടതി വിധി നീട്ടിവെപ്പിക്കാന്‍ ചില ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തി നോക്കി. ഒരു ന്യായ വിധിയെ നീട്ടിവെപ്പിക്കാന്‍ എന്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്? കാരണം ലളിതം, വിധി വന്നാല്‍ അത് നടപ്പാക്കേണ്ട ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടത്തിന് വന്നു ചേരും. നീതിനടപ്പാക്കുക എന്നത് തികഞ്ഞ ധീരതയും നിഷ്പക്ഷ ബോധവുമുള്ള കൂട്ടര്‍ക്കേ സാധിക്കൂ. അതില്ലാത്തത് കൊണ്ട് തന്നെ കോണ്‍ഗ്രസ്, വിധിയെത്തന്നെ ഭയക്കുകയായിരുന്നു. വിധി വന്നതിന് ശേഷമാകട്ടെ, കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. രാമക്ഷേത്ര പ്രക്ഷോഭവും രഥയാത്രയും അതിന്റെ അനിവാര്യഭാഗമായി അരങ്ങേറിയ മൂസ്‌ലിം കൂട്ടക്കൊലകളുമെല്ലാം കോടതി ശരിവെച്ചിരിക്കുന്നുവെന്ന മട്ടിലാണ് ബി.ജെ.പി കോടതി വിധിയെ വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും. ബി.ജെ.പിയുടെ ഈ മുഖം തുറന്ന് കാണിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയാത്തത് ബാബരി വിഷയത്തില്‍ അടിസ്ഥാനപരമായി യുക്തിപൂര്‍ണ്ണവും ഭരണഘടനാധിഷ്ഠിതവും നീതിപൂര്‍വകവുമായ നിലപാടെടുക്കാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ്.
ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ 'ഏറ്റവും വലിയ' രാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിം ലീഗിന്റെ അടിത്തറകള്‍ ഇളകാന്‍ തുടങ്ങിയതും ബാബരി വിഷയത്തില്‍ സത്യസന്ധവും ധീരവുമായ നിലപാടെടുക്കാന്‍ അവര്‍ക്ക് കഴിയാത്തതിന്റെ പേരിലാണ്. മുസ്‌ലിം രാഷ്ട്രീയത്തിലെ ഒരു ദിശാ സൂചിയായിരുന്നു ബാബരിയെന്ന് സാരം. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാടുകളാണ് ലീഗിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലെത്തിച്ചത്. എന്നാല്‍ ആ നിലപാടില്ലായ്കളെ ചില മതേതര എഴുത്തുകാരുടെ ആശീര്‍വാദത്തോടെ ആഘോഷിക്കുന്ന ഏര്‍പ്പാട് അടുത്ത കാലത്തായി മുസ്‌ലിം ലീഗ് ആരംഭിച്ചിട്ടുണ്ട്. സവര്‍ണ ബോധത്തിന്റെ അട്ടിപ്പേറുകാരായ 'മതേതര' ബുദ്ധിജീവികള്‍ക്ക് നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ധീരമായ നിലപാടെടുക്കാതെ ഒളിച്ചോടുന്ന ലീഗിന്റെ നടപടി ശ്ശി ഇഷ്ടാണ്. അതിനാല്‍ തന്നെ ലീഗിന്റെ 'വിശാലത'യെ അവര്‍ എപ്പോഴും തലോടിക്കൊണ്ടിരിക്കും. ആ തലോടലില്‍ അഭിരമിക്കുന്ന ന്യൂ ജനറേഷന്‍ ലീഡര്‍ഷിപ്പ് ലീഗില്‍ ഇപ്പോള്‍ വേണ്ടതിലധികമുണ്ട്. ബാബരി വിധിയുടെ സന്ദര്‍ഭത്തിലും കൃത്യമായ ഒരു രാഷ്ട്രീയ പ്രസ്താവന നടത്താന്‍ ലീഗിന് കഴിയാതെ പോയത് നിലപാടെടുക്കുന്നതിലെ ഈ നിരക്ഷരത കൊണ്ടാണ്. സമാധാനത്തിന് ആഹ്വാനം ചെയ്യുക എന്നതിലപ്പുറം, വിധിയെക്കുറിച്ച് ഗൗരവപ്പെട്ട ഒരു രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാന്‍ ലീഗിന് ഇതുവരെ സാധിച്ചിട്ടില്ല. അതേ സമയം, എല്ലാവരും വിധിയെ സാഘോഷം കൊണ്ടാടണം എന്നാഹ്വാനം ചെയ്യുന്ന ലേഖനമാണ് ഈ വിഷയത്തില്‍ ലീഗ് സൈദ്ധാന്തികന്റേതായി ചന്ദ്രികയില്‍ അടിച്ചു വന്നത് (ഒക്‌ടോബര്‍ 05).
ഭരണഘടനാ നീതി, സാമാന്യ നീതി, സാമൂഹിക യുക്തിബോധത്തിന്റെ വളര്‍ച്ച, സന്തുലിത സമീപനം, മുസ്‌ലിം രാഷ്ട്രീയം തുടങ്ങി അനേകം വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌ന പ്രപഞ്ചമാണ് യഥാര്‍ഥത്തില്‍ അയോധ്യാ വിഷയം. എന്നാല്‍ ഈ പ്രപഞ്ചത്തില്‍ ഉള്‍പ്പെട്ട ഉത്തരവാദിത്വമുള്ള എല്ലാ കക്ഷികളും പരാജയപ്പെട്ടുവെന്നതാണ് അലഹാബാദ് ഹൈക്കോടതി വിധി വീണ്ടും കാണിക്കുന്നത്. സംഘ്പരിവാറിന്റെ ഉന്മാദച്ചിരി മാത്രം അന്തരീക്ഷത്തില്‍ ഒരു അലര്‍ച്ചയായി ബാക്കി നില്‍ക്കുന്നു.