മുഹമ്മദ് കുട്ടിയെ തേടിയെത്തിയ അല്‍ത്വാഫ് ഹസന്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
ദല്‍ഹിയില്‍ ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ സമ്മേളനം നടക്കുകയാണ്. മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ ഓരോ മുറിയിലും ഉത്തരേന്ത്യക്കാരനായ ഒരു മധ്യവയസ്കന്‍ കയറിയിറങ്ങുന്നു. അദ്ദേഹം അന്വേഷിക്കുന്നത് അധ്യാപകനായ മലപ്പുറം മുഹമ്മദ് കുട്ടിയെയാണ്. വീട്ടുപേരോ മലപ്പുറത്ത് എവിടെയെന്നോ അറിയില്ല. അതുകൊണ്ടു തന്നെ നിരാശയായിരുന്നു ഫലം. കാണുന്നവരോടൊക്കെ ചോദിച്ചെങ്കിലും ഉദ്ദേശിച്ചയാളെ കണ്ടെത്താനായില്ല. എട്ട് വര്‍ഷം മുമ്പ് 2002ല്‍ ദല്‍ഹിയില്‍ ജമാഅത്ത് അംഗങ്ങളുടെ ഒത്തുകൂടലുണ്ടായപ്പോഴും അദ്ദേഹം ഈ അന്വേഷണം നടത്തിയിരുന്നു. അന്നും വിവരമൊന്നും കിട്ടിയില്ല. ഇത്തവണയും അതു തന്നെയായിരിക്കും അനുഭവമെന്ന് കരുതിയിരിക്കെയാണ് ഫറോക്ക് ഇര്‍ശാദിയാ കോളേജിലെ മുംതാസ് മാസ്ററെ കണ്ടു മുട്ടുന്നത്. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ അന്വേഷിക്കുന്നത് കലിക്കറ്റ് ഓര്‍ഫനേജ് സ്കൂളിലെ മുഹമ്മദ് കുട്ടി മാസ്ററെയാണോ?
ഈ ചോദ്യം കേട്ടതോടെ അയാളുടെ മുഖം പ്രസന്നമായി. അയാള്‍ പറഞ്ഞു: 'അതെ.' മുംതാസ് മാസ്റര്‍ അദ്ദേഹത്തെ മുഹമ്മദ് കുട്ടി മാസ്ററുടെ അടുത്തെത്തിച്ചു. മാസ്ററെ കണ്ട ഉടനെ അയാള്‍ ഗാഢമായി ആലിംഗനം ചെയ്തു. സന്തോഷാധിക്യത്താല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. നീണ്ട പതിനേഴുകൊല്ലത്തിനുശേഷം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു അവര്‍.
ആഗതന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശി അല്‍ത്വാഫ് ഹസനാണ്. അദ്ദേഹം ജനിച്ചത് മുസ്ലിം കുടുംബത്തിലായിരുന്നുവെങ്കിലും ഇസ്ലാമുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. മതപഠശാലയില്‍ പോയിട്ടേയില്ല. നമസ്കരിച്ചിരുന്നില്ലെന്നു മാത്രമല്ല; നമസ്കാരം അറിയുക പോലുമില്ലായിരുന്നു. അതോടൊപ്പം മാനസികമായ അടുപ്പം ആര്യ സമാജവുമായിട്ടായിരുന്നു. ഹരിദ്വാര്‍ ജയറാം ആശ്രമത്തില്‍ വെച്ചാണ് ആര്യ സമാജവുമായി ബന്ധപ്പെട്ടത്.
ഇന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങിയ അല്‍ത്വാഫിന്റെ ഹോബി നാടുകാണലായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വെച്ച് പണവും ബാഗും നഷ്ടപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ അങ്ങാടിയിലൂടെ ചുറ്റിക്കറങ്ങി. പലയിടത്തും കയറി ജോലിയന്വേഷിച്ചു. അപരിചിതനായ അന്യസംസ്ഥാനക്കാരന് തൊഴില്‍ നല്‍കാന്‍ ആരും സന്നദ്ധമായില്ല. അവസാനം ഒരു ഹോട്ടലില്‍ വെച്ചാണ് അല്‍ത്വാഫ്, മുഹമ്മദ് കുട്ടിയെ കണ്ടുമുട്ടിയത്. ബി.എസ്.സി ബിരുദധാരിയായ അദ്ദേഹം തന്റെ നിസ്സഹായവസ്ഥ മുഹമ്മദ് കുട്ടിയോട് വിശദീകരിച്ചു. മുഹമ്മദ് കുട്ടി അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊടുത്തു. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തിരിച്ചു പോവാനാവശ്യമായ മുന്നൂറ് രൂപ നല്‍കിയെങ്കിലും ദാനം സ്വീകരിക്കാന്‍ അല്‍ത്വാഫ് സന്നദ്ധനായില്ല. തൊഴിലെടുത്ത് പണമുണ്ടാക്കാനായിരുന്നു തീരുമാനം. അങ്ങനെ കലിക്കറ്റ് ഓര്‍ഫനേജ് പള്ളിക്കടുത്തുള്ള ഒരു ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനിയില്‍ സഹായിയായി ജോലി ചെയ്യാന്‍ മുഹമ്മദ് കുട്ടി സൌകര്യം ചെയ്തുകൊടുത്തു. ആറുമാസം അവിടെ താമസിച്ച് നാട്ടിലെത്താനാവശ്യമായ സംഖ്യ സ്വരൂപിച്ച ശേഷമാണ് അല്‍ത്വാഫ് സഹാറന്‍പൂരിലേക്ക് മടങ്ങിയത്.
ഇതിനിടയില്‍ പ്രദേശത്തെ ജമാഅത്ത് പ്രവര്‍ത്തകരുമായി പരിചയപ്പെട്ടു. ഒരു പ്രവര്‍ത്തക ക്യാമ്പില്‍ സംബന്ധിക്കുകയും ചെയ്തു. ഭാഷ അറിയില്ലാതിരുന്നതിനാല്‍ ഒന്നും മനസ്സിലായില്ല. എങ്കിലും രണ്ടു കാര്യം അല്‍ത്വാഫിനെ അഗാധമായി സ്വാധീനിച്ചു. മുഹമ്മദ് കുട്ടി മാസ്ററുള്‍പെടെയുള്ളവരുടെ സ്നേഹപൂര്‍വമായ പെരുമാറ്റവും സേവന തല്‍പരതയും. അതോടൊപ്പം ക്യാമ്പ് അംഗങ്ങളുടെ അച്ചടക്കവും വിനയവും. എന്നിട്ടും അദ്ദേഹം നമസ്കാരമുള്‍പ്പെടെയുള്ള ഇസ്ലാമികാനുഷ്ഠാനങ്ങളൊന്നും നിര്‍വഹിക്കാന്‍ തുടങ്ങിയിരുന്നില്ല. മതചിട്ടകള്‍ പാലിക്കാത്ത ഒരാളെ കൂടെ നിര്‍ത്തുന്നതില്‍ പലര്‍ക്കും മുഹമ്മദ്കുട്ടി മാസ്ററോട് വിയോജിപ്പുണ്ടായിരുന്നു. അതവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം അല്‍ത്വാഫുമായുള്ള ഉറ്റ സൌഹൃദത്തിലും സ്നേഹോഷ്മളമായ പെരുമാറ്റത്തിലും ഒരു മാറ്റവും വരുത്തിയില്ല. ഇത് വമ്പിച്ച സദ്ഫലമുളവാക്കുകയും ചെയ്തു.
നാട്ടില്‍ തിരിച്ചെത്തിയ അല്‍ത്വാഫ് ധാരാളം ഇസ്ലാമിക പുസ്തകങ്ങള്‍ വായിച്ചു. നമസ്കാരമുള്‍പ്പെടെയുള്ള അനുഷ്ഠാന കര്‍മങ്ങള്‍ അഭ്യസിച്ച് ഇസ്ലാമിക ജീവിതം നയിക്കാന്‍ തുടങ്ങി. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു. ഏറെക്കഴിയും മുമ്പെ അതിന്റെ സജീവ പ്രവര്‍ത്തകനായി. അതോടൊപ്പം കേരള മുസ്ലിംകളെ പോലെ തന്റെ നാട്ടുകാരും പഠിച്ചു വളരണമെന്നാഗ്രഹിച്ച് 400 വിദ്യാര്‍ഥികളുടെ മതപഠനത്തിന് ഏര്‍പ്പാട് ചെയ്തു. പ്രാസ്ഥാനിക രംഗത്ത് ഏറെ മുന്നേറിയ അദ്ദേഹം 1995ല്‍ അംഗമായി. എന്നാല്‍ അദ്ദേഹം ഇസ്ലാമിലും ജമാഅത്തിലും എത്താന്‍ കാരണക്കാരനായ മുഹമ്മദ് കുട്ടി മാസ്റര്‍ ജമാഅത്ത് അംഗമായത് പിന്നെയും പതിമൂന്ന് കൊല്ലം പിന്നിട്ട് 2008ല്‍ മാത്രമാണ്.
ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ എത്ര ശക്തമായ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും പ്രചാരണങ്ങളും ഉണ്ടായാലും അതിനെ അനുഭവിച്ചറിഞ്ഞവരെ അവയൊന്നും സ്വാധീനിക്കുകയില്ല. ഇസ്ലാമിക പ്രവര്‍ത്തകര്‍ വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ ഊന്നല്‍ നല്‍കണമെന്ന് പറയാനുള്ള കാരണവും അതുതന്നെ.
നാം നല്‍കുന്ന സംഖ്യയുടെ വലുപ്പമോ അര്‍പ്പിക്കുന്ന സേവനത്തിന്റെ വ്യാപ്തിയോ അല്ല അതിന്റെ മൂല്യം നിര്‍ണയിക്കുക. മറിച്ച്, അത് ലഭിക്കുന്നവര്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പട്ടിണികൊണ്ട് പൊറുതിമുട്ടിയ ഒരാള്‍ക്ക് കൊടുക്കുന്ന പത്ത് രൂപ അത്രയൊന്നും പ്രയാസമില്ലാത്തവര്‍ക്ക് നല്‍കുന്ന ആയിരം രൂപയെക്കാള്‍ വിലപ്പെട്ടതായിരിക്കും. ഏറ്റവും കഷ്ടപ്പെടുന്നവരെ സഹായിക്കലും നിസ്സഹായര്‍ക്ക് ആശ്വാസമേകലുമാണ് ഏറ്റവും പുണ്യകരമെന്ന് പറയാനുള്ള കാരണവും അതുതന്നെ. ദാഹിക്കുന്നവന് വേണ്ടത് വെള്ളമാണ്; വിശക്കുന്നവന് ആഹാരവും. മര്‍ദിതന്‍ മോചനമാഗ്രഹിക്കുന്നു. കഷ്ടപ്പെടുന്നവന്‍ കാരുണ്യം കൊതിക്കുന്നു. അകം ആശാന്തമായവന്‍ ആശ്വാസ വചനങ്ങള്‍ക്കായി കാതോര്‍ക്കുന്നു. ആളുകളുടെ ആവശ്യങ്ങളറിഞ്ഞ് അവ പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നവനാണ് യഥാര്‍ഥ ജനസേവകന്‍. അതിനാല്‍ മറ്റുള്ളവര്‍ക്ക് സഹായവും സേവനവും ചെയ്യാന്‍ സാധിക്കാത്ത ആരുമില്ല. പണക്കാരന്‍ നല്‍കുന്ന പതിനായിരത്തേക്കാള്‍ പലപ്പോഴും മഹത്തരവും പുണ്യകരവുമാവുക പാവപ്പെട്ടവന്‍ നല്‍കുന്ന പത്ത് രൂപയായിരിക്കും. മറ്റു ചിലപ്പോള്‍ വന്‍ തുകകളെക്കാള്‍ വിലപ്പെട്ടത് ആശ്വാസ വചനങ്ങളായിരിക്കും. മറ്റുള്ളവര്‍ക്ക് ആസ്വാദ്യകരമായി അനുഭവപ്പെടുന്നതെന്തും അമൂല്യം തന്നെ. പുഞ്ചിരി പോലും ധര്‍മവും പുണ്യവുമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കാനുള്ള കാരണവും അതുതന്നെ.