Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ശിബ്ലി നുഅ്മാനിയുടെ
സൌന്ദര്യ സങ്കല്‍പങ്ങള്‍

ശിഹാബുദ്ദീന്‍ ആരാമ്പ്രം
ചരിത്ര രചനയിലും ജീവചരിത്ര സാഹിത്യത്തിലും വിശ്വപ്രസിദ്ധ പണ്ഡിതനായിരുന്നു അല്ലാമാ ശിബ്ലി നുഅ്മാനി (1857-1914). അല്‍ത്താഫ് ഹുസൈന്‍ ഹാലിക്ക് ശേഷം ഉര്‍ദു ഭാഷയെ സമ്പുഷ്ടമാക്കിയ നിരൂപകന്‍, ആധുനിക ഉര്‍ദു ഗദ്യ ശൈലിയുടെ മാര്‍ഗദര്‍ശകരില്‍ ഒരാള്‍, സൌന്ദര്യോപാസകന്‍ ഈ നിലകളിലെല്ലാം ശിബ്ലി വ്യക്തിമുദ്ര പതിപ്പിച്ചു. 'ശിഅ്റുല്‍ അജം' എന്ന പ്രകൃഷ്ട കൃതിയുടെ ഒന്നും നാലും ഭാഗങ്ങളിലാണ് സൌന്ദര്യശാസ്ത്ര ചിന്തകനെന്ന നിലയില്‍ ശിബ്ലിയുടെ കൈമിടുക്കും തൂവല്‍ സ്പര്‍ശവും.
ഉര്‍ദുവിലെ വിലാപ കവികളായ മീര്‍ അനീസ്, മീര്‍ദബീര്‍ എന്നിവരുടെ കവിതകളെ താരതമ്യം ചെയ്യുന്ന മറ്റൊരു രചനയും അദ്ദേഹത്തിന്റേതായുണ്ട്. അവയിലൂടെ സാഹിത്യ രചനക്കുണ്ടാവേണ്ട സവിശേഷതകള്‍ ശിബ്ലി നുഅ്മാനി അവതരിപ്പിച്ചു. സൌന്ദര്യശാസ്ത്ര ഘടകങ്ങള്‍ക്കാണ് മുന്‍ഗണന. അറബി-പേര്‍ഷ്യന്‍ സാഹിത്യത്തിലുള്ള ജ്ഞാനവും വല്ലഭത്വവും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സൂക്ഷ്മഗ്രാഹിയാക്കി.
രചനയുടെ ആവിര്‍ഭാവം
ഒരു കൃതി ആവിര്‍ഭവിക്കുന്നത് ആഴത്തില്‍ അനുഭവിച്ചറിഞ്ഞ ചിന്തകനാണ് ശിബ്ലി. അല്ലാഹു മനുഷ്യന് നല്‍കിയ കഴിവുകളിലൂടെയാണ് ഓരോ വ്യക്തിയും ജീവിത ചൈതന്യം പ്രകാശിപ്പിക്കുക. ബോധവും (ഇദ്റാക്) അനുഭവവു (ഇഹ്സാസ്)മാണ് അതിന് സഹായിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഒരു സംഭവത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് അനുഭവം. ദുഃഖത്തിന് ഹേതുവാകുന്ന വേദന, ആഹ്ളാദം ഉണര്‍ത്തുന്ന സന്തോഷം, ആശ്ചര്യപ്പെടുത്തുന്ന അത്ഭുതങ്ങള്‍ എന്നിവ 'അനുഭവ'ങ്ങളുടെ സ്ഫുലിംഗങ്ങളാണ്. വേണമെങ്കില്‍ അതിനെ കവിതയുടെ ഒരു ഘടകമായി ഗണിക്കാമെന്നും ശിബ്ലി നുഅ്മാനി സൂചിപ്പിക്കുന്നു. എന്നാല്‍ മനുഷ്യന്റെ വിജ്ഞാനത്തെയാണ് 'ബോധം' പ്രതിഫലിപ്പിക്കുന്നത്.
മനസ്സിനെ മഥിച്ച സംഭവങ്ങളും സ്മരണകളും വൈവിധ്യമാര്‍ന്ന ശബ്ദത്തിലൂടെയും ചലനത്തിലൂടെയുമാണ് മനുഷ്യേതര ജീവികള്‍ പ്രകടിപ്പിക്കുക. സിംഹത്തിന്റെ ഗര്‍ജനവും കുയിലിന്റെ കൂജനവും ആട്ടിന്‍ പറ്റങ്ങളുടെ അലമുറയും മയിലിന്റെ നൃത്തവും ഉദാഹരണം. എന്നാല്‍ അതേ അനുഭവങ്ങള്‍ മനുഷ്യന്‍ പ്രകടിപ്പിക്കുന്നത് ഭാഷയിലൂടെയും പദങ്ങളിലൂടെയുമാണ്. അതാണ് നമുക്ക് ലഭിക്കുന്ന കഥയും കവിതയും നോവലും നാടകവും സിനിമയുമെല്ലാം. അവയത്രയും മനുഷ്യന്റെ അനുഭവങ്ങളാണ്. ആഹ്ളാദം, അമര്‍ഷം, ആഘാതം, സ്നേഹം, മമത, വ്യഥ എന്നിവയില്‍ നിന്നെല്ലാമാണ് ഒരു സാഹിത്യകൃതി ആവിര്‍ഭവിക്കുന്നതെന്നാണ് ശിബ്ലി നുഅ്മാനി നിരീക്ഷിക്കുന്നത്. അനുഭവങ്ങള്‍ എന്തായാലും അവ ഭാഷയിലൂടെയും പദങ്ങളിലൂടെയും മറ്റൊരാളിലേക്ക് കൈമാറപ്പെടുന്നതിലൂടെ ഒരു കൃതി പിറവിയെടുക്കുന്നു. എന്നാല്‍ രചന കേവലം പരമ്പരാഗത കൃത്യനിര്‍വഹണമായി പരിമിതപ്പെടരുത്. സൂക്ഷ്മമായി ആലോചിച്ച ശേഷം മാത്രമേ ആവിഷ്കാരത്തിലേക്ക് പ്രവേശിക്കാവൂ.
അനുഭവമോ സംഭവമോ പൊതുജനത്തേക്കാള്‍ കൂടുതല്‍ സ്വാധീനിക്കുക പ്രതിഭാശാലികളായ എഴുത്തുകാരെയാണ്. അവരതിനെ പദങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുന്നു. മികച്ച കൃതികളുടെയെല്ലാം അന്തര്‍ധാര സമൂഹത്തെ സ്പര്‍ശിക്കുന്ന അനുഭവങ്ങളോ സംഭവങ്ങളോ ആയിരിക്കും. അവയുടെ അഭാവത്തില്‍, കൃതി വേരുകളില്ലാത്ത ഉല്‍പ്പന്നം മാത്രമാവുമെന്നാണ് ശിബ്ലി നുഅ്മാനി സൂചിപ്പിക്കുന്നത്. പേര്‍ഷ്യന്‍ കവിതകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തി ഈ വീക്ഷണത്തെ അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ഏത് ഭാഷയിലും അതിന് സമാനമായ കൃതികളുണ്ടാവും. നമ്മുടെ ഭാഷയിലെ അത്തരം അനുഭവങ്ങള്‍ പങ്ക് വെക്കുന്ന കഥകളില്‍ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ജന്മദിനം.' വിശപ്പ് സൃഷ്ടിക്കുന്ന താങ്ങാനാവാത്ത നൊമ്പരമാണ് അതില്‍. ആഹാരത്തിന് വേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹവുമായി വ്യഥയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന മനുഷ്യന്റെ നഗ്നചിത്രമാണ് ആ കഥ. ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഓരോ സ്ഥലവും മരീചികയാണെന്ന അറിവ് മനസ്സില്‍ അഗ്നിഗോളം രൂപപ്പെടുത്തുകയാണ്. ആസ്വാദകന്റെ ഉള്ള് പൊള്ളിക്കുന്ന അത്തരം ആവിഷ്കാരങ്ങള്‍ കലയുടെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ചൂണ്ട് പലകയാണെന്ന് ശിബ്ലി നുഅ്മാനി അടയാളപ്പെടുത്തുന്നു.
സമാനമായ മറ്റൊരു അനുഭവമാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ വിരഹം കവി ഇടശ്ശേരി ഗോവിന്ദന്‍ നായരില്‍ സൃഷ്ടിച്ചത്. 'മുഹമ്മദ് അബ്ദുര്‍റഹ്മാന്‍' എന്ന കവിതയിലൂടെ ഇടശ്ശേരി അത് ആസ്വാദകനുമായി പങ്ക് വെക്കുന്നു:
"കന്നിവെള്ളക്കാറു പോലെ കേരളത്തില്‍ നീളെ
-ക്കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര ഞങ്ങളോര്‍പ്പുകാലേ
മുറ്റമഴീക്കോട്ടുനിന്ന് മുക്കമെത്തുവോളം
മുഗ്ധമാം നിന്‍ ജൈത്രയാത്ര ഞങ്ങളോര്‍പ്പുകാലേ
പാടിടട്ടേ സുസ്വതന്ത്ര കണ്ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി
എങ്കിലെന്തീ ഹര്‍ഷബിന്ദു തങ്കുമോ നിന്‍കാതില്‍
മംഗളാത്മനേ, മുഹമ്മദബ്ദുറഹിമാനേ!''
മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ വേര്‍പാടില്‍ ദുഃഖിച്ചവര്‍ അനവധിയാണ്. വിശപ്പാല്‍ പൊരിയുന്നവര്‍ എല്ലാ കാലത്തുമുണ്ട്. എന്നാല്‍ സാധാരണക്കാരുടെ ദുഃഖമോ വിശപ്പോ ആരും അറിയാറില്ല. അവരനുഭവിക്കുന്ന വിവരണാതീതമായ വേദന അവരുടെ കണ്ണീര്‍കണങ്ങളോടൊപ്പം ബാഷ്പീകരിച്ച് പോകുന്നു. പ്രതിഭാശാലികളായ സാഹിത്യകാരന്മാരില്‍ അത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന അനുഭവം അവരുടെ എഴുത്തിലൂടെ തലമുറകളോളം കൈമാറപ്പെടുന്നത് കാണാം. ആ വിധത്തിലുള്ള അനുഭവങ്ങളാണ് രചനയുടെ ആവിഷ്കാരത്തിലേക്ക് നയിക്കുക. അതിനുള്ള അവസരം നല്‍കുകയാണ് ഇദ്റാക്കും (ബോധം/അറിവ്) ഇഹ്സാസു(അനുഭവം) മെന്ന് ശിബ്ലി നുഅ്മാനി ഓര്‍മപ്പെടുത്തുന്നു.
രചനാ ശൈലി
കൃതിയുടെ ആവിഷ്കാരത്തിനുള്ള പ്രേരണയും സന്ദര്‍ഭവും ലഭിച്ചാല്‍ രചനക്കുള്ള ഭാഷയും ശൈലിയും രൂപപ്പെടുത്തണമെന്നാണ് ശിബ്ലിയുടെ പക്ഷം. സാഹിത്യ രചനയില്‍, അതിനുള്ള സ്ഥാനം ചെറുതല്ല. പദങ്ങളുടെ സൂക്ഷ്മമായ തെരഞ്ഞെടുപ്പിലൂടെയാണ് ഭാഷയും ശൈലിയും ആകര്‍ഷകമാക്കുന്നത്. സാഹിത്യ കൃതിയുടെ ആശയ വിനിമയം പൂര്‍ണതയില്‍ എത്തുന്നത് ഭാഷയുടെ സൂക്ഷ്മ പ്രയോഗങ്ങളിലൂടെയും. രചനയെ ബലഹീനതകളില്‍നിന്ന് മുക്തമാക്കാന്‍ സഹായിക്കുന്ന മുഖ്യഘടകം തേയ്മാനം സംഭവിക്കാത്ത പദങ്ങളാണ്. കൃതിയുടെ വിജയത്തിന് പദങ്ങളുടെ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് വലിയ പങ്ക് വഹിക്കുന്നു. സന്ദര്‍ഭത്തിനനുസരിച്ച് മാറിവരേണ്ട പദങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാന്‍ വിഖ്യാത പേര്‍ഷ്യന്‍ കവിയായ ഫിര്‍ദൌസിയുടെ 'ശാഹ്നാമഃ'യെയും 'യൂസുഫ് സുലൈഖ'യെയുമാണ് ശിബ്ലി ഉദാഹരിക്കുന്നത്.
ഫിര്‍ദൌസിയെ വിശ്വപ്രസിദ്ധ മഹാകവിയായി ഉയര്‍ത്തിയത് 'ശാഹ്നാമഃ'യാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പേര്‍ഷ്യയുടെ യശസ്സ് ഉയര്‍ത്തിയ രാജാക്കന്മാരുടെയും പടനായകന്മാരുടെയും കഥകളാണതില്‍. ശാഹ്നാമഃയിലെ റുസ്തമിന്റെയും സൊഹ്റാബിന്റെയും കഥ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അത്രമാത്രം ജനശ്രദ്ധ പിടിച്ച് പറ്റാന്‍ ആ മഹാകാവ്യത്തിന് കഴിഞ്ഞു. ഫിര്‍ദൌസി പിന്നീട് രചിച്ച കൃതിയാണ് 'യൂസുഫ് സുലൈഖ.' ശാഹ്നാമഃയില്‍ നിന്ന് വ്യത്യസ്തമായി യൂസുഫ് സുലൈഖ ഒരു പ്രേമകാവ്യമാണ്. പ്രേമകാവ്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ആ കൃതിക്കുണ്ട്. എന്നാല്‍ അത് ശാഹ്നാമഃയെപോലെ പ്രസിദ്ധമായില്ല. കാരണം ശാഹ്നാമഃയിലെ അതേ ഭാഷയും ശൈലിയും തന്നെയാണ് 'യൂസുഫ് സുലൈഖ'യിലും ഫിര്‍ദൌസി അവലംബിച്ചത്. യുദ്ധത്തിന്റെയും ഗൌരവത്തിന്റെയും ശക്തിയുടെയും ഭാഷയല്ലല്ലോ പ്രേമകാവ്യത്തിന് വേണ്ടത്. നര്‍മവും സൌമ്യവും മാര്‍ദവവും തുളുമ്പുന്ന പദങ്ങളുടെ അഭാവം നിമിത്തമാണ് 'യൂസുഫ് സുലൈഖ' വിശ്വസാഹിത്യ പട്ടികയില്‍ സ്ഥാനം നേടാതെ പോയതെന്ന് ശിബ്ലി നുഅ്മാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകാരന്റെ മഹത്വമല്ല കൃതിയുടെ മഹത്വമായി പരിഗണിക്കേണ്ടതെന്നും ഈ വിശകലനത്തിലൂടെ അദ്ദേഹം ഉണര്‍ത്തുന്നു.
ഭാഷാ-ശൈലികള്‍ പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ആശയ മേന്മ. ശിബ്ലി ആശയ മേന്മയെക്കാള്‍ ഭാഷക്കും ശൈലിക്കും മുന്‍ഗണന നല്‍കുന്നു. സുപ്രസിദ്ധ പേര്‍ഷ്യന്‍ കവി സഅ്ദിയുടെ 'ഗുലിസ്താന്‍' ശിബ്ലി നുഅ്മാനി എടുത്ത് കാട്ടുന്നുണ്ട്. ഗുലിസ്താന്‍ ശ്രദ്ധേയമായത് അതിലെ ഭാവനയും ഉള്ളടക്കവും മികച്ചതുകൊണ്ട് മാത്രമല്ല; അത്തരം കൃതികള്‍ സാഹിത്യത്തില്‍ വേറെയും കണ്ടേക്കാം. എന്നാല്‍ അതിലെ പദങ്ങളും ശൈലിയും താളവും അതുമൂലമുള്ള ആശയ വ്യക്തതയുമാണ് ഗുലിസ്താന് മഹത്വം പകരുന്നത്. മഹാപണ്ഡിതന്മാരും ചിന്തകന്മാരും മുതല്‍ അഭ്യസ്ത വിദ്യരായ സാധാരണക്കാരുടെ വരെ പ്രശംസ പിടിച്ചുപറ്റാന്‍ ഗുലിസ്താന് കഴിഞ്ഞത് ആശയമേന്മയോടൊപ്പമുള്ള ഭാഷയുടെയും ശൈലിയുടെയും മഹത്വം കൊണ്ട് കൂടിയാണെന്ന് ശിബ്ലി നുഅ്മാനി അടയാളപ്പെടുത്തുന്നു.
അനുകരണവും ഭാവനയും
സാഹിത്യ സൃഷ്ടിയില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ട് ഘടകങ്ങളുണ്ട്. അനുകരണവും (മുഹാകാത്) ഭാവനയും (തഖയ്യുല്‍). അതില്‍ ഒന്നെങ്കിലും പൂര്‍ണമായാല്‍ കവിതയായി പരിഗണിക്കപ്പെടാമെന്നാണ് ശിബ്ലിയുടെ വീക്ഷണം. ഭാവരചനയുടെ പൂര്‍ണതയെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ഈ അഭിപ്രായ പ്രകടനം. അനുകരണം, ചിത്രീകരണം, വര്‍ണന എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുഹാകാത്. വസ്തുവിന്റെയോ അവസ്ഥയുടെയോ യാഥാര്‍ഥ്യത്തിന്റെയോ ദൃഷ്ടിയില്‍ പതിയുന്ന ചിത്രമാണ് അനുകരണത്തിന്റെ സത്ത. എഴുത്തുകാരനെയോ ചിത്രകാരനെയോ സ്വാധീനിച്ച യാഥാര്‍ഥ്യങ്ങളെയും അവസ്ഥകളെയും പദാവലികളിലൂടെയും വര്‍ണങ്ങളിലൂടെയും പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് അനുകരണ(മുഹാകാത്)ത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. മികച്ച ഒരു അവസ്ഥയെ കലാകാരനോ എഴുത്തുകാരനോ ദൃശ്യവല്‍കരിക്കുമ്പോള്‍ വര്‍ണ ഭംഗികള്‍ വിതറി ആസ്വാദകന്റെ മനസില്‍ അവ മുദ്രിതമാകുന്നു. എം. ഗോവിന്ദന്റെ 'കുഞ്ഞാലി മരക്കാര്‍' കവിതയില്‍ പോര്‍ച്ചുഗീസുകാരുടെ പരാജയ വാര്‍ത്തയറിഞ്ഞ് ആനന്ദഭരിതരാവുന്ന ദേശവാസികളുടെ ചിത്രം കാണാം:
വാലിലും വളയിട്ട ശൈത്താന്മാര്‍ വാളിന്മുമ്പില്‍
വീണപ്പോള്‍, വീണമീട്ടി പുള്ളുവന്‍ കുടംകൊട്ടി,
പുള്ളുവപ്പെണ്ണും, തുടിമുറുക്കിപ്പാണന്മാരും
പിള്ളരും പിരിക്കൂട്ടി കോല്‍ക്കളിക്കാരും, വിള
കൊയ്യുന്ന കയ്യും വളകിലുങ്ങും കളിക്കാരും
മെയ്യില്‍ വേര്‍പ്പിയലാത്തൊരെട്ടു കെട്ടിലെക്കാവും
പുല്ലയെപ്പൂട്ടും കോയക്കുട്ടിയും കുഞ്ഞാമനും
മുല്ലമൊട്ടണിക്കാതായ് ബീബിയും നബീസയും
പല്ലില്ലാപ്പഴം കഥയഴിക്കും മൂത്തമ്മയും
പുള്ളീലക്കര മിന്നിക്കോവിലമ്മയും പാടി:
പെറ്റുപോറ്റിയ നാടിന്‍ നന്മയേ നമുക്കൂറ്റം
മാറ്റാന്റെ മന്ത്രക്കെട്ടില്‍പ്പെട്ടാലോ കൊലക്കുറ്റം
നാവിലും തുലാസിലും കള്ളമായ് നടപ്പോര്‍ക്കും
നേരുവിട്ടോര്‍ക്കും നെറികെട്ടോര്‍ക്കും തുറുങ്കല്ലോ.''
കുഞ്ഞാലിമരക്കാരുടെ വിജയം കേരളത്തിലെ നാനാതുറകളിലുള്ള ജനതയില്‍ സൃഷ്ടിച്ച ആഹ്ളാദമാണ് ഈ വരികളില്‍ ചിന്തകന്‍കൂടിയായ ഗോവിന്ദന്‍ ചിത്രീകരിച്ചത്. ഒരു ജനതയുടെ ആഹ്ളാദവും ദേശത്തിന്റെ ആവേശവും മുറ്റിനില്‍ക്കുന്ന ഒരവസ്ഥയുടെ അനുകരണമാണ് ഈ വരികളില്‍. ശത്രുവിന്റെ ആക്രമണത്തിനെതിരെ സ്വദേശ ഭടന്മാര്‍ വിജയം നേടുമ്പോള്‍ കവിയുടെ നിനവില്‍ വരുന്ന ദേശവാസികളുടെ ആഹ്ളാദമാണിവിടെ. പില്‍ക്കാലക്കാര്‍ക്ക് വേണ്ടി പദാവലികളിലൂടെയുള്ള കവിയുടെ വീരസ്മരണ. അനുകരണത്തെ ശാസ്ത്രീയവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമേ വിഷാദം, ആഹ്ളാദം, അസ്വസ്ഥത, തുടങ്ങിയവ ദൃശ്യവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ദൃശ്യവസ്തുക്കളുടെ ചിത്രീകരണം പോലെയല്ല വിഷാദം, ആഹ്ളാദം, അസ്വസ്ഥത എന്നിവയുടെ ആവിഷ്കാരം. ചിത്രകാരന് വസ്തുക്കളുടെ വലുപ്പവും ഭീകരതയും ആവിഷ്കരിക്കാന്‍ കഴിയും. ആ വലുപ്പത്തിന്റെ വിശാലതയോ ഭീകരതയുടെ ആഴമോ ധ്വനിപ്പിക്കാന്‍ കഴിയുകയില്ല. അതുപോലെ തന്നെയാണ് വിഷാദത്തെയും ആഹ്ളാദത്തെയും അസ്വസ്ഥതയെയും ചിത്രീകരിക്കുക. എന്നാല്‍ സാഹിത്യകാരന് അവയെല്ലാം ആവിഷ്കരിക്കാന്‍ കഴിയുന്നു. ചിത്രകാരനും എഴുത്തുകാരനും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണെന്ന് ശിബ്ലി നുഅ്മാനി വിശദീകരിക്കുന്നുണ്ട്.
ശിബ്ലി നുഅ്മാനി സൂചിപ്പിക്കുന്ന സാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത രണ്ടാമത്തെ ഘടകം ഭാവന(തഖയ്യുല്‍)യാണ്. കഥ, കവിത, നോവല്‍, നാടകം തുടങ്ങി സാഹിത്യത്തിന്റെ ഏത് ശാഖയിലും മുഖ്യഘടകം ഭാവനയായിരിക്കും. അനുവാചക സമക്ഷം ഭാവനയെ എങ്ങനെ അവതരിപ്പിക്കണം എന്ന ചര്‍ച്ചയാണ് ലോകത്തെ എല്ലാ ഭാഷയിലെയും സൌന്ദര്യ ശാസ്ത്രത്തിന്റെ കാതല്‍. അനുകരണത്തെക്കാളും ഭാവനക്കാണ് ശിബ്ലി നുഅ്മാനി പ്രാധാന്യം നല്‍കുന്നത്. ഭാവനയില്ലാത്ത അനുകരണങ്ങള്‍ നിഷ്ഫലമാണ്. ഒന്നില്‍നിന്ന് മറ്റൊന്നിന്റെ പുനഃസൃഷ്ടിയാണ് ഭാവനയിലൂടെ സംജാതമാവുന്നത്. കണ്ണില്‍നിന്ന് മറഞ്ഞതിനെ അത് ദൃശ്യവല്‍ക്കരിക്കുന്നു. അതിലൂടെ ഭൂതവും ഭാവിയും പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് എഴുത്തുകാരന്‍. ഭാവനയുമായി ദൃഢമായ സന്നിവേശമുണ്ടാകുമ്പോഴാണ് അനുകരണം പോലും ചൈതന്യവത്താവുക. മുഹമ്മദ് നബിയുടെ മദീനായാത്രയെ നൂറ്റാണ്ടുകള്‍ക്കിപ്പുറം നിന്ന് മഹാകവി വള്ളത്തോള്‍ ഭാവനയില്‍ കാണുമ്പോള്‍ ആ കാലവും സന്ദര്‍ഭവും പുനര്‍ജനിക്കുന്നതായി അനുഭവപ്പെടുന്നു.
"കഴല്‍ച്ചുവട്ടിലി, ത്തിരിയൊന്നു തൊട്ടാല്‍
മുഴുക്കെപ്പൊള്ളിപ്പോമെരി മണല്‍പ്പുറം;
തലയ്ക്കു മീതെയോ കമിഴ്ന്നു നിന്നു തീ-
യൊളിവെയില്‍ തൂകും നഭോനെരുപ്പോടും;
അരയില്‍ത്തൂക്കിയൊരുടവാളാകുന്ന
പരിജനത്തോടൊത്തൊ,രുനാളില്‍ മുന്നം
മനോജ്ഞവും പുണ്യായതനവുമായ
'മദീനാ'യ്ക്കു പോകും മുഹമ്മദ് നബി-
ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍
ധരയിലേക്കീശന്‍ നിയോഗിച്ച സൂര്യന്‍
ദിവി നിര്‍ത്തപ്പെട്ട പുരാണ സൂര്യനാല്‍
വിവിക്തമാം പഥിതപിപ്പിക്കപ്പെട്ടു.''
പ്രവാചകന്റെ മരുഭൂയാത്രയുടെ ചൈതന്യം ഉള്‍ക്കൊണ്ട് വള്ളത്തോള്‍ നാരായണ മേനോന്‍ ആവിഷ്കരിച്ച ഈ ചിത്രം, ഏതൊരു വിശ്വാസിയെയും സ്വാധീനിക്കാതിരിക്കില്ല. ആസ്വാദകന് ഭാവനയിലൂടെ പകര്‍ന്ന് കിട്ടുന്ന പൂര്‍വ സംഭവത്തിന്റെ തനിമയും ഓജസ്സും ആ വരികളില്‍ കവി പ്രതിധ്വനിപ്പിക്കുന്നു. നബിയുടെ ജീവിതത്തിലെ ആ രംഗത്തിന് സാക്ഷികളാവാതിരുന്നവരെ പോലും വള്ളത്തോളിന്റെ ഭാവന വിദൂര സാക്ഷികളാക്കുകയാണ്. അനുകരണത്തിന്റെയും ഭാവനയുടെയും അസാധാരണമായ ഇത്തരം സ്വാധീനം നിമിത്തമാണ് സാഹിത്യ സൃഷ്ടിയുടെ പ്രധാന ഘടകങ്ങളായി ശിബ്ലി നുഅ്മാനി അവയെ പരിഗണിച്ചത്.
രചനയുടെ ലാളിത്യം
സമൂഹ പുരോഗതിക്കൊപ്പം ചലിക്കുന്നവരാണ് കവിയും സാഹിത്യകാരനും. ഏതു വിധത്തിലുള്ള പുരോഗതിയാണോ ഉണ്ടാവുന്നത് അതിനനുസരിച്ച സാഹിത്യമാണ് ഉടലെടുക്കുകയെന്ന് ശിബ്ലി സൂചിപ്പിക്കുന്നു. സാധാരണക്കാരന്റെ ജീവിതവുമായി ഇണങ്ങുന്നവയായിരുന്നു ആദ്യകാലത്തെ പ്രമേയങ്ങള്‍. പിന്നീട് ആവേശവും അഭിലാഷവും ജനിപ്പിക്കുന്നവയായി. അപ്പോഴും നന്മയിലും സദാചാര ബോധത്തിലും നിന്ന് വ്യതിചലിച്ചിരുന്നില്ല. പില്‍ക്കാലത്ത് ജീവിത സൌകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജനങ്ങള്‍ ആഡംബര പ്രിയരായി. ഓരോ പ്രവര്‍ത്തനത്തിലും പ്രയാസങ്ങള്‍ കണ്ട് തുടങ്ങി. ആ കാലം മുതല്‍ക്കാണ് സാഹിത്യകൃതികളില്‍ അതിഭാവുകത്വം സ്ഥലം പിടിച്ചതെന്ന് ശിബ്ലി നുഅ്മാനി അഭിപ്രായപ്പെടുന്നു.
സാഹിത്യം സമൂഹത്തെ ഉണര്‍ത്തുന്നത് സംവേദന ശേഷിയിലൂടെയാണ്. സങ്കീര്‍ണവും ഗഹനവുമായ രചനകളെക്കാള്‍ ലളിതമായ കൃതികളാണ് ജനതയില്‍ പരിവര്‍ത്തനത്തിന്റെ വെളിച്ചം പരത്തുക. ശിബ്ലിയുടെ വീക്ഷണത്തില്‍ സംസാര ഭാഷയുടെ സഹായത്തോടെ മാത്രമേ ലാളിത്യം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. കാരണം പൊതു ഭാഷയെക്കാള്‍ അവക്കാണ് പ്രചാരം നേടാന്‍ കഴിയുക. അതിലെ ഒരു പദത്തിന്റെ സൌകുമാര്യതയിലൂടെ മാത്രം വാചകം ഹൃദയത്തില്‍ തങ്ങിനില്‍ക്കും. "ഒന്നും ഒന്നും മ്മിണി വല്ല്യ ഒന്ന്'' എന്ന ബഷീറിയന്‍ പ്രയോഗം ഉദാഹരണം. ഒട്ടേറെ പ്രസിദ്ധ കൃതികളെ സംസാര ഭാഷയുടെ ചേതോഹരമായ പ്രയോഗമാണ് അനശ്വരമാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെല്ലാം എളുപ്പം ആശയം ഗ്രഹിക്കാന്‍ സംസാര ഭാഷ സഹായിക്കും. സാധാരണക്കാര്‍ അവയുടെ ബാഹ്യാര്‍ഥം മാത്രമേ ഗ്രഹിക്കുകയുള്ളൂ. പണ്ഡിതന്മാരാവട്ടെ, വാചകത്തിന്റെ സാഹിത്യ മേന്മയും ആശയാര്‍ഥവും അതില്‍ ചിന്തേരിട്ടടുക്കിവെച്ച ചിന്തയുടെ അടരുമെല്ലാം കണ്ടെത്തുമെന്ന് ശിബ്ലി വ്യക്തമാക്കുന്നു.
ഭാവാത്മക രചനയിലെ സത്യം വസ്തുനിഷ്ഠ സത്യമാവണമെന്നില്ല. ചിലപ്പോള്‍ യഥാര്‍ഥ സംഭവമാകാം. മറ്റുചിലപ്പോള്‍ യഥാര്‍ഥ സംഭവത്തില്‍നിന്ന് വികസിപ്പിച്ചെടുത്തതുമാകാം. രണ്ടായാലും സദാചാര ബന്ധിതമായ ലക്ഷ്യം ഉണ്ടാവണമെന്ന് ശിബ്ലി ഉണര്‍ത്തുന്നു. ഒരു തടിച്ച ഗ്രന്ഥത്തിന് പകരാന്‍ കഴിയാത്ത സദാചാര പാഠങ്ങള്‍ ചെറിയ കവിതയിലൂടെയോ കഥകളിലൂടെയോ സാധിക്കും. പുരാതന അറബികളില്‍ ആതിഥ്യ മര്യാദയും ധീരതയും സാമൂഹിക സഹകരണവും കരുപിടിപ്പിക്കുന്നതില്‍ അന്നത്തെ കവിത വലിയ പങ്ക് വഹിച്ചതായി ശിബ്ലി നുഅ്മാനി എടുത്തു കാട്ടുന്നു. ആ കാലത്ത് അറബികളായ ബഹുജനങ്ങളുടെ കടിഞ്ഞാണ്‍ കവികളിലായിരുന്നു. സാഹിത്യകാരന്റെ വാക്കുകളെ ബാഹ്യ സംഭാഷണം മാത്രമായല്ല അദ്ദേഹം വീക്ഷിച്ചത്; ബുദ്ധിയെ പ്രതിനിധീകരിക്കലും ദൈവിക വെളിപാടുകളെ പ്രകാശിപ്പിക്കലുമെല്ലാം അവയുടെ ഭാഗമായി കാണുന്നുണ്ട്. വാക്കുകളിലൂടെ ആവിഷ്കൃതമാകുന്ന നന്മ ജനതയെ പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുമെന്ന വിശ്വാസമാണ് ശിബ്ലി നുഅ്മാനിയുടെ വിശകലനങ്ങളിലുള്ളത്.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly