Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ആത്മീയതയുടെ കരുത്ത്
"അല്ലാഹു ഭൂമി സൃഷ്ടിച്ചപ്പോള്‍ അത് ചായാനും ചരിയാനും തുടങ്ങി. അപ്പോള്‍ പര്‍വതങ്ങളെ സൃഷ്ടിച്ച് അവയുടെ മേല്‍ സ്ഥാപിച്ചു. അതോടെ ഭൂമി അടങ്ങി; നിശ്ചലമായി. പര്‍വതങ്ങളെ നോക്കി മാലാഖമാര്‍ അത്ഭുതപ്പെട്ടു അവര്‍ ചോദിച്ചു: "അല്ലാഹുവേ, നിന്റെ പടപ്പുകളില്‍ പര്‍വതത്തെക്കാള്‍ ശക്തിയുള്ള സൃഷ്ടികളുണ്ടോ?''
അല്ലാഹുവിന്റെ മറുപടി: "ഉണ്ട്, ഇരുമ്പ്.''
"ഇരുമ്പിനെ വെല്ലുന്ന വല്ല സൃഷ്ടിയും?'' "ഉണ്ട്, അഗ്നി.''
"അഗ്നിയേക്കാള്‍ വമ്പുള്ള വല്ലതും?'' മറുപടി: "വെള്ളം!'' "വെള്ളത്തെക്കാള്‍ വലിയ വല്ലതുമുണ്ടോ?''
"കാറ്റിന് അതിനെക്കാള്‍ ശക്തിയുണ്ട്.'' "കാറ്റിനെ വെല്ലാന്‍ പോന്ന വല്ലതുമുണ്ടോ?''
"ഉണ്ട്, ആദമിന്റെ മക്കള്‍.'' മനുഷ്യന്‍ അതിനെക്കാള്‍ ശക്തനാണ്. കൊടുങ്കാറ്റിന് മുമ്പില്‍ പതറാത്ത മനുഷ്യന്റെ ശക്തി എന്തെന്ന് അല്ലാഹു വ്യക്തമാക്കി. അല്ലാഹുവിനെ വിചാരിച്ച് സത്യവിശ്വാസിയുടെ വലതു കൈ ദാനം ചെയ്തത് ഇടതു കൈ അറിയില്ല'' (ഹസ്രസത്ത് അനസില്‍നിന്ന് ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഈ വചനം 'അന്നിയ്യത്ത് വല്‍ ഇഖ്ലാസില്‍' ശൈഖ് ഖറദാവി ഉദ്ധരിച്ചിട്ടുണ്ട്).
ആത്മാര്‍ഥത ഏറെ ശക്തിയുള്ള ആയുധമാണെന്ന് മേല്‍ ഹദീസ് വ്യക്തമാക്കുന്നു. ദുന്‍യാവിലെ സകല ഭൌതിക ശക്തികള്‍ക്കുമപ്പുറമാണ് ഇഖ്ലാസിന്റെ കരുത്തും കഴിവും. ഈമാനും ഇഖ്ലാസും ഉണ്ടെങ്കില്‍ അതിന്റെ മുമ്പില്‍ പാറക്കെട്ടുകള്‍ പോലും പകച്ചുനില്‍ക്കും. ആത്മീയ ശക്തിക്കുമുമ്പില്‍ ഒന്നും വിലപ്പോവില്ല. പര്‍വതങ്ങളെ ഇരുമ്പ് തകര്‍ക്കും. ഇരുമ്പിനെ ഉരുക്കാന്‍ തീ മതി. തീയണക്കാനോ ജലവും. എന്നാല്‍ ഈ ജലത്തെ ഏത് ദിശയിലേക്ക് വേണമെങ്കിലും നീക്കിക്കൊണ്ട് പോകാന്‍ കാറ്റിന് കഴിയും. അതിനപ്പുറം മനുഷ്യമനസ്സിന് കരുത്തും ആര്‍ജവും നല്‍കുന്നതാണ് ഈമാനും ഇഖ്ലാസും -വിശ്വാസവും ആത്മാര്‍ഥതയും.
ഇമാം ഗസ്സാലി ഇവ്വിഷയകമായി ഒരു ഗുണപാഠകഥ ഉദ്ധരിക്കുന്നുണ്ട്. ആരാധനയില്‍ നിമഗ്നനായ ഒരു ഭക്തനും അയാളെ വഴിതെറ്റിക്കാന്‍ ശ്രമിച്ച ഇബ്ലീസുമാണ് കഥാപാത്രങ്ങള്‍. ഭക്തന്‍ 'തഖ്വ'യുടെ നിറകുടം. ഈമാനിന്റെ കരുത്തും ഇഖ്ലാസിന്റെ ബലവും കൊണ്ട് ഊട്ടപ്പെട്ട മഹല്‍ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഭക്തന്‍ താമസിക്കുന്നതിനടുത്ത ഒരു മരത്തിന് ചുറ്റും ആളുകള്‍ 'ത്വവാഫ്' എന്ന പേരില്‍ കറങ്ങുന്നതും അതിനെ അവര്‍ ആരാധിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഈ മരം മുറിച്ച് മാറ്റണമെന്ന് ഭക്തന് തോന്നി. ഒരു കോടാലിയുമായി 'ആരാധ്യവൃക്ഷത്തെ' വെട്ടിമാറ്റാനായി പുറപ്പെട്ടു. ദൈവേതര ശക്തികളെയും മൂര്‍ത്തികളെയും തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ വഴിമധ്യേ ഇബ്ലീസ് തടസ്സപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. തന്റെ ഉദ്യമത്തില്‍നിന്ന് പിന്തിരിയണമെന്ന് ഇബ്ലീസ് അയാളോടഭ്യര്‍ഥിച്ചു. ഭക്തന്‍ വഴങ്ങിയില്ല. അവസാനം ഇബ്ലീസ് ഭക്തനുമായി ഏറ്റുമുട്ടി. ഒരു നിമിഷം! ഭക്തന്‍ ഇബ്ലീസിനെ ഇടിച്ചിട്ടു. ഇബ്ലീസ് തോറ്റു. ഭക്തന്‍ വിജയ ഭേരി മുഴക്കി.
ഉടനെ ഇബ്ലീസ് മറ്റൊരു വഴിക്ക് ഭക്തനെ സമീപിച്ചു. അനുരഞ്ജനത്തിന്റെ വഴി. ചക്കരവാക്ക് പറഞ്ഞ് ഇബ്ലീസ് ഭക്തനെ സമീപിച്ചു. സംഭാഷണത്തിനിടയില്‍ ഇബ്ലീസ് പറഞ്ഞു: "ദയവ് ചെയ്ത് താങ്കള്‍ ആ മരം മുറിക്കരുത്. അത് മുറിച്ച് മാറ്റിയിട്ട് താങ്കള്‍ക്കെന്ത് കാര്യം?! ആ മരത്തെ പൂജിക്കുന്നവര്‍ നാളെ വേറെ മരം തെരഞ്ഞെടുത്തെന്ന് വരും.'' ഒപ്പം ഇബ്ലീസ് ഭക്തനെ പ്രലോഭിപ്പിക്കുകയും ചെയ്തു. ഈ ഉപകാരത്തിന് പകരമായി ദിവസവും രണ്ട് ദീനാര്‍ ഭക്തന് എത്തിച്ചു കൊടുക്കാമെന്നും അത് രാത്രി കിടപ്പറയില്‍ തലയിണക്കടിയില്‍ കൊണ്ട് വന്ന് വെക്കാമെന്നും ഇബ്ലീസ് ഏറ്റു. സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ഈ ദീനാര്‍ ചെലവഴിക്കാമെന്നും ഇബ്ലീസ് ഭക്തനെ പറഞ്ഞ് ധരിപ്പിച്ചു. ഇതില്‍ ഭക്തന്‍ വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോള്‍ പ്രതിഫലവും ലഭിക്കുമെന്നൊരു ടിപ്പണിയും ഇബ്ലീസ് കൂട്ടിച്ചേര്‍ത്തു.
നിര്‍ദേശം സ്വീകരിച്ച് ഭക്തന്‍ മടങ്ങി. വാഗ്ദാനമനുസരിച്ച് കുറച്ച് കാലം എല്ലാ ദിവസവും തലയണക്ക് ചുവട്ടില്‍ രണ്ട് ദീനാര്‍ വീതം എത്തിക്കൊണ്ടിരുന്നു. പിന്നീട് ദീനാര്‍ വരവ് നിലച്ചു. കുറച്ചിടെ അയാള്‍ കാത്തിരുന്നു. പക്ഷേ, നിരാശ മാത്രമായിരുന്നു ഫലം. ഭക്തന് ഈര്‍ഷ്യ കത്തിക്കയറി. കോപം കൊണ്ട് വിറച്ചു. അയാള്‍ ഒരു കോടാലിയുമെടുത്ത് ആ പൂജാവൃക്ഷത്തെ വെട്ടിമാറ്റാന്‍ പുറപ്പെട്ടു. അപ്പോള്‍ വഴിക്കതാ ഇബ്ലീസ്! അവന്‍ ഭക്തനെ തടഞ്ഞു. അയാള്‍ എതിര്‍ത്തു. പറഞ്ഞു പറ്റിച്ചതിലെ ദേഷ്യം ഭക്തന്റെ വാക്കുകളിലും ചുണ്ടുകളിലും ജ്വലിച്ചു. രണ്ടുപേരും തമ്മില്‍ കലഹം. തര്‍ക്കം മൂത്ത് കൈയാങ്കളിയായി. എന്നാല്‍ ഇപ്രാവശ്യം ഭക്തനെ ഇബ്ലീസ് മലര്‍ത്തിയടിച്ചു. ഭക്തന്‍ ഇബ്ലീസിനോട് ചോദിച്ചു:
"ആദ്യ തവണ മല്‍പിടുത്തത്തില്‍ ഞാന്‍ ജയിച്ചു. ഇത്തവണ തോറ്റു. ഇതെന്തു കൊണ്ട്?!''
നേരത്തെ കോപം അല്ലാഹുവിന് വേണ്ടിയായിരുന്നു. അതിനാല്‍ തന്നെ ഒരു ആത്മീയ കരുത്ത്(റൂഹാനി ത്വാഖത്ത്) കൈവന്നു. ഇത്തവണയാകട്ടെ ദൈവത്തിന് വേണ്ടിയല്ല, പണത്തിന് വേണ്ടിയാണ് എന്നെ നേരിട്ടത്. അതോടെ തന്റെ കരുത്തും ശേഷിയും ചോര്‍ന്നു പോയി. (ഇഹ്യാ ഉലൂമിദ്ദീന്‍ - ബാബുല്‍ ഇഖ്ലാസ്)
മുഹമ്മദ് നബിക്ക് മുമ്പില്‍ ഇങ്ങനെ പല പ്രകോപനങ്ങളും ശത്രുക്കള്‍ നിരത്തിയിരുന്നല്ലോ. പണവും പ്രതാപവും പെണ്ണും മിന്നും എല്ലാം. അപ്പോള്‍ നബി(സ) പറഞ്ഞതോ? "സൂര്യനും ചന്ദ്രനും എന്റെ കൈകളില്‍ വെച്ച് തന്നാല്‍ പോലും ഞാന്‍ ഈ ഉദ്യമത്തില്‍നിന്ന് പിന്തിരിയുകയില്ല.'' ആന്തരിക കരുത്തും വിശ്വാസദാര്‍ഢ്യവുമായിരുന്നു ഈ മറുപടിക്ക് പ്രേരകം. (ദഅ്വത്ത്)
വിവ: സഈദ് ഉമരി, മുത്തനൂര്‍

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly