പശ്ചാത്താപം മനുഷ്യനെ ശുദ്ധീകരിക്കും
ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ ഖുറദാഗി
പശ്ചാത്താപം പൂര്‍ണാര്‍ഥത്തില്‍ ശുദ്ധീകരിക്കുന്ന സംവിധാനമാണ്. "പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈകൊണ്ട് സല്‍കര്‍മങ്ങളിലേര്‍പ്പെടുകയും ചെയ്ത ജനത്തിന്റെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റി കൊടുക്കുന്നതാകുന്നു. ആര്‍ പശ്ചാത്തപിച്ച് കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവന്‍ അല്ലാഹുവിലേക്ക് തിരിച്ച് ചെല്ലുകയാണ്.'' (അല്‍ഫുര്‍ഖാന്‍: 70). കര്‍മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് പശ്ചാതാപം. തെറ്റുകള്‍ വരാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ ചെയ്ത് പോയ തെറ്റിനെ സംബന്ധിച്ച് ബോധവാനായി മേലില്‍ അതാവര്‍ത്തിക്കുകയില്ലെന്ന പ്രതിജ്ഞയാണ് പശ്ചാത്താപത്തിലേക്ക് നയിക്കുന്നത്.
പശ്ചാത്താപത്തിന് രണ്ട് രീതികളാണുള്ളത്. അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യരുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യങ്ങളും. ഇതില്‍ ഒന്നാമത് പറഞ്ഞ കാര്യത്തില്‍ മാപ്പ് നല്‍കാനും ക്ഷമിക്കാനും അപേക്ഷിച്ച് കൊണ്ട് അല്ലാഹുവിനോട് കൂടുതല്‍ അടുക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് പരിഹാരം. എന്നാല്‍ മനുഷ്യരുമായുള്ള വിഷയമാണെങ്കില്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതിന് മുന്‍പ് ആരോടാണോ അക്രമം കാണിച്ചിട്ടുള്ളത് അവരോട് ക്ഷമാപണം നടത്തുകയും തുടര്‍ന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയുമാണ് വേണ്ടത്.
മനുഷ്യരുടെ താന്‍പോരിമയും അപ്രമാദിത്ത മനോഭാവവും ഉന്മൂലനം ചെയ്യാന്‍ ഒരു പരിധി വരെ പശ്ചാതാപ പ്രക്രിയയിലൂടെ സാധിക്കുന്നു. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ യഥാര്‍ഥ അടിമകളെ പറ്റി പറഞ്ഞിടത്ത് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. "കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു. അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ പറയും: സലാം! അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ സമക്ഷത്തില്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചുകൂട്ടുന്നവരാകുന്നു.'' (അല്‍ഫുര്‍ഖാന്‍: 63).
അല്ലാഹുവിലേക്ക് സദാ തിരിഞ്ഞ് നില്‍ക്കുകയും അവന്റെ ഇംഗിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. ചെയ്ത തെറ്റുകളില്‍ പശ്ചാതപിക്കുന്നവരെ നാം പല സന്ദര്‍ഭങ്ങളിലും കണ്ടുമുട്ടാറുണ്ട്. ഇങ്ങനെ പശ്ചാത്തപിക്കുന്നവരില്‍ അധികമാളുകളും തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നവരാണെന്നതാണ് സത്യം. ഒരേ തരത്തിലുള്ള തെറ്റുകള്‍ക്ക് വീണ്ടും വീണ്ടും പശ്ചാത്തപിച്ചുകൊണ്ടിരിക്കുന്നവരെയാണ് നാം കാണുന്നത്. യഥാര്‍ഥത്തില്‍ അവര്‍ അല്ലാഹുവിനെ വഞ്ചിക്കുകയാണ്. താന്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തി തെറ്റാണെന്ന് ബോധ്യമായാല്‍, തിരുത്താനും പശ്ചാത്തപിക്കാനും സന്നദ്ധമായാല്‍ അത് ഏറ്റവും പുണ്യകരമായ കാര്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയും പിന്നീട് പശ്ചാത്തപിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നത് അല്ലാഹുവിനെ സംബന്ധിച്ച് ഏറെ വെറുക്കപ്പെട്ട കാര്യമാണ്.
ഏറെ ഗൌരവമേറിയ കാര്യമാണ് പശ്ചാത്താപവും അതിന് വിരുദ്ധമായുള്ള പ്രവര്‍ത്തനവും. എത്ര ഗുരുതരമായ തെറ്റ് ചെയ്ത് പോയാലും അല്ലാഹുവിന് മുന്‍പില്‍ കുറ്റം ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കണം. തന്റെ അടിമയുടെ പശ്ചാത്താപ മനസ്സ് അല്ലാഹുവിനേക്കാള്‍ അറിയുന്നവന്‍ മറ്റാരുമില്ലല്ലോ.
ഓരോ മനുഷ്യനെയും പാപക്കറകളില്‍നിന്ന് കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ 'തൌബ'യോളം ശക്തിയുള്ള മറ്റൊന്നില്ല. പ്രവാചകന്‍(സ) തൌബക്ക് നല്‍കിയ പ്രാധാന്യത്തില്‍നിന്ന് തന്നെ നമുക്കിത് മനസ്സിലാക്കാം. വ്യക്തികളോടായാലും രാഷ്ട്രത്തോടായാലും സമൂഹത്തോടായാലും തെറ്റാണ് ചെയ്തതെന്ന് ബോധ്യമായാല്‍ അത് തിരുത്താനും പശ്ചാത്തപിക്കാനും തയാറാവുകയാണ് വേണ്ടത്. ചെയ്ത തെറ്റുകളില്‍ ഉറച്ച് നില്‍ക്കുകയും അത് ന്യായീകരിക്കുന്നതിന് പിന്നെ തെറ്റുകളുടെ കൂമ്പാരം തന്നെ സൃഷ്ടിക്കുകയുമല്ല വേണ്ടത്.
വിശ്വാസികളേ, അല്ലാഹുവിന് മുന്‍പില്‍ ഹാജരാവേണ്ടവരാണ് നാമെല്ലാവരും എന്ന ബോധം സദാ നമ്മെ വിഷമിപ്പിച്ചുകൊണ്ടിരിക്കണം. തന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ ഏത് രീതിയിലാണ് ബാധിക്കുകയെന്ന് മുന്‍കൂട്ടി കാണാന്‍ വിശ്വാസിക്ക് കഴിയണം. വിശ്വാസികള്‍ പരസ്പരം ആദരവും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവരായാല്‍ മാത്രമേ മറ്റുള്ളവരോട് സദുപദേശം നടത്താന്‍ അവര്‍ക്ക് അര്‍ഹത ഉണ്ടാവുകയുള്ളൂ. വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും പരസ്പരം വിശ്വാസമില്ലായ്മയും വഞ്ചനയുമാണ് കാണിക്കുന്നതെങ്കില്‍ എണ്ണത്തില്‍ ബില്യനുകളുണ്ടായിട്ട് വലിയ പ്രയോജനമൊന്നുമില്ല. സംശുദ്ധമായ വിശ്വാസവും പ്രവര്‍ത്തനവുമാണ് നമ്മില്‍നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. അത് നല്‍കാന്‍ നമുക്ക് കഴിയുകയാണെങ്കില്‍ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും. അതിനെല്ലാം അടിസ്ഥാനമായി വേണ്ടത് നടേ പറഞ്ഞ പശ്ചാത്തപിക്കാനുള്ള വിനീതമായ മനസ്സാണ്. പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരാള്‍ക്കും ഈ സമൂഹത്തെ അതിജയിക്കാന്‍ സാധിക്കുകയില്ല.
(31/12/2010ന് ദോഹയില്‍ ആഇശ മസ്ജിദില്‍ നടത്തിയ ഖുത്വ്ബയുടെ സംഗ്രഹം. തയാറാക്കിയത്: റഹീം ഓമശ്ശേരി)