ഫലസ്ത്വീന്‍ സ്വതന്ത്ര രാഷ്ട്രം ഇനിയുമകലെ
പി.കെ നിയാസ്
ആറു പതിറ്റാണ്ടിലേറെയായി അധിനിവേശമില്ലാത്ത മണ്ണ് സ്വപ്നം കാണുന്ന ഫലസ്ത്വീനികള്‍ സ്വതന്ത്രരാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിന് യു.എന്നിനെ സമീപിക്കാനുള്ള നീക്കത്തിലാണ്. ഇസ്രയേലുമായുള്ള ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ലെന്ന് ഫലസ്ത്വീന്‍ വിമോചന മുന്നണിയുടെ (പി.എല്‍.ഒ) നേതൃത്വത്തിലുള്ള ഫലസ്ത്വീന്‍ അതോറിറ്റിക്കും, പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് വിഭാഗത്തിനും വൈകിയാണെങ്കിലും ബോധ്യപ്പെട്ടിരിക്കുന്നു. ചര്‍ച്ചകള്‍ തുടരുമ്പോഴും അധിനിവേശ വെസ്റ്ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ തയാറാവാത്ത ഇസ്രയേലിന്റെയും അതിനെതിരെ ശബ്ദിക്കാന്‍ തയാറാവാത്ത ഒബാമ ഭരണകൂടത്തിന്റെയും ഗൂഢോദ്ദേശ്യങ്ങള്‍ മറനീക്കിയിരിക്കുകയാണല്ലോ.
ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 106 രാജ്യങ്ങള്‍ ഇതിനകം സ്വതന്ത്ര ഫലസ്ത്വീനെ അംഗീകരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതു രാജ്യങ്ങളില്‍ അമേരിക്ക ഒഴികെയുള്ളവയെല്ലാം ഫലസ്ത്വീനിനെ അംഗീകരിച്ചിരിക്കുന്നു. കൊസോവോ റിപ്പബ്ളിക്കിനെ സ്വതന്ത്ര രാജ്യമായി ഇതിനകം 72 രാജ്യങ്ങളേ അംഗീകരിച്ചിട്ടുള്ളൂവെന്ന് ഓര്‍ക്കണം. എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ആദ്യത്തെ വലിയ ഒമ്പതു രാജ്യങ്ങളില്‍ കൊസോവയെ അംഗീകരിച്ചത് അമേരിക്ക മാത്രമാണെന്ന വൈരുധ്യവും കാണാതിരുന്നുകൂടാ. അതുപോലെ ഫലസ്ത്വീനെ അംഗീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്ന ജര്‍മനിയും ജപ്പാനും കൊസോവോയുടെ സ്വാതന്ത്യ്രത്തെ വാരിപ്പുണരുകയാണുണ്ടായത്. കൂടുതല്‍ രാജ്യങ്ങളോട് കെസോവോയെ അംഗീകരിക്കാന്‍ ആവശ്യപ്പെട്ട അമേരിക്ക പക്ഷേ, സ്വതന്ത്ര രാഷ്ട്രമാകുന്നതിന് ഫലസ്ത്വീനു മുന്നില്‍ ചില നിബന്ധനകള്‍ വെച്ചിരിക്കുന്നു. ഇസ്രയേലുമായി നടത്തുന്ന സമാധാന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന കരാറിന്റെ അടിസ്ഥാനത്തിലേ സ്വാതന്ത്യ്രം ആകാവൂ എന്നതാണ് അതില്‍ പ്രധാനം.
സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന കാലപ്പഴക്കമുള്ള ആവശ്യം നേടിയെടുക്കാനുള്ള നീക്കത്തിന് ശക്തിപകരുന്ന തീരുമാനങ്ങളാണ് ഈയിടെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ കൈക്കൊണ്ടത്. 1967-നു മുമ്പുള്ള അതിരുകള്‍ മാനദണ്ഡമാക്കിയുള്ള സ്വതന്ത്ര ഫലസ്ത്വീനെ പിന്തുണക്കുമെന്ന് ബ്രസീലാണ് ആദ്യം പ്രഖ്യാപിച്ചത്. അര്‍ജന്റീനയും ഇക്വഡോറും ബൊളീവ്യയും ഉറുഗ്വെയും ബ്രസീലിന്റെ പാത പിന്തുടര്‍ന്ന് സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര ഫലസ്ത്വീന്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂനിയനും തയാറാവുന്ന പക്ഷം ഫലസ്ത്വീന്‍ അതോറിറ്റിക്ക് യു.എന്നിനെ സമീപിച്ച് രാഷ്ട്രപ്രഖ്യാപനത്തിന് ആവശ്യപ്പെടാം. സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തെ പിന്തുണക്കാന്‍ തയാറാണെന്ന് ബ്രിട്ടന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സും നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകളില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളാമെന്നാണ് അറിയിച്ചതെന്ന് ഫലസ്ത്വീന്‍ നാഷ്നല്‍ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കിയെ ഉദ്ധരിച്ച് ശര്‍ഖുല്‍ ഔസത്വ് റിപ്പോര്‍ട്ട് ചെയ്തത്.
രാഷ്ട്രപ്രഖ്യാപനത്തിന് നിയമ തടസ്സമാണ് നിലവിലുള്ളതെന്നാണ് മുമ്പ് ഈ രാജ്യങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഫലസ്ത്വീന്‍ പ്രശ്നം രാഷ്ട്രീയ വിഷയമാണെന്ന് വൈകിയെങ്കിലും അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നാണ് മാലിക്കിയുടെ പക്ഷം. കൊസോവോ ഏകപക്ഷീയമായി സ്വാതന്ത്യ്രം പ്രഖ്യാപിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഏതെങ്കിലും ഭൂപ്രദേശം സ്വാതന്ത്യ്രം പ്രഖ്യാപിക്കുന്നതിന് അന്താരാഷ്ട്ര നിയമം എതിരല്ലെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചത്. അമേരിക്കയും ചില ലോക ശക്തികളും ഏറെനാളായി തുടരുന്ന കള്ളക്കളികള്‍ ഇക്കൂട്ടരില്‍ അന്ധമായി വിശ്വാസമര്‍പ്പിച്ച പി.എല്‍.ഒക്കും കൂട്ടര്‍ക്കും ഇപ്പോഴെങ്കിലും മനസ്സിലായതില്‍ ആശ്വസിക്കാം. ഹമാസും മറ്റു ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളും നേരത്തെ തന്നെ ഈ ഗൂഢാലോചനകള്‍ അക്കമിട്ട് നിരത്തിയിരുന്നു.
1988 നവംബറില്‍ അല്‍ജീരിയന്‍ തലസ്ഥാനത്ത് സമ്മേളിച്ച പി.എല്‍.ഒ നേതൃത്വത്തിലുള്ള ദേശീയ കൌണ്‍സിലാണ് (പി.എന്‍.സി) ആദ്യമായി സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രപ്രഖ്യാപനം നടത്തുന്നത്. അന്ന് അധിനിവേശ ഫലസ്ത്വീനില്‍ ഏതെങ്കിലും പ്രദേശത്ത് പി.എല്‍.ഒക്ക് നിയന്ത്രണാധികാരം ഉണ്ടായിരുന്നില്ല. 1993-ല്‍ ഓസ്ലോ കരാറുകളുടെ അടിസ്ഥാനത്തില്‍ ഫലസ്ത്വീന്‍ അതോറിറ്റി നിലവില്‍ വരുകയും വെസ്റ്ബാങ്കിലെ ജെറിക്കോയിലും ഗസ്സയിലും പരിമിതമായ സ്വയംഭരണം ലഭിക്കുകയും ചെയ്തു. ഇന്ന് ഗസ്സയാവട്ടെ, ഭരണപരമായി പൂര്‍ണമായും ഹമാസ് നിയന്ത്രണത്തിലാണ്. ഫലസ്ത്വീന്‍ അതോറിറ്റി അധികാരം കൈയാളുന്ന വെസ്റ്ബാങ്കിലെ ഇസ്രയേല്‍ സ്വാധീനം ഗസ്സയില്‍ പ്രകടമല്ല. എന്നാല്‍ ഇരു പ്രദേശങ്ങളിലും ഇസ്രയേല്‍ സൈന്യത്തിന് ഏതുസമയത്തും അധിനിവേശം നടത്താനും ബോംബു വര്‍ഷിക്കാനും കഴിയുന്ന വിധത്തില്‍ കരയും കടലും ആകാശവും തുറന്നിട്ടിരിക്കുകയാണ്.
ഫലസ്ത്വീന്‍ ജനതക്ക് സ്വയംനിര്‍ണയാവകാശത്തിനും സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാനുമുള്ള അധികാരം 1974-ല്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതാണ്. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവേശ ഫലസ്ത്വീനിയന്‍ പ്രദേശത്തെ ജനങ്ങളുടെ പരമാധികാരം 2009 ഡിസംബറില്‍ മറ്റൊരു പ്രമേയത്തിലൂടെ യു.എന്‍ വ്യക്തമാക്കുകയും ചെയ്തു. ഇസ്രയേല്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അതിനെ എതിര്‍ക്കുകയും ഏഴു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തെങ്കിലും 165 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ഫലസ്ത്വീനികള്‍ക്ക് സ്വന്തമായി പാസ്പോര്‍ട്ടുണ്ട്. ഫലസ്ത്വീനിയന്‍ അതോറിറ്റിയുടെ പേരിലുള്ള ഈ പാസ്പോര്‍ട്ടിനെ യാത്രാ രേഖയായി അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ മുപ്പതു രാജ്യങ്ങളെങ്കിലും അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഫലസ്ത്വീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഒരു സ്വതന്ത്ര രാജ്യത്തെ പൌരന്മാരുടെ പരിഗണന നല്‍കാന്‍ സയണിസ്റ് സ്വാധീനം ശക്തമായ അമേരിക്ക തയാറായിട്ടില്ല.
സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന ആശയം അംഗീകരിക്കുകയാണെങ്കില്‍ തന്നെ ഫലസ്ത്വീന് സ്വന്തമായി സേന ഉണ്ടാകാന്‍ പാടില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേലിനെ പിണക്കി ഫലസ്ത്വീനികള്‍ക്ക് രാഷ്ട്രം നല്‍കാനുള്ള മഹാമനസ്കതയൊന്നും അമേരിക്കക്ക് ഇല്ല. ഇക്കാര്യത്തില്‍ ബുഷും ഒബാമയും ഒന്നാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ ഫലസ്ത്വീനെ അംഗീകരിച്ചതിനെ ശക്തിയായി എതിര്‍ക്കുകയായിരുന്നു വാഷിംഗ്ടണ്‍. അധികാരത്തിലേറിയപ്പോഴും കയ്റോയില്‍ മുസ്ലിം ലോകത്തെ അഭിസംബോധന ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോഴും ഒബാമ എന്തൊക്കെയോ ചെയ്യുമെന്ന് മുസ്ലിംകളില്‍ വലിയൊരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രരാഷ്ട്രമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ഒരിഞ്ച് മുന്നോട്ടുപോകാന്‍ ഒബാമക്ക് കഴിഞ്ഞിട്ടില്ല. ഇക്കാലമത്രയും അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് നീങ്ങിയ പി.എല്‍.ഒയും അതിലെ മുഖ്യ വിഭാഗമായ ഫത്ഹും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് സംരംഭങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് അബ്ബാസിന്റെ ഫത്ഹിനുള്ളതെന്ന് പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ യുദ്ധത്തില്‍ ഹമാസിനെ നിലംപരിശിക്കാന്‍ ഫത്ഹ് വിഭാഗം ഗൂഢാലോചന നടത്തിയെന്ന് വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്ര ഫലസ്ത്വീന്‍ യാഥാര്‍ഥ്യമാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ പി.എല്‍.ഒക്ക് അകത്തു തന്നെയുണ്ട്. ഭാവി ഫലസ്ത്വീന്റെ അയല്‍ക്കാരായ ഈജിപ്തും ജോര്‍ദാനുമാണ് മറ്റൊരു കൂട്ടര്‍. വെസ്റ്ബാങ്കിന്റെ നിയന്ത്രണം ഹമാസിന്റെ കൈയില്‍ വരുമെന്നതാണ് അവരുടെ ആശങ്കക്ക് കാരണം. ഏകപക്ഷീയമായ രാഷ്ട്രപ്രഖ്യാപനത്തിന് അമേരിക്കയും യൂറോപ്പും എതിരാണെന്ന് ഇസ്രയേല്‍ ഉപ പ്രധാനമന്ത്രി മോശെ യാലോന്‍ പ്രസ്താവിച്ചത് മേല്‍ കാരണം ചൂണ്ടിക്കാട്ടിയാണ്. അമേരിക്കയെയും സയണിസ്റ് അനുകൂലികളെയും മാറ്റിനിര്‍ത്തി കൂടുതല്‍ രാജ്യങ്ങളുടെ അംഗീകാരത്തോടെ യു.എന്നിന്റെ കാര്‍മികത്വത്തില്‍ സ്വതന്ത്ര ഫലസ്ത്വീന്‍ പ്രഖ്യാപിക്കാന്‍ രാജ്യാന്തര മുസ്ലിം സംഘടനയും (ഒ.ഐ.സി) അറബ് ലീഗും സജീവമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ഈസ്റ് തൈമൂറും കെസോവോയും യാഥാര്‍ഥ്യമാക്കാമെങ്കില്‍, സുഡാനെ പിളര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടാമെങ്കില്‍, ഫലസ്ത്വീനെ പരമാധികാര രാഷ്ട്രമാക്കിയിട്ടേ വിശ്രമമുള്ളൂവെന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റമെങ്കിലും ബന്ധപ്പെട്ടവര്‍ പ്രകടിപ്പിക്കുമോ?
.