Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       



തുടര്‍ക്കഥയാവുന്ന
മനുഷ്യാവകാശ ലംഘനങ്ങള്‍

ടി.വി മുഹമ്മദലി
ഭീകരവാദിയെന്നാരോപിച്ച് തടവിലിട്ടിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചതിനാല്‍ ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനു പുറമെയാണിത്. ക്ഷമാപണം നിരുപാധികമാണ്. ഹനീഫും കുടുംബവും സഹിക്കേണ്ടിവന്ന മാനഹാനിക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും പരിഹാരമായി കോടിക്കണക്കിന് രൂപ നിശ്ചയിച്ചത്, നിയമപരമായി തന്നെ ഉഭയകക്ഷി സമ്മതത്തോടെയാണ്. 2007-ലായിരുന്നു ഹനീഫ് തടവിലാക്കപ്പെട്ടത്. ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഹനീഫിനെതിരെ കൈകൊണ്ട നടപടികള്‍ തീര്‍ത്തും തെറ്റായിരുന്നുവെന്നാണ് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യ അന്താരാഷ്ട്ര തലങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കെ, ഒരു ഇന്ത്യന്‍ പൌരന് മറ്റൊരു രാജ്യം മനുഷ്യാവകാശത്തിന്റെ പേരില്‍, തങ്ങള്‍ക്ക് പറ്റിയ തെറ്റിന് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.
ഭീകരാക്രമണ കുറ്റങ്ങള്‍ ചുമത്തി ഒമ്പത് വര്‍ഷം ജയിലിലിട്ട് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച അബ്ദുന്നാസിര്‍ മഅ്ദനിക്ക് കിട്ടിയ നഷ്ടപരിഹാരം വീണ്ടുമൊരു തടവറയാണ്!
ഒമ്പതാം ക്ളാസ്സില്‍ പഠിക്കുന്ന 17-കാരന്‍ സയ്യിദ് മഖ്ബൂല്‍ 1996 ജൂണ്‍ 17-ന് പോലീസ് സ്ക്വാഡിന്റെ കസ്റഡിയിലായി. സൌത്ത് ദല്‍ഹിയിലെ അവന്റെ റൂമില്‍ നിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ലജ്പത് നഗര്‍ ബോംബ് സ്ഫോടനത്തില്‍ പ്രതിയാക്കിയായിരുന്നു അറസ്റ്. തീഹാര്‍ ജയിലിലടക്കപ്പെട്ട മഖ്ബൂലിനെ 14 വര്‍ഷത്തിനു ശേഷമാണ് കോടതി നിരപരാധിയാണെന്ന് പറഞ്ഞ് മോചിപ്പിച്ചത്.
മുംബൈയില്‍ ഹജ്ജ് ഹൌസ് മുന്‍ ഇമാം മൌലാനാ യഹ്യാ ഇലാഹി ബക്ഷ് നാലു വര്‍ഷം ജയിലില്‍ കിടന്നു. കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി 2010 ജനുവരിയില്‍ മോചിപ്പിച്ചു. ലശ്കറെ ത്വയ്യിബയുമായി ബന്ധമാരോപിച്ചായിരുന്നു തടവിലിട്ടത്. 2009 നവംബറില്‍ ദല്‍ഹി കോടതി ഗുല്‍സാര്‍ അഹ്മദ്, മുഹമ്മദ് അമീന്‍ ഹജ്ജാം എന്നീ യുവാക്കളെ മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം വിട്ടയച്ചു. ദല്‍ഹിയില്‍ സ്ഫോടനത്തിന് പ്ളാനിട്ട് പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. ഇവര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുകയായിരുന്നു.
2008 ഡിസംബര്‍ 30-ന് 21 യുവാക്കളെ നിരപരാധികളാണെന്ന് കണ്ട് ഹൈദരാബാദ് കോടതി വിട്ടയച്ചു. 2007 മേയിലും ആഗസ്റിലുമുണ്ടായ സ്ഫോടനങ്ങള്‍ക്ക് ഗൂഢാലോചനയും മറ്റു ഭീകര പ്രവര്‍ത്തനങ്ങളും നടത്തി എന്നായിരുന്നു ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ടത്. കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ് ചെയ്യാത്ത ഭേദ്യങ്ങളില്ല. ജീവഛവങ്ങളായി പുറത്ത് വന്ന ഈ ചെറുപ്പക്കാര്‍ക്ക് അധികൃതര്‍ ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു!
ചാരക്കുറ്റമാരോപിച്ച് തടവിലിട്ട് കൊടും പീഡനത്തിനിരയായ പത്രപ്രവര്‍ത്തകനാണ് കശ്മീര്‍ ടൈംസ് ദല്‍ഹി ബ്യൂറോ ചീഫ് ഇഫ്തിഗാര്‍ ഗീലാനി. ഇദ്ദേഹം നിരപരാധിയാണെന്ന് കോടതി വിധിയെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജീവന്‍ തന്നെ പൊയ്പോകുമാറ് 'മുറ'കളായിരുന്നുവത്രെ കുറ്റം സമ്മതിപ്പിക്കാന്‍ ഇദ്ദേഹത്തിനു മേല്‍ പ്രയോഗിച്ചിരുന്നത്.
ഇങ്ങനെ നൂറു കണക്കിന് കേസുകളിലായി, അറിയപ്പെടുന്നവരും അല്ലാത്തവരുമായി ആയിരക്കണക്കിനാളുകള്‍ വേട്ടയാടപ്പെടുകയാണ്. ഇവരില്‍ ചിലര്‍ ജയില്‍ മോചിതരായി. ബാക്കിയുള്ളവര്‍ വിചാരണത്തടവുകാരായി അഴികളെണ്ണി ജയിലുകളിലാണ്. അനിശ്ചിതമായി നീണ്ടുപോകുന്ന ഈ കൊടും അനീതിക്കെന്ത് പേര്‍ വിളിക്കും? കുറ്റക്കാരല്ലെന്ന് കണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിട്ടയക്കപ്പെടുന്നവരുടെ നഷ്ടങ്ങള്‍ എന്തൊക്കെയാണ്. പാഴായിപ്പോയ വര്‍ഷങ്ങളുടെ വില ആര്‍ക്ക് നല്‍കാന്‍ കഴിയും. വിചാരണത്തടവുകാര്‍ കൂടുതലും യുവാക്കളാണ്. അവരുടെ ഭാവിയാണ് തുലയുന്നത്. മാനഹാനിയും സാമ്പത്തിക നഷ്ടവും, ശാരീരികവും മാനസികവുമായ ക്ഷതങ്ങളും ഏറ്റുവാങ്ങിയാണ് ഓരോ വിചാരണത്തടവുകാരനും നിരപരാധിയാണെന്ന കോടതിവിധിയിലൂടെ പുറത്തിറങ്ങുന്നത്.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കണക്കില്ലെന്നാണ് ആംനസ്റി ഇന്റര്‍നാഷ്നലിന്റെ വിലയിരുത്തല്‍. ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച മനുഷ്യാവകാശ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഭരണഘടനാപരവും നിയമപരവുമായ പരിഷ്കരണങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പൌരാവകാശ സംരക്ഷണത്തിന് നിലവിലെ നിയമങ്ങളുടെ അപര്യാപ്തി എടുത്തു പറഞ്ഞ് കുറെ നിര്‍ദേശങ്ങള്‍ ആംനസ്റിയും നല്‍കുന്നുണ്ട്.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചില രൂപങ്ങള്‍ ആംനസ്റി ഇന്റര്‍നാഷ്നല്‍ ചൂണ്ടിക്കാട്ടുന്നു: "കരുതല്‍ തടങ്കല്‍ നിയമം വഴി ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാര്‍ കുറ്റപത്ര സമര്‍പ്പണമോ വിചാരണയോ നടക്കാതെ ജയിലുകളില്‍ കഴിയുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 3007 പേര്‍ ജമ്മു-കശ്മീരില്‍ കരുതല്‍ തടങ്കലിലുണ്ട്, 1994-ല്‍. അതേ സമയം സ്വതന്ത്ര ജനകീയ സംഘടനകളുടെ കണക്കനുസരിച്ച് ഈ തടവുകാരുടെ എണ്ണം 20,000 ആണ്. രാജ്യത്തെ നീതിന്യായ സംവിധാനത്തിലെ നടപടികള്‍ക്കും വിധിതീര്‍പ്പിനുമുള്ള നീണ്ടകാല വിളംബം വഴി നീതിപൂര്‍വകവും നിഷ്പക്ഷവുമായ വിചാരണ നടക്കാതെ പോകുന്നു. കാലഹരണപ്പെട്ട ടാഡ നിയമത്തിന്റെ കീഴില്‍ ഇന്നും ആയിരക്കണക്കിനാളുകള്‍ തടവറകളിലുണ്ട്. പോലീസും പട്ടാളവും കസ്റഡിയിലുള്ളവരെ കുറ്റം സമ്മതിപ്പിക്കാനും വിവരങ്ങള്‍ കിട്ടാനുമായി കൊടും പീഡനങ്ങള്‍ നടത്തുന്നു. മര്‍ദനങ്ങളില്‍ പലരും മരിച്ചുവീഴുകയും ചെയ്യുന്നു.''
ആംനസ്റി ഇന്റര്‍നാഷ്നലിന്റെ നിരീക്ഷണമനുസരിച്ച്, ഇന്ത്യന്‍ പൌരന്മാരുടെ അവകാശങ്ങള്‍ പരിമിതമാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പറയുന്ന പൌരന്മാരുടെ മൌലികാവകാശം ഉപാധികള്‍ക്ക് വിധേയമാണ്. അതായത്, സാമൂഹികവും രാഷ്ട്രീയവുമായ അന്താരാഷ്ട്ര കരാറനുസരിച്ചുള്ള നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഗവണ്‍മെന്റിന്റെ വിജയകരമായ നടത്തിപ്പിന് വിഘാതങ്ങളല്ലാത്ത വിധത്തിലേ പൌരന്മാരുടെ മൌലികാവകാശങ്ങള്‍ അനുവദിക്കൂ. ഉദാഹരണം: "ഭരണഘടനയുടെ 22-ാം വകുപ്പ് പൌരന്മാരുടെ കരുതല്‍ തടങ്കലിനുള്ളതാണ്. എന്നിരുന്നാലും മൌലികാവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിക്കാം. അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍, ഹേബിയസ് കോര്‍പസ് ഹരജിയും നല്‍കാം. ഇങ്ങനെയാണെങ്കിലും തുടര്‍ച്ചയായുള്ള പൌരാവകാശ ലംഘനങ്ങളില്‍ കോടതിയെ സമീപിച്ചുകൊണ്ടൊരു പരിഹാരം വളരെ അപൂര്‍വവും ദുര്‍ബലവുമാണ്. നിയമപരമായ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല പ്രശ്നം. മൌലികാവകാശ ലംഘനങ്ങളും നിഷേധങ്ങളും ഇന്ത്യയില്‍ വ്യാപകമായി പെരുകിയിരിക്കുകയാണ്. പ്രാദേശികം മുതല്‍ ദേശീയം വരെയുള്ള ഭരണകൂടത്തിന്റെ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞ ദുഷ്പ്രവണതകളും അവകാശ ലംഘനങ്ങള്‍ നടത്താനുള്ള നിര്‍ഭയത്വവുമാണിതിന് കാരണം. സമ്പത്തിലും പദവിയിലും പിന്‍നിരക്കാര്‍, അധികാരമില്ലാത്തവര്‍ എന്നിവരാണ് പൌരാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയും ദരിദ്രരും നിരക്ഷരരുമാണ്. ഇവരില്‍ നാലിലൊന്ന് പ്രത്യേക സംരക്ഷണം ആവശ്യമുള്ള വിഭാഗവുമാണ്...''
ഇന്ത്യയിലെ മനുഷ്യത്വരഹിതവും വിവേചനപരവുമായ ചെയ്തികള്‍ അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ മറ്റു രാജ്യങ്ങളുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (ന്യൂയോര്‍ക്ക്) അതിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. "രാജ്യത്ത് നടമാടുന്ന നിന്ദ്യമായ വിവേചനങ്ങളും പൌരാവകാശ ലംഘനങ്ങളും ചര്‍ച്ചയില്‍ വരാതിരിക്കാന്‍ കോണ്‍ഫറന്‍സുകളിലും ആലോചനാ യോഗങ്ങളിലും ഇന്ത്യ മറ്റു രാജ്യങ്ങളെ സ്വാധീനിച്ച് മൌനം പാലിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ചാണ് ചില രാജ്യങ്ങളുടെ വായ മൂടുന്നത്. ഇന്ത്യ പ്രതിനിധികളെ കോണ്‍ഫറന്‍സുകളിലേക്കയക്കുന്നത് ഗവണ്‍മെന്റിന്റെ പക്ഷം പിടിച്ച് വാദിക്കാനാണ്. രാജ്യത്തെ സ്ഥിതിവിശേഷം അവരില്‍നിന്ന് മനസ്സിലാക്കാന്‍ പറ്റില്ല. മാത്രമല്ല, ഈ പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതികളുടെ അജണ്ട അട്ടിമറിക്കാന്‍ പോലും ശ്രമിക്കാറുണ്ട്.''
മനുഷ്യാവകാശ ലംഘനങ്ങള്‍ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കള്ളക്കേസെടുത്ത് ഒതുക്കാനാണ് സര്‍ക്കാറിന്റെ നീക്കങ്ങള്‍. കശ്മീരിലെ പൌരാവകാശ ധ്വംസനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പഠിച്ച് പ്രതികരിച്ച അരുന്ധതി റോയിക്കെതിരെ കേസെടുത്ത് വായ മൂടിക്കെട്ടാനാണ് ശ്രമം. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കി വീണ്ടും ജയിലിലടച്ച അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പോലീസ് പറഞ്ഞ സ്റോറിക്കപ്പുറം അന്വേഷണത്തിനിറങ്ങിയ തെഹല്‍ക ലേഖികക്കെതിരെ പോലീസ് കള്ളകേസെടുത്തിരിക്കുകയാണ്. മഅ്ദനിക്കെതിരെ പോലീസ് പറഞ്ഞ രണ്ട് സാക്ഷികളെയും കുടഗില്‍ പോയികണ്ട് വിവരമന്വേഷിച്ചുവെന്നതാണ് ലേഖിക ഷാഹിന ചെയ്ത 'കുറ്റം'. സാക്ഷികളുടെ വിവരണമനുസരിച്ച് പോലീസ് പറഞ്ഞ കഥ കള്ളമാണെന്ന് വെളിപ്പെട്ടു. പോലീസിനെയും അധികൃതരെയും വിറളിപിടിപ്പിക്കാന്‍ ഇതില്‍പരം വല്ലതും വേണോ? മാവോയിസ്റ് തീവ്രവാദികളുടെ നേതാവാണെന്നാരോപിച്ച് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന നാരായണന്‍ സന്യാലിനെ ഇടക്കിടെ പോലീസ് സാന്നിധ്യത്തില്‍ സന്ദര്‍ശിച്ചു എന്നതിന്റെ പേരില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചിരിക്കുകയാണ് ഛത്തീസ്ഗഢിലെ നായ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നുവെന്ന് മാത്രമല്ല അതിനെതിരെ പ്രതികരിക്കുന്നവരെ പീഡിപ്പിക്കുകയും തുറങ്കിലടക്കുകയുമാണ് ഭരണകൂടം. അഭിപ്രായ സ്വാതന്ത്യ്രത്തെയും പത്രസ്വാതന്ത്യ്രത്തെയും കൂച്ചുവിലങ്ങിടുന്നതാണ് ഇത്തരം നിയമ നടപടികളും കള്ളക്കേസുകളും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ബഹുമതിയോടെ തല ഉയര്‍ത്തിനില്‍ക്കുന്ന ഇന്ത്യയില്‍ തന്നെയാണ് മനുഷ്യാവകാശ ലംഘനങ്ങളും അവ മൂടി വെക്കാനുള്ള ഹീനതന്ത്രങ്ങളും.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly