ബാലുശ്ശേരിക്കാരന്‍ സുരേഷ് നായരും ബംഗാളി അസിമാനന്ദയും...
ഇഹ്സാന്‍
ആര്‍.എസ്.എസ്സിലേക്ക് മുസ്ലിംകളെ ആകര്‍ഷിക്കാനായി 2002-ല്‍ രൂപീകരിച്ച രാഷ്ട്രീയ മഞ്ചിന്റെ തലവനായിരുന്നു ഇന്ദ്രേഷ് കുമാര്‍. ഇപ്പോഴത്തെ സര്‍സംഘ്ചാലക് മോഹന്‍ ഭഗവതിന്റെ ഏറ്റവുമടുത്ത വിശ്വസ്തരില്‍ ഒരാളും സംഘടനയുടെ ദേശീയ കാര്യകാരിണി സമിതി അംഗവുമായ ഇന്ദ്രേഷിന് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം സ്ഥാപിക്കാന്‍ വേണ്ടിയാണ് മുസ്ലിം മഞ്ച് രൂപീകരിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് നടന്ന സ്ഫോടനങ്ങളില്‍ മാത്രം ചുരുക്കിക്കെട്ടി ഇന്ത്യയെ നടുക്കിയ യഥാര്‍ഥ ഭീകരരുടെ ചെയ്തികളെ മാധ്യമങ്ങള്‍ ഗൌരവം കുറച്ചു കാട്ടുന്നതിനിടയിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പാകിസ്താന് ഇന്ത്യയിലെ മസ്ജിദുകള്‍ ആക്രമിക്കുന്നതില്‍ അസാധാരണമായ എന്തോ താല്‍പര്യം ഉണ്ടായിരുന്നുവെങ്കിലേ ഇന്ദ്രേഷിനെ അവര്‍ ഇങ്ങോട്ട് തേടിവരേണ്ട കാര്യമുള്ളൂ. പക്ഷേ ഐ.എസ്.ഐയുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹത്തിന്റെ തുടക്കം ഇവിടെ നിന്ന് അങ്ങോട്ടേക്കായിരുന്നു! ഇന്ത്യയില്‍ സ്ഫോടനങ്ങള്‍ സംഘടിപ്പിക്കാന്‍ ഐ.എസ്.ഐ ഒരു കാലത്ത് ആര്‍.എസ്.എസ്സിനാണ് പണം കൊടുത്തതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നല്ല രണ്ട് കോടി രൂപയാണ് ഈ ഇനത്തില്‍ ഇന്ദ്രേഷ് കുമാര്‍ കൈപ്പറ്റിയതെന്നു പോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഐ.എസ്.ഐയുടെ ഈ താല്‍പര്യത്തെ വസ്തുതാപരമായി വിശകലനം ചെയ്യുമ്പോള്‍ അതിന്റെ സ്വാഭാവികമായ അനന്തരഫലം ഇന്ത്യയിലുടനീളം ഹിന്ദു-മുസ്ലിം കലാപങ്ങള്‍ സൃഷ്ടിക്കപ്പെടുകയും രാജ്യം അസ്ഥിരമാവുകയും ചെയ്യുക എന്നതായിരിക്കണമല്ലോ. ഈ ഒറ്റ ലക്ഷ്യമാണ് ഐ.എസ്.ഐയുടേതെങ്കില്‍, അതിന് പറ്റിയ കൂട്ടര്‍ ആര്‍.എസ്.എസ്സുകാരാണെങ്കില്‍ പള്ളികളെ മാത്രമേ അതിനായി തെരഞ്ഞെടുത്തു കൂടൂ എന്ന നിബന്ധന വെക്കുന്നത് അത്രകണ്ട് യുക്തിസഹമായ പ്രായോഗിക നടപടിക്രമമാവുന്നില്ല. അങ്ങാടിയിലും തീവണ്ടികളിലും റസ്റോറന്റുകളിലുമൊക്കെ ഇതേ ആവശ്യാര്‍ഥം ബോംബു വെക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഭീകരതയുടെ കാര്യത്തില്‍ ഈവക 'സിദ്ധാന്ത'ങ്ങളൊന്നും തന്നെ വസ്തുതകളുമായി പെരുത്തപ്പെടുന്നതല്ല. വാരണസിയിലെ സ്ഫോടനം ഉദാഹരണം. 2006 സങ്കട്മോചന്‍ ക്ഷേത്രത്തില്‍ നടന്ന സ്ഫോടനത്തില്‍ അറസ്റ് ചെയ്യപ്പെട്ടതും വിചാരണ നേരിട്ടതുമൊക്കെ മുസ്ലിംകള്‍ മാത്രമായിരുന്നു. പക്ഷേ അസിമാനന്ദക്ക് വാരാണസിയില്‍ വളരെ സജീവമായ ഭീകര ബന്ധങ്ങളുണ്ടെന്നാണ് പോലീസിന്റെ ഒടുവിലത്തെ കണ്ടെത്തല്‍. നേരത്തെ യോഗി ആദിത്യനാഥിനെയും ഇതേ കേസില്‍ പോലീസ് സംശയിച്ചതാണന്നോര്‍ക്കുക. ഗുജറാത്തിലെ ദാംഗ് ശബരികുംഭമേളയിലാണ് ഇന്ത്യ നടുങ്ങിയ മിക്ക സ്ഫോടനങ്ങളുടെയും ഗൂഢാലോചന നടന്നതെന്ന രാജസ്ഥാന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് ഏറ്റവും ശ്രദ്ധമോയ ഒന്നാണ്. ശബരി കുംഭമേളയുടെ സംഘാടകന്‍ സ്വാമി അസിമാനന്ദയായിരുന്നു. അന്നത്തെ ആര്‍.എസ്.എസ് സര്‍സംഘ് ചാലക് സുദര്‍ശനും സെക്രട്ടറി മോഹന്‍ ഭഗവതും ബി.ജെ.പി മുഖ്യമന്ത്രിമാരായ നരേന്ദ്ര മോഡി, ശിവരാജ് സിംഗ് ചൌഹാന്‍ എന്നിവരും ഈ കുംഭമേളയില്‍ പങ്കെടുക്കുകയും അസിമാനന്ദയെ പ്രശംസ കൊണ്ട് മൂടുകയും ചെയ്തതാണ്. മാത്രവുമല്ല, ആര്‍.എസ്.എസ്സിന്റെ മുഖപത്രത്തില്‍ പോലും അസിമാനന്ദ ഹിന്ദുസമൂഹത്തിന്റെ വരദാനമാണെന്ന പുകഴ്ത്തല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2006 ഫെബ്രുവരിയിലായിരുന്നു രാജ്യസഭാ എം.പിയായ തരുണ്‍ വിജയ് ഓര്‍ഗനൈസറില്‍ അസിമാനന്ദയെ കുറിച്ച് ലേഖനമെഴുതിയത്. പില്‍ക്കാലത്ത് തെളിവ് നശിപ്പിക്കലിന്റെ ഭാഗമായി ആര്‍.എസ്.എസ് കൊന്നുവെന്ന് പോലീസ് കുറ്റപ്പെടുത്തുന്ന സുനില്‍ ജോഷിയും അസിമാനന്ദയും സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ ഏതാനും ദിവസം മുമ്പെ ദാംഗില്‍ കൂടിക്കാഴ്ച നടത്തിയതായും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ സ്ഫോടനങ്ങളെ പള്ളിക്കേസുകളുമായി മാത്രം എന്തിന് ചുരുക്കിക്കെട്ടണം?
മാലേഗാവ്, മക്കാ മസ്ജിദ്, പര്‍ഭനി, ജാല്‍ന തുടങ്ങിയ മസ്ജിദുകളില്‍ മാത്രമായിരുന്നു അസിമാനന്ദയും കൂട്ടരും സ്ഫോടനം നടത്തിയതെങ്കില്‍ കേണല്‍ പുരോഹിതും സ്വാമിനിയും മറ്റും ഈ കൂട്ടായ്മയില്‍ ഒരു നിലക്കും ബന്ധപ്പെട്ടതിന് രേഖകളുണ്ടാവരുത്. കാരണം മറ്റൊന്നുമല്ല. ദാംഗിലെ ശബരി കുംഭമേളയില്‍ നടന്ന ഗൂഢാലോചനയാണ് മസ്ജിദ് സ്ഫോടനങ്ങളുടെ മാതാവെങ്കില്‍ പര്‍ഭനിയിലും ജാല്‍നയിലും സ്ഫോടനം നടന്നത് അതിന്റെ അഞ്ചുവര്‍ഷമെങ്കിലും മുമ്പെയാണ്. വി.എച്ച്.പിയുടെ പനാജി പരിശീലന ക്യാമ്പും കേണല്‍ പുരോഹിതിന്റെ ഭോണ്‍സാല സ്കൂള്‍ ക്യാമ്പുമൊക്കെ 2002-2003 കാലയളവിലെ കാര്യങ്ങളാണ്. അസിമാനന്ദ അതിനും എത്രയോ മുമ്പെ തന്റെ പണി തുടങ്ങിയിരുന്നുവെന്നും ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നുമാണ് ഇതിനര്‍ഥം. ആര്‍.എസ്.എസ്സിലെ ഒരു തെറിച്ച വിത്തായി അസിമാനന്ദയെ ചിത്രീകരിക്കുമ്പോള്‍ മധ്യപ്രദേശിലിരിക്കുന്ന ജോഷിയും മഹാരാഷ്ട്രയിലെ കല്‍സാംഗ്രയും യു.പിയിലെ ദേവീന്ദര്‍ ഗുപ്തയും ഏറ്റവുമൊടുവില്‍ ബാലുശ്ശേരിക്കാരന്‍ സുരേഷ് നായരും വരെ ആര്‍.എസ്.എസ്സുമായി ബന്ധമുള്ളവരാകുന്നതിന്റെ ഔചിത്യമെന്ത്? ഇവരുടെയെല്ലാം ബന്ധങ്ങളും ചരടുകളും നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിരിക്കുന്ന ഇന്ദ്രേഷ് കുമാറിലേക്ക് എത്തിപ്പെടുന്നതെന്തു കൊണ്ട്? ഇങ്ങനെയുമുണ്ടോ യാദൃഛികതകള്‍?
മലയാളികളുടെ ഒരു ദിനപത്രം തടിയന്റവിട നസീറിനെ കുറിച്ച് എഴുതിയിരുന്നത് ലശ്കറിന്റെ ദഷിണേന്ത്യന്‍ കമാണ്ടര്‍ എന്നായിരുന്നല്ലോ. ആര്‍.എസ്.എസ്സിന്റെ ദാഹോദിലെ കാര്യവാഹ് ആയ സുരേഷ് നായര്‍ പക്ഷേ വെറുമൊരു മലയാളി മാത്രമാണ്! അദ്ദേഹത്തിന് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നറിയാന്‍ ഈ പത്രം വായിക്കുന്നവര്‍ കവടി നിരത്തുക തന്നെ വേണ്ടിവരും. കേരളത്തില്‍ ഇയാള്‍ ഭീകര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ല എന്നും ഇതേ പത്രം അടിച്ചുവിടുന്നു. കോഴിക്കോടും ബാലുശ്ശേരിയും തമ്മില്‍ 20 കിലോമീറ്ററിന്റെ ദൂരം മാത്രമേ ഉള്ളുവെന്ന സ്ഥിതിക്ക് ബസ്സ്റാന്റ് സ്ഫോടനം വേറെ അന്വേഷിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ എന്നു ഭയന്നിട്ടായിരിക്കുമോ ഈ മുന്‍കൂര്‍ ജാമ്യം?