Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


വസ്തുതകള്‍ പുറത്തുവരട്ടെ

ഭീകരാക്രമണങ്ങളില്‍ ഹിന്ദുത്വ ശക്തികളുടെ പങ്കിനെക്കുറിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും തമ്മിലുള്ള വഴക്ക് മൂര്‍ഛിച്ചുക്കൊണ്ടിരിക്കുകയാണ്. 2ജി സ്പെക്ട്രം അഴിമതിയാണ് ബി.ജെ.പിയുടെ കൈയിലുള്ള പ്രധാന ആയുധം. എന്‍.ഡി.എ ഭരണകാലത്തെ സ്പെക്ട്രം വിതരണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടത് അതിന്റെ മൂര്‍ച്ച ഗണ്യമായി കുറച്ചിരിക്കുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗാണ് ഈ ബഹളത്തിന് തിരികൊളുത്തിയത്. മാലേഗാവ് മസ്ജിദ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കാവി കരങ്ങള്‍ പുറത്ത് കൊണ്ടുവന്ന ഹേമന്ത് കര്‍ക്കരെയുടെ വധത്തില്‍ ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ട ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും അപമാനിക്കുന്നു എന്ന് ബി.ജെ.പി നേതൃത്വം ഉടനെ കുരച്ചുചാടി. കോണ്‍ഗ്രസ്സിന്റെ ചില കോണുകളില്‍ നിന്നുപോലും അവര്‍ക്ക് പരോക്ഷമായ പിന്തുണ ലഭിക്കുകയും ചെയ്തു.
പിന്നീട്, മക്കാ മസ്ജിദ്, അജ്മീര്‍, സംഝോത എക്സ്പ്രസ് തുടങ്ങിയ ഭീകരാക്രമണങ്ങളില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് തെളിയിക്കുന്ന അനിഷേധ്യമായ വസ്തുതകള്‍ അന്വേഷണ സംഘങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഈ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള പരിവാര്‍ സംഘടനകളുമായും സന്യാസി മഠങ്ങളുമായും ഉറ്റ ബന്ധമുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു 2ജി സ്പെക്ട്രം കൊണ്ട് കോണ്‍ഗ്രസ്സിനെ അടിച്ചതുകൊണ്ടു മാത്രം ഇതൊന്നും മറച്ചുപിടിക്കാനാവില്ല. കാവിഭീകരത എന്ന പ്രയോഗം പോലും ദേശീയ വിശുദ്ധ ചിഹ്നങ്ങളെ അവഹേളിക്കലാണെന്ന് ആക്രോശിച്ചവരെ കാവിയുടത്തവരുടെ മൊഴികള്‍ തന്നെ കൊഞ്ഞനം കുത്തുകയാണിപ്പോള്‍.
ഭീകരാക്രമണങ്ങളും വര്‍ഗീയതയും നമ്മുടെ പ്രവിശാലമായ ഈ രാജ്യത്തെ ബഹുമത സമൂഹത്തിന്റെ സമാധാനത്തിനും സ്വൈരജീവിതത്തിനും കനത്ത ആഘാതമേല്‍പിച്ചിരിക്കുകയാണ്. സമുദായങ്ങള്‍ക്കിടയില്‍ ഭയത്തിന്റെയും വെറുപ്പിന്റെയും സംശയത്തിന്റെയും പിരിമുറുകിയ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എല്ലാ ഭീകര കൃത്യങ്ങളുടെയും ഉത്തരവാദിത്വം ആരോപിക്കപ്പെടുന്ന മുസ്ലിംകളാണീ അന്തരീക്ഷത്തിന്റെ മുഖ്യ ഇരകള്‍. 'ഹിന്ദുവിന് ഭീകരനാവാന്‍ കഴിയില്ല' എന്നാണ് സംഘ്പരിവാര്‍ സിദ്ധാന്തം. 'എല്ലാ മുസ്ലിംകളും ഭീകരന്മാരല്ല. എന്നാല്‍ എല്ലാ ഭീകരന്മാരും മുസ്ലിംകളാണ്' എന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നു. ഇത്തരം സിദ്ധാന്തങ്ങള്‍ മുസ്ലിംകള്‍ മഹാ കുഴപ്പക്കാരും രാജ്യത്തിന് അപകടമണക്കുന്നവരുമാണെന്ന പ്രതിഛായയാണ് ഹിന്ദു ഭൂരിപക്ഷത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 'മുസ്ലിംകള്‍ രാജ്യത്തിന് മഹാ ബാധ്യതയാണ്, ഒരു മുസ്ലിം കുറഞ്ഞാല്‍ ഒരു പ്രശ്നം കുറഞ്ഞു' എന്നൊരു പൊതുബോധം ഭൂരിപക്ഷ മനസ്സില്‍ വളര്‍ന്നുവരുന്നതായി സുമനസ്സുകളായ മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകരും ചൂണ്ടിക്കാണിക്കുന്നു. നമ്മുടേതുപോലുള്ള ബഹു വംശ ജനാധിപത്യ രാജ്യത്തിന് ഈ മനോഭാവം സൃഷ്ടിക്കുന്ന വിപത്ത് എത്ര ഗുരുതരമായിരിക്കുമെന്ന് വിശേഷിച്ച് പറയേണ്ടതില്ല. മുസ്ലിം ന്യൂനപക്ഷത്തെ പാര്‍ശ്വവത്കരിക്കുന്നതിനു വേണ്ടി വെറുപ്പിന്റെ വാണിഭക്കാര്‍ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടുവന്നതാണീ മാനോഭാവം. കുറ്റാന്വേഷകര്‍ പുറത്തുകൊണ്ടുവന്ന സത്യങ്ങള്‍ ഭീകരത സംബന്ധിച്ച് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ നൂറു ശതമാനവും പൊളിയാണെന്ന് പകല്‍ വെളിച്ചം പോലെ തെളിയിച്ചിരിക്കുകയാണ്. ഈ സിദ്ധാന്തങ്ങള്‍ വിളയിച്ച വിനാശകരമായ വാര്‍പ്പുമാതൃകകള്‍ തകര്‍ക്കാന്‍ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും മാധ്യമങ്ങളും ഇനിയെങ്കിലും മുന്നോട്ടുവരേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍, കര്‍ക്കരെ വധം സംബന്ധിച്ച് തനിക്ക് കിട്ടിയ സൂചനകള്‍ പരസ്യപ്പെടുത്തിയ ദിഗ്വിജയ് സിംഗിന്റെ നടപടി ശ്ളാഘനീയമാകുന്നു. കുറ്റാന്വേഷണം ഹിന്ദുത്വ ശക്തികളിലേക്ക് നീണ്ടതിനു ശേഷം രാജ്യത്ത് കാര്യമായ ഭീകരാക്രമണങ്ങളുണ്ടായിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഏറെ ശ്രദ്ധേയമാകുന്നു. ഇതുവരെ പിടികൂടപ്പെട്ടവര്‍ ആര്‍.എസ്.എസ്സുമായും ഹിന്ദു മതത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റു സംഘ്പരിവാര്‍ സംഘടനകളുമായും ബന്ധപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്. കശ്മീര്‍ തീവ്രവാദികളെ മാറ്റിനിര്‍ത്തിയാല്‍, ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന മുഖ്യധാരാ മുസ്ലിം സംഘടനകളുടെയൊന്നും നേതാക്കളോ പ്രവര്‍ത്തകരോ ഭീകരാക്രമണ കേസുകളില്‍ പിടികൂടപ്പെട്ടിട്ടില്ല. പിടികൂടപ്പെട്ട വ്യക്തികളിലാവട്ടെ കുറ്റം തെളിയിക്കപ്പെട്ടിട്ടുമില്ല.
ഭീകരാക്രമണങ്ങളില്‍ ഹിന്ദുത്വ ശക്തികളുടെ പങ്കിനെക്കുറിച്ച് കുറ്റമറ്റതും സമ്പൂര്‍ണവും ആധികാരികവുമായ അന്വേഷണം നടത്തേണ്ടത് കാലഘട്ടത്തിന്റെ അനുപേക്ഷണീയമായ ആവശ്യമാണെന്നതില്‍ സംശയമില്ല. അതിലുപരി മറ്റു ചിലതു കൂടി ഞങ്ങള്‍ ആവശ്യപ്പെടുകയാണ്: രാജ്യത്ത് ഇതഃപര്യന്തം നടന്ന എല്ലാ ഭീകര സംഭവങ്ങളെക്കുറിച്ചും ചുരുങ്ങിയത് മൂന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെട്ട ഒരു കമീഷന്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി ഭീകരാക്രമണങ്ങളുടെ യഥാര്‍ഥ പ്രതികള്‍ ആരൊക്കെയാണെന്നും പ്രചോദനങ്ങള്‍ എന്തൊക്കെയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. വര്‍ഷങ്ങളായി ഇരുമ്പഴികള്‍ക്കുള്ളിലകപ്പെട്ട് നരകിക്കുന്ന നിരപരാധികളായ മുസ്ലിം യുവാക്കളെ ജാമ്യത്തില്‍ വിട്ടയക്കണം. അവര്‍ക്ക് പറയാനുള്ളത് ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ. കേസുകളുടെ ഗതിയാകെ മാറിയിട്ടും മക്കാ മസ്ജിദ്-അജ്മീര്‍ സ്ഫോടനങ്ങളുടെ പേരില്‍ അറസ്റ് ചെയ്യപ്പെട്ട മുസ്ലിംയുവാക്കള്‍ ജയിലില്‍ കഴിയേണ്ടിവരുന്നത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.
ബി.ജെ.പിയും ആര്‍.എസ്.എസ്സും പരിവാര്‍ സംഘടനകളും അന്ധമായ മുസ്ലിം വിരോധം വെടിയണമെന്നാണ് അവരോട് അപേക്ഷിക്കാനുള്ളത്. ഒരു ജനവിഭാഗത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമാകുന്ന രാഷ്ട്രീയം ഹീനവും അതിലേറെ ആപത്കരവുമാണ്. ശത്രുതയിലും വിഘടനത്തിലുമല്ല; സ്നേഹത്തിലും സഹകരണത്തിലുമാണ് രാജ്യത്തിന്റെ ശക്തിയും പുരോഗതിയും. അതിക്രമങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ഇരകളായി ജീവിക്കാന്‍ ഒരു ജനതയും ഏറെക്കാലം തയാറാവില്ല.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly