വിശുദ്ധ റമദാന്‍ അതിന്റെ എല്ലാവിധ പ്രൌഢിയോടുംകൂടി വീണ്ടും സമാഗതമാവുകയായി. ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷം, പുണ്യങ്ങളുടെ പെരുമഴക്കാലം, നന്മകളുടെ വസന്തകാലം തുടങ്ങി അതിന് വിശേഷണങ്ങള്‍ നിരവധിയുണ്ട്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിന്റെ, ചിട്ടയാര്‍ന്ന ജീവിതത്തിന്റെ നാളുകളാണിനി.
ആളുകള്‍ പലവിധത്തിലാണ് റമദാനിനെ വീക്ഷിക്കാറുള്ളത്. ചിലര്‍ യാതൊരു പ്രയോജനവുമില്ലാത്ത കുറെ നിരോധനങ്ങള്‍ മാത്രമാണ് അതില്‍ കാണുന്നത്. അതിനാല്‍ തന്നെ അവര്‍ നോമ്പുകാരെ പരിഹസിക്കുന്നു. വേറെ ചിലര്‍ കേവലം വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും അതില്‍ കാണുന്നില്ല. അവര്‍ ആളുകളുടെ മുമ്പില്‍ നോമ്പഭിനയിക്കുന്നു. വേറെ ചിലര്‍ വര്‍ഷത്തിലൊരിക്കല്‍ കടന്നുവരുന്ന വിഭവസമൃദ്ധമായ അന്നപാനീയങ്ങളുടെ സീസണായും പ്രഭാതം പുലരുവോളം വെടിപറഞ്ഞിരിക്കാനും സൂര്യാസ്തമയം വരെ കിടന്നുറങ്ങാനുമുള്ള അസുലഭാവസരമായും റമദാനിനെ ഗണിക്കുന്നു.
എന്നാല്‍ വളരെ കുറച്ചാളുകള്‍ റമദാനിനെ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി നോക്കിക്കാണുന്നവരാണ്. അവര്‍ക്കിത് പരക്ഷേമ തല്‍പരത, സഹനം തുടങ്ങിയ ഉത്കൃഷ്ട സ്വഭാവങ്ങള്‍ ഹൃദയത്തില്‍ പുനര്‍നിര്‍മിക്കാനും ദൈവപ്രോക്ത സംസ്കരണം ആര്‍ജിച്ചെടുക്കാനുമുള്ള പരിശീലനകാലമാണ്.
വ്യക്തികളെ പോലെ തന്നെ സമൂഹങ്ങളും ദീര്‍ഘമായ ജീവിതത്തിനിടയില്‍ അല്‍പം വിശ്രമം ആഗ്രഹിക്കുന്നു. മനസ്സിനെയും ശരീരത്തെയും ബാധിച്ച ജീര്‍ണതകളെ ഇല്ലായ്മ ചെയ്യാനും നാശോന്മുഖമായ ഭാഗങ്ങളെ പുതുക്കാനുമുള്ള അവസരം ലഭിക്കാന്‍ വേണ്ടിയാണത്. വ്യക്തികളുടെയും സംഘങ്ങളുടെയും ചരിത്രത്തില്‍ നിര്‍ണായക നിമിഷങ്ങളാണവ. അവ ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയുമെങ്കില്‍ അത് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാവും.
മനസ്സും ശരീരവും ശരിയാംവണ്ണം സംസ്കരിച്ചെടുക്കാനുള്ള ആത്മീയവേളയാണ് റമദാന്‍. മാനസികവും ആത്മീയവും സാംസ്കാരികവുമായ ഇന്ധനം നിറക്കാനുള്ള പ്ളാറ്റ്ഫോം ആണത്. ദേഹേഛകള്‍ക്ക് മേല്‍ ആധിപത്യം നേടല്‍ തന്റെ ബാധ്യതയായി കാണുന്ന വിശ്വാസിക്ക് ഓരോ നോമ്പും അത്യധികം അനുഭൂതിദായകമായിരിക്കും.
റമദാനിനെ, പകല്‍ വിശപ്പിന്റെയും ഉറക്കത്തിന്റെയും സമയം കൊല്ലലിന്റെയും, രാത്രി മൃഷ്ടാന്നഭോജനത്തിന്റെയും മാസമായി കണക്കാക്കുന്നവര്‍ക്ക് അത് യാതൊരു ഫലവും ചെയ്യുകയില്ല. റമദാനിനെ ഈമാന്‍ പുതുക്കുന്നതിനും സ്വഭാവങ്ങളെ ഊതിക്കാച്ചി സംസ്കൃതമാക്കുന്നതിനും ആത്മാവിനെ പുഷ്ടിപ്പെടുത്തുന്നതിനും സര്‍വോല്‍കൃഷ്ടവും സമ്പൂര്‍ണവുമായ നവജീവിതമാരംഭിക്കുന്നതിനുമുള്ള പാഠശാല എന്ന നിലയില്‍ ഊഷ്മളമായ സ്വീകരണം നല്‍കുന്നവര്‍ക്കേ അതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ. അവര്‍ക്ക് വേണ്ടിയാണ് റമദാനില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നത്. റമദാന്‍ വിടപറയുമ്പോള്‍ നല്‍കുന്ന സവിശേഷ സമ്മാനങ്ങള്‍ ലഭിക്കുന്നതും ഇവര്‍ക്കാണ്.
ശഅ്ബാനിന്റെ അവസാനദിനം പ്രവാചകന്‍ വിശ്വാസിസമൂഹത്തോട് പറഞ്ഞു: "ജനങ്ങളേ, മഹത്വം നിറഞ്ഞതും അനുഗ്രഹപൂര്‍ണവുമായ ഒരു മാസമിതാ നിങ്ങള്‍ക്ക് തണലേകിയിരിക്കുന്നു. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാവുണ്ട്. അതിലെ നോമ്പ് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു; രാത്രി നമസ്കാരം ഐഛികവും. ഈ മാസത്തില്‍ ആരെങ്കിലും ഒരു സദ്കര്‍മം ചെയ്താല്‍ മറ്റു മാസങ്ങളില്‍ ഒരു നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചതുപോലെയായിരിക്കും. ആരെങ്കിലും ഒരു നിര്‍ബന്ധകര്‍മം നിര്‍വഹിച്ചാല്‍ മറ്റുമാസങ്ങളില്‍ എഴുപത് നിര്‍ബന്ധകര്‍മങ്ങള്‍ നിര്‍വഹിച്ചപോലെയും. അത് സഹനത്തിന്റെ മാസമാണ്; സഹനത്തിന്റെ പ്രതിഫലം സ്വര്‍ഗവും. പരസ്പര സാന്ത്വനത്തിന്റെ മാസം കൂടിയാണത്. അതിന്റെ ആദ്യദിനങ്ങള്‍ കാരുണ്യവും മധ്യദിനങ്ങള്‍ പാപമോചനവും അന്ത്യദിനങ്ങള്‍ നരകവിമോചനവുമാണ്'' (ഇബ്നു ഖുസൈമ).
മറ്റൊരു ഹദീസില്‍ കാണാം: "അനുഗ്രഹത്തിന്റെ മാസമായ റമദാന്‍ ഇതാ നിങ്ങളില്‍ സമാഗതമായിരിക്കുന്നു. അതില്‍ അല്ലാഹു കാരുണ്യം വര്‍ഷിക്കും. പാപങ്ങള്‍ മായ്ച്ചുകളയും. പ്രാര്‍ഥനകള്‍ക്ക് ഉത്തരമേകും. ആ മാസത്തില്‍ നന്മയുടെ കാര്യത്തിലുള്ള നിങ്ങളുടെ പരസ്പര മത്സരം അല്ലാഹു നോക്കിക്കൊണ്ടിരിക്കും. മലക്കുകള്‍ നിങ്ങളുടെ കാര്യത്തില്‍ അഭിമാനം കൊള്ളും. ആ നാളുകളില്‍ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെട്ടവനാണ് നിര്‍ഭാഗ്യവാന്‍'' (ത്വബ്റാനി).
നമ്മോട് നോമ്പനുഷ്ഠിക്കാന്‍ ആഹ്വാനം ചെയ്ത ഉടനെ, ഒരൊറ്റവാചകത്തില്‍ അതിന്റെ യുക്തിയും പ്രയോജനങ്ങളും അല്ലാഹു വ്യക്തമാക്കുന്നു. ദൈവഭക്തി ആര്‍ജിച്ചെടുക്കുക എന്നതാണത്. അല്ലാഹു ഇഷ്ടപ്പെടുകയും ഇഹലോകത്ത് പ്രശംസാര്‍ഹമായിത്തീരുകയും ചെയ്യുന്ന എല്ലാ കര്‍മങ്ങളും തഖ്വയുടെ വിവക്ഷയില്‍പെടുന്നു. വ്യക്തിക്കും സമൂഹത്തിനും ദോഷകരമായ സ്വഭാവങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കലുമാണത്. പ്രവാചകന്‍ പറയുന്നു: "നിശ്ചയം നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും നോമ്പുകാരനായാല്‍ അശ്ളീലം പറയുകയോ അധര്‍മം പ്രവര്‍ത്തിക്കുകയോ ചെയ്യാതിരിക്കട്ടെ'' (ബുഖാരി). ആദ്യം നോമ്പിന്റെ യുക്തിയും തുടര്‍ന്ന് അതിന്റെ മര്യാദയുമാണ് ഇവിടെ വിശദീകരിക്കുന്നത്.
റമദാനില്‍ അധികാരം വാഴുന്ന രാജാവും ഭരണാധികാരിയും സമ്പന്നതയുടെ മണിമാളികകളില്‍ ഉറങ്ങുന്ന പ്രമാണിവര്‍ഗവും ജനങ്ങളെ നയിക്കുന്ന നേതാക്കന്മാരുമെല്ലാം വിശപ്പിന്റെ രുചിയറിയുന്നു. മറ്റുള്ളവരെപ്പോലെ തങ്ങളും അല്ലാഹുവിന്റെ വിഭവങ്ങള്‍ ആവശ്യമുള്ളവരാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നു. അല്ലാഹു നല്‍കുന്ന വിഭവങ്ങള്‍ തടയപ്പെട്ടാല്‍ താനും ദരിദ്രനും ദുര്‍ബലനുമാണെന്ന വിചാരം ഉടലെടുക്കുന്നു. നോമ്പിലൂടെ ഉണ്ടാവുന്ന സദ്ഫലങ്ങളാണിതെല്ലാം. എത്ര സുന്ദരവും വിശാലമായ അര്‍ഥതലങ്ങളുള്ളതുമായ പ്രാര്‍ഥനയാണ് നോമ്പുതുറക്കുന്ന വേളയില്‍ വിശ്വാസിയില്‍ നിന്നുയരുന്നത്. അതിങ്ങനെയാണ്: "അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ നോമ്പെടുത്തു. നിന്റെ വിഭവങ്ങള്‍കൊണ്ട് നോമ്പ് തുറക്കുകയും ചെയ്തു.'' സമ്പത്തും വിഭവങ്ങളുമെല്ലാം അല്ലാഹുവിന്റേതാണെന്നും അവന്‍ നല്‍കിയാല്‍ മാത്രമേ അത് നമുക്ക് ലഭ്യമാവൂ എന്നും അംഗീകരിക്കുകയാണിവിടെ.
വിവ: അബൂദര്‍റ് എടയൂര്‍