Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം

തുര്‍ക്കിയിലെ
രാഷ്ട്രീയ പരീക്ഷണങ്ങള്‍

 

# ഡോ. അബ്ദുസ്സലാം വാണിയമ്പലം

 
 



തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ ഇസ്തംബൂള്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന്റെ കവാടത്തില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബിനോടൊപ്പം വാഹനം പ്രതീക്ഷിച്ചുനില്‍ക്കുമ്പോള്‍ പെട്ടെന്നു സെക്യൂരിറ്റി ജീവനക്കാര്‍ ജാഗരൂകരായി. തുര്‍ക്കി പ്രിസിഡന്റ് അബ്ദുല്ലാ ഗുല്‍ മ്യൂസിയം സന്ദര്‍ശിച്ച് മടങ്ങാന്‍ പോകുന്നു. ഞങ്ങള്‍ കാത്തു നിന്നു. സെക്യൂരിറ്റി വാഹനങ്ങള്‍ക്ക് നടുവില്‍ പ്രൌഢഗംഭീരമായ കറുത്ത കാറിന്റെ പിന്‍സീറ്റിലിരുന്ന് അബ്ദുല്ലാ ഗുല്‍ വന്നു. സെക്യൂരിറ്റി ജീവനക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കവാടത്തില്‍ ഞങ്ങളേയുള്ളൂ. ആകാംക്ഷയോടെ നോക്കിനിന്ന ഞങ്ങളെ ഗുല്‍ ശ്രദ്ധിച്ചു. പിന്‍സീറ്റില്‍ ചാരിയിരുന്ന അദ്ദേഹം നിവര്‍ന്നിരുന്ന് ഞങ്ങളുടെ നേരെ കൈവീശി. ഞങ്ങളും ആവേശത്തോടെ പ്രത്യഭിവാദ്യം ചെയ്തു.
72 മില്യന്‍ ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ, അതും 1924 ല്‍ ഖിലാഫത്ത് തകര്‍ത്ത് അത്താതുര്‍ക്ക് കെട്ടിപ്പടുത്ത തീവ്രസെക്കുലര്‍ രാഷ്ട്രത്തിന്റെ തലപ്പത്തെത്തിയ ഇസ്ലാമിസ്റിനെ നേര്‍ക്കുനേരെ കാണുന്നുവെന്നതാണ് ഞങ്ങളെ ആകാംക്ഷാഭരിതരാക്കിയത്. അബ്ദുല്ലാ ഗുല്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയത് സ്വന്തം ഭാര്യയുടെ മക്കനയഴിക്കണമെന്ന അള്‍ട്രാ സെക്കുലറിസ്റുകളുടെ വാശി വകവെക്കാതെയാണ്. പ്രസിഡന്റാവാനുള്ള അദ്ദേഹത്തിന്റെ അയോഗ്യതയായി സെക്കുലറിസ്റുകള്‍ കണ്ടത് അതായിരുന്നു. അപ്പോഴാണ്, 2007 ജൂലൈയില്‍ പ്രധാനമന്ത്രി ഉര്‍ദുഗാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം പാര്‍ലമെന്റില്‍ ലഭിക്കുമോ എന്ന് പരീക്ഷിച്ചത്. അതു വിജയിച്ചു. ഗുല്‍ പ്രസിഡന്റായി.
ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീനിലെ ഗസ്സയിലേക്ക് കപ്പലയച്ച സംഭവമുള്‍പ്പെടെ, ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന ആവേശകരമായ നടപടികള്‍ കണ്ട്, തുര്‍ക്കി ജനത അതിന്റെ അള്‍ട്രാസെക്കുലറിസത്തില്‍ നിന്ന് ഇസ്ലാമിലേക്ക് വല്ലാതെ മാറിക്കഴിഞ്ഞിരിക്കും എന്ന പ്രതീക്ഷയോടെയായിരുന്നു ജൂണ്‍ 29, 30 ജൂലൈ 1 തിയ്യതികളില്‍ ചേര്‍ന്ന അന്താരാഷ്ട്ര പണ്ഡിതവേദിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്തംബൂളിലിറങ്ങിയത്. മുഹമ്മദുല്‍ ഫാതിഹുള്‍പ്പെടെ ഉസ്മാനി ഖലീഫമാര്‍ തീര്‍ത്ത ഇസ്ലാമിക നാഗരിക പ്രതാപത്തിന്റെ നെടുംതൂണുകളും മുസ്ലിം യശസ്സിന്റെ കോട്ടകൊട്ടാരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്തംബൂള്‍. ലോകനഗരങ്ങളിലെ സുന്ദരി. 'ലോകത്തിന്റെ തലസ്ഥാന നഗരിയായി ഞാനൊരു പട്ടണത്തെ തെരെഞ്ഞെടുക്കുകയാണെങ്കില്‍ അത് ഇസ്തംബൂളായിരിക്കും' എന്ന് നെപ്പോളിയന്‍ പണ്ടുപറഞ്ഞിട്ടുണ്ട്. മലകളും സമുദ്രവും പ്രതിരോധ കവചം തീര്‍ത്ത നഗരം. കോണ്‍സ്റാന്റിനേപ്പിള്‍ എന്ന ഇസ്തംബൂള്‍ 1453 ലാണ് ഖലീഫ മുഹമ്മദുല്‍ ഫാതിഹ് കീഴടക്കിയത്. അന്നദ്ദേഹത്തിന് പ്രായം 22 വയസ്സ്! നഗരത്തിലെങ്ങും ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട് മുഹമ്മദുല്‍ ഫാതിഹ്. ഇസ്തംബൂള്‍ മുനിസിപ്പാലിറ്റി അദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്. അല്‍ ഫാത്തിഹ് (വിജയി) മുനിസിപ്പാലിറ്റി.
ഇസ്ലാമിക നാഗരികതയുടെ ശേഷിപ്പുകളും ഉസ്മാനിയാ ഖിലാഫത്തിന്റെ പൈതൃകങ്ങളും സംരക്ഷിക്കുന്നതില്‍ ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എങ്ങും പള്ളികളുടെയും സ്മാരകങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാണാം. അഞ്ചുനൂറ്റാണ്ടിലധികം പഴക്കമുള്ള ഉസ്മാനിയാ ഖിലാഫത്തിന്റെ സ്മാരകങ്ങളൊക്കെയും സര്‍ക്കാര്‍ സംരക്ഷിച്ചുപോരുന്നു.
ഇസ്തംബൂളിലെ ചരിത്ര പ്രസിദ്ധമായ സുലൈമാനിയ ലൈബ്രറി ഞങ്ങള്‍ സന്ദര്‍ശിച്ചു. സുല്‍ത്താന്‍ സുലൈമാനുല്‍ ഖാനൂനിയുടെ പേരില്‍ 1583 ല്‍ സ്ഥാപിതമായതാണത്. ഉസ്മാനിയാ കാലത്തേതുള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് കൃതികളും കയ്യെഴുത്തു കൃതികളും മൈക്രോ ഫിലിമുകളിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുന്നു. ഇപ്പോഴും ആ പ്രക്രിയ തുടരുന്നുണ്ട്. ലോകത്തെങ്ങുനിന്നുമുള്ള ഗവേഷകര്‍ക്ക് ലൈബ്രറി അതിന്റെ വാതില്‍ തുറന്നിട്ടുണ്ട്.
വൈരുദ്ധ്യങ്ങളുടെ സമന്വയം
ഇസ്തംബൂളും അങ്കാറയുമാണ് തുര്‍ക്കി. തുര്‍ക്കിയുടെ വ്യത്യസ്തമായ രണ്ടു പ്രതീകങ്ങള്‍. ഇസ്തംബൂളില്‍ അതിന്റെ പിതാവായ ഖലീഫ മുഹമ്മദുല്‍ ഫാതിഹ് അന്ത്യവിശ്രമം കൊള്ളുന്നു. അതേ ഖിലാഫത്തിന്റെ അന്തകന്‍ അത്താതുര്‍ക്കിന്റെ ശവകുടീരം അങ്കാറയിലും. ഇസ്തംബൂളിനെയും അങ്കാറയെയും സമന്വയിപ്പിക്കുകയെന്ന സാഹസികതയാണ് ഉര്‍ദുഗാന്റെയും അബ്ദുല്ലാ ഗുലിന്റെയും ജസ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നത്.
ഇസ്തംബൂളാണ് തുര്‍ക്കിയുടെ വന്‍നഗരം. 10.29 മില്യനാണ് ജനസംഖ്യ. അങ്കാറ തലസ്ഥാനമാണ്. പക്ഷേ, 4.7 മില്യന്‍ മാത്രമാണ് ജനസംഖ്യ. ഇസ്തംബൂളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇസ്ലാമിക പൈതൃകം. പള്ളികളുടെ നഗരമാണത്. ചക്രവാളങ്ങളെ ചുംബിച്ചുനില്‍ക്കുന്ന മിനാരങ്ങള്‍, ചാരുതയാര്‍ന്ന എടുപ്പുകള്‍. ഇസ്തംബൂളിന്റെ ഓരോ ശ്വാസത്തിലും കലയുണ്ട്. ഇസ്ലാമിന് സൌന്ദര്യകലയുമായി ഇത്രമേല്‍ ബന്ധമുണ്ട് എന്ന് ഇസ്തംബൂളിന്റെ ശില്‍പകലകള്‍ നിങ്ങള്‍ക്കു പറഞ്ഞുതരും.
പ്രവാചകന്റെ പ്രിയങ്കര സ്വഹാബി അബൂ അയ്യൂബുല്‍ അന്‍സാരി അന്ത്യവിശ്രമം കൊള്ളുന്നത് ഇസ്തംബൂളിലാണ്. 80-ാം വയസ്സിലാണ് അന്‍സാരി ഇസ്തംബൂളിലെത്തുന്നത്. ഇസ്ലാമിക നാഗരികതയുടെ വെളിച്ചമേന്തി ലോകത്തേക്ക് പ്രയാണം നടത്തിയ പ്രവാചകാനുചരന്മാരുടെ അതുല്യ മാതൃകകളിലൊന്ന്.
ഇസ്തംബൂളില്‍ മുഹമ്മദുല്‍ ഫാതിഹിന്റെ ഖബര്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അങ്കാറയിലെ അത്താതുര്‍ക്കിന്റെ ഖബറും കാണണമെന്നു വെച്ചു. ഹെക്ടറുകളാണ് അത്താതുര്‍ക്ക് അടക്കപ്പെട്ട ശ്മശാനം സ്വന്തമാക്കിയിരിക്കുന്നത്. പട്ടാളം ഇടക്കിടെ ശ്മശാനത്തില്‍ പരേഡ് നടത്തുന്നു. ഖബറിന്നരികിലും ഔദ്യോഗിക ആദരവ് ചടങ്ങുകളുണ്ട്. ഇസ്തംബൂളില്‍ ഭക്ത ജനങ്ങളുടെ നിഷ്കളങ്കമായ നിശ്വാസങ്ങളും ആര്‍ദ്രമായ പ്രാര്‍ത്ഥനകളും ഭക്തിസാന്ദ്രമായ ഖുര്‍ആന്‍ പാരായണവും കൊണ്ടാണ് മുഹമ്മദുല്‍ ഫാതിഹ് ആദരിക്കപ്പെടുന്നതെങ്കില്‍, ഇവിടെ അങ്കാറയില്‍ ഇങ്ങനെയാണ് പരേതന്‍ ആദരിക്കപ്പെടുന്നത്. പട്ടാളത്തിന്റെ സലൂട്ടുകളല്ലാതെ ആരും അവിടെ പ്രാര്‍ത്ഥിക്കുന്നത് കാണുന്നില്ല. ശ്മശാനത്തിലൊരുക്കിയ അത്താതുര്‍ക്ക് മ്യൂസിയത്തില്‍ അത്താതുര്‍ക്കിന്റെ ദീര്‍ഘകായ പ്രതിമകള്‍, മെഴുകു വിഗ്രഹങ്ങള്‍, വ്യാജ വിജയങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍, ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, കൂടെ ഖിലാഫത്തിന് അന്ത്യം കുറിച്ച 'വീരേതിഹാസ'ത്തിന്റെ ചരിത്രക്കുറിപ്പുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. തുര്‍ക്കിയുടെ പുരോഗതിക്ക് വിലങ്ങുനിന്ന ഉസ്മാനിയാ ഖലീഫയെ മാറ്റേണ്ടിവന്ന പ്രക്രിയയായാണ് അത്താതുര്‍ക്കിന്റെ അട്ടിമറിയെ മഹത്വവല്‍ക്കരിച്ചിരിക്കുന്നത്. ഫലസ്തീനെ വിലക്കു ചോദിച്ചും കൈക്കൂലി വാഗ്ദാനം ചെയ്തും വന്ന സിയോണിസ്റുകളെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ആട്ടിയോടിച്ചതോടെയാണ് ബ്രിട്ടന്റെ ആശീര്‍വാദത്തോടെ ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെട്ടതെന്ന് എഴുതി വെക്കാനുണ്ടാക്കിയതല്ലല്ലോ ആ മ്യൂസിയം!
ഖിലാഫത്ത് തകര്‍ത്തത് മാത്രമല്ല, ബാങ്ക് അറബി ഭാഷയില്‍ നിരോധിച്ചും അറബി ഭാഷ തന്നെ നിരോധിച്ചും മതവിദ്യാഭ്യാസം നല്‍കുന്നതും സ്ത്രീ തലമറക്കുന്നതും കുറ്റകൃത്യമായി ഗണിച്ചുമൊക്കെ ഇസ്ലാമിന്റെ കടയ്ക്ക് കത്തിവച്ച് ഒരു സ്വേഛാധിപതി നടത്തിയ തേര്‍വാഴ്ച 72 മില്യന്‍ വരുന്ന ഒരു ജനതയെ ഇത്രയധികം സ്വാധീനിക്കുമോ എന്ന് ഓര്‍ത്ത് മൂക്കത്ത് വിരല്‍ വെച്ചുപോകും തുര്‍ക്കി സന്ദര്‍ശിക്കുന്നവര്‍. അത്താതുര്‍ക്ക് കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും ആ പ്രേതബാധയില്‍ നിന്ന് ഇനിയും തുര്‍ക്കി മോചിതമായിട്ടില്ല. പട്ടാളക്കാര്‍ സ്യൂഡോസെക്കുലറിസത്തിന്റെ കാവല്‍നായകളാകുന്നു. അത്താതുര്‍ക്ക് പാരമ്പര്യത്തിനെതിരെ ഇലയനക്കമുണ്ടായാല്‍ മതി, അവര്‍ കുരക്കുക മാത്രമല്ല കടിച്ചുകീറും. അങ്ങനെയാണ് ബാങ്ക് വിളി അറബിയിലേക്ക് തിരിച്ചു കൊണ്ടുവന്നതിന്റെ പേരില്‍ അദ്നാന്‍ മന്ദരീസ് എന്ന പ്രസിഡന്റിനെ അവര്‍ തൂക്കിക്കൊന്നത്, നജ്മുദ്ദീന്‍ അര്‍ബകാനെ ഒന്നിലധികം തവണ അധികാരത്തില്‍ നിന്നു പുറത്താക്കിയത്, പലതവണ അദ്ദേഹത്തെ ജയിലിലടച്ചത്. ഇന്നത്തെ പ്രധാനമന്ത്രി ഉര്‍ദുഗാനെ, തുര്‍ക്കി കവി ദിയാ ജോ ത്വാലിബിന്റെ 'പള്ളികള്‍ ഞങ്ങളുടെ ഗേഹങ്ങളാകുന്നു, നമസ്കരിക്കുന്നവര്‍ ഞങ്ങളുടെ സൈന്യമാകുന്നു' എന്ന കവിത ചൊല്ലിയതിനാണ് 1998 ല്‍ തുറുങ്കിലടച്ചതും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കിയതും. തുര്‍ക്കിയില്‍ ഇപ്പോഴും മതവിദ്യാഭ്യാസത്തിന് പ്രത്യേക സ്ഥാപനങ്ങളില്ല. മദ്യശാലകള്‍ വേണ്ടുവോളമുണ്ടുതാനും. യൂനിവേഴ്സിറ്റികളില്‍ തിയോളജി ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്. പക്ഷേ അവിടെ പഠിപ്പിക്കുന്നത് തനി സെക്കുലര്‍ ഇസ്ലാം. തലമറക്കുന്ന സ്ത്രീകള്‍ അഞ്ച് ശതമാനം വരില്ല. പാഠശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മക്കനയിടാന്‍ അനുവാദമില്ല.
ഈ തുര്‍ക്കിയിലാണ് ഇസ്ലാമിക പശ്ചാത്തലമുള്ള റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പരീക്ഷണത്തിനിറങ്ങിയിരിക്കുന്നത്. തന്റെ രാഷ്ട്രീയ ഗുരു നജ്മുദ്ദീന്‍ അര്‍ബകാന്‍ ഇസ്ലാമിക നിലപാടുകള്‍ മൂലം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ,് ഇസ്ലാമിക അജണ്ടകള്‍ മാറ്റിവെച്ചുകൊണ്ടുള്ള രാഷ്ട്രീയമേ തുര്‍ക്കിയില്‍ നടപ്പുള്ളൂവെന്ന തിരിച്ചറിവോടെ ഉര്‍ദുഗാന്‍ വേറിട്ട വഴി തേടുന്നത്. ഉര്‍ദുഗാന്‍, സംശയമില്ല ഒരിസ്ലാമിക വ്യക്തിത്വമാണ്. ഇസ്ലാമിക പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനനം. അദ്നാന്‍ മന്ദരീസ് കൊല്ലപ്പെട്ടപ്പോള്‍ തേങ്ങിക്കരഞ്ഞ പിതാവിനൊപ്പം അദ്ദേഹവും കരഞ്ഞതായി ബാല്യകാല ചരിത്രത്തിലുണ്ട്. ഭാര്യയും പെണ്‍മക്കളും മക്കന ധരിക്കുന്നു. മക്കനയിട്ട് കോളേജില്‍ പോകാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ തുര്‍ക്കി വിട്ട് അമേരിക്കയില്‍ മക്കനയിട്ട് മകള്‍ ഉന്നത പഠനം നടത്തുന്നു.
2001 ല്‍ അര്‍ബകാനുമായി വഴിപിരിഞ്ഞ് ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയുമായി രംഗത്തുവന്ന ഉര്‍ദുഗാന്‍ താത്ത്വിക രാഷ്ട്രീയത്തില്‍ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വഴിമാറുകയായിരുന്നു. തത്ത്വങ്ങളെ പ്രയോഗത്തില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നതാണ് ആ രാഷ്ട്രീയത്തിന്റെ പ്രത്യേകത. തത്ത്വങ്ങള്‍ പറഞ്ഞ് ബഹളം വെക്കുന്നതില്‍ അദ്ദേഹത്തിനു താല്‍പര്യമില്ല. പ്രവര്‍ത്തനങ്ങളിലൂടെ ഇതാണ് തന്റെ തത്ത്വങ്ങള്‍ എന്നു പറയുകയാണദ്ദേഹം. ജനങ്ങള്‍ക്ക് ഏറ്റവുമധികം താല്‍പര്യമുള്ള വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആ നടപടികള്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വളര്‍ത്തി.
തുര്‍ക്കിയില്‍ നിന്നുള്ള യാത്രാമധ്യേ 'ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രൈബൂണ്‍' വെറുതെ മറിച്ചുനോക്കിയപ്പോള്‍ ഒന്നാം പേജില്‍ പ്രാധാന്യപൂര്‍വ്വം തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. ദശകങ്ങള്‍ക്കുമുമ്പ് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള തുര്‍ക്കിയുടെ അപേക്ഷ നിരസിക്കപ്പെടാന്‍ കാരണം അതിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയായിരുന്നെങ്കില്‍ ഇന്നു സ്ഥിതി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെ ചുരുക്കം. ലോകത്തെ വന്‍കിട കമ്പനികളുടെയും വ്യവസായികളുടെയും സ്വപ്ന രാജ്യമായിരിക്കുന്നു തുര്‍ക്കി. കഴിഞ്ഞ മാസം 11.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ തുര്‍ക്കി, സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പാണ് നടത്തുന്നത്. ഇനി ആരെ ആര്‍ക്കാണ് വേണ്ടത്, യൂറോപ്യന്‍ യൂണിയനെ തുര്‍ക്കിക്കോ, തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനോ എന്ന് ഹെറാള്‍ഡ് ട്രൈബൂണ്‍ ചോദിക്കുന്നു. 10 വര്‍ഷം മുമ്പ് രാജ്യത്തിന്റെ ബജറ്റ് കമ്മി 16 ശതമാനമായിരുന്നു. ഇന്നത് 3 ശതമാനമായി കുറഞ്ഞു. കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വളര്‍ച്ച. 200 മില്യണ്‍ ഡോളറിലധികം വരുന്ന ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് മാത്രം കയറ്റി അയക്കുന്നുണ്ട്.
ഇതാണ് എ.കെ. പാര്‍ട്ടിയുടെ സ്ട്രാറ്റജി. അത് അധികാരത്തില്‍ വന്നയുടന്‍ ശ്രദ്ധയൂന്നിയത് സാമ്പത്തിക മേഖലയിലാണ്. ടര്‍ക്കിഷ് ജനതയുടെ ജീവിത നിലവാരമുയര്‍ത്തുക, ദാരിദ്യ്രത്തിനും തൊഴിലില്ലായ്മക്കും അറുതിവരുത്തുക, സാമ്പത്തിക നീതി ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളോടെ അധികാരത്തിലെത്തിയ അക് (എ.കെ) പാര്‍ട്ടി തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്നു പ്രവര്‍ത്തനങ്ങളിലൂടെ തുര്‍ക്കി ജനതയെ ബോധ്യപ്പെടുത്തി. പാവങ്ങള്‍ക്ക് സൌജന്യ വീട് പദ്ധതി, ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സൌജന്യ പാഠപുസ്തക-യൂനിഫോം വിതരണം, കുഞ്ഞുങ്ങള്‍ക്ക് സൌജന്യ പോഷകാഹാര വിതരണം, ആരോഗ്യ സുരക്ഷാ പദ്ധതി, കര്‍ഷകര്‍ക്ക് കടാശ്വാസ പദ്ധതി, തൊഴിലാളികളുടെ മിനിമം കൂലി വര്‍ധന തുടങ്ങിയ ഒട്ടേറെ ജനകീയ പദ്ധതികളിലൂടെ ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് സാമ്പത്തിക മേഖലയില്‍ വമ്പിച്ച കുതിപ്പുകളാണ് നടത്തിയത്.
അതേയവസരം സ്വകാര്യവല്‍കരണത്തെയും ആഗോളവല്‍കരണത്തെയും ഗവണ്‍മെന്റ് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുടെ പോളിസി രേഖ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക പുരോഗതിക്കനിവാര്യമായ നിലപാടുകളായാണ് അവയെ പരിഗണിക്കുന്നത്. പാവങ്ങള്‍ക്കു മാത്രമല്ല, മുതലാളിമാര്‍ക്കും വ്യവസായികള്‍ക്കും താല്‍പര്യമുള്ള സര്‍ക്കാരാണ് ഉര്‍ദുഗാന്റേത്. ദരിദ്രര്‍ക്ക് കൈത്താങ്ങാവുക, അതോടൊപ്പം സമ്പന്നരെ കൂടുതല്‍ സമ്പന്നരാവാന്‍ രംഗമൊരുക്കി സമ്പത്തിന്റെ വര്‍ധനവിലൂടെ വികസനം കൊണ്ടുവരിക, സമ്പത്തിന്റെ വിതരണത്തില്‍ നീതി ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള സന്തുലിത സാമ്പത്തിക സമീപനം സ്വീകരിക്കുവാനും ശ്രദ്ധിക്കുന്നു.
98 ശതമാനം വരുന്ന മുസ്ലിംകളെ ഇസ്ലാമിക സംസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എന്തുചെയ്യുന്നുവെന്നു ചോദിച്ചാല്‍ എ.കെ പാര്‍ട്ടിയുടെ ഭാരവാഹികള്‍ പറയും, നിങ്ങള്‍ ആദ്യം അവര്‍ക്ക് റൊട്ടി കൊടുക്കൂ, എന്നിട്ടാവാം അവരോട് അത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നാണ്. റൊട്ടി ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് തങ്ങളിപ്പോഴുമുള്ളതെന്ന് അവര്‍ പറയുന്നു.
ഉര്‍ദുഗാന്‍ മോഡല്‍
ജനസേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് എ.കെ പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. തങ്ങള്‍ക്ക് ജനസേവനത്തിനുള്ള മാധ്യമം മാത്രമാണ് രാഷ്ട്രീയം എന്ന് പാര്‍ട്ടി നയരേഖ പറയുന്നു. തുര്‍ക്കി രാഷ്ട്രീയം മലീമസമായിക്കഴിഞ്ഞ സാഹചര്യത്തില്‍ അതിന്റെ മാന്യത തിരിച്ചുപിടിക്കുകയും രാഷ്ട്രീയക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി 'വേറിട്ടൊരു പാര്‍ട്ടി' എന്ന പ്രതിഛായ നേടിയെടുത്തത് ശ്രദ്ധേയമായ പല നടപടികളിലൂടെയുമാണ്. എ.കെ.പി പരിഷ്കരണം തുടങ്ങുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണ്, നോമിനേറ്റു ചെയ്യുകയല്ല. പാര്‍ട്ടിയുടെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റു ചെയ്ത് വര്‍ഷാവര്‍ഷം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കുന്നു, സ്ഥാനങ്ങള്‍ നല്‍കപ്പെടുന്നത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം.
ജനാധിപത്യവും മതേതരത്വവും രാഷ്ട്രത്തിന്റെ അടിത്തറകളായി ഗണിക്കുന്ന പാര്‍ട്ടി, രാഷ്ട്രപിതാവ് അത്താതുര്‍ക്കിനോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുന്നുണ്ട്. അതോടൊപ്പം തുര്‍ക്കിയുടെ പൈതൃകങ്ങളെ ആദരിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നു. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായുപയോഗപ്പെടുത്തുന്നതിനെ നിരാകരിക്കുന്നതോടൊപ്പം മതവിശ്വാസത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും നയരേഖ വ്യക്തമാക്കുന്നു. സെക്കുലറിസത്തെ അടിത്തറയായാണ് തങ്ങളുടെ പാര്‍ട്ടി ഗണിക്കുന്നതെന്നും എന്നാല്‍ സെക്കുലറിസത്തെ മതത്തിന്റെ ശത്രുവെന്ന നിലയില്‍ ദുര്‍വ്യാഖ്യാനിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും പാര്‍ട്ടിരേഖ പറയുന്നു.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്തിയ പരിഗണന നല്‍കുന്നുവെന്നതാണ് എ.കെ പാര്‍ട്ടിയുടെ മറ്റൊരു പ്രത്യേകത. സംഘടനയുടെ ഉയര്‍ന്ന തസ്തികകളില്‍ അധികവും യുവാക്കളും സ്ത്രീകളുമാണ്. 2002 ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിലെത്തിയ വനിതാപ്രതിനിധികളുടെ എണ്ണം 23 ആയിരുന്നുവെങ്കില്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ 49 വനിതാ പ്രതിനിധികളാണ് പാര്‍ലമെന്റിലെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകകളില്‍ മക്കനയിട്ടവരും മക്കനയിടാത്തവരുമുണ്ട്.
ഒരു സെക്കുലര്‍ നാഷനല്‍ പാര്‍ട്ടി എന്ന ഭാവം ഉര്‍ദുഗാന്റെ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിക്ക് ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ വേണ്ടി ഇടപെടുന്നതിനും സംസാരിക്കുന്നതിനും തടസ്സമാവുന്നില്ല. മുസ്ലിം ഇഷ്യൂ എന്നതിനപ്പുറം നീതിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നം എന്ന അടിസ്ഥാനത്തില്‍ ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് ലോക മുസ്ലിം പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുന്നുണ്ട്. അതിന്റെ തെളിവാണ് ഇസ്രയേല്‍ ഉപരോധത്തിലിട്ടു കൊല്ലുന്ന ഗസ്സയിലെ 15 ലക്ഷം മനുഷ്യര്‍ക്കുവേണ്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഗസ്സയിലേക്കയച്ച 'ഫ്രീഡം ഫ്ളോട്ടില.' ഇസ്രയേലുമായി നയതന്ത്രബന്ധമുണ്ടെന്നത് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ തുര്‍ക്കിക്ക് തടസ്സമായില്ല. കപ്പല്‍ തടഞ്ഞ് 9 തുര്‍ക്കികളെ കൊന്ന ഇസ്രയേല്‍ മാപ്പു ചോദിക്കുകയും കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗസ്സ കൂട്ടക്കൊലയെ ന്യായീകരിച്ചതിന് ദാവോസില്‍ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന് ചുട്ടമറുപടി നല്‍കി ഉര്‍ദുഗാന്‍ വേദിവിട്ടിറങ്ങിപ്പോന്നത് മറ്റൊരുദാഹരണം. അമേരിക്കയോട് സൌഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ ഇറാഖിനെ അക്രമിക്കാന്‍ താവളം അനുവദിക്കാതിരുന്നതും തുര്‍ക്കി നിലപാടിന്റെ വ്യതിരിക്തതയെ കുറിക്കുന്നു.
എന്നാല്‍ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയുടെ നയങ്ങളോട് ശക്തമായ വിയോജിപ്പാണ് ഉര്‍ദുഗാന്റെ രാഷ്ട്രീയ ഗുരുവായ നജ്മുദ്ദീന്‍ അര്‍ബകാന്റെ സആദത്ത് പാര്‍ട്ടിക്കുള്ളത്. അള്‍ട്രാ സെക്കുലറിസ്റുകള്‍ക്ക് വേണ്ടി ഉര്‍ദുഗാന്‍ ഇസ്ലാമിക തത്ത്വങ്ങളെ ബലി കഴിക്കുന്നുവെന്നാണ് അര്‍ബകാന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. അര്‍ബകാന്റെ നയങ്ങള്‍ അദ്ദേഹത്തെ നിരന്തരം അധികാരത്തില്‍ നിന്ന് പുറത്താക്കിയ അനുഭവം, ഉര്‍ദുഗാന്റെ നയങ്ങള്‍ക്ക് ന്യായീകരണം നല്‍കുന്നില്ലേ എന്ന ചോദ്യത്തിന് സആദത്ത് പാര്‍ട്ടിക്കാവട്ടെ കൃത്യമായ മറുപടികളില്ലതാനും.
ഏതായാലും റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖിലാഫത്തിന്റെ ശ്മശാന ഭൂമിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇതുവരെയും വിജയിച്ചു എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. തുര്‍ക്കി ജനത അദ്ദേഹത്തിന്റെ ഇസ്ലാമിക പശ്ചാത്തലം അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹത്തെ ശക്തമായി പിന്തുണക്കുന്നു. കാരണം നീതിയും വികസനവും (ജസ്റിസ് ആന്റ് ഡവലപ്മെന്റ്) തന്നെയാണ്, പാര്‍ട്ടിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അജണ്ട. ആ അജണ്ടകളോട് തുര്‍ക്കികള്‍ക്ക് വിയോജിക്കേണ്ടതില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അകം ചികഞ്ഞു നോക്കേണ്ടത് ഒരാവശ്യമായി അവര്‍ കാണുന്നുമില്ല. അതുകൊണ്ട് ടര്‍ക്കിഷ് ജനത അദ്ദേഹത്തെ രണ്ടാമതും അധികാരത്തിലേറ്റി. ഇന്ന് ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയുടെ അംഗസംഖ്യ നാല്‍പതു ലക്ഷമാണ്. തുര്‍ക്കിയിലെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ അംഗസംഖ്യ ഏഴരലക്ഷവും. ഉര്‍ദുഗാന്‍ ഗവണ്‍മെന്റിന്റെ ശക്തമായ ജനപിന്തുണയാണ്, ഇതുവരെയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ ചൊല്‍പടിക്കുനിര്‍ത്തി ശീലമുള്ള പട്ടാളത്തെ മുട്ടുമടക്കാന്‍ നിര്‍ബന്ധിച്ചത്. ഇപ്പോള്‍ പഴയതുപോലെ പട്ടാളം സര്‍ക്കാറിനെ ഭരിക്കുകയല്ല, സര്‍ക്കാര്‍ പട്ടാളത്തെ ഭരിക്കുക തന്നെയാണ്.
പക്ഷേ ഉര്‍ദുഗാന്‍ പരീക്ഷണത്തിന്റെ ഭാവി പ്രവചനാതീതമാണ്. ഫ്രീഡം ഫ്ളോട്ടിലയോടെ ഇസ്രയേല്‍ തുര്‍ക്കിയെ നോട്ടമിട്ടു കഴിഞ്ഞു. ആഗോള രാഷ്ട്രീയത്തിന്റെ നടപ്പുരീതികളനുസരിച്ച് ഇസ്രയേലിന്റെ കണ്ണിലെ കരടുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടേണ്ടിവരും. ഉര്‍ദുഗാന്‍ മാജിക് ഇക്കാര്യത്തിലും അത്ഭുതം കാണിക്കുമെങ്കില്‍ നമുക്കുറപ്പിക്കാം, തുര്‍ക്കി ഉസ്മാനി യുഗത്തിന്റെ പ്രതാപകാലത്തേക്ക് തിരിച്ചുപോകും. മുസ്ലിം ലോകത്തും ലോകത്തുതന്നെയും അത് വേറിട്ടൊരു ചരിത്രം കുറിച്ചു വെക്കും.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly