സലാം, കിനാന, ഹവാദ, അബൂ അമ്മാര്‍ തുടങ്ങിയ ജൂത പ്രമുഖര്‍ ഹുയയ്യ് ബ്നു അഖ്തബിന്റെ നേതൃത്വത്തില്‍ മദീനയില്‍നിന്ന് മക്കയിലെത്തിയത് ഖുറൈശി നേതാക്കളെ കാണാനായിരുന്നു. മദീന കേന്ദ്രമാക്കി കരുത്താര്‍ജിക്കുന്ന ഇസ്ലാമിക മുന്നേറ്റത്തിന് തടയിടാന്‍ ജൂതരും, യസ്രിബിലെയും മക്കയിലെയും ഗോത്രങ്ങളും മറ്റു സമാന മനസ്കരും ചേര്‍ന്ന് ഒരു 'ഐക്യമുന്നണി' രൂപവത്കരിച്ച് ആക്രമണത്തിന് കോപ്പുകൂട്ടലായിരുന്നു ലക്ഷ്യം.
ഇസ്ലാമിക മുന്നേറ്റത്തിനെതിരില്‍ 'സഖ്യകക്ഷിസേന' രൂപവത്കരിക്കുകയെന്ന ജൂതരുടെ ലക്ഷ്യം വിജയിക്കാതിരുന്നില്ല. മൂസാനബിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഏകദൈവ വിശ്വാസത്തിന്റെ വക്താക്കളും വിഗ്രഹ പൂജകരായ ബഹുദൈവാരാധകരും കൈകോര്‍ത്തു, ഒരു അവിശുദ്ധസഖ്യം രൂപപ്പെട്ടു. പലരും പലരൂപത്തില്‍ ഒറ്റക്കൊറ്റക്ക് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ നടത്തിയ ആക്രമണങ്ങളുടെ പരാജയത്തില്‍നിന്നാണ്, എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി ആക്രമണം നടത്തുകയെന്ന ചിന്തയില്‍ അവരെത്തിയത്. ഇസ്ലാമിന്റെ വളര്‍ച്ചയിലും വികാസത്തിലും ഏറ്റവുമധികം തിരിച്ചടികള്‍ നേരിട്ട മക്കയിലെ ഖുറൈശികളും മദീനയിലെ ജൂതരും മാത്രമായിരുന്നില്ല ആ ഐക്യമുന്നണിയില്‍ ഉണ്ടായിരുന്നത്; ഇസ്ലാമിനോടും മുഹമ്മദ് നബിയോടും ഏതെങ്കിലും തരത്തില്‍ പകയോ വെറുപ്പോ ഉള്ള ചെറുതും വലുതുമായ എല്ലാ ഗോത്രങ്ങളും ഒറ്റപ്പെട്ട വ്യക്തികളും ആ അവിശുദ്ധ സഖ്യത്തിന്റെ ഭാഗമായി. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി അവര്‍ അങ്കത്തിനിറങ്ങി.
ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകള്‍ പ്രായോഗിക രൂപമണിഞ്ഞ മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഉദയവും വളര്‍ച്ചയുമാണ് 'അഹ്സാബ്' -സഖ്യകക്ഷി- യുദ്ധത്തിന് ജൂതരെ പ്രകോപിതരാക്കിയത്. മക്കയില്‍നിന്ന് സ്വന്തം കുടുംബക്കാരും നാട്ടുകാരും ആട്ടിയോടിച്ച മുഹമ്മദ് നബിയും സഖാക്കളും മദീനയില്‍ അഭയാര്‍ഥികളായി വന്നവരാണ്. അവര്‍ തദ്ദേശീയരായ ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ സഹായത്തോടെ 'യസ്രിബിനെ' 'മദീനത്തുന്നബി'യെന്ന സുശക്തവും സുഭദ്രവുമായ രാഷ്ട്രമാക്കി മാറ്റി. മദീനയുടെ വളര്‍ച്ച ധ്രുതഗതിയിലായിരുന്നു; ബദ്റും ഉഹ്ദും പിന്നിട്ട്, 5 വര്‍ഷം കൊണ്ട് ഇസ്ലാമിക രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയുടെ ഫലപ്രാപ്തി ജനം അനുഭവിച്ചു തുടങ്ങി. ഉഗ്രപ്രതാപികളായ ഗോത്രങ്ങളെ നിഷ്പ്രഭമാക്കി മദീന മുന്നേറുകയായിരുന്നു. ഹൃദയങ്ങള്‍ കീഴടക്കി ഇസ്ലാം ഔന്നത്യത്തിലേക്ക് കുതിച്ചു. കരുത്തുറ്റ ആദര്‍ശവും, വിശ്വാസത്തിന്റെ ശക്തിയും ചൈതന്യവും ഉള്ളില്‍ ആവാഹിച്ച ആത്മാര്‍ഥതയുള്ള സഖാക്കളായിരുന്നു ആ വളര്‍ച്ചയുടെ അടിസ്ഥാനം; സര്‍വോപരി അല്ലാഹുവിന്റെ സഹായവും.
എതിരാളികളുടെ പക, ശത്രുത, ഭയം, അസ്വസ്ഥത...... 'അഹ്സാബ്' യുദ്ധത്തിന്റെ രൂപമണിഞ്ഞു. ഖുറൈശ്, നളീര്‍, ഖൈനുഖാഅ്, ഗത്ഫാന്‍, ഹുദൈല്‍, മുര്‍റ, ഫസാറ, അശ്ജഅ്, സുലൈം, സഅദ്, അസദ് തുടങ്ങിയ ഗോത്രങ്ങള്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ ഇസ്ലാമിന്നെതിരെ ആര്‍ത്തലച്ചുവന്നു; മദീനയിലെ ജൂതരുടേതായിരുന്നു ആ അവിശുദ്ധ മുന്നണിക്കു പിന്നിലെ തലച്ചോര്‍. പക്ഷേ, അവരുടെ കുതന്ത്രങ്ങള്‍ ലക്ഷ്യം കണ്ടില്ല. 'അഹ്സാബ്' -സഖ്യകക്ഷി- തോറ്റു, മുഹമ്മദ് നബിയും അനുചരന്മാരും വിജയിച്ചു. പിന്നെ ഇസ്ലാമിന്റെ കുതിപ്പായിരുന്നു; മക്കാവിജയം, അറേബ്യന്‍ ഉപദ്വീപിലെങ്ങുമുയര്‍ന്ന ഇസ്ലാമിന്റെ കൊടിക്കൂറ, പേര്‍ഷ്യ-റോം തകര്‍ച്ച, ഇസ്ലാമിക നാഗരികതയുടെ ഉയര്‍ച്ച.... ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്.... ഇസ്ലാമിന്റെ ശബ്ദം ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നു.
പക്ഷേ, ഒരു കാര്യം നാം മറക്കാന്‍ പാടില്ല- ഇസ്ലാമിക മുന്നേറ്റം ഒരു തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയില്‍ ഭൂതം വര്‍ത്തമാനത്തിലും വര്‍ത്തമാനം ഭാവിയിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ഓരോ ചരിത്ര സംഭവത്തിനും പുതിയ എഡിഷനുകളുണ്ടാകും; ആ അവിശുദ്ധ മുന്നണിയുടെ ആക്രമണത്തിനും. 'അഹ്സാബ്' പുനര്‍ജനിക്കുമ്പോഴെല്ലാം അതിന്നു പിന്നിലെ പ്രധാന തലച്ചോര്‍ പഴയ ബനൂനളീര്‍- ബനൂഖൈനുഖാഅ് ഗോത്രങ്ങളുടെ പിന്‍മുറക്കാരുടേതായിരിക്കും. അതുകൊണ്ട് അഹ്സാബ് യുദ്ധത്തിന്റെ ചരിത്രവും പാഠങ്ങളും കാലാകാലങ്ങളില്‍ ഇസ്ലാമിന്റെ കാവലാളുകള്‍ ഓര്‍ത്തിരിക്കണം. ഇസ്ലാമിക മുന്നേറ്റത്തിനെതിരെ സഖ്യകക്ഷി ആക്രമണങ്ങളുണ്ടാകുമ്പോള്‍ ചരിത്രത്തിന്റെ തുടര്‍ച്ചയെന്ന് വിലയിരുത്തുക മാത്രമല്ല ചെയ്യേണ്ടത്. 'അഹ്സാബി'ന്നെതിരെ നബി(സ) സ്വീകരിച്ച തന്ത്രങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സൂക്ഷ്മമായി പഠിക്കണം. അവ കാലത്തിന്റെ ഭാഷയിലും ശൈലിയിലും പുനരാവിഷ്കരിക്കണം.
യുദ്ധത്തിന്റെ ദിനരാത്രങ്ങള്‍
ഹിജ്റ അഞ്ചാംവര്‍ഷം (ക്രി. 627) ശവ്വാല്‍ മാസത്തിലാണ് 'അഹ്സാബ്' യുദ്ധം നടന്നത്. ഇസ്ലാമിന്റെ ശത്രുക്കളെല്ലാം ഒരു മുന്നണിയായി നിന്ന് മദീനക്കെതിരെ ആക്രമണം നടത്തിയതുകൊണ്ടാണ് ഈ യുദ്ധത്തിന് 'അഹ്സാബ്' എന്ന് പേരുവന്നത്. ഖുര്‍ആന്‍ പ്രയോഗിച്ച പദവും അതുതന്നെ. മുസ്ലിംകള്‍ മദീനക്ക് ചുറ്റും വലിയ കിടങ്ങു കുഴിച്ചുകൊണ്ട് ശത്രുക്കളെ പ്രതിരോധിച്ചിരുന്നതിനാലാണ് ചിലര്‍ 'ഖന്‍ദഖ്' -കിടങ്ങ്- എന്ന് ഈ യുദ്ധത്തെ വിളിച്ചത്.
നളീര്‍ എന്ന ജൂതഗോത്രത്തിലെ നേതാക്കളാണ് 'സഖ്യകക്ഷി സൈന്യ'ത്തിന്റെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. ഖുറൈശി നേതാക്കളെയാണവര്‍ ആദ്യം സമീപിച്ചത്. 'മദീന ആസ്ഥാനമാക്കി ഇസ്ലാം വളര്‍ന്നാല്‍ എല്ലാവര്‍ക്കും അത് ഭീഷണിയാണ്. നമ്മള്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് മുഹമ്മദിനെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, നടന്നില്ല. ഇസ്ലാം മുന്നേറുക തന്നെയാണ്. അതിപ്പോള്‍ മദീനയില്‍ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നമുക്കെല്ലാം ഒരുമിച്ചുനിന്ന് ഈ മുന്നേറ്റത്തെ പ്രതിരോധിക്കാം' - ജൂതനേതാക്കള്‍ ഖുറൈശികള്‍ക്കുമുമ്പില്‍ പദ്ധതി വിശദീകരിച്ചു. ഖുറൈശികള്‍, ഹുയയ്യുബ്നു അഖ്തബിനോട് മദീനയിലെ ജൂതഗോത്രങ്ങളെക്കുറിച്ച് ചോദിച്ചു: "ഞാന്‍ അവരെ ഖൈബറിനും മദീനക്കുമിടയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന്‍ നിങ്ങളുടെ വരവും കാത്തിരിക്കുകയാണവര്‍.'' ഖുറൈള ഗോത്രത്തെക്കുറിച്ച ചോദ്യത്തിന് ഹുയയ്യിന്റെ മറുപടി ഇപ്രകാരമായിരുന്നു: "മുഹമ്മദിനെ കെണിയില്‍പെടുത്താന്‍ അവര്‍ മദീനയില്‍ നില്‍ക്കുകയാണ്. നിങ്ങള്‍ അവിടെ എത്തേണ്ട താമസം അവര്‍ നിങ്ങളോടൊപ്പം ചേരും.'' ഖുറൈശികള്‍ക്ക് യുദ്ധാവേശം പകര്‍ന്ന ജൂതന്മാര്‍, ഗത്ഫാന്‍, മുര്‍റ, ഫസാറ തുടങ്ങിയ മറ്റു അറബ് ഗോത്രങ്ങളെയും കണ്ടു. മുസ്ലിംകളോട് ഏതെങ്കിലും കാരണത്താല്‍ പകയുള്ള എല്ലാവരെയും തേടിപ്പിടിച്ചു 'സഖ്യകക്ഷിസേന'യില്‍ അണിനിരത്തി.
പതിനായിരം വരുന്ന സൈന്യം മുസ്ലിംകളെ ആക്രമിക്കാന്‍ സര്‍വായുധ സജ്ജരായി പുറപ്പെട്ടു. ഉഹ്ദ് മലയുടെ താഴെ, നേരത്തെ ഉഹ്ദ് യുദ്ധം നടന്ന അതേ സ്ഥലത്ത് മുസ്ലിംകളെ നേരിടാം എന്നായിരുന്നു നേതാവ് അബൂസുഫ്യാന്റെ ചിന്ത. എന്നാല്‍, മുസ്ലിംകള്‍ സ്വീകരിച്ച യുദ്ധതന്ത്രം മറ്റൊന്നായിരുന്നു. അവര്‍ മദീനയില്‍തന്നെ നിലയുറപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത സങ്കേതമൊരുക്കി. മുസ്ലിംകളുമായി കരാറിലേര്‍പ്പെട്ടിരുന്ന ജൂതഗോത്രമായ ഖുറൈളയില്‍നിന്ന് സഹായം തേടി, പല ആയുധങ്ങളും വാടകക്കെടുത്തു. ഏറ്റവും പ്രധാനം മദീനക്ക് ചുറ്റും കുഴിച്ച അഗാധമായ കിടങ്ങുകളായിരുന്നു. ശേഷിക്കുന്ന കുറച്ചു സ്ഥലത്ത് മുസ്ലിം സൈന്യത്തിന്റെ ശക്തമായ കാവലും.
മദീനക്കു സമീപമെത്തിയ ശത്രുസൈന്യം ആഴമേറിയ, കുതിരകള്‍ക്ക് പോലും ചാടി കടക്കാന്‍ കഴിയാത്തത്രയും വീതിയുള്ള കിടങ്ങുകള്‍ കണ്ട് അമ്പരന്നു. മദീനയിലേക്ക് കിടങ്ങുകള്‍ക്കപ്പുറം നിന്ന് അമ്പെയ്യാനും കുതിരകളെ ചാടിക്കാനും ചിലര്‍ ശ്രമിക്കാതിരുന്നില്ല. എല്ലാം വൃഥാവിലായി. അഗാധ ഗര്‍ത്തങ്ങള്‍ അവര്‍ക്കുമുമ്പില്‍ വെല്ലുവിളിയായി. ഖുറൈശികളും മറ്റുചില ഗോത്രങ്ങളും 'റൂമ'യില്‍ തമ്പടിച്ചു; ഗത്ഫാന്‍ ഗോത്രവും നജ്ദിലെ ചില ഗോത്രങ്ങളും 'ദനബ് നഖ്മ'യിലും. അവര്‍ മദീനയെ ഉപരോധിച്ചു; ദിവസങ്ങളോളം. ആക്രമണം പക്ഷേ, അമ്പെയ്ത്തില്‍ ഒതുങ്ങിനിന്നു. മുസ്ലിംകളെ ഒന്നും ചെയ്യാന്‍ അവര്‍ക്കായില്ല. വിജയം വിദൂരമാണെന്ന് അബൂസുഫ്യാന് തോന്നിതുടങ്ങി. കഠിനമായ തണുപ്പും കാറ്റും കാലാവസ്ഥയെ പ്രതികൂലമാക്കി. മുസ്ലിംകള്‍ക്ക് മദീനയിലെ വീടുകളിലിരുന്ന് തന്നെ തണുപ്പിനെ പ്രതിരോധിക്കാനാകും. എന്നാല്‍ മരുഭൂമിയില്‍ കെട്ടിപൊക്കിയ തമ്പുകള്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ പര്യാപ്തമായിരുന്നില്ല. സഖ്യകക്ഷിസേനയുടെ പതര്‍ച്ച ജൂതനേതാക്കള്‍ മനസിലാക്കി. യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍, അതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരിക പ്രധാനമായും ജൂതരായിരിക്കും എന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഹുയയ്യുബ്നു അഖ്തബ് അവസാനത്തെ അടവും പ്രയോഗിക്കാന്‍ തീരുമാനിച്ചു.
മുസ്ലിംകളുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞിരുന്ന ഖുറൈളയെന്ന ജൂത ഗോത്രത്തെ കരാര്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചു. മുസ്ലിംകളുടെ വലിയൊരു ആശ്വാസമായിരുന്നു അവരുടെ സഹായം. ഖുറൈളയെ തങ്ങളുടെ പക്ഷത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍, മുഹമ്മദ് നബിക്ക് ലഭിക്കുന്ന പല സഹായങ്ങളും നിലക്കുമെന്നും, ഖുറൈളക്കാരുടെ ഭൂമിയിലൂടെ മദീനയില്‍ പ്രവേശിക്കാനുള്ള വഴി തുറന്നു കിട്ടുമെന്നും ഹുയയ്യ് കണക്കുകൂട്ടി. നല്ല തന്ത്രം തന്നെയായിരുന്നു അത്. ഹുയയ്യിന്റെ തന്ത്രം ഖുറൈശികളെയും ഗത്ഫാന്‍ ഗോത്രക്കാരെയും സന്തുഷ്ടരാക്കി.
ഖുറൈള ഗോത്ര നേതാവ് കഅ്ബു ബ്നു അസദിനെ പറഞ്ഞ് പാട്ടിലാക്കാന്‍ ഹുയയ്യിന് ഏറെ പണിപ്പെടേണ്ടി വന്നു. ആദ്യം ഹുയയ്യിനെ കാണാന്‍ കഅ്ബ് വിസമ്മതിച്ചു. അദ്ദേഹത്തിന് വാതില്‍ തുറന്നു കൊടുക്കുക പോലും ചെയ്തില്ല. 'മുഹമ്മദും കൂട്ടരും നിശേഷം നശിപ്പിക്കപ്പെട്ടാല്‍ മാത്രമേ പ്രയോജനപ്പെടൂ, സഖ്യകക്ഷികള്‍ പരാജയപ്പെടുകയാണെങ്കിലോ, തങ്ങള്‍ നിശേഷം നിഷ്കാസനം ചെയ്യപ്പെടും' - കഅ്ബ് കണക്കുകൂട്ടി. പക്ഷേ, ഹുയയ്യ് വിട്ടില്ല. വാതില്‍ തുറന്ന് കിട്ടുംവരെ അവിടെത്തന്നെ ചടഞ്ഞുകൂടി. ഒടുവില്‍ കഅ്ബ് കീഴടങ്ങി. ഹുയയ്യ് ദീര്‍ഘനേരം സംസാരിച്ചു. ആ വാചാലതയില്‍ കഅ്ബ് വീണു. കഅ്ബിന്റെ ജൂത രക്തം തിളപ്പിക്കാനാവശ്യമായതെല്ലാം ഹുയയ്യ് പറഞ്ഞിരുന്നു. "അല്ലയോ കഅ്ബ്, അഭൂതപൂര്‍വമായ ശക്തി സംഭരിച്ചു കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഖുറൈശി-ഗത്ഫാന്‍ ഗോത്രക്കാരും അവരുടെ മുഴുവന്‍ സൈന്യവും എന്റെ കൂടെയുണ്ട്. മുഹമ്മദിനെയും അനുയായികളെയും വേരോടെ പിഴുതെറിയാതെ അവര്‍ തിരിച്ചു പോകില്ല'' - ഹുയയ്യിന്റെ വാക്കുകള്‍. "ഞങ്ങളോട് ചെയ്ത കരാര്‍ മുഹമ്മദ് കൃത്യമായി പാലിക്കുന്നുണ്ട്. അത് ലംഘിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും'' - കഅ്ബിന്റെ മറുപടി. സഖ്യകക്ഷികളുടെ സന്നാഹങ്ങളുടെ ഗാംഭീര്യവും വിജയത്തിന്റെ സുനിശ്ചിതത്വവും ആവര്‍ത്തിച്ച ഹുയയ്യിനോട് കഅ്ബിന്റെ അവസാനത്തെ ചോദ്യം: "ഖുറൈശികളും സഖ്യകക്ഷികളും പിന്‍വാങ്ങുന്ന പക്ഷം എന്തു സംഭവിക്കും?'' "മുഹമ്മദിനെ പരാജയപ്പെടുത്താനാകാതെ ഖുറൈശികളും ഗത്ഫാന്‍കാരും തിരിച്ചുപോവുകയാണെങ്കില്‍ പിന്നീടുണ്ടാകുന്ന ദുരന്തമനുഭവിക്കാന്‍ ഖുറൈള ഗോത്രത്തോടൊപ്പം ഞങ്ങളുണ്ടാകും കോട്ടക്കുള്ളില്‍'' - ഹുയയ്യ് വാക്ക് കൊടുത്തു. കഅ്ബിന്റെ ജൂതരക്തം തിളച്ചു. മുസ്ലിംകളുമായുള്ള കരാര്‍ലംഘിച്ച് സഖ്യകക്ഷികളോടൊപ്പം ചേര്‍ന്നു, ഖുറൈള ഗോത്രം.
മദീന വിറക്കുന്നു
ഖുറൈള ഗോത്രം കരാര്‍ ലംഘിച്ച് ശത്രുക്കളുടെ പക്ഷം ചേരുകയും സഖ്യകക്ഷികള്‍ മദീനക്കെതിരെ ചുറ്റുഭാഗത്തുനിന്നും ആക്രമണവും ഉപരോധവും ശക്തമാക്കുകയും ചെയ്തതോടെ മുസ്ലിംകള്‍ ഭയചകിതരും പരിഭ്രാന്തരുമായി. ഖുറൈളക്കാരുടെ ഭൂമിയിലൂടെ ശത്രു സൈന്യം ഏതുനിമിഷവും മദീനക്കകത്ത് കടന്നേക്കാവുന്ന സ്ഥിതി. മുസ്ലിംകളെ സഹായിച്ചിരുന്ന ഒരു ഗോത്രം കൂടി തങ്ങളോടൊപ്പം ചേര്‍ന്നതോടെ ഖുറൈശികള്‍ക്കും ഇതര ഗോത്രങ്ങള്‍ക്കും ആവേശവും ആത്മവിശ്വാസവും വര്‍ധിച്ചു. സൈന്യത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു അവര്‍. ഒരുവിഭാഗം താഴ്വരയുടെ ഉത്തരഭാഗത്തുകൂടി; മറ്റൊരു സംഘം പാര്‍ശ്വഭാഗത്തുകൂടി. മൂന്നാമത്തെ വിഭാഗം അബൂസുഫ്യാന്റെ നേതൃത്വത്തില്‍ കിടങ്ങുകള്‍ക്കഭിമുഖമായും നിന്നു.
ഇസ്ലാമിക മുന്നേറ്റത്തെ വേരോടെ പിഴുതെറിയാനുള്ള അമിതാവേശമാണ്, സ്ഥാപിത താല്‍പര്യക്കാരും കുടില തന്ത്രജ്ഞരുമായ സഖ്യകക്ഷിയിലെ ഓരോ വിഭാഗത്തിന്റെയും മനസുനിറയെ. ജൂതനേതാക്കളുടെ വിഷം വമിക്കുന്ന നാവുകള്‍ അവരുടെ മനസില്‍ ഇസ്ലാമിക സംഘത്തോടുള്ള പകപെരുപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും ചേര്‍ന്നു നടത്തുന്ന ഈ 'സഖ്യകക്ഷി' ആക്രമണത്തില്‍ ഇസ്ലാമിക മുന്നേറ്റം നിലക്കുക തന്നെ ചെയ്യുമെന്ന ശുഭാപ്തിയോടെ അവര്‍ യുദ്ധഭൂമിയില്‍ രൌദ്രഭാവം പൂണ്ടു.
ആ ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്ലാമിക സമൂഹം അനുഭവിച്ച ഭയവും പരിഭ്രാന്തിയും ഖുര്‍ആന്‍ വരച്ചു കാണിക്കുന്നു: "നിങ്ങളുടെ മുകളില്‍നിന്നും താഴെനിന്നും അവര്‍ നിങ്ങളെ ആക്രമിക്കാന്‍ വന്നു. പേടിച്ചരണ്ട് നിങ്ങളുടെ കണ്ണു തള്ളിപ്പോയി. ഹൃദയങ്ങള്‍ തൊണ്ടക്കുഴിയോളമെത്തി. അല്ലാഹുവിനെക്കുറിച്ച് തെറ്റായ പല ധാരണകളും നിങ്ങള്‍ക്കുണ്ടാവുകയും ചെയ്തു. അവിടെവെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെട്ടു'' (അഹ്സാബ് 10,11).
അതെ, മദീനയിലെ ഇസ്ലാമിക സമൂഹം അന്ന് കഠിനമായി പരീക്ഷിക്കപ്പെടുകയായിരുന്നു. നാലുപാടുനിന്നും ആക്രമണമഴിച്ചുവിടുന്ന 'സഖ്യകക്ഷി'യെ പ്രതിരോധിക്കാനും അതിജയിക്കാനും അവര്‍ക്ക് കഴിയുമോ എന്ന് പരീക്ഷിക്കണം. വിശ്വാസത്തിന്റെ കരുത്തും ആദര്‍ശപ്രസ്ഥാനത്തിന്റെ മാര്‍ഗത്തില്‍ സര്‍വം ത്യജിച്ച് ആത്മാര്‍ഥതയോടെ വിജയംവരെ പോരാടാനുള്ള ദൃഢനിശ്ചയവുമുണ്ടോ എന്ന പരീക്ഷണം. സര്‍വോപരി, അഹ്സാബ് യുദ്ധത്തിന്റെ രൂപഭേദങ്ങളോടെയുള്ള ആവര്‍ത്തനവും ഒറ്റപ്പെടുത്തി ആക്രമിച്ച് ആത്മവിശ്വാസം തകര്‍ക്കാനുള്ള ശ്രമവും ഇസ്ലാമിന്റെ മുന്നണി പോരാളികള്‍ക്ക് എക്കാലത്തും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ്.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെ നബിയും സഖാക്കളും പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനിന്നു. ഉപരോധത്തിന്റെ വിഷമതകളെയും ഒറ്റപ്പെട്ട ആക്രമണങ്ങളെയും അവര്‍ പ്രതിരോധിച്ചു. 'സഖ്യകക്ഷി'കളിലെ ചില അശ്വഭടന്മാര്‍ കിടങ്ങുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. അവരിലൊരാളെ അലി(റ) നേരിട്ടു. മറ്റൊരാള്‍ കിടങ്ങില്‍ വീണു മരിച്ചു. ഖുറൈള ഗോത്രക്കാരില്‍ ചിലര്‍ മുസ്ലിംകള്‍ അധിവസിക്കുന്ന സ്ഥലത്തുവന്ന് താമസക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ഭയപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. മുസ്ലിംകളുടെ രഹസ്യം ചോര്‍ത്താന്‍ വന്ന ഒരു ജൂതനെ വധിച്ചത് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്തലിബ് എന്ന സ്വഹാബി വനിതയായിരുന്നു.
കപടവിശ്വാസികളുടെ കാപട്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ട യുദ്ധത്തില്‍ മുസ്ലിംകള്‍ അസാമാന്യമായ ക്ഷമയും സ്ഥൈര്യവും പ്രകടിപ്പിച്ച് പോരാടി. മുസ്ലിംകള്‍ പ്രകടിപ്പിച്ച ഒരുമയും പോരാട്ടവീര്യവും അതുല്യമായിരുന്നു. അതിനെക്കുറിച്ച് വഴിയെ സൂചിപ്പിക്കാം.
വിജയത്തിന്റെ വഴികള്‍
മുഹമ്മദ് നബി രക്ഷാമാര്‍ഗങ്ങളെക്കുറിച്ച് ഗാഢമായി ആലോചിച്ചുകൊണ്ടിരുന്നു. പ്രമുഖ സ്വഹാബികളുമായി ചര്‍ച്ചകള്‍ നടത്തി. ഒരുകാര്യം ഉറപ്പായിരുന്നു, നേരിട്ടുള്ള ആക്രമണം തല്‍ക്കാലം യുക്തമല്ല. തന്ത്രപരമായ നീക്കങ്ങളാണ് 'സഖ്യകക്ഷി'കളെ തുരത്താന്‍ അവലംബിക്കേണ്ടത്; കിടങ്ങുകുഴിച്ചതുപോലുള്ള തന്ത്രങ്ങള്‍. സഖ്യകക്ഷിയില്‍ ഭിന്നതയുണ്ടാക്കുക എന്നതുതന്നെയായിരുന്നു അതില്‍ പ്രധാനം.
ഗത്ഫാന്‍ ഗോത്രം മുസ്ലിംകള്‍ക്കെതിരെ സഖ്യകക്ഷിയില്‍ ചേര്‍ന്നത് ജൂതന്മാരുടെ നിര്‍ബന്ധം കാരണമായിരുന്നു. ദീര്‍ഘമായ ഉപരോധം ഗത്ഫാന്‍കാര്‍ക്ക് മടുത്ത് കഴിഞ്ഞിരുന്നു. നബിയുടെ ഒരു ദൂതന്‍ അവരെ സമീപിച്ചു. തിരിച്ചു പോകുന്നപക്ഷം മദീനയിലെ ഉല്‍പന്നങ്ങളുടെ മുന്നില്‍ ഒരുഭാഗം നല്‍കാന്‍ മുസ്ലിംകള്‍ തയാറാണെന്ന് അവരെ അറിയിച്ചു. അതോടെ ഗത്ഫാന്‍ ഗോത്രക്കാരില്‍ ചാഞ്ചാട്ടമുണ്ടായി. പക്ഷേ, അത് നടപ്പിലാക്കേണ്ടി വന്നില്ല. നുഐമ് ബ്നു മസ്ഊദിനെ ഉപയോഗിച്ചു നബി ഖുറൈശികള്‍ക്കും ഖുറൈള ഗോത്രത്തിനുമിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചു. അതോടെ പരസ്പര വിശ്വാസം നഷ്ടപ്പെട്ട സഖ്യകക്ഷിയില്‍ പിളര്‍പ്പ് ദൃശ്യമായി.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഇസ്ലാമിക സമൂഹത്തിന് വന്നുകിട്ടിയതോടെ ശത്രുക്കളുടെ പരാജയം ഉറപ്പായി. തണുത്ത കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വിഷമിച്ച സഖ്യകക്ഷികള്‍ക്ക് അശനിപാതം പോലെ അല്ലാഹുവിന്റെ ശിക്ഷയിറങ്ങി; കൊടുങ്കാറ്റിന്റെ രൂപത്തില്‍. അവരുടെ തമ്പുകള്‍ തകര്‍ന്നു. അണികള്‍ ഭയവിഹ്വലരായി, ചിന്നിച്ചിതറി. ആ ചരിത്ര മുഹൂര്‍ത്തം ഖുര്‍ആന്‍ ഇങ്ങനെ വരച്ചിടുന്നു: "വിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ ഓര്‍ത്തുനോക്കുവിന്‍. ശത്രു സേനകള്‍ നിങ്ങളുടെ നേരെ ഇരമ്പിവന്നപ്പോള്‍ നാം അവരുടെ മേല്‍ ഒരു കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്ക് ദൃശ്യമാകാത്ത സൈന്യത്തെയും വിട്ടു. അന്നേരം നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതൊക്കെയും അല്ലാഹു കാണുന്നുണ്ടായിരുന്നു'' (അല്‍ അഹ്സാബ് 9). അങ്ങനെ ഒരുമാസക്കാലം ഇസ്ലാമിക രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാന്‍ കച്ചമുറുക്കി ഇറങ്ങിയ സഖ്യകക്ഷികള്‍ പരാജിതരായി തിരിച്ചുപോയി. മുസ്ലിം സമൂഹത്തെ ചൂഴ്ന്ന ഭയത്തിന്റെ കാര്‍മേഘങ്ങള്‍ നീങ്ങി. പിന്നെ പുതിയൊരു പ്രഭാതമായിരുന്നു, ഇസ്ലാമിന്ന്. അത് ഹുദൈബിയാ സന്ധിവഴി മക്കാവിജയത്തിലാണെത്തിയത്. അഹ്സാബ് യുദ്ധത്തിന് ശേഷം ഇസ്ലാമിക സമൂഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മുഹമ്മദ് നബിയുടെ ജീവിത കാലത്തും പിന്നീടും പലയുദ്ധങ്ങളും ഇസ്ലാമിന്നെതിരിലുണ്ടായിട്ടുണ്ട്. പക്ഷേ, അഹ്സാബ് ആ യുദ്ധങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു; പല കാരണങ്ങളാല്‍. അതുകൊണ്ട് അഹ്സാബ് യുദ്ധം എക്കാലത്തെയും മുസ്ലിം സമൂഹത്തിനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും അനേകം പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. ലോകമെങ്ങും ഇസ്ലാമിന്നെതിരെ സയണിസ്റുകളും ഫാഷിസ്റുകളും സാമ്രാജ്യത്വ ശക്തികളും മറ്റും ചേര്‍ന്ന അവിശുദ്ധ മുന്നണികള്‍. ബഹുമുഖ യുദ്ധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊക്കെയും അവക്കെതിരെ സംഘടിത ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് അഹ്സാബ് യുദ്ധത്തിന്റെ പാഠങ്ങള്‍ പ്രസക്തമാണ്.
പ്രകോപനം രാഷ്ട്രീയപരം
1. ഇസ്ലാമിന്റെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകള്‍ പ്രയോഗവല്‍കരിക്കാനാരംഭിക്കുകയും അതിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ഇസ്ലാമിക മുന്നേറ്റത്തിന്നെതിരെ 'സഖ്യകക്ഷി സൈന്യ'ത്തിന്റെ ഉപരോധവും ഒറ്റപ്പെടുത്തലും ആക്രമണവുമുണ്ടാകുന്നത്. പ്രവാചകന്‍ മദീനയില്‍ നടത്തിയ സാമൂഹിക ഇടപെടലുകളും രാഷ്ട്രീയ നീക്കങ്ങളുമാണ് 'സഖ്യകക്ഷി' രൂപവത്കരണത്തിന്റെ പ്രധാന പ്രകോപനം. അത് ഇസ്ലാമിന്റെ എക്കാലത്തെയും ചരിത്രമാണ്, വര്‍ത്തമാനവും. ഇസ്ലാം ആരാധനയില്‍ പരിമിതമാവുകയും സാമൂഹിക ജീവിതത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുമ്പോള്‍ അതാര്‍ക്കും ഒരു ഭീഷണിയും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ പലരെയും അസ്വസ്ഥരാക്കും, അവരുടെ ഉറക്കം കെടുത്തും. അപ്പോള്‍ അവിശുദ്ധ സഖ്യങ്ങള്‍ രൂപവത്കരിച്ച് ഇസ്ലാമിക മുന്നേറ്റത്തിന് തടയിടാന്‍ ശ്രമം നടത്തും.
പതിനേഴുവര്‍ഷം ഇസ്ലാമിന്റെ പ്രതിയോഗികള്‍ ഒറ്റക്കൊറ്റക്കാണ് നബിയെയും സഖാക്കളെയും പീഡിപ്പിച്ചതും ആക്രമിച്ചതും. പതിമൂന്ന് വര്‍ഷം മക്കയിലും നാലുവര്‍ഷം മദീനയിലും അതായിരുന്നു അവസ്ഥ. ബദ്റും ഉഹ്ദും കഴിഞ്ഞശേഷം ഹിജ്റ അഞ്ചാംവര്‍ഷം 'അഹ്സാബ്' ഉണ്ടാകുമ്പോള്‍ മദീന സാമൂഹികവും രാഷ്ട്രീയപരവുമായി ഒരുപാട് വളര്‍ന്നു കഴിഞ്ഞിരുന്നു.
ജൂതരും ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടുന്ന ജനകീയ മുന്നണി രൂപവത്കരിച്ചും പരസ്പരം കരാറുകളില്‍ ഏര്‍പ്പെട്ടുമാണ് പ്രവാചകന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം യസ്രിബില്‍ ആരംഭിച്ചത്, മദീനയെന്ന ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത്. ബഹുസ്വര സമൂഹത്തിലെ ജനകീയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രായോഗിക മാതൃകയാണ് നബി അതിലൂടെ മുന്നോട്ടുവെച്ചത്. രൂപവത്കരിക്കപ്പെട്ട് അഞ്ച് വര്‍ഷമാകുമ്പോള്‍ മദീനയുടെ സാമൂഹിക-രാഷ്ട്രീയ സാമ്പത്തികാവസ്ഥകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. നബിയുടെ നേതൃത്വത്തിലുള്ള ഭരണം രാഷ്ട്രീയസ്ഥിരതയിലേക്കും വ്യവസ്ഥാപിതത്വത്തിലേക്കും മദീനയെ നയിച്ചു. സാമൂഹിക ജീവിതത്തില്‍ സമാധാനവും സുസ്ഥിതിയും കൈവന്നു. കുഴപ്പക്കാരായിരുന്ന നളീര്‍ ഗോത്രത്തെ നാടുകടത്തുകയും ദാത്തുര്‍റിഖാഅ്, ദുമത്തുല്‍ജന്‍ദല്‍ എന്നിവിടങ്ങളിലെ അക്രമികളെയും കൊള്ളക്കാരെയും സൈനിക നടപടികളിലൂടെ തുരത്തുകയും ചെയ്തതുവഴി നബി രാജ്യനിവാസികള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക ജീവിതം പ്രദാനം ചെയ്തു. കരാറുകള്‍ പാലിച്ചു കഴിഞ്ഞിരുന്ന മതവിഭാഗങ്ങള്‍ക്കിടയിലും ഭിന്ന ഗോത്രങ്ങള്‍ക്കിടയിലും സൌഹൃദത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ നബി പ്രത്യേകം ശ്രദ്ധിച്ചത് മദീനയുടെ ആഭ്യന്തര ഭദ്രത നിലനിര്‍ത്താന്‍ സാഹയകരമായി. യസ്രിബിന്റെ ഗോത്രകലാപങ്ങളുടെയും സാമൂഹിക അനീതികളുടെയും സാമ്പത്തിക ചൂഷണത്തിന്റെയും രാഷ്ട്രീയ അസ്ഥിരതയുടെയും പാരമ്പര്യത്തെ തന്റെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളിലൂടെ മുഹമ്മദ് നബി പൊളിച്ചെഴുതുകയായിരുന്നു. മാത്രമല്ല, ബദ്ര്‍-ഉഹ്ദ് യുദ്ധങ്ങളിലുണ്ടായ വിജയം ഇസ്ലാമിക രാഷ്ട്രത്തിന്റെ കുതിപ്പിന് വേഗം കൂട്ടുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ ഇറങ്ങിക്കൊണ്ടിരുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളാകട്ടെ സമൂഹ നിര്‍മാണത്തിന്റെ ഗംഭീരമായ ഉള്ളടക്കങ്ങളുള്ളവയായിരുന്നു താനും.
അപ്പോള്‍ അഹ്സാബ് യുദ്ധത്തിന്റെ വലിയ പാഠം വളരെ വ്യക്തമാണ് - ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകള്‍ക്ക് കര്‍മരൂപമുണ്ടാവുകയും അതിന്റെ ഫലം സമൂഹത്തിന് അനുഭവവേദ്യമാവുകയും ചെയ്യുമ്പോള്‍ ഇസ്ലാമിക മുന്നേറ്റത്തിനെതിരെ പ്രതിയോഗികളെല്ലാം ചേര്‍ന്ന് അവിശുദ്ധ മുന്നണി രൂപവത്കരിച്ച് ആക്രമണം അഴിച്ചുവിടും. അതുവരെ ഇസ്ലാമിക മുന്നേറ്റത്തിനെതിരെ ഒറ്റക്കൊറ്റക്ക് അമ്പെയ്തവര്‍ എല്ലാ പരസ്പരവൈരുധ്യങ്ങളും തങ്ങളുടെ തന്നെ പൂര്‍വകാലവും മറന്ന് ഒന്നിച്ചുചേരുന്ന വിരോധാഭാസം!
(തുടരും)
[email protected]